മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 5 കോടി രൂപ സംഭാവന നല്‍കിയ സംഭവത്തില്‍ നടന്‍ ഗോകുല്‍ സുരേഷ് പ്രതികരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്.
അമ്പലമാണെങ്കിലും ക്രിസ്ത്യന്‍ പളളിയാണെങ്കിലും ഇത് തെറ്റാണ്, ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നോ, മുസ്ലിം പള്ളിയില്‍ നിന്നോ അവര്‍ (ഗവണ്‍മെന്റ്), എടുത്തിരുന്നോ എന്നായിരുന്നു ഗോകുല്‍ സുരേഷ് ഗോപിയുടെ പോസ്റ്റ്. പോസ്റ്റ് വലിയ വിവാദമായി മാറി. വിമര്‍ശനങ്ങളും ഉയര്‍ന്നു.
ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോകുല്‍ സുരേഷ്. പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതലെന്ന് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവര്‍ത്തനം. ഏഷ്യാനെറ്റ് ന്യൂസിനോടും ഇവ പ്രസിദ്ധികരിച്ച ആളുകളോടും, നിങ്ങള്‍ സ്വന്തം ധര്‍മത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് തോന്നും വിധം ആവിഷ്‌കരണം ചെയ്യാന്‍ കഴിയുന്നതല്ല എന്റെ ആശയങ്ങളെ.ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങള്‍ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നല്‍കുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകള്‍ക്ക് പുറമെയാണ് ഇതിനൊക്കെ അവര്‍ പൈസ കണ്ടെത്തുന്നത്. എന്നാലും അവര്‍ക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല.
അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമെലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതല്‍. ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാന്‍ കുറിച്ചത്.
ഇതിന്റെ പേരില്‍ എനിക്കെതിരെ വന്ന കമെന്റുകളില്‍ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകള്‍) നിന്ന് തന്നെ മനസിലാകും പലര്‍ക്കും പദാവലിയില്‍ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളില്‍ എന്റെ അച്ഛന്‍ വര്‍ഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളില്‍ വര്‍ഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും?
ഞാന്‍ ബിജെപിയും അല്ല, സങ്കിയുമല്ല എന്നാല്‍ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ കഴിയും വിധം ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ട്ടലില്‍ വ്യക്തിപരമായി പലര്‍ക്കും കമെന്റിന് റിപ്ലൈ കൊടുത്തിരുന്നു. എന്നാല്‍ ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് അവ ഡിലീറ്റ് ചെയ്യുന്നത് തികച്ചും നാണംകെട്ട പരിപാടിയാണ്.
ഇതൊക്കെ കണ്ട് അവര്‍ ആസ്വദിക്കുന്നു എന്നൊരു തോന്നല്‍. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാന്‍ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങള്‍ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നു!
കൊവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനൊരുങ്ങി ഇംഗ്ലണ്ട്. ഉപാധികളോടെയാണ് നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് ഉപാധികളോടെ പൊതു നിരത്തിലിറങ്ങാം. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യാമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.
അഞ്ച് ഘട്ടങ്ങളുള്ള പുതിയ കൊവിഡ് ജാഗ്രതാ സംവിധാനമാണ് ലോക്ക്ഡൗണ്‍ ലഘൂകരണത്തില്‍ നടപ്പിലാക്കുന്നത്. ‘അടുത്ത ഘട്ടമായി ജൂണ്‍ 1 നകം ചില പ്രാഥമിക വിദ്യാലയങ്ങള്‍ തുറക്കും. ഈ ഘട്ടത്തില്‍ കടകള്‍ തുറക്കുന്നതും ഉള്‍പ്പെടും’ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്രീയ പിന്തുണയുണ്ടെങ്കിലേ നടപ്പിലാക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പൊതു സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളും അടുത്ത ഘട്ടത്തില്‍ തുറക്കും. പക്ഷേ ജൂലൈ ഒന്നിനു മുമ്പ് അത് സംഭവിക്കില്ല. പല ഘട്ടങ്ങളായി ലോക്ക് ഡൗണ്‍ തുറക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു. ‘ലോക്ക്ഡൗണ്‍ തുറക്കുന്നതിനുള്ള സമയമായിട്ടില്ല.ഈ ആഴ്ച അതുണ്ടാവില്ല. പകരം നടപടികള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശ്രദ്ധാപൂര്‍വ്വമായ കാര്യങ്ങളാണ് കൈക്കൊള്ളുന്നത്’.
ലോക്കഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള പിഴകള്‍ വര്‍ധിപ്പിക്കുമെന്നും ബോരിസ് ജോണ്‍സണ്‍ അറിയിച്ചു. അതേസമയം, ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കരണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മാര്‍ഗ്ഗനിര്‍ദേശങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും. ഇംഗ്ലണ്ടുകാര്‍ക്ക് പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും പോകാന്‍ അനുവാദമുണ്ടെന്നും അവര്‍ അവിടെയുള്ളപ്പോള്‍ സാമൂഹിക അകലം പാലിച്ചാല്‍ മതിയെന്നുമാണ് നിലവില്‍ എടുത്തിരിക്കുന്ന തീരുമാനം.
ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ എയർ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തർ അനുമതി നൽകാതിരുന്നത് കേന്ദ്രസർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന. സൗജന്യ വിമാന സർവീസ് ആണ് എന്നാണ് കേന്ദ്രസർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നത്.
ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ പല തരം ഫീസുകളിലും എയർ ഇന്ത്യയ്ക്ക് ഖത്തർ ഇളവ് അനുവദിച്ചിരുന്നു. ഒഴിപ്പിക്കൽ വിധത്തിലുള്ള വിമാന സർവീസാണെന്നും അതുകൊണ്ട് സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്നുമാണ് കേന്ദ്രസർക്കാർ ഖത്തറിനെ അറിയിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
ഇതിനെ തുടർന്നായിരുന്നു എയർ ഇന്ത്യയ്ക്ക് ഖത്തർ എയർപോർട്ട് പാർക്കിങ് ഫീസ്, ഹാൻഡ്ലിങ് ഫീസ് ഉൾപ്പെടെയുള്ളവയിൽ ഇളവ് നൽകിയത്. ദോഹയിൽ നിന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യാ വിമാനം യാത്ര തിരിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത് സൗജന്യയാത്രയല്ലെന്നും ഏകദേശം 700 റിയാലോളം യാത്രക്കാരിൽ നിന്നും എയർ ഇന്ത്യ ഈടാക്കുന്നുണ്ടെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിഞ്ഞത്.
ഇത്തരത്തിൽ ആളുകളിൽ നിന്ന് പണമീടാക്കി നടത്തുന്ന യാത്രയ്ക്ക് എന്തിനാണ് തങ്ങൾ സൗജന്യമായി ഇളവുകൾ നൽകുന്നതെന്ന ചോദ്യമാണ് ദോഹ വിമാനത്താവളം ഉയർത്തിയത് എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഖത്തർ ആഭ്യന്തരമന്ത്രാലയം എയർ ഇന്ത്യക്ക് യാത്രാനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്. എന്നാൽ അടുത്ത ചൊവ്വാഴ്ച മുതൽ വിമാനസർവീസ് ഖത്തർ അനുവദിക്കുമെന്നാണ് റിപ്പോർട്ട്.
കൊവിഡ് പശ്ചാത്തലത്തിൽ ഗൾഫിലെ നിരവധി രാജ്യങ്ങൾ പൗരന്മാരെ സൗജന്യമായി അവരവരുടെ നാടുകളിൽ എത്തിക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗൾഫ് വിമാനക്കമ്പനികൾക്ക് ഇന്ത്യ അത്തരത്തിൽ ഒരു അനുമതി നൽകിയിരുന്നില്ല. ഒടുവിൽ യാത്രക്കാരിൽ നിന്നും 15000 രൂപയോളം ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് എയർ ഇന്ത്യ വിമാനത്തിൽ ഇവരെ ഇന്ത്യയിൽ എത്തിച്ചത്.
ഇത്തരത്തിൽ ടിക്കറ്റ് ഈടാക്കി ആളുകളെ കൊണ്ടുവരുന്ന നടപടിയിൽ പ്രതിഷേധിച്ച് ആദ്യവിമാനത്തിന് കുവൈറ്റും ഇന്ത്യയ്ക്ക് അനുമതി നൽകിയിരുന്നില്ല. പിന്നീട് ചർച്ചയ്ക്ക് ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നവരാണ് മിക്ക പ്രവാസികളും. അതുകൊണ്ട് തന്നെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ടിക്കറ്റ് നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസർക്കാർ അത് പരിഗണിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് സൗജന്യസേവനമെന്ന് ഗൾഫ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യ വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ ഇന്ത്യയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
600ഓളം ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായി പുതിയ റിപ്പോര്‍ട്ട്. ഇതില്‍ ആറ് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിബിഎസ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്‍ഡ്യാനയിലെ വെയര്‍ഹൗസില്‍ ജോലിചെയ്യുന്ന ജന ജുമ്പ് ഒരു ടെലിവിഷന്‍ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിലെമ്പാടുമുള്ള കൊവിഡ് ബാധിതര്‍ക്കിടയില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗംബാധിച്ചതെന്ന് കണ്ടെത്തിയത്. യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. കൊവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്. പുതിയ റിപ്പോര്‍ട്ട് ഇപ്പോള്‍ ആശങ്ക പടര്‍ത്തുന്നതാണ്.
സോഷ്യൽമീഡിയയിൽ കൊവിഡ് ഉൾപ്പടെയുള്ള ദുരന്തങ്ങളും ഗൗരവം നിറഞ്ഞ വിഷയങ്ങളുമെല്ലാം ട്രോളാകാറുണ്ട്. ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോൺ വിളിച്ചതിന്റെ പേരിൽ സോഷ്യൽമീഡിയ ഏതാനും നാളുകളായി ആഘോഷിക്കുന്ന പേരാണ് ഉസ്മാന്റേത്. പ്രത്യേക വിമാനത്തിൽ പ്രവാസികളെ എത്തിക്കാൻ തുടങ്ങിയതു മുതൽ ഓരോ ട്രോളന്മാരും അന്വേഷിക്കുന്നത് ഉസ്മാൻ എത്തിയോ എന്നായിരുന്നു. എങ്കിലിതാ നിങ്ങൾക്ക് നിരാശരാകാം. ഇനി പുതിയ വിഷയം തേടി പോകാം. കാരണം ഉസ്മാൻ നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു.
ചെന്നിത്തല പ്രവാസി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഫോൺ കോളുകളുടെ വീഡിയോയിൽനിന്നാണ് ഈ ട്രോളുകളെല്ലാം ആരംഭിച്ചത്. ഒടുവിൽ ട്രോളന്മാർ അന്വേഷിച്ചു നടന്ന കെകെ ഉസ്മാൻ ഞായറാഴ്ച പുലർച്ചെ ദോഹയിൽനിന്ന് നെടുമ്പാശേരിയിലെത്തിയ വിമാനത്തിൽ വന്നിറങ്ങിയിരിക്കുകയാണ്. ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റാണ് കെകെ ഉസ്മാൻ.
പ്രതിപക്ഷ നേതാവ് സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങൾ മോശപ്പെടുത്തി ചിത്രീകരിക്കുന്നതിൽ ശരിക്കും വിഷമമുണ്ടെന്നായിരുന്നു ഉസ്മാന്റെ ആദ്യപ്രതികരണം. തന്നെ മാത്രമല്ല, ഒഐസിസിയുടെ മറ്റ് നേതാക്കളായ വർഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും അദ്ദേഹം വിളിച്ചിരുന്നെന്നും ഏപ്രിൽ മാസം തുടക്കത്തിൽ ഒരു വ്യാഴാഴ്ചയാണ് പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചതെന്നും ഉസ്മാൻ പറയുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ട എല്ലാസഹായവും ചെയ്തുനൽകണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പിറ്റേദിവസം വെള്ളിയാഴ്ചയും അദ്ദേഹം വിളിച്ചിരുന്നു.
ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പർ അദ്ദേഹം നൽകുകയും എല്ലാ സഹായവും എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഉസ്മാൻ പറയുന്നു. ലോക്ക്ഡൗൺ കാരണം അവിടെ 16 ഓളം പേരാണ് കുടുങ്ങികിടന്നിരുന്നത്. ചെന്നിത്തല വിളിച്ചുപറഞ്ഞതനുസരിച്ചാണ് അവിടെ എത്തിയത്. എല്ലാവർക്കും ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ നൽകിയെന്നും ഉസ്മാൻ വിശദീകരിച്ചു.
രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും സഹായം എത്തിക്കാനാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പക്ഷേ, അതെല്ലാം മോശപ്പെടുത്തുന്നരീതിയിൽ ചിത്രീകരിക്കുന്നതിൽ വിഷമമുണ്ട്. എന്തെല്ലാമായാലും ട്രോളന്മാരോട് തനിക്ക് കടപ്പാടുണ്ടെന്നും ഖത്തർ ഇൻകാസ് സ്ഥാപക പ്രസിഡന്റ് കൂടിയായ ഉസ്മാൻ പറയുന്നു. ഒന്നുമില്ലെങ്കിലും തന്റെ പേര് ഇത്രയും വൈറലാക്കിയതിൽ അവരോട് കടപ്പാടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഖത്തറിലും ഗൾഫ് രാജ്യങ്ങളിലും സജീവമായ സാമൂഹികപ്രവർത്തകനായ ഉസ്മാൻ ഗർഭിണിയായ മകൾക്കൊപ്പമാണ് ഞായറാഴ്ചയിലെ വിമാനത്തിൽ നാട്ടിലെത്തിയത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ കോഴിക്കോട് നാദാപുരത്തെ പാറക്കടവിലെത്തി. ഇനിയുള്ള ദിവസം സർക്കാർ നിർദേശിച്ച ക്വാറന്റൈനിലാണ്. വിമാനസർവീസുകളെല്ലാം പഴയപടിയായാൽ ഖത്തറിലേക്ക് മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. 45 വർഷമായി ദോഹയിൽ ബിസിനസ് നടത്തുകയാണ് ഉസ്മാൻ.
ഡോക്ടർ എ. സി. രാജീവ് കുമാർ
കാലാവസ്ഥാ മാറ്റം കൊണ്ടും, സാധാരണ കണ്ടു വരുന്നതുമായ പനി അത്ര അപകടം വരുത്താറില്ല. എന്നാൽ മാറ്റ് പലവിധ അസുഖങ്ങൾ ഉള്ളവർക്കും മുതിർന്ന പൗരന്മാർക്കും വീട്ടിൽ ചെയ്യുന്ന ചെറിയ പ്രതിരോധ ചികിത്സകൾ കൊണ്ട് പനി കുറയുന്നില്ലെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
മഴക്കാലത്തും മഞ്ഞു കാലത്തും പനി കാണുന്നുണ്ട്. അന്തരീക്ഷ മലിനീകരണം പ്രധാന കാരണം എങ്കിലും ശരിയായ ആഹാര ദിനചര്യ പാലിക്കാൻ തയ്യാറാകാത്തതും കാരണം ആകും.
വയറിളക്കം, ടൈഫോയ്ഡ് മഞ്ഞപ്പിത്തം എന്നിവ പടർന്നു പിടിക്കാൻ ഇടയുള്ള കാലാവസ്ഥയാണ് മഴക്കാലവും വേനൽ കാലവും. ജലമലിനീകരണം പ്രധാന കാരണം ആകും.
മലിന ജലത്തിലൂടെ പകരുന്ന ഇനം മഞ്ഞപ്പിത്തം കരളിന്റെ ആരോഗ്യത്തെയാണ് ബാധിക്കുക.
ശരീര വേദന, പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, ശ്വാസതടസ്സം, വയറിളക്കം, നെഞ്ച് വേദന, ഛർദി, എന്നീ ലക്ഷണങ്ങൾ എല്ലാത്തരം പനികളിലും കാണാറുണ്ട്. ഇവയിൽ വിവിധ തരം പനികളായി കണ്ടു വരുന്ന ഡെങ്കി, ചിക്കുൻഗുനിയ എച് 1എൻ 1, എന്നിങ്ങനെ ഉള്ളവയുടെ പ്രത്യേക ലക്ഷണങ്ങളും പരിശോധനകളും ഒരു ഡോക്ടറെ കണ്ട് നടത്തി ഉചിതമായ പരിഹാരം തേടണം.
തുമ്മുമ്പോൾ ചുമക്കുമ്പോൾ കോട്ടുവായ് വിടുമ്പോൾ ഒക്കെ വായ് മറച്ചു പിടിക്കാൻ ശ്രദ്ധിക്കുക.
പരിസരം വൃത്തിയായി സൂക്ഷിക്കുക, വെള്ളം കെട്ടിക്കിടന്ന് കൊതുകു വളരാൻ അനുവദിക്കരുത്.
വെട്ടിത്തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവു. മല്ലി, തുളസിയില, ജീരകം, കുരുമുളക് എന്നിവ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ നിന്ന് ആവി കൊള്ളുക. ആ വെള്ളം കുടിക്കാൻ ഉപയോഗിക്കുക, തണുത്ത ആഹാര പാനീയങ്ങൾ ഒഴിവാക്കുക, ചൂടുവെള്ളം ഗാർഗിൾ ചെയ്യുക എന്നിവ ശീലം ആക്കുക. രാത്രി തല നനച്ചു കുളി പാടില്ല.
പൂർണ വിശ്രമം, ദഹിക്കാൻ പ്രയാസം ഇല്ലാത്ത ആഹാരം കഴിക്കുക ധാരാളം വെള്ളം കുടിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കുക. കഞ്ഞി ആണ് നല്ലത്. കുറച്ച് അരിയിട്ട് വെയ്ക്കുന്ന ഏറെ കഞ്ഞിവെള്ളം ഉള്ള കഞ്ഞി. ചെറുപയർ വേവിച്ചത് മോര് കറി അഥവാ പുളിശ്ശേരി കൂട്ടി കുടിക്കാൻ നന്ന്.
പനി മാറിക്കഴിഞ്ഞു വീണ്ടും വരാതിരിക്കാൻ ആഹാരം, ദിനചര്യ, വിശ്രമം എന്നിവ കരുതലോടെ അനുഷ്ടിക്കണം
സാധാരണ ഉണ്ടാകുന്ന പനിക്ക് എങ്ങനെ ആശ്വാസം നേടാം. : ഡോക്ടർ എ. സി. രാജീവ് കുമാർ
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
മലയാള സംഗീത രംഗത്ത് പ്രവർത്തിക്കുന്ന പഞ്ചമം ക്രീയേഷൻസിന്റെ ഈ വർഷത്തെ ആദ്യത്തെ സംരംഭമായ “പ്രണയ സൗഗന്ധികങ്ങൾ”എന്ന മലയാള പ്രണയ ഗാനങ്ങളുടെആലപ്പുഴ ഗാനപ്രിയ സ്റ്റുഡിയോയിൽ ആരംഭിച്ചു .ഗസൽ പോലെ മനോഹരമായ ഗാനങ്ങൾ നിറഞ്ഞ ഈ ആൽബത്തിലെ ഗാനങ്ങളുടെ സംഗീതം നിർവഹിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ ഡോക്ടർ ജയേഷ്‌കുമാർ ആണ് .ഗാനരചന നിർവഹിക്കുന്നത് ശ്രി ജി.രാജേഷ് ,ശ്രി ഭരണിക്കാവ് പ്രേംകൃഷ്ണ , ശ്രി സുമേഷ് കുറ്റിപ്പുറം എന്നിവരാണ് . ഗാനങ്ങളുടെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് ശ്രി സി .എസ്സ് .സനൽകുമാർ ,ഗാനപ്രിയ ആലപ്പുഴ ആണ് .ആൽബത്തിന്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുന്നത് . ഗായകനായ ശ്രി അലോഷ്യസ് പെരേര ഫേസ്ബുക് ലൈവിലൂടെ ഈ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി .പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ശ്രി ശ്രീജിത് ,ക്രിയേറ്റീലീവ്‌സ് ആണ് .
ബ്രിട്ടനിൽ നിന്ന് 50,000 സാന്പിളുകൾ ലണ്ടനിലേക്ക് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞയാഴ്ചയാണ് സാന്പിളുകൾ പരിശോധനയ്ക്കയച്ചത്. ബ്രിട്ടനിലെ ലാബുകളുടെ പ്രവർത്തനത്തിൽ നേരിട്ട തടസമാണ് സാന്പിളുകൾ അയക്കാൻ കാരണമെന്ന്് അധികൃതർ വ്യക്തമാക്കി. ചാർട്ടേഡ് വിമാനങ്ങളിലാണ് സ്രവം പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയച്ചത്. സണ്‍ഡേ ടെലഗ്രാഫ് ആണ് ഇത് സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. പരിശോധന ഫലം അമേരിക്കൻ ലാബുകളിൽ നിന്ന് ലഭിച്ച ശേഷം ലണ്ടനിലെ ഡോക്ടർമാർ വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വൈറസ് ബാധ ഉണ്ടോ ഇല്ലയോ എന്നത് അടക്കമുള്ള വിവരങ്ങൾ ആളുകളെ അറിയിക്കൂ.
ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തിനുള്ളില്‍ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് തൃശൂര്‍ ബ്യൂറോ ചീഫ് ആയ പ്രിയ ഇളവള്ളിമഠത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. തൃശൂര്‍ കുട്ടഞ്ചേരി സ്വദേശിയായ അജിത് ശിവരാമനാണ് അറസ്റ്റിലായത്. പ്രിയ ഇളവള്ളി മഠത്തെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചു എന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അജിത്ത് ശിവരാമൻ നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രിയ ഇളവള്ളി മഠം എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോ വെച്ച് സോഷ്യൽ മീഡിയയിൽ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും വര്‍ഗീയ പ്രചാരണം നടത്തുകയും ചെയ്യുന്നു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് മുസ്ലിം ആയതിനാല്‍ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലുള്ള ആരോപണമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങൾക്കെതിരെ നടത്തുന്നതെന്നും പ്രിയ ഇളവള്ളി മഠം പറയുന്നു. അറസ്റ്റിലായ അജിത് ശിവരാമന്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്ർമീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞിരുന്നു.
ഏപ്രില്‍ എട്ടിനാണ് തൃശൂർ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടന്നത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവസ്ഥലത്തെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകള്‍ ഓടി രക്ഷപ്പെട്ടിരുന്നു. രാവിലെ 7.30 ന് നടന്ന ഭാഗവത പാരായണത്തില്‍ അമ്പതിനടുത്ത് ആളുകള്‍ പങ്കെടുത്തതായാണ് വിവരം.
കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് അവസാനം രാജ്യത്ത് നിർത്തിവച്ച യാത്രാ ട്രെയിൻ സർവീസുകൾ മേയ് 12ന് മുതൽ പുനരാരംഭിക്കുന്നു. ഇന്ന് മുതൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. ഘട്ടംഘട്ടമായാണ് ട്രെയിൻ സർവീസുകൾ വീണ്ടും തുടങ്ങുന്നത്.
30 ട്രെയിനുകളാണ് (മടക്ക ട്രെയിനുകളടക്കം) സര്‍വീസ് നടത്തുക. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പാറ്റ്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബംഗൂരു, ചെന്നൈസ തിരുവനന്തപുരം, മഡ്ഗാവ്, മുംബയ് സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളാണ് ഓടിത്തുടങ്ങുക. 20,000 കോച്ചുകൾ കോവിഡ് കെയർ സെൻ്ററുകൾക്കായി മാറ്റിവച്ചിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി നാല് ദിവസത്തേയ്ക്ക് 300 ശ്രമിക് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തയ്യാറാണെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.
നാളെ വൈകീട്ട് നാല് മണി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ (irctc.co.in) ടിക്കറ്റുകള്‍ ലഭ്യമാകും. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ലഭിക്കും. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. ഓണ്‍ലൈന്‍ ടിക്കറ്റ് കണ്‍ഫോം ആണെങ്കില്‍ മാത്രമേ യാത്ര ചെയ്യാനാകൂ എന്നും റെയില്‍വേ വ്യക്തമാക്കി. യാത്രക്കാരെ സ്‌കാന്‍ ചെയ്യും. കോവിഡ് രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ. മാസ്‌ക് നിര്‍ബന്ധമാണ് എന്നും റെയില്‍വേയെ ഉദ്ധരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) പറയുന്നു.