Latest News

രമേഷ് ജാർക്കിഹോളിയുടെ രാജിക്ക് പിന്നിലെ അശ്ലീല വീഡിയോയുടെ ഉറവിടം തേടുകയാണ് പോലീസ്. ചൊവ്വാഴ്ചയാണ് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന രമേഷ് ജാർക്കിഹോളിയും ഒരു യുവതിയും ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തുവന്നത്. പ്രബലനാണെങ്കിലും ലൈംഗിക പീഡന പരാതി ഉയർന്നതോടെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടി വന്നിരിക്കുകയാണ് രമേഷ് ജാർക്കിഹോളിക്ക്. എന്നാൽ, മന്ത്രിയെ കുടുക്കിയ ലൈംഗിക പീഡന പരാതിയിൽ പോലീസിന് കേസെടുക്കാനായിട്ടില്ല. പരാതിക്ക് അടിസ്ഥാനമായ അശ്ലീല വീഡിയോയിൽ ജാർക്കിഹോളിക്കൊപ്പമുള്ള യുവതിയെ കണ്ടെത്താനാകാത്തതാണ് കാരണം.

സംസ്ഥാനത്ത് വലിയ വിവാദമുയർത്തിയാണ് വീഡിയോ പുറത്തെത്തിയത്. തുടർന്ന് മന്ത്രി രാജിവെക്കുകയും ചെയ്തിട്ടും ലൈംഗിക ചൂഷണത്തിനിരയായ യുവതി ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്താതെ കേസ് രജിസ്റ്റർ ചെയ്താൽ കോടതിയിൽ നിലനിൽക്കില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

ബംഗളൂരുവിലെ സാമൂഹിക പ്രവർത്തകനായ ദിനേശ് കല്ലഹള്ളിയാണ് വിവാദമുയർത്തിയ അശ്ലീല വീഡിയോ മാധ്യമങ്ങൾക്കു നൽകിയതും കബൺപാർക്ക് പോലീസിൽ പരാതി നൽകുകയും ചെയ്തത്. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് രമേഷ് ജാർക്കിഹോളി യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്നാണ് രമേശ് കല്ലഹള്ളി നൽകിയ പരാതിയിൽ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല. മന്ത്രിയെ കുടുക്കാൻ നടന്ന ഹണി ട്രാപ്പ് ആണോയെന്നും സംശയമുയരുന്നുണ്ട്. വീഡിയോയിൽ കാണുന്ന യുവതിയെ തനിക്കറിയില്ലെന്നാണ് ജാർക്കിഹോളിയുടെ നിലപാട്.

പരാതിയിൽ പക്ഷേ, യുവതിയാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. തുടർന്ന് അന്വേഷണത്തിനായി യുവതിയെപ്പറ്റിയുള്ള വിവരങ്ങൾ നൽകാൻ ദിനേശിനോട് വ്യാഴാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, തനിക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ പോലീസിൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം രേഖാമൂലം അറിയിക്കുകയും ചെയ്തു.

പോലീസ് സുരക്ഷ നൽകിയാൽ മാർച്ച് ഒമ്പതിന് ഹാജരാകാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാർക്കിഹോളിക്കെതിരെ പരാതി നൽകിയതിനെത്തുടർന്ന് തനിക്ക് ഭീഷണി ഫോൺ സന്ദേശങ്ങൾ ലഭിച്ചതായി രമേശ് കല്ലഹള്ളി പറഞ്ഞു. തനിക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാമനഗർ പോലീസിൽ പരാതി നൽകി.

ഇതിനിടെ, വിവാദമുയർത്തിയ വീഡിയോ എഡിറ്റു ചെയ്യപ്പെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വീഡിയോയുടെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം നടന്നുവരികയാണ്.

ഭര്‍ത്താവിനെ വാടക കൊലയാളികളെ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയായ പോലീസുകാരിയും കാമുകനായ പോലീസുകാരനും ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. മുംബൈ വാസി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സ്‌നേഹാല്‍, വികാസ് പാഷ്‌തെ എന്നിവരും ഇവര്‍ ഏര്‍പ്പാടാക്കിയ മൂന്ന് വാടക കൊലയാളികളുമാണ് അറസ്റ്റിലായത്.

ഒരേ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന സ്നേഹാലും വികാസും 2014 മുതല്‍ അടുപ്പത്തിലായിരുന്നു. വികാസ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭര്‍ത്താവ് ഇല്ലാത്ത സമയങ്ങളില്‍ വികാസ് സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തുന്നതും പതിവായിരുന്നു. അടുത്തിടെ ഭാര്യയുടെ രഹസ്യബന്ധം പാട്ടീല്‍ അറിഞ്ഞതോടെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായി. ഇതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സ്നേഹാല്‍ തീരുമാനിച്ചത്.

വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്താനായി കാമുകന്റെ സഹായം തേടിയ പോലീസ് ഉദ്യോഗസ്ഥ ഇതിനായി 2.5 ലക്ഷം രൂപയും കൈമാറുകയും ചെയ്തു. തുടര്‍ന്ന് വികാസിന്റെ സഹായത്തോടെ വാടക കൊലയാളികളായ മൂന്നുപേരെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഫെബ്രുവരി 18-ന് മൂന്നഗസംഘം പാട്ടീലിന്റെ ഓട്ടോ വിളിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഓട്ടോറിക്ഷ മറിച്ചിട്ട ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്‍റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച. കുന്നത്തുനാട് അടക്കമുള്ള മണ്ഡലങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് ട്വന്‍റി 20 നീക്കം.

കുന്നത്തുനാട് ഉള്‍പ്പെടെ ആറിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ട്വന്‍റി 20 ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കില്ല. ഉചിതമായ സ്ഥാനാര്‍ഥികളെ കണ്ടെത്തിയാല്‍ മറ്റ് എട്ട് മണ്ഡലങ്ങളിലും മല്‍സരത്തിനിറങ്ങുമെന്നും ട്വന്‍റി 20 വ്യക്തമാക്കി

കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണ് ട്വന്‍റി 20യുടെ കണക്കു കൂട്ടല്‍. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ടുനേടിയതാണ് സംഘടനയുടെ ആത്മവിശ്വാസത്തിന്‍റെ കാതല്‍. വരും ദിവസങ്ങളില്‍ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ ട്വന്‍റി 20യുടെ ഭാഗമാകുമെന്നും സാബു ജേക്കബ് വ്യക്തമാക്കി

മൂന്നു വർഷം മുൻപ് കേരളത്തെ ഞെട്ടിച്ച കെവിൻ എന്ന യുവാവിന്റെ ദുരഭിമാന കൊലപാതകം, അതേ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും, അതേ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഗുണ്ടാ അക്രമി കഞ്ചാവ് മാഫിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി. അന്ന് അലംഭാവം കാട്ടിയ പൊലീസ് സംഘം ഇന്ന് ഉണർന്നു പ്രവർത്തിച്ചതോടെ മണിക്കൂറുകൾക്കകം പ്രതികൾ വലയിലായി. കഞ്ചാവ് നൽകാൻ പണം വാങ്ങിയ ശേഷം അക്രമി സംഘത്തെ കരിയിലയും ചപ്പും ചവറും നൽകിയ പറ്റിച്ചതിന്റെ വൈരാഗ്യത്തിനാണ് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയത്.

വെള്ളൂർ ഇറുമ്പയം ഇഞ്ചിക്കാലായിൽ ജോബിൻ ജോസിനെ (24)യാണു ബുധനാഴ്ച രാത്രി ഒമ്പതരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഗുണ്ടാ മാഫിയ സംഘം തട്ടിക്കൊണ്ടു പോയത്. രാത്രി ഒൻപത് മുതൽ പുലർച്ചെ മൂന്നു വരെ നീണ്ടു നിന്ന മാരത്തോൺ അന്വേഷണത്തിനൊടുവിൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ കൃത്യമായ ഇടപെടലിനൊടുവിൽ ഗുണ്ടാ സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പൊക്കി അകത്താക്കി.

പത്തനംതിട്ട കോയിപ്രം ദ്വാരകയിൽ ലിബിൻ (28), കോയിപ്രം മോളിക്കൽ ചരിവുകാലായിൽ രതീഷ് (26) എന്നിവരെയാണ് ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് വി.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ കോളേജ് മുതൽ തിരുവല്ല വരെ വാഹനത്തെ പിൻതുടർന്നു പ്രതികളെ പിടികൂടിയത്. ഗുണ്ടാ സംഘത്തിലെ രണ്ടു പേരെ കൂടി ഇനി പിടികൂടാനുണ്ടെന്നു പൊലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു വർഷത്തിലേറെയായി വെള്ളൂരിലെ വീട്ടിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ലോഡ്ജിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ ഇടപാടുകൾ എല്ലാം ദുരൂഹമാണ് എന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതികൾ അടങ്ങുന്ന കഞ്ചാവ് മാഫിയ സംഘത്തിനു ജോബിൻ കഞ്ചാവ് വിറ്റത്. കഞ്ചാവ് വിൽക്കുന്നതിനായി പ്രതികൾ അടങ്ങിയ സംഘത്തിൽ നിന്നും ജോബിൻ 25000 രൂപ വാങ്ങിയിരുന്നു. ഇതിനു ശേഷം കഞ്ചാവിനു പകരമായി നൽകിയത് ചപ്പും ചവറും അടങ്ങിയ പൊതിയായിരുന്നു.

ഇതിനു പ്രതികാരം ചെയ്യുന്നതിനായാണ് ഗുണ്ടാ മാഫിയ സംഘം കഴിഞ്ഞ ദിവസം നഗരത്തിൽ എത്തിയത്. തുടർന്നു, ജോബിനെ കണ്ടെത്തിയ സംഘം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബലം പ്രയോഗിച്ച് ജോബിനെ കാറിനുള്ളിലേയ്ക്കു വലിച്ചു കയറ്റുന്നതും ആക്രമിക്കുന്നതും കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ തന്നെ കോട്ടയം ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.

തുടർന്നു, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സുരേഷ് വി. നായർ , എസ്.ഐ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി. ഇവിടെ നിന്നു ഒരു ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടുകയും, ഫോണിലേക്കു വന്ന കോൾ പിന്തുടർന്നു പുലർച്ചെ മൂന്നരയോടെ പ്രതികളെ തിരുവല്ലയിൽ നിന്നു പിടികൂടുകയുമായിരുന്നു.

എ.എസ്.ഐ മനോജ്, ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ , രാഗേഷ്,അജിത്ത് കുമാർ, ഷൈജു കുരുവിള, അനീഷ്, വിജയലാൽ ,രാധാകൃഷ്ണൻ, ശശികുമാർ ,സോണി, കോട്ടയം സൈബർ പോലീസ് സ്റ്റേഷനിലെ ജോർജ് ജേക്കബ്, ജോബിൻസ് ജെയിംസ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

തുടർച്ചയായി സ്ത്രീകൾക്ക് നേരെ മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ സ്ത്രീ സുരക്ഷയുടെ ആവശ്യകതയെപറ്റി എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അർത്ഥമുണ്ട്. അവർക്ക് കാമം തോന്നിയാൽ അതിനർഥം നമുക്ക് കാമമാണ് എന്നാണ് ശാരദകുട്ടി ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പരസ്പര സമ്മതത്തോടെ ഇഷ്ടമുള്ള രണ്ടു പേർ തമ്മിൽ പ്രണയവും ലൈംഗികബന്ധവുമൊക്കെ അനുവദനീയമായ ഒരു സമൂഹത്തിൽ, അനുവാദമില്ലാതെ, താൽപര്യമില്ലാത്തവരെ സൗഹൃദത്തിന്റെ മറവിൽ ലൈംഗികമായി ഉപയോഗിക്കുന്നത് എന്തൊരു വൈകൃതമാണ്.

പുരോഗമനമെന്നത് ഒരു വാക്കു മാത്രമല്ല, ഇത്രയെല്ലാം പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചാലും ഉള്ളിൽ പ്രാകൃത ജീവികളാണ് പലരും.സ്വന്തം കുടുംബത്തിലെ സ്ത്രീകൾക്ക് മുന്നിൽ മാന്യത ഭാവിക്കുന്ന കേരളീയപുരുഷന്മാരിൽ പലരും എന്തുകൊണ്ടാണ്, തരം കിട്ടുമ്പോൾ പരിചിതവലയത്തിലെ സ്ത്രീകളോടു പോലും ഇത്തരം നിന്ദ്യമായ കയ്യാങ്കളികൾ നടത്തുന്നത്? അന്തസ്സ് കെട്ട ആർത്തികൾ കാണിക്കുന്നത് ?

സ്ത്രീകൾ ഇത്രയും ശ്രദ്ധിക്കുക. നല്ല സുഹൃത്തുക്കൾ എന്ന് കരുതി ആണുങ്ങളെ വീട്ടിൽ ക്ഷണിക്കുകയോ അവരുടെ വീടുകളിലേക്കു ചെന്നു കയറുകയോ ചെയ്യുമ്പോൾ മനസ്സിൽ ഒന്നു കരുതുക. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അർത്ഥമുണ്ട്. അവർക്ക് കാമം തോന്നിയാൽ അതിനർഥം നമുക്ക് കാമമാണ് എന്നാണ്.

പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നും പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടുകളിലേക്ക് തുരങ്കം നിർമിക്കാൻ ആലോചന. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെൻട്രൽ വിസ്ത പദ്ധതിയിൽ മാറ്റം വരുത്തുന്നത്.

ഇതിന് പുറമെ എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാകും. പുതിയ പദ്ധതി രൂപരേഖ പ്രകാരം പ്രധാനമന്ത്രിയുടെ വീടും ഓഫീസും സൗത്ത് ബ്ലോകിന്റെ ഭാഗത്താണ് വരിക. നോർത്ത് ബ്ലോക് ഭാഗത്താണ് ഉപരാഷ്ട്രപതിയുടെ വസതി. നിലവിൽ ശ്രംശക്തി ഭവൻ നിലനിൽക്കുന്ന സ്ഥലത്താണ് നിർദിഷ്ട എംപി ചേംബർ.

സുരക്ഷക്ക് പുറമെ പുതിയ പാർലമെന്റ് സമുച്ചയം പൊതുജന സൗഹൃദമാക്കുക എന്ന ലക്ഷ്യവും തുരങ്കനിർമാണത്തിന് പിന്നിലുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. വിശിഷ്ട വ്യക്തികൾക്ക് മാത്രം പോകാവുന്ന തരത്തിലാകും തുരങ്കത്തിന്റെ നിർമാണം.

ഈ ടണൽ ഒറ്റവരിപ്പാതയായിരിക്കും. ഗോൾഫ് വാഹനങ്ങളാകും യാത്രയ്ക്കായി ഉപയോഗിക്കുക.രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റർ നവീകരിക്കാനുള്ള പദ്ധതിയാണ് സെൻട്രൽ വിസ്ത. ഈ പദ്ധതിയ്ക്ക് കീഴിലാണ് പുതിയ പാർലമെന്റ് സമുച്ചയവും സെൻട്രൽ സെക്രട്ടറിയേറ്റും വരിക.

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെയും നടി താപ്സി പന്നുവിന്റെയും വസതികളിൽ നടന്ന പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി ഉദ്യോഗസ്ഥര്‍. രണ്ടാം ദിവസവും നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അനുരാഗ് കശ്യപുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മുൻ ബിസിനസ്സ് പങ്കാളികൾ, താപ്സി പന്നു, രണ്ട് ടാലന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളായ ക്വാൻ എന്റർടൈൻമെന്റ്, എക്‌സൈഡ് എന്റർടൈൻമെന്റ് എന്നിവ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് 168 നികുതി ഉദ്യോഗസ്ഥർ മുംബൈയിലും പൂനെയിലും 28 സ്ഥലങ്ങളിൽ പരിശോധന നടത്തി. 650 കോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.

പ്രൊഡക്ഷൻ ഹൗസിന്റെ ഷെയർ ട്രാൻസാക്ഷനുകളുടെ കൃത്രിമത്വവും വിലയിരുത്തലും സംബന്ധിച്ച തെളിവുകൾ ലഭിച്ചതായും 350 കോടി രൂപയുടെ നികുതിയിളവ് കണ്ടെത്തിയതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

“യഥാർത്ഥ ബോക്സ് ഓഫീസ് കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രമുഖ ചലച്ചിത്ര നിർമ്മാണ സ്ഥാപനം വരുമാനം വൻതോതിൽ മറച്ചുവച്ചതിന്റെ തെളിവുകൾ കണ്ടെത്തി. ഏകദേശം 300 കോടി രൂപയുടെ പൊരുത്തക്കേട് വിശദീകരിക്കാൻ കമ്പനി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ചലച്ചിത്ര സംവിധായകർക്കും ഓഹരി ഉടമകൾക്കുമിടയിൽ പ്രൊഡക്ഷൻ ഹൌസിന്റെ ഓഹരി ഇടപാടുകളിൽ കൃത്രിമത്വം നടന്നതായി തെളിവുകൾ കണ്ടെത്തി. ഏകദേശം 350 കോടി രൂപയുടെ നികുതിയിളവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു,” സെൻട്രൽ ബോർഡിന്റെ വക്താവ് സുരഭി അലുവാലിയ ഡയറക്റ്റ് ടാക്സ് (സിബിഡിടി), പ്രസ്താവനയിൽ പറഞ്ഞു.

പ്രമുഖ നടി അഞ്ച് കോടി രൂപയുടെ ക്യാഷ് രസീത് ലഭിച്ചതിന്റെ തെളിവുകൾ കണ്ടെടുത്തു. വിശദമായ അന്വേഷണം വിശദമാക്കുന്നു. വാര്‍ത്തകുറിപ്പിൽ താപ്സി പന്നുവിന്റെ പേര് വെളിപ്പെുടത്താതെ വകുപ്പ് പറഞ്ഞു.

ബുധനാഴ്ചയാണ് അനുരാഗ് കശ്യപിന്റെയും നടി താപ്സി പാനുവിന്റെയും കശ്യപിന്റെ പ്രൊഡക്ഷൻ ഹൗസ് ഫാന്റം ഫിലിംസിന്റെ പങ്കാളികളുടെ വസതികളിലും മറ്റുമായി ആദായ നികുതി പരിശോധന ആരംഭിച്ചത്. ടാലന്റ് ഏജന്‍സി, അനുരാഗ് കശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ്, നിര്‍മ്മാതാവ് മധു മണ്‍ടേനയുടെ ഓഫീസ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു.

പൗരത്വ നിയമഭേദഗതി, കർഷക പ്രക്ഷോഭം തുടങ്ങി നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും താപ്സി പന്നുവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പലതവണ അനുരാഗ് കശ്യപ് പേരെടുത്ത് വിമർശിച്ചിട്ടുണ്ട്. കര്‍ഷക സമരത്തെക്കുറിച്ചുള്ള  റിഹാനയുടെ ട്വീറ്റിനെ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറും അക്ഷയ് കുമാറും അടക്കമുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയപ്പോള്‍ ഈ വിമർശനത്തിനെതിരായുള്ള​ താപ്സിയുടെ ട്വീറ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

പറക്കുന്ന വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറിയ പൂച്ച പൈലറ്റിനെ ആക്രമിച്ചു. ഇതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. സുഡാനിൽ നിന്ന് ഖത്തർ തലസ്ഥാനമായ ദോഹയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. പൈലറ്റിനെയും ക്രൂവിനെയും പൂച്ച ആക്രമിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.

കാര്‍ട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം.

എന്നാൽ പൂച്ച എങ്ങനെ വിമാനത്തിനുള്ളിൽ കടന്നു എന്ന കാര്യത്തിൽ ടാര്‍കോ ഏവിയേഷന് ഇതുവരെ വ്യക്തതയില്ല. ഇതേ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പൂച്ചയെ പിടികൂടാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും പൂച്ച കോക്ക്പിറ്റിലൂടെ ഓടുകയായിരുന്നു. ഇതോടെ പൈലറ്റും ആശങ്കയിലായി. പിന്നാലെയാണ് അടിയന്തര ലാൻഡിങിന് അനുമതി തേടിയത്.

ഉത്തർപ്രദേശിൽ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ്​ പൊലീസ്​ സ്​റ്റേഷനിൽ. ‌ഹർദോയ്​ ജില്ലയിലെ പൻഡേതര ഗ്രാമത്തിലാണ്​​ സംഭവം.

സർവേഷ് കുമാർ എന്നയാളാണ് മകളെ കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് നടന്നു വന്നത്.

മകളുടെ പ്രണയബന്ധം ഇഷ്​ടമില്ലാത്തതിനെ തുടർന്നാണ് കൊലപാതകം​. വെട്ടിയെടുത്ത തലയുമായി പിതാവ്​ സ്​റ്റേഷനിലേക്ക്​ നടന്നുവരുന്ന ദൃശ്യങ്ങൾ രണ്ടു പൊലീസുകാർ വിഡിയോയിൽ പകർത്തി.

തുടർന്ന് ഇയാളുടെ പേരും സ്ഥലവും പൊലീസുകാർ ചോദിക്കുന്നതും ആരെയാണ് കൊലപ്പെടുത്തിയത് എന്നുള്ള ചോദ്യത്തിന് മകളെയാണെന്നും ഇയാൾ പറയുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴില്‍ ഒരു സ്വതന്ത്രരാജ്യം എന്ന പദവിയില്‍ നിന്നും ഭാഗികമായി സ്വതന്ത്രമായ രാജ്യം എന്നതിലേക്ക് ഇന്ത്യ കൂപ്പുകുത്തിയതായി ഫ്രീഡം ഹൗസ് 2021 റിപ്പോര്‍ട്ട്.

2014 ൽ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് അവകാശങ്ങളും പൗര സ്വാതന്ത്ര്യവും നാശത്തിന്റെ പാതയിലാണെന്ന് സംഘടന പറയുന്നു.

മുസ്ലീങ്ങളെ ബലിയാടുകളാക്കിയുള്ള മോദി ഭരണം ഏകാധിപത്യപ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഫ്രീഡം ഹൗസ്.

സ്വതന്ത്ര രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്കോർ 71 ൽ നിന്നും 67 ലേക്ക് താഴ്ന്നു. ഏറ്റവും സ്വതന്ത്രമായ രാജ്യത്തിനുള്ള സ്കോർ നൂറാണ്. 211 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 83 ൽ നിന്നും 88 ആയി കുറഞ്ഞു.

RECENT POSTS
Copyright © . All rights reserved