Latest News

ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ദക്ഷിണ ബ്രിട്ടനിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇത് കോവിഡ് വ്യാപനം വേഗത്തിലാകാൻ ഇടയാക്കിയേക്കുമെന്ന് ആശങ്കയുയർത്തുന്നുവെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടർന്ന് ലണ്ടനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിയറ്റർ, പബ്, റസ്റ്ററന്റ് തുടങ്ങിയവ അടയ്ക്കും. കുടുംബാംഗങ്ങൾ അല്ലാത്തവരുമായി ഇടപഴകരുതെന്നും പൊതു സ്ഥലങ്ങളിൽ പരമാവധി ആറു പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്നും നിർദേശമുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സ്ഥിതി വഷളാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കൂടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു.

പ്രതിദിന കോവിഡ് കണക്കുകളിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു. ചില പ്രദേശങ്ങളിൽ ഏഴു ദിവസം കൂടുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.

ലണ്ടനിലും ദിനംപ്രതി രോഗികളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കടുത്ത വര്‍ധനവാണുണ്ടാകുന്നത്. രോഗം പടര്‍ന്നുപിടിക്കുന്ന സ്ഥലങ്ങളില്‍ 11നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി കോവിഡ് പരിശോധന ആരംഭിച്ചു. രൂപാന്തരം പ്രാപിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നതാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ രോഗത്തിന്റെ പിടിയിലാകുമെന്നത് ആശങ്കാജനകമാണെന്ന് ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി വൈറോളജി വിഭാഗത്തിലെ ആന്‍ഡ്രൂ ഡേവിഡ്‌സണ്‍ പറഞ്ഞു.

ദുബായ്∙ ജബൽ അലിയിൽ നിന്ന് ഈ മാസം 8ന് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്പിൽ സേവ്യറിന്റെ മകൻ സുനിൽ സേവ്യറാ(45)ണ് മരിച്ചത്. ജബൽ അലിയിൽ നിന്ന് തന്നെ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധു ഷിനോയ് ഇന്ന് തിരിച്ചറിഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

നേരത്തെ 13 വർഷം ദുബായിൽ ജോലി ചെയ്തിരുന്ന പെയിന്ററായ സുനിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും 2 മാസം മുൻപ് വീണ്ടും ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വീസയിൽ വരികയുമായിരുന്നു. നേരത്തെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ കമ്പനിയിൽ പുതിയ ജോലി ലഭിച്ച് വീസാ നടപടികൾ പൂർത്തിയാക്കിയിരുന്നു. സുഹൃത്തുക്കളോടൊപ്പമായിരുന്നു ജബൽ അലിയിലെ ഫ്ലാറ്റിൽ താമസം.

കാണാതായ ദിവസം വൈകിട്ട് ആറിന് പുറത്തിറങ്ങിയ സുനിൽ തിരിച്ചുവരാത്തതിനെ തുടർന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ഷിനോയ് ജബൽ അലി പൊലീസിലും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകുകയായിരുന്നു. സേവ്യർ–മേരി സേവ്യർ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രവീണ പ്രമീള. രണ്ട് മക്കളുണ്ട്.

2021ലെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയാകാനുള്ള ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ഇക്കാര്യം അറിയിച്ചു. ഇന്ത്യയുടെ ക്ഷണം വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

നവംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഔദ്യോഗികമായി ക്ഷണിച്ചത്. ബ്രിട്ടൻ ആതിഥേയരാകുന്ന ജി 7 ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ നരേന്ദ്ര മോദിയെയും ക്ഷണിച്ചിട്ടുണ്ട്. 1993ൽ ജോൺ മേജറാണ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് നൽകി. രവീന്ദ്രൻ വ്യാഴാഴ്ച ഹാജരാകണമെന്ന് നോട്ടിസിൽ പറയുന്നു.

ഇത് നാലാം തവണയാണ് ഇഡി നോട്ടിസ് നൽകുന്നത്. കെ–ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് സ്വർണക്കടത്തു കേസിലെ പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് രവീന്ദ്രന് ഇഡി നോട്ടിസ് നൽകിയത്. മുൻപു നോട്ടിസ് നൽകിയപ്പോഴെല്ലാം ചികിത്സ ആവശ്യങ്ങൾ പറഞ്ഞ് രവിന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും തെരഞ്ഞെടുത്തു. പുതുവര്‍ഷത്തില്‍ അധികാരമേല്‍ക്കും. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്നാണ് ബൈഡന്‍ പ്രതികരിച്ചത്.

ഇലക്ടറല്‍ കോളേജാണ് ഔദ്യോഗികമായി ജോ ബൈഡന്റെ വിജയം പ്രഖ്യാപിച്ചത്. 306 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ തന്റെ തോല്‍വി സമ്മതിക്കാതിരുന്ന ട്രംപ് കഴിഞ്ഞ ദിവസമാണ് തോല്‍വി സമ്മതിച്ച് രംഗത്തെത്തിയത്.

കൊവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനുണ്ടായ വീഴ്ച തോല്‍വിക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്ന് ദിവസത്തിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷമാണ് ബൈഡന്‍ തന്റെ ജയം ഉറപ്പിച്ചത്. 77 വയസുള്ള ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ബൈഡന്‍.

പനച്ചിക്കാട് കാണാതായ അമ്മയുടെയും മകളുടെയും മൃതദേഹം വീടിന് സമീപത്തെ പാറക്കുളത്തില്‍ കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര മാടപ്പള്ളി കരോട്ടുവീട്ടില്‍ വത്സമ്മ (59)യുടെയും മകള്‍ ധന്യ (37)യുടെയും മൃതദേഹങ്ങളാണ് പനച്ചിക്കാട്ട് പുലിയാട്ടുപാറക്കുളത്തില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് ഇവരെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ തെരച്ചില്‍ തുടരുന്നതിനിടയിലാണ് മൃതദേഹം സമീപത്തെ കുളത്തില്‍ നിന്ന് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള കുടുംബ പ്രശ്‌നങ്ങളാണ് മരണ കാരണമെന്നാണ് സൂചന.

ചിങ്ങവനം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവ കക്ഷിയെന്നു സൂചന. തിരഞ്ഞെടുപ്പു കമ്മീഷനില്‍ നേരത്തെ റജിസ്റ്റര്‍ ചെയ്തിരുന്ന അനൈത്തിന്ത്യ മക്കള്‍ കക്ഷിയെന്ന പാര്‍ട്ടി പേരുമാറ്റിയാണു മക്കള്‍ സേവ കക്ഷിയായത്. ഈ പാര്‍ട്ടിക്കു ഓട്ടോറിക്ഷ ചിഹ്നമായി തിരഞ്ഞെടുപ്പുകമ്മീഷന്‍ അനുവദിച്ചു. അതേ സമയം കമല്‍ഹാസനു കഴിഞ്ഞ തവണത്തെ ചിഹ്നമായ ടോര്‍ച്ചു നഷ്ടമായി.

പുതിയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്തു ചിഹ്നം അനുവദിച്ചു കിട്ടാന്‍ സമയമെടുക്കുമെന്നുറപ്പായതോടെയാണു നിലവിലെ പാര്‍ട്ടിയെ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയത്. അനൈത്തിന്ത്യ മക്കള്‍ കക്ഷിയെന്ന നിര്‍ജീവമായിരുന്ന പാര്‍ട്ടിയെ പേരുമാറ്റി. ഉടമകളില്‍ രജനിയുടെ പേരും ചേര്‍ത്തു. ബാഷ സിനിമയിലെ രജനിയുടെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഓട്ടോറിക്ഷ ചിഹ്നമായി അനുവദിച്ചു.

ഹൈദരാബാദില്‍ അണ്ണാത്തെ ഷൂട്ടിന്റെ തിരക്കിലാണു താരം. പാര്‍ട്ടിയുടെ സൂപ്പര്‍ വൈസറോ, കോര്‍ഡിനേറ്ററോ ഇക്കാര്യത്തോടു പ്രതികരിച്ചില്ല. രജനിയുടെ പേരില്‍ മറ്റാരോ കമ്മീഷനില്‍ അപേക്ഷ നല്‍കിയതാണെന്ന പ്രചാരണവുമുണ്ട്. കമല്‍ഹാസനു കഴിഞ്ഞ തവണ കിട്ടിയ ടോര്‍ച്ചു ചിഹ്നം അലോട്മെന്റില്‍ നഷ്ടമായി. പുതുച്ചേരിയില്‍ മാത്രമാണു ടോര്‍ച്ചു മക്കള്‍ നീതി മയ്യത്തിന അനുവദിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ എം.ജി.ആര്‍ മക്കള്‍ കക്ഷിയെന്ന സജീവമല്ലാത്ത പാര്‍ട്ടിക്കാണു ഇത്തവണ ടോര്‍ച്ച് അനുവദിച്ചിരിക്കുന്നത്.

യുഎസിലെ ഇല്ലിനോയിയിൽ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനനിയന്ത്രണ വാഹനത്തിന്റെ അടിയില്‍പെട്ട് മലയാളി ജീവനക്കാരന്‍ മരിച്ചു. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമാണ് മരിച്ച ജിജോ ജോര്‍ജ്.

പൊലീസെത്തി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരണം. അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു. ആനി ജോസ് ആണ് ഭാര്യ. ഒരു കുട്ടിയുണ്ട്. ആനി എട്ടുമാസം ഗര്‍ഭിണിയുമാണ്. ജിജോയുടെ പിതാവ് കുഞ്ഞുമോനും അമ്മ മോനിയും ഷിക്കോഗോയിലാണ് താമസം.

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്‍റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. പ്രദീപിന്റെ വാഹനവും പിന്നാലെ ഇടിച്ച വാഹനവും കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ച സ്കൂട്ടറില്‍ പിന്നാലെ വന്ന വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ പ്രദീപിനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സ്കൂട്ടറിന്‍റെ പിന്‍വശത്തെ ഹാന്‍ഡ് റസ്റ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളിലടക്കം ഭീക്ഷണിയുണ്ടായിരുന്നതായി പ്രദീപിന്‍റെ അമ്മ ആരോപിച്ചു. മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്‍റും ആവശ്യപ്പെട്ടു. മനോരമ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്.വി. പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ വിഴുപുരത്ത് അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. വി. പുതുപാളയം ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ എട്ട്, ഏഴ് വയസ്സുള്ള പെണ്‍കുട്ടികളെയും അഞ്ച് വയസ്സുകാരനായ മകനെയുമാണ് തിങ്കളാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ച് പേരുടെയും മൃതദേഹം വീട്ടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗൃഹനാഥന് വന്‍ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി വിവരമുണ്ട്. ഇതാണ് മക്കളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അയല്‍ക്കാരനാണ് അഞ്ച് പേരെയും തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്. ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിഴുപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പി.എം.കെ. നേതാവ് എസ്. രാമദോസ് അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved