Latest News

കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ തന്നെ യുഎസും ചൈനയും പരസ്പരം കുറ്റപ്പെടുത്തുകയാണ്. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിശേഷിപ്പിച്ചിരുന്ന യുഎസ് പ്രസിഡണ്ട് ട്രംപ്, ചൈനയ്ക്കെതിരെ മറ്റൊരാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും ശരിയായ കണക്കല്ല ചൈന പുറത്തുവിട്ടത് എന്നാണു ട്രംപിന്റെ ആരോപണം.‘നമുക്കെങ്ങനെ അറിയാൻ പറ്റും? അവർ പുറത്തുവിട്ട കണക്കുകൾ നല്ല വശത്തെക്കുറിച്ചു മാത്രമാണ്’
ഇന്റലിജൻസ് റിപ്പോർട്ടിനെ പരാമർശിച്ച്, ബെയ്ജിങ് ചിലതെല്ലാം മറച്ചുവയ്ക്കുന്നെന്നു യുഎസിലെ ജനപ്രതിനിധികൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടനുബന്ധിച്ചാണു ട്രംപിന്റെ പരാമർശം. ചൈനയെ ഇരുട്ടിൽ നിർത്തിയെങ്കിലും ആ രാജ്യവുമായി യുഎസിനു നല്ല ബന്ധമാണെന്നു പറയാനും ട്രംപ് ശ്രദ്ധിച്ചു.

ചൈന സൃഷ്ടിച്ച വൈറസാണു കോവിഡ് മഹാമാരിയായി മാറിയതെന്ന് ആദ്യം തൊട്ടേ യുഎസും ട്രംപ് ഭരണകൂടവും വിശ്വസിക്കുകയും ആരോപിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയോ ചൈന മറച്ചുപിടിക്കുന്നതായി യുഎസ് ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ സംശയിക്കുന്നുമുണ്ട്. എന്നാൽ, വ്യാപാരയുദ്ധത്തിന്റെ ഭാഗമായി യുഎസ് സൈന്യമാണു വൈറസിനെ പുറത്തുവിട്ടതെന്ന ഗൂഢസിദ്ധാന്തമാണു ചൈനയിൽ പ്രചരിക്കുന്നത്.

യുഎസ് ഇന്റലിജൻസിനെ ഉദ്ധരിച്ചു ബ്ലൂംബർഗ് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളാണു ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചത്. പകർച്ചവ്യാധി ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തെക്കുറിച്ചു രാജ്യാന്തര സമൂഹത്തെ ചൈന തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇവർ പറയുന്നു. 2019 അവസാനം ഹുബെ പ്രവിശ്യയിലെ വുഹാനിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. യഥാർഥ കണക്കുകൾ ചൈന പുറത്തുപറയാത്തത് മനഃപൂർവമാണെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വാദം. വൈറ്റ് ഹൗസിലേക്ക് കഴിഞ്ഞയാഴ്ച അയച്ച ക്ലാസിഫൈഡ് ഇന്റലിജൻസ് രേഖകൾ പ്രകാരം ചൈനയുടേത് വ്യാജക്കണക്കാണെന്ന് ഉറപ്പിക്കുന്നു.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 82,361 കോവിഡ് ബാധിതരാണു ചൈനയിലുള്ളത്; മരിച്ചവർ 3361 പേർ. ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമായി യുഎസ് മാറിയതു വളരെ പെട്ടെന്നാണ്. 2,06,207 രോഗികളാണ് അമേരിക്കയിലുള്ളത്. മരണസംഖ്യ 4542. ‘മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു വൈറസ് പടരുന്നതിനെപ്പറ്റി അവർ നുണ പറഞ്ഞു, സത്യം തുറന്നുപറഞ്ഞ ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും നിശബ്ദരാക്കി, ഇപ്പോഴിതാ എത്രപേർക്ക് അസുഖം ബാധിച്ചെന്നോ മരിച്ചെന്നോ ഉള്ള കണക്കുകളും ഒളിച്ചുവയ്ക്കുന്നു. കോവിഡിനെതിരായ യുദ്ധത്തിൽ വിശ്വസിക്കാവുന്ന പങ്കാളിയല്ല ചൈന’യെന്നും ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി അംഗമായ മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് മൈക്കിൾ മിക്കോൾ അഭിപ്രായപ്പെട്ടു.

ബ്ലസിയുടെ പളുങ്ക് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ചതാരമാണ് ലക്ഷ്മി ശര്‍മ. മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയ ജീവിതം തുടങ്ങിയെങ്കിലും പിന്നീട് അത്രകണ്ട് ശോഭിക്കാന്‍ അവര്‍ക്കായില്ല. പിന്നീട് അവസരങ്ങള്‍ കുറഞ്ഞാതോടെ സീരിയലിലും ഒരു കൈ നോക്കി ലക്ഷ്മി. ഇതിനിടെയില്‍ ഒരു സീരിയല്‍ സംവിധായകന്‍ ഇക്കിളി മെസേജുകള്‍ അയച്ച് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് പരസ്യമായി പറഞ്ഞു ലക്ഷ്മി. സിനിമ നടിയായതിനാല്‍ വിവാഹാലോചനകള്‍ മുടങ്ങിപ്പോകുന്നു എന്നാണ് ലക്ഷ്മി ശര്‍മ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല അഭിനയം വിവാഹത്തിന് തടസ്സമാകുന്നുവെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. ഒരു അഭിമുഖത്തിലാണ് ലക്ഷ്മി ശര്‍മ്മയുടെ തുറന്നുപറച്ചില്‍.

2009ല്‍ നിശ്ചയത്തിനു കുറച്ചു ദിവസം മുന്‍പ് വരന്‍ പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകള്‍ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്. സിനിമാ നടിമാരെ വിവാഹം കഴിക്കാന്‍ വന്‍കിടക്കാര്‍ ക്യൂനില്‍ക്കുന്ന അവസ്ഥയുള്ളപ്പോഴാണ് മറിച്ചൊരു അഭിപ്രായം ലക്ഷ്മി ശര്‍മ്മയുടെ ഭാഗത്തു നിന്നും ഉണ്ടായിരക്കുന്നത്.പ്രണയ വിവാഹത്തില്‍ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരു നല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിനിയായ ലക്ഷ്മി ‘അമ്മോ ഒക്കടോ തരികു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴിലും കന്നടയിലും അവര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പളുങ്ക് കൂടാതെ പാസഞ്ചര്‍, കരയിലേക്ക് ഒരു കടല്‍ ദൂരം, ചിത്രശലഭങ്ങളുടെ വീട്, ആയുര്‍രേഖ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

രാജു കാഞ്ഞിരങ്ങാട്

മനസ്സുകൊണ്ടൊരു വിനോദയാത്ര
നടത്തുക
മനസ്സുകൊണ്ടാകുമ്പോൾ അത്
തീർത്ഥയാത്രയാകും
മനസ്സുകൊണ്ടൊരു പൂക്കാലം
തീർക്കുക
മനസ്സുകൊണ്ടാകുമ്പോൾ അത്
പ്രണയകാലമാകും
തിരക്കുകൾക്കും അന്തർദാഹങ്ങൾക്കും
അവധി കൊടുക്കുക
തിരിഞ്ഞുനോക്കാനും അന്യനെ അറിയാനും
അതുവഴി കഴിയും
സന്തോഷത്തോടെ ജീവിക്കുക
ജീവിതമെന്തെന്ന് ഇപ്പോഴാണറിയുക
സുന്ദരമായതിനെയൊക്ക സ്വന്തമാക്കി
നശിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ് മനുഷ്യർ

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

സിനിമ ലോകത്ത് ദാമ്പത്യത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നാണ് പൊതുവേയുള്ള പറച്ചില്‍. പല താരവിവാഹങ്ങളും അവസാനിക്കുന്നത് ഡൈവോഴ്സിലാണ്. എന്നാല്‍, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് സംയുക്താവര്‍മ്മ- ബിജുമേനോന്‍ ദാമ്പത്യം. പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്കെത്തിയ ഈ താരജോഡികള്‍ സിനിമലോകത്തെ മാതൃകദമ്പതികളാണ്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തങ്ങളുടെ ആദ്യരാത്രി കഴിഞ്ഞുളള ഒരു രസകരമായ സംഭവത്തെക്കുറിച്ച് ബിജു മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോന്‍ പറയുന്നു. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു.എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു.ഇതിനിടെ 2006ല്‍ ഇവര്‍ക്കൊരു കുഞ്ഞു പിറന്നു. മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോള്‍ സംയുക്തയും കടന്ന് പോയത്. എന്നാല്‍ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.

വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. അഭിനയിക്കാന്‍ സംയുക്ത താത്പര്യം പ്രകടിപ്പിച്ചാല്‍ അതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും എന്നും ബിജു പറയുന്നു.അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയിട്ട് വര്‍ഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും. ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തല്‍, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വര്‍ തിരുമേനി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, മേഘമല്‍ഹാര്‍, കുബേരന്‍ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ സംയുക്തയുടേതായി ഉണ്ട്.

ഒരു മാസം നീളുന്ന ലോക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ടിന്റെ മുന്നറിയിപ്പ്. കൊറോണ വ്യാപനം തടയുന്നതിനായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പോലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് പറഞ്ഞു. ഫിലിപ്പൈന്‍സില്‍ ഇതുവരെയായി 2311 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 100 ഓളം പേര്‍ ഇതിനോടകം മരിച്ചു.

‘ആരാണോ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്. കാരണം ഇതൊരു ഗുരുതരമായ സമയമാണ്.’ ബുധനാഴ്ച രാത്രി വൈകി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ആരെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ സൈന്യത്തിനും പോലീസിനും എന്റെ ഉത്തരവുണ്ട്. അത്തരക്കാരുടെ ജീവിതം അപകടത്തിലാകും. അവിടെ വെച്ച് തന്നെ വെടിവെച്ച് കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാല്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. രണ്ടാഴ്ചയിലേറെയായി ഫിലിപ്പൈന്‍സില്‍ ലോക്ഡൗണ്‍ ആരംഭിച്ചിട്ട്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച് മനിലയിലെ ക്യൂസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ റോഡുകളിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് മുന്നറിയിപ്പ് നല്‍കിയത്.

ലോകമെങ്ങുമുള്ളവര്‍ കൊറോണ വൈറസ് ഭീതിയില്‍ ഇതിനെ തടയാന്‍ പലരില്‍ നിന്നും സമൂഹിക അകലം പാലിക്കുകയാണ്. ഇത്തരത്തില്‍ അമിതമായ പേടി ചിലപ്പോള്‍ പലരെയും ക്രിമനലുകളുമാക്കുന്നു. അത്തരമൊരു വാര്‍ത്തയാണ് ഇറ്റലിയില്‍ നിന്നും കേള്‍ക്കുന്നത്.

ഇറ്റലിയിലെ സിസിലിയില്‍ നഴ്സായ കാമുകന്‍ ഡോക്ടറായ കാമുകിയെ കഴുഞ്ഞു ഞെരിച്ചു കൊലപ്പെടുത്തിയത് കോവിഡ് ഭീതിയിലാണ്. കാമുകി തനിക്ക് കോവിഡ് വൈറസ് നല്‍കിയ എന്നാരോപിച്ചാണ് കാമുകന്‍ ഗേള്‍ഫ്രണ്ടിനെ കഴുത്തു ഞെരിച്ചു കൊന്നത്. അതേസമയം ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ രണ്ട് പേരും നെഗറ്റീവായിരുന്നു.

സിസിലിയിലെ മെസ്സിനയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറാണ് ദാരുണമായി കാമുകന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്. ലൊറേന ക്വാറന്റെ എന്ന 27 വയസുകാരിയുടെ കൊലപാതകത്തില്‍ കാമുകന്‍ അന്റോണിയോ ഡീ പീസ് അറസ്റ്റിലായി. പൊലീസ് എത്തിയപ്പോഴാണ് കാമുകി തനിക്ക് കോറോണ വൈറസ് പരത്തിയെന്ന ഭീതിയിലാണ് താന്‍ കൃത്യം ചെയ്തതെന്ന് അന്റോണിയെ വെളിപ്പെടുത്തിയത്.

കോവിഡ് സംശയം കാമുകന്‍ രേഖപ്പെടുത്തിയതോടെ പൊലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്തത്. പൊലീസ് എത്തുമ്പോള്‍ അന്റോണിയ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

അതേസമയം ലൊറേന കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് 41 ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി ഫേസ്ബുക്കില്‍പോസ്റ്റിട്ടിരുന്നു. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവം മൂലമാണ് ഇവര്‍ മരണപ്പെട്ടതെന്ന കുറ്റപ്പെടുത്തലും മരിച്ച ഡോക്ടറുടെ പോസ്റ്റില്‍ ഉണ്ടായിരുന്നു. കുടുംബത്തെയും സമൂഹത്തെയു രാജ്യത്തെയും സ്നേഹിക്കുക എന്നു അവള്‍ ഇതില്‍ കുറിച്ചിരുന്നു.

ഇരിട്ടി ആറളം കീഴ്പള്ളിയില്‍ പനിബാധിച്ച് മരിച്ച ബാലികയ്ക്ക് കൊറോണയില്ലെന്ന് തെളിഞ്ഞു. ഇടവേലിയിലെ അഞ്ജനയുടെ സ്രവ പരിശോധന ഫലമാണ് നെഗറ്റീവായത്. മൃതദേഹ പരിശോധനക്ക് ശേഷം നാട്ടിലെത്തിച്ച ഭൗതിക ശരീരം സംസ്‌ക്കരിച്ചു. കീഴ്പ്പള്ളി ഇടവേലിയിലെ കുമ്പത്തി രഞ്ജിത്തിന്റേയും സുനിതയുടെയും മകള്‍ അഞ്ചുവയസ്സുകാരി അഞ്ജന കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് മരിച്ചത് .

പനിയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയോടെ അഞ്ജനയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത് .

ചൊവ്വാഴ്ച ഉച്ചവരെ വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടി പെട്ടെന്നാണ് രോഗബാധിതയായത്. ഇതോടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിന്റെ ഭാഗമായി കുട്ടിയുടെ സ്രവം ഉള്‍പ്പെടെ പരിശോധിക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ മൃതദേഹ പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.

ജോർജ് സാമുവേൽ

ഇനി ഇതുപോലൊരു അവധി കിട്ടണമെന്നില്ല. അതിനാൽ തന്നെ എല്ലാ ജോലിക്കാരും തങ്ങളുടെ കുടുംബങ്ങളോടൊത്ത് ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ്. അത് വളരെ ആസ്വദിക്കുന്നുമുണ്ട്. എന്നാൽ ഈ ആസ്വാദനങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ചില ജീവിത യാഥാർഥ്യങ്ങളെ ചിലപ്പോഴെങ്കിലും നാം മറന്നു പോകുന്നുണ്ട്.

അന്നന്നത്തെ ആഹാരത്തിനായി ,ഉപജീവനത്തിനായി മണ്ണിൽ പണിയെടുത്തിരുന്ന പച്ചയായ മനുഷ്യന്റെ കണ്ണീരു വീണു ലോക്ക് ഡൗണിൽ സ്വപ്നങ്ങൾ തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു. മൂന്നു നേരത്തെ ആഹാരത്തിനായി പൊള്ളുന്ന വെയിലത്ത്‌ വിയർപ്പു തുള്ളികളിൽ ജീവിതം മുന്നോട്ടു നീക്കിയ മനുഷ്യൻ ഇന്ന് ഒന്നും ചെയ്യാനാവാത് നിസ്സഹായകനായിരിയ്ക്കുന്നു .

ലോക്ക് ഡൗൺ കടകൾക്ക് മാത്രമല്ല പൂട്ടിട്ടത് . പാടവും കൃഷിയിടങ്ങളും വാഹനങ്ങളുടെ ചക്രവും എന്തിനു ജീവിത ചക്രം പോലും പൂട്ടി താക്കോൽ കീശയിൽ വച്ചിരിക്കുന്നു. ഇതെല്ലാം സ്വന്തമാക്കിയ കോവിഡ് 19, ലോകരാജ്യങ്ങളുടെ പുതിയ തമ്പ്രാൻ ആയി സ്വയം വിലസുമ്പോൾ സമ്പാദ്യത്തിന്റെ താക്കോൽ സ്വന്തം കീശയിൽ ഉള്ളവർക്ക് ഇത് വെറുമൊരു അവധിക്കാലം മാത്രം. സ്വന്തം കുടുംബത്തോടൊപ്പം മനോഹരമായ സെൽഫികൾക്കും, തമാശകൾക്കും നേരംപോക്കിനും വേണ്ടിയുള്ള ഒരു ഇടവേള. എന്നാൽ അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുത്തിരുന്ന ഓരോ മനുഷ്യനും ഇന്ന് ഇതൊരു വിരമിക്കൽ തന്നെയാണോ എന്ന സംശയത്തിലാണ്. ഭക്ഷണം, വെള്ളം തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക് പണം തന്നെ വേണം. വേനൽ കടുക്കുന്നതോടെ ജലക്ഷാമവും രൂക്ഷമാകുകയാണ്.അടുപ്പ് പുകയുന്നതിനു പകരം നീറിപ്പുകയുന്ന മനസ്സുമായി കഴിയുകയാണ് ഏറെ ജീവിതങ്ങളും. ലോകം ഈ അവസ്ഥയിൽ ആയതിനാൽ ഉരൽ ചെന്ന് മദ്ദളത്തോടു പറയുന്ന പോലെയിരിക്കും ഈ കാര്യങ്ങൾ മറ്റുള്ളവരോട് പങ്കു വെച്ചാൽ. എന്നിരുന്നാലും സർക്കാർ നൽകുന്ന സേവനങ്ങൾ കിട്ടിത്തുടങ്ങിയിരിക്കുമ്പോൾ മരുഭൂമിയിൽ വീണ മഴതുള്ളികളുടെ അനുഭൂതിയിൽ കുറച്ചു ദിവസങ്ങൾ തള്ളി നീക്കാമെന്നു പ്രതീക്ഷിക്കുന്നവരും ഉണ്ട്.

എങ്കിലും അടിത്തൂൺ പറ്റിയെന്നു കരുതുന്ന ജീവിതത്തിൽ നിന്നും കരകയറാൻ ഇനി എത്ര നാൾ വേണ്ടി വരുമെന്നോ എന്തെല്ലാം പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നോ അറിയാതെ മുന്നോട്ട് പോകുകയാണ്. പ്രതീക്ഷയുടെ നല്ല നാളെകൾക്കായി, കൈപ്പാർന്നതെങ്കിലും രുചിയോടെ മുന്നോട്ട് കൊണ്ട് പോകുകയാണ് പല ജീവിതങ്ങളും. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കാതെ തന്നെ.

കോവിഡ് – 19 പടർന്നു പിടിച്ച സാഹചര്യത്തിൽ റിസർവ് ബാങ്ക് വിവിധതരം വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. പക്ഷെ വായ്പയെടുത്തവർ അതാതു ബാങ്കുകളുമായി ബന്ധപ്പെട്ട് ബാങ്കുകളെങ്ങനെയാണ് ഈ മോറട്ടോറിയം നടപ്പിലാക്കുന്നത് എന്ന് അറിഞ്ഞിരിക്കണം . ഈ അവസരത്തിൽ വിവിധ തരം വായ്പകളെടുത്തവരെ കാത്തിരിക്കുന്നത് മൂന്നുമാസത്തേയ്ക്ക് വായ്പ അടച്ചില്ലെങ്കിൽ തിരിച്ചടവിനോടൊപ്പം മൂന്നു മാസത്തെ പലിശയും ആണ്. അതായത് മൂന്നു മാസത്തെ പലിശയും കൂടെ കൂട്ടിയുള്ള വായ്പ പിന്നെയും തുടരേണ്ടിവരും. അങ്ങനെ ചിന്തിക്കുമ്പോൾ വായ്പയെടുത്തവരെ സംബന്ധിച്ചിടത്തോളം തിരിച്ചടയ്ക്കാൻ പറ്റുമെങ്കിൽ മുടക്കമില്ലാതെ വായ്പകൾ അടഞ്ഞു പോകുന്നതായിരിക്കും ഉചിതം. തിരിച്ചടയ്ക്കാൻ പറ്റുമെങ്കിൽ മുടക്കമില്ലാതെ വായ്പകൾ അടഞ്ഞു പോകുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് കൊറോണ കാലത്തിനു മുൻപുള്ളതിനേക്കാൾ കൂടിയ കടബാധ്യതകൾ ആയിരിക്കും.

ബാങ്ക് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഏതു രീതിയില്‍ നടപ്പാക്കണമെന്നതു സംബന്ധിച്ച് മിക്ക ബാങ്കുകളും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. ഉപയോക്താക്കള്‍ക്കു തന്നെ ഇതുസംബന്ധിച്ചു തീരുമാനമെടുക്കാനുള്ള അവകാശമാണു ബാങ്കുകൾ നല്‍കിയിരിക്കുന്നത്. വായ്പകള്‍ ഇപ്പോള്‍ തുടരുന്നതു പോലെ അടയ്ക്കുന്നവര്‍ക്ക് ആ രീതി തുടരാം. എന്നാല്‍ തിരിച്ചടവിനു മൂന്നു മാസത്തെ സാവകാശം വേണ്ടവര്‍ക്ക് അപേക്ഷ നല്‍കി ഇളവ് നേടാന്‍ കഴിയും.

എന്നാല്‍ ചാടിക്കയറി സാവകാശത്തിന് അപേക്ഷിക്കും മുന്‍പ്് അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് ഇതു സംബന്ധിച്ച് കൃത്യമായുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം. മൂന്നു മാസത്തെ സാവകാശം ലഭിക്കുമ്പോള്‍ ആ കാലയളവിലെ പലിശ ബാങ്കുകള്‍ ഈടാക്കുക തന്നെ ചെയ്യും. എസ്ബിഐ, https://sbi.co.in/stopemi എന്ന ലിങ്കില്‍ ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നീട്ടിവയ്ക്കലിന്റെ അനന്തരഫലം എന്തൊക്കെയാകുമെന്ന് ബാങ്ക് കൃത്യമായി വിശദീകരിക്കുന്നു.

∙ 54 മാസം കൂടി തിരിച്ചടവു കാലാവധിയുള്ള ആറു ലക്ഷം രൂപയുടെ വാഹനവായ്പയ്ക്ക് അധികമായി നല്‍കേണ്ടിവരുന്ന പലിശ ഏകദേശം 19,000 രൂപയാണ്. അതായത് ഒന്നര മാസത്തെ ഇഎംഐയ്ക്കു തുല്യം.

∙ 15 വര്‍ഷം തിരിച്ചടവു കാലാവധിയുള്ള 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് 2.34 ലക്ഷം രൂപ അധിക പലിശ നല്‍കേണ്ടിവരും. ഏകദേശം എട്ട് ഇഎംഐയ്ക്ക് തുല്യം വരുന്ന തുക.

2020 മാര്‍ച്ച് 1-ന് നിലവിലുള്ള എല്ലാ തിരിച്ചടവുകള്‍ക്കുമാണ് മൂന്നു മാസത്തെ സാവകാശം ലഭിക്കുന്നത്. നിശ്ചിത കാലാവധിയില്‍, അടച്ചുതീര്‍ക്കേണ്ടുന്ന വായ്പകള്‍ക്കും (ടേം ലോണ്‍) സ്വര്‍ണപ്പണയവായ്പ പോലെ ഒന്നിച്ചു തിരിച്ചടയ്ക്കുന്ന വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവിനും ഉള്‍പ്പെടെ മൊറട്ടോറിയം ബാധകമാണ്. മുതലിന്റെയും പലിശയുടെയും തിരിച്ചടവ് ഒഴിവാക്കുകയല്ല. മൂന്നു മാസം അധിക സമയം കിട്ടുകയാണു ചെയ്യുന്നത്. കാലാവധി വായ്പകളില്‍ തിരിച്ചടവു കാലാവധി മൂന്നു മാസം കൂടി നീളും.

01-03-2020 മുതല്‍ 31-05-2020 വരെയുള്ള കാലയളവില്‍ തിരിച്ചടയ്‌ക്കേണ്ട ടേം ലോണിന്റെ തവണയും പലിശ/ഇഎംഐയും മൂന്നു മാസത്തേക്കു മാറ്റിവയ്ക്കുമെന്ന് എസ്ബിഐ അറിയിച്ചു. തിരിച്ചടവില്‍ സാവകാശം ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ ഒന്നും ചെയ്യേണ്ടതില്ല. പതിവു പോലെ വായ്പ തിരിച്ചടയ്ക്കാന്‍ അവര്‍ക്കു കഴിയും. അതേസമയം തിരിച്ചടവിനു മൂന്നു മാസം സാവകാശം വേണ്ടവര്‍ ബാങ്കിന്റെ https://sbi.co.in/stopemi എന്ന ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് അടച്ച തവണ തിരിച്ചുവേണ്ടവര്‍ക്കും ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏഴു പ്രവൃത്തിദിവസം വേണ്ടിവരുമെന്നാണ് എസ്ബിഐ അറിയിപ്പ്.

ബാങ്ക്, പ്രാദേശിക ഗ്രാമീണ ബാങ്ക്, സഹകരണബാങ്ക്, ബാങ്ക് ഇതര ധനസ്ഥാപനം (എന്‍ബിഎഫ്‌സി), ചെറുകിട ധനകാര്യ ബാങ്ക്, ഭവന വായ്പാ കമ്പനി, മൈക്രോ ഫിനാന്‍സ് തുടങ്ങി എല്ലാ വായ്പാവിതരണ സ്ഥാപനങ്ങള്‍ക്കും മൊറട്ടോറിയം ബാധകമാണ്. മൊറട്ടോറിയം കാലാവധിയില്‍ തിരിച്ചടവു മുടക്കുന്നത് ഡിഫോള്‍ട്ട് അയി പരിഗണിക്കില്ല എന്നതാണ് ഉപയോക്താവിനെ സംബന്ധിച്ചുള്ള ഗുണം.

വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയവും പലിശയടവു മാറ്റിവയ്ക്കുന്നതും കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഇടപാടുകാര്‍ക്കു ലഭ്യമാക്കുന്ന സൗകര്യമെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ഇടപാടുകാര്‍ക്കു തിരിച്ചടവിനുള്ള പ്രയാസമെന്നു വിലയിരുത്തി വായ്പ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ബാങ്കുകള്‍ക്ക് അനുവാദമില്ല; തിരിച്ചടവു മുടങ്ങിയതായി കണക്കാക്കി കിട്ടാക്കട ഗണത്തില്‍ പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാവില്ല. സിബില്‍ പോലെയുളള ക്രെഡിറ്റ് ഇന്‍ഫമേഷന്‍ ഏജന്‍സികള്‍ ക്രെഡിറ്റ് സ്‌കോര്‍ തയാറാക്കുമ്പോള്‍ ഇത് കണക്കിലെടുക്കുകയുമില്ല.

ക്രിക്കറ്റില്‍ ഡക്ക്‌വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ നിയമത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ 78 കാരനായ ടോണി ലൂയിസ് അന്തരിച്ചു. ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്. 2010-ല്‍ ക്രിക്കറ്റിനും ഗണിതശാസ്ത്രത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2010-ല്‍ ലൂയിസിന് എം.ബി.ഇ (മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍) ബഹുമതി ലഭിച്ചിരുന്നു.

1997-ലാണ് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ പ്രൊഫ. ടോണി ലൂയിസും സ്റ്റാറ്റിസ്റ്റിഷ്യനായ ഫ്രാങ്ക് ഡക്ക്വര്‍ത്തും ചേര്‍ന്ന് മഴമൂലം തടസപ്പെടുത്ത മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന ഡക്ക്വര്‍ത്ത് – ലൂയിസ് രീതി ആവിഷ്‌ക്കരിച്ചത്. 1999-ല്‍ ഈ രീതി ഐ.സി.സി അംഗീകരിച്ചു. പിന്നീട് 2014-ല്‍ പ്രൊഫസര്‍ സ്റ്റീവന്‍ സ്റ്റേണ്‍ ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തതോടെ മഴനിയമത്തില്‍ അദ്ദേഹത്തിന്‍ പേരുകൂടി ചേര്‍ക്കപ്പെട്ടു. ഇതോടെ ഈ നിയമം ഡക്ക്വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2014 ലാണ് ഈ നിയമം ആദ്യമായി ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയ -ന്യൂസിലാന്‍ഡ് ലോകകപ്പ് മത്സരത്തിലായിരുന്നു ഇത്. പിന്നീട് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഈ നിയമത്തിന് ഏറെ വിമര്‍ശനം നേരിട്ടിരുന്നു.

1992-ലെ ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനല്‍ മത്സരമാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് ഐസിസിയെ ചിന്തിപ്പിച്ചത്. 1992 മാര്‍ച്ച് 22-ന് സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 45 ഓവറില്‍ 252 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനിടെ മഴയെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 13 പന്തില്‍ 22 റണ്‍സ് വേണമെന്നിരിക്കെ കളി തുടരാന്‍ ബുദ്ധിമുട്ടാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ച് അറിയിച്ചതനുസരിച്ച് അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെച്ചു. മഴമാറി മത്സരം തുടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു പന്തില്‍ 21 റണ്‍സായിരുന്നു. സ്വാഭാവികമായും അവര്‍ മത്സരം തോറ്റു. ഇതോടെ മഴ തടസപ്പെടുത്തുന്ന മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ കുറക്കുകൂടി ശാസ്ത്രീയമായ രീതി വേണമെന്ന ആവശ്യം ശക്തമായത്.

 

Copyright © . All rights reserved