Latest News

കാൻസർ ഇല്ലാതിരുന്നിട്ടും പരിശോധനയിലെ പിഴുവുമൂലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കീമോതെറപ്പിക്കു വിധേയയാകേണ്ടിവന്ന ആലപ്പുഴ നൂറനാട് കുടശ്ശനാട് ചിറയ്ക്ക് കിഴക്കേകര വീട്ടിൽ വി.രജനി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേൽ ഡിവിഷനിൽ ബിജെപി സ്ഥാനാർഥി. 10 ലക്ഷം നഷ്ടപരിഹാരം ഉൾപ്പെടെയുള്ള സർക്കാർ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കാത്തതിനെതിരെകൂടിയാണു തന്റെ പോരാട്ടമെന്നു രജനി പറയുന്നു.

2019 ഫെബ്രുവരിയിലാണ് ഇല്ലാത്ത കാൻസർ രോഗത്തിന് രജനിയെ ചികിത്സിച്ചത്. ഇതേ തുടർന്നു തനിക്കുണ്ടായ ദുരിത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതികൾ നൽകിയിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും 3 ലക്ഷം രൂപമാത്രമാണു നൽകിയതെന്നു രജനി പറഞ്ഞു.

മേയറായിരുന്ന സൗമിനി ജെയിനെ പുറത്തുനിര്‍ത്തി കൊച്ചി കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക. നാൽപത്തിയെട്ട് പുതുമുഖങ്ങളെയാണ് കോൺഗ്രസ് മൽസരത്തിനിറക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വൈസ് പ്രസിഡന്റായിരുന്ന അബ്ദുൾ മുത്തലിബും ഇടം പിടിച്ചില്ല.

കോൺഗ്രസ് മൽസരിക്കുന്ന 64 സീറ്റുകളിൽ 63 എണ്ണത്തിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പതിനൊന്ന് യുവാക്കളെയും പട്ടികയിൽ ഉൾപ്പെടുത്തി. ആറു സീറ്റിൽ മുസ്ലിം ലീഗും , മൂന്നിടത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഒരു സീറ്റിൽ ആർ.എസ്.പിയും മൽസരിക്കും. മുൻ കൗൺസിലർമാരായിരുന്ന പതിനഞ്ചുപേർ മൽസര രംഗത്തുണ്ട്. ജിസിഡിഎ ചെയർമാനായിരുന്ന എൻ. വേണുഗോപാൽ, ദീപ്തി മേരി വർഗീസ്, കെ.ആർ. പ്രേംകുമാർ, പി.ഡി. മാർട്ടിൻ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് പട്ടിക. മൽസരിക്കാനില്ലായെന്ന് പറഞ്ഞതിനാൽ മുൻ മേയർ സൗമിനി ജെയിനെ ഒഴിവാക്കിയെന്നാണ് വിശദീകരണം.

സീറ്റ് വിഷയത്തിൽ വിവാദങ്ങൾക്കില്ല എന്ന നിലപാടാണ് കഴിഞ്ഞ ദിവസം സൗമിനി ജെയിനും സ്വീകരിച്ചത്. മേയർ സ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങൾമൂലം സീറ്റ് നൽകുന്നത് പരിഗണനയിൽ ഇല്ലെന്ന് സൂചനയുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തിലേയ്ക്ക് മൽസരിക്കുന്ന 18 കോൺഗ്രസ് സ്ഥാനാർഥികളുടെ പേരും പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളുടെ കാര്യത്തിൽ അടുത്ത ദിവസം പ്രഖ്യാപനമുണ്ടാകും.

ദീപാവലി നാളിൽ യുകെയിലെ യുവപ്രതിഭകളെ അണിനിരത്തി മലയാളം മ്യൂസിക്ക് ലവേഴ്സ് ഫേസ് ബുക്ക് കൂട്ടായ്മ സംഗീതവിരുന്നൊരുക്കുന്നു . ഇന്ന് യുകെ സമയം 11:30 ന് ഫേസ്ബുക് ലൈവിലാണ് യുകെയിലെ നൂറോളം ഗായകരുടെ കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ്സിന്റെ സംഗീത വിരുന്ന് ആരംഭിക്കുന്നത് .

യുകെയിലെ എല്ലാ മലയാളി ഗായകരെയും സംഗീത പ്രേമികളെയും ഉൾപ്പെടുത്തി നാലു മാസം കൊണ്ട് പതിമൂവായിരത്തിലധികം അംഗങ്ങളുമായി ആരംഭിച്ച മ്യൂസിക് ലവേഴ്സ് എന്ന എം എം എൽ കൂട്ടായ്മ യുകെയിലെ തന്നെ എക്കാലത്തെയും ഏറ്റവും മികച്ച ജനപ്രിയ സംഗീത കൂട്ടായ്മയായി മാറിയിരിക്കുകയാണ്.

കുടുംബത്തിലെ മൂന്നു പേരെ വെടിവച്ചു കൊന്ന കേസിലെ 3 പ്രതികളെ മഹാരാഷ്ട്രയിലെ സോലാപൂരിൽ ചെന്നൈ പൊലീസ് കാർ പിന്തുടർന്നു സാഹസികമായി പിടികൂടി. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ജയമാല ഉൾപ്പെടെയുള്ളവരെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നു

പിടിയിലായ പ്രതികളെ ചെന്നൈയിലെത്തിച്ചു കൂടുതൽ ചോദ്യം ചെയ്യും. നഗരത്തെ ഞെട്ടിച്ച് ബുധനാഴ്ച രാത്രിയാണു പണമിടപാടു സ്ഥാപനം നടത്തുന്ന ദിലീപ് ചന്ദ്, ഭാര്യ പുഷ്പ ഭായ്, മകൻ ശീതൾ കുമാർ എന്നിവരെ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ശീതൾ കുമാറും ഭാര്യ ജയമാലയും പിരിഞ്ഞു താമസിക്കുകയാണ്. ജീവനാംശമായി 5 കോടി ആവശ്യപ്പെട്ടതിനാൽ ഇരു കുടുംബങ്ങൾക്കിടയിൽ തർക്കമുണ്ട്. പ്രശ്നം പറഞ്ഞു തീർക്കാനെത്തിയ ജയമാലയും സഹോദരന്മാരുമുൾപ്പെടുന്ന സംഘമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു നിർണായക തുമ്പ് ലഭിച്ചത്.

ജയമാലയുടെ സഹോദരൻ കൈലാഷ് (32), സുഹൃത്തുക്കളായ കൊൽക്കത്ത സ്വദേശി രവീന്ദ്രനാഥ ഖേർ (25), പുണെ സ്വദേശി വിജയ് ഉത്തം (28) എന്നിവരെയാണു പിടികൂടിയത്. രാത്രി പി.ജവഹറിന്റെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസ് സ്പെഷൽ ടീം കാറിൽ പോകുമ്പോൾ എതിർ ദിശയിലേക്കു പോയ കാറിൽ പ്രതികളോടു സാമ്യമുള്ളവരെ കണ്ടു. ഉടൻ വാഹനം തിരിച്ചു കാറിനെ പിന്തുടർന്ന പൊലീസ് സംഘമാണു പിടികൂടിയത്. പ്രതികളിൽനിന്നു തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ജയമാല, പുണെയിൽ അഭിഭാഷകനായ സഹോദരൻ വിലാസ്, ഇയാളുടെ കൂട്ടാളി എന്നിവരെയാണു ഇനി പിടികൂടാനുള്ളത്.

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്താണു സംഘം പുണെയിൽനിന്നു ചെന്നൈയിലെത്തിയതെന്നു പൊലീസ് അറിയിച്ചു ആയുധങ്ങൾ പുണെയിൽനിന്നു കൊണ്ടുവന്നതാണ്. ജയമാലയെ ശീതളും കുടുംബവും അപമാനിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കൈലാസ് പറഞ്ഞു. ജാതിയും കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയും പറഞ്ഞു നിരന്തരം കളിയാക്കി. ഇതാണു ഇരുവരും പിരിയാൻ കാരണം.

രണ്ടു പെൺകുട്ടികളെ വളർത്താനായാണു 5 കോടി നഷ്ടപരിഹാരം ചോദിച്ചത്. എന്നാൽ, ശീതളിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതു പ്രകോപനമായി. ഇതിനെത്തുടർന്നാണു കൊലപ്പെടുത്താൻ തീരുമാനിച്ചത്. മൂന്നു പേരെയും വെടിവച്ചു കൊന്നതു താനും സുഹൃത്തും ചേർന്നാണെന്നും 5 റൗണ്ട് വെടിയുതിർത്തെന്നും കൈലാസ് പറഞ്ഞു. സംഭവത്തിനു ശേഷം 2 കാറിലാണു തങ്ങൾ രക്ഷപ്പെട്ടതെന്നും പൊലീസിനു മൊഴി നൽകി.

2021 ഏപ്രിലിൽ കോവിഡ് വാക്‌സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികൾ തന്റെ സർക്കാർ സ്വീകരിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.

കോവിഡ് പ്രതിരോധത്തിലെ മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർക്കും പ്രായമുള്ളവർക്കും ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കും വാക്‌സിൻ ആദ്യം വിതരണം ചെയ്യാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി യുഎസ് കമ്പനി ഫൈസര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ജർമൻ കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നു. ഈ വാക്‌സിൻ യുഎസിലെ ജനങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന രീതിയിൽ കാര്യങ്ങൾ നീക്കുമെന്നാണ് ട്രംപ് ഇപ്പോൾ അവകാശപ്പെടുന്നത്.

യുഎസിൽ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ഈ സാഹചര്യത്തിലും രാജ്യവ്യാപകമായ അടച്ചുപൂട്ടലിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. “തങ്ങളുടെ സർക്കാർ ഒരു സമ്പൂർണ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കുന്നില്ല. ഭാവിയിൽ എന്ത് സംഭവിച്ചാലും, മറ്റൊരു സർക്കാർ അധികാരമേറ്റാലും അവരും ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,” ട്രംപ് പറഞ്ഞു.

ആദ്യമായാണ് ട്രംപ് നേരിട്ടല്ലെങ്കിലും തന്റെ തിരഞ്ഞെടുപ്പ് പരാജയം സമ്മതിക്കുന്നത്. അതുകൊണ്ടാണ് തന്റെ പ്രസംഗത്തിൽ മറ്റൊരു സർക്കാർ അധികാരമേൽക്കുന്നതിനെ കുറിച്ച് ട്രംപ് സൂചിപ്പിച്ചത്.

അതേസമയം, ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് യുഎസ് കമ്പനിയായ ഫെെസർ അവകാശപ്പെടുന്നത്. വാക്‌സിനിൽ സുരക്ഷാ വീഴ്‌ചകളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അംഗീകാരത്തിനായി യുഎസ് അഡ്‌മിനിസ്‌ട്രേഷനെ ഉടൻ സമീപിക്കുമെന്നും കമ്പനി കഴിഞ്ഞയാഴ്‌ച അറിയിച്ചു.

അംഗീകാരം ലഭിക്കുകയാണെങ്കിൽ, തുടക്കത്തിൽ വാക്‌സിൻ ഡോസുകളുടെ എണ്ണം പരിമിതപ്പെടുത്തും. വാക്സിൻ എത്രത്തോളം സംരക്ഷണം നൽകും എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. എന്നിരുന്നാലും കൊറോണ വൈറസിനെതിരെ മറ്റ് വാക്‌സിനുകളും ഫലപ്രദമായിരിക്കുമെന്ന് വാർത്തകളുണ്ട്.

“ഇന്ന് ശാസ്ത്രത്തിനും മാനവികതയ്ക്കും ഏറെ നല്ലൊരു ദിവസമാണ്,” ഫൈസറിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ആൽബർട്ട് ബൗള പ്രസ്‌താവനയിൽ പറഞ്ഞു. “കോവിഡ് നിരക്ക് ദിനംപ്രതി കുതിച്ചുയരുന്നു, ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു, സമ്പദ്‌വ്യവസ്ഥ താറുമാറാകുന്നു.., ലോകത്തിന് ഏറ്റവും ആവശ്യമുള്ള ഒരു ഘട്ടത്തിലാണ് ഞങ്ങളുടെ വാക്‌സിൻ വികസന പരിപാടി നിർണായക വഴിത്തിരിവിലെത്തിയിരിക്കുന്നത്,”ആൽബർട്ട് ബൗള പറഞ്ഞു.

16 നും 85 നും ഇടയിൽ പ്രായമുള്ളവരിൽ പ്രയോഗിക്കാനായി യു‌എസിന്റെ അടിയന്തര അംഗീകാരം തേടണമെന്ന് ഫൈസർ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്നതിന്, നിലവിലെ പഠനത്തിന്റെ പകുതിയോളം വരുന്ന ഏകദേശം 44,000 ആളുകളിൽ നിന്ന് രണ്ട് മാസത്തെ സുരക്ഷാ ഡാറ്റ ശേഖരിക്കേണ്ടതുണ്ട്, നവംബർ അവസാനത്തോടെ ഇത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെെസർ അറിയിക്കുന്നു. “ഞാൻ ആവേശഭരിതനാണ്,” ഫൈസറിന്റെ വാക്‌സിൻ ശാസ്ത്രജ്ഞരിൽ ഒരാളായ ബിൽ ഗ്രുബർ ഒരു അഭിമുഖത്തിൽ പറഞ്ഞു.

സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ നായകനായി താന്‍ മാത്രം മതിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പവന്‍ കല്യാണ്‍. നായകനായി താന്‍ മാത്രം മതിയെന്നും ക്ലൈമാക്‌സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവന്‍ കല്യാണിന്റെ നിര്‍ദേശം. അതേസമയം, തിരക്കഥ തിരുത്താനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

സച്ചി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പൃഥ്വിരാജും ബിജു മേനോനും അഭിനയിച്ച അയ്യപ്പനും കോശിയും പ്രേക്ഷക പ്രീതി നേടിയിരുന്നു. ഹിന്ദി അടക്കം പല ഭാഷകളിലേക്കും സിനിമയുടെ റീമേക്ക് അവകാശം വിറ്റു പോയിരുന്നു. ഇതില്‍ തെലുങ്ക് റീമേക്കിന്റെ തിരക്കഥയാണ് തിരുത്തണമെന്ന അവകാശവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി ജിദ്ദയിൽ മരിച്ചു. മുവാറ്റുപുഴ സ്വദേശി നൗഫൽ കോട്ടപ്പറമ്പിലാണ് (44) മരിച്ചത്.

ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. നവോദയ പ്രവർത്തകനാണ്.

ഡൽഹി പബ്ലിക് സ്‌കൂൾ അധ്യാപിക നിഷയാണ് ഭാര്യ. പിതാവ്: ഹൈദ്രോസ്, മാതാവ്: ഫാത്തിമ. മക്കൾ: നാദിയ, നാദിർ. സഹോദരങ്ങൾ: അഫ്‌സൽ, ഷിജ, നിഷ.

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയ്ക്ക് കൊവിഡ്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് വിവരം അറിയിച്ചത്. എന്നാല്‍ താരത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നും അറിയിച്ചു.ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ക്വാളിഫയര്‍ മത്സരത്തില്‍ ടോഗോയ്‌ക്കെതിരെ കളത്തിലിറങ്ങാനിരിക്കെയാണ് സൂപ്പര്‍ താരത്തിന് കൊവിഡ് പോസിറ്റീവായത്.

അതേസമയം മറ്റു താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഇപ്പോള്‍ അദ്ദേഹം മുറിയില്‍ ഐസൊലേഷനിലാണെന്നും ഫെഡറേഷന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ നവംബര്‍ 21ന് ലെസ്റ്റര്‍ സിറ്റിക്കെതിരായ പ്രീമിയര്‍ ലീഗ് മത്സരവും നവംബര്‍ 26ന് അറ്റ്‌ലാന്റക്കെതിരായ ചാമ്പ്യന്‍സ്ലീഗ് മത്സരവും സലാഹിന് നഷ്ടമാകും.

ലിവര്‍പൂളിലെ സഹതാരങ്ങളായ തിയാഗേ അല്‍കന്റാര, ഷെര്‍ദാന്‍ ഷാഖിരി, സാദിയോ മാനേ തുടങ്ങിയവര്‍ക്കും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു

പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്‌ടോക്കും. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ടിക്ക്‌ടോക്കിന്റെ ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.

ഡേറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും പ്രവര്‍ത്തനം. ഇന്ത്യയില്‍ ടിക്ക്ടോക്കിന് വലിയ വളര്‍ച്ച നേടാനാകുമെന്നും ടിക്ക്ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പബ്ജി തിരിച്ചെത്തുന്ന വിവരം ഗെയിം ഡെവലപ്പര്‍മാരായ പബ്ജി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. ഉള്ളടക്കത്തിലുള്‍പ്പടെ അടിമുടി മാറ്റവുമായാണ് പുതിയ പബ്ജി ഗെയിം എത്തുക. പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്ന ടെന്‍സന്റ് ഗെയിംസുമായുള്ള കരാര്‍ പബ്ജി കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചിട്ടുണ്ട്. ഇതോടെ നേരത്തെയുണ്ടായിരുന്ന പബ്ജി ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല. പുതിയ ഗെയിം പൂര്‍ണ്ണമായും പ്രാദേശിക ചട്ടങ്ങള്‍ പാലിച്ചുള്ളതാകുമെന്നും ഉപഭോക്താക്കള്‍ക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതാണെന്നും പബ്ജി കോര്‍പ്പറേഷന്‍ പറയുന്നു.

ഇന്ത്യയില്‍ പുതിയ ഓഫീസ് ആരംഭിക്കാനും പബ്ജി കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്. പബ്ജി കോര്‍പ്പറേഷനും മാതൃകമ്പനിയായ ക്രാഫ്റ്റോണും ഇന്ത്യയില്‍ ഏകദേശം 746 കോടി രൂപയുടെ നിക്ഷേപമാണ് നടത്താനുദ്ദേശിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ടിക്ക് ടോക്കും തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നത്. ജൂണിലാണ് ടിക്ക്ടോക്ക് അടക്കമുള്ള 58 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്.

രഹന ഫാത്തിമയുടെ പൊളിറ്റിക്‌സിനോട് തനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴില്ലെന്ന് തുറന്നുപറഞ്ഞ് ദിയ സന. പലപ്പോഴും രഹന കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്നും പക്ഷെ അപ്പോഴൊക്കെ അവര്‍ തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നു വിശ്വസിച്ചു അതിന് പ്രാധാന്യം കൊടുത്തുവെന്നും ദിയ സന പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

രഹന ഫാത്തിമയും മനോജും തമ്മിലുള്ള പ്രശ്‌നം രഹനക് പ്രശ്‌നമില്ലെങ്കില്‍ നമുക്ക് പണ്ടെ പ്രശ്‌നമില്ല.. രാവ് പകലുകള്‍ക്കുള്ളില്‍ തീരുന്നതാണെങ്കില്‍ സന്തോഷം.. ഇവിടെ എന്റെ പ്രശ്‌നം നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിക്കുന്ന വിഷയങ്ങള്‍ അല്ല.. ഇതുമൂലം രഹന എന്നോട് പറഞ്ഞ കാര്യങ്ങളാണ്.. രഹന പറയുംപോലെ രക്ഷിക്കണേ എന്ന് പറഞ്ഞു കരയുന്ന ഓഡിയോ എന്റെ കയ്യിലില്ല.. രഹാനയുടെ പ്രശ്‌നങ്ങള്‍ വിഷമിച്ചു പറയുന്ന ഓഡിയോ ഉണ്ട്.. രഹന പറഞ്ഞാല്‍ അതും പുറത്തുവിടാം.. രഹനയുടെ സ്വകാര്യജീവിതം എങ്ങനെ ആകണമെന്ന് അവര്‍ തീരുമാനിക്കുമ്പോഴും ഒരു സ്ത്രീ എന്നനിലയില്‍ രഹന അനുഭവിക്കുന്ന പീഡനങ്ങളെ ഞാന്‍ നോക്കികണ്ടതാണ് എന്റെ തെറ്റ് എന്റെ മാത്രം തെറ്റ്..

രഹനയുടെ പൊളിറ്റിക്‌സിനോട് എനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴില്ല.. പക്ഷെ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ ഞാന്‍ മനസിലാക്കി എന്നാണ് വിശ്വസിച്ചിരുന്നത്.. എനിക്ക് കേസ് വന്നപ്പോള്‍ അനേഷണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയില്‍ ഒന്നും ഇടപെടല്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ 14/10/ അവര്‍ ഒരു പോസ്റ്റിട്ടു.. അവരോട് അസൂയയുള്ള ആളുകളാണ് അവരെ പറ്റി ജയിലില്‍ കിടന്ന സമയത്ത് കുലുസിത പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതെന്നൊക്കെയാണ് പറയുന്നത്.. ഞാന്‍ അവരെ പറ്റി പലരോടും സംസാരിച്ചു.. അതൊക്കെ രഹന പറഞ്ഞ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലും എന്റെ കണ്ണു കൊണ്ട് കണ്ട ചില വിഷയങ്ങളെ അവരോടുണ്ടായിരുന്ന സൗഹൃദം കൊണ്ടും അവരെ രക്ഷിക്കണമെന്ന ഉദ്ദേശം കൊണ്ടുമായിരുന്നു..

അവരുടെ കേസുമായി ബന്ധപ്പെട്ടു ഞാന്‍ ഒരാളില്‍ നിന്നും 10000 രൂപ വാങ്ങി അവര്‍ക്ക് കൊടുത്തില്ല എന്ന ആരോപണവും ഈ സമയത്ത് അവര്‍ ഉന്നയിച്ചു.. ആ കാശ് കൊടുത്തയളിനറിയാം അതവരുടെ പാര്‍ട്ണര്‍ ആയ മനോജിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെന്നും… നേരില്‍ കൊണ്ട് കൊടുത്തതാണെന്ന് ഉള്ളത് കൊണ്ട് തെളിവുണ്ടാവില്ല എന്ന് മനസിലാക്കി ആ വിഷയം മാനിപുലറ്റ് ചെയ്ത് വച്ചിരിക്കുകയാണ്.. പൈസ കൊടുത്ത വ്യക്തി പറയുന്ന തെളിവ് എന്റെ കയ്യില്‍ ഉണ്ട്.. ആവശ്യക്കാരായ സുഹൃത്തുക്കള്‍ പേഴ്‌സണല്‍ വിളിച്ചാല്‍ അതൊക്കെ ബോധ്യപ്പെടുത്താം…

ഒരു കേസില്‍ ഞാന്‍ ജാമ്യത്തിന് നടക്കുന്നതിനാല്‍ വ്യക്തിവിരോധം തീര്‍ക്കാനും വിഷയമാക്കാനും ഉദ്ദേശിക്കുന്നില്ല എന്ന് പറയുമ്പോഴും എന്നോട് വ്യക്തിവിരോധം തീര്‍ക്കുന്ന പോസ്റ്റ് ഇട്ടിരുന്നു..

ഇവരുടെ ലൈഫില്‍ വല്ലതും സംഭവിക്കുമെന്ന് ഞാന്‍ പറഞ്ഞത് സത്യമാണ്.. എനിക്കറിയാവുന്ന രഹന അങ്ങനെയാണ് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്.. എന്നോട് മാത്രമല്ല പല സുഹൃത്തുക്കളോടും..

രഹനയോട് സംസാരിക്കാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്.. അവര്പറയുന്നത് അവരുടെ പാര്‍ട്ണര്‍ ഉണ്ടെങ്കിലേ എന്നോട് സംസാരിക്കുള്ളൂ എന്ന്.. എന്നിട്ട് ആ പോസ്റ്റില്‍ അവര്‍ തന്നെ പറഞ്ഞു അവരുടെ നാവ് മുറിച്ചിട്ടില്ല അവര്‍ക്ക് പറയാനുള്ളത് അവര്‍ പറയുമെന്നും.. സത്യത്തില്‍ ലോജിക് മനസിലാകുന്നില്ല.. വ്യക്തിവിരോധം തീര്‍ക്കുന്നില്ല എന്ന് പറയുകയും കേസില്‍ പെട്ട സ്ത്രീകള്‍ക് വേണ്ടി സമരം ചെയ്യാനും മുന്നിലുണ്ടായിരുന്നു രഹന..

സത്യത്തില്‍ ഒരുപാട് വട്ടം ആലോചിച്ചു.. എന്താണ് ഇവര്‍ക്കെന്നോടുള്ള പ്രശ്‌നമെന്.. പിന്നീട് മനസിലായി ഒരുപക്ഷെ അവരോടുള്ള അസൂയ എന്നൊക്കെ പറഞ്ഞപോലെ വല്ല അസൂയയും ആയിരിക്കുമെന്ന്.. എന്ത് തന്നെയായാലും എനിക്ക് ഇത്തരം കപട പുരോഗമന ഇടങ്ങളില്‍ നിന്നും രക്ഷപെടാന്‍ കിട്ടിയ അവസരമായി ഇപ്പോ നടക്കുന്ന വിഷയങ്ങളെ കണ്ടാല്‍ എന്റെ ജീവിതം സ്വസ്ഥമായി എനിക്ക് നോക്കാം.. കാരണം ഞാന്‍ പലപ്പോഴും രഹന കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് പക്ഷെ അപ്പോഴൊക്കെ അവരെന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നു വിശ്വസിച്ചു അതിന്  ഇമ്പോർട്ടന്റ്  കൊടുത്തു.. അത്‌കൊണ്ട് തന്നെ എന്റെ പല പ്രോജകട്കളും മുടങ്ങി.. എന്റെ വ്യക്തിജീവിതത്തില്‍ ഇവര്‍ കാരണം നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ.. ആ തിരിച്ചറിവില്‍ ഇത്തരം കപട മുഖങ്ങളോട് ഇനി ഒരു തരത്തിലും യോജിക്കില്ല എന്ന് ഇതിനോടകം എല്ലാവരോടും അറിയിക്കുകയാണ്..

RECENT POSTS
Copyright © . All rights reserved