സുനീഷിന്റെ സങ്കടം സൈക്കിള്‍ കള്ളന്‍ കേട്ടില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേട്ടു. ഉരുളികുന്നത്തെ വീട്ടുമുറ്റത്ത് പുത്തന്‍ സൈക്കിളെത്തി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതുപ്രകാരം കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് പുതിയ സൈക്കിളുമായി സുനീഷിന്റെ വീട്ടിലെത്തി പുതിയ സൈക്കിള്‍ ജസ്റ്റിന് കൈമാറി.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഉരുളികുന്നം കണിച്ചേരില്‍ സുനീഷ് ജോസഫ് തന്റെ മോന്‍ ജെസ്റ്റിന്റെ ഒന്‍പതാം പിറന്നാളിന് സമ്മാനമായി വാങ്ങിയ സൈക്കിള്‍ മോഷ്ടാവ് കവര്‍ന്നതിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്.
വൈകല്യത്തോട് പോരാടി സുനീഷ് സ്വരുക്കൂട്ടിയ സമ്പാദ്യത്തില്‍ നിന്നും വാങ്ങിയ
സൈക്കിളാണ് കരുണയില്ലാത്ത കള്ളന്‍ കൊണ്ടുപോയത്. മകന്‍ ജെസ്റ്റിന്റെ ഒന്‍പതാം പിറന്നാളിന് മൂന്നു മാസം മുന്‍പ് സമ്മാനമായി നല്‍കിയ സൈക്കിളായിരുന്നു. സൈക്കിളിന്റെ വില ആറായിരം രൂപ. പക്ഷേ, സുനീഷ് ഇത് സ്വരുക്കൂട്ടിയ അധ്വാനവും ഈ ജീവിതവും.
ജന്മനാ വൈകല്യത്തോടെ പിറന്നയാളാണ് സുനീഷ്. കാലുകള്‍ കുറുകി അരക്കെട്ടോട് ചേര്‍ന്ന് പിന്നില്‍ പിണച്ചുവെച്ചനിലയില്‍. കൈകള്‍ ശോഷിച്ചത്. വലതുകൈക്ക് തീരെ സ്വാധീനമില്ല. ഇന്നേവരെ കസേരയിലിരുന്നിട്ടില്ല, അതിനാവില്ല സുനീഷിന്. വീടിനുള്ളില്‍ സഞ്ചരിക്കുന്നത് ഒരു കൈകുത്തി അതിന്റെ ബലത്തില്‍ കമിഴ്ന്ന് നീന്തി. കട്ടിലില്‍ മലര്‍ന്നുകിടക്കാന്‍ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന് മാത്രം.
എങ്കിലും തളരാതെ ജീവിതം കെട്ടിപ്പടുത്ത അദ്ഭുതമാണീ യുവാവ്. പിപിറോഡില്‍ കുരുവിക്കൂട്ട് കവലയില്‍ അഞ്ച് വര്‍ഷമായി കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തി അതില്‍നിന്നുള്ള തുച്ഛവരുമാനം കൊണ്ടാണ് ജീവിതം. ഭാര്യ ജിനി, മക്കള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ജെസ്റ്റിന്‍, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ജെസ്റ്റിയ.
ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കള്‍ എടുത്ത് കാറില്‍ കയറ്റിക്കൊണ്ടുവരും. മടക്കയാത്രയും അങ്ങനെതന്നെ. ഓഫീസില്‍ കംപ്യൂട്ടറില്‍ ജോലി ചെയ്യണമെങ്കില്‍ കസേരയില്‍ ഇരിക്കാനാകില്ല. പ്രത്യേകം നിര്‍മിച്ച സോഫയില്‍ കമിഴ്ന്നുകിടന്നാണ് കംപ്യൂട്ടറില്‍ ടൈപ്പിങ് നടത്തുന്നത്.
മുഖ്യമന്ത്രി ഇടപെട്ട് പുതിയ സൈക്കിള്‍ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ സുനീഷും ജസ്റ്റിനും കുടുംബവും. വാര്‍ത്ത കണ്ട് വിദേശത്ത് നിന്നുള്‍പ്പെടെ നിരവധി പേര്‍ വിളിച്ച് സൈക്കിള്‍ വാഗ്ദാനം ചെയ്തതായി സുനീഷ് പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പെണ്‍മക്കളെ ബലി കൊടുത്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഇളയമകളെ കൊലപ്പെടുത്തിയത് സഹോദരിയെന്നാണ് മാതാപിതാക്കളുടെ വാദം.
ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് കൊല്ലപ്പെട്ടത്. കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമ്പോള്‍ മക്കള്‍ പുനര്‍ജനിച്ചെത്തുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പള്‍ എന്‍ പുരുഷോത്തം നായിഡു, ഭാര്യയും. ഒരു സ്വകാര്യ കോളജ് പ്രിന്‍സിപ്പളുമായ പത്മജ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
മക്കളെ കൊലപ്പെടുത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. മൂത്തമകള്‍ അലേഖ്യയാണ് ഇളയ സഹോദരി സായ് ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് തന്നെയും കൊലപ്പെടുത്താന്‍ അമ്മയെ നിര്‍ബന്ധിച്ചു.
അങ്ങനെ ചെയ്താല്‍ മാത്രമെ സഹോദരിയുടെ ആത്മാവിനൊപ്പം ഒത്തു ചേര്‍ന്ന് അവളെ മടക്കി കൊണ്ടുവരാന്‍ സാധിക്കു എന്നാണ് മകള്‍ പറഞ്ഞതെന്നാണ് ഇവരുടെ മൊഴി. തിങ്കളാഴ്ച കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമെന്നും അപ്പോഴേക്കും സഹോദരിയുമായി മടങ്ങിവരുമെന്നുമായിരുന്നു അലേഖ്യ പറഞ്ഞത്’ യുവതികളുടെ അമ്മയുടെ മൊഴി അനുസരിച്ച് പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ഇളയമകളെ തൃശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൂത്തമകളെ ഡംബെല്‍ കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ മക്കള്‍ പുനര്‍ജീവിച്ച് വരുമെന്നും തിങ്കളാഴ്ച വരെ മൃതദേഹം അവിടെത്തന്നെ സൂക്ഷിക്കണമെന്ന് പത്മജ പറഞ്ഞിരുന്നുവെന്നാണ് പൊലീസ് നേരത്തെ അറിയിച്ചത്. പൊലീസ് അകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ ഇവര്‍ മക്കള്‍ നഗ്‌നരായി കിടക്കുകയാണെന്നും ആ അവസ്ഥയില്‍ അവരെ കാണാന്‍ പാടില്ലെന്നുമാണ് അറിയിച്ചത്.
തലസ്ഥാനത്ത് വാഹനാപകടത്തിൽ അഞ്ച് മരണം. കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ചാണ് അഞ്ചു ജീവനുകൾ നഷ്ടമായത്. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുൺ, സൂര്യോദയകുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ. പ്രസ് സ്റ്റിക്കർ പതിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.
മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്റ്റുഡിയോയിലെ ജീവനക്കാരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മിനി ലോറി ഇടിച്ചതിനെ തുടർന്ന് കാറിന്റെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തു.
അപകടം നടന്ന ഉടൻ തന്നെ പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. രണ്ടുപേർ അപകടം നടന്ന ഉടനെയും മറ്റു മൂന്നുപേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന അവസ്ഥയിലാണുള്ളത്.
18 സ്ത്രീകളെ ദാരുണമായി കൊലപ്പെടുത്തിയ പരമ്പര കൊലയാളി ഒടുവില്‍ അറസ്റ്റില്‍. മൈന രാമലു എന്നയാളാണ് പോലീസിന്റെ പിടിയിലായത്. 45 കാരനാണ് രാമലു. തന്റെ ഭാര്യയോടുള്ള വിദ്വേഷമാണ് രാമുവിനെ കൊടുംക്രൂര കൃത്യത്തിലേയ്ക്ക് നയിച്ചത്. മറ്റു കുറ്റകൃത്യങ്ങളിലും പ്രതിയായ ഇദ്ദേഹത്തെ ഹൈദരാബാദില്‍ വെച്ച് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
അടുത്തിടെ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. കല്ലുവെട്ട് തൊഴിലാളിയാണ് ഇയാള്‍. 21 വയസിലാണ് ഇയാള്‍ വിവാഹിതനാകുന്നത്. എന്നാല്‍, അധികം വൈകാതെ ഭാര്യ മറ്റൊരാളോടൊപ്പം പോയി. ഇതോടെയാണ്, സ്ത്രീകളോട് മൊത്തം വൈരാഗ്യം തോന്നിയത്.
ശേഷം പരമ്പര കൊലപാതകങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു. 2003 ലാണ് ഇദ്ദേഹം കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. സ്ത്രീകളോടൊത്ത് മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തും. പിന്നീട് ഇരകളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയും ചെയ്യും.
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികല ഇന്ന് ജയിൽ മോചിതയാകും. കോവിഡ് ബാധയെത്തുടർന്ന്ബം ഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ശശികല.
ശശികലയുടെ നാല് വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയായി. പാരപ്പന അഗ്രഹാര ജയിൽ അധികൃതർ ഇന്ന് ആശുപത്രിയിലെത്തി മോചന നടപടികൾ പൂർത്തിയാക്കും.
കേസിലെ ശശികലയുടെ കൂട്ടുപ്രതി ഇളവരശിയും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ശിക്ഷാകാലാവതി ഫെബ്രുവരി ആദ്യം പൂർത്തിയാകും. ചികിത്സയിലായതിനാൽ ശശികല ഉടൻ ചെന്നൈയിലെത്തില്ലെന്നാണ് വിവരം.
ചെങ്കോട്ടയിൽ റിപ്പബ്ലിക് ദിനത്തിലെ കർഷക റാലിക്കിടെ പതാക ഉയർത്തിയ സംഭവം അട്ടിമറിയെന്ന് കർഷക സംഘടനകൾ. സമരത്തെ തകർക്കാനും വഴി തിരിച്ചുവിടാനും ഒരുസംഘം ശ്രമിച്ചെന്നാണ് കർഷകർ ആരോപിക്കുന്നത്. ബിജെപിയുമായി അടുത്ത ബന്ധമുള്ള പഞ്ചാബി നടൻ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങൾക്ക് നേതൃത്വം നൽകിയത്. ഇയാൾ ചെങ്കോട്ടയിലെ സമരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് കർഷകർ അട്ടിമറി ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ബിജെപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സംഘടനയുടെ പ്രതിനിധി ആയതിനാൽ ഇയാളെ കർഷകർ സമരത്തിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. എന്നാൽ പുറത്താക്കലിന് പിന്നാലെ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു സമരമെന്ന രീതിയിൽ ഡൽഹിയിൽ സമരം തുടർന്നിരുന്നു. അനിഷ്ട സംഭവങ്ങൾക്ക് ദീപ് സിദ്ദുവാണ് നേതൃത്വം നൽകിയെതെന്ന് കർഷക സംഘടനകളുടെ നേതാക്കൾ സ്ഥിരീകരിച്ചതോടെയാണ് അട്ടിമറി സാധ്യത ശക്തമാകുന്നത്.
സമരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഇയാൾ ചെങ്കോട്ടയിലെത്തിയത് അട്ടിമറിക്ക് നേതൃത്വം നൽകാനെന്നാണ് സൂചന. റൂട്ട് മാപ്പിലോ കർഷകർ ഔദ്യോഗികമായി പ്രഖ്യാപിച്ച സമര പരിപാടിയിലോ ഇല്ലാത്ത ചെങ്കോട്ടയിലേക്ക് സമരം നീങ്ങിയതിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് നേരത്തെ സംശയമുയർന്നിരുന്നു. ഖലിസ്ഥാൻ അനുകൂല നിലപാടുകൾ സിദ്ദു സ്വീകരിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ തന്ത്ര പ്രധാനമായ ചെങ്കോട്ടയിലെ സുരക്ഷാ സംവിധാനങ്ങൾ പ്രക്ഷോഭകർക്ക് മുന്നിൽ ഇത്രയും വേഗം കീഴടങ്ങിയത് സംശയാസ്പദമാണെന്നും വാദം ഉയർന്നിരുന്നു.
‘ബിജെപിയുമായി ബന്ധപ്പെട്ട ദീപ് സിദ്ദു എന്നയാൾ സമരം നടത്തുന്നവരുടെ കൂട്ടത്തിലുണ്ട്. അയാളുടെ സംഘത്തിൽപ്പെട്ടവരാണ് ചെങ്കോട്ടയിൽ പതാക ഉയർത്തിയതെന്നാണ് മനസിലാക്കുന്നത്. ഞങ്ങൾക്ക് ആ സമരവുമായി ബന്ധമില്ലെന്ന് പറഞ്ഞുകഴിഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ അവിടെ പതാക പാറിയിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. സർക്കാരിന് ഇന്റലിജൻസ് സംവിധാനമില്ലേ. മുൻകൂട്ടി അത് മനസിലാക്കണ്ടേ. ആരാണ് ദീപ് സിദ്ദു എന്ന് കണ്ടുപിടിക്കട്ടെ. ഇവർ പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. അതും കണ്ടുപിടിക്കട്ടെ. ആരൊക്കെയാണ് ഇത് ചെയ്തതെന്ന് കണ്ടെത്തട്ടേ. പോലീസ് വന്ന് സംസാരിച്ചപ്പോൾ ഞങ്ങൾ പറഞ്ഞു, അവർക്ക് ഞങ്ങൾക്കൊപ്പമുള്ളവരല്ലെന്ന്. അക്രമം അംഗീകരിക്കില്ല. തള്ളി പറയും”- കിസാൻ സഭ നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു.
ന്യൂഡൽഹി∙ നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞാണ് കർഷകന്റെ മരണമെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും അതിനെ തള്ളി രംഗത്തെത്തുകയാണ് കർഷകർ. മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡിൽ ചിതറിയ തലച്ചോറും ചൂണ്ടിക്കാട്ടിയാണ് കർഷകർ പൊലീസ് നടപടിയെ തള്ളുന്നത്.
പൊലീസ് വെടിവെച്ചു, അയാൾക്ക് വെടിയേറ്റു. ട്രാക്ടറിന്റെ നിയന്ത്രണം പോയി മറിഞ്ഞു. മുഖം തകർന്നു. ഒരു കണ്ണ് മാത്രം മുഖത്ത് ബാക്കി. തലച്ചോർ അടക്കം റോഡിൽ ചിതറി..’ കര്‍ഷകന്റെ സഹോദരന്റെയും സഹസമരക്കാരുടെയും വാക്കുകൾ ഇങ്ങനെ. മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച് മൃതദേഹവുമായി കർഷകർ അതേ തെരുവിൽ ഇരിക്കുകയാണ്. അതേസമയം ചെങ്കോട്ടയിലെ കൊടിമരത്തിൽ കർഷകർ അവരുടെ പതാക നാട്ടി പ്രതിഷേധം അറിയിച്ചു. പിന്നാലെ പൊലീസെത്തി കൊടിമരച്ചുവട്ടിൽ നിന്നും അവരെ ഒഴിപ്പിച്ചു.
റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷമാണ് നടക്കുന്നത്. ചെങ്കോട്ടയിലും ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി. പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു.
അതേസമയം, നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
കേരളത്തിലെ ഇടതുപക്ഷ ജനകീയസർക്കാറിന്റെ ഭരണത്തുടർച്ച ലക്ഷ്യമാക്കി യുകെയിൽ LDF ക്യാമ്പയിൻ കമ്മിറ്റി രൂപീകരിച്ചു. ഓൺലൈനായി നടന്ന പ്രഥമ ഇടതുമുന്നണി യുകെ പ്രചാരണ കൺവെൻഷനിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ.എംവി ഗോവിന്ദൻ മാസ്റ്റർ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. രാജ്യത്തിനാകെ മാതൃകയായ ഇടതുപക്ഷ ബദൽ ആണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ എന്നും പ്രതിസന്ധികൾക്കിടയിലും ജനതയെ ചേർത്തുപിടിച്ചു മഹാമാരികൾക്കെതിരെ പോരാടി ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിയ പിണറായി സർക്കാരിന്റെ തുടർഭരണം നാടിന്റെ ആവശ്യം ആണെന്നും അതിനായി യുകെയിലെ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്നും ഗോവിന്ദൻമാസ്റ്റർ അഭ്യർത്ഥിച്ചു.
കൺവീനർ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാ കോൺഗ്രസ് (എം) നേതാവ് ശ്രീ. റോഷി അഗസ്റ്റിൻ എംഎൽ എ മുഖ്യാതിഥി ആയിരുന്നു.
കേരളത്തിലെ പിണറായി സർക്കാർ വളരെ മികച്ച പ്രവർത്തനം ആണ് കാഴ്ചവെക്കുന്നതെന്നും നാൽപതു വർഷം യുഡിഎഫിന്റെ ഭാഗമായി നിന്നിട്ടു കിട്ടാത്ത പരിഗണനയാണ് എൽഡിഫിൽ പുതുതായി വന്ന കേരളാകോൺഗ്രസിനു കിട്ടുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഏതൊരു പ്രതിസന്ധിയെയെയും തരണം ചെയ്യാൻ ശേഷിയുള്ള സഖാവ് പിണറായി വിജയൻ പ്രകൃതി ദുരന്തത്തെയും, നിപ്പ വൈറസിനെയും, സമചിത്തതയോടെ നേരിട്ട് ഇന്ന് കൊറോണയെ തുരത്തിയോടിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. മലയോര മേഖലയിലെ ജനങ്ങളോടുള്ള പരിഗണന യോടൊപ്പം വികസന സ്വപ്നങ്ങൾക്ക് യാതൊരു തടസവും ഉണ്ടാകാതിരിക്കാൻ ഇടതുപക്ഷ ഗവെർന്മെന്റ് പ്രത്യേകം ശ്രദ്ധിച്ചുവെന്നും ആക്ഷേപങ്ങളുടെ പെരുമഴ ഉണ്ടായിട്ടും സ്വസ്ഥതയോടെ ഭരണം നടത്താനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിൽ പോലും അവിടെയൊന്നും മുട്ട് മടക്കാതെ ദീർഘ വീക്ഷണത്തോടെ നമ്മെ നയിച്ച പിണറായി സർക്കാരിന്റെ തുടര്ഭരണം സാധ്യമാകുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലയെന്നും റോഷി അഗസ്റ്റിൻ എം എൽ എ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു .
യോഗത്തിനെത്തിയവർക്ക് ശ്രീ. ഷൈമോൻ തോട്ടുങ്കൽ സ്വാഗതം പറഞ്ഞു. AIC യുകെയുടെ സെക്രട്ടറിയും എൽഡിഫ് യുകെ മുഖ്യരക്ഷാധികാരിയുമായ ഹർസെവ് ബെയ്‌ൻസ് ക്യാമ്പയിൻ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 21 അംഗ കമ്മിറ്റി രൂപീകരിച്ചു. കൺവീനറായി ശ്രീ.രാജേഷ് കൃഷ്ണയും ജോ. കൺവീനർമാരായി ശ്രീ.മുരളി വെട്ടത്തും ശ്രീ. മാനുവൽ മാത്യുവും ചുമതലയേൽക്കും. പ്രചാരണ പ്രവർത്തനങ്ങൾക്ക് വിവിധ സബ് കമ്മിറ്റികൾ പിന്നീട് രൂപീകരിക്കുമെന്ന് കൺവീനർ യോഗത്തിൽ അറിയിച്ചു.
സൂം മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി ഫേസ്ബുക്ക് ലൈവ് ഒരുക്കിയിരുന്നു. ഏതാണ്ട് രണ്ടായിരത്തഞ്ഞൂറിലധികം പേർ ഫേസ്ബുക്ക് ലൈവിൽ പരിപാടി വീക്ഷിച്ചു.
യോഗത്തിൽ പങ്കെടുത്തും പിന്നണിയിൽ പ്രവർത്തിച്ചും ക്യാമ്പയിൻ കമ്മിറ്റി രൂപീകരണ കൺവെൻഷൻ വൻവിജയം ആക്കിയ എല്ലാവർക്കും ജോ.കൺവീനർ ശ്രീ. മുരളി വെട്ടത്ത് നന്ദി രേഖപ്പെടുത്തി.
ഡോക്ടർ എ. സി. രാജീവ് കുമാർ
മുൻ കാലങ്ങളെക്കാൾ ആഴത്തിൽ സമൂഹ മധ്യത്തിൽ വേരോടിയ ഒരു രോഗമാണ് പ്രമേഹം. ഭാരതത്തിൽ ഈ രോഗം ഏറെ വ്യാപകമായി മാറിയിട്ടുള്ള സംസ്ഥാനം കേരളം ആണ്.
കാരണങ്ങൾ പലതാണ്. പ്രായേണ സുകുമാര ശരീരികളും സുഖലോലുപരും വ്യായാമം ഇല്ലാത്ത, ഭക്ഷണ പ്രിയരായ, തൈരും മധുരവും ഒക്കെ ഏറെ കഴിക്കുന്നവർക്ക് കാണുന്ന രോഗം ആയിട്ടാണ് അഷ്ടാംഗ ഹൃദയത്തിൽ പറയുന്നത്. എട്ടു മഹാരോഗങ്ങളിൽ നാലാമത്തെ രോഗം ആയി പ്രമേഹം പറയപ്പെടുന്നു. മാരക രോഗം എന്ന നിലയിലല്ല പറയുന്നത്. ദീർഘാകാലം നീണ്ടുനിൽക്കുന്ന, അനുബന്ധ രോഗങ്ങൾ കൊണ്ട് ദുസ്സഹങ്ങൾ ആയവ എന്ന നിലയ്ക്കാണ് ഇവ മഹാരോഗം എന്ന് പറയുന്നത്.
പ്രമേഹം ഒരു പുതിയ രോഗമല്ല. വേദ കാലത്ത് തന്നെ ഈ രോഗം ഉണ്ടായിരുന്നു. അസ്രാവം എന്നാണ് പറഞ്ഞിട്ടുള്ളത്. മൂത്രം അധികം ആയി പോകും എന്നത് ആണ് ലക്ഷണം. അന്ന് നിർദേശിക്കപ്പെട്ടിട്ടുള്ള പലതും ഇന്നും പ്രമേഹ നിയന്ത്രണത്തിൽ മാറ്റം ഇല്ലാതെ തുടരുന്നു.
നൂറു യോജന നടക്കുന്നതും മുഞ്ചപ്പുല്ല് പോലുള്ള ഫൈബർ ഏറെയുള്ള തൃണ ധാന്യങ്ങൾ ആഹാരം ആക്കുക, തനിയെ കുളം കുഴിക്കുക പോലുള്ള കഠിന വ്യായാമം എന്നിവ രോഗം അകറ്റും എന്ന് പറയുന്നു.
ആഹാരനിയന്ത്രണം അനുയോജ്യമായ ജീവിത ശൈലി ശീലം ആക്കുക എന്നിവ ആണ് രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും രോഗമകറ്റാനും ഇടയാക്കുന്നത് എന്ന് ഇന്നും അംഗീകരിക്കുന്നു.
അരി ആഹാരം കഴിക്കുന്നതാണ് പ്രമേഹ കാരണം എന്ന് കരുതിയിരുന്നു. ഇത് പൂർണമായും ശരിയല്ല. ഫൈബർ റിച്ച് ഭക്ഷണം ആണ് പ്രമേഹ രോഗികൾ കഴിക്കേണ്ടത് എന്ന് ഇന്നും നിർദേശിക്കുന്നു. അരിയിൽ.2%നാരുള്ളപ്പോൾ ഗോതമ്പിൽ 1.2% ആണ് നാരുള്ളത്. ഇവയിൽ ഏതിന്റെയും ഫൈൻ പൗഡർ സൂക്ഷ്മ ചൂർണമോ പുളിപ്പിച്ചുണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുന്നതോ പ്രമേഹ രോഗിക്ക് നന്നല്ല. ഗോതമ്പ് നുറുക്ക്, റവ എന്നിവ ആയിരിക്കും കൂടുതൽ ഗുണകരം.
തൃണ ധാന്യങ്ങൾ, ചെറുധാന്യങ്ങൾ എന്ന നിലയിൽ പ്രമേഹ രോഗികൾക്ക് ഏറെ ഗുണകരമാകുന്നുണ്ട്. മില്ലറ്റ് എന്നറിയപ്പെടുന്ന ഇവയിൽ പെട്ട റാഗി പഞ്ഞപ്പുല്ല് നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നു. റാഗി തനിച്ചും മറ്റ് ധന്യങ്ങളുമായി ചേർത്തും ഉപയോഗിക്കാൻ സാധിക്കും. ചെറുപയർ കുതിർത്തരച്ചു ദോശ ഉണ്ടാക്കി കഴിക്കുന്നത് നന്ന്.
Fox tail millett ചാമയരി
Little millett തീനയരി
Kodo millett വരക്
Barnyard millett കുതിരവാലി
Brown top millett കൊരാല
Finger millett പഞ്ഞപ്പുല്ല്
Pearl millett ബജറാ എന്നിങ്ങനെ ഉള്ള ചെറു ധന്യങ്ങളിൽ 6% മുതൽ 14% വരെ നാരുകളുടെ സാന്നിദ്ധ്യം ഉണ്ട് എന്നതിനാൽ ഇവ മുഖ്യ ആഹാരമായി ആറ് മാസം തുടർച്ച ആയി ഉപയോഗിക്കുന്നത് പ്രമേഹം അകറ്റാൻ സഹായിക്കും എന്നാണ് കരുതുന്നത്.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

നടിയും മത്സരാര്ഥിയും മാത്രമല്ല ബോൾഡ് ആയി നിന്നും മലയാളികൾക്ക് പരിചിതമുഖമായി മാറിയ താരം ആണ് രജനി ചാണ്ടി .ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ നടി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ബിഗ്‌ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി കൂടി ആയതോടെ താരത്തിന് ആരാധകർ വർദ്ധിച്ചു. ബിഗ്‌ബോസിലെ മലയാളം രണ്ടാം സീസണിൽ ഏറ്റവും പ്രായം ഏറിയ മത്സരാർത്ഥിയും രജനി ചാണ്ടി ആയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുന്നെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് രാജനി ചാണ്ടി രംഗത്തെത്തിയത്. മോഡേൺ ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഇതിന് പിന്നാലെ ഒരു വിഭാഗം സൈബർ ആക്രമണവുമായി രാജനിക്ക് നേരെ തിരിഞ്ഞിരുന്നു. ഇപ്പോളിതാ ഒരു സ്വകാര്യ ചാനലിൽ പങ്കെടുത്ത് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ഭർത്താവും രാജിനിയും
ഭർത്താവിന്റെ വാക്കുകൾ ഇങ്ങനെ,വീട്ടുകാർ സാധാരണ പോലെ ആലോചിച്ച് ഉറപ്പിച്ച് പെണ്ണ് കാണാൻ പോയതാണ്. ആദ്യ കാഴ്ചയിൽ തന്നെ രാജിനിയെ എനിക്കിഷ്ടപ്പെട്ടു. പത്തൊൻപത് വയസ് തികഞ്ഞിട്ടില്ല എങ്കിലും രാജിനി അന്ന് ഭയങ്കര ബോൾഡ് ആയിരുന്നു.
ബിഎസ്സിയ്ക്ക് പഠിക്കുകയായിരുന്നു. മാർച്ചിലായിരുന്നു പെണ്ണ് കാണാൻ പോയത്. ജൂൺ ഒന്നിന് ഞങ്ങളുടെ വിവാഹം നടന്നു. അതിനിടെ ഒന്ന് രണ്ട് എഴുത്തൊക്കെ എഴുതിയിട്ടുണ്ടെന്ന് അല്ലാതെ അതിൽ കൂടുതൽ പരിചയങ്ങളൊന്നുമില്ല.
രാജിനിയുടെ വാക്കുകൾ,
ചാണ്ടിച്ചന് തലമുടി നരച്ചതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണോ പ്രായ വ്യത്യാസമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വന്നിരുന്നു. കാര്യം ഞങ്ങൾ തമ്മിൽ എട്ടോ ഒൻപതോ വയസ് വ്യത്യാസമേ ഉള്ളു.എന്തായാലും എന്റെ തലമുടി നരയ്ക്കുമ്പോൾ ഞാൻ ഡൈ ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. ചാണ്ടിച്ചായനും അതിൽ ഓപ്ഷനൊന്നും പറഞ്ഞില്ല. പ്രീഡിഗ്രിയ്ക്ക് കോളേജ് കാലം എൻജോയ് ചെയ്തു. പക്ഷേ ആരും പ്രണയം പറഞ്ഞ് എന്റെ അടുത്തേക്കോ ഞാൻ അവരുടെ അടുത്തേക്കോ പോയില്ല. കല്യാണം കഴിഞ്ഞാൽ കൈനിറയെ വളയൊക്കെ ഇട്ട് ബന്ധുക്കളുടെ വീടുകളിലൂടെ ഉണ്ടും തിന്നും നടക്കാമെന്നാണ് ഞാൻ കരുതിയത്. ഇതിനകത്ത് വേറെ സംഗതികളുണ്ടെന്ന് അറിഞ്ഞത് കല്യാണത്തിന് ശേഷമാണ്