കോവിഡ് 19ന്റെ വ്യാപനസാധ്യത കരുതലോടെ മനസിലാക്കാതിരുന്നതാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് തിരിച്ചടിയായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ ഇത് വ്യക്തമാക്കുന്നു. പ്രതിരോധ മരുന്നുകളിലൂടെ കോവിഡിന്റെ സമൂഹവ്യാപനം തടയാനാകും എന്നായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് അന്ന് നൽകിയിരുന്ന ഉപദേശം.
ഇത് മുഖവിലയ്ക്ക് എടുത്ത അദ്ദേഹം ഹസ്തദാനം പോലും ഒഴുവാക്കിയിരുന്നില്ല. ആശുപത്രിയിലെ രോഗികൾക്ക് പോലും ഹസ്തദാനം നൽകിയെന്ന് ബോറിസ് ജോൺസൻ തന്നെ വ്യക്തമാക്കിയിരുന്നു. ‘എനിക്ക് ഒരു പേടിയുമില്ല. ഇന്നലെ ആശുപത്രിയില്‍ പോയപ്പോഴും ഞാന്‍ ഹസ്തദാനം നടത്തി..’ അദ്ദേഹം പലയിടത്തും ആവര്‍ത്തിച്ചു. അമിത ആത്മവിശ്വാസം വിനയായെന്ന് പ്രതിപക്ഷ കക്ഷികളടക്കം ഒളിയമ്പെയ്തുകഴിഞ്ഞു. രാജ്യത്ത് വ്യാപക വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു.
രോഗലക്ഷണങ്ങളെ തുടർന്ന് ബോറിസ് സ്വയം ക്വാറന്റീനിൽ ആയിരുന്നു. വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടത്. തുടർന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക വസിതിയിൽ ഇരുന്നുകൊണ്ടു വിഡിയോ കോൺഫറൻസിലൂടെ ചുമതലകൾ നിറവേറ്റുമെന്നാണ് ബോറിസ് ജോൺസൻ അറിയിച്ചിരിക്കുന്നത്.
യുകെയിൽ ഇതുവരെ 11,658 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 578 പേർ മരിച്ചു. യുഎസ്, ഇറ്റലി, ചൈന, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു ശേഷം കോവിഡ് സ്ഥിതി ഏറ്റവും വഷളായിരിക്കുന്നത് ബ്രിട്ടനിലാണ്. കഴിഞ്ഞ ദിവസം രാജകുടുംബാംഗം ചാൾഡ് രാജകുമാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്കോട്‌ലൻഡിലെ ബാൽമൊറാലിൽ ഉള്ള രാജകുമാരനു ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്.
കൊറോണ വൈറസ് ബാധിതനായി ചികിത്സയിലായിരുന്ന പ്രശസ്ത ഹോളിവുഡ് നടന്‍ മാര്‍ക് ബ്ലം അന്തരിച്ചു. ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ ബുധനാഴ്ച്ചയായിരുന്നു മാര്‍ക്കിന്റെ അന്ത്യം എന്ന് അദ്ദേഹത്തിന്റെ ഭാര്യയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നൊവല്‍ കോറോണ വൈറസ് ബാധിതനായിരുന്നു മാര്‍ക് എന്ന് കുടുംബാംഗങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയത്.
നെറ്റ്ഫ്‌ളിക്‌സിലെ ക്രൈം പരമ്പര ‘യൂ’വിലെ മി. മൂണി എന്ന കഥാപാത്രത്തിലൂടെയും ‘ഡെസ്പരേറ്റലി സീക്കിംഗ് സൂസന്‍’, ‘ക്രോക്കഡൈല്‍ ഡോണ്‍ഡി’ എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ അഭിനേതാവായിരുന്നു 69 കാരനായ മാര്‍ക്ക് ബ്ലം. അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്‌സ് വൈസ് പ്രസിഡന്റ് റബേക്ക ഡാമെന്‍ ആണ് മാര്‍ക്കിന്റെ മരണ വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്. ഫെഡറേഷന്റെ മുന്‍ അംഗം കൂടിയാണ് മാര്‍ക്.
തീയേറ്റര്‍ കലാകാരനായിട്ടായിരുന്നു മാര്‍ക് ബ്ലമ്മിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1970 മുതല്‍ അദ്ദേഹം തീയേറ്റര്‍ രംഗത്തുണ്ട്. ലൗവ്‌സിക്ക്, ജസ്റ്റ് ബെറ്റ്വീന്‍ ഫ്രണ്ട്‌സ്, ബ്ലൈന്‍ഡ് ഡേറ്റ്, ദി പ്രസിഡിയോ എന്നീ സിനിമകളും ബ്ലമ്മിന് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. സിനിമയ്ക്കും നാടകത്തിനും അപ്പുറം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ് മാര്‍ക് ബ്ലും. നെറ്റ്ഫ്‌ളിക്‌സിന്റെ ‘ യൂ’ മാര്‍ക് ബ്ലമ്മിന് ലോകത്ത് നിരവധി ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. മൊസാര്‍ട്ട് ഇന്‍ ജി ജംഗിളിലൂടെയും ടെലിവിഷന്‍ പ്രേക്ഷകര്‍ മാര്‍ക് ബ്ലമ്മിനെ എന്നും ഓര്‍ത്തിരിക്കും.
ആടുജീവിതം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെട്ട സംഘം ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോര്‍ദാനിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംഘം അവിടെ കുടുങ്ങിയത്. ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി.
എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ ചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചിട്ടുള്ളതായാണ് അവിടുന്ന് ലഭിച്ച വിവരം. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും എംബസി ഉറപ്പും നല്‍കി.
ഇതിനിടെ മലയാളികളുടെ എക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നായ ‘ക്ലാസ്മേറ്റ്സി’ലെ താരങ്ങള്‍ ഐസൊലേഷന്‍ ദിനങ്ങളില്‍ ഒത്തുകൂടിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കോളിലൂടെയാണ്’ക്ലാസ്മേറ്റ്സ്’ താരങ്ങളായ് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നരേനും പരസ്പരം കണ്ടതും വിശേഷങ്ങള്‍ പങ്കുവെച്ചതും. ഇന്ദ്രജിത്താണ് നാലുപേരും ഒന്നിച്ചുള്ള വീഡിയോ കോളിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ജോര്‍ദാനില്‍ നിന്നാണ് പൃഥ്വി സംസാരിച്ചത്.
കോവിഡിനെ പ്രതിരോധിക്കാനായി മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം രൂപയുടെ സഹായവുമായി അല്ലു അർജുൻ. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി അല്ലു നൽകും.നേരത്തെ പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ എത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക കൈമാറിയത്.ആന്ധ്രാപ്രദേശ്- തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഒരു കോടി രൂപ സംഭാവന നല്‍കി മഹേഷ് ബാബുവും രംഗത്തുവന്നിരുന്നു.
തമിഴ് നടനും നിര്‍മാതാവുമായ സേതുരാമന്‍ അന്തരിച്ചു. 36 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ച് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണം.ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമന്‍ കണ്ണ ലഡ്ഡു തിന്ന ആസയ എന്ന സന്താനം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹിതനായ സേതുരാമന് ഒരു കുട്ടിയുമുണ്ട്.
വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് താരങ്ങളുമായി സുഹൃദ് ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സേതുരാമന്‍. ഇദ്ദേഹത്തിന്റെ മരണത്തില്‍ തമിഴ് സിനിമാലോകം ഞെട്ടലിലാണ്. സിനിമ നിര്‍മാണ രംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സൈക്ലിംഗ് മത്സരമായ ടൂര്‍ ഡി ഫ്രാന്‍സ് സൈക്ലിംഗ് ടൂര്‍ മത്സരം നടത്താനൊരുങ്ങി അധികൃതര്‍. ലോകമാകെ വൈറസ് ബാധ പടുരുന്ന സാഹചര്യത്തില്‍ മത്സരം നടത്താനാകുമെന്ന പ്രതീക്ഷയിലാണെന്ന് ഫ്രഞ്ച് കായികമന്ത്രി റൊക്സാന മറാസിനോ പറഞ്ഞു. ഒരാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്ന മത്സരം കാണികളുടെതടക്കം നിയന്ത്രണങ്ങളോടെ നടത്താന്‍ സാധിക്കുമെന്നാണ് സംഘാടക സമിതി പറയുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് മത്സരങ്ങളും യൂറോ 2020 മത്സരങ്ങളും ഉപേക്ഷിച്ച സാഹചര്യത്തില്‍ ടൂര്‍ ഡി മത്സരം നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം മെയ് ഒന്നിന് ശേഷം ഉണ്ടാകുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
നേരത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടാനും പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും തുടങ്ങിയതോടെ, ഈ വര്‍ഷം ആദ്യത്തെ പ്രധാന സ്റ്റേജ് മല്‍സരം, പാരീസ്-നൈസ്, മാര്‍ച്ച് തുടക്കത്തില്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്. ഓട്ടം ആരംഭിക്കുന്നതിലും പൂര്‍ത്തിയാക്കുന്നതിലും പ്രധാന ഘട്ടങ്ങളിലും കാഴ്ചക്കാരെ അനുവദിച്ചിരുന്നില്ല. ചില ടീമുകള്‍ മത്സരത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഒരു ദിവസം നേരത്തെ തന്നെ മത്സരം അവസാനിച്ചു.
ഈ ഘട്ടത്തില്‍ ടിക്കറ്റ് വില്‍പ്പനയെ ആശ്രയിക്കുന്നില്ല, മറിച്ച് വരുമാനത്തിന്റെ സിംഹഭാഗവും ടെലിവിഷന്‍ അവകാശങ്ങളെയാണ് ആശ്രയിക്കാത്തതുകൊണ്ട് ടൂര്‍ ഒരു നിയന്ത്രിത രൂപത്തില്‍ സാധ്യമാകുമെന്ന് കായിക മന്ത്രി മറെസിനോ ബുധനാഴ്ച ഒരു ഫ്രഞ്ച് റേഡിയോ സ്റ്റേഷനോട് പറഞ്ഞു. ടിവിയില്‍ സംപ്രേഷണത്തിലൂടെ കാണാനാകുമെന്നതിനാല്‍ മത്സരത്തിന്റെ പിന്തുണ മോശമായിരിക്കില്ല. സൈക്ലിംഗ് ടീം സ്‌പോണ്‍സര്‍മാര്‍ക്ക് നേട്ടമുണ്ടാക്കുന്ന മത്സരമാണിതെന്ന് തനിക്ക് നന്നായി അറിയാമെന്നും മത്സരം മുടങ്ങുന്നത് പ്രൊഫഷണല്‍ സൈക്ലിംഗിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയമുണ്ടെന്നും അവര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ടിക്കറ്റില്ലാത്ത കായിക ഇനമെന്ന നിലയില്‍, ടൂര്‍ സീസണില്‍ 10 മുതല്‍ 12 ദശലക്ഷം വരെ കാണികളെ റോഡരികിലേക്ക് ആകര്‍ഷിക്കുന്നു, ”അടച്ച വാതിലുകള്‍ക്ക് പുറകില്‍” ഓട്ടം നടത്തുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് വ്യക്തമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്, എന്നിരുന്നാലും ആ കാഴ്ചക്കാരില്‍ പലരും പുറത്തുനിന്നുള്ളവരാണ് അടച്ച അതിര്‍ത്തികളാല്‍ തടയാം. ജൂണ്‍ 27 ന് നൈസില്‍ ആരംഭിച്ചതിനുശേഷം ഇത് പൂര്‍ണ്ണമായും ഫ്രാന്‍സിനുള്ളിലാണ് നടക്കുന്നത്.
22 ദിവസത്തിനിടെ ഫ്രഞ്ച് സുരക്ഷാ സേനയിലെ 29,000 അംഗങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ ചില പ്രധാന കയറ്റങ്ങളില്‍ ചില സമയങ്ങളില്‍ പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ, ഭീകരതയെ ഭയന്ന്, പരിപാടിയിലെ സുരക്ഷാ നടപടികള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ടൂര്‍ മുന്നോട്ട് പോകുകയാണെങ്കില്‍, ഫ്രഞ്ച് ഭരണകൂടം ഇത് ഉറപ്പാക്കുന്നത് ഇതാദ്യമല്ല. 1968-ല്‍, രാജ്യം പൊതു അസ്വസ്ഥതകളുടേയും പ്രതിഷേധത്തിന്റേയും കാലഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ ടൂര്‍ സംഘാടകര്‍ റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും മത്സരം നടത്തി മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
കൊറോണ വൈറസ് പകര്‍ച്ചയുടെ സാഹചര്യത്തില്‍ ജനങ്ങള്‍ നേരിടാനിരുന്ന വലിയൊരു പ്രതിസന്ധിയാണ് വിവിധ ലോണുകളുടെ അടവുകള്‍. സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരും അന്നന്ന് തൊഴിലെടുത്ത് ജീവിക്കുന്നവരുമായ നിരവധി പേര്‍ ഈ പ്രശ്നം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞദിവസം ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി ദേബാശിഷ് പാണ്ഡ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിന് കത്തെഴുതുകയുണ്ടായി. കുറച്ചു മാസങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. ഇഎംഐകള്‍, വായ്പകളുടെ തിരിച്ചടവുകള്‍ എന്നിവ പിരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെക്കണമെന്നും, കിട്ടാക്കടം സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ ഇളവ് വേണമെന്നും കത്ത് വ്യക്തമാക്കി.
ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ഇന്നുണ്ടായിരിക്കുന്നത്. മൂന്ന് മാസത്തെ മോറട്ടോറിയം ഇഎംഐകള്‍, വായ്പകളുടെ തിരിച്ചടവുകള്‍ എന്നിവയ്ക്ക് നല്‍കിയിരിക്കുകയാണ്.അടവില്‍ വീഴ്ച വരുത്തുന്നവര്‍ നേരിടുന്ന വലിയ പ്രശ്നം ക്രെഡിറ്റ് റേറ്റിങ്ങില്‍ ഇടിവ് വരും എന്നതാണ്. ഇത് ഭാവിയില്‍ വലിയ പ്രശ്നങ്ങളിലേക്ക് വായ്പാ ഉപയോക്താക്കളെ നയിക്കും. ഈ പ്രശ്നത്തിനും പരിഹാരം നല്‍കിയിട്ടുണ്ട്. ഈ മൂന്ന് മാസങ്ങളിലെ വീഴ്ച ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കില്ലെന്നാണ് തീരുമാനം. സാധാരണ ഇത്തരം വീഴ്ചകള്‍ പലിശനിരക്ക് ഉയര്‍ത്താറുണ്ട്. കൂടാതെ, വായ്പയെടുക്കുമ്പോള്‍ ഇരുകക്ഷികളും ഏര്‍പ്പെട്ടിട്ടുള്ള കരാറില്‍ നിന്നും വ്യത്യസ്തമായ ഏതെങ്കിലും അധിക ചാര്‍ജുകള്‍ ഈ മോറട്ടോറിയത്തിന്റെ കാലയളവിലെ വീഴ്ചകള്‍ക്ക് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ബാങ്കുകളുടെ തീരുമാനത്തെക്കൂടി ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.
അതെസമയം ഇത് റിസര്‍വ്വ് ബാങ്കിന്റെ പ്രസ്താവനയെ ആശ്രയിച്ചുള്ള അനുമാനങ്ങളാണ്. ഇതില്‍ മാറ്റം വരാനിടയുണ്ട്. ബാങ്കുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ രീതിയനുസരിച്ചുള്ള മാറ്റങ്ങളാണുണ്ടാവുക. മോറട്ടോറിയം നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുക മാത്രമാണ് റിസര്‍വ് ബാങ്ക് ചെയ്തിട്ടുള്ളത്. എങ്കിലും പൊതുവില്‍ ഈ കാലയളവിലെ തിരിച്ചടവില്‍ വരുന്ന വീഴ്ചകള്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നമുണ്ടാക്കില്ല. വായ്പകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പലിശ ഈ മോറട്ടോറിയ കാലയളവില്‍ ഈടാക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ചെറിയ തോതിലുള്ള ഒരു പരിശയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.ബാങ്കിന്റെ ആസ്തിബാധ്യതകളെ മോശമായി ബാധിക്കാത്ത വിധത്തില്‍ മോറട്ടോറിയം നടപ്പാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകമാകെ നിശ്ചലമായതോടെ, ഇംഗ്ലണ്ടിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ പണത്തിനായി പുതിയൊരു ആശയം കണ്ടെത്തി മുൻ ന്യൂസീലൻഡ് താരം. 2005–2009 കാലഘട്ടത്തിൽ ന്യൂസീലൻഡ് ജഴ്സിയിൽ കളിച്ചിരുന്ന നീൽ ഒബ്രീനാണ് കുടുംബത്തിന്റെ അടുത്തെത്താൻ വിമാന ടിക്കറ്റിന് പണം േതടി പുതിയൊരു തന്ത്രം പയറ്റുന്നത്. കൊറോണ വൈറസ് വ്യാപനത്തിനിടെ ന്യൂസീലൻഡിൽ കുടുങ്ങിപ്പോയ ഒബ്രീന്, വിമാനങ്ങൾ റദ്ദാക്കിയതോടെ നാട്ടിലേക്കു തിരികെ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ കയ്യിലുള്ള പണവും തീർന്നതോടെയാണ് ഇംഗ്ലണ്ടിലേക്കു മടങ്ങാൻ ‘ക്രൗഡ് ഫണ്ടിങ്’ എന്ന മാർഗം തേടുന്നത്.
ആരാധകരുമായി സ്കൈപ്പിലൂടെയോ മറ്റു വിഡിയോ കോൾ സംവിധാനങ്ങളിലൂടെയോ സംവദിക്കാം, പണം തന്നാൽ മതിയെന്നാണ് ഒബ്രീൻ പറയുന്നത്. ഇതല്ലാതെ നാട്ടിലേക്കു മടങ്ങാൻ പണം കണ്ടെത്താൻ വേറെ വഴിയില്ലെന്നും ഒബ്രീൻ പറയുന്നു. 2005–2009 കാലഘട്ടത്തിൽ ന്യൂസീലൻഡിനായി 22 ടെസ്റ്റും 10 ഏകദിനവും നാലു ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഒബ്രീൻ. ഒബ്രീന്റെ ട്വീറ്റിൽനിന്ന്:
‘ഓകെ, ഇംഗ്ലണ്ടിലേക്കു മടങ്ങാൻ വിമാന ടിക്കറ്റിന് പണം കണ്ടെത്തുന്നതിന് പുതിയൊരു വഴി തേടുന്നു. ഇതാണ് ആശയം. ക്രിക്കറ്റ്, രാഷ്ട്രീയം, സോസേജ്, മാനസികാരോഗ്യം, സച്ചിൻ തുടങ്ങി ഏതു വിഷയത്തെക്കുറിച്ചും ഞാനുമായി 20 മിനിറ്റ് സ്കൈപ്പ്/വിഡിയോ കോൾ ചെയ്യാൻ അവസരം. എനിക്ക് ചെറിയ രീതിയിൽ പണം നൽകാൻ സന്നദ്ധതയുള്ള ആർക്കെങ്കിലും ഈ ആശയത്തിൽ താൽപര്യമുണ്ടെങ്കിൽ മെസേജ് അയയ്ക്കൂ’ – ഒബ്രീൻ എഴുതി.
∙ ഒബ്രീൻ കുടുങ്ങിയതെങ്ങനെ?
വിരമിച്ചശേഷം ഭാര്യയും മക്കളുമൊത്ത് യുകെയിൽ സ്ഥിരതാമസമാക്കിയ ഒബ്രീൻ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായാണ് ഏതാനും ദിവസം മുൻപ് ന്യൂസീലൻഡിലെത്തിയത്. ലോകവ്യാപകമായി കോവിഡ് ഭീതി പടർന്നുപിടിച്ചതോടെ യുകെയിലേക്കു മടങ്ങാൻ ഉദ്ദേശിച്ചതിലും നേരത്തെ ഒബ്രീൻ ടിക്കറ്റും ബുക്കു ചെയ്തു. പക്ഷേ, മൂന്നു തവണ ടിക്കറ്റ് ബുക്കു ചെയ്തെങ്കിലും ആ വിമാനങ്ങളെല്ലാം റദ്ദാക്കപ്പെട്ടു. ഇതോടെ ന്യൂസീലൻഡിൽ കുടുങ്ങിയ അവസ്ഥയിലായി താരം.
യുകെയിൽ വൈറസ് പടർന്നുപിടിച്ചതോടെ രോഗിയായ ഭാര്യയെ ചൊല്ലിയാണ് ഒബ്രീന്റെ ആശങ്ക. ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. മക്കൾ രണ്ടുപേരും തീരെ ചെറുപ്പമാണ്. ഒപ്പമുള്ള അമ്മയ്ക്കാണെങ്കിൽ വയസ്സ് 80 കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ഭാര്യ റോസിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് ഒബ്രീന്റെ വിഷമം. ഈ സമയത്ത് അവൾക്ക് ആശ്വാസമേകേണ്ട തനിക്ക് കൂടെ നിൽക്കാൻ പറ്റിയില്ലെന്നും അദ്ദേഹം വിലപിക്കുന്നു.
‘ഈ വൈറസിന് അവളുടെ ജീവനെടുക്കാനാകും. രണ്ടു കൊച്ചു കുട്ടികളും 80 വയസ്സ് പിന്നിട്ട അമ്മയുമൊത്ത് അവൾ എങ്ങനെ പിടിച്ചുനിൽക്കുമെന്നാണ് എന്റെ ആശങ്ക. ഒപ്പം നിന്ന് അവളുടെ വിഷമം പങ്കുവയ്ക്കേണ്ട ആളാണ് ഞാൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ അവളുടെ വിഷമം കൂട്ടാൻ മാത്രമേ എന്നേക്കൊണ്ടു പറ്റുന്നുള്ളൂ’ – ഒബ്രീൻ പറഞ്ഞു.
മനുഷ്യനും മൃഗവും പക്ഷിയുമെല്ലാം ചേർന്ന വിചിത്രരൂപിയായ ഒരു ജീവി ഇറ്റലിയിലെ ഒരു പള്ളിമിനാരത്തിൽ പിടിച്ചു കയറുന്ന വിഡിയോ ഇപ്പോൾ ലോകമെങ്ങും ഭീതിവിടർത്തി കറങ്ങിനടക്കുകയാണ്. പള്ളിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ജനാലയിൽനിന്നു മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നു തോന്നിക്കുന്നതാണ് വിഡിയോ. ഭീമാകാരമായ ചിറകുകളാണു ജീവിക്കുള്ളത്. അല്ലെങ്കിൽത്തന്നെ, കോവിഡ് ഭീതിയിൽ കഴിയുന്ന നാട്ടിൽ കൂടുതൽ പേടി പരത്തുകയാണ് ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം.
വിദേശത്ത് ഈ വിഡിയോ പ്രചരിക്കുന്നത്, ‘എന്തെല്ലാം ദുരന്തങ്ങളാണ് ഒരേസമയം നമ്മെ തേടിയെത്തുന്നത്’ എന്ന അടിക്കുറിപ്പോടെ ആണെങ്കിൽ, ഇന്ത്യയിൽ സംഗതിയുടെ പോക്ക് വേറെ തലത്തിലാണ്. ഒരു മതത്തിനുമേൽ മറ്റൊരു മതം നടത്തുന്ന ആക്രമണം എന്നാണ് ഇവിടത്തെ വിശദീകരണം. സത്യത്തിൽ, നിക്കരാഗ്വേയിലെ ജെജെപിഡി എന്ന ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം കംപ്യൂട്ടറിൽ സ്പെഷൽ ഇഫക്ട്സ് ഉപയോഗിച്ചു സൃഷ്ടിച്ചതാണ് ഈ വിഡിയോ.
ചൈനയിൽ നിന്നു സമാനമായ മറ്റൊരു വിഡിയോ ഈയിടെ വന്നിരുന്നു. ഡ്രാഗൺ പോലുള്ള ഭീകരൻ ആകാശത്തേക്കു പറന്നകന്ന് ഇല്ലാതാകുന്നതാണു വിഡിയോയിൽ. കൊറോണ വൈറസ് ചൈനയെ വിട്ടു പോകുന്നതാണ് എന്നായിരുന്നു വിശദീകരണം. വൈറസ് ബാധ ചൈനയിൽ ഏതാണ്ട് ഇല്ലാതായി എന്നതു വസ്തുതയാണ്. എന്നാൽ, വിഡിയോയിൽ പറന്നുപോകുന്നത് വൈറസുമല്ല, ഡ്രാഗണുമല്ല. വിഡിയോ ഗ്രാഫിക്സ് ആണ്! ഇതുപോലുള്ള വിഡിയോകൾ ഇനിയും നമ്മുടെ ഫോണുകളിലെത്തും. ദയവായി വിശ്വസിക്കരുത്, ഫോർവേഡ് ചെയ്യരുത്.
ഇടുക്കി ജില്ലയിലെ കോവിഡ്–19 സ്ഥിരീകരിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാവ് കേരളം ചുറ്റിയതായി രേഖകൾ. സംസ്ഥാനത്തെ മുതിർന്ന രണ്ടു കോൺഗ്രസ് നേതാക്കളുമൊത്ത് മന്ത്രിമാരെയും എംഎൽഎമാരെയും വകുപ്പു സെക്രട്ടറിമാരെയും കാണാൻ പോയി. നിയമസഭാ മന്ദിരത്തിലും നിയമസഭാ ഹോസ്റ്റലിലും എത്തി.
എവിടെനിന്നാണു കോൺഗ്രസ് നേതാവിന് രോഗം ബാധിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഗൾഫിൽ നിന്നു വന്നവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ട്. സജീവമായി പൊതുരംഗത്തുള്ള ആളായതിനാൽ നേതാക്കന്മാരും പ്രവർത്തകരും മറ്റുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഇക്കാരണത്താൽ ഇദ്ദേഹത്തിന്റെ വിശദമായ യാത്രാവഴി തയാറാക്കുന്നത് ക്ലേശകരമാണെന്ന് ഇടുക്കി കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. എങ്കിലും ലഭ്യമായ വിവരങ്ങൾ വച്ച് സഞ്ചാരപഥം ഇന്നു പ്രസിദ്ധപ്പെടുത്തും.
ഇടുക്കി ജില്ലയുടെ ആസ്ഥാനമായ ചെറുതോണിയിലാണ് നേതാവ് താമസിക്കുന്നത്. ഒരു ഡസനിലേറെ പോഷക സംഘടനകളുടെ നേതാവാണ്. സംസ്ഥാനത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന ആളുമാണ്. കഴിഞ്ഞ മാസം 13 ന് കാസർകോട്ട് എത്തി ഏകാധ്യാപകരുടെ സംസ്ഥാന ജാഥയിൽ പങ്കെടുത്തു. ജാഥ മറയൂർ ചെറുവാട് ആദിവാസി കുടിയിലാണ് ആരംഭിച്ചത്. ഏകാധ്യാപകരും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തിരുന്നു. നേതാക്കന്മാരുടെയും മറ്റും വീടുകളിലും ഇദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
കോവിഡ്–19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവിനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഭാര്യയും മക്കളും മകന്റെ ഭാര്യയും ഉൾപ്പെടെയുള്ളവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ വീട്ടിലാണ്. നേതാവുമായി അടുത്തിടപഴകിയവരോട് വീട്ടുനിരീക്ഷണത്തിലാകാൻ നിർദേശിച്ചതായും കലക്ടർ പറഞ്ഞു. ഇദ്ദേഹം മാർച്ച് 13നും 20നും ഇടയ്ക്ക് പാലക്കാട്, ഷോളയാർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ, ആലുവ, മാവേലിക്കര, തിരുവനന്തപുരം നിയമസഭാ മന്ദിരം എന്നിവിടങ്ങളിൽ എത്തിയിരുന്നതായി കലക്ടർ അറിയിച്ചു.
കോൺഗ്രസ് നേതാവിനു കൂടി കോവിഡ്–19 സ്ഥിരീകരിച്ചതോടെ ഇതുവരെ 3 പേർക്കാണ് ഇടുക്കി ജില്ലയിൽ രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇടുക്കി ജില്ലയിൽ കോവിഡ് ബാധിക്കുന്ന ആദ്യ തദ്ദേശീയനാണ് ഇദ്ദേഹം. മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരന് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. ദുബായിൽ നിന്നെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ച.
നേതാവിന്റെ യാത്രകളെക്കുറിച്ച് ജില്ലാ ഭരണകൂടത്തിനു ലഭിച്ച വിവരങ്ങൾ.
∙ മാർച്ച് 7 : പാലക്കാട് സന്ദർശനം
∙ മാർച്ച് 8 :അട്ടപ്പാടിയിലും ഷോളയാറിലും എത്തി. പെരുമ്പാവൂരിൽ താമസിച്ചു
∙ മാർച്ച് 9 : രാവിലെ തൊടുപുഴയിൽ മടങ്ങിയെത്തി. പാർട്ടി യോഗങ്ങളിൽ പങ്കെടുത്തു.
∙ മാർച്ച് 10 : ആലുവയിലേക്കു കാറിൽ പുറപ്പെട്ടു. ആലുവയിൽ നിന്ന് മാവേലി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കു പോയി.
∙ മാർച്ച് 11 : കോൺഗ്രസിന്റെ രണ്ടു സംസ്ഥാന നേതാക്കളെ കണ്ടു. ഒരു നേതാവിനെയും കൂട്ടി സെക്രട്ടേറിയറ്റിൽ എത്തി മന്ത്രിമാരെ കണ്ടു നിവേദനം നൽകി. വകുപ്പു സെക്രട്ടറിമാരെ കണ്ടു. എംഎൽഎ ഹോസ്റ്റലിലെത്തി.
∙ മാർച്ച് 12 : മൂന്നാറിൽ പാർട്ടിയുടെ പോഷക സംഘടനയുടെ യോഗത്തിൽ പങ്കെടുത്തു. ഇതിനു ശേഷം മറയൂരിലേക്കു പോയി. ഏകാധ്യാപകരുടെ സത്യഗ്രഹ സമരത്തിൽ പങ്കെടുത്തു. മൂന്നാർ ടാറ്റാ ടീ ആശുപത്രിയിലെത്തി.
∙ മാർച്ച് 13: പനി ബാധിച്ചു. വൈകിട്ട് ചെറുതോണിയിലെ വീട്ടിൽ തിരിച്ചെത്തി. മസ്ജിദിൽ പോയി.
∙ മാർച്ച് 14: രാവിലെ തൊടുപുഴയിലെത്തി. കെപിസിസി ഭാരവാഹിയുമായി ചർച്ച നടത്തി. പനി കൂടിയതോടെ ഇടുക്കി ജില്ലാ ആശുപത്രിയിലെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ വിശ്രമിച്ചു.
∙ മാർച്ച് 20 : മസ്ജിദിൽ പോയി.
∙ മാർച്ച് 23: പനി മാറാത്തതിനെ തുടർന്നു വീണ്ടും ജില്ലാ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. സ്രവം പരിശോധനയ്ക്കു നൽകി.