സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55 . 122 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേർ. 36 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 4 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, കോട്ടയം മലപ്പുറം, തൃശൂർ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ന് മുകളിലാണ്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 227
മലപ്പുറം 112
ഇടുക്കി 7
കോഴിക്കോട് 67
കോട്ടയം 118
പാലക്കാട് 86
തൃശൂര്‍ 109
കണ്ണൂര്‍ 43
കാസര്‍കോട് 38
ആലപ്പുഴ 84
കൊല്ലം 95
പത്തനംതിട്ട 63
വയനാട് 53
എറണാകുളം 70
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 170
കൊല്ലം 70
പത്തനംതിട്ട 28
ആലപ്പുഴ 80
കോട്ടയം 20
ഇടുക്കി 27
എറണാകുളം 83
തൃശൂര്‍ 45
പാലക്കാട് 40
മലപ്പുറം 34
കോഴിക്കോട് 13
വയനാട് 18
കണ്ണൂര്‍ 15
കാസര്‍കോട് 36
കഴിഞ്ഞ 24 മണിക്കൂറിനകം 19,140 സാംപിളുകള്‍ പരിശോധിച്ചു. 1,50,816 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,091 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9609. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 20,896 പേർക്കാണ്. ഇതുവരെ ആകെ 3,62,210 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6596 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,16,418 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,13,073 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 486 ആയി.
കോട്ടയം ജില്ലയില്‍ 118 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. 18 പേര്‍ രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കോവിഡ് മുക്തരായി ആശുപത്രി വിട്ടു. നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര്‍ രോഗമുക്തരായി.
കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ മല്ലികയെ(40) ജുലൈ 15 മുതല്‍ കാണാതായിരുന്നു. ഭര്‍ത്താവിന്റെ പരാതി പ്രകാരം കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുന്നംകുളം ഇന്‍സ്പെക്ടര്‍ കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ചു. അയല്‍വാസിയായ വിജീഷിനേയും കാണാനില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ഇരുവരുടേയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സൈബര്‍ സെല്ലിനു കൈമാറി. ഇടയ്ക്കെപ്പോഴെ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ സൈബര്‍ സെല്ലിന് ലൊക്കേഷന്‍ കിട്ടി. തിരുവനന്തപുരം കിളിമാനൂരില്‍ ലോഡ്ജില്‍ കഴിയുകയായിരുന്നു ഇരുവരും. പൊലീസ് സംഘം തിരുവനന്തപുരത്ത് പോയി ഇരുവരേയും പിടികൂടി.
കുന്നംകുളം സ്റ്റേഷനില്‍ കൊണ്ടുവന്ന ശേഷം ഭര്‍ത്താവിനേയും മക്കളേയും വിവരമറിയിച്ചു. മക്കള്‍ കരഞ്ഞു പറഞ്ഞിട്ടും വീട്ടമ്മ കൂട്ടാക്കിയില്ല. ഭര്‍ത്താവും പലതവണ പറഞ്ഞു. എല്ലാം മറന്ന് വീണ്ടും ഒന്നിച്ചു ജീവിക്കാമെന്ന്.പക്ഷേ, കാമുകനൊപ്പം പോകാനാണ് തീരുമാനമെന്ന് കൃത്യമായി പൊലീസിനോട് പറഞ്ഞു. കാമുകനാകട്ടെ അവിവാഹിതനുമാണ്. കൂലിപണിക്കാരനാണ് ഭര്‍ത്താവ്. കാമുകന്‍ അയല്‍വാസിയും കോണ്‍ക്രീറ്റ് പണിക്കാരനുമാണ്. ഭര്‍ത്താവും മക്കളും സ്റ്റേഷനില്‍ നിന്ന് മടങ്ങിയ ശേഷം പൊലീസ് ഒരു കാര്യം തീരുമാനിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയുമോയെന്ന് നിയമോപദേശം തേടി.
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയ്ക്കെതിരെ കേസെടുത്തു. ഇതിനു പ്രേരണ നല്‍കിയതിന് കാമുകന്‍ വിജീഷും പ്രതിയായി. കോടതിയില്‍ ഹാജരാക്കിയ രണ്ടു പേരേയും രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടു. ഉടനെ, മല്ലിക പൊലീസിനോട് ഒരു കാര്യം ആവശ്യപ്പെട്ടു. ജാമ്യത്തിലിറക്കാന്‍ നിയമസഹായം വേണം. ഒരാളെ ഫോണ്‍ ചെയ്യാനുണ്ട്. വിളിച്ചതാകട്ടെ ഭര്‍ത്താവിനെ. ‘‘ജാമ്യത്തിലിറക്കിയാല്‍ കൂടെ വരാമെന്നായിരുന്നു പറഞ്ഞത്’’.
സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ഉള്ളത് ‘ഹൃദയം’ എന്ന തന്റെ പുതിയ പ്രൊജക്ടിലായിരിക്കുമെന്ന് വിനീത് ശ്രീനിവാസന്‍. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹൃദയം അമ്പത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. കൊവിഡ് മൂലം നിര്‍ത്തിവച്ചിരിക്കുന്ന സിനിമ നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാനാവുന്നതല്ലെന്നും വിനിത് ശ്രീനിവാസന്‍ പറയുന്നു.
‘ഹൃദയം’ പ്ലാന്‍ ചെയ്യുമ്പോള്‍ അതിന്റെ സെക്കന്റ് ഹാഫില്‍ നിറയെ ആള്‍ക്കൂട്ടങ്ങള്‍ ആവശ്യമുളള ഇടങ്ങളുണ്ട്. അതെല്ലാം അങ്ങനെതന്നെ ചെയ്യണം. എത്ര സമയം എടുത്താലും നമ്മള്‍ വിചാരിച്ചിരുന്നതുപോലെ തന്നെ ചെയ്യാമെന്നാണ് കരുതുന്നത്. പ്രൊഡ്യൂസേഴ്‌സും അതുതന്നെയാണ് പറയുന്നത്. കുറച്ചു കല്ല്യാണങ്ങളൊക്കെയുണ്ട് സെക്കന്റ് ഹാഫില്‍. അതെല്ലാം ആഗ്രഹിച്ചപോലെതന്നെ ഷൂട്ട് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
പ്രണവിനെ എനിക്ക് മുമ്പ് വലിയ പരിചയം ഇല്ലായിരുന്നു. വല്ലപ്പോഴും ഏതെങ്കിലും ചടങ്ങുകള്‍ക്കൊക്കെ കണ്ടിട്ടുണ്ടെന്നേ ഉളളു. കല്യാണിയെ ചെറുപ്പം മുതലേ ചെന്നൈയില്‍ വെച്ച് കാണുമായിരുന്നു. ആ സമയത്ത് അവിടെ ഒരുപാട് ഷൂട്ടുകള്‍ നടക്കുമായിരുന്നല്ലോ, അന്ന് വെക്കേഷന്‍ സമയത്ത് അച്ഛനെവിടെയാണോ ഷൂട്ട് അവിടെച്ചെന്ന് ഞങ്ങള്‍ താമസിക്കാറുണ്ടായിരുന്നു. ആ സമയത്ത് ചെന്നൈയില്‍ വരുമ്പോഴൊക്കെ കല്യാണിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എടുത്ത് നടന്നിട്ടൊക്കെയുണ്ട്.
മലര്‍വാടിയും തട്ടവും കഴിഞ്ഞ് ‘ആനന്ദം’ പ്രൊഡ്യൂസ് ചെയ്തു. ആ സിനിമയില്‍ ഫുള്‍ പുതിയ ആള്‍ക്കാരാണ്. ‘ഹെലന്‍’ ആണെങ്കിലും അതേ. അന്നയും ഒറ്റ സിനിമയുടെ മാത്രം എക്‌സ്പീരിയന്‍സ് അല്ലേ ഉള്ളൂ. നോബിളും പുതിയ ആളാണ്. അതിലെ മറ്റ് കുഞ്ഞ് കുഞ്ഞ് ആക്ടേഴ്‌സൊക്കെ പുതിയ ആള്‍ക്കാരാണ്. ‘ഹൃദയ’ത്തില്‍ ശരിക്കും, പ്രണവ്, കല്യാണി, ദര്‍ശന അങ്ങനെ ലീഡ് റോള്‍ ചെയ്യുന്ന കുറച്ച് ആളുകള്‍ ഒഴിച്ചാല്‍ തീയറ്റര്‍ സര്‍ക്യൂട്ടില്‍ നിന്ന് നമ്മള്‍ കാസ്റ്റ് ചെയ്തിട്ടുളള ഒരുപാട് ആക്ടേഴ്‌സുണ്ട്. ഒന്നു രണ്ടു സിനിമകള്‍ ചെയ്തിട്ടുളളവരുണ്ട്, ഫസ്റ്റ് സിനിമ ചെയ്യുന്നവരുണ്ട്, ഷോര്‍ട് ഫിലിംസൊക്കെ ചെയ്ത് അത് കണ്ടിട്ട് നമുക്ക് ഇഷ്ടപ്പെട്ടിട്ടുളള ചില പിള്ളേരെയൊക്കെ നമ്മളിങ്ങനെ വിളിച്ചിട്ടുണ്ട്. ‘ഹൃദയ’ത്തില്‍ ഒരുപാട് പുതിയ ആളുകളുടെ കാസ്റ്റിങ് ഉണ്ട്. നമ്മളതിന്റെ ഡീറ്റെയ്ല്‍ ഒന്നും പുറത്തുവിട്ടിട്ടില്ലെന്നേ ഉള്ളു. ‘തട്ടത്തിന്‍ മറയത്തി’ന്റെ അന്തരീക്ഷം വീണ്ടും വന്നതുപോലെയാണ് എന്റെ അനുഭവം. ഞാന്‍ പഠിച്ച കോളേജില്‍ തന്നെയാണ് ഹൃദയം ഷൂട്ട് ചെയ്തത്.
രാവിലെ ആറേമുക്കാലിന് ലൊക്കേഷനില്‍ ചെല്ലുമ്പോഴേയ്ക്കും അവിടെ ഇഷ്ടം പോലെ പിള്ളേരുണ്ടാവും. ഇവരെവെച്ച് നമ്മളങ്ങ് തുടങ്ങുവാണ്. തട്ടം കഴിഞ്ഞിട്ട് ഞാന്‍ അതേ ഒരു എനര്‍ജിയോടെ വര്‍ക്ക് ചെയ്യുന്ന പടം ‘ഹൃദയ’മാണ്. ഒരു സീനില് വന്നുപോകുന്ന ആളുകള്‍ അടക്കം പുതിയ ആള്‍ക്കാരാണ്. കാമറമാന്‍ വിശ്വജിത്തിന്റെ ആദ്യ പടമാണ്. കോസ്റ്റ്യൂം ഡയറക്ടറുടെ സെക്കന്റ് ഫിലിമാണ്. ആര്‍ട് ഡയറക്ടറുടെ ഫസ്റ്റ്ഫിലിമാണ്. മ്യൂസിക് ഡയറക്ടറുടേതും. നമുക്കൊരുപാട് പ്രിവിലജസ് കിട്ടുന്നുണ്ടല്ലോ, അപ്പോള്‍ അത് ബാലന്‍സ് ചെയ്യേണ്ട ഉത്തരവാദിത്വം എല്ലാ ഡയറക്ടേഴ്‌സിനുമുണ്ട്. ഞാനത് ബോധപൂര്‍വ്വം ആലോചിക്കാറുമുണ്ട്.
ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍. പെരുമ്ബാവൂര്‍ സ്വദേശി ബിനു പോളിന്റെയും മേരിയുടേയും മകളായ സമീക്ഷ പോളിനെയാണ് (15) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അജ്മാന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സമീക്ഷ. കുട്ടിയുടെ മരണത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷാര്‍ജയിലെ അല്‍ താവൂനിലെ താമസസ്ഥലത്ത് ഇന്നലെ അര്‍ദ്ധരാത്രിയാണ് സമീക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. മലയാളി ദമ്ബതികളുടെ ഇരട്ട പെണ്‍കുട്ടികളിലൊരാളായ സമീക്ഷ ചാടി ജീവനൊടുക്കിയതെന്നാണ് ആദ്യ വിവരം. കെട്ടിടത്തില്‍ നിന്ന് വീണതായി വിവരം ലഭിച്ചതനുസരിച്ച് ബുഹൈറ പൊലീസ് എത്തിയാണ് ഗുരുതര നിലയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൊലീസ് പുലര്‍ച്ചെ വീട്ടിലെത്തി വിവരങ്ങള്‍ അറിയിച്ചപ്പോഴാണ് അപകടവിവരം സമീക്ഷയുടെ മാതാപിതാക്കളറിഞ്ഞത്. ഇവരെ ചോദ്യം ചെയ്ത പൊലീസ് മുറികള്‍ പരിശോധിച്ചു. ഇരട്ട സഹോദരിക്കൊപ്പമാണ് സമീക്ഷ ഉറങ്ങാന്‍ കിടന്നിരുന്നത്.
ബിനു പോള്‍ ദുബായിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സഹോദരി: മെറിഷ് പോള്‍. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്കരിക്കാനാണ് തീരുമാനമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
ഹെൽമറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് യുവാവിൻ്റെ നെറ്റിയിൽ ബൈക്കിൻ്റെ താക്കോൽ കുത്തിയിറക്കി. ഉത്തരാഖണ്ഡ് ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ രുദ്രപൂരിൽ തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ നാട്ടുകാർ ചോദ്യം ചെയ്‌തതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. സംഭവത്തിൽ സബ് ഇൻസ്പെക്‌ടർ ഉൾപ്പെടെ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു.
ബൈക്ക് യാത്രികനായ ദീപക് (20) എന്ന യുവാവിനാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പീഡനം നേരിടേണ്ടി വന്നത്. സുഹൃത്തിനൊപ്പം വരുന്നതിനിടെ ദീപക്കിനെ പോലീസ് തടഞ്ഞു. ഹെൽമറ്റ് ധരിക്കാത്തത് ചോദ്യം ചെയ്‌തു. പെട്രോൾ തീരാറായതിനാൽ പെട്രോൾ നിറയ്‌ക്കാൻ പോയതാണെന്ന് ദീപക് പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. തുടർന്ന് ബൈക്കിൻ്റെ താക്കോൽ ഊരിയെടുക്കുകയും യുവാവിൻ്റെ നെറ്റിയിൽ കുത്തിയിറക്കുകയും ചെയ്‌തു.
മൂന്ന് പൊലീസുകാരാണ് യുവാക്കൾക്ക് നേരെ അതിക്രമം നടത്തിയത്. ഇതിനിടെ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമീപത്ത് നിന്നവർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. പോലീസ് നടപടിയെ ചോദ്യം ചെയ്‌ത് ആളുകൾ കൂട്ടം കൂടിയതോടെ ചെറിയ തോതിൽ സംഘർഷമുണ്ടായി. തടിച്ചു കൂടിയവരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശിയതോടെ പ്രശ്‌നം കൂടുതൽ വഷളായി. ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്‌തു.
പോലീസ് നടപടിയിൽ ഭയന്ന യുവാവ് സംഭവസ്ഥലത്ത് നിന്നും അതിവേഗം മടങ്ങിയെങ്കിലും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നടപടി വിവാദമായതോടെ പ്രദേശത്തെ എംഎല്‍എ രാജ്കുമാര്‍ തുക്രാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ചതായും പോലീസ് സൂപ്രണ്ട് ദലീപ് സിംഗ് കുൻവാർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ എൻഐഎ സംഘം മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യംചെയ്യൽ നടത്തിയിരുന്നു. ഏതാണ്ട് ഒമ്പത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിനോട് ഇന്ന് വീണ്ടും എൻഐഎ ഓഫീസിൽ ഹാജരാകാൻ അന്വേഷണസംഘം നിർദേശിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണസംഘത്തിന്റെ മുന്നിൽ ഹാജരായി. ശിവശങ്കർ നേരത്തെ തിരുവനന്തപുരത്ത് വെച്ച് നൽകിയ മൊഴിയും ഇന്നലെ കൊച്ചി ആസ്ഥാനത്ത് വെച്ച് നൽകിയ മൊഴിയും തമ്മിലുള്ള പൊരുത്തക്കേടുകൾ വ്യക്തത വരുത്തുകയെന്നതാണ് എൻഐഎയുടെ ലക്ഷ്യം.
എന്നാൽ മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയിലേക്ക് അന്വേഷണസംഘം നീങ്ങാനും സാധ്യതയുണ്ട്. പ്രത്യേകം എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് ഇന്നലെ എൻഐഎ സംഘം ചോദിച്ചത്. എന്നാൽ പല ചോദ്യങ്ങൾക്കും വ്യക്തമായ രീതിയിലുള്ള ഉത്തരം നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. എൻഐഎയുടെ ദക്ഷിണേന്ത്യൻ മേധാവി കെ ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ജീവനക്കാരിയെന്ന നിലയിലാണ് പരിചയമെന്ന് ശിവശങ്കർ പറഞ്ഞു.
സ്വപ്നയുടെ ഭർത്താവ് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട് സന്ദർശിച്ചതെന്നും ശിവശങ്കർ എൻഐഎയ്ക്ക് മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികൾ ഗൂഢാലോചന നടത്തുന്നതിനായി തിരുവനന്തപുരത്ത് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് ശിവശങ്കർ സഹായിച്ചത് സ്വപ്നയുടെ ഭർത്താവിന്റെ അഭ്യർത്ഥനയെ തുടർന്നാണ്. എന്നാൽ അവരുടെ വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറച്ചു ദിവസത്തേക്ക് മാറി താമസിക്കുന്നതിനുവേണ്ടി ഫ്ലാറ്റ് വേണമെന്നുള്ള ആവശ്യം സ്വപ്നയുടെ ഭർത്താവ് ഉന്നയിചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് റെഡിയാക്കി കൊടുത്തതെന്നും ശിവശങ്കർ മൊഴിയിൽ പറയുന്നു.
കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളിലും ബാധിച്ചിട്ടുള്ളതിനാൽ പലരും ഇപ്പോൾ വീട്ടിൽ തന്നെ ഇരിപ്പാണ്. പലരും വർക്ക് അറ്റ് ഹോം വഴി ജോലികളും, പഠനങ്ങളും മുന്നോട്ട് കൊണ്ട് പോകുന്നുമുണ്ട്. ലൈവ് സ്ട്രീമിങ് നടക്കുന്നതിന്റെ ഇടയിലുണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാഷ്ട്രീയ നേതാവുമായി ലൈവിൽ ചർച്ച നടക്കുന്നതിന്റെ ഇടയിലാണ് നഗ്നയായി ഭാര്യയുടെ കടന്ന് വരവ്.
പൊളിറ്റിക്സ് ലൈവ് എന്ന ഇൻസ്റ്റാഗ്രാം ചാനലിലെ പരിപാടിക്ക് ഇടയിലാണ് ഇ സംഭവമുണ്ടായത്. ബ്രസിൽ മുൻ പ്രെസിഡെൻഷ്യൽ സ്ഥാനാർഥി ഗിലിയറാമേ ബൗലോസുമായുള്ള ചർച്ചക്ക് ഇടയിൽ അവതാരകനായ ഫാബിയോ പോർച്ചാട്ടിനാണ് ഇ അവസ്ഥ ഉണ്ടായത്. ചർച്ചക്ക് ഇടക്ക് അദ്ദേഹത്തിന്റെ ഭാര്യ നതാലിയാണ് കുളി കഴിഞ്ഞ് ടവൽ മാത്രം തലയിൽ കെട്ടി നടന്നു പോയത്.
പക്ഷേ ഭർത്താവ് ലൈവ് ചർച്ചയിലാണ് എന്ന് മനസിലാക്കിയ നതാലി വീഡിയോയിൽ വരാത്ത രീതിയിൽ കുനിഞ്ഞു കൊണ്ടാണ് നടന്നതെങ്കിലും പക്ഷേ ക്യാമറയിൽ പെട്ടിരുന്നു. എല്ലാവരും നിന്നെ കണ്ടുവെന്ന് ഫാബിയോ പറഞ്ഞപ്പോൾ അപ്പോൾ നിങ്ങൾ കണ്ടോയെന്ന് മറു ചോദ്യം ഭാര്യയും ചോദിച്ചു. എല്ലാവർക്കും കാണാം ബൗലോസും കണ്ടു എന്ന് ഫാബിയോ വീണ്ടും മറുപടി നൽകിയതോടെ ബൗലോസ് അടക്കം ചിരിച്ചു കൊണ്ടാണ് ചർച്ച പുരോഗമിച്ചത്.
കേന്ദ്രസർക്കാർ ചൈനയുമായി ബന്ധമുള്ള 47 ആപ്പുകൾക്ക് കൂടി നിരോധിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ്. മോഡി സർക്കാരിന് പബ്ജി നിരോധിക്കണം, പക്ഷെ ഗെയിം കളിക്കുന്നത് നിർത്തുന്ന യുവാക്കൾ ആദ്യം ചോദിക്കുന്നത് തൊഴിലില്ലായ്മയെ കുറിച്ചായിരിക്കുമെന്നാണ് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞത്.
‘മോഡിജിക്ക് പബ്ജി നിരോധിക്കണം, പക്ഷെ മനസില്ലാക്കാൻ സാധിക്കുന്ന കാര്യമിതാണ്, കളിയുടെ മായാലോകത്ത് നിന്ന് യുവാക്കൾ പുറത്ത് കടന്നാൽ ചോദിക്കാൻ പോകുന്നത് ജോലിയെക്കുറിച്ചും അതുപോലുള്ള ചില യാഥാർത്ഥ്യങ്ങളെ കുറിച്ചുമായിരിക്കും. അത് ഒരു വലിയ പ്രശ്‌നമാണ്,’ അഭിഷേക് മനു സിങ്‌വി പറഞ്ഞു.
തിങ്കളാഴ്ചയാണ് ചൈനയുമായി ബന്ധമുള്ള 47 ആപ്പുകൾ ചൈന നിരോധിക്കുന്നത്. നേരത്തെ നിരോധിച്ച 59 ആപ്പുകളിൽ പലതിന്റെയും ക്ലോൺ പതിപ്പുകൾ ലഭിക്കുന്നുണ്ടെന്ന് കാരണം കാണിച്ചാണ് 47 ആപ്പുകളെ കൂടി നിരോധിച്ചത്.ടിക്ടോക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയർഇറ്റ് ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ് തുടങ്ങിയ ക്ലോൺ ആപ്പുകളാണ് നിരോധിച്ചത്.ഇതിന് പുറമെ പബ്ജിയടക്കമുള്ള 200 ആപ്പുകൾ കൂടി നിരോധിക്കാനാണ് നീക്കം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, വിവിധ രാജ്യങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച ഫോണ്‍ കോളുകളെ കുറിച്ച് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. പൃഥ്വിരാജാണ് തന്നെ ആദ്യം വിളിച്ചതെന്നും, പിന്നീട് മൂന്നരമാസക്കാലം ഉറക്കമില്ലാത്ത രാത്രികളായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിലെ നമസ്‌തേ കേരളം പരിപാടിയില്‍ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.
ഇപ്പോഴും പല രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ വിളിക്കുന്നുണ്ട്. കോളുകള്‍ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തില്‍ മാസിക ഘടന റീ സ്ട്രക്ച്ചര്‍ ചെയ്തതിന്റെ ഭാഗമായി ഇത്തവണ പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റിയില്ലെന്നും സുരേഷ് ഗോപി പറയുന്നു.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
‘വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ വലിയ വിഭാഗം ആളുകള്‍, അതില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയാലും അല്ലാത്തവരായാലും മന്ത്രിമാരായാലും നോര്‍ക്ക, കൊവിഡ് വാര്‍ റും വഴി പലവിധ ആവശ്യങ്ങളുമായി വിളിച്ചിരുന്നു. ഞങ്ങള്‍ക്കൊരു സുരക്ഷ വേണം, നാട്ടില്‍ എത്തുമ്പോള്‍ എത്താന്‍ കഴിയട്ടെ എന്ന് ആദ്യം പറഞ്ഞത് പൃഥ്വിരാജാണ്. ഐശ്വര്യ പൂര്‍ണമായ തുടക്കമായിരുന്നു അത്. അന്ന് മുതല്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഏതാണ്ട് മൂന്നരമാസക്കാലം ഇപ്പോഴും ഇന്നലെയും ഫിലിപ്പീന്‍സില്‍ നിന്നും വരാനുളള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് കോളുകള്‍ വന്നിരുന്നു. ഇത് ഒരിക്കലും ഇങ്ങനെ അണമുറിയാതെ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്.
ലോകത്തിന്റെ ഒരു ഭാഗത്ത് പകലാകുന്ന, അവിടുത്തെ പീക്ക് ടൈമിലാണ് കോളുകള്‍ വരിക. അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് പലസമയത്താണ് കോളുകള്‍ വരുന്നത്. അങ്ങനെയുളള കോളുകള്‍ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തില്‍ എന്റെ മാനസിക ഘടന റീ സ്ട്രക്ച്ചര്‍ ചെയ്തതിന്റെ ഭാഗമായി ഇത്തവണത്തെ പിറന്നാള്‍ ആ ദിവസം എനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല. വൈകുന്നേരം കുടുംബവുമായി ചേര്‍ന്ന് ഒരു കേക്ക് കട്ടിങ് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് ആഘോഷത്തിന്റെ അംശം എന്ന് പറയുന്നത്. ഉച്ചയ്ക്ക് ഗവര്‍ണറുടെ അവിടെ കൊടുത്തയച്ച പായസത്തിന്റെ ഒരു അംശം, ബോളി ഇതൊക്കെ ആയിരുന്നു ആഘോഷം. അങ്ങനെ ഒരു മാനസിക നില ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു ചാനലിലും ജന്മദിനത്തിന് വരാതിരുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരുടെ അവകാശമാണ് ഈ ആഘോഷമെന്ന് പറഞ്ഞ് ഞാനതിനെ വിട്ടുകൊടുക്കുകയായിരുന്നു’, സുരേഷ് ഗോപി പറഞ്ഞു.
കൊറോണ പ്രതിസന്ധിക്കിടെ ഓടിത്തുടങ്ങിയ സ്വകാര്യ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തുന്നു. ആഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ ഓടില്ല. സ്വകാര്യ ബസുടമകളുടെ സംഘടനകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുവരെ എല്ലാ ബസുകളും ഓടിത്തുടങ്ങിയിരുന്നില്ല. ഓടുന്ന ബസുകളാണെങ്കില്‍ വലിയ നഷ്ടവും നേരിടുന്നുവെന്നാണ് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തി വയ്ക്കാന്‍ കാരണമായി സ്വകാര്യ ബസുടമകള്‍ പറയുന്നത്.
ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനായി ജി ഫോം സമര്‍പ്പിയ്ക്കുമെന്ന് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചു.