കഴക്കൂട്ടത്ത് പരിശോധനയ്ക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനുപിന്നില്‍ ആളുകള്‍ വെറുതെ വീട്ടിലിരിക്കുന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കലുകള്‍ സജീവമാണ്. പഴയ ചിത്രങ്ങളാണ് അത്തരത്തില്‍ കുത്തിപ്പൊക്കി എടുക്കുന്നത്. കുത്തിപ്പൊക്കലുകളില്‍ സിനിമാ തരാങ്ങളും ഇരയായിട്ടുണ്ട്. 20 വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഇപ്പോള്‍ തപ്പി എടുത്ത ആള്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
20 വര്‍ഷം മുമ്പ് പത്രത്തില്‍ അച്ചടിച്ചു വന്ന തന്റെ ചിത്രം ലഭിച്ച സന്തോഷത്തിലാണ് ഗായിക റിമി ടോമി. നിറം എന്ന കമല്‍ ചിത്രം ഹിറ്റായി ഓടുന്ന സമയത്ത് സാക്ഷാല്‍ കുഞ്ചാക്കോ ബോബന്‍ പാല അല്‍ഫോണ്‍സാ കോളേജിലെത്തിയപ്പോഴെടുത്ത ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കയാണ് ഗായിക.. ചിത്രത്തില്‍ ഇഷ്ടതാരത്തിനടുത്ത് ഓട്ടോഗ്രാഫിനായി നില്‍ക്കുന്ന ആരാധികമാര്‍ക്കിടയില്‍ റിമിയുമുണ്ട്.
കുഞ്ചാക്കോ ബോബന്‍ അന്ന് യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്ന കാലമാണ്. 1999ല്‍ പുറത്തു വന്ന നിറം മലയാളത്തിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളില്‍ ഒന്നാണ്. അക്കാലത്ത് നിറയെ ആരാധികമാരുമുണ്ടായിരുന്നു ചാക്കോച്ചന്. താനും അതിലൊരാളായിരുന്നുവെന്നു പറയുകയാണ് റിമി. പങ്കുവെച്ച ചിത്രം ചാക്കോച്ചന്‍ തന്നെ അയച്ചു തന്നതാണെന്നും നന്ദിയുണ്ടെന്നും റിമി പോസ്റ്റില്‍ പറയുന്നു.
കോവിഡ് രോഗം അതിവേഗം പടര്‍ന്ന് പിടിക്കുകയും നൂറുകണക്കിനാളുകളുടെ ജീവനെടുക്കുകയും ചെയ്യുന്ന ബ്രിട്ടനില്‍ ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ആകെ മരണസഖ്യ 759 ആയി. രണ്ടായിരത്തിലേറെ ആളുകള്‍ക്ക് ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചു. ഒദ്യോഗികമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോള്‍ 14,579 ആണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടണിലെ ഭരണനേതൃത്വം അപ്പാടെ ആശങ്കയുടെ മുള്‍മുനയിലായി.
മരണ നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ബര്‍മിന്‍ഹാം എയര്‍പോര്‍ട്ട് മോര്‍ച്ചറിയാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ലണ്ടനിലും മാഞ്ചസ്റ്ററിലും ബര്‍മിന്‍ഹാമിലും അടിയന്തരമായ പുതിയ ആശുപത്രികള്‍ പണിയാന്‍ തീരുമാനമായി. കൊവിഡിനെ പ്രതിരോധിക്കാനായി വളരെ നല്ല മാര്‍ഗ്ഗങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ ടോം ജോസ് തടിയമ്പാട് പറഞ്ഞു. എയര്‌പോര്‍ട്ടുകളും ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റവും പൂര്‍ണ്ണമായും ഇതുവരെ അടച്ചിട്ടില്ല. പല ഭാഗങ്ങളിലും ആളുകള്‍ ഇപ്പോഴും കുടുങ്ങികിടക്കുകയാണ്.
മലയാളികള്‍ കാര്യമറിയാതെ അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ കളിയാക്കുകയാണ്. മറ്റൊരു പ്രധനപ്പെട്ട കാര്യം നിരവധി ആളുകള്‍ സ്വയം കൊറൈന്റനില്‍ ഇരിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നതാണ്. ആരോഗ്യ സ്ഥിതി മോശമായവരോട് വീട്ടിലിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിനെ പോലെ തന്നെ ഒരു കാലത്ത് ടീമിലെ നിര്‍ണായക താരമായിരുന്നു നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം എസ് ധോണി. സച്ചിന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സമ്പന്നനായ താരങ്ങളുടെ പട്ടികയില്‍ മുന്നില്‍ തന്നെ ധോണിയും ഉണ്ടാകും. ഇന്ത്യക്ക് ട്വന്റി-20, ഏകദിന ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനായ ധോണിയുടെ ആകെ ആസ്തി ഏകദേശം 900 കോടി രൂപ വരും. എന്നാല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലത്ത് ധോണി ഇത്രയും സമ്പന്നനായ ഒരു താരമായി മാറുമെന്ന് ഒരിക്കല്‍പോലും കരുതിയിരുന്നില്ല. മുപ്പത്തിയെട്ട് കാരനായ ധോണി ഉടന്‍ വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇപ്പോള്‍ ധോണിയെ കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിനൊപ്പം ഡ്രസിംഗ് റൂം ചിലവഴിച്ചിട്ടുള്ള വസീം ജാഫര്‍.
30 ലക്ഷം രൂപ സമ്പാദിച്ച് സ്വന്തം നാടായ റാഞ്ചിയില്‍ പോയി സ്വസ്ഥമായി ജീവിക്കാനാണ് ധോണി ആഗ്രഹിച്ചിരുന്നത്. മുംബൈയില്‍ നിന്നുള്ള ക്രിക്കറ്റ് താരമായ വസീം ജാഫര്‍ വെളിപ്പെടുത്തി. ധോണിയോടൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ട്വിറ്ററിലൂടെ മറുപടി നല്‍കുകയായിരുന്നു വസീം ജാഫര്‍. ‘ഇന്ത്യന്‍ ടീമിലെത്തിക്കഴിഞ്ഞ് ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം ധോണി സ്ഥിരമായി പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ക്രിക്കറ്റ് കളിച്ച് 30 ലക്ഷം രൂപ സമ്പാദിച്ച് സ്വന്തം നാടായ റാഞ്ചിയില്‍ പോയി സ്വസ്ഥമായി ജീവിക്കണം.’ വസീം ജാഫര്‍ ട്വീറ്റില്‍ പറയുന്നു.
ടെസ്റ്റില്‍ 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇതുവരെ പാഡഴിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമിയില്‍ കിവീസിന് എതിരെയാണ് ഒടുവില്‍ കളിച്ചത്. ഐപിഎല്ലിലൂടെ 38കാരനായ താരം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സീസണ്‍ വൈകുന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നു.
ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം നിലവിലെ കണക്ക് പ്രകാരം 1139 ആയി ഉയർന്നു. ആകെ മരണം 27. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ദിവസവും നൂറിലധികം പുതിയ രോഗികളുണ്ടാവുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. രണ്ടാമത് കേരളം. രണ്ടു സംസ്ഥാനങ്ങളും 200 കടന്നു. 200 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് സംസ്ഥാനങ്ങൾ ഉണ്ട്. മഹാരാഷ്ട്രയും (203) കേരളവും (202).
അമ്പതിലധികം അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 7 സംസ്ഥാനങ്ങളിൽ. കർണാടക (83), ഡൽഹി (72), ഉത്തർപ്രദേശ് (72), തെലുങ്കാന (70), ഗുജറാത്ത് (63), രാജസ്ഥാൻ (59), തമിഴ്നാട് (50). ഇരുപത്തിയഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾ നാല്. മധ്യപ്രദേശ് (39), ജമ്മുകാശ്മീർ (38),പഞ്ചാബ് (38), ഹരിയാന (35). പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ നാല്. ആന്ധ്രപ്രദേശ് (21), പശ്ചിമബംഗാൾ (21), ബീഹാർ (15), ലഡാക്ക് (13).
ഇന്ത്യയിൽ നിലവിലെ മരണനിരക്ക് 2.4 ശതമാനം ആണ്. മരിച്ചവരിൽ ഭൂരിഭാഗവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്. എന്നാൽ ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ച അഞ്ചുപേരിൽ രണ്ടുപേരും 50 വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു. അതിനാൽ പ്രായാധിക്യമുള്ളവർ മാത്രമാണ് ആണ് റിസ്കിലുള്ളവർ എന്ന് വിചാരിക്കരുത്.
ഇന്ത്യയിൽ ടെസ്റ്റുകളുടെ എണ്ണം 30 ശതമാനം വർദ്ധിപ്പിച്ചു എന്ന് ICMR അവകാശപ്പെടുന്നുണ്ട്. പക്ഷേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു അഞ്ചു ദിവസം കഴിഞ്ഞിട്ടും ടെസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ടെസ്റ്റുകൾ ആവശ്യത്തിന് ചെയ്യാത്തിടത്തോളം നമ്മുടെ നാട്ടിൽ രോഗികൾ കുറവാണ് എന്ന ഒരു മിഥ്യാബോധം മാത്രമേ നമുക്ക് കിട്ടുകയുള്ളൂ. യഥാർത്ഥത്തിലുള്ള നമ്മുടെ അവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂട്ടിയേ പറ്റൂ.
ഡൽഹി അതിർത്തിയിലെ അതിഥി തൊഴിലാളികൾ നടുക്കടലിൽ പെട്ടതു പോലെ ആയിട്ടുണ്ട്. അവരെ സോഷ്യൽ ഡിസ്റ്റൻസിംഗിനെ ബാധിക്കാത്ത വിധം പുനരധിവസിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പെട്ടെന്ന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു
കേരളം
കേരളത്തിൽ ഇന്നലെ 20 പുതിയ രോഗികൾ ഉണ്ടായി. ആകെ രോഗികളുടെ എണ്ണം 202 ആയി. നിലവിൽ ചികിത്സയിലുള്ളത് 181 പേരാണ്. 20 പേർക്ക് ഇതിനകം രോഗം ഭേദമായി. ഒരാൾ മരിച്ചു. നിലവിൽ 1,41,211 പേർ നിരീക്ഷണത്തിൽ ഉണ്ട്
കേരളത്തിൽ നിരവധി പേർക്കുള്ള ഒരു സംശയമാണ് കുഞ്ഞുങ്ങളുടെ റെഗുലർ വാക്സിനേഷൻ ഈ സമയത്ത് എങ്ങനെ കൊടുക്കും എന്നുള്ളത്. ലോക്ക് ഡൗൺ ആയതിനാൽ റഗുലർ ഷെഡ്യൂളിലുള്ള വാക്സിനേഷൻ എല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ കൊടുക്കാറുള്ള കുത്തിവയ്പ്പുകൾ മാത്രമാണ് ഇപ്പോൾ കൊടുക്കുന്നത്. അപ്പോൾ പലർക്കും ആശങ്കയുണ്ടാവാം, അത്രയും നാൾ ആ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ കുഞ്ഞിന് അസുഖം വരില്ലേയെന്ന്. തീർച്ചയായിട്ടും വളരെ ചെറിയ ഒരു സാധ്യതയുണ്ട്.
പക്ഷേ നമ്മുടെ കുട്ടികൾ വീട് വിട്ട് പുറത്ത് പോകുന്നില്ല, വീട്ടിലേക്ക് സന്ദർശകർ ആരും വരുന്നില്ല, വീടിനു പുറത്തുള്ള വ്യക്തികളുമായിട്ടോ രോഗം പകരാനുള്ള സാഹചര്യങ്ങളുമായിട്ടോ കുഞ്ഞ് ഇടപഴകുന്നില്ല തുടങ്ങിയ പല കാരണങ്ങൾകൊണ്ടും രോഗം പകരാനുള്ള സാധ്യതയും ഇക്കാലയളവിൽ വളരെ കുറവാണ്. ആയതിനാൽ ആ ആശങ്കകൾ തൽക്കാലം മാറ്റി വയ്ക്കുക. റെഗുലർ വാക്സിനേഷൻ വീണ്ടും തുടങ്ങുമ്പോൾ എത്രയും വേഗംപോയി ആ വാക്സിനുകൾ കൊടുത്താൽ മാത്രം മതിയാകും.
അതുപോലെ ക്ലോറോക്വിൻ ഗുളിക വാങ്ങി വച്ചിട്ടുള്ളവരും വിൽക്കുന്ന മെഡിക്കൽ സ്റ്റോറുകാരും പ്രത്യേകം ശ്രദ്ധിക്കുക, ഇത് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രം വാങ്ങുകയോ കൊടുക്കുകയോ ചെയ്യേണ്ട ഗുളികയാണ്. ധാരാളം പേർ ഈ മരുന്ന് കഴിച്ചതുകൊണ്ടു മാത്രം മരിച്ച സംഭവങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ ലോകത്ത് പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. പൊതുജനത്തിന് വാങ്ങി കഴിക്കാനുള്ളതല്ല ക്ലോറോക്വിൻ ഗുളികകൾ എന്ന് മനസിലാക്കുക.
നിലവിൽ നമ്മുടെ സംസ്ഥാനം ശരിയായ പാതയിലൂടെയാണ് പോകുന്നത്. മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും തന്നെ ഒറ്റക്കെട്ടായി അതിനോട് സഹകരിക്കുന്നുമുണ്ട്. എന്നാലും അവിടവിടെ ചില പ്രശ്നങ്ങൾ ഉരുത്തിരിയുന്നുണ്ട്. അത് നമ്മുടെ ആകെയുള്ള പ്രതിരോധപ്രവർത്തനങ്ങളെ മോശമായി ബാധിക്കാനാണ് സാധ്യത. മനസ്സിലാക്കുക ഒരാൾ വിചാരിച്ചാൽ മതി നമ്മുടെ എല്ലാ പ്രയത്നങ്ങളും തകിടം മറിക്കാൻ. അങ്ങനെ ചെയ്യാതിരിക്കുക.
കടപ്പാട് : ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവൻ
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗൺ നീട്ടാൻ സാധ്യതയില്ലെന്ന് സൂചന നൽകി കേന്ദ്ര സർക്കാര്‍ വൃത്തങ്ങൾ. സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ആറ് ദിവസം പിന്നിടുമ്പോൾ നിലവിലെ 21 ദിവസ സമയ പരിധിയിൽ നിന്നും നിയന്ത്രണങ്ങൾ ഉയർത്താൻ പദ്ധതിയില്ലെന്നാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി നൽകുന്ന സൂചന. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു ക്യാബിനറ്റ് സെക്രട്ടറി രാജീസ് ഗബ്ബയുടെ പ്രതികരണം.
‘ഇപ്പോൾ പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണ്. നിലവിൽ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗൺ ദീർഘിപ്പിക്കാൻ ഇപ്പോൾ പദ്ധതികളില്ല’ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഞായറാഴ്ച പുറത്ത് വന്ന ഒടുവിലെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1139 ആയി ഉയരുകയും ആകെ മരണം 27 ആവുകയും ചെയ്തതിന് പിന്നാലെയാണ് ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ദിവസവും നൂറിലധികം പുതിയ രോഗികളും രാജ്യത്ത് ഉണ്ടാവുന്നുണ്ട്. ഈ സഹചര്യത്തിൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കില്ലെന്ന പ്രഖ്യാപനം എത്രത്തോളം പ്രായോഗികമാണെന്നതും സംശയം ഉയർത്തുന്നുണ്ട്.
നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 34931 ടെസ്റ്റുകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ടെസ്റ്റുകൾ ആവശ്യത്തിന് ചെയ്യാത്തിടത്തോളം നാട്ടിൽ രോഗികൾ കുറവാണ് എന്നത് ഒരു മിഥ്യാബോധം മാത്രമായി മാറാനുള്ള സാധ്യതയും ആരോഗ്യ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥത്തിലുള്ള അവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂട്ടിയേ പറ്റൂ ഇവർ വ്യക്തമാക്കുന്നു.
കാലിഫോർണിയയിൽ താമസം മാറിയ ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗനും സുരക്ഷാ നൽകാൻ കഴിയില്ലെന്ന് ട്രംപ്. കഴിഞ്ഞയാഴ്ചയാണ് ഇരുവരും കാനഡയിലെ വാൻകൂവറിൽ നിന്നും കാലിഫോർണിയയിൽ എത്തിയത്. ‘ഞാൻ രാജ്ഞിയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും മികച്ച സുഹൃത്തും ആരാധകനുമാണ്. രാജ്യം വിട്ട ഹാരിയും മേഗനും കാനഡയിൽ സ്ഥിര താമസമാക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അവർ ഇപ്പോൾ അമേരിക്കയിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ, അവരുടെ സുരക്ഷ ക്കായുള്ള പണം യു.എസ് വഹിക്കില്ല. അതവർ സ്വയം വഹിക്കണം’- എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
അതേസമയം, ‘സസെക്സിലെ ഡ്യൂക്കിനും ഡച്ചസിനും സുരക്ഷാ ഒരുക്കാനായി ബ്രിട്ടണും യുഎസ് സർക്കാരിനോട് ആവശ്യപ്പെടാൻ പദ്ധതിയില്ല. സ്വകാര്യമായ മറ്റു സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്’ എന്ന് സസെക്സസിന്റെ വക്താവ് പറഞ്ഞു. മാർച്ച് 31 ന് ദമ്പതികൾ സീനിയർ റോയൽസ് സ്ഥാനങ്ങൾ രാജിവെക്കുകയാണ്. ട്രംപിന്റെ പ്രതികരണത്തോട് പ്രതികരിക്കുവാൻ ബക്കിംഗ്ഹാം കൊട്ടാരം വിസമ്മതിച്ചു. ഹാരിയും കുടുംബവും ഇപ്പോൾ ഹോളിവുഡിനടുത്തുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നത്.
ഹാരിയെ വിവാഹം കഴിക്കുന്നതിനുമുമ്പ്, 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിനെ രൂക്ഷമായി വിമർശിച്ചിട്ടുള്ള ആളാണ് മേഗൻ. ‘ട്രംപ് സ്ത്രീവിരുദ്ധനും, ജനങ്ങളെ ഭിന്നിപ്പിക്കുന്നവനും ആണെന്ന് അന്ന് മെഗൻ പറഞ്ഞിരുന്നു. കൂടാതെ, ഹിലരി ക്ലിന്റന് വോട്ട് വാഗ്ദാനം ചെയ്ത മേഗൻ വിജയിച്ചാൽ കാനഡയിലേക്ക് പോകുമെന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിൽ ട്രംപ് യുകെ സന്ദർശിക്കുന്നതിനുമുമ്പ് മെഗന്റെ പഴയ അഭിപ്രായപ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘അവർ ഇത്ര വൃത്തികെട്ട സ്ത്രീയാണെന്നു എനിക്ക് അറിയില്ലായിരുന്നു. ഞാന് എന്ത് പറയാനാണ്?’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധയിടങ്ങളിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികൾ വലിയ തോതിൽ പാലായനം ചെയ്യുകയാണ്. ഡൽഹി മുംബൈ തുടങ്ങി രാജ്യത്തെ വൻകിട നഗരങ്ങളിൽ നിന്ന് ആയിരങ്ങളാണ് ഇത്തരത്തിൽ കാൽനടയായി നൂറൂകണക്കിന് കിലോ മീറ്റർ അപ്പുറത്തുള്ള തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയത്.
എന്നാൽ, ഇത്തരത്തിൽ മടങ്ങുന്നവർക്ക് മേൽ സുരക്ഷാ മുൻകരുതൽ എന്നപേരിൽ അണുനാശിന് തളിക്കുകയാണ് ഉത്തരേന്ത്യയിലെ ഒരു കേന്ദ്രത്തിൽ. ആളുകളെ കൂട്ടമായി ഇരുത്തി യന്ത്ര സഹായത്തോടെ ഇവർക്ക് മേൽ അണുനാശിനി തളിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഉത്തർ പ്രദേശിലെ ബെറയ്‌ലിയിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് സൂചന.
മാസ്ക് പോലും ധരിക്കാത്ത ഇത്തരം തൊഴിലാളികൾക്ക് മേൽ അണുനാശിനി തളിക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും നവ മാധ്യങ്ങളിലും ഉയരുന്നത്. എയർപ്പോർട്ടുകളിലും, ക്വാറന്റെയ്ൻ കേന്ദ്രങ്ങളിലും ചെയ്യാത്ത കാര്യങ്ങളാണ് സാധാരണ തൊഴിലാളികൾക്ക് എതിരെ ചെയ്യുന്നത് എന്നാണ് ഇതിനെതിരെ ഉയരുന്ന വിമർശനം.
ഇത്തരത്തിൽ മടങ്ങുന്നവരുടെ ദുരിതം കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വലിയ വാർത്താകളാക്കിയിരുന്നു. പിന്നാലെ ഡൽഹി ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഇവർക്ക് ബസ്സുകൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ കോറോണ ഭീതിയുടെ പശ്ചാത്തലം നിലനിൽക്കെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇവരുടെ യാത്ര തടണമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തിരുന്നു.
What on earth is this? Am sure this isn’t done at the airports, where the Coronavirus came in, or at quarantine centres…. https://t.co/iSQ08FluWc
— Suhasini Haidar (@suhasinih) March 30, 2020
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1024 ആയി. 27 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗബാധ. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും കോയമ്പത്തൂർ ഇഎസ്‌ഐ ആശുപത്രിയിൽ ചികിൽസയിലാണ്.
അതേസമയം കണ്ണൂരിൽ നിരീക്ഷണത്തിൽ ഇരിക്കെ മരിച്ച പ്രവാസിക്ക് കോവിഡില്ലെന്നു തെളിഞ്ഞു. സ്രവ പരിശോധന ഫലം നെഗറ്റീവ് ആണ്. പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടം ചെയ്യും. ഈ മാസം 21ന് ഷാർജയിൽ നിന്ന് എത്തിയ 65കാരനായ അബ്ദുൽ ഖാദർ ഹോം ക്വാറന്റീനിൽ ആയിരുന്നു. ശനിയാഴ്ച രാത്രിയാണ് വീട്ടിൽ ബോധരഹിതനായി കണ്ടത്.
കോവിഡ് മൂലം ശ്രീനഗറില്‍ 67കാരനും അഹമ്മദാബാദില്‍ 45കാരനും മുംബൈയില്‍ 40കാരിയുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ശ്രീനഗറില്‍ രണ്ടും ഗുജറാത്തില്‍ അഞ്ചും മുംബൈയില്‍ ഏഴും മരണങ്ങളായി. ആഭ്യന്തര വിമാനങ്ങള്‍ പറത്തുന്ന സ്പൈസ് ജെറ്റിലെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 21ന് ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് ഇയാള്‍ അവസാനം പറത്തിയത്. രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്നു വ്യക്തമായിട്ടില്ല.
കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.
വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്‍റെ ഒപ്പ് അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്‍റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി നല്‍കും. യാത്രവേളയില്‍ പോലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി ലഭിക്കും. ഒരു ആഴ്ചയില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നു തവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു.
വെഹിക്കിള്‍ പാസ് ഓണ്‍ലൈനായി നല്‍കുന്നത് മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദര്‍ശനം മുതലായ തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ്. പേര്, മേല്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ശഷം ഫോട്ടോ, ഒപ്പ്, ഒഫീഷ്യല്‍ ഐഡി കാര്‍ഡ് എന്നിവയുടെ ഇമേജ് അപ്ലോഡ് ചെയ്യണം. പരിശോധനയ്ക്കു ശേഷം പാസ് യാത്രക്കാരന് മെസ്സേജ് ആയി ലഭിക്കും. ഇതും ആഴ്ചയിൽ പരമാവധി മൂന്നുതവണയേ ലഭിക്കൂ.
നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർക്കെതിരെ നിയമനടപടി സ്വീകരിക്കും. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും
നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.