Latest News

അതിജീവിച്ച നടിയെ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവേള ബാബുവിന്റെ പരാമര്‍ശമെങ്കില്‍ അത് തെറ്റാണെന്ന് നടനും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശങ്ങളും, പാര്‍വതിയുടെ രാജിയും ചര്‍ച്ച ചെയ്യാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നും ബാബുരാജ് പറഞ്ഞു.

‘അതിജീവിച്ച നടിയെ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവേള ബാബു അങ്ങനെ പറഞ്ഞതെങ്കില്‍ അത് തെറ്റാണ്, ഒരിക്കലും സ്വീകരിക്കാന്‍ പറ്റാത്തതാണെന്നുമാണ് ഞങ്ങളില്‍ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. ഞാന്‍ അവളോടൊപ്പമാണ്, ബുധനാഴ്ച അവളോട് സംസാരിച്ചിരുന്നു. കാര്യങ്ങള്‍ പരിശോധിച്ച് കര്‍ശന നടപടി എടുക്കും’, ബാബുരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘ട്വന്റി 20 എന്ന സിനിമയുടെ തുടര്‍ഭാഗത്തെ കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോഴാണ് താന്‍ ഇത് പറഞ്ഞതെന്നാണ് ഇടവേള ബാബു പറഞ്ഞത്. മറ്റൊരു കാര്യം, പ്ലാന്‍ ചെയ്ത സിനിമ ആ സിനിമയുടെ തുടര്‍ച്ചയല്ല എന്നതാണ്. കൂടാതെ, പല സിനിമകളിലും അമ്മ അംഗങ്ങളല്ലാത്ത അഭിനേതാക്കള്‍ ഉണ്ട്, ഞങ്ങളുടെ ഷോകളില്‍ പോലും. അതിനാല്‍, അത് പൂര്‍ണ്ണമായും നിര്‍മ്മാതാവിന്റെ അല്ലെങ്കില്‍ സംവിധായകന്റെ വിവേചനാധികാരമാണ്.’- ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രേവതിയും പത്മപ്രിയയും ഉന്നയിച്ച ചോദ്യത്തിന്, പരാതി ലഭിച്ചാല്‍ മാത്രമേ നടപടി എടുക്കാന്‍ കഴിയൂ എന്നായിരുന്നു ബാബുരാജ് മറുപടി പറഞ്ഞത്. രാജിക്കത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രാജി വെക്കുന്നതിന് പകരം പാര്‍വതി അമ്മ പ്രസിഡന്റിന് പരാതി നല്‍കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നടപടി എടുക്കുമായിരുന്നു.

പബ്ലിക് ആയി ഒരു കാര്യം പറഞ്ഞതിന് ശേഷം, പിന്നീട് അമ്മയില്‍ പരാതി നല്‍കിയിട്ട് കാര്യമുണ്ടാകില്ല. സംഘടനയുടെ പേര് കളങ്കപ്പെടരുതെന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. കാരണം അമ്മയുടെ സഹായം നിരവധി പേര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയ താരങ്ങളുടെ പോക്കറ്റില്‍ നിന്നാണ് ഈ പണം വരുന്നതെന്നും ബാബുരാജ് വ്യക്തമാക്കി.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്യുന്നതില്‍ പലപ്പോഴും അമ്മ പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന്, ഏഴോ എട്ടോ പേര്‍ക്ക് പുറമെ, അമ്മയിലുള്ള മറ്റുള്ളവര്‍ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കാത്തതെന്താണെന്നായിരുന്നു നടന്‍ ചോദിച്ചത്.

‘അതുകൊണ്ടാണ് ശരിയായ പ്രക്രിയയുണ്ടെന്ന് പറഞ്ഞത്. പാര്‍വതി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ‘അമ്മ’യെ, എ.എം.എം.എ എന്ന് പരാമര്‍ശിക്കുന്നത് അവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കാണിക്കുന്നത്. ഞങ്ങള്‍ അവരോടൊപ്പമാണെന്ന് അവര്‍ മനസിലാക്കണം. കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച വേണം’ – ബാബുരാജ് ചൂണ്ടിക്കാട്ടി.

സുതാര്യമായ നടപടികൾ വിചാരണക്കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്ന ആരോപണവുമായി പ്രോസിക്യൂഷൻ. നടിയെ ആക്രമിച്ച കേസിലെ വിചാരണയടക്കമുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ പ്രത്യേക കോടതിയിൽ ഹർജി ഫയൽ ചെയ്തു. അസാധാരണമായ നടപടിയാണ് കേസിൽ ഉണ്ടായിരിക്കുന്നത്. കോടതിയിൽനിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം വേണമെന്നുമാണ് ആവശ്യം. ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഹൈക്കോടതിയിൽ ട്രാൻസ്ഫർ പെറ്റീഷൻ നൽകുമെന്നും അതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നുമാണ് പ്രത്യേക കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. 182ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തിൽ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷൻ പറയുന്നു.

ഈ സാഹചര്യത്തിൽ സുതാര്യമായ വിചാരണ കോടതിയിൽ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഇന്നുതന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.

ഹർജിയിൽ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. നേരത്തെ, കേസിൽ വളരെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ നീണ്ടുപോയിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തില്‍ തിളങ്ങി ടെക്‌സാസിലെ 17കാരി മാസി കര്‍. ഏറ്റവും നീളം കൂടിയ കാലുകള്‍ക്കാണ് മാസി റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹയായത്. 53.2555 ഇഞ്ച് നീളമാണ് മാസിയുടെ കാലിന്.

2021-ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കിലാണ് മാസി സ്ഥാനം പിടിച്ചത്. ആകെ ഉയരം ആറടി പത്തിഞ്ചാണ്. ഇതില്‍ 60 ശതമാനം ഉയരവും കാലുകള്‍ക്കാണ്. ഇവരുടെ വലത്തെ കാലിന് 53.2555 ഇഞ്ച് (135.257 സെന്റിമീറ്റേഴ്സ്) ആണ്. ഉയരമെങ്കില്‍ ഇടത്തേ കാലിന് 52.874 ഇഞ്ചാണ് നീളം. എന്റെ കാലുകള്‍ക്കുള്ള നീളത്തിന് ആരും എന്നെ കളിയാക്കാറില്ല എന്നാല്‍ എന്റെ ആകെയുള്ള ഉയരത്തില്‍ പലരും കളിയാക്കാറുണ്ടെന്ന് മാസി പറയുന്നു.

രണ്ടു വര്‍ഷം മുമ്പ് വരെ എന്റെ കാലുകളുടെ അസാധാരണ വലിപ്പത്തെക്കുറിച്ച് ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് ഇതിനെക്കുറിച്ച് മനസിലാക്കുന്നതും വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം ലഭിക്കുമോ എന്നും പരിശോധിച്ചത്. ഇപ്പോള്‍ ഞാന്‍ എന്റെ കാലുകളെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും മാസി കൂട്ടിച്ചേര്‍ത്തു. ടെക്സാസിലെ സിഡാര്‍ പാര്‍ക്കില്‍നിന്നുള്ള മാസിയുടെ പിതാവിന് 6.5 അടി ഉയരവും സഹോദരന് 6.4 അടി ഉയരവും ഉണ്ട്.

 

കോട്ടയം: വര്‍ഷങ്ങളോളം നീണ്ട യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എല്‍ഡിഎഫില്‍ ചേക്കേറിയ ജോസ് കെ. മാണിയെ വിമര്‍ശിച്ച് കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എം.ബി ജോസഫാണ് ഭാര്യാസഹോദരന്റെ രാഷ്ട്രീയ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇടതു മുന്നണിയുമായി ഒത്തുപോകാനാകാതെ കെ.എം മാണിപോലും എല്‍ഡിഎഫില്‍നിന്ന് തിരികെ യുഡിഎഫില്‍ എത്തി എന്നതാണ് ചരിത്രമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാറ്റം ഭൂഷണമല്ല. ഇടതുപക്ഷത്ത് കേരളാകോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പണ്ട് ഇടതുപക്ഷത്തോട് ഐക്യം പ്രഖ്യാപിച്ച മാണി രണ്ട് വര്‍ഷത്തിന് ശേഷം തിരികെ യുഡിഎഫില്‍ എത്തിയതെന്നും എം.ബി ജോസഫ് പറഞ്ഞു.

ബാര്‍ കോഴ വിവാദ കാലത്ത് കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം എന്നും ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാടിനോട് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്നത്തെ വിചാരണ നിര്‍ത്തിവെച്ചു. വിചാരണ മാറ്റുകയാണെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടിയെന്നാണ് സൂചന. ഇന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയിരുന്നില്ല.

ശക്തമായ വിമര്‍ശനമാണ് കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്. കോടതിയില്‍ സുതാര്യമായ വിചാരണ നടക്കുമെന്ന് കരുതുന്നില്ലെന്നും ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയില്‍ ട്രാന്‍സ് ഫര്‍ പെറ്റീഷന്‍ നല്‍കുമെന്നും അതുവരെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഹര്‍ജയില്‍ ആവശ്യപ്പെട്ടിരുന്നു.

ലണ്ടൻ . ഇടതു പക്ഷത്തേക്ക് പോകുവാനുള്ള രാഷ്ട്രീയ നിലാപാട് സ്വീകരിച്ച കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ ജോസ് കെ മാണിയുടേയുടെയും ,കേരളാ കോൺഗ്രസ് പാർട്ടിയുടെയും തീരുമാനത്തിന് പിന്നിൽ യു കെയിലെ മുഴുവൻ പ്രവാസി കേരളാ കോൺഗ്രസ് പ്രവർത്തകരും ഉറച്ചു നിൽക്കുന്നതായും , പാർട്ടി തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും യു കെയിലെ പ്രവാസി കേരളാ കോൺഗ്രസ് നേതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു . കേരളരാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി എഴുതപ്പെടുന്ന ഈ തീരുമാനം കെ എം മാണി സാർ നടപ്പിലാക്കിയ വികസനപദ്ധതികളും കർഷകക്ഷേമ പരിപാടികളും പുനരുജ്ജീവിപ്പിച്ച് നല്ലൊരു നാളേക്കായുള്ള പുത്തൻ പോരാട്ടത്തിന്റെ തുടക്കമാണെന്നും , മാണി സാറിനെ പിന്നിൽ നിന്നും കുത്തി ഇല്ലായ്മ ചെയ്യുവാൻ ശ്രമിച്ചവർക്കുള്ള കനത്ത തിരിച്ചടിയായി മാറുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു , പ്രവാസി കേരളാ കോൺഗ്രസ് യു കെ ദേശീയ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ , ജനറൽ സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ , സെക്രട്ടറിമാരായ മാനുവൽ മാത്യു , സി എ ജോസഫ് , ദേശീയ എക്സികുട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ ജിജോ അരയത്ത് ,ജോഷി അയർക്കുന്നം ,വിനോദ് ചുങ്കക്കാരോട്ട് , ബിനു മുപ്രാപ്പള്ളി , ബെന്നി അമ്പാട്ട് ,ജോബിൾ ജോസ് , ഷാജി വരാക്കുടി , ജിജി വരിക്കാശ്ശേരി, എന്നിവർ ചേർന്ന് നൽകിയ സംയുക്ത പ്രസ്താവനയിൽ ആണ് പിന്തുണ അറിയിച്ചത് , വരും ദിവസങ്ങളിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി , തോമസ് ചാഴികാടൻ എം പി,റോഷി അഗസ്റ്റിൻ എം എൽ എ , ഡോ . എൻ ജയരാജ് എം എൽ എ , എന്നിവർ ഉൾപ്പടെ ഉള്ള നേതാക്കൻമാർ പങ്കു ചേരുന്ന ,യു കെ യിലെ മുഴുവൻ പ്രവർത്തകരെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടു വിപുലമായ രീതിയിൽ ഓൺലൈൻ മീറ്റിങ്ങും സംഘടിപ്പിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട് . കൂടാതെ മുൻ തീരുമാനപ്രകാരം യു കെ യിൽ എല്ലാ സ്ഥലങ്ങളിലുമുള്ള മുഴുവൻ കേരളാ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും ഉൾപ്പെടുത്തി 15 റീജിയനുകളായി തിരിച്ചു റീജിയണൽ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട് .

അൻപതുകൊല്ലത്തിലധികം കേരള രാഷ്ട്രീയത്തിൽ ഭീഷ്മാചാര്യനായി തിളങ്ങി നിന്ന കെ എം മാണിയെ.
ഒരു മനുഷ്യനോടും ആരും ചെയ്യരുതാത്ത രീതിയിൽ ആക്ഷേപിക്കുവാനും , അവഹേളിക്കുവാനും അവസരമുണ്ടാക്കി കൊടുക്കുക മാത്രമല്ല , അദ്ദേഹത്തിന്റെ മരണശേഷം കേരളാ കോൺഗ്രസ് പാർട്ടി പോലും ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന രീതിയിൽ ഒരു കൂട്ടം യു ഡി എഫ് നേതാക്കൾ ജോസ് കെ മാണിയെയും പാർട്ടി നേതാക്കന്മാരെയും ഒരേ മുന്നണിയിൽ നിന്നുകൊണ്ടുതന്നെ അവസാനിപ്പിക്കാനുള്ള ശ്രമം അതിജീവിച്ച് ഇടതുമുന്നണിയുമായി സഹകരിച്ചു പോകാൻ എടുത്ത തീരുമാനത്തിന് പൂർണ പിന്തുണയാണ് യു കെ പ്രവാസി കേരളാ കോൺഗ്രസ് പ്രവർത്തകർ പാർട്ടിക്ക് നല്കാൻ തീരുമാനിച്ചിരിക്കുന്നത് . കേരളാ കോൺഗ്രസ് പാർട്ടിക്കെതിരെയും കെ എം മാണിക്കെതിരെയും നടത്തിയ അതി നീചമായ പ്രവർത്തിയുടെ ഫലം കാലം തെളിയിച്ചുകൊള്ളുമെന്ന് യോഗം വിലയിരുത്തി .

 

ഗ്ലാസ്‌ഗോ : ലണ്ടൻ മലയാളി കൗൺസിലും ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സ് (ലിംക) യും
ജഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തിന്റ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

സ്‌നേഹ സൗന്ദര്യ, സ്വാതന്ത്ര്യ, തത്വശാസ്ത്രത്തിന്റ ഊഷ്മളത നിറഞ്ഞ കാവ്യങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റ ഇതിഹാസ കവി മലയാളത്തിന് സമ്മാനിച്ചത്. സാഹിത്യത്തിലെ സൗന്ദര്യവിഭവമായ കവിതകൾ മാത്രമല്ല നാടകം, കഥ, വിവർത്തനം, ലേഖനം തുടങ്ങിയ മേഖലകളിൽ അദ്ദേഹം ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്.

വർത്തമാനകാലത്ത് പ്രതിഭയുടെ രൂപത്തിൽ കാവ്യകലയെ വില്പന ചരക്കാക്കി ഉപഭോഗയോഗ്യതയുടെ അടിസ്ഥാനത്തിൽ കച്ചവട സംസ്കാരം കഴുത്തോളം എത്തിനിൽക്കുമ്പോൾ ജീവിതഗന്ധിയായ കവിതകളാണ് അദ്ദേഹം മലയാള ഭാഷക്ക് സമ്മാനിച്ചത്. അത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വഴികാട്ടിയായി മാറി. ഒരു വിരുന്നുകാരൻ സ്വാദുള്ള ഭഷണം കഴിക്കുന്നതുപോലെ രസാനുഗുണമായ പദങ്ങൾ കോർത്തിണക്കി കവിതയുടെ പൂക്കാലം വിരിയിച്ച വിരുന്നുകാരനായിരുന്നു അക്കിത്തമെന്ന് പ്രമുഖ സാഹിത്യകാരൻ കാരൂർ സോമൻ അദ്ദേഹത്തിന്റ കവിതകൾ ചൊല്ലിക്കൊണ്ട് അഭിപ്രായപ്പെട്ടു.

“മനുഷ്യനാമെൻറ് മനോരഥത്തിനു
മനുഷ്യമുക്തിയെ മനോജ്ഞമാം ലക്ഷ്യം”

“ചാരമാമെന്നെകർമ്മകാണ്ഡങ്ങളിൽ
ധീരനാക്കുന്നതെന്തൊക്കെയാണന്നോ
നിന്റെ രൂപവും വർണ്ണവും നാദവും
നിന്റെ പുഞ്ചയാൽ തൂകും സുഗന്ധവും
നിന്നിലെന്നും വിടരുമനാദ്യന്ത-
ധന്യ ചൈതന്യമാകും പ്രഭാതവും
നിൻ തളർച്ചയും നിന്നശ്രുബിന്ദുവും
നിന്റെ നിർമ്മല പ്രാർത്ഥനാഭാവവും”

അമേരിക്കയിൽ നിന്ന് പ്രമുഖ സാഹിത്യകാരന്മാരായ ലിംക കോർഡിനേറ്റർ ജോൺ മാത്യു, മാത്യു നെല്ലിക്കുന്ന്, ജർമ്മനിയിൽ നിന്ന് പ്രവാസ ലോകം ചീഫ് എഡിറ്ററും, ലോകകേരള സഭാഗവും, കൊളോൺ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ഇംഗ്ലണ്ടിൽ നിന്ന് സാഹിത്യകാരനായ ലിംക ജനറൽ കോർഡിനേറ്റർ ജിൻസൺ ഇരിട്ടി, കവിയു൦ ലിംക പി.ആർ.ഒ. യുമായ അഡ്വ. റോയി പഞ്ഞിക്കാരൻ, ലിംക ജനറൽ സെക്രട്ടറി സാഹിത്യകാരി സിസിലി ജോർജ്, എൽ.എം.സി.സെക്രട്ടറി ശശി ചെറായി തുടങ്ങിയവർ ഫോണിലൂടെ എൽ.എം.സി. പ്രസിഡന്റ് സണ്ണിയെ അനുശോചനമറിയിച്ചു.

ലേക്ക്ഷോർ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്റർ സ്റ്റാഫ്‌ നഴ്‌സ്‌ ആയിരുന്ന ഷെൽമി പൗലോസ് ഡ്യൂട്ടിക്ക് പോകുന്ന വഴി ചേർത്തല ഇരമല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ബിനോജ് ആണ് ഷെൽമിയുടെ ഭർത്താവ്. എട്ടുവയസ്സും 5 വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട്. മരണപ്പെടുമ്പോൾ ഷെൽമി 5 മാസം ഗർഭിണിയായിരുന്നു.

ഏതാനും ആഴ്ചകൾക്കുള്ളിൽ വൈറ്റില – ചേർത്തല ദേശീയപാതയിൽ വാഹനാപകടത്തിൽ മരണപ്പെടുന്ന രണ്ടാമത്തെ നഴ്‌സ്‌ ആണ് ഷെൽമി

ബോളിവുഡില്‍ വിവാദപരമായ പല പ്രസ്താവനകളും നടത്തുന്ന താരമാണ് കങ്കണ റണൗട്ട്. വ്യക്തി ജീവിതത്തെ കുറിച്ചും കങ്കണ യാതൊരു മറയും ഇല്ലാതെ തുറന്നു പറയാറുണ്ട്. കങ്കണയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായകന്‍ എല്‍ വിജയ് ഒരുക്കുന്ന ജയലളിതയുടെ ബയോപിക്ക് ചിത്രമാണ് തലൈവി. തമിഴിനു പുറമെ ബോളിവുഡിലും ചിത്രം എത്തുന്നുണ്ട്. ജയലളിത ബയോപിക്കിനായി കോടികളാണ് കങ്കണയ്ക്ക് പ്രതിഫലമായി നല്‍കുന്നത്.

തലൈവിക്കായി തന്റെ ശരീര ഭാരം 20 കിലോ കൂട്ടിയെന്ന് പറയുകയാണ് കങ്കണ. ചിത്രത്തിന്റെ ജോലി ഏതാണ്ട് അവസാനിച്ചതോടെ ശരീര ഭാരം പഴയ സ്ഥിതിയിലേക്കു കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് കങ്കണ. ഇതിനായുള്ള ശ്രമം തുടങ്ങിയെന്ന് താരം അറിയിച്ചു. അതിരാവിലെ എഴുന്നേറ്റു നടക്കുകയാണ് പ്രധാനമായും ചെയ്യുന്നതെന്നും അതിന് തനിക്കൊപ്പം ആരൊക്കെയുണ്ടെന്ന് ചോദിച്ച് കങ്കണ ട്വിറ്ററില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.

ജയലളിതയായി ചിത്രത്തില്‍ കങ്കണ എത്തുമ്പോള്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയാണ് വേഷമിടുന്നത്. പ്രകാശ് രാജ് എം കരുണാനിധിയായി എത്തും. ഷംന കാസിം ആണ് ശശികലയാവുന്നത്. ചിത്രം ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിക്കാന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ കോവിഡ് വ്യാപനം മൂലം റിലീസ് മാറ്റുകയായിരുന്നു.

സ്വന്തം മണ്ഡലത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഓപ്പണ്‍ സ്റ്റേജ് ചര്‍ച്ചയാവുന്നു. ഒക്‌ടോബര്‍ 12നാണ് തന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ഒരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നടത്തിയ വിവരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഓഡിറ്റോറിയം എന്നു മന്ത്രി പറഞ്ഞെങ്കിലും ചിത്രം ഒരു സ്റ്റേജിന്റേത്. കഴക്കൂട്ടം കുളത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആ ഓപ്പണ്‍ സ്റ്റേജിന്റെ ചിത്രം കണ്ടവരെല്ലാം ഞെട്ടി. കൂടിപ്പോയാല്‍ അഞ്ച് അല്ലെങ്കില്‍ ആറു ലക്ഷം ചെലവ് മാത്രം വരുന്ന ഒന്ന്.

സ്‌കൂള്‍ മുറ്റത്ത് ഉറപ്പുള്ള തറയിലാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നുവശം ചുവരും മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജിനൊപ്പം ഡ്രസ്സിങ് റൂമും റസ്റ്റ് റൂമും നിര്‍മ്മിച്ചു. കര്‍ട്ടനുകളൊക്കെ പിടിച്ച് കെട്ടാന്‍ രണ്ട് മൂന്ന് കമ്പികളും. വയറിങ്ങുകള്‍ പൂര്‍ത്തിയാക്കി പെയിന്റും അടിച്ചു. പിന്നെ സ്റ്റേജിന്റെ മുകളില്‍ സ്‌കൂളിന്റെ പേരിനേക്കാള്‍ വലിപ്പത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എന്ന് വലിയ തിളങ്ങുന്ന അക്ഷരത്തില്‍ എഴുതി. മറ്റ് ഓപ്പണ്‍ സ്റ്റേജുമായി നിര്‍മ്മാണത്തിലോ പ്ലാനിലോ യാതൊരു വ്യത്യാസവും ഇല്ലതാനും. എന്നിട്ടും 35 ലക്ഷം എങ്ങനെ ചെലവായി എന്നാണ് സേഷ്യല്‍ മീഡിയ ചോദിക്കുന്നത്.

മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. പരിഹാസത്തോടെ പ്രതികരിച്ചവരും നിരവധിയാണ്. ‘എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് എന്നാല്‍ എംഎല്‍എയുടെ ആസ്തി വികസിപ്പിക്കുന്ന ഫണ്ട് എന്നാണര്‍ത്ഥം. അതേ കടകംപള്ളിയും പറഞ്ഞുള്ളൂ’ എന്നാണ് ഒരു കമന്റ്. ബാക്കി 32 ലക്ഷവും മുക്കിയല്ലേ എന്ന് മറ്റൊരു പ്രതികരണം. ‘ആ 35 ലക്ഷം മുടക്കിയ സ്റ്റേജിന്റെ പേരാണോ കടകംപള്ളി സുരേന്ദ്രന്‍’ എന്നാണ് ഒരു ചോദ്യം. ’35 ലക്ഷം കൊണ്ട് ഇത്രേം വലിയ ഓഡിറ്റോറിയം, ഹോ, ഭീകരം തന്നെ’, ‘കൈക്കൂലിയും വെട്ടിപ്പും ഉള്‍പ്പടെയുളള തുക ഉള്‍പ്പെടുത്തി പോസ്റ്റിട്ട മന്ത്രിക്ക് അഭിനന്ദങ്ങള്‍’ തുടങ്ങിയ പ്രതികരണങ്ങള്‍ നീണ്ടുപോകുന്നു.

നാല് തൂണില്‍ ഷീറ്റിട്ട ബസ് സ്റ്റോപ്പ് നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം വരെ ചെലവാക്കിയ നിരവധി സംഭവങ്ങള്‍ ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതേചടങ്ങില്‍ത്തന്നെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം ചെലവില്‍ മിനി ഓഡിറ്റോറിയം ഒരു കെട്ടിടത്തിന് മുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശ്രീനാരായണ സ്മാരക ഹാള്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെയാണ് ഉദ്ഘാടനം ചെയ്തത്.

RECENT POSTS
Copyright © . All rights reserved