റായ്പൂരിൽ നിന്നും 90 കി.മീ അകലെയുള്ള അങ്കാർമോത്തി ദേവി ക്ഷേത്രത്തിലെ ആയിരങ്ങൾ പങ്കെടുക്കുന്ന ഉൽസവത്തിലാണ് വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്ത സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ പ്രത്യേക ചടങ്ങ്.
ക്ഷേത്രത്തിന്റെ മുറ്റത്ത് നിരന്ന് കിടക്കുന്ന സ്ത്രീകളുടെ ശരീരത്തിലൂടെ ചവിട്ടി പൂജാരി കടന്നുപോകുന്നതാണ് ചടങ്ങ്. ആചാരത്തിന്റെ ഭാഗമായി കമിഴ്ന്ന് കിടക്കുന്ന നൂറോളം സ്ത്രീകളുടെ മുകളിലൂടെയാണ് ഇങ്ങനെ പൂജാരി നടന്നുപോവുക. ഇത്തവണയും ഒട്ടേറെ സ്ത്രീകൾ ഈ ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ വിഡിയോ ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചയാവുകയാണ്. ഇത്തരത്തിൽ ചടങ്ങ് പൂർത്തിയാക്കിയാൽ കുട്ടികളുണ്ടാകാനുള്ള അനുഗ്രഹം കിട്ടുമെന്നാണ് വിശ്വാസം.
ഈ മാസം 20ന് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസ്കോ, സാമൂഹിക അകലമോ പാലിക്കാതെ ആയിരങ്ങളാണ് ഉൽസവത്തിൽ പങ്കെടുത്തത്. അതേസമയം ഇത്തരം ആചാരങ്ങളെ താനൊരു വിധത്തിലും പിന്തുണയ്ക്കുന്നില്ലെന്നാണ് ഛത്തീസ്ഗഡ് വനിത കമ്മീഷന്‍ ചെയർപേഴ്സൺ കിർണമയി നായിക് വ്യക്തമാക്കുന്നു. എന്നാൽ വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്താത്ത സ്ത്രീകളെ ബോധവൽക്കരിക്കാനാണ് അധികൃതരുടെ നീക്കം.
#WATCH Hundreds of people gathered at the annual Madai Mela in Chhattisgarh’s Dhamtari on 20th November, amid the ongoing COVID19 pandemic pic.twitter.com/xZuFeNNrAO
— ANI (@ANI) November 22, 2020
ഡോ. ഷർമദ് ഖാൻ
ഏറ്റവും നല്ലൊരു ടോണിക്കാണ് തേൻ. അഞ്ച് കിലോ ആപ്പിളിൽ നിന്നോ, 7കിലോ കാരറ്റിൽ നിന്നോ നാൽപതോളം കോഴിമുട്ടയിൽ നിന്നോ ലഭിക്കുന്ന അത്രയും ഊർജ്ജം ഒരു കിലോഗ്രാം തേനിൽ നിന്നും ലഭിക്കും.
വില കൂടുതലുള്ള ഒരു ഭക്ഷ്യവസ്തുവും മരുന്നുമാണ് തേൻ. വിലകൂടിയതായതുകൊണ്ട് തന്നെ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളിൽ തേൻ കൂടി ഉൾപ്പെടുത്തുവാൻ സാധാരണക്കാരന് കഴിയുമായിരുന്നില്ല. എന്നാൽ അതിനേക്കാൾ വില കൂടുതലുള്ള ടിന്നിലടച്ച പല ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തിനെ നന്നാക്കുന്നതല്ലെന്ന് മനസ്സിലാക്കിയിട്ടും ഇപ്പോഴും തേൻ വാങ്ങി ഉപയോഗിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ തിരിഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം തേനിനെ കുറിച്ചുള്ള അറിവില്ലായ്മയും, അതിൽ ചേർക്കുന്ന മായവും, കൃത്രിമമായി തേൻ നിർമ്മിക്കുന്നുണ്ടെന്നതുമാണ്. വിശ്വാസയോഗ്യമായ തേൻ ഏതാണെന്ന ചോദ്യം നിലനിൽക്കുന്നുണ്ടെന്ന് സാരം.
ആയുർവേദം. അലോപ്പതി. ഹോമിയോ. യൂനാനി ചികിത്സകളിൽ തേൻ ഉപയോഗിക്കുന്നുണ്ട്. പ്രകൃതി ചികിത്സയിലെ പ്രധാന മരുന്നാണ് തേൻ. തേൻ മാത്രമായും നിരവധി രോഗങ്ങളിൽ പല മരുന്നുകൾക്കൊപ്പവും തേൻ ഉപയോഗപ്പെടുത്തുന്നതായി ആയിരക്കണക്കിന് സന്ദർഭങ്ങളിൽ പരാമർശമുണ്ട്.
ഏറ്റവും എളുപ്പത്തിൽ തേൻ പരിശോധിക്കുന്നതിന് സാധാരണയായി ഒരു മാർഗ്ഗമുണ്ട്. ശരിയായ തേനിന്റെ ഒരു തുള്ളി ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് ഇറ്റിച്ചാൽ ഒരു ഗോള രൂപത്തിൽ തന്നെ അത് താഴേക്ക് ചലിക്കുന്നത് കാണാം.കൃത്യമമായ തേനാണെങ്കിൽ വെള്ളത്തിന്റെ ഉപരിതലത്തിൽ വെച്ച്തന്നെ അത് പടർന്നു ലയിക്കുന്നതായും കാണാം. നല്ല തേൻ തിരിച്ചറിയാൻ മറ്റ് നിരവധി ഉപാധികൾ ഉണ്ടെന്ന കാര്യം മറക്കണ്ട.
പ്രമേഹരോഗമുള്ളവർ ചെറു തേൻ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അതും പ്രമേഹം നിയന്ത്രണ വിധേയമായിരിക്കുമ്പോൾ മതി.
തേൻ അടങ്ങിയ ജാമുകൾ മാർക്കറ്റിൽ ലഭിക്കുന്നുണ്ട്.എന്നാൽ അത് ചൂടുള്ള റൊട്ടിയിലോ ചപ്പാത്തിയിലോ പുരട്ടിയോ മറ്റ് ചൂടുള്ള വസ്തുക്കളോടൊപ്പമോ കഴിക്കാൻ പാടില്ല. ചൂടാറിയവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതുതന്നെ.
ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും തലച്ചോറിനും ദഹനത്തിനും നല്ലതാണ് തേൻ. കേടുകൂടാതെ ദീർഘനാൾ ഇരിക്കുവാനുള്ള കഴിവും തേനിന് മാത്രമുള്ളതാണ്.
തേൻ ഉപയോഗപ്പെടുത്താവുന്ന ചില പ്രാഥമിക ചികിത്സകൾ ഇനി പറയാം.
കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ഒരു ആയുർവേദ ഡോക്ടറിൽ നിന്നും തേടാവുന്നതാണ്.
ആസ്ത്മ രോഗികൾ രാത്രി കിടക്കാൻനേരം ഒരു ചെറുനാരങ്ങയുടെ നീരും അത്രയും അളവിൽ തേനും ചേർത്ത് യോജിപ്പിച്ച് ചുക്ക് പൊടിയോടൊപ്പം ഉപയോഗിച്ചാൽ രാത്രിയിലെ ശ്വാസംമുട്ടൽ കുറയും.
കുഞ്ഞുങ്ങൾക്ക് നിറം ലഭിക്കാൻ തേനിൽ പച്ച മഞ്ഞൾ ചേർത്ത് പുരട്ടി കുളിപ്പിക്കുക.
പല്ലിന്റെ ബലം വർദ്ധിപ്പിക്കുവാൻ കുട്ടികൾക്ക് തേൻ കൊടുക്കാം
തീ കൊണ്ടോ, നീരാവി കൊണ്ടോ, ചൂട് വെള്ളം വീണോ പൊള്ളലുണ്ടായാൽ തേൻ മാത്രമായോ തേനും നെയ്യും ചേർത്തോ പുരട്ടാം.
പുളിച്ചുതികട്ടലും മലബന്ധവും ശമിപ്പിക്കുവാൻ ഒരു ഗ്ലാസ് ചൂടാക്കിയ വെള്ളത്തിൽ പകുതിചെറുനാരങ്ങയുടെ നീര് ചേർത്ത് ഒരു സ്പൂൺ തേൻ കലർത്തി അതിരാവിലെ വെറും വയറ്റിൽ കുടിയ്ക്കുക.
തേൻ ചൂടാക്കിയോ,ചൂടുള്ള കാലാവസ്ഥയിലോ,ശരീരം ചൂട് പിടിച്ചിരിക്കുമ്പോഴോ,ചൂടുള്ള എന്തിന്റെയെങ്കിലും കൂടെയോ ഉപയോഗിക്കുന്നത് നല്ലതല്ല.
എന്നാൽ ചില രോഗാവസ്ഥകളിൽ മരുന്നായി ഉപയോഗിക്കാവുന്നതാണ്. ആഹാരമായി ഉപയോഗിക്കുമ്പോഴാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്.
ചൂടാറിയ റൊട്ടിയിലോ ചപ്പാത്തിയിലോ തേൻ പുരട്ടി നൽകുന്നത് കുട്ടികളിലെ വിരശല്യം ഒഴിവാക്കുവാൻ നല്ലത്.
ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് വെറും വയറ്റിൽ അതിരാവിലെ കുടിച്ചാൽ വണ്ണം കുറയും.
വണ്ണം വെക്കുവാൻ പച്ചവെള്ളത്തിൽ തേൻ ചേർത്ത് രാവിലെയും വൈകിട്ടും കുടിക്കാം.
ജലദോഷം കുറയ്ക്കുവാൻ തേനിൽ ചെറുനാരങ്ങയുടെ നീര് ചേർത്ത് കുടിക്കുക.
കിടക്കാൻ നേരം തേൻ കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും.
നിയന്ത്രണത്തിനുള്ള പ്രമേഹത്തിന് മഞ്ഞളും നെല്ലിക്കയും പൊടിച്ചോ, അരച്ചോ ചേർത്ത് തേൻ കൂട്ടിക്കഴിക്കാം.
ഗർഭിണികൾക്ക് ഒരു ടീ സ്പൂൺ തേൻ വീതം ദിവസവും കഴിക്കാം.
രക്തക്കുറവിന് രണ്ടുനേരവും ഒരു ടീ സ്പൂൺ വീതം തേൻ കുടിക്കണം.
ശരീരം തണുപ്പിക്കുന്നതിന് ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് തേൻ ചേർത്ത് കുടിക്കാം.
ക്ഷീണമുള്ളവർക്ക് ഒരു ഗ്ലാസ് പശുവിൻപാൽ കാച്ചി തണുപ്പിച്ച് മധുരം തോന്നുന്ന അത്രയും അളവിൽ തേൻ ചേർത്ത് പതിവായി കഴിക്കുക.
പനിയുള്ളപ്പോൾ തേൻ ചേർത്ത് ഇടയ്ക്കിടെ വെള്ളം കുടിക്കുകയും മറ്റ് ആഹാരം ഒഴിവാക്കുകയും ചെയ്യുക.
വിപണിയിൽ നല്ല തേൻ ലഭ്യമാക്കുന്നതിനും ചെറു തേൻ, വൻ തേൻ എന്നിവ വേർതിരിച്ച് കൊടുക്കുന്നതിനും സർക്കാരിൻറെ ശ്രദ്ധ പതിയേണ്ടതുണ്ട്.
രോഗികളും അല്ലാത്തവരും പ്രത്യേകിച്ചും കുട്ടികൾ തേനിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കാം.

ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .

മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ‘ബിഗ്ബി’യുടെ രണ്ടാം ഭാഗം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ മൂന്നു ദിവസം മുൻപാണ് രാജ്യം കോവിഡ് ലോക്ഡൗണിലേക്ക് പോയത്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് 2021ലേക്ക് മാറ്റി. കുരിശിങ്കൽ കുടുംബത്തിലെ ആ നാലാമനായ അബു ജോൺ കുരിശിങ്കലായി ദുൽഖറോ ഫഹദോ എത്തുമെന്ന ചർച്ച പുരോഗമിക്കുന്നതിനിടെ ആകാംക്ഷ സമ്മാനിക്കുന്ന ഉത്തരവുമായി എത്തിയിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്.
ഒരു അഭിമുഖത്തിലാണ് താരം അതേ കുറിച്ച് പറഞ്ഞത്.‘ ആ കഥാപാത്രമായി ഒരു സ്റ്റാർ തന്നെയെത്തും. അതു തീരുമാനമായി ആളെയും തീരുമാനിച്ചു. പക്ഷേ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. കാത്തിരിക്കൂ ഒരു താരം തന്നെ ആ വേഷത്തിലെത്തും. മമ്മൂക്ക വീടിന് പുറത്തിറങ്ങിയാൽ അന്ന് ബിലാൽ തുടങ്ങും.’ പ്രതീക്ഷയേറ്റി മംമ്ത പറഞ്ഞു. 2007ലായിരുന്നു ‘ബിഗ്ബി’ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ സ്റ്റൈലൻ കഥാപാത്രം ആരാധകർക്ക് എക്കാലത്തും പ്രിയപ്പെട്ടതാണ്.
മഞ്ചേരി കൂമങ്കുളത്ത് കുടുംബവഴക്കിനെത്തുടർന്നു യുവതി മരിക്കാനിടയായ സംഭവത്തിൽ ഭർത്താവ് കൂമംകുളം കളത്തിൽ പ്രസാദിനെ (40) കുടുക്കിയത് മക്കൾ നൽകിയ മൊഴി. ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ വച്ച് ചുമരിൽ തലയിടിച്ചു വീണാണ് കോവിലകംകുണ്ട് കോലാർകുന്ന് ഉണ്ണിക്കൃഷ്ണന്റെ മകൾ വിനിഷ (30) മരിച്ചത്. വിനിഷയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടയിൽ പ്രസാദ് പിടിച്ചു തള്ളിയപ്പോഴാണ് വിനിഷ തലയടിച്ചു വീണതെന്നു കുട്ടികൾ മൊഴി നൽകി. മഞ്ചേരി സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അയൽവാസികളാണ് വിനിഷയുടെ വീട്ടിൽ വിവരം അറിയിച്ചത്. സഹോദരനും പിതാവും ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. മകളുടെ മരണം െകാലപാതകമാണെന്നു സംശയിക്കുന്നുവെന്ന വിനിഷയുടെ പിതാവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രസാദ് അറസ്റ്റിലായത്. അമ്മയുടെ മൂക്കിൽ നിന്നും രക്തം വന്നെന്നും സ്ഥിരമായി അച്ഛൻ അമ്മയെ മർദ്ദിക്കാറുണ്ടെന്നുമുള്ള കുട്ടികളുടെ മൊഴി അയൽവാസികളും സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രസാദും വിനിഷയും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസം വിനിഷയുടെ ഫോൺ പരിശോധിക്കാൻ വാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ പിടിവലി ഉണ്ടായി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രസാദ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ തുനിഞ്ഞതെന്നും പൊലീസ് പറയുന്നു. തർക്കത്തിനിടെ പ്രസാദ് ഭാര്യയെ പിടിച്ചു തള്ളി. വിനിഷയുടെ തല ചുമരിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റു.
മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് വിനിഷ. പതിനൊന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ദമ്പതികൾക്കു വൈഗ (9) ആദിദേവ്(5) കിച്ചു( രണ്ടര) എന്നിങ്ങനെ മൂന്ന് മക്കൾ ഉണ്ട്.
മോസ്കോ: 52 ദിവസം തടവിൽ പാർപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ ഏഴ് വയസ്സുകാരനെ അതി നാടകീയ നീക്കത്തിനൊടുവിൽ മോചിപ്പിച്ചു. റഷ്യയിലെ വ്ളാദിമിർ മേഖലയിലെ മകാരിഗയിൽ വീടിന്റെ ഭൂഗർഭ അറയിൽനിന്നാണ് പ്രത്യേക ദൗത്യസംഘം കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ ദിമിത്രി കോപിലോവിനെ(26) പോലീസ് പിടികൂടി.
സെപ്റ്റംബർ 28-ന് സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ ഏഴ് വയസ്സുകാരനെയാണ് ദിമിത്രി കോപിലോവ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് തന്റെ വീട്ടിലെ രഹസ്യഅറയിൽ തടവിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട തടങ്കൽ ജീവിതത്തിനിടെ പ്രതി കുട്ടിയെ ‘ബ്രെയിൻവാഷ്’ ചെയ്തതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ പ്രതി ഡാർക്ക് വെബ്ബിൽ നടത്തിയ ചില ഇടപെടലുകളാണ് സംഭവത്തിൽ നിർണായകമായത്.
കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ ദിമിത്രി കോപിലോവ് ഇതേക്കുറിച്ച് ഡാർക്ക് വെബ്ബിലെ ചാറ്റുകളിൽ പ്രതിപാദിച്ചിരുന്നു. ഡാർക്ക് വെബ്ബിൽ സസൂക്ഷ്മം നിരീക്ഷണം നടത്തിയിരുന്ന അമേരിക്ക ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ ഇന്റലിജൻസ് സംഘങ്ങളും ഇന്റർപോളും ഇക്കാര്യം റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രതിയെ തിരിച്ചറിയാനും കുട്ടിയെ തടവിൽ പാർപ്പിച്ച സ്ഥലം മനസിലാക്കാനും ഇതിലൂടെ സാധിച്ചു. തുടർന്ന് പോലീസും സൈന്യവും വൊളന്റിയർമാരും ചേർന്ന പ്രത്യേക സംഘമാണ് പ്രതിയുടെ വീട്ടിൽനിന്ന് കുട്ടിയെ മോചിപ്പിച്ചത്.
ഇരുമ്പ് വാതിലും ജനലും തകർത്താണ് ഉദ്യോഗസ്ഥർ ഭൂഗർഭ അറയ്ക്കുള്ളിൽ പ്രവേശിച്ചത്. ഒരു കട്ടിലും ശബ്ദം പുറത്ത് കേൾക്കാതിരിക്കാനുള്ള സംവിധാനങ്ങളും രഹസ്യ അറയിലുണ്ടായിരുന്നു. ഭൂഗർഭ അറയിലാണ് കുട്ടിയെ തടവിൽ പാർപ്പിച്ചിരുന്നതെങ്കിലും വീടിന്റെ മുകൾ നിലയിലായിരുന്നു പ്രതിയുടെ താമസം.
പോലീസും സൈനിക ഉദ്യോഗസ്ഥരും വൊളന്റിയർമാരുമടക്കം ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ആയുധധാരികളായ ഉദ്യോഗസ്ഥർ പ്രതിയുടെ വീട് വളഞ്ഞ് നിമിഷങ്ങൾക്കകം രഹസ്യഅറയിലേക്കുള്ള വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മാതാപിതാക്കളെ കണ്ടതോടെ ഏഴ് വയസ്സുകാരൻ സന്തോഷവാനായെന്നും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായുള്ള പിന്തുണയും ചികിത്സയും ഇപ്പോഴും തുടരുകയാണെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് ബിജു രമേശ്. ‘അച്ഛന്റെ സെക്കന്‍ഡ് കസിന്റെ മകന്റെ മകളാണ് സ്വപ്ന സുരേഷ്. എന്നാല്‍ സുകേശനുമായി എനിക്ക് ബന്ധമൊന്നുമില്ല.’ ബിജു രമേശ് പറയുന്നു. അതേസമയം, സ്വപ്‌ന സുരേഷ് വിളിച്ചത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് മദ്യം ആവശ്യപ്പെട്ടായിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.
സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷ് എന്നെയും ഞാന്‍ സ്വപ്ന സുരേഷിനെയും വിളിച്ചിട്ടുണ്ട്. അത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടല്ല. എംബസിയില്‍ ഇരിക്കുന്നവര്‍ക്ക് കുറച്ച് ബോട്ടില്‍ വേണം അത് കിട്ടുമോ എന്ന് ചോദിച്ചിട്ടാണ് വിളിക്കുന്നത്. പിന്നീട് നോക്കിയിട്ട് ഉണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചുവിളിച്ചിച്ചു. അതിന്റെ വില എത്രയാണെന്ന് പറയാനും വിളിച്ചിരുന്നു. പിന്നീട് സ്വപ്ന പറഞ്ഞതുപ്രകാരം പിആര്‍ഒവന്ന് പൈസയും കൊടുത്ത് സാധനം വാങ്ങിക്കൊണ്ടുപോയി. ബിജു രമേശ് വ്യക്തമാക്കി.
അച്ഛന്റെ മരണവാര്‍ത്ത അറിയിച്ചും, അച്ഛന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് മദ്യം വേണമെന്നും ഉണ്ടാകുമോയെന്നും ചോദിച്ച് പിന്നീടും സ്വപ്ന വിളിച്ചിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
ചിയ്യാരത്ത് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന നീതു (21) എന്ന പെൺകുട്ടിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കുത്തി പരിക്കേൽപ്പിച്ചും പെട്രോളൊഴിച്ച് തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിൽ പ്രതി നിധീഷിന് ജീവപര്യന്തം തടവ് ശിക്ഷ. തടവിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.
ചിയ്യാരം വത്സലാലയത്തിൽ കൃഷ്ണരാജിന്റെ മകൾ നീതുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വടക്കേക്കാട് കല്ലൂർകോട്ടയിൽ നിധീഷിനെ(27) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പ് ഹൈക്കോടതി ഉൾപ്പടെ 17 തവണയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഏപ്രിൽ നാലിന് കൊലപാതകത്തിന് തൊട്ടുപിന്നാലെ അറസ്റ്റിലായ പ്രതി നാളിതുവരെ പുറംലോകം കണ്ടിട്ടില്ല. തടവ് ശിക്ഷ വിധിച്ചതോടെ ശിക്ഷാ കാലയളവ് കഴിയും വരെ ഒരു പക്ഷെ പ്രതിക്ക് പുറത്തിറങ്ങാനാകില്ല.
2019 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിനിയായിരുന്ന നീതുവിനെ നിധീഷ് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ 6.45ഓടെയായിരുന്നു സംഭവം.
കാക്കനാടുള്ള ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന നിധീഷ് നീതുവിനെ കൊലപ്പെടുത്താനായി ലക്ഷ്യം വെച്ച് കത്തിയും വിഷവും കൈവശം വെച്ചാണ് സംഭവസ്ഥലത്തെത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായി വിഷവും ഇയാൾ കൈയ്യിൽ കരുതിയിരുന്നു.
സംഭവദിവസം പുലർച്ചെ ബൈക്കിൽ നീതുവിന്റെ വീടിന്റെ പിൻവശത്തെത്തിയ പ്രതി പിൻവാതിലിലൂടെ വീട്ടിൽ പ്രവേശിച്ച് കുളിമുറിയിലായിരുന്ന നീതുവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേൽപ്പിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. നീതു തൽക്ഷണം മരിച്ചു. വിഷം കഴിച്ച് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ നിധീഷിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയും ചെയ്തു.
സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മിഷണറായ സിഡി ശ്രീനിവാസനാണ് അതിവേഗത്തിൽ കേസ് അന്വേഷണം പൂർത്തിയാക്കിയത്. 90 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചതോടെ പ്രതിക്ക് ജാമ്യത്തിനുള്ള സാവകാശവും ലഭിച്ചില്ല. സംഭവം നടന്ന് ഒന്നര വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയായതും അപൂർവമാണ്.
2020 ഓഗസ്റ്റ് 20 മുതൽ സാക്ഷിവിസ്താരം ആരംഭിച്ച കേസിൽ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂർത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കാലതാമസം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെഡി ബാബു ഹാജരായി.
കോടികൾ വെട്ടിച്ച് ഉടമകൾ നാടുവിടാൻ ശ്രമിച്ച പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറും. സിബിഐയ്ക്ക് അന്വേഷണം കൈമാറാൻ നിർദേശിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതാണ് കേസ്. കേസിൽ പ്രധാനപ്രതികൾ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ. മക്കളായ റിനു, റീബ, റിയ എന്നിവരാണ്. ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബഡ്‌സ് ആക്ട് (Banning of Unregulated Deposit Schemes Act)പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഇതുവരെ 1368 കേസുകളാണ് ഉള്ളത്. ഇവയിലെല്ലാം ഇനി സിബിഐ അന്വേഷണം നടത്തും. സിബിഐ അടിയന്തിരമായി കേസന്വേഷണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
നേരത്തെ കേസന്വേഷണം ഏറ്റെടുക്കാൻ സിബിഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നിത്യ മേനോൻ. മോഹൻലാൽ ചിത്രമായ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നിത്യ പിന്നീട് നിരവധി സിനിമകളിൽ നായികയായി തിളങ്ങി. മലയാളത്തിൽ യുവ താരനിര അണിനിരന്ന ഒരുപാട് ചിത്രങ്ങളിൽ നിത്യ മികച്ച വേഷങ്ങൾ ചെയ്ത് ഒരുപാട് ആരാധകരെ നേടി.
സമൂഹ മാധ്യമങ്ങളിലും മറ്റും തനിക്ക് എതിരെ ഉയർന്നു വരുന്ന ഒരു നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലന്ന് താരം തുറന്ന് പറഞ്ഞിരുന്നു. പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള താരമാണ് നിത്യ.നിത്യ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
ഇതിന്റെ സത്യാവസ്ഥ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത് ഇങ്ങനെ;
പ്രണയമുണ്ടായിരുന്നു. പ്രായവും പക്വതയുമാകും മുമ്പ്. 18ആം വയസിൽ പ്രണയിച്ച ആൾ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാൽ പൊരുത്തക്കേടുകൾ വന്നപ്പോൾ ആ ബന്ധം അവസാനിപ്പിച്ചു.
ഇപ്പോൾ വിവാഹം കഴിക്കണമെന്ന് തനിക്ക് നിർബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല തന്റെ ജീവിതം. ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ.
പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താൻ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇത്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേർത്ത് കഥകൾ പ്രചരിക്കാറുണ്ട്. ഇത് പതിവായതിനാൽ ഇതിനോടൊന്നും പ്രതികരിക്കാറില്ല.
മറുഭാഷയിൽ അഭിനയിച്ചപ്പോൾ വിവാഹിതരായ നായകൻമാരുമായി ചേർത്തുവെച്ചുള്ള പ്രണയ കഥകൾ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആർക്കായാലും വലിയ പ്രയാസം ഉണ്ടാക്കും. നിത്യ പറഞ്ഞു.
കണ്ണൂർ:കാല്‍പന്തില്‍ ഇന്ദ്രജാലം തീര്‍ത്ത് ബി.എൽ അഖില യു ആർ എഫ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചു.കാല്‍ പന്തിന്റെ ഈറ്റില്ലമായ ബ്രസീലിലെ ജോഷ്വ ഡ്യുറേറ്റ് സ്ഥാപിച്ച റെക്കാര്‍ഡാണ് ഈ മിടുക്കി തകര്‍ത്തത്.ഒരുമിനുട്ടില്‍ നിലത്തുവീഴ്ത്താതെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ പന്ത് ജഗ്ലിങ്ങ് നടത്തിയാണ് അഖില റെക്കോര്‍ഡ് കരസ്ഥമാക്കിയത്.171 തവണയാണ് ഈ കൊച്ചു താരം ജഗ്ളിങ്ങ് ചെയ്തത്.കണ്ണൂര്‍ ചെറുകുന്ന് ബൈജുവിന്റെയും ലിമയുടെയും രണ്ടാമത്തെ മകളാണ് അഖില.
ചെറുകുന്ന് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന അഖിലയ്ക്ക് ജി വി രാജ സ്‌പോട്‌സ് സ്‌കൂളിലേക്ക് സെലക്ഷനും ലഭിച്ചിട്ടുണ്ട്.പയ്യന്നൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂളിലെ കിക്കോഫ് പരിശീലന കേന്ദ്രത്തിലാണ് പരിശീലനം നടത്തുന്നത്. നിലവില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന ഏക കേന്ദ്രമാണ് പയ്യന്നൂരിലേത്.ചെറിയ പ്രായത്തില്‍ തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്തി ഫുട്‌ബോളില്‍ ലോകനിലവാരത്തില്‍ പരിശീലനം നല്‍കാന്‍ കായികവകുപ്പ് നടപ്പാക്കിയ കിക്കോഫ് പരിശീലന പദ്ധതി വലിയ വിജയമായി എന്ന് തെളിയിക്കുന്നതാണ് അഖിലയ്ക്ക് ലഭിച്ച ഈ അംഗീകാരമെന്ന് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ചീഫ് എഡിറ്റർ ഗിന്നസ് ഡോ.സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു.വിവിധ ജില്ലകളിലായി 19 കേന്ദ്രങ്ങളിലാണ് കിക്കോഫ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ ജഗ്ലിങ്ങ് അറ്റ് ഹോം മത്സരത്തില്‍ ഒന്നാമതെത്തിയ അഖിലയുടെ പന്ത് തട്ടുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഇ പി.ജയരാജൻ അഖിലയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.ഫോര്‍വേഡ് പൊസിഷനില്‍ കളിച്ച് ലോകമറിയപെടുന്ന ഫുട്‌ബോളറാകാന്‍ കൊതിക്കുന്ന താരത്തിന് ആശംസകൾ നേർന്ന് കൊണ്ട് കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ കുറിച്ചു.വമ്പന്‍ താരങ്ങളോട് കിടപിടിക്കുന്ന നിലയിൽ പ്രകടനം നടത്തുന്ന അഖില കളിക്കളത്തില്‍ ഉയരങ്ങളില്‍ എത്താനാകട്ടെയെന്ന് മന്ത്രി ഇ പി.ജയരാജൻ ആശംസിച്ചു.
കാൽപന്ത് തട്ടി കണ്ണൂർ ഗ്രാമത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച അഖിലയെ സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ചെയർമാൻ രാജു പള്ളിപറമ്പിൽ, പ്രസിഡൻ്റ് ജെ.ഉദയകുമാർ വലിയ മഠം, വൈസ് പ്രസിഡൻ്റ് പ്രദീപ് റ്റി.കണ്ണൻ എന്നിവർ അഭിനന്ദിച്ചു