അഞ്ചല്‍ ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ അമ്മ-മകന്‍ പോര്. അമ്മ ബിജെപിയുടേയും മകന്‍ സിപിഎമ്മിന്റേയും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തില്‍ സുധര്‍മാ രാജനും മകന്‍ ദിനുരാജുമാണ് ഒരേ വാര്‍ഡില്‍ അങ്കം കുറിക്കുന്നത്.
രാവിലെ മുതല്‍ വൈകീട്ടുവരെ ഈ അമ്മയും മകനും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണെങ്കിലും രാഷ്ട്രീയത്തിന്റെ പടച്ചട്ട അഴിച്ചുവെച്ചിട്ടേ ഇരുവരും വീട്ടിലേക്ക് കയറൂ. അവിടെ അമ്മയും മകനും ഒന്നിച്ച് കഴിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്യും.
‘വീട്ടില്‍ രാഷ്ട്രീയം മിണ്ടരുതെ’ന്നാണ് ഈ അമ്മയ്ക്കും മകനും അച്ഛന്‍ ദേവരാജന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭാര്യയും മകനും ഇത് അപ്പടി അനുസരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വനിതാ വാര്‍ഡായിരുന്ന ഇവിടെ സുധര്‍മ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു. രണ്ടാംസ്ഥാനത്തെത്തി.
വിജയം ഇടതുമുന്നണിക്കായിരുന്നു. ഇക്കുറി ജനറല്‍ വാര്‍ഡില്‍ സുധര്‍മയെ സ്ഥാനാര്‍ഥിയായി ബി.ജെ.പി. നേരത്തേതന്നെ നിശ്ചയിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് കുടുംബാംഗമായ സുധര്‍മ ഇപ്പോള്‍ മഹിളാമോര്‍ച്ച പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ്. ഭര്‍ത്താവ് ദേവരാജന്‍ ബി.ജെ.പി. അനുഭാവിയാണ്.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലംമുതല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ദിനുരാജ് ഡി.വൈ.എഫ്.ഐ. ഇടമുളയ്ക്കല്‍ മേഖലാ ട്രഷററാണിപ്പോള്‍.അമ്മയും മകനുമാണെങ്കിലും ആര് ജയിക്കും എന്ന ചോദ്യത്തിന് ‘സ്വന്തം പാര്‍ട്ടി’ എന്നാണ് ഇരുവരുടെയും ഉത്തരം.
”മകനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഞാന്‍ പിന്മാറുമെന്ന് ചിലരെങ്കിലും കരുതി. പക്ഷേ പാര്‍ട്ടിക്ക് കൊടുത്ത വാക്കാണ്. ഞാന്‍ അത് മാറ്റില്ല”- സുധര്‍മ പറഞ്ഞു. ഒരു വീട്ടിലായിരുന്നു കഴിഞ്ഞയാഴ്ചവരെ താമസം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ദിനുരാജും ഭാര്യ അക്ഷരയും തൊട്ടടുത്തുള്ള കുടുംബവീട്ടിലേക്ക് താമസം മാറി.
”രണ്ട് പാര്‍ട്ടികളുടെയും കമ്മിറ്റിയൊക്കെ വീട്ടില്‍ നടത്തേണ്ടി വരും. അതുകൊണ്ടാണ് തത്കാലത്തേക്ക് വീട് മാറിയത്. രണ്ടു കൂട്ടരുടെയും ‘തന്ത്ര’ങ്ങളൊക്കെ രഹസ്യമായിരിക്കട്ടെ” -ദിനുരാജ് പറയുന്നു. ഇരുവരുടെയും വാശിയേറിയ പോരാട്ടം ഉറ്റുനോക്കുകയാണ് നാട്ടുകാര്‍ ഒന്നടങ്കം.
കൊടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകി . ആരോഗ്യ കാരണത്താൽ തന്നെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ച ആവശ്യം അനുവദിക്കുകയായിരുന്നു .
കൊടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ സ്ഥാനമൊഴിയും എന്ന അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു എങ്കിലും സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വം പൂർണ്ണ അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു.
ഡബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പോലീസ് കേസ് എടുത്തു. അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തെന്നെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പുകള്‍ ചുമത്തിയ കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസിന് കൈമാറും. നേരത്തേയും ഭാഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കുകയും മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം സാമ്പത്തിക മാന്ദ്യത്തെയാണ് രാജ്യം നേരിടാന്‍ പോകുന്നതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ‘2020-2021 ആദ്യ പകുതിയിലെ ഏറ്റവും വലിയ, ചരിത്രം ഇന്നുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം കടക്കുന്നത്,’ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.
ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നും പണം ചെലവാക്കാന്‍ മടിക്കുന്നതിനാല്‍ കുടുംബ സമ്പാദ്യത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും സമിതി വിലയിരുത്തുന്നുണ്ട്.
ജനം പണം ചെലവഴിക്കാന്‍ മടിക്കുന്നതാണ് വലിയ വെല്ലുവിളിയെന്നും സൂചനയുണ്ട്. സെപ്തംബറിലെ പാദം അവസാനിച്ചപ്പോള്‍ ജി.ഡി.പി 8.6 ശതമാനം കുറഞ്ഞതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.
അതേസമയം നവംബര്‍ 27 മുതലുള്ള ഔദ്യോഗിക കണക്കുകള്‍ ഇതുവരെയും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. വാഹനവിപണി, ഭവന കെട്ടിട നിര്‍മാണ മേഖല, കോര്‍പറേറ്റ് രംഗം തുടങ്ങിയ മേഖലയിലാണ് പഠനം നടത്തിയത്. കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്ന് പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ടെക്നിക്കല്‍ റിസഷന്‍ അനുഭവപ്പെട്ട് തുടങ്ങി. വിവിധ കാരണങ്ങളാല്‍ കിതച്ച് നിന്നിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൊവിഡ് ബാധിച്ചതും സാരമായി തളര്‍ത്തി.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. കാസർഗോഡ് ഹോസ്ദുർഗ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നു. കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ പിഎ പ്രദീപ് കുമാർ ആണ് ഭീഷണിപ്പെടുത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചത്.
പ്രത്യേക ഫോൺ നമ്പർ ഉപയോഗിച്ചാണ് എംഎൽഎയുടെ പിഎ സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് നമ്പർ സംഘടിപ്പിച്ചത്. ജനുവരി 28ന് പത്തനാപുരത്തുനിന്നാണ് ഭീഷണിപ്പെടുത്തിയത്. ഉന്നതർ ഇടപ്പെട്ട് ഗൂഢാലോചന നടന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കേസിലെ സാക്ഷിയായ കോട്ടിക്കുളം സ്വദേശിയായ വിപിൻലാലാണ് ഭീഷണിയുണ്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ വിളിച്ച മൊബൈൽ ഫോണിന്റെ സിം എടുത്തത് തിരുനെൽവേലിയിൽ നിന്നാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
അയർലണ്ട് മലയാളി നേഴ്‌സും ഡണ്ടാല്‍ക്കിലെ താമസക്കാരനുമായ സജി സെബാസ്റ്റ്യന്‍ (46) കേരളത്തില്‍ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പിതാവിനെ ശുശ്രൂഷിക്കാനായി രണ്ടാഴ്ച മുമ്പ്, അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു.അങ്കമാലിയിലെ വസതിയില്‍ ഇന്നലെ രാത്രി ഉറക്കത്തിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു . സജിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
സെന്റ് ഒലിവര്‍ എച്ച് എസ് ഇ നഴ്സിംഗ് ഹോം ,ഡണ്ടാല്‍ക്ക് , സ്റ്റാഫ് നഴ്‌സായിരുന്ന സജി സെബാസ്റ്റ്യന്‍ അയര്‍ലണ്ടിലെ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്റുമായിരുന്നു. ആരോഗ്യമേഖലയിൽ വിപുലമായ സൗഹൃദബന്ധങ്ങൾ സജിക്കുണ്ടായിരുന്നു .
ഭാര്യ ജെന്നി കുര്യനും (നേഴ്‌സ് ,സെന്റ് ഒലിവര്‍ നഴ്സിംഗ് ഹോം ). മലയാറ്റൂര്‍ സ്വദേശിനിയാണ്. മൂന്നു മക്കളാണ് മക്കൾ : പാട്രിക്ക്, ജെറാള്‍ഡ്, അലക്‌സ് .
സജി സെബാസ്റ്റ്യന്‍ പാറേക്കാട്ടില്‍ സെബാസ്റ്റ്യന്റെ (ദേവസിക്കുട്ടി, വളവി റോഡ്, അങ്കമാലി) മകനാണ്. മാതാവ്: മേരി.
സജിയുടെ സഹോദരി റെജി സെബാസ്റ്റ്യന്‍ 2014 ൽ നവംബര്‍ 18 ന് അയര്‍ലണ്ടിൽ ആര്‍ഡിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായിരുന്നു. ചരമ വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് സഹോദരനെ തേടി മരണമെത്തിയത്.
സഹോദരന്മാർ : ഫാ. അജി സെബാസ്റ്റ്യന്‍ (ഫരീദാബാദ് രൂപത) അമല്‍ സെബാസ്റ്റ്യന്‍ (ഓസ്ട്രേലിയ)
സംസ്‌കാരം ജെന്നിയും മക്കളും കേരളത്തില്‍ എത്തിയ ശേഷമാവും നടത്തപ്പെടുക .
സജി സെബാസ്റ്റ്യന്റെ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ മൊഴിമാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്. സിസിടിവി ദൃശ്യങ്ങളും ചില തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
ഇക്കാര്യം വിശദമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഭിച്ച ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 23നാണ് കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായി വിപിന്‍ലാലിനെ തേടി കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ എത്തിയത്. തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ പ്രദീപ് എന്നാല്‍ വിപിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി.
ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും വിപിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കത്തുകളിലൂടേയും സമ്മര്‍ദം തുടര്‍ന്നു. സമ്മര്‍ദം കടുത്തതോടെ സെപ്തംബര്‍ 26ന് വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്കി.
അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായതോടെ സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണാ വൈറസിനെതിരെയുള്ള വാക്സിൻ കൈയെത്തും ദൂരത്തായ സമയത്ത് തങ്ങളുടെ പ്രിയപ്പെട്ടവർ കോവിഡ്-19 ബാധിച്ച് മരിച്ചതിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. ഇന്ന് മരണത്തിന് കീഴടങ്ങിയ 46 വയസ്സ് മാത്രമുള്ള യുവ ഡോക്ടറായ കൃഷ്ണ സുബ്രഹ്മണ്ത്തിൻെറ വിയോഗം ഞെട്ടലോടെയാണ് യുകെ മലയാളി സമൂഹവും ആരോഗ്യപ്രവർത്തകരും ഏറ്റുവാങ്ങിയത്. ഡോ.കൃഷ്ണൻെറ ഭാര്യ പ്രിയദർശനി മേനോൻ വീട്ടമ്മയാണ്.
യുകെയിൽ പല ഹോസ്പിറ്റലുകളിൽ അനസ്തീഷ്യനായി ജോലിചെയ്തിരുന്ന ഡോക്ടർക്ക് ആരോഗ്യമേഖലയിൽ ഉറ്റ സൗഹൃദബന്ധങ്ങളുണ്ടായിരുന്നു. നോർത്താംപ്ടൺ,ലെസ്റ്റർ ഹോസ്പിറ്റലുകളിലും അദ്ദേഹം ജോലി ചെയ്തിരുന്നെങ്കിലും കൂടുതൽ കാലം ജോലി അനുഷ്ഠിച്ചത് ഡെർബി ഹോസ്പിറ്റലിലാണ്.
കേരളത്തിൽ പാലക്കാട് സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ച് ഏറെ ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു.മിഡ്ലാൻഡ്സിൽ ലെസ്റ്റർ ഗ്ലെൻഫീൽഡിൽ ആയിരുന്നു ഡോക്ടർ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ഡോ . കൃഷ്ണൻ സുബ്രഹ്മണ്യത്തിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് അറിയിക്കുന്നതായിരിക്കും.
മാർത്തോമാ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് കോതമംഗലത്ത് മത മൈത്രി സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹർത്താൽ പൂർണം. ബുധനാഴ്ച പള്ളി മുറ്റത്ത് വിശ്വാസികൾ ആരംഭിച്ച സമരം തുടരുകയാണ്. പള്ളി ഏറ്റെടുക്കുന്ന കാര്യത്തിൽ സമയം നീട്ടികിട്ടണമെന്ന് ആവശ്യപെട്ട് സർക്കാർ കോടതിയെ സമീപിച്ചേക്കും.
പള്ളി വിട്ടുനൽകി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ആവർത്തിക്കുകയാണ് യാക്കോബായ സഭ. ഈ സാഹചര്യത്തിലാണ് കോതമംഗലത്ത് മതമൈത്രി സംരക്ഷണസമിതി ഹർത്താൽ പ്രഖ്യാപിച്ചതും. കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ കൂടുതൽ വിശ്വാസികളെ എത്തിച്ച് പ്രതിരോധവലയം തീർക്കുമെന്നും ജീവൻ കൊടുത്തും പള്ളി നിലനിർത്തുമെന്നും വിശ്വാസികൾ പ്രഖ്യാപിച്ചു.
പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്കു കൈമാറാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം വൈകുന്നതിനിടെ യാക്കോബായ സഭ വിശ്വാസികൾ പ്രാർഥനയും പ്രതിഷേധവും തുടരുകയാണ്. നിലവിൽ പ്രദേശത്ത് സ്ഥിതി ശാന്തമാണ്.
ലോക്കറിലെ പണം ശിവശങ്കറിന്റേതു തന്നെയെന്ന് ആവര്‍ത്തിച്ച് ഇഡി. ഇതുകൊണ്ടാണ് ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ലോക്കറിന്റെ കൂട്ടുടമ ആയത്. ലൈഫ് മിഷനില്‍ ശിവശങ്കറിന് കോഴ ലഭിച്ചതിന് തെളിവുണ്ടെന്നും ഇ.ഡി പറഞ്ഞു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം തുടരുകയാണ്. സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാം എന്നതിന് തെളിവ് ഇ.ഡി കോടതിയില്‍ നല്‍കി. സ്വപ്നയുടെ മൊഴിയും വാട്സാപ് സന്ദേശങ്ങളുമാണ് കൈമാറിയത്. തെളിവുകള്‍ മുദ്രവച്ച കവറിലാണ് എന്‍ഫോഴ്സ്മെന്റ് നല്‍കിയത്.
സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനിൽ ശിവശങ്കറിനുള്ള കോഴയാണ് കണ്ടെത്തൽ ഇ.ഡിയുടെ കേസിന് എതിരാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല. മാത്രമല്ല മറ്റ് പദ്ധതികളിൽ നിന്ന് കോഴ ലഭിച്ചു എന്ന കണ്ടെത്തൽ ഈ കേസുമായി ബന്ധിപ്പിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.