ഗായകന്‍ എം എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന നസീം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹം ‘അനന്തവൃത്താന്തം’ എന്ന സിനിമയില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരം, കമുകറ ഫൗണ്ടേഷന്‍ പുരസ്‌കാരം, അബൂദബി മലയാളി സമാജ അവാര്‍ഡ്, 1997ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ നസീമിനു ലഭിച്ചിരുന്നു.
ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ്, കെപിഎസി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്ററെക്കുറിച്ചുള്ള ‘ശ്യാമസുന്ദര പുഷ്പമേ’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പക്ഷാഘാതം പിടിപെട്ടത്. ഭാര്യ: ഷാഹിദ ഭാര്യ, മക്കള്‍: നാദിയ, ഗീത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയില്‍ ബിജെപി യോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. തിരിഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്.
ചെന്നൈയില്‍ നിന്നാവും അദ്ദേഹം കൊച്ചിയിലെത്തുക. ഔദ്യോഗിക പരിപാടികള്‍ക്കുശേഷം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ അദ്ദേഹവും പങ്കെടുത്തേക്കും. 14 ന് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. കോര്‍കമ്മിറ്റിയില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയുള്ള സുപ്രധാന സന്ദര്‍ശനമായി ഞായറാഴ്ചത്തേത് മാറും.
സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പുരോഗതി അദ്ദേഹത്തെ നേരിട്ട് ധരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന നേതൃത്വം നടത്തും. തിരഞ്ഞെടുപ്പ പ്രഖ്യാപിച്ചാലുടന്‍ പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത് നടക്കുന്ന പ്രചാരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എൻഡിഎഫ് അറിയിച്ചതായി റിപ്പോർട്ട്.
മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എൻസിപിക്ക് നൽകാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതോടെ ചർച്ചയ്ക്കായി കേരളത്തിലേക്കുള്ള പ്രഫുൽ പട്ടേലിന്റെ യാത്ര റദ്ദാക്കി.
എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി മാണി സി. കാപ്പൻ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് എൽഡിഎഫിന്റെ നിലപാട് പുറത്തുവരുന്നത്. ഇതോടെ പാല സീറ്റിന്റെ പേരിൽ അതൃപ്തിയുള്ള മാണി. സി. കാപ്പൻ നിലപാട് കടുപ്പിച്ചേക്കുമെന്നാണ് സൂചന.
ന്യൂഡൽഹി ∙ രാജ്യമെങ്ങും പുതിയ കോവിഡ് കേസുകളും പ്രതിദിന മരണവും കുറയുമ്പോഴും കേരളത്തിലെ സ്ഥിതി നേരെ മറിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചികിത്സയിലുള്ളവരുടെ എണ്ണത്തിനും പ്രതിദിന കേസുകൾക്കും പുറമേ പ്രതിദിന മരണത്തിലും കേരളമാണ് ഇപ്പോൾ രാജ്യത്ത് ഒന്നാമത്.
തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ല. രാജ്യത്താകെ റിപ്പോർട്ട് ചെയ്ത 78 മരണങ്ങളിൽ പതിനാറും കേരളത്തിലാണു താനും; 20.51 %. മൊത്തം മരണം അര ലക്ഷം കടന്ന മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 15 മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്. അതേസമയം ഇന്നലെ മഹാരാഷ്ട്രയിൽ 35 മരണവും കേരളത്തിൽ 19 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തു കോവിഡ് ചികിത്സയിൽ തുടരുന്നവരിൽ 45.72 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്താകെ ചികിത്സയിലുള്ളത് 1,43,625 പേർ; ഇതിൽ 65,670 പേർ കേരളത്തിലും 35,991 പേർ മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ 71 % രോഗികളും ഈ 2 സംസ്ഥാനങ്ങളിലാണ്.
അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, നാഗാലാൻഡ്, ആൻഡമാൻ, ദാദ്ര–നാഗർ ഹവേലി, ലക്ഷദ്വീപ് എന്നിങ്ങനെ ഏഴിടത്ത് മൂന്നാഴ്ചകളായി കോവിഡ് മരണമില്ല. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതിദിന മരണനിരക്കിൽ 55 % കുറവുണ്ടായി.
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 5214 പേരിൽ 4788 പേർക്കും വൈറസ് ബാധിച്ചതു സമ്പർക്കത്തിലൂടെ. 336 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 61 പേരും 29 ആരോഗ്യപ്രവർത്തകരും കോവിഡ് പോസിറ്റീവായി. 69,844 സാംപിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47%. ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവായപ്പോൾ 1179 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ 19 മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 3902.
കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം–615, കൊല്ലം–586, കോട്ടയം–555, തൃശൂർ–498, പത്തനംതിട്ട–496, കോഴിക്കോട്–477, തിരുവനന്തപുരം–455, മലപ്പുറം–449, ആലപ്പുഴ–338, കണ്ണൂർ–273, പാലക്കാട്–186, കാസർകോട്–112, ഇടുക്കി–100, വയനാട്–74.
സ്വകാര്യ ലാബുകളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയാക്കി പുതുക്കി; മുൻപ് 1500 രൂപയായിരുന്നു. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണു നിരക്കു പുതുക്കിയതെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മറ്റെല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ തുടരും. എക്‌സ്‌പേർട്ട് നാറ്റ്– 2500 രൂപ, ട്രൂനാറ്റ്– 1500 രൂപ, ആർടി ലാംപ്– 1150 രൂപ, ആന്റിജൻ– 300 രൂപ.
രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 89.48 രൂപയായി. ഡീസലിന് വില 83.59 ആയി ഉയര്‍ന്നു.
കൊച്ചിയിലെ പെട്രോള്‍ വില 87.76 ഉം ഡീസലിന് വില 81.92 ഉം ആയി. ഇന്ധന വിലയില്‍ എട്ട് മാസം കൊണ്ട് വര്‍ധിച്ചത് 16 രൂപ 30 പൈസയാണ്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90 കടന്നിരുന്നു.
രാജ്യത്ത് ഇന്ധനവില വർധിക്കുന്നതിനെ ന്യായീകരിച്ച് മുൻ ഡിജിപിയും ബിജെപി അംഗവുമായ ജേക്കബ് തോമസ്. ഇന്ധന വില കൂടുന്നത് വഴി അതിന്റെ ഉപയോഗം കുറയ്ക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഇന്ധനവില കൂട്ടിയാൽ അതിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനാകും. ടെസ്ല പോലത്തെ കാറ് കമ്പനികള്‍ വലിയ രീതിയിലുള്ള സാധ്യതകളാണ് തുറക്കുന്നത്. അതോടെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വരുമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
പെട്രോൾ ഡീസൽ വില വീണ്ടും വര്‍ധിച്ചാൽ അത് നല്ലതാണെന്ന് തന്നെ പരിസ്ഥിതി വാദിയായ താൻ പറയും. നികുതി കിട്ടിയാലല്ലേ നമുക്ക് പാലം പണിയാനും സ്കൂളില്‍ കംപ്യൂട്ടർ വാങ്ങിക്കാനും സാധിക്കുകയുള്ളൂവെന്നും ജേക്കബ് തോമസ് പറഞ്ഞു.
ചാണകസംഘിയെന്ന് തന്നെ ആളുകൾ വിളിക്കുന്നതിനേയും ജേക്കബ് തോമസ് സ്വാഗതം ചെയ്തു. ചാണകമെന്നത് പഴയ കാലത്ത് വീടുകൾ ശുദ്ധിയാക്കാൻ ഉപയോഗിച്ചിരുന്നൊരു വസ്തുവാണ്. അതിനാൽ ചാണകസംഘിയെന്ന് തന്നെ വിളിച്ചാല്‍ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ യുഎസ് കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റില്‍ ആരംഭിച്ചു. ജനുവരി ആറിനു നടന്ന കാപ്പിറ്റോള്‍ കലാപത്തിന് പ്രേരണ നല്‍കിയെന്ന കുറ്റമാണ് ട്രംപിനെതിരേ ആരോപിക്കപ്പെടുന്നത്.
കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭ നേരത്തേ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ സെനറ്റില്‍ കുറ്റവിചാരണ പാസാകൂ. നിലവില്‍ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കും ഭരണകക്ഷിയായ ഡെമോക്രാറ്റിക്ക് പാർട്ടിക്കും 50 അംഗങ്ങള്‍ വീതമാണുള്ളത്.
യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണു യുഎഇ. ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങൾ ഉടൻ ആരംഭിക്കുമെന്നു യുഎഇ അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങും. 3 അത്യാധുനിക സംവിധാനങ്ങളിലൂടെയാണു പര്യവേക്ഷണം നടക്കുക. ചൊവ്വയിലെ ഒരു വർഷം കൊണ്ട് (അതായത് ഭൂമിയിലെ 687 ദിവസങ്ങൾ) ഈ വിവരശേഖരണം ഏതാണ്ട് പൂർണമായി നടത്തും. ഇത്രയും ദിനങ്ങൾ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും. ചുവപ്പൻ ഗ്രഹമായ ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂറാണു ഹോപ് പ്രോബിന് വേണ്ടിവരിക.
ആയിരം കിലോമീറ്റർ അടുത്തുവരെ പോകാനാകും. 49,380 കിലോമീറ്റർ ആണ് ഭ്രമണപഥത്തിലെ ഏറ്റവും അകന്ന ദൂരം. 493 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിലെത്തിയത്. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, എമിറേറ്റ്സ് മാർസ് ഇമേജർ, എമിറേറ്റ്സ് മാർസ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ എന്നീ മൂന്ന് ഉപകരണങ്ങൾ ഉപയോഗിച്ചാണ് പര്യവേക്ഷണം.
പൊടി, ജലം, ഐസ്, നീരാവി, താപനില തുടങ്ങിയ മനസ്സിലാക്കാൻ ഉതകുന്ന 20 ചിത്രങ്ങൾ വീതം ഓരോ ഭ്രമണത്തിലും എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ ഭൂമിയിലേക്ക് അയയ്ക്കും. 11 മിനിറ്റ് വേണം ചിത്രങ്ങൾ ഭൂമിയിലെത്താൻ. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും ഓസോൺ, ജലം, ഐസ് എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചും അറിയാൻ ഉപകരിക്കുന്ന 20 ചിത്രങ്ങൾ വീതം ഇതുപോലെ മാർസ് ഇമേജറും അയയ്ക്കും.
ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ മോണോക്സൈഡ് എന്നിവയുടെ സാന്നിധ്യം മനസ്സിലാക്കാൻ കഴിയുന്ന ചിത്രങ്ങൾ അയയ്ക്കുകയാണ് ഇൻഫ്രാറെഡ് സെപ്ക്ട്രോമീറ്ററിന്റെ ജോലി. ഓരോ പത്തു ദിവസം കൂടുമ്പോഴും ഇങ്ങനെ ചൊവ്വയുടെ വിവിധ പ്രദേശങ്ങളിലെ ചിത്രങ്ങൾ അയച്ചു കൊണ്ടിരിക്കും. ചൊവ്വയുടെ അന്തരീക്ഷം സംബന്ധിച്ച സമഗ്രചിത്രം ലഭിക്കാൻ പോകുന്നത് ഇതാദ്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഭൂമിയിലെ രണ്ടു വർഷം മുഴുവൻ ഇങ്ങനെ സമഗ്ര വിവരങ്ങൾ ലഭിക്കുന്നത് ചൊവ്വയെപ്പറ്റി വ്യക്തമായി മനസ്സിലാക്കാൻ ഉപകരിക്കും. 200ലേറെ ബഹിരാകാശ പഠനകേന്ദ്രങ്ങളിലേക്കും ഈ ചിത്രങ്ങൾ പോകും. ഹോപ് പ്രോബിന് 73.5 കോടി ദിർഹമാണു ചെലവ്. 450-ലേറെ ജീവനക്കാർ 55 ലക്ഷം മണിക്കൂർ കൊണ്ട് നിർമിച്ചതാണിത്. കഴിഞ്ഞ വർഷം ജൂലൈ 20നാണ് അറബ് ജനതയുടെ പ്രതീക്ഷകളുമായി ഹോപ് പ്രോബ് കുതിച്ചുയർന്നത്.
പുതിയ കൊറോണവൈറസ് മനുഷ്യരിലേക്ക് എത്തിയത് മൃഗങ്ങളിൽനിന്നായിരിക്കാമെന്ന് നിഗമനം. അതിൽത്തന്നെ വവ്വാലിനാണ് ഏറെ സാധ്യത. ചൈനീസ് ലാബറട്ടറിയിൽനിന്നു പുറത്തുചാടിയ രോഗാണുവാണ് കോവിഡ് രോഗത്തിനു കാരണമായതെന്ന സിദ്ധാന്തത്തെ തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിദഗ്ധരുടെ ഈ പ്രാഥമിക നിഗമനം. ചൈനീസ് വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഒരു മാസത്തോളം നീണ്ട ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ പരിശോധനയിലെയും കണ്ടെത്തലുകൾ.
നേരത്തേ കരുതിയിരുന്നതുപോലെ മൃഗങ്ങളിൽനിന്നു തന്നെയാണ് കൊറോണവൈറസ് മനുഷ്യരിലേക്ക് പകർന്നതെന്ന വാദത്തിനു ശക്തിപകരുന്ന കാര്യങ്ങളാണ് വുഹാനിൽനിന്നു ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന സംഘത്തലവൻ പീറ്റർ ബെൻ എംബാറെക്ക് പറഞ്ഞു. വുഹാനിലെ മാംസച്ചന്തയിൽനിന്നാണ് ആദ്യമായി പുതിയ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്.
ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സൂക്ഷിച്ചിരുന്ന കൊറോണവൈറസാണു പുറത്തു ചാടിയതെന്നായിരുന്നു നേരത്തേയുള്ള ആരോപണം. ഇക്കാര്യത്തിൽ തുടരന്വേഷണം പോലും ആവശ്യമില്ലെന്നും പീറ്റർ കൂട്ടിച്ചേർത്തു. നാലാഴ്ച നീണ്ട പരിശോധനയ്ക്കു ശേഷം ചൈനയിൽനിന്നു മടങ്ങുന്നതിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പീറ്റർ ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണവൈറസ് വവ്വാലിൽനിന്നു മറ്റൊരു ജീവിയിലെത്തുകയും അവിടെനിന്നു മനുഷ്യരിലെത്തുകയും ചെയ്തെന്നാണു കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം വേണമെന്നും ഡബ്ല്യുഎച്ച്ഒയുടെ ഭക്ഷ്യസുരക്ഷ–മൃഗജന്യ രോഗ വിദഗ്ധൻ കൂടിയായ പീറ്റർ പറഞ്ഞു. വവ്വാലിൽനിന്ന് ഈനാംപേച്ചിയിലേക്കോ ബാംബൂ റാറ്റ് എന്നറിയപ്പെടുന്ന ചുണ്ടെലികളിലേക്കോ വൈറസ് കടക്കുകയും അവയിൽനിന്നു മനുഷ്യരിലേക്കു പ്രവേശിച്ചതാകാമെന്നുമാണു കരുതുന്നത്.
വവ്വാലിൽനിന്നു നേരിട്ടു മനുഷ്യരിലേക്കും ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ വഴിയും വൈറസ് പടരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ലെന്നും പീറ്റർ വ്യക്തമാക്കി. ‘കോൾഡ് ചെയിൻ ട്രാൻസ്‌മിഷൻ’ എന്നാണ് പീറ്റർ ഇതിനെ വിശേഷിപ്പിച്ചത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിതരണവും വിൽപനയുമാണ് കോൾഡ് ചെയിൻ എന്നറിയപ്പെടുന്നത്. ഇതേ നിലപാടു തന്നെയാണ് ചൈന നേരത്തേ സ്വീകരിച്ചിരുന്നതും. ശീതീകരിച്ച ഭക്ഷണ പായ്ക്കറ്റുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പലതവണ ചൈന റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
‘തണുത്ത, ശീതീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ വൈറസുകൾ നിലനിൽക്കുമെന്നത് തെളിഞ്ഞിട്ടുണ്ട്.
എന്നാൽ അത്തരം സാഹചര്യങ്ങളിൽനിന്ന് വൈറസ് മനുഷ്യരിലേക്ക് പടരുമോയെന്ന് ഇപ്പോഴും മനസ്സിലാക്കാനായിട്ടില്ല…’ പീറ്റർ പറഞ്ഞു. വൈറസ് പടരാൻ പാകത്തിൽ കൃത്യമായ തണുപ്പിൽ ശീതീകരിച്ചു സൂക്ഷിക്കപ്പെട്ട ഏതെങ്കിലും കാട്ടുമൃഗത്തിന്റെ ഇറച്ചിയിൽനിന്ന് വൈറസ് പടരുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ ഇത്തരം ‘സംശയവിടവുകൾ’ നികത്താനാണു ശ്രമിക്കുകയെന്നും പീറ്റർ വ്യക്തമാക്കി.
ചൈനീസ് സർക്കാർ കോവിഡ് വ്യാപനത്തെപ്പറ്റി കാര്യമായി അന്വേഷിക്കുന്നില്ലെന്നും ഗവേഷകരുടെ വായ്മൂടിക്കെട്ടിയിരിക്കുകയാണെന്നുമുള്ള വിമർശനവും ശക്തമാണ്. മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ പോലും ചൈനീസ് ഗവേഷകർക്കു വിലക്കുണ്ട്. എന്നാൽ എവിടെ വേണമെങ്കിലും പരിശോധന നടത്താനും ആരുമായി വേണമെങ്കിലും സംസാരിക്കാനും സര്‍ക്കാർ അനുമതി നൽകിയെന്നായിരുന്നു സംഘത്തിലെ ബ്രിട്ടിഷ് സുവോളജിസ്റ്റ് പീറ്റർ ഡസ്സാക്ക് പറഞ്ഞത്.
രാജ്യാന്തര സമൂഹം നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചൈന രാജ്യത്തിന്റെ വാതിലുകൾ ഡബ്ല്യുഎച്ച്ഒ സംഘത്തിനു തുറന്നു നൽകിയത്. ഇപ്പോഴും സ്വതന്ത്ര അന്വേഷണത്തിന് ചൈന തയാറായിട്ടുമില്ല. ജനുവരി 14നാണ് 10 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുമായി ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തിയത്. രണ്ടാഴ്ചത്തെ ക്വാറന്റീനു ശേഷം വുഹാനിലെ ഹ്വാനനിലെ സീഫൂഡ് മാർക്കറ്റ് ഉൾപ്പെടെ സന്ദർശിച്ചായിരുന്നു അന്വേഷണത്തിനു തുടക്കമിട്ടത്.
പൊതുജനത്തിന് ഇപ്പോഴും ഹ്വാനൻ ചന്തയിലേക്കു പ്രവേശനമില്ല. ചന്ത അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെയുള്ളവരെ മറ്റൊരു ചന്തയിലേക്കു പുനരധിവസിപ്പിക്കുകയും ചെയ്തു. ചന്തയിലുണ്ടായിരുന്ന മുയൽ, ബാംബൂ റാറ്റ് എന്നിവയായിരിക്കാം വൈറസ്‌വാഹകരായതെന്ന് സംഘത്തിലെ ഡച്ച് വൈറോളജിസ്റ്റ് മാരിയോൺ കൂപ്മാൻസ് പറഞ്ഞു.
മുയലും ചുണ്ടെലികളും പോലുള്ള ജീവികളെ ഫാമുകളിൽ കൂട്ടത്തോടെ വളർത്തുന്ന പ്രദേശങ്ങളും ഹ്വാനൻ ചന്തയ്ക്കു സമീപത്തുണ്ടായിരുന്നു. ഇവയെ വിൽപനയ്ക്ക് എത്തിക്കുന്ന സംഘങ്ങളുമുണ്ടായിരുന്നു. ഫാമുകൾക്കു സമീപമാകട്ടെ കൊറോണവൈറസ് വാഹകരായേക്കാവുന്ന വവ്വാലുകളുടെ വൻതോതിലുള്ള സാന്നിധ്യവും തിരിച്ചറിഞ്ഞിരുന്നു. അടുത്ത ഘട്ടത്തിൽ ഫാമുകൾ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്നും മാരിയോൺ പറഞ്ഞു.
ഹ്വാനൻ മാർക്കറ്റിനേക്കാൾ രാജ്യത്തെ മറ്റു പലയിടത്തും കൂട്ടത്തോടെ കൊറോണവൈറസ് ബാധയുണ്ടായിരുന്നതായി ചൈനീസ് ഗവേഷകൻ ലിയാങ് വാന്യാൻ പറഞ്ഞു. ഒരുപക്ഷേ വുഹാനിൽനിന്നല്ലാതെ മറ്റിടങ്ങളിൽനിന്നു വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ചൈനീസ് സംഘത്തലവൻ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഡിസംബറിലാണ് വ്യാപകമായ വൈറസ് ബാധയുണ്ടായതെന്നും ചൈനീസ് സംഘം പറയുന്നു. അതിനു മുൻപേതന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്ന വാദത്തിനും അതോടെ ചൈന അവസാനം കുറിച്ചു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണത്തിന്റെ സാധ്യതകൾ ഡബ്ല്യുഎച്ച്ഒ തള്ളിക്കളയുന്നില്ല. ഡിസംബറിനു മുൻപ് രോഗം പടർന്നിരുന്നോയെന്ന് അറിയണമെങ്കിൽ രോഗം ബാധിച്ചതായി സംശയിക്കുന്നവരുടെ രക്തസാംപിൾ ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ സംഘം പറഞ്ഞു.
വർഷങ്ങളെടുത്തു മാത്രമേ കൊറോണവൈറസിന്റെ ഉറവിടം കണ്ടെത്താനാവുകയുള്ളൂവെന്നാണ് സംഘാംഗമായ ഡൊമിനിക് ഡ്വൈയറിന്റെ വാക്കുകൾ. 2021 ഫെബ്രുവരി 9 വരെയുള്ള കണക്കു പ്രകാരം രാജ്യാന്തരതലത്തിൽ ഏകദേശം 10.5 കോടി പേരെയാണ് കോവിഡ് ബാധിച്ചത്. 22 ലക്ഷത്തിലേറെപ്പേർ മരിച്ചു.
നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷങ്ങളില്‍ തിളങ്ങി മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആയിഷയുടെ വിവാഹത്തിനു മുമ്പായി നടന്ന സംഗീത രാവിലാണ് മീനാക്ഷി ഡാന്‍സ് ചെയ്തത്.
നടിയും അടുത്ത സുഹൃത്തുമായ നമിത പ്രമോദിനും മറ്റു കൂട്ടുകാര്‍ക്കുമൊപ്പം നൃത്തം ചെയ്ത്, പിന്നീട് വധുവിനും സുഹൃത്തുകള്‍ക്കുമൊപ്പവും മീനാക്ഷി ചുവടുവച്ചു. മീനാക്ഷിയുടെ ഡാന്‍സ് കാണാനായി ദിലീപും കാവ്യയും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.
മഞ്ജുവിനെ പോലെ തന്നെയാണ് മകളും എന്നാണ് ആരാധകരുടെ അഭിപ്രായം. മഞ്ജുവിന് നൃത്തത്തിനോടുളള അതേ താല്‍പര്യം മകള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് കമന്റുകളുണ്ട്. ആയിഷായുടെ അടുത്ത സുഹൃത്തുക്കളാണ് മീനാക്ഷിയും നമിതയും.
വിവാഹ ആഘോഷങ്ങളില്‍ നമിതയ്‌ക്കൊപ്പമായിരുന്നു മീനാക്ഷി കൂടുതല്‍ സമയവും. ദിലീപും കാവ്യാ മാധവനുമൊപ്പം താമസിക്കുന്ന മീനാക്ഷി ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി 21ന് ആരംഭിക്കും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണയാത്ര ഉദ്ഘാടനം ചെയ്യാനായി കേരളത്തിലെത്തും. വിജയ് യാത്ര എന്നാണ് പ്രചാരണത്തിന് ബി.ജെ.പി പേര് നൽകിയിട്ടുള്ളത്.
നേരത്തെ ഫെബ്രുവരി 20-നാണ് യാത്ര തുടങ്ങാൻ തീരുമാനിച്ചതെങ്കിലും യോഗിയുടെ സൗകര്യാർത്ഥമാണ് പരിപാടി ഒരു ദിവസത്തേക്ക് നീട്ടിവച്ചത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്ന വിജയ് യാത്രയുടെ സമാപനചടങ്ങിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്.