ദിലീപ് വി കെ
മാടനെ പിടിക്കാന്‍ ചെന്ന തിരുമേനിയുടെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അപരിഷ്‌കൃതരുടെ മൂര്‍ത്തിയായ മാടനെ പരിഷ്‌കൃതനായ ബ്രാഹ്മണന് പിടിച്ചു കെട്ടിയേ തീരൂ. എന്നാല്‍ താന്‍ പിടിക്കാന്‍ ചെന്നവനെയും ചുമന്നുകൊണ്ട് അറ്റമില്ലാവഴികളിലൂടെയുള്ള യാത്ര ആസ്വദിക്കുകയാണ് തിരുമേനി ഇപ്പോഴും. നിയമവാഴ്ച്ചയുടെ പ്രതിരൂപങ്ങളാണ് എന്ന് പറയാവുന്ന പോലീസുകാരും, ചുരുളിയില്‍ ചെന്ന് ചെയ്യുന്നതു തങ്ങളുടെ വന്യവാസനകളെ കയറൂരിവിടുകയാണ്. കാടുകയറുമ്പോള്‍, ഓരോ മനുഷ്യനും തന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് മാറുന്നുവെന്നതാണ് തുടർന്നുള്ള കാഴ്ചയില്‍ തെളിയുന്നത്.
കുറ്റവാളിയെയും കുറ്റകൃത്യത്തെയും പിന്തുടര്‍ന്നാണ് ആന്റണിയും ഷാജീവനും (വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്) ചുരുളിയിലെത്തുന്നത്. തങ്കന്റെ പറമ്പില്‍ റബ്ബറിന് കുഴിവെട്ടാന്‍ എന്നും പറഞ്ഞാണ് യാത്ര. ദുര്‍ഘടമായ മലമ്പാതയും താണ്ടി ചുരുളാളം പറയുന്നവരുടെ മൂടല്‍ മഞ്ഞു പോലെ നിഗൂഢതകള്‍ തങ്ങി നില്‍ക്കുന്ന ചുരുളിയില്‍ അവരെത്തി ചേരുന്നു. വഴിയിലെ പൊളിഞ്ഞു വീഴാറായ മരപ്പാലം പുറംലോകവും ചുരുളിയും തമ്മിലുള്ള ഏക ബന്ധമാണ്. പരിഷ്‌കാരത്തിന്റെ ഭാണ്ഡങ്ങള്‍ ജീപ്പിറങ്ങി പാലം നടന്നു കയറുമ്പോള്‍ പുറത്തേക്കെറിയപ്പെടുന്ന കാഴ്ച പുറംലോകത്തിന്റെ കെട്ടുകാഴ്ചകൾക്കു ചുരുളിയിൽ സ്ഥാനമില്ല എന്ന് പറഞ്ഞുവെക്കുന്നു. ജീപ്പ് ആ പാലം കടന്നു പോകുന്ന കാഴ്ചപോലും വന്യമായ ഒരു ലോകത്തേക്കാണ് തങ്ങളുടെ യാത്രയെന്ന് പ്രേക്ഷകന് മുന്നറിയിപ്പ് നൽകുന്നുണ്ട്.

മെെലാടും പറമ്പിൽ ജോയ് എന്ന കുറ്റവാളിയെ അന്വേഷിച്ച് ചുരുളിയിൽ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരായ ഷാജീവനും ആന്റണിയും തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകത്തെയാണ് അവിടെ കാണുന്നത്. അവർക്കൊപ്പം ചുരുളിയിലേക്ക് എത്തുന്നവർ ആരംഭത്തിൽ സാധാരണ മനുഷ്യരാണ്. എന്നാൽ ചുരുളിയിൽ എത്തുന്ന നിമിഷം മുതൽ അവർ ചുരുളി മലയാളത്തിൽ കേട്ടാലറയ്ക്കുന്ന തെറി പറയുന്നവരും, അക്രമാസക്തരുമായി മാറുന്നു. ഇവിടെയുണ്ടാകുന്ന ഭാവമാറ്റം ചുരുളിയുടെ ലോകത്തെപ്പറ്റിയുളള ഒരു മുന്നറിയിപ്പ് കൂടിയാണ്. ആ അരുവിക്കു കുറുകെയുള്ള മരപ്പാലം അവര്‍ക്കും നമുക്കും പരിചിതമായ ചുറ്റുപാടിന്റെ അവസാനമാണ്. ചുരുളിക്കാടുകളുടെ വന്യത യാത്രക്കാരെ ആവേശിക്കുന്ന നിമിഷത്തില്‍ ആന്റണിക്കൊപ്പം നമ്മളും ഞെട്ടുന്നുണ്ട്. ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ ശബ്ദങ്ങളും അപരിചിതത്വത്തിന്റെ അങ്കലാപ്പ് തരുന്നുണ്ട്. ചീവീടും രാപ്പക്ഷികളും ഇലയ്ക്കു മീതെ പെയ്യുന്ന മഴയും കൂവലുകളുടെ പ്രതിധ്വനികളുമൊക്കെ പകരുന്ന ഭയപ്പെടുത്തുന്ന വന്യത പക്ഷെ ചുരുളിക്കാരുടെ പെരുമാറ്റങ്ങള്‍ക്ക് വല്ലാത്തൊരു സാധൂകരണം നല്‍കുന്നുണ്ട്. ചുരുളിയിൽ എത്തുന്നവർ തങ്ങൾ ഇത്രയും കാലം ചുരുളിയിൽ തന്നെ ജീവിച്ചിരുന്നു എന്ന് കരുതി പോകുന്നവരാണ്. മാടന്റെയും നമ്പൂതിരിയുടെയും കഥയിൽ തുടങ്ങി അതേ കഥയിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ കുട്ടയിൽ ഉള്ളത് മാടൻ തന്നെയാണ് എന്ന് തിരിച്ചറിയാത്ത നമ്പൂതിരിയും അന്വേഷിച്ചു ചെന്ന കുറ്റവാളികൾ തങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ടെന്നു തിരിച്ചറിയാത്ത നിയമപാലകരും ചുരുളിക്കുള്ളിൽ ഒന്ന് തന്നെയാണ്. അവിടെ കാലം ആവർത്തിക്കപ്പെടുകയാണ്.
കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനോയ് തോമസിന്റെ കഥയാണ് ചിത്രത്തിനാധാരം. എസ്. ഹരീഷിന്റേതാണ് തിരക്കഥ. പെല്ലിശേരിയുടെ സിനിമകളിലെ ദൃശ്യ, ശബ്ദ ഭംഗികള്‍ പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. കാടിന്റെ കാഴ്ചകള്‍ക്ക് മധു നീലകണ്ഠന്റെ ക്യാമറയില്‍ അസാധാരണ സൗന്ദര്യമുണ്ടായിരുന്നു. സംഗീതമൊരുക്കിയ ശ്രീരാഗ് സജിയും എഡിറ്റര്‍ ദീപു ജോസഫും ആസ്വാദനത്തെ നിലവാരമുള്ളതാക്കുന്നുണ്ട്. അഭിനേതാക്കള്‍ ഓരോരുത്തരും അവരുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ മറ്റാരേക്കാളും മികവുറ്റതായി തോന്നിയത് വിനയ് ഫോര്‍ട്ടിന്റെ പ്രകടനമാണ്. ഷാജിവന്റെ ഭയവും ആകുലതകളും പിന്നീട് അയാളില്‍ ഉണ്ടാവുന്ന ഭാവ മാറ്റങ്ങളും എത്ര കയ്യടക്കത്തോടെയാണ് അയാള്‍ കാഴ്ച വെച്ചത്. ശുദ്ധനായ പോലീസുകാരനില്‍ നിന്നുള്ള വളര്‍ച്ച വിനയ് ഫോര്‍ട്ട് മികവുറ്റതാക്കി.
ഒറ്റക്കാഴ്ചയില്‍ കുരുക്കഴിക്കാവുന്നതല്ല ഈ ചിത്രം. ജെല്ലിക്കെട്ടിന്റെ ക്ലൈമാക്സിലെ പോലെ താൻ ഉദ്ദേശിച്ചത് എന്തെന്ന് ലിജോ പക്ഷെ ചുരുളിയിൽ പറഞ്ഞു വെക്കുന്നില്ല. അത് സിനിമയുടെ ചുഴിയിൽ അകപ്പെട്ടുപോയ പ്രേക്ഷകന് തീരുമാനിക്കാവുന്നതാണ്. കുറ്റവാളികളും കുറ്റാന്വേഷകരും തമ്മിലുള്ള അതിര് വരമ്പുകളുടെ നിസ്സാരത ബോധ്യപ്പെടുത്തുന്നതോടൊപ്പം തന്നെ അധികാരവും അധികാരമില്ലായ്മയും അഴിയാത്ത ചുരുളുകളുമായി സമന്വയം പ്രാപിക്കുന്നതും പ്രേക്ഷകന്റെ മുൻപിലേയ്ക്കുള്ള സംവിധായകന്റെ ചോദ്യമായി പരിഗണിക്കാം.

ദിലീപ് വി കെ: കാസർഗോഡ് സ്വദേശി, തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് പ്രൊഫസർ.
മെട്രിസ് ഫിലിപ്പ്
യേശു നാഥൻ, തന്റെ ശിഷ്യരുടെ കാൽകഴുകി ചുംബിച്ചുകൊണ്ട് വിനയത്തിന്റെ മാതൃക ചെയ്തതും, തന്റെ ജീവൻ, അപ്പത്തിലേക്കു വഴിമാറ്റുകയും ചെയ്ത പെസഹാ ദിനം(Maundy Thursday). ഒരു താലത്തിൽ വെള്ളമെടുത്ത്, വെൺകച്ച അരയിൽചുറ്റി, മിശിഹാ തന്റെ ശിഷ്യരുടെ പാദങ്ങൾ, കഴുകി ചുംബിച്ചു കൊണ്ട്, വിനയാനിതനായി,സ്വയം മാതൃക കാണിച്ചു കൊടുത്ത പുണ്യദിനം.
പെസഹാ ദിവസം, ഇണ്ടറി അപ്പവും, പാലും ഭക്ഷിക്കുവാൻ എടുക്കുമ്പോൾ, ഓർക്കുക, അവയിൽ ഒരു ജീവനുണ്ടെന്ന്. യേശുവിന്റെ ശരീരവും രക്തവും, അപ്പത്തിന്റെയും പാലിന്റെയും രൂപത്തിൽ, എഴുന്നെള്ളി വരികയാണ്, ഓരോ ഹൃദയത്തിലേക്കും.
ആ വലിയ മാളിക മുറിയിൽ ഒരുക്കിയ, പെസഹാ വേളയിൽ, യേശു അപ്പമെടുത്തു ആശിർവദിച്ച് മുറിച്ച് നൽകി കൊണ്ട് അരുളി ചെയ്തു, “ഇത് എന്റെ ശരീരമാകുന്നു, ഇത് വാങ്ങി ഭക്ഷിക്കുവിൻ. തുടർന്ന് പാനപാത്രം എടുത്തു സ്തോത്രം ചെയ്ത് അവർക്കു നൽകി അരുളി ചെയ്തു, എന്റെ രക്തം പാനം ചെയ്യുവിൻ” അങ്ങനെ ലോകത്തിന് ഒരു പുതിയ ഉടമ്പടി നൽകി കൊണ്ട്, ആ അവസാന അത്താഴമേശയിൽ, യേശു ഒരു ചരിത്രം എഴുതിചേർത്തു.
ആ വലിയ അത്താഴ വേളയിൽ, യേശു നാഥൻ, സ്വയം അപ്പമായും, വീഞ്ഞായും മാറുന്ന കാഴ്ച കാണുവാൻ ഭാഗ്യം ലഭിച്ച ശിഷ്യൻമാർ, ഒരിക്കലും ഓർത്തില്ല, ഇത് തന്റെ, ഗുരുവിനോടൊത്തുള്ള അവസാന അത്താഴം ആയിരിക്കുമെന്ന്. എന്നാൽ യേശുനാഥൻ, ഇത് മനസ്സിലാക്കിയിരുന്നു.
തന്നോടൊപ്പം, പാത്രത്തിൽ കൈ മുക്കുന്നവൻ , ഒറ്റുകാരൻ ആയിരിക്കും, എന്നറിഞ്ഞിട്ടും, ഓടി ഒളിക്കാതെ, ഹൃദയം പൊട്ടി പ്രാർത്ഥിക്കുകയായിരുന്നു. ഇനിയും ഒരുപാട് സമയം ഇല്ലാ എന്നറിഞ്ഞിട്ടും, ഏകനായി, ഗത് സെമേൻതോട്ടത്തിൽ പോയി, കമിഴ്ന്നു വീണ് പ്രാർത്ഥിച്ചുകൊണ്ട്, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നുപോകട്ടെ എന്നും, എന്നാൽ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം ആണ് വലുത് എന്നും, കുരിശു മരണം ഉണ്ടാകും എന്നും, അത് പൂർത്തിയാക്കുവാൻ വിധിക്കപ്പട്ടവൻ ആണ് താൻ എന്നുള്ള സത്യം, ബേത് ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നുവീണ സമയത്തേ യേശു മനസ്സിലാക്കിയിരിക്കാം.
പള്ളികളിലെ സക്രാരിയിൽ എഴുന്നള്ളി ഇരിക്കുന്ന യേശു നാഥനെ, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്‌തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ,നമുക്കു സാധിക്കുന്നത്, പെസഹായുടെ ദിവസം യേശു പ്രഖ്യാപിച്ച പുതിയ ഉടമ്പടി വഴിയായിരുന്നു എന്ന് ഓർമ്മിക്കാം.
നമ്മുടെ ഭവനങ്ങളിൽ, ഊട്ടുമേശക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന, യേശുവിന്റെ അവസാന അത്താഴവിരുന്നിന്റെ ഫോട്ടോയിൽ കാണുന്ന ചിത്രത്തിൽ, ജെറുസലേം പട്ടണവും കാണുവാൻ സാധിക്കും. എന്റെ ജെറുസലേം യാത്രയിൽ, ലാസ്‌റ്റ് സപ്പർ റൂം, ഒരു രണ്ട് നില മാളിക തന്നെ ആയിരുന്നു. പടികൾ കയറി മുകളിൽ ചെന്നാൽ, വിശാലമായ മുറിയും, ജെറുസലേം പഴയ പട്ടണവും കാണുവാൻ സാധിക്കും.
ഈ പെസഹാ ദിനം, യേശുവിന്റെ ജീവനാകുന്ന അപ്പം സ്വീകരിച്ചുകൊണ്ട്, ജീവിതത്തിന് പുതിയ മാറ്റങ്ങൾ വരുത്താം. ദുഃഖ വെള്ളി നല്ല വെള്ളിയായി മാറുവാൻ ഉള്ള തുടക്കം ഇന്ന് ആരംഭിക്കാം. ആമേൻ.
കായംകുളം: യു.ഡി.എഫ്. സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചുവെന്ന് പരാതി. കായംകുളം പുതുപ്പള്ളിയിലുള്ള വീടിന്റെ ജനലുകള്‍ തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് യു.ഡി.എഫ്. ആരോപിച്ചു.
അരിതയുടെ വീടിന്റെ വീഡിയോ സി.പി.എം. പ്രവര്‍ത്തകര്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തത്സമയം പ്രചരിപ്പിച്ചിരുന്നു. ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലോക കപ്പ് യോഗ്യതാ മത്സരത്തിനിടെ ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഊരിയെറിഞ്ഞ നായകന്റെ ആം ബാന്‍ഡ് ലേലത്തിന്. സെര്‍ബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്മയാണ് ആം ബാന്‍ഡ് ലേലത്തിനു വെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ ദര്‍ദെവിക്ക് എന്ന കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം ശേഖരിക്കാനാണിത്.
ലോക കപ്പ് ക്വാളിഫയറില്‍ സെര്‍ബിയക്കെതിരെ നടന്ന മത്സരത്തിലാണ് റൊണാള്‍ഡോ ദേഷ്യപ്പെട്ട് ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് മൈതാനം വിട്ടത്. 93ാം മിനിറ്റില്‍ 2-2ന് കളി സമനിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍ ശ്രമം.
ഗോളെന്ന് കരുതി ക്രിസ്റ്റ്യാനോ ആഘോഷം തുടങ്ങിയെങ്കിലും സെര്‍ബിയന്‍ പ്രതിരോധ നിര താരം സ്റ്റെഫാന്റെ ശ്രമത്തില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നില്ലെന്നായിരുന്നു റഫറിയുടെ വിധി. എന്നാല്‍ റിപ്ലേകളില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നത് വ്യക്തമായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെ ക്രിസ്റ്റ്യാനോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ഊരി എറിഞ്ഞ് മൈതാനം വിട്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ കാത്തു നില്‍ക്കാതെയായിരുന്നു പോര്‍ച്ചുഗല്‍ നായകന്റെ മടക്കം.
ആം ബാന്‍ഡ് സ്റ്റേഡിയം ജീവനക്കാരനിലൂടെ ശേഖരിച്ചാണ് ജീവകാരുണ്യ കൂട്ടായ്മ ലേലത്തിനു വെച്ചത്. മൂന്നുദിവസം ഓണ്‍ലൈന്‍ ലേലത്തിനുണ്ടാകും.
പാലായിലെ തല്ല് വലിയ ചർച്ചയ്ക്കാണ് വഴിവയ്ക്കുന്നത്. കോൺഗ്രസും ബിജെപിയും ഒരുപോലെ സൈബർ ഇടത്ത് വിഷയം ഏറ്റെടുത്തു. ട്രോൾ പേജുകളും ഇത് ആഘോഷിക്കുകയാണ്. ‘ഉറപ്പാണ് അടി’ എന്നാണ് ട്രോളുകളിൽ ചിലതിന്റെ തലക്കെട്ട്. ദിവസങ്ങൾക്കുള്ളിൽ പൊട്ടുമെന്ന് പിണറായി വിജയൻ പറഞ്ഞ ബോംബ് പാലായിൽ തന്നെ പൊട്ടിയോ എന്നാണ് പ്രതിപക്ഷ കമന്റുകൾ. ജോസ് കെ.മാണിയുടെ വരവ് ഗുണം ചെയ്തു എന്ന് കണ്ണീരോടെ ആവർത്തിക്കുന്ന സിപിഎം പ്രവർത്തകരെയും ഇതെല്ലാം കണ്ട് ചിരിക്കുന്ന യുഡിഎഫുകാരെയും ടോളുകളിൽ കാണാം.
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ബിഗ് സ്‌ക്രീനിലെത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഇനി പ്രേക്ഷകരിലേക്ക് എത്താന്‍ ആഴ്ചകള്‍ മാത്രമാണുള്ളത് . ഇപ്പോഴിതാ ‘മരക്കാരിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
‘മരക്കാര്‍ എന്റെ ഉള്ളിലെത്തി ആദ്യ ദിവസത്തിനുശേഷം ഷൂട്ടിംഗ് ആരംഭിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. എനിക്കും മോഹന്‍ലാലിനും ഒരു സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു അത്. ഞാന്‍ ശരിക്കും സന്തോഷവാനാണ്, ഇത് എന്റെ സിനിമയായി കാണരുത്, ഇത് ഞങ്ങളുടെ സിനിമയാണ്. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിരവധി ആളുകള്‍ വലിയ പങ്കുവഹിച്ചു’-പ്രിയദര്‍ശന്‍ പറഞ്ഞു.
സിനിമയ്ക്കപ്പുറം ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
നയന്‍താരയെ പൊതുവേദിയില്‍ വീണ്ടും അപമാനിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ രാധ രവി. രണ്ട് വര്‍ഷം മുമ്പ് നയന്‍താര സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് രാധ രവി താരത്തെ അപമാനിച്ചത് വാര്‍ത്തയായിരുന്നു. അന്ന് തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല എന്നുമാണ് രാധ രവി പറഞ്ഞത്.
രാഷ്ട്രീയ പാര്‍ട്ടിയുടെ വേദിയില്‍ വെച്ചാണ് ഇത്തവണ രാധ രവി നയന്‍താരയെ അപമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പാര്‍ട്ടി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കവെയാണ് രാധ രവി നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചത്. മറ്റൊരു പാര്‍ട്ടിയിലെ അംഗമായിരുന്ന താന്‍ എന്തുകൊണ്ട് ആ പാര്‍ട്ടി വിട്ടത് എന്നതിനെ കുറിച്ചാണ് രാധ രവി സംസാരിച്ചത്.
”നയന്‍താരയെ കുറിച്ച് ഞാന്‍ മോശമായി സംസാരിച്ചുവെന്നും, സ്ത്രീകളെ കുറിച്ച് മോശമായി സംസാരിച്ച ഞാന്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല എന്നും അവര്‍ പറഞ്ഞു. നിങ്ങളാരാണ് എന്നെ പുറത്താക്കാന്‍, ഞാന്‍ തന്നെ പുറത്ത് പോകുകയാണ്. നയന്‍താര നിങ്ങളുടെ പാര്‍ട്ടിയില്‍ ആരാണ്. ഉദയനിധിയുമായി നയന്‍താരയ്ക്ക് സ്വകാര്യബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താണ്?” എന്നാണ് രാധ രവി പ്രസംഗത്തിനിടെ പറഞ്ഞത്.
2019ല്‍ തന്നെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ അവര്‍ക്കും ജന്മം നല്‍കിയത് ഒരു സ്ത്രീ ആണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നു എന്നാണ് നയന്‍താര പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ അപ്രസക്തമാകുമ്പോള്‍ തരംതാഴ്ന്ന രീതിയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത് വിലകുറഞ്ഞ പരിപാടിയാണെന്നും അന്ന് നയന്‍താര പറഞ്ഞിരുന്നു.
പാലാ: നഗരസഭാ കൗണ്‍സിൽ യോഗത്തിനിടെ ഭരണകക്ഷി അംഗങ്ങൾ തമ്മിലടിച്ച സംഭവത്തിന് പിന്നാലെ വൈകിട്ട് സിപിഎം-കേരള കോണ്‍ഗ്രസ്-എം പ്രതിനിധികൾ സംയുക്തയോഗം വിളിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി മാധ്യമപ്രവർത്തകരെയും കാണും.
ഭരണകക്ഷിയിലെ കൗണ്‍സിലർമാരും പ്രാദേശിക നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. കൗണ്‍സിൽ യോഗത്തിലെ തർക്കം നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് അടിയന്തര യോഗം പാർട്ടികൾ സംയുക്തമായി വിളിച്ചുചേർക്കുന്നത്.
ഇന്ന് രാവിലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിനിടെയാണ് സിപിഎം-കേരള കോണ്‍ഗ്രസ്-എം അംഗങ്ങൾ തമ്മിലടിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുന്നത് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണം.
കേരള കോണ്‍ഗ്രസ്-എമ്മിലെ ബൈജു കൈല്ലംപറമ്പിലും സിപിഎമ്മിലെ ബിനു പിളിക്കക്കണ്ടവും തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും. മറ്റ് കൗണ്‍സിലർമാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. തർക്കത്തെ തുടർന്ന് കൗണ്‍സിൽ യോഗം മുടങ്ങി.
നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്ന രാധയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു. രാധ വധക്കേസിൽ ഒന്നാംപ്രതി നിലമ്പൂർ എൽഐസി റോഡിൽ ബിജിനയിൽ ബികെ ബിജു, രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവർ ചുള്ളിയോട് കുന്നശ്ശേരിയിൽ ഷംസുദ്ദീൻ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ ഹൈക്കോടതി വെറുതെവിട്ടത്.
നേരത്തെ, ഇരുവരെയും സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കോൺഗ്രസ് ഓഫീസിൽവെച്ച് കൊല്ലപ്പെട്ടത്. പിന്നീട് 2015ലാണ് ഇരുപ്രതികളേയും മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. രാധയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുളത്തിൽ കെട്ടിത്താഴ്ത്തുകയും ചെയ്തു.
കേസിലെ ഒന്നാംപ്രതിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന ബിജുവിനെയും രണ്ടാംപ്രതി ഷംസുദ്ദീനെയും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതിൽ അതൃപ്തിയറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. നേമം മണ്ഡലത്തിൽ എത്തിയില്ലെങ്കിൽ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നു പ്രിയങ്കയെ നേരിട്ട് കണ്ട് മുരളീധരൻ അറിയിച്ചു. തുടർന്ന് ഏപ്രിൽ മൂന്നിന് കേരളത്തിൽ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നൽകി.
തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയിൽ നേമത്തെ സ്ഥാനാർത്ഥി മുരളീധരനു വേണ്ടിയും പിന്നീട് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ നായർക്കും ഒപ്പം റോഡ് ഷോ എന്നായിരുന്നു പ്രിയങ്കയുടെ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു. ഇതോടെയാണ് പ്രിയങ്കയെ കണ്ട് മുരളീധരൻ മുന്നറിയിപ്പ് നൽകിയത്.
ബിജെപിയുമായി നേരിട്ട് മത്സരം നടക്കുന്ന ദേശീയ ശ്രദ്ധ നേടിയ നേമത്ത്, ഹൈക്കമാൻഡിന്റെ നിർദേശാനുസരം മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നുമാണ് മുരളീധരൻ പ്രിയങ്കയെ അറിയിച്ചത്. ബിജെപിയും സിപിഎമ്മും അടക്കം ഇത് ആയുധമാക്കിയേക്കുമെന്നും മുരളീധരൻ അറിയിച്ചു.