പത്തനംതിട്ട: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്നതായി സ്വയം പ്രചരിപ്പിച്ചിരുന്ന യുവാവ് എം.ഡി.എം.എയുമായി പൊലീസ് പിടിയിലായി. പെരുനാട് സ്വദേശിയായ ഷർഫിൻ സെബാസ്റ്റ്യൻ (25) എന്ന യുവാവിനെയാണ് സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രത്യേക നടപടിയായ ‘ഓപ്പറേഷൻ തുഫാൻ’ ൻ്റെ ഭാഗമായി ജില്ലാ ഡാൻസാഫ് സംഘവും റാന്നി സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഷർഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.590 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും വിശദമായ പരിശോധനയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കൂടാതെ ലഹരി ഉപയോഗത്തിന് ഉപയോഗിക്കുന്ന ഗ്ലാസ് ബബ്ലർ, എൽ-ആകൃതിയിലുള്ള പൈപ്പുകൾ, പ്ലാസ്റ്റിക് സ്മോക്കിംഗ് പൈപ്പുകൾ തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ആന്റി ഡ്രഗ്സ് മൂവ്‌മെന്റ് ഇൻ നേഷൻ’ (ADMIN) എന്ന സംഘടനയുടെ യുവജനവിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡും പരിശോധനയിൽ ലഭിച്ചു. അതേസമയം, പാലാരിവട്ടം, എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനുകളിലെ ലഹരിക്കേസുകളിലും കോയിപ്രം പൊലീസ് സ്റ്റേഷനിലെ രണ്ട് ക്രിമിനൽ കേസുകളിലും ഷർഫിൻ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.