Latest News

കഴിഞ്ഞ ദിവസമാണ് നടി അഹാനയുടെ വീട്ടിലേയ്ക്ക് അര്‍ധരാത്രി അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയ യുവാവ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണമാണോ പിന്നിലെന്ന് അന്വേഷിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് അഹാന കൃഷ്ണ ആവശ്യപ്പെടുന്നു. അംഗീകരിക്കാനാവാത്തതും അവിശ്വസനീയവുമായ പ്രവൃത്തിയാണ് യുവാവില്‍ നിന്നും ഉണ്ടായത്. വിഷയം അറിഞ്ഞ ഉടനെ വിളിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി, ഞങ്ങള്‍ക്കത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാനായെന്നും അഹാന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

സംഭവം വിവരിച്ച് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നടി അഹാനയെ കാണാന്‍ എത്തിയതെന്നായിരുന്നു പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞത്.

ലണ്ടൻ ∙ കോവിഡ് വ്യാപനം അതിരൂക്ഷമായ ബ്രിട്ടനിൽ മലയാളികളെ ദു:ഖത്തിലാഴ്ത്തി ഒരു മരണംകൂടി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിക്കുന്ന കോട്ടയം സ്വദേശി ജോൺ വർഗീസ് (75) ആണ് മരിച്ചത്. കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ കുടുംബാഗമാണ് ബേബിച്ചൻ എന്നറിയപ്പെടുന്ന ജോൺ വർഗീസ്. ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ മരിയയും കോവിഡ് ബാധിച്ച് ചികിൽസയിലാണ്. മക്കൾ ജിയോ (അമേരിക്ക), അല്ലി (യുകെ) സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടക്കും

ജോൺ വർഗീസിൻെറ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ ഉപയോഗിച്ചാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താമെന്ന് പ്രേക്ഷകരോട് പറഞ്ഞ സൗരവ് ഗാംഗുലിക്ക് തന്നെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ പരസ്യം പിന്‍വലിച്ചു.

ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ പരസ്യം പിന്‍വലിച്ചത്. സൗരവ് ഗാംഗുലിയായിരുന്നു ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിന്റെ പരസ്യത്തില്‍ അഭിനയിച്ചിരുന്നത്. ഈ ഓയില്‍ ഉപയോഗിച്ചാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താമെന്നായിരുന്നു പരസ്യം.

ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിനെതിരെ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരസ്യം പിന്‍വലിച്ചത്.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയെ കഴിഞ്ഞ ദിവസം ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു. ആരോഗ്യനില വീണ്ടുടുത്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

യു.കെ. മലയാളികളെ ദുഃഖത്തിലാക്കി നമ്മളില്‍ നിന്ന്‌ വേര്‍പിരിഞ്ഞ ലെസ്റ്ററിന്റെ പ്രിയപ്പെട്ട ജൂലിയാ വിനോദ്‌ ഒറ്റപ്ലാക്കല്‍ (14) ശവസംസ്‌കാര ചടങ്ങുകള്‍ 8.1.2021 ന്‌ നടത്തപ്പെടും. കുറെ വര്‍ഷങ്ങളായി ശാരീരിക പ്രതിരോധശേഷി കുറയുന്ന രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന ജൂലിയ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി അവശനിലയിലാകുകയും ഡിസംബര്‍ 30-ാം തീയതി നമ്മളില്‍നിന്ന്‌ വേര്‍പിരിയുകയാണുണ്ടായത്‌.

കോട്ടയം ചിങ്ങവനം ഒറ്റപ്ലാക്കല്‍ വിനോദ്‌ ജേക്കബ്‌ രാജി വിനോദ്‌ ദമ്പതികളുടെ മകളാണ്‌ അന്തരിച്ച ജൂലിയാ വിനോദ്‌. ദിവ്യ, റോണിയ, സാറ, ഡാലിയ എന്നിവര്‍ സഹോദരങ്ങളാണ്‌. കേരളത്തില്‍ കോട്ടയം, ചിങ്ങവനം സെന്റ്‌ജോണ്‍സ്‌ ക്‌നാനായ കത്തോലിക്കാ പള്ളി ഇടവക അംഗമാണ്‌ വിനോദും കുടുംബവും. രാജി വിനോദ് കോട്ടയം കിടങ്ങൂർ കുമ്പുക്കൽ കുടുംബാംഗമാണ്

ജനുവരി 8-ാം തീയതി 11.30 ന്‌ യു.കെ.യിലെ ലെസ്‌റ്റര്‍ മദര്‍ ഓഫ്‌ ഗോഡ്‌ ദേവാലയത്തില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച്‌ ദേവാലയത്തിന്റെ തന്നെ സമീപത്തുള്ള ഗില്‍റോസ്‌ സെമിത്തേരിയില്‍ സംസ്‌കാരം
ക്രമീകരിച്ചിരിക്കുന്നു. കോവിഡ്‌, ലെസ്‌റ്റര്‍ ടിയര്‍ 4 നിബന്ധനകള്‍ നിലവില്‍ ഉള്ളതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന മുന്‍കൂട്ടി തയ്യാറാക്കിയ മുപ്പത്‌ പേര്‍ക്ക്‌ മാത്രമേ പള്ളിയിലും ശുശ്രൂഷകളിലും സെമിത്തേരിയിലും പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. മുന്‍കൂട്ടി തയാറാക്കിയ മുപ്പത്‌ പേര്‍ അല്ലാതെ ആരും തന്നെ ദേവാലയത്തിലെ ശുശ്രൂഷകളിലോ സെമിത്തേരിയിലെ ചടങ്ങുകളിലോ എത്തിച്ചേരരുത്‌ എന്ന്‌ കുടുംബാംഗങ്ങള്‍ വ്യസനസമേതം അറിയിക്കുന്നു.

ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്‌നാനായ പത്രത്തിലൂടെ തത്സമയം സംപ്രേഷണം ക്രമീകരിച്ചിട്ടുണ്ട്‌. തത്സമയം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ
കാണുന്ന ലിങ്ക്‌ ഉപയോഗിക്കുക.

യൂട്യൂബ് ലിങ്ക്

ഫെയ്‌സ്ബുക്ക് ലിങ്ക്
https://www.facebook.com/911082815640098/posts/3655625161185836/?d=n

ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക്‌ ഗ്രേറ്റ്‌ ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാളായ മോണ്‍സിഞ്ഞോര്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍. ശുശ്രൂഷകള്‍ നടക്കുന്ന മദര്‍ ഓഫ്‌ ഗോഡ്‌, സെന്ററ അല്‍ഫോന്‍സാ സീറോമലബാര്‍ മിഷന്‍ വികാരിയുമായ മോണ്‍സിത്തോര്‍ ഫാദര്‍ ജോര്‍ജ്‌ തോമസ്‌ ചേലക്കല്‍, യു.കെ.യിലെ ജൂലിയയുടെ ഇടവകദേവാലയമായ സെയിന്റ്‌ ജൂഡ്‌ ക്‌നാനായ മിഷന്‍ വികാരി ഫാദര്‍ മാത്യു കണ്ണാലയില്‍ എന്നിവര്‍ നേതൃത്വം കൊടുക്കും.

മൃതസംസ്‌കാര ശുശ്രൂഷകളുടെ ഒരുക്കങ്ങളുമായി സഹകരിക്കുന്ന ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി, മദര്‍ ഓഫ്‌ ഗോഡ്‌ ദേവാലയ കമ്മറ്റി,സെയിന്റ്‌ ജൂഡ്‌ ക്‌നാനായ മിഷന്‍, ലെസ്‌റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍. ലെസ്‌റ്റര്‍ ക്‌നാനായ വനിതാവേദി (വുമണ്‍സ്‌ ഫോറം), ലെസ്‌റ്റര്‍ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ എന്നിവരോടുള്ള നന്ദി വിനോദും കുടുംബവും അറിയിക്കുകയുണ്ടായി.

2001 ജനുവരി ആറ്, കേരളം നടുങ്ങിയ ആലുവ കൂട്ടക്കൊല നടന്ന ദിവസം. സംഭവം നടന്ന് 20 വര്‍ഷമായെങ്കിലും മലയാളികള്‍ ഒരിക്കലും മറക്കാത്ത കൊടുംക്രൂരത. ആറ് പേരാണ് ആലുവയിലെ വീട്ടില്‍ ആ ശനിയാഴ്ച ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ആന്റണിക്ക് വധശിക്ഷ ലഭിച്ചെങ്കിലും രണ്ട് വര്‍ഷം മുമ്പ് ശിക്ഷ ജീവപര്യന്തമായി കുറച്ചു.

കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന എം.എ ആന്റണി മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിനെയും കുടുംബത്തെയും നിഷ്‌ക്കരുണം ഇല്ലാതാക്കിയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഒരുപോലെ പകച്ചു. അഗസ്റ്റിന്റെ വീട്ടില്‍ എപ്പോഴും കയറിയിറങ്ങുന്ന ആന്റണി ഇങ്ങനെചെയ്യുമോ എന്നായിരുന്നു പലരുടെയും സംശയം. പക്ഷേ, സാഹചര്യ തെളിവുകളും ശാസ്ത്രീയതെളിവുകളും പ്രതി ആന്റണി തന്നെയാണെന്ന് ഉറപ്പിച്ചു. ഒടുവില്‍ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തതോടെ കേരളം ഞെട്ടിയ കൂട്ടക്കൊലക്കേസിന്റെ ചുരുളഴിയാന്‍ തുടങ്ങി.

ആലുവ സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ആന്റണിയുടെ കൊലക്കത്തിക്കിരയായത്.

2001 ജനുവരി ആറിന് രാത്രിയോടെയാണ് ആന്റണി പൈപ്പ് ലൈന്‍ റോഡിലെ അഗസ്റ്റിന്റെ വസതിയിലെത്തുന്നത്. അഗസ്റ്റിന്റെ കുടുംബവുമായി ആന്റണിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ പേരിലാണ് അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി വിദേശത്തേക്ക് പോകാന്‍ സഹായിക്കാമെന്നേറ്റത്. എന്നാല്‍ പണം ആവശ്യം വന്നപ്പോള്‍ നല്‍കില്ലെന്നായിരുന്നു കൊച്ചുറാണിയുടെ മറുപടി. ജനുവരി ആറിന് രാത്രിയും ഇതേ ആവശ്യവുമായാണ് ആന്റണി ഇവരുടെ വീട്ടിലെത്തിയത്. ആദ്യം വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് അഗസ്റ്റിനും ഭാര്യയും മക്കളും സെക്കന്‍ഡ് ഷോ സിനിമ കാണാനായി തിയേറ്ററില്‍ പോയി. ഇതിനിടെ ആന്റണി കൊച്ചുറാണിയോട് പണം ആവശ്യപ്പെട്ടു. പണം തരില്ലെന്ന് കൊച്ചുറാണി ആവര്‍ത്തിച്ചതോടെ ആന്റണിയുടെ ഭാവംമാറി. വീട്ടിലെ വാക്കെത്തിയെടുത്ത് കൊച്ചുറാണിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ചെന്ന മാതാവ് ക്ലാര തൊമ്മിയും കൊലക്കത്തിക്കിരയായി.

രാത്രി പന്ത്രണ്ടുമണിയോടെ വീട്ടിലെത്തിയ അഗസ്റ്റിനും ഭാര്യയും മക്കളും കണ്ടത് കൊച്ചുറാണിയുടെയും ക്ലാരയുടെയും ചോരയില്‍ കുളിച്ച മൃതദേഹങ്ങള്‍. പക്ഷേ, വീടിനുള്ളില്‍ പതുങ്ങിയിരുന്ന ആന്റണി അവരെയും വെറുതെവിട്ടില്ല. നാലുപേരെയും ഒന്നൊന്നായി വെട്ടിനുറുക്കി. ആറുപേരും കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മുംബൈ വഴി ദമാമിലുമെത്തി.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി പ്രതി ആന്റണി തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. ആന്റണി തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചതോടെ ഇയാളെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് ഫെബ്രുവരി 18-ന് പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസ് അന്വേഷണത്തില്‍ ദുരൂഹതയുണ്ടെന്നും സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടും കൊല്ലപ്പെട്ട ബേബിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. സി.ബി.ഐയും വിശദമായ അന്വേഷണം നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. വിചാരണകോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മാറ്റമുണ്ടായില്ല. എല്ലാ കോടതികളും വധശിക്ഷ ശരിവച്ചു. രാഷ്ട്രപതിക്ക് 2010-ല്‍ ദയാഹര്‍ജി നല്‍കിയെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം ഹര്‍ജി തള്ളി. സുപ്രീംകോടതിയില്‍ ആദ്യംനല്‍കിയ പുന:പരിശോധന ഹര്‍ജിയും പിന്നീട് തള്ളിയതോടെ ആന്റണിക്ക് തൂക്കുമരം ഉറപ്പായി.

മേല്‍ക്കോടതികള്‍ വധശിക്ഷ ശരിവയ്ക്കുകയും ദയാഹര്‍ജി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആന്റണിക്കായി കഴുമരം തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിയിരുന്നു. ശിക്ഷ നടപ്പിലാക്കാനായി ആരാച്ചാര്‍മാരെ കണ്ടെത്തുകയും ഇവരെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ 2014-ല്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍.എം. ലോധയുടെ നിര്‍ണായക ഉത്തരവ് ആലുവ കൂട്ടക്കൊലക്കേസിലും വഴിത്തിരിവായി. വധശിക്ഷയ്ക്കെതിരായ പുന:പരിശോധന ഹര്‍ജി തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു അന്നത്തെ ഉത്തരവ്. ഇതോടെ 2014-ലെ ഉത്തരവിന്റെ ആനുകൂല്യം ആന്റണിക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വധശിക്ഷക്കെതിരെ നിലകൊള്ളുന്ന കൂട്ടായ്മകളും ചില അഭിഭാഷകരും വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. 2016-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. തുടര്‍ന്ന് പുന:പരിശോധന ഹര്‍ജിയില്‍ വാദം തുടരുകയും ജസ്റ്റിസ് മദന്‍ ബി. ലാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് 2018-ല്‍ വധശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കുകയുമായിരുന്നു.

കൂട്ടക്കൊലയ്ക്കു ശേഷം പൈപ്പ് ലൈന്‍ റോഡിലെ വലിയ വീട്ടില്‍ ആരും താമസിക്കാനെത്തിയില്ല. വര്‍ഷങ്ങളോളം വീടും സ്ഥലവും അനാഥമായി കിടന്നിരുന്നു. പ്രദേശം കാടു പിടിച്ചതോടെ രാത്രികാലങ്ങളില്‍ അതുവഴി സഞ്ചരിക്കുന്നവര്‍ പോലും ഏറെ ഭയന്നു.

സാമ്പത്തികമായി ഏറെ മുന്നിട്ടുനിന്ന കുടുംബമായിരുന്നു അഗസ്റ്റിന്റേത്. ആലുവ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സാന്റോ കോംപ്ലക്‌സില്‍ ഒരു ഹാര്‍ഡ്വെയര്‍ കടയും നടത്തിയിരുന്നു.

അഗസ്റ്റിന്റെ വീടും സ്വത്തുക്കളും സംബന്ധിച്ച് തര്‍ക്കവും ഉണ്ടായിരുന്നു. ഭാര്യ ബേബിയുടെ ബന്ധുക്കളും സ്വത്തിനു വേണ്ടി വാദം ഉന്നയിച്ചു. ഒടുവില്‍ കോടതിയില്‍ കേസാവുകയും അഗസ്റ്റിന്റെ സഹോദരങ്ങള്‍ക്ക് സ്വത്ത് നല്‍കാന്‍ വിധിയുണ്ടാവുകയും ചെയ്തു.

പൈപ്പ് ലൈന്‍ റോഡിലെ വീട് ഇതിനോടകം തന്നെ ഇടിഞ്ഞ് ഉപയോഗശൂന്യമായി മാറിയിരുന്നു. വീടിരുന്ന സ്ഥലം, ചുണങ്ങുംവേലിയിലെ ഒരേക്കര്‍ റബ്ബര്‍ തോട്ടം, സാന്റോ കോംപ്ലക്‌സിലെ കടമുറിയിലെ ഹാര്‍ഡ്വെയര്‍ സാധനങ്ങള്‍ എന്നിവ സഹോദരങ്ങള്‍ക്ക് ലഭിച്ചു. കൂട്ടക്കൊല നടന്ന സ്ഥലം മുറിച്ച് മറ്റൊരാള്‍ക്ക് വിറ്റു. ഏതാനും വര്‍ഷം മുന്പ് ഇവിടെ പുതിയൊരു വീട് ഉയരുകയും ചെയ്തു. കടമുറിയിലെ സാധനങ്ങള്‍ മാറ്റിയതോടെ ഉടമ ഇലക്ട്രോണിക്സ് കട നടത്താന്‍ മറ്റൊരാള്‍ക്ക് മുറി വാടകയ്ക്ക് നല്‍കി.

അതേസമയം സംഭവത്തിനു ശേഷം ആന്റണിയുടെ ഭാര്യയും മക്കളും ആലുവയില്‍നിന്ന് പോയി. ഇവര്‍ ഇപ്പോള്‍ കേരളത്തിനു പുറത്താണ്.

കൊച്ചി : വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുനനച്ചുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പട്ടിമറ്റം ഡബിള്‍ പലത്തിന് സമീപം കുഴുപ്പിള്ളി വിട്ടില്‍ നജീബ്(40) അണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് പ്രത്യേകം പ്ലാസ്റ്റിക് കവറിലാണ് കഞ്ചാവ് നട്ടിരുന്നത്. രണ്ട് മാസത്തോളം പ്രായം വരും ചെടിയ്ക്ക് . ജില്ലാ നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ഡി.വൈ.എസ്.പി എം.ആര്‍ മധു ബാബു, കുന്നത്ത് നാട് എസ്.എച്ച്.ഒ വി.ടി ഷാജന്‍, എസ്.ഐ എബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ന്യൂഡൽഹി: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിരുന്നു ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം. സന്ദർശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് വ്യക്തമാക്കി.

ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനത്തിൽ മാറ്റങ്ങളൊന്നും ഇല്ലെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഈ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് സന്ദർശനം സംബന്ധിച്ച് ബ്രിട്ടൺ വ്യക്തത വരുത്തിയത്.

ബ്രിട്ടണിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കോവിഡിന്റെ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കാനിടയുണ്ടെന്ന് നേരത്തെറിപ്പോർട്ടുകളുണ്ടായിരുന്നു. ജനതിക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബ്രിട്ടണിലേക്കുള്ള വിമാന സർവീസുകൾക്ക് വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ബ്രിട്ടൺ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം കണ്ടെത്തുകയും മലയാള സിനിമയിൽ താരമാകുകയും ചെയ്ത നടിയാണ് ഹണി റോസ്. ഇപ്പോഴിതാ, ഹണി റോസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഷൂട്ടിങ്ങിനിടെ കാൽ വഴുതി പുഴയിലേക്കു വീണു പോകുന്നതാണ് വീഡിയോയിലുള്ളത്.

എന്നാൽ ഇത് ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള ടീസറാണെന്നും സൂചനയുണ്ട്. പുഴ വക്കിൽ നടക്കുന്ന ഫോട്ടോ ഷൂട്ടിൽ സാരി ധരിച്ചു തലയിൽ പൂവ് ചൂടിയാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പുഴ വക്കിലെ പാറയിൽ ചവിട്ടി കാൽ വഴുതി പുഴയിലേക്കു പോകുന്നതാണ് വീഡിയോയിലുള്ളത്. ഈ രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. താരത്തിന് എന്തു സംഭവിച്ചെന്നത് സസ്പെൻസാക്കിക്കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പാറയിൽ ചവിട്ടരുതെന്നും തെന്നി വീഴുമെന്നുമുള്ള മുന്നറിയിപ്പ് നൽകുന്നത് കേൾക്കാം. എന്നാൽ ഇത് വകവെക്കാതെ താരം പാറയിൽ ചവിട്ടി തിരിഞ്ഞു നിൽക്കുന്നതിനിടെയാണ് കാൽ വഴുതി മറിയുന്നത്. സമീപത്തുനിന്ന സഹായിയായ സ്ത്രീ പിടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഏതായാലും ഇതിനോടകം നൂറുകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

ആഘോഷ് വൈഷ്ണവത്തിന്‍റെ സെലിബ്രിറ്റി സീരിസിന്‍റെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. രജിഷ മേക്കപ്പും കൃഷ്ണ സ്റ്റൈലിസ്റ്റുമാണ്. ആശയവും ഫോട്ടോഗ്രാഫിയും ആഘോഷ് വൈഷ്ണവത്തിന്‍റേതാണ്.

സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ നാളെ തുറക്കില്ല. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്ക്), ഫിലിം ചേംബർ പ്രതിനിധികൾ വ്യക്തമാക്കി.

ഫിയോക്ക് നാളെയും ഫിലിം ചേംബര്‍ മറ്റന്നാളും കൊച്ചിയില്‍ യോഗം ചേരുന്നുണ്ട് ഈ യോഗങ്ങളിലായിരിക്കും തിയറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാവുക. മിക്കവാറും പതിമൂന്നിനോ അതിനുശേഷമോ തിയറ്റുകള്‍ തുറക്കാനാണു സാധ്യത. തിയറ്ററുകള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ വയ്‌ക്കേണ്ട പ്രശ്‌നങ്ങള്‍, എല്ല ഭാഷയിലെയും കണ്ടന്റ് ലഭ്യത തുടങ്ങിയവ ഫിയോക്ക് യോഗത്തില്‍ ചര്‍ച്ചയാവും.

കോവിഡ് പശ്ചാത്തലത്തില്‍ 10 മാസത്തിനുശേഷമാണു സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിയന്ത്രണങ്ങളോടെ അഞ്ചു മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

തിയറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനത്തില്‍ ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. ഓരോ ഷോയ്ക്കും 30 ശതമാനമെങ്കിലും ടിക്കറ്റ് വില്‍ക്കാന്‍ കഴിഞ്ഞാല്‍ ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയില്‍ നിലവിലെ സാഹചര്യത്തില്‍ തിയറ്ററുകള്‍ നടത്താന്‍ കഴിയുമെന്ന് തിരുവനന്തപുരം ഏരീസ് മള്‍ട്ടിപ്ലക്‌സ് വൈസ് പ്രസിഡന്റ് ജോണ്‍ എം പിള്ള ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

തിയറ്റര്‍ തുറന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണവും സാഹചര്യത്തെക്കുറിച്ച് നിര്‍മാതാക്കള്‍ക്കു പൊതുബോധവും വരും. അതുവരെ ഫിയോക്കില്‍ അംഗമായ നിര്‍മാതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണു തീരുമാനം 20 മലയാള ചിത്രങ്ങള്‍ റിലീസ് തയാറാണെന്ന് ഫിയോക്കില്‍ അംഗമായ ഒരു തിയറ്റര്‍ ഉടമ പറഞ്ഞു. ഇതിലേറെയും ഫിയോക്കില്‍ അംഗമായ നിര്‍മാതാക്കളുടേത്. ഇതുകൂടാതെ അന്യഭാഷാ ചിത്രങ്ങളും കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഒരുക്കമാണ്. ഇതില്‍ ഏറ്റവും പ്രമുഖമായത് വിജയ്‌യുടെ മാസ്റ്റര്‍ ആണ്. ഇത് ഏരീസ് മള്‍ട്ടിപ്ലക്‌സില്‍ സംസ്ഥാനത്തെ പ്രധാന തിയറ്ററുകളിലെ ആദ്യ റിലീസ് ചിത്രമാവാനുള്ള സാധ്യതയുണ്ട. അതുപോലെ ക്രിസ്ഫറ്റര്‍ നോളന്റെ ടെന്റ്റ്, വാര്‍ണര്‍ ബ്രദേ്‌സ് നിര്‍മിച്ച വണ്ടര്‍ വുമണ്‍ തുടങ്ങിയ ചിത്രങ്ങളും :േകരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍, ഒറ്റയ്ക്കു സിനിമ കാണാന്‍ വരുന്നയാള്‍ക്ക് അപ്പുറത്തും ഇപ്പുറത്തും ഇരിപ്പിടം ഒഴിവാക്കിയിടാനാണ് തിയറ്റര്‍ ഉടമകളുടെ ആലോചന. രണ്ടുപേര്‍ ഒരുമിച്ചാണു വരുന്നതെങ്കില്‍ അവരെ ഒരുമിച്ചിരുത്തും. ഇവര്‍ക്ക് അപ്പുറത്തും ഇപ്പുറത്തും ഇരിപ്പിടം ഒഴിവാക്കിയിടും. കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിനും ഇതേ രീതിയിലാണ് ഇരിപ്പിടമൊരുക്കുക.

തിയറ്റര്‍ തുറക്കുന്നതിനു മുന്നോടിയായി ടിക്കറ്റിന്മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധിക നികുതി കുറയ്ക്കല്‍, വൈദ്യുതി ഫിക്‌സഡ് നിരക്ക് എടുത്തുകളയല്‍ എന്നീ ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ ഉന്നയിക്കുന്നുണ്ട്. നൂറു രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു 12 ശതമാനമാണു കേന്ദ്ര ജിഎസ്ടി. സംസ്ഥാനം അഞ്ച് ശതമാനം എന്റര്‍ടെയ്‌മെന്റ് നികുതി നികുതി ഏര്‍പ്പെടുത്തിയതോടെ അടിസ്ഥാന ടിക്കറ്റ് നിരക്ക് 105 രൂപയായി. ഈ സാഹചര്യത്തില്‍ 18 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരുന്നു. ഇതോടെ ടിക്കറ്റ് വില 130 രൂപ വരെയായി. അധിക നികുതി കുറച്ചാല്‍ ടിക്കറ്റ് നിരക്ക് 20 രൂപ കുറയും. ഇത് ജനത്തിന് അധികഭാരത്തില്‍നിന്നു മോചനമാവുമെന്നാണ് തിയറ്റര്‍ ഉടമകളുടെ നിലപാട്.

കോവിഡ് കാലത്ത് തിയറ്റുകള്‍ തുറന്നില്ലെങ്കിലും വൈദ്യുതി ഫിക്‌സഡ് നിരക്കായി വന്‍ തുക നല്‍കേണ്ടി വരുന്നുണ്ട്്. ഒറ്റ സ്‌ക്രീനുള്ള തിയറ്റര്‍ 35,000 രൂപയാണു ഫിക്‌സഡ് നിരക്കായി നല്‍കേണ്ടത്്. മള്‍ട്ടിപ്ലെക്്‌സുകള്‍ 1.25 ലക്ഷം വരെയും നല്‍കേണ്ടി വരുന്നു. ഫിക്‌സഡ് നിരക്കിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു പങ്കില്ലെന്നതിനാല്‍ ഇതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷനു നിവേദനം നല്‍കിയിട്ടുണ്ട്്. ഇതിനിടെ പലയിടങ്ങളിലും ഫിക്‌സഡ് നിരക്ക് നല്‍കാത്ത തിയറ്ററുകളുടെ വൈദ്യതി കണക്ഷന്‍ വിച്ഛേദിക്കുന്നതായും ഉടമകള്‍ക്കു പരാതിയുണ്ട്.

ഫിയോക്ക് പ്രസിഡന്റ്് ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തെ, ദൃശ്യം-2 തിയറ്റര്‍ റിലീസാണെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നത്. പ്രഖ്യാപനത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെതിരെ സംഘടനയ്ക്കുള്ളില്‍ മുറുമുറുപ്പ്് ഉയര്‍ന്നിട്ടുണ്ട്. നേരത്തെ, ഒ.ടി.ടി റിലീസിന്റെ പേരില്‍ നിര്‍മാതാവ് വിജയ് ബാബുവിനു നോട്ടീസ് കൊടുത്ത സംഘടന എന്തുകൊണ്ട് ആന്റണി പെരുമ്പാവൂരിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്ന ചോദ്യം ഫിയോക്കില്‍ സജീവമാണ്.

റെയിൽവേ ട്രാക്കിൽ പാഞ്ഞടുക്കുകയായിരുന്ന ട്രെയിനിനു മുന്നിൽ നിന്ന് 60കാരനെ രക്ഷിച്ച പൊലീസ് കോൺസ്റ്റബിളിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മുംബൈയിലെ ദഹിസാർ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്ന് ട്രാക്കിലേക്ക് ഇറങ്ങിയ വയോധികൻ ട്രെയിൻ വരുന്നത് കണ്ടപ്പോൾ പിന്നീട് തിരിച്ചുകയറാൻ ശ്രമിച്ച് പരാജയപ്പെടുമ്പോളാണ് പൊലീസുദ്യോഗസ്ഥൻ ഇയാളെ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റിയത്.

പ്ലാറ്റ്ഫോമിലേക്ക് കയറാൻ നേരമാണ് പ്രശ്നമുണ്ടായത്. ഈ അപകടം ശ്രദ്ധിച്ച പൊലീസ് കോൺസ്റ്റബിൾ എസ്ബി നിഗം ഇയാളെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസ് കോൺസ്റ്റബിൾ ഇയാളെ അടിക്കുന്നതും വീഡിയോയിൽ കാണാം.

 

Copyright © . All rights reserved