Latest News

സചിന്‍റെ ചിത്രത്തിൽ കരി ഓയിലൊഴിച്ച കോൺഗ്രസ്​ നടപടിയിൽ പ്രതിഷേധവുമായി മലയാളി ക്രിക്കറ്റ്​ താരവും ബി.ജെ.പി അംഗവുമായ എസ്​.ശ്രീശാന്ത്​. കോൺഗ്രസ്​ തെമ്മാടികൾ 130 കോടി ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന്​ ശ്രീശാന്ത്​ ട്വീറ്റ്​ ചെയ്​തു.

ഇന്ത്യൻ ക്രിക്കറ്റ്​ ദൈവം സചിന്‍റെ ചിത്രത്തിൽ മഷിയൊഴിച്ച കോൺഗ്രസ്​ തെമ്മാടികളുടെ നടപടിയിൽ കടുത്ത വിയോജിപ്പ്​ രേഖപ്പെടുത്തുന്നു. 130 കോടി ജനങ്ങളുടെ വികാരമാണ്​ കോൺഗ്രസ്​ വ്രണപ്പെടുത്തിയത്​. കോൺഗ്രസിന്‍റെ നടപടിക്കെതിരെ നിൽക്കുന്നവർക്കൊപ്പം താൻ നിലകൊള്ളുമെന്ന്​ ശ്രീശാന്ത്​ വ്യക്​തമാക്കി.

കർഷകസമരത്തിൽ അഭിപ്രായപ്രകടനത്തെ തുടർന്ന്​ യൂത്ത്​ കോൺഗ്രസ്​ സചിന്‍റെ ചിത്രത്തിൽ മഷിയൊഴിച്ചിരുന്നു. രാജ്യത്തിന്​ പുറത്ത്​ നിന്നുള്ളവർ കർഷകസമരത്തിൽ ഇടപെടേണ്ടെന്നായിരുന്നു സചിൻ പറഞ്ഞത്​.

ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് ജില്ലയിലെ പൂളക്കാടാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് കത്തികൊണ്ട് മകന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്കിയ വിവരം.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ. മകനെ കഴുത്തറുത്ത് കൊന്ന വിവരം തൊട്ടടുത്ത വീട്ടില്‍നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് ജനമൈത്രി പോലീസിനെ അറിയിച്ചത്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഷാഹിദയുടെ ഭര്‍ത്താവു പോലും വിവരം അറിയുന്നത്.

ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം. ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട് ഒന്നടങ്കം. ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഇവരെ കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. മൂന്നുമക്കളാണ് ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്കുള്ളത്. ഇതില്‍ മൂന്നാമത്തെയാളാണ് ആമില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

കണ്ണൂരില്‍ വാതില്‍പ്പടിയില്‍ തലയിടിപ്പിച്ച് മരുമകള്‍ അമ്മായിയമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരിക്കോട്ടക്കരിയിലെ മറിയക്കുട്ടിയെയാണ് മരുമകള്‍ എല്‍സി കൊലപ്പെടുത്തിയത്. ചക്ക വേവിക്കുന്നതിനെച്ചൊല്ലി തുടങ്ങിയ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം.

ബുധനാഴ്ചയായിരുന്നു സംഭവം. മരണം സംഭവിച്ചിട്ടും ഏറെ നേരം മറിയക്കുട്ടിയുടെ മൃതദേഹം വീട്ടില്‍ത്തന്നെ കിടന്നു. ഭര്‍ത്താവ് മാത്യുവിന്റെ ഫോണ്‍ വന്നപ്പോള്‍ മാത്രമാണു മറിയക്കുട്ടിക്കു പരുക്കേറ്റ വിവരം എല്‍സി പുറംലോകത്തെ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയായ മാത്യു പുലര്‍ച്ചെ 4നു ജോലിക്കു പോയാല്‍ വളരെ വൈകിയാണ് വീട്ടിലെത്തുക.

മറിയക്കുട്ടിയും മരുമകള്‍ എല്‍സിയും തമ്മില്‍ വഴക്കു പതിവായിരുന്നു. അതിനാല്‍ അയല്‍ക്കാരും ഇവിടേക്കു ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. കൃത്യം നടന്ന ബുധനാഴ്ച ഉച്ചയോടെ ചക്ക വേവിക്കുന്നതു സംബന്ധിച്ചാണു തര്‍ക്കം തുടങ്ങിയത്. വഴക്ക് കൂടിയപ്പോള്‍ കസേരയില്‍ നിന്ന് ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയ മറിയക്കുട്ടിയെ എല്‍സി തള്ളി താഴെയിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

മറിയക്കുട്ടി കോണ്‍ക്രീറ്റിന്റെ വാതില്‍പ്പടിയില്‍ തലയിടിച്ചു വീണു. തല പൊട്ടി ചോര ഒഴുകി. എല്‍സി മുറിക്കുള്ളിലേക്കു കയറിയ ശേഷം മറിയക്കുട്ടിയുടെ തലമുടിയില്‍ കുത്തിപ്പിടിച്ച് ഉയര്‍ത്തി വാതില്‍പ്പടിയില്‍ വീണ്ടും ഇടിപ്പിച്ചു. ഇതോടെ മറിയക്കുട്ടിയുടെ ഇടതു കൈ ഒടിയുകയും താടിയെല്ലു തകരുകയും ചെയ്തു.

പിന്നീട് ഭര്‍ത്താവ് വിളിച്ചപ്പോഴാണ് അമ്മ വീണു ചോരയില്‍ കുളിച്ചു കിടക്കുകയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും എല്‍സി പറയുന്നത്. മാത്യു എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. താന്‍ ചക്ക പറിക്കാന്‍ പോയപ്പോള്‍ എന്തോ വീഴുന്ന ഒച്ച കേട്ടുവെന്നും വന്നു നോക്കുമ്പോള്‍ അമ്മ ഉമ്മറപ്പടിയില്‍ വീണു കിടക്കുന്നതാണു കണ്ടതെന്നുമാണ് എല്‍സി ആദ്യം മാത്യുവിനോടും പൊലീസിനോടും പറഞ്ഞത്.

താന്‍ പിടിച്ചെഴുന്നേല്‍പിക്കുമ്പോള്‍ വീണെന്നാണു പിന്നീട് പൊലീസിനോടു പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് സംഘം വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായം തേടി. റൂറല്‍ എസ്പി നവനീത് ശര്‍മയും ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

വീട്ടില്‍ ഉച്ച മുതല്‍ ബഹളം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞതോടെ എല്‍സിയെ കസ്റ്റഡില്‍ എടുത്തു. മറിയക്കുട്ടി സ്വയം വീണതാണെന്ന മൊഴിയില്‍ ആദ്യം ഉറച്ചുനിന്നെങ്കിലും മുറിവുകളുടെ സ്വഭാവവും മൊഴിയിലെ വൈരുദ്ധ്യവും അയല്‍വാസികളുടെ മൊഴിയും ചൂണ്ടിക്കാട്ടി പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകമെന്നു വെളിപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ നടനും കോമഡി ആർട്ടിസ്റ്റുമായ ധർമ്മജൻ ബോൾഗാട്ടി മത്സരിച്ചേക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ ധർമജൻ ബോൾഗാട്ടി വടക്കൻ കേരളത്തിന്റെ ചുമതലയുളള എഐസിസി സെക്രട്ടറി പിവി മോഹനനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു താരത്തിന്റെ കൂടിക്കാഴ്ച നടത്തിയത്. ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് സംബന്ധിച്ചുളള കാര്യങ്ങൾ ചർച്ചയായെന്നാണ് സൂചന.

അതേസമയം ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കുന്നതിനെതിരേ ദളിത് കോൺഗ്രസ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയിൽ സജീവ പ്രവർത്തകർക്ക് അവസരം നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം വിശദമാക്കി ദളിത് കോൺഗ്രസ് നേതാക്കൾ കെപിസിസിക്കും രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചു.

അതേസമയം ധർമജന് എതിരല്ല തങ്ങളെന്നും ബാലുശ്ശേരിയിലെ കാര്യം മാത്രമാണ് സൂചിപ്പിച്ചതെന്നുമാണ് ദളിത് കോൺഗ്രസ് പറയുന്നത്. സെലിബ്രിറ്റിയായ ധർമജനെ കോൺഗ്രസ് സീറ്റിൽ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും ദളിത് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.

മലയാളികളില്‍ പ്രത്യേകിച്ച് പ്രവാസി മലയാളികളിലെ ഗായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹോളിവിഷന്‍ മ്യൂസിക്കും പോപ്പുലര്‍ വിഷന്‍ മീഡിയയും സംയുക്തമായി നടത്തിയ ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ 2020ന്റെ വിജയികളെ പ്രഖ്യാപിച്ചു. സ്‌കോട്‌ലാന്റിലെ എഡിന്‍ബറോയിലുള്ള ദീപാമോള്‍ ബിബിന്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനം നാല് പേര്‍ പങ്കിട്ടു. ഡോ. ഷെറിന്‍ ജോസ് പയ്യപ്പിള്ളി ബര്‍മ്മിംഹാം യുകെ, ആഷിറ്റാ

സേവ്യര്‍ ലീഡ്‌സ് യുകെ, പ്രിയ ജോമോന്‍ ബര്‍മ്മിംഹാം യുകെ, ശ്രുതി സാജു ന്യൂ ഡല്‍ഹി ഇന്ത്യ. ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ജെയ്‌മോന്‍ മാത്യൂ മൂന്നാമതെത്തി.

എബിസണ്‍ ജോസ്‌

ഗാന രചനാ രംഗത്തെ പുതുമുഖ സാന്നിധ്യമായ എബിസണ്‍ ജോസിന്റെ വരികളില്‍ ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങിയ ‘രാത്രി ക്രിസ്തുമസ്സ് രാത്രി’ എന്ന ആല്‍ബത്തിനെ ആധാരമക്കിയാണ് ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ സംഘടിപ്പിച്ചത്. യുകെയിലെ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ബിജു കൊച്ചു തെള്ളിയാണ് ഈ ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജെയ്‌മോന്‍ ചാക്കോ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചത് മലയാളിക്ക് പ്രിയപ്പെട്ട ഗായകന്‍ മധു ബാലകൃഷണനാണ്.

ബിജു കൊച്ചുതെള്ളിയില്‍

ആല്‍ബത്തിന്റെ പേരു പോലെ തന്നെ രാത്രി ക്രിസ്തുമസ്സ് രാത്രി എന്നു തുടങ്ങുന്ന ഗാനത്തിനെ ആധാരമാക്കി ക്രിസ്തുമസ്സ് കരോള്‍ ഗാനം പാടുക എന്നതായിരുന്നു മത്സര വിഷയം. ക്രിസ്തുമസ്സാഘോഷം കോവിഡ് കാലത്ത് പരിമിതപ്പെട്ടപ്പോള്‍ അതില്‍നിന്നൊരു ഉണര്‍വ്വേകാന്‍ ഈ കരോള്‍ ഗാന മത്സരത്തിന് കഴിഞ്ഞു എന്ന് എടുത്തു പറയേണ്ടതുണ്ട്. നൂറോളം

ജെയ്‌മോന്‍ ചാക്കോ

പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് പേരാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ ഇങ്ങനെയായിരുന്നു. ആലാപനത്തിന് 55%, കോസ്‌ററ്യൂം 5%, യൂറ്റിയൂബ് ലൈക് 40%. സംഗീത സംവിധായകനുള്‍പ്പെട്ട മൂന്നംഗ പാനലാണ് വിധി നിര്‍ണ്ണയം നടത്തിയത്. അമേരിക്ക, ഓസ്‌ട്രേലിയ, ഇസ്രായേല്‍, സൗദി അറേബ്യാ, ദുബായ്, ഇന്ത്യ, നൈജീരിയ തുടങ്ങിയ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നൂറോളം ഗായകരാണ് ഈ കരോള്‍ ഗാന മത്സരത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയ്ച്ചത്.
ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ 2020 ന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ പോപ്പുലര്‍ പ്രൊട്ടക്ടാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ഇന്റര്‍നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ ഗാന മത്സരം നടത്തുമെന്ന് സംഘാടകര്‍ അറിയ്ച്ചു.

രണ്ടാം സ്ഥാനം പങ്കിട്ടവര്‍..


ഡോ. ഷെറിന്‍ ജോസ് പയ്യപ്പിള്ളി


ആഷിറ്റാ സേവ്യര്‍


പ്രിയ ജോമോന്‍

ശ്രുതി സാജു

മൂന്നാം സ്ഥാനം


ജെയ്‌മോന്‍ മാത്യൂ

തെരെഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടവര്‍..

ഔദ്യോഗീക പ്രഖ്യാപനം ഗാന രചയിതാവ് നിര്‍വ്വഹിക്കുന്നു…

സാമ്പത്തിക തട്ടിപ്പു പരാതിയില്‍ പ്രതികരണവുമായി ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്ന് താരം പ്രതികരിക്കുന്നു. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

പരിപാടിക്കായി അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും സംഘാടകന് പരിപാടി നടത്താന്‍ സാധിക്കാത്തതാണ് കാരണമെന്നും താരം കൂട്ടിച്ചേര്‍ത്തു. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണമെന്നും സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. അതേസമയം, എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

പണം വാങ്ങിയിട്ടും പരിപാടിയില്‍ പങ്കെടുത്തില്ലെന്നു കാട്ടി പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തെ, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.

2016 മുതല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് ഷിയാസ് പരാതി നല്‍കിയത്.

നെയ്യാറ്റിന്‍കരയില്‍ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന്‍ വിപിന്‍ (32)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിപിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് മോഹനകുമാരിയുടേത് കൊലപാതകമായിരുന്നുവെന്ന് തെളിഞ്ഞത്. അമ്മ തന്റെ ഭാര്യയെ സ്‌നേഹിക്കുന്നില്ലെന്നും അവളെങ്കിലും സമാധാനത്തോടെ ജീവക്കട്ടേയെന്നാണ് വിപിന്‍ കുറിപ്പില്‍ എഴുതിയത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു വിപിനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനകുമാരി ഭാര്യ കൃഷ്ണമായയോട് പുറമേ മാത്രമാണ് സ്നേഹം കാണിക്കുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും കത്തില്‍ പറയുന്നു. കൃഷ്ണമായ ഒരാഴ്ച മുന്‍പ് മുതല്‍ മകള്‍ കല്യാണിക്കൊപ്പം മലയത്തെ വീട്ടിലായിരുന്നു.

വെള്ളിയാഴ്ച രാവിലെ കൃഷ്ണമായ വിപിനെ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസിയെ വിളിക്കുകയും അവര്‍ വീട്ടിലെത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപിന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ വാസുദേവന്‍ മരിച്ചു. അതിനുശേഷം അമ്മ കൂലിപ്പണിയെടുത്താണ് വിപിനെ വളര്‍ത്തിയതും പഠിപ്പിച്ചതും.

വിപിന്‍ ആരുമായും അത്ര അടുപ്പമുള്ള യുവാവല്ല. അമ്മ ഒത്തിര സ്‌നേഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് മരിക്കുമ്പോഴും വിപിന്‍ ഒപ്പം കൂട്ടിയതെന്നും ബന്ധുക്കള്‍ പറയുന്നു. സിമന്റ് കമ്പനിയിലെ ലോറിഡ്രൈവറാണ് വിപിന്‍. നാലുവര്‍ഷം മുന്‍പാണ് വിപിന്‍ കൃഷ്ണമായയെ വിവാഹം കഴിച്ചത്. രണ്ട് വയസുള്ള കുട്ടിയുമുണ്ട്.

കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ഒന്നും പ്രതികരിക്കാതെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. പ്രക്ഷോഭത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അതിന് അവസരം ഉണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. കര്‍ഷക സമരത്തില്‍ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ എതെങ്കിലും ഒരു പക്ഷം പിടിച്ചപ്പോള്‍ മലയാള താരങ്ങളാരും അഭിപ്രായപ്രകടനം നടത്താത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മോഹന്‍ലാല്‍ തന്ത്രപരമായി ഒഴിഞ്ഞ് മാറുകയായിരുന്നു.

കര്‍ഷക പ്രക്ഷോഭത്തില്‍ വിദേശ സെലിബ്രിറ്റികള്‍ പ്രതികരിക്കേണ്ടതില്ലെന്ന് കാണിച്ച് അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളും സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനെതിരേ തപ്സീ പന്നുവും സലിം കുമാറും ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളും രംഗത്തെത്തി. ഇതോടെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള ട്വിറ്റര്‍ ക്യാമ്പയിന്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തി.

ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ നിലപാട് ആരാഞ്ഞത്. നേരത്തേ, നോട്ട് നിരോധനത്തെ ഉള്‍പ്പെടെ പിന്തുണച്ച് മോഹന്‍ലാല്‍ ബ്ലോഗെഴുതിയിരുന്നു.

അതേസമയം, മലയാള താരസംഘടനയായ ‘അമ്മ’യ്ക്ക് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെ 10 കോടി ചെലവില്‍ കലൂരില്‍ നിര്‍മ്മിച്ച കെട്ടിടം മോഹന്‍ലാലും മമ്മൂട്ടിയും സംയുക്തമായാണ് ഉദ്ഘാടനം ചെയ്തത്.

പഴയ കെട്ടിടം വിലയ്ക്ക് വാങ്ങി പുതുക്കി പണിയുകയായിരുന്നു. ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ‘ ട്വന്റി 20’ മാതൃകയില്‍ പുതിയ ചിത്രം നിര്‍മ്മിക്കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. മുകേഷ് എംഎല്‍എ, സിദ്ധിഖ്, ഇടവേള ബാബു, ജഗദീഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കര്‍ഷക സമരത്തില്‍ വിവാദ ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് പിന്തുണയുമായി മലയാളി താരം എസ് ശ്രീശാന്തും.

സച്ചിന്‍ പാജി ഒരു വികാരമാണ്, എന്നെപ്പോലുള്ള നിരവധി പേര്‍ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണ്, ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല, ഇന്ത്യയില്‍ ജനിച്ചതിന് നന്ദി, അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും എന്നായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍. വിഷയത്തില്‍ സച്ചിന് പിന്തുണയുമായി #IstandwithSachin, #NationWithSachin എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ സജീവമാണ്. ഈ ഹാഷ്ടാഗ് പങ്കുവെച്ചായിരുന്നു ശ്രീശാന്ത് സച്ചിന് പിന്തുണ പ്രഖ്യാപിച്ചത്.

രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് അഭിപ്രായ പ്രകടനം നടത്തിയ സച്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. രാജ്യത്തിന് പുറത്തുള്ളവര്‍ കര്‍ഷക പ്രക്ഷോഭത്തെപ്പറ്റി അഭിപ്രായം പറയുന്നതില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ടായിരുന്നു സച്ചിന്റെ ട്വീറ്റ്.

‘ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ നില്‍ക്കാമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

പോപ് താരം റിഹാനയാണ് ആദ്യം കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയത്. റിഹാനയുടെ ട്വീറ്റാണ് കര്‍ഷക പ്രക്ഷോഭത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതും. സച്ചിനടക്കമുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ വിഷയത്തില്‍ ഇടപെട്ടത് റിഹാനയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു.

7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ശ്രീശാന്ത്, ഐപിഎല്‍ താരലേലത്തിനായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില.
കഴിഞ്ഞദിവസം സന്തോഷ് പണ്ഡിറ്റും സച്ചിന് പിന്തുണപ്രഖ്യാപിച്ചിരുന്നു.

ബി‌ജെപി സ്ഥാനാര്‍ഥി പട്ടികയില്‍ 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങള്‍ വേണമെന്ന് കേന്ദ്രനേതൃത്വം. ഒ.രാജഗോപാല്‍ ഒഴികെ കോര്‍കമ്മിറ്റി അംഗങ്ങളെല്ലാം മത്സര രംഗത്തുണ്ടായേക്കും. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മത്സരത്തിനുണ്ടാകണമെന്നാണ് കോര്‍കമ്മിറ്റിയിലെ പൊതുവികാരം. സുരേന്ദ്രന്‍ കളത്തിലിറങ്ങിയാല്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ േനമത്ത് തന്നെ മത്സരിക്കാനും സാധ്യതയുണ്ട്. കുമ്മനത്തിന്റെ േപരാണ് നിലവില്‍ നേമത്ത് പറഞ്ഞുകേള്‍ക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്ത് തന്നെ മത്സരിച്ചേക്കും.

ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് കാട്ടാക്കടയില്‍ ഇതിനകം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ജനറല്‍സെക്രട്ടറിമാരില്‍ എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും പി.സുധീര്‍ ആറ്റിങ്ങലും ജോര്‍ജ് കുര്യന്‍ കോട്ടയത്തും സി കൃഷ്ണകുമാര്‍ മലമ്പുഴയിലും മത്സരിക്കും. ഉപാധ്യക്ഷന്മാരില്‍ എ.എന്‍ രാധാകൃഷ്ണന്‍ മണലൂരിലും ശോഭാസുരേന്ദ്രന്‍ പാലക്കാടും മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വിവി രാജേഷും സംസ്ഥാന സെക്രട്ടറി കെപി പ്രകാശ്ബാബു കുന്ദമംഗലത്തും എസ് സുരേഷ് കോവളത്തും സ്ഥാനാര്‍ഥിയാകും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണന്‍ ബേപ്പൂരിലും മത്സരിക്കും.

വക്താവായ സന്ദീപ് വാര്യര്‍ തൃശ്ശൂരിലും മത്സരിക്കും. പ്രമീളാദേവി ജി രാമന്‍നായര്‍ തുടങ്ങി പാര്‍ട്ടിയിലെ നവാഗതര്‍ക്കും ഇത്തവണ സീറ്റുണ്ടാകും. മുന്‍ ഡി.ജി.പിമാരായ ജേക്കബ് തോമസും ടിപി സെന്‍കുമാറും സിനിമാസീരിയല്‍ നടന്‍മാരായ കൃഷ്ണകുമാറും വിവേക് ഗോപനും സ്ഥാനാര്‍ഥികളാകും കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരത്തിനിറങ്ങും,സോളാര്‍കേസ് പൊന്തിവന്ന സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടി കളത്തിലുണ്ടാകില്ലെന്നും സൂചനയുണ്ട്. പൊതുസമ്മതരായ കുറച്ചധികം പേര്‍ ഇത്തവണ മത്സരത്തിനുണ്ടാകണമെന്നും പൂര്‍ണമായും ആര്‍എസ്എസ് നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശമുണ്ട്.

RECENT POSTS
Copyright © . All rights reserved