Latest News

ചെന്നൈ സൂപ്പര്‍ കിങ്ങ്സ് നായകന്‍ എംഎസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയാണ് ഇയാള്‍. പോലീസ് ആണ് ഇയാള്‍ അറസ്റ്റിലായ കാര്യം അറിയിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് തോറ്റപ്പോഴാണ് 16 കാരന്‍ ട്വിറ്ററിലൂടെ ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി രംഗത്തെത്തിയത്.

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ധോണിയുടെ മകള്‍ക്ക് നേരെയും ഭീഷണികള്‍ ഉയര്‍ന്നത്. കുടുംബങ്ങള്‍ക്ക് നേരെയും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ധോണിയുടെ വീടിന് ഇരട്ടി സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടും ചെന്നൈ തോറ്റതോടെ ടീമിലെ അംഗങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു. പാര്‍ട്ടിയുടെ ഉന്നതതലത്തിലുള്ള ചില ശക്തികള്‍ തന്നെപ്പോലെ ആത്മാര്‍ഥമായി നില്‍ക്കുന്നവരെ ഒതുക്കാനാണു ശ്രമിക്കുന്നതെന്നു സോണിയാ ഗാന്ധിക്കുള്ള രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കുന്നു.അതേസമയം രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയതിനു പിന്നാലെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന് ഖുശ്ബുവിനെ ഒഴിവാക്കി.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തിൽ ഖുശ്ബു ഉൾപ്പെടെ തമിഴകത്തെ 3 പ്രമുഖർ ഇന്നു പാർട്ടിയിൽ ചേരുമെന്നാണ് സൂചന.ഖുശ്ബു ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം മാസങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്നു കഴിഞ്ഞയാഴ്ച താരം വ്യക്തമാക്കിയിരുന്നു.2010ൽ ഡിഎംകെയിലൂടെയാണു ഖുശ്ബു രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2014-ൽ കോൺഗ്രസിൽ ചേർന്നു. ഇതിനു പിന്നാലെ, ദേശീയ വക്താവായി നിയമിക്കപ്പെട്ടെങ്കിലും സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി രസത്തിലല്ലായിരുന്നു.

 

ചെന്നൈ: നടി ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് ഇന്ന് രാവിലെ അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് എഐസിസി പുറത്തുവിട്ടത്. ഇതിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖുശ്ബു നല്‍കിയ രാജിക്കത്തും പുറത്തുവന്നു.

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രാദേശിക ഘടകങ്ങളുമായി ബന്ധമില്ലാത്ത ചിലരുടെ ഇടപെടല്‍ മൂലമാണ് ഈ സാഹചര്യമുണ്ടായതെന്നും അവര്‍ രാജിക്കത്തില്‍ പറയുന്നു.

നിലവില്‍ ഡല്‍ഹിയിലുള്ള ഖുശ്ബു ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയെന്നാണ് സൂചന.

അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ് നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം.

കഴിഞ്ഞ ദിവസം പാര്‍ട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. പലരും എന്നില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകള്‍ മാറുകയാണ്. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപം എടുക്കുകയാണ്. മാറ്റം അനിവാര്യമാണെന്നും ഖുശ്ബു ട്വീറ്റില്‍ കുറിച്ചിരുന്നു.

പള്ളുരുത്തി ∙പ്രതീക്ഷകൾ അസ്തമിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇരട്ടക്കുഞ്ഞുങ്ങൾക്ക‌ു ജന്മം നൽകിയ രാജലക്ഷ്മി (28) മരിച്ചു. ഇടക്കൊച്ചി ഇന്ദിര‌ാഗാന്ധി റോഡിൽ എഡി പുരം വീട്ടിൽ ഷിനോജിന്റെ ഭാര്യയാണ്. കഴിഞ്ഞ 14നാണു രാജലക്ഷ്മിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8 മാസം ഗർഭിണിയായിരുന്ന ഇവർക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ ജന്മം നൽകിയ ഇരട്ടപെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ന്യുമോണിയ കടുത്തതും വൃക്കയെ ബാധിച്ചതുമാണ് രാജലക്ഷ്മിയുടെ മരണകാരണം. കോവിഡ് നെഗറ്റീവായ കുഞ്ഞുങ്ങൾ സുരക്ഷിതരാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങൾ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗർഭം ധരിച്ചത്. കോവിഡ് ബാധിച്ചതിനു ശേഷമുള്ള മാസം തികയാത്ത പ്രസവത്തിനും ചികിത്സയ്ക്കും 10 ലക്ഷത്തിലേറെ രൂപ ചെലവായിരുന്നു. ഇവരുടെ ദയനീയാവസ്ഥ സംബന്ധിച്ചു മനോരമ വാർത്ത നൽകിയിരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ രാജലക്ഷ്മിയുടെ സംസ്കാരം ഇന്ന് ഇടക്കൊച്ചിയിൽ നടത്തും.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ആത്മഹത്യ ശ്രമത്തെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി നഴ് സ്‌ മരണമടഞ്ഞു. കോട്ടയം നെടുംകുന്നം സ്വദേശിനി ഡിംപിൾ യൂജിൻ (37) ആണ് ഇന്ന് കാലത്ത്‌ അദാൻ ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌. കഴിഞ്ഞ വ്യാഴാഴ്ച മംഗഫിലിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റിലെ ശുചി മുറിയിൽ വെച്ച്‌ തൂങ്ങി മരിക്കനുള്ള ഉദ്യമം നടത്തിയിരുന്നു. എന്നാൽ ഭർത്താവും അയൽ വീട്ടുകാരും ചേർന്ന് ഇവരെ ഉടൻ തന്നെ അദാൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിൽ ആയിരുന്ന ഇവർ കഴിഞ്ഞ 2ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണു കഴിഞ്ഞിരുന്നത്‌. മുബാറക്‌ അൽ കബീർ ആശുപത്രിയിലെ നഴ് സാണ് . കുവൈത്തിലെ മംഗഫിലിൽ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്‌. ഭർത്താവ്‌ യൂജിൻ ജോൺ കുവൈത്തിൽ ഹോട്ടൽ വ്യാപാരിയാണ്.

മക്കൾ – സൈറ, ദിയ, ക്രിസിയ

യുകെയിൽ കൊറോണ മരണം കുത്തനെ കൂടി. കഴിഞ്ഞ മൂന്ന് ദിവസത്തെ ആകെ മരണ നിരക്ക് 100 ന് മുകളിൽ. 41 ന്നുകാരൻ മുതൽ 90 കാരിവരെ. ഇതിൽ അഞ്ചു പേർ ഒഴികെ ബാക്കിയെല്ലാവർക്കും മറ്റു രോഗ ബാധിതരും ആയിരുന്നു. പുതിയതായി കൊറോണ സ്ഥിതീകരിച്ചവരായി 2000 ഓളം കേസുകൾ. അതുപോലെ വെയ്ൽസിൽ 21 മരണത്തോടൊപ്പം ൬൨൭ പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു.

വടക്കൻ ഇംഗ്ലീണ്ടിലും സ്ഥിതി രൂക്ഷം. ലോക്‌ഡോൺ മൂലം തകർച്ച നേരിട്ട ബിസിനെസ്സ് മേഖലകളെ സഹായിക്കാൻ കൂടുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു ഇവിടുത്തെ മേയർമാർ ചാൻസലർ ഋഷി സുനാക്കിനെ സമീപിച്ചെങ്കിലും ക്രിയാത്മകമായ സാമ്പത്തിക പാക്കേജുകൾ ഒന്നും തന്നെ പുറപ്പെടുവിപ്പിച്ചിട്ടില്ല.

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെതിരെ സംസ്ഥാന ബി.ജെ.പിയില്‍ പടയൊരുക്കം. ബിപ്ലവ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് എട്ടോളം എംഎല്‍എമാര്‍ ഡല്‍ഹിയില്‍ തമ്പടിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ദേശീയ നേതൃത്വത്തെ നേരില്‍ക്കണ്ട് ആവശ്യം അവതരിപ്പിക്കുകയാണ് ലക്ഷ്യം. ബിപ്ലബ് കുമാറിന്റേത് ഏകാധിപത്യ സ്വഭാവമുള്ളതും ജനപ്രീതിയില്ലാത്തതും അനുഭവപരിചയവുമില്ലാത്ത ഭരണമാണെന്നാണ് വിമത പക്ഷത്തിന്റെ ആരോപണം.

സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കല്‍, ബര്‍ബ് മോഹന്‍ ത്രിപുര, പരിമള്‍ ദേബ് ബര്‍മ, റാം പ്രസാദ് പാല്‍ എന്നീ എംഎല്‍എമാരാണ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. 60 അംഗ സഭയിലെ ബി.ജെ.പിയുടെ 36 നിയമസമാജികരില്‍ രണ്ടുപേരുടെ കൂടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നാണ് സംഘം അവകാശപ്പെടുന്നത്. ബിരേന്ദ്ര കിഷോര്‍ ഡെബ് ബര്‍ണാം, ബിപ്ലാബ് ഘോഷ് എന്നിവരും ഞങ്ങളോടൊപ്പമുണ്ട്. എന്നാല്‍ കോവിഡ് ബാധിതരായതിനാലാണ് ഇരുവര്‍ക്കും ഡല്‍ഹിയില്‍ എത്താന്‍ സാധിക്കാതിരുന്നതെന്നും സുശാന്ത ചൗധരി വ്യക്തമാക്കി.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ നേരില്‍ക്കണ്ട് കാര്യം അവതരിപ്പിക്കാനുള്ള അനുമതി സംഘം തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ത്രിപുരയില്‍ കാര്യങ്ങള്‍ ധരിപ്പിക്കാനും വിമത എം.എല്‍.എമാര്‍ ശ്രമിക്കുന്നുണ്ട്. ബിജെപി സംസ്ഥാനത്ത് ദീര്‍ഘകാലം അധികാരത്തില്‍ തുടരണമെങ്കില്‍ ദേബിനെ നിര്‍ബന്ധമായും നീക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. സ്വേച്ഛാധിപത്യമാണ് ത്രിപുരയില്‍ സംഭവിക്കുന്നത്. പാര്‍ട്ടി എംഎല്‍എമാരെപ്പോലും മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. രണ്ട് ഡസനിലധികം വകുപ്പുകളുടെ ചുമതല അദ്ദേഹം സ്വയം വഹിക്കുകയാണ്. റിക്ഷ വലിക്കുന്നവര്‍ മുതല്‍ കച്ചവടക്കാരും വ്യവസായികളുമൊക്കെ മുഖ്യമന്ത്രിക്കെതിരെ നീരസം പ്രകടിപ്പിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയേക്കും. കോവിഡ് സാഹചര്യത്തിലും സംസ്ഥാനത്ത് ഒരു ആരോഗ്യമന്ത്രിയില്ല എന്നതാണ് സ്ഥിതി. ഇപ്പോള്‍ ഒരു സര്‍വേ നടത്തിയാല്‍ നൂറില്‍ 98 പേരും അദ്ദേഹത്തെ നീക്കം ചെയ്യണമെന്നായിരിക്കും പറയുകയെന്നും സുശാന്ത ചൗധരി പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപിക്കെതിരെയോ അതിന്റെ നേതൃത്വത്തിനെതിരെയോ പരാതിയില്ലെന്ന് ആവര്‍ത്തിച്ച ചൗധരി തങ്ങള്‍ ബിജെപി പ്രത്യയശാസ്ത്രത്തോട് പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശ്വസ്തരാണെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, സര്‍ക്കാരിന് ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയില്ലെന്നാണ് ദേബുമായി ഏറെ അടുപ്പമുള്ള എംഎല്‍എമാരും ബിജെപി നേതാക്കളും പ്രതികരിച്ചത്. സര്‍ക്കാര്‍ വളരെ സുരക്ഷിതമാണ്. ഏഴോ എട്ടോ എംഎല്‍എമാര്‍ക്ക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന് ഉറപ്പ് പറയാനാകുമെന്നും ത്രിപുര ബിജെപി പ്രസിഡന്റ് മാണിക് സാഹ പ്രതികരിച്ചു. എംഎല്‍എമാര്‍ക്ക് പരാതികളുള്ളതായി കേട്ടിട്ടില്ല. മാത്രമല്ല, ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടിക്കു പുറത്ത് ചര്‍ച്ച ചെയ്യാറുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് സുദീപ് റോയ് ബര്‍മനെ സന്ദര്‍ശിച്ച് നേതൃത്വത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നും പ്രധാനമന്ത്രി നിര്‍ദേശിക്കാത്തപക്ഷം അത്തരം തീരുമാനങ്ങള്‍ പാര്‍ട്ടി എടുക്കില്ലെന്നും അറിയിച്ചിട്ടുണ്ടെന്നും ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.

2017ല്‍ ബിജെപിയില്‍ ചേര്‍ന്ന ഏഴ് മുന്‍ കോണ്‍ഗ്രസ് നേതാക്കളില്‍പ്പെട്ടവരാണ് സുശാന്ത ചൗധരിയും സുദീപ് ബര്‍മനും. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ സുദീപ് ബര്‍മനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ബിജെപിയിലേക്ക് കൊണ്ടുവന്ന ബര്‍മന് പാര്‍ട്ടി സംസ്ഥാന യൂണിറ്റിന്റെ പൂര്‍ണ പിന്തുണയില്ലെന്നാണ് നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതുമുതൽ ഇയാൾ അസ്വസ്ഥനായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

തെലങ്കാന സ്വദേശിയായ 38കാരൻ ബുസാ കൃഷ്ണ ട്രംപിന്റെ വലിയ ആരാധകനാണ്. ഇതോടെ ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാർ വിളിച്ചിരുന്നത്.ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാൾ ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്. നാലു വർഷം മുൻപ് ബുസയുടെ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും തുടക്കം.

പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ എല്ലായിടത്തും ട്രംപ് നിറഞ്ഞു. പക്ഷേ തന്റെ ആരാധനാമൂർത്തിയെ ഒരിക്കൽ പോലും നേരിൽ കാണാൻ കഴിയാതെയാണ് ട്രംപ് കൃഷ്ണ വിടവാങ്ങുന്നത്. തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും അധികാരത്തിൽ വരുെമന്നും കൃഷ്ണ പറയുമായിരുന്നു.

തൃശൂര്‍ അന്തിക്കാട് ബി.ജെ.പി. പ്രവര്‍ത്തകന്‍ നിധിലിനെ പട്ടാപകല്‍ റോഡിലിട്ട് വെട്ടിക്കൊന്ന അക്രമി സംഘം എത്തിയത് സനല്‍ ഓടിച്ച കാറിലാണ്. മുറ്റിച്ചൂര്‍ സ്വദേശിയായ സനല്‍ നട്ടെല്ലിനു കാന്‍സര്‍ ബാധിച്ച് ചികില്‍സയിലാണ്. കൊലയാളി സംഘത്തിലൊരാള്‍ വികലാംഗനാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. കാരണം, വടി കുത്തിപ്പിടിച്ചാണ് ഒരാള്‍ നടന്നിരുന്നത്. അത്, സനലായിരുന്നു.

കാന്‍സര്‍ ബാധിച്ചതിനാല്‍ നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഇതിനു ശേഷം നേരാവണ്ണം നടക്കാന്‍ സനലിനു കഴിയില്ല. അതുക്കൊണ്ട് വടി കുത്തിപിടിച്ചാണ് നടക്കാറുള്ളത്. തൃശൂര്‍ പാലിയേക്കരയില്‍ നിന്ന് കാര്‍ വാടകയ്ക്കെടുത്തു. ചേര്‍പ്പിലെ വാടക വീട്ടിലാണ് സനല്‍ ഉള്‍പ്പെടെ നാലു പേര്‍ താമസിച്ചിരുന്നത്. നിധില്‍ അന്തിക്കാട് സ്റ്റേഷനില്‍ ഒപ്പിടാന്‍ വരാറുള്ളത് പ്രതികള്‍ക്ക് അറിയാമായിരുന്നു. രാവിലെ നല്ലവണ്ണം മദ്യപിച്ച ശേഷമാണ് ചേര്‍പ്പിലെ വാടക വീട്ടില്‍ നിന്നിറങ്ങിയത്. നേരെ പോയത്, അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തേയ്ക്കായിരുന്നു. സനല്‍ മാത്രം മദ്യപിച്ചിരുന്നില്ല.

അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തുവച്ച് നിധിലിനെ അക്രമി സംഘം കണ്ടു. പക്ഷേ, കൂടെ മൂന്നോ നാലോ പേര്‍ ഉണ്ടായിരുന്നു. പദ്ധതി ഉപേക്ഷിച്ച് ഇവര്‍ മടങ്ങി. വഴിയരികിലെ മരച്ചുവട്ടില്‍ വിശ്രമിച്ചു. വീണ്ടും, അന്തിക്കാട് ഭാഗത്തേയ്ക്കു പോകാനായി കാറെടുത്തു. മാങ്ങാട്ടുകരയില്‍ എത്തിയപ്പോഴാണ് നിധിലിന്റെ നീല കാര്‍ എതിരെ വരുന്നത് കണ്ടത്. കാറില്‍ തനിച്ചാണെന്ന് മനസിലായതോടെ അതേവേഗതയില്‍തന്നെ നേര്‍ക്കുനേര്‍ കാറിലിടിച്ചു. കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിധിലിനെ അക്രമി സംഘം വെട്ടിവീഴ്ത്തി. കാറില്‍ നിന്നിറങ്ങിയ സനലും വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ്, വിരലിന് സ്വന്തം സംഘാംഗങ്ങളുടെ പക്കല്‍ നിന്ന് തന്നെ വെട്ടു കൊണ്ടത്. വിരല്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു.

നിധില്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ കാറില്‍ രക്ഷപ്പെടാനായിരുന്നു അക്രമി സംഘത്തിന്റെ ശ്രമം. കാര്‍ സ്റ്റാര്‍ട്ടായില്ല. ഉടനെ, അതുവഴി വന്ന മറ്റൊരു കാര്‍ മഴുവും വാളും കാട്ടി കൊലയാളി സംഘം തടഞ്ഞു. കാറ്ററിങ് നടത്തിപ്പുകാരനായ യുവാവായിരുന്നു കാറില്‍. ആയുധങ്ങള്‍ കണ്ടതോടെ കാര്‍ നിര്‍ത്തി കാറ്ററിങ്ങുകാരന്‍ ഓടി. ഈ കാറുമായി കൊലയാളി സംഘം രക്ഷപ്പെട്ടു. വഴിമധ്യേ, സനലിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു.
തൃശൂര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കാണ് പോയത്. അപകടത്തില്‍ വിരല്‍ അറ്റു തൂങ്ങിയതാണെന്ന് ആശുപത്രിക്കാരോട് പറഞ്ഞു. അടിയന്തര ശസ്ത്രക്രി വേണ്ടതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തു. ആംബുലന്‍സിലാണ് സനല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. കൊലയാളി സംഘത്തെ പൊലീസ് തിരയുമ്പോള്‍ പ്രതി ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു.

കൊലയാളി സംഘത്തിലെ ഒരാള്‍ക്ക് പരുക്കേറ്റതായി നാട്ടുകാര്‍ പൊലീസിന് വിവരം കൈമാറിയിരുന്നു. ജില്ലയിലെ എല്ലാ ആശുപത്രികളിലും പൊലീസ് അന്വേഷിച്ചു. വികലാംഗനായി നാട്ടുകാര്‍ പറഞ്ഞ ആള്‍ സനലാണെന്ന് പൊലീസ് മനസിലാക്കിയിരുന്നു.
വടി കുത്തിപ്പിടിച്ചു നടക്കുന്ന ക്രിമിനല്‍ സംഘാംഗം സനലാണെന്ന് അന്തിക്കാട്ടെ പൊലീസുകാര്‍ക്ക് അറിയാമായിരുന്നു. തൃശൂരിലെ പൊലീസ് സംഘം നേരെ സ്വകാര്യ ആശുപത്രിയില്‍ എത്തി. അപ്പോഴാണ്, സനല്‍ ആശുപത്രി വരാന്തയിലൂടെ വോക്കറിന്‍റെ സഹായത്തോടെ നടക്കുന്നത് കണ്ടത്. കയ്യോടെ പിടികൂടി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ‘നീ സനല്‍ അല്ലേടാ’ പൊലീസിന്റെ ചോദ്യത്തിനു മുമ്പില്‍ ആദ്യം പതറി. പിന്നെ, ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. വിരലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്. കൂട്ടുപ്രതികളുടെ പേരുകളെല്ലാം സനല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പാലാ സീറ്റ് വിട്ട് നല്‍കില്ല എന്ന് ആവര്‍ത്തിച്ച്‌ മാണി സി കാപ്പന്‍. ജയിച്ച സീറ്റുകള്‍ വിട്ട് നല്‍കേണ്ടതില്ല എന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭാ സീറ്റ് ആര്‍ക്ക് വേണം എന്നും മാണി സി കാപ്പന്‍ ചോദിച്ചു. പാല മാണി സാറിന് ഭാര്യയായിരുന്നെങ്കില്‍ എന്റെ ചങ്കാണ് വിട്ടിട്ട് പോകുന്ന പ്രശ്‌നമില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് വരികയാണെങ്കില്‍ സ്വാഗതം ചെയ്യുന്നു, എന്‍സിപി ജയിച്ചൊരു സീറ്റും വിട്ടുകൊടുക്കില്ല, വിട്ടുകൊടുത്തരു ചര്‍ച്ചക്കില്ല, മാണി സാര്‍ ജയിച്ച പാലയല്ല ഇപ്പോ, അതൊക്കെ മാറി, ഓരോ മത്സരത്തിലും മാണിയുടെ ഭൂരിപക്ഷം കുറക്കുകയായിരുന്നു, അതിനാല്‍ ജോസ് കെ മാണിക്ക് വലിയ വൈകാരികതയുടെ ആവശ്യമൊന്നുമില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

അതേസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫിലെത്താന്‍ പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം രംഗത്ത് എത്തിയിരുന്നു. ഈ പശ്ചാതലത്തിലാണ് മാണി സി കാപ്പന്‍ തന്റെ മുന്‍നിലപാട് ഒരിക്കല്‍ കൂടിയാവര്‍ത്തിച്ചത്. ജോസ് വിഭാഗം ഇടതുമുന്നണിയോട് ചങ്ങാത്തം കൂടാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ പാലാസീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നതാണ്. ആ നിലപാടില്‍ ഉച്ചുനില്‍ക്കുകയാണ് അദ്ദേഹം ഇപ്പോഴും. അതിനിടെ ഇടതുപ്രവേശനം ഉറപ്പാക്കിയ ജോസ് വിഭാഗത്തിന് 20 സീറ്റുകള്‍ നല്‍കാമെന്ന സി പി എം ഉറപ്പുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കഴി‍ഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകള്‍ വേണമെന്ന ഉറച്ച നിലപാട് ജോസ് കെ മാണി വിഭാഗം ചര്‍ച്ചകളിലെടുത്തു. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടല്ല.

പാലാ സീറ്റും വേണമെന്ന് നിലപാടിലാണ് ജാേസ് വിഭാഗം എന്നാണ് അറിയുന്നത്.ജോസ് കെ.മാണിയുടെ ഇടത് മുന്നണി പ്രവേശനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് സൂചന നേരത്തെ പുറത്തു വന്നിരുന്നു . എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള അന്തിമഘട്ട ചര്‍ച്ചകള്‍ ജോസ് കെ.മാണി പൂര്‍ത്തിയാക്കിയിരുന്നു . നിയമസഭ സീറ്റുകള്‍ സംബന്ധിച്ചും ഇതില്‍ ഏകദേശ ധാരണയായി. കോട്ടയം ജില്ലയില്‍ നാല് സീറ്റുകള്‍ ജോസ് ഉറപ്പിക്കുന്നു. പാലാ സീറ്റിലും കണ്ണുണ്ട്.രാജ്യസഭ സീറ്റ് മാണി സി.കാപ്പന് വിട്ടു നല്‍കി പാലാ സ്വന്തമാക്കാനുള്ള നീക്കം നടത്തുന്നതായും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇത് പാടെ നിഷേധിക്കുകയാണ് എന്‍സിപിയും മാണി സി.കാപ്പനും. പൊരുതി നേടിയ പാലായെ കൈവിടില്ലെന്ന് മാണി സി.കാപ്പന്‍ വ്യക്തമാക്കിയത് .

ജോസ് വിഭാഗം മത്സരിച്ചിരുന്ന നിലവില്‍ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകളായ ഏറ്റുമാനൂരും, പേരാമ്പ്രയും സിപിഎം നിലനിര്‍ത്തും. കുട്ടനാട് സീറ്റിലും ജോസ് കെ.മാണി അവകാശം ഉന്നയിക്കില്ല. കാഞ്ഞിരപ്പള്ളി വിട്ടു നല്‍കുന്നതില്‍ സിപിഐക്ക് ഇപ്പോഴും എതിര്‍പ്പുണ്ട്. സിപിഎമ്മിന്റെ കൈവശമുള്ള സീറ്റുകളിലൊന്ന് വിട്ടു നല്‍കി സിപിഐയെ അനുനയിപ്പിക്കാനാണ് നീക്കം. മാണി സി.കാപ്പനെയും എന്‍സിപിയെയും തൃപ്തിപ്പെടുത്തുന്ന ഫോര്‍മുലയ്ക്കായുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്.

ജോസ് കെ മാണി വിഭാഗത്തിന് പാല സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇടതു മുന്നണി വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മാണി സി കാപ്പന്‍ നേരത്തെ വന്നിരുന്നു . പാല സീറ്റില്‍ നിന്നും മാറണമെന്ന് ഇടതു മുന്നണി ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്ങളുടെ സീറ്റുകള്‍ ഒന്നും തന്നെ വീട്ടുകൊടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു .

ഏഴ് ലോക്‌സഭ അംഗങ്ങളും എട്ട് രാജ്യസഭ അംഗങ്ങളുമുള്ള ഒരു അഖിലേന്ത്യ പാര്‍ട്ടിയാണ് എന്‍സിപി. ശരദ് പവാര്‍ ആണ് ഞങ്ങളുട നേതാവ്. പാര്‍ട്ടിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് അദ്ദേഹമാണ്. ഒരു സീറ്റും വിട്ടുകൊടുക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം’ മാണി സി കാപ്പന്‍ പറഞ്ഞു. തന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോടും ഇക്കാര്യമാണ് പറഞ്ഞതെന്നും ഇതിലെവിടെയാണ് മുന്നണി വിടുമെന്ന പരാമര്‍ശമുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു സിനിമാക്കാരന്‍ കൂടി ആയതുകൊണ്ട് തന്റെ ഡയലോഗുകള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ചതാണോ എന്നും അദ്ദേഹം മാധ്യമ വാര്‍ത്തകളെ പരിഹസിച്ചുകൊണ്ട് ചോദിച്ചിരുന്നു .ഈ സാഹചര്യത്തിൽ ആണ് ഇപ്പോൾ പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന സുപ്രധാന തീരുമാനം വെളിപ്പെടുത്തി മാണി സി കാപ്പൻ രംഗത്ത്‌ വരുന്നത് .

RECENT POSTS
Copyright © . All rights reserved