Latest News

കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പിലേക്ക്. താരസംഘടനയായ അമ്മ ഇടപെട്ടതിനെ തുടർന്നാണ് ഒത്തുതീർപ്പ് ധാരണയായത്. ഷെയ്ൻ നിർമാതാക്കൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചതായി നടനും സംഘടനയുടെ ഭാരവാഹിയുമായ ജഗദീഷ് പറഞ്ഞു.

“ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന യോഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ നിർമാതാക്കൾക്ക് ഷെയ്ൻ നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിനെക്കുറിച്ച് തീരുമാനിക്കാൻ നിർമാതാക്കളുമായി മറ്റൊരു ദിവസം ചർച്ച നടത്തും. മുടങ്ങിപ്പോയ സിനിമകളുടെ ചിത്രീകരണം ഉടൻ പുനഃരാരംഭിക്കും,” ജഗദീഷ് പറഞ്ഞു.

നേരത്തെ നഷ്ടപരിഹാരമായി ഒരു കോടി രൂപയാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും തുക നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതലേ താരസംഘടന. ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് നടത്താതിരിക്കുകയും ‘വെയിൽ’, ‘കുർബാനി’ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്‌ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും അമ്മയും അടക്കമുള്ള സംഘടനകൾ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ നിരവധി തവണ ഇടപെട്ടിരുന്നു.

നിര്‍മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന്‍ നിഗം മുമ്പ് മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. നേരത്തെ കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ വിനോദ സഞ്ചാരിക്കൊപ്പം എത്തിയവർക്കാണ് പുതിയതായി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. സംഘത്തിലെ 21 ഇറ്റലിക്കാരിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോട്ടലിൽ കഴിഞ്ഞിരുന്ന ഇവരെ നേരത്തെ നിരീക്ഷണത്തിനായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ‌ ആറുപേര്‍കുടി ഐടിബിപി ക്യാംപിൽ നിരീക്ഷണത്തിലുണ്ട്.

നേരത്തെ രാജസ്ഥാനിൽ എത്തിയ ഇറ്റാലിയൻ സ്വദേശി ,നോയിഡ,തെലങ്കാന സ്വദേശികൾ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് പുറമെ രാജ്യത്ത് കൂടുതൽ പേർക്ക് കൊറൊണ ബാധ സ്ഥിരീകരിച്ചതോടെ മുൻ കരുതൽ നടപടികൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജമാവാൻ സൈന്യത്തോട് നിർദേശിച്ച സർക്കാർ 2500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ കര, നാവിക, വ്യോമ സേനകളോടും ആവശ്യപ്പെട്ടിരുന്നു.

കൊറോണ ബാധിതനായ ഡൽ‌ഹി സ്വദേശിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇയാള്‍ നോയിഡയിലെ ഒരു സ്കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ സന്ദര്‍ശിച്ച നോയിഡയിലെ രണ്ട് സ്കൂള്‍ നിലവില്‍ അടച്ചിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ നടപടികൾ വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഇന്ന് മാധ്യമങ്ങളെ കാണും.

ചൈനയ്ക്ക് പുറത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ ആണെന്നിരിക്കെ ഇറ്റാലിയന്‍ കപ്പൽ കൊച്ചിയിലെത്തി. ആഡംബരക്കപ്പലായ കോസ്റ്റ വിക്ടോറിയയാണ് കൊച്ചി തുറമുഖത്ത് എത്തിയത്. എന്നാൽ അടുത്ത കാലത്തൊന്നും കപ്പൽ ഇറ്റലിയിലെത്തിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം.

കൊച്ചിയിൽ യാത്രക്കാരെ ഇറക്കിയ കപ്പൽ തിരിച്ച് പോവുകയും ചെയ്തു. 305 ഇന്ത്യക്കാരുൾപ്പെടെ 405 യാത്രക്കാരണ് കപ്പലിൽ നിന്നും കൊച്ചിയിലിറങ്ങിയത്. യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

ഇസ്രായേലില്‍ ഒരു വർഷത്തിനുള്ളിൽ നടന്ന മൂന്നാമത്തെ പൊതു തിരഞ്ഞെടുപ്പിലും ബഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചേക്കില്ല. ഏകദേശം 90% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി 36 സീറ്റുകളുമായി മുന്നിലെത്തിയിട്ടുണ്ട്. വലതുപക്ഷ സഖ്യത്തിന് ആകെ 59 സീറ്റാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ 61 സീറ്റുകള്‍ വേണം. വീണ്ടും മറ്റു കക്ഷികളുടെ പിന്തുണ തേടേണ്ട അവസ്ഥയിലാണ് നെതന്യാഹു. അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ റിട്ടയേർഡ് ജനറൽ ബെന്നി ഗാന്റ്സിന്‍റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്ക് 32 സീറ്റുകളാണ് നേടാനായത്.

പൂര്‍ണ്ണമായ ഫലം പുറത്തു വരണമെങ്കില്‍ ഒരാഴചയെങ്കിലും സമയമെടുക്കും. അതിനുള്ളില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമം നെതന്യാഹു തുടങ്ങിക്കഴിഞ്ഞു. തീവ്ര വലതുപക്ഷ ദേശീയവാദികളുമായും ജൂത മതപാർട്ടി മേധാവികളുമായും അദ്ദേഹം ജറുസലേമിൽവെച്ച് കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാര്‍ട്ടികളില്‍ ആരുടെ പിന്തുണ തേടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതവന്നിട്ടില്ല. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഇസ്രായേലി നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിന് 28 ദിവസം സമയം ലഭിക്കും. അതിലദ്ദേഹം പരാജയപ്പെട്ടാല്‍ രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.

കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകള്‍ നോക്കുമ്പോള്‍ ഇതാണ് ലികുഡ് പാർട്ടിയുടെ മികച്ച പ്രകടനം. നേതാന്യാഹുവിനെതിരെ അഴിമതിക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ ഈ പ്രകടനമെന്നതും ശ്രദ്ധേയമാണ്. കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ മൂന്ന് പ്രധാന കേസുകളിൽ കുറ്റങ്ങൾ ചുമത്തപ്പെട്ട അദ്ദേഹം മാർച്ച് 17 ന് ജറുസലേം കോടതിയിൽ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, രാജ്യത്തെ അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നെതന്യാഹുവിന്റെ വംശീയ പ്രചാരണത്തിനെതിരേ വോട്ടു തേടിയ ജോയിന്റ് ലിസ്റ്റ് സഖ്യം 15 സീറ്റുകൾ നേടി മൂന്നാമത്തെ വലിയ സഖ്യമായി മാറി. ഒരുപക്ഷേ അവരുടെ എക്കാലത്തെയും മികച്ച പ്രകടനമായിരിക്കും ഇത്.

കൊറോണ രാജ്യത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധ വ്യാപിക്കുന്നത് തടയാന്‍ ചായ സല്‍ക്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ഹിന്ദു മഹാസഭ. ഇന്ത്യയില്‍ ആറു കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗോമൂത്രവും ചാണക കേക്കും (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാന്‍ കഴിയുമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

ചായ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നതു പോലെ ഓര്‍ഗാനിക് ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതില്‍ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൊറോണയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങള്‍ ആളുകളെ അറിയിക്കും,” മഹാരാജ് പറഞ്ഞു.

‘പാര്‍ട്ടിയ്ക്കിടെ ആളുകള്‍ക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍ തുറക്കും ചാണക വറളി, ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബതി തുടങ്ങിയവയും ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും.

ഡല്‍ഹിയിലെ ഹിന്ദു മഹാസഭ ഭവനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളം ഇത്തരം ‘പാര്‍ട്ടികള്‍’ നടക്കും. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തില്‍ തങ്ങളുമായി സഹകരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

രാധിക തന്റെ അമ്മയല്ലെന്ന് വരലക്ഷ്മി ശരത്കുമാര്‍. പലര്‍ക്കുമുള്ള സംശയം തീര്‍ക്കുകയാണ് നടി. ശരത്കുമാറിന്റെ രണ്ടാം ഭാര്യയാണ് രാധിക. ആദ്യ ഭാര്യയിലുണ്ടായ മകളാണ് വരലക്ഷ്മി. രാധികയെ വരലക്ഷ്മി ആന്റി എന്നാണ് വിളിക്കുന്നത്. അമ്മയല്ലെങ്കിലും നല്ലൊരു ബന്ധം അവരുമായി ഉണ്ടെന്നും വരലക്ഷ്മി പറയുന്നു.

അച്ഛനും രാധിക ശരത്കുമാറും വളരെ സന്തോഷത്തോടെയാണ് അവരുടെ വിവാഹജീവിതം ആസ്വദിക്കുന്നത്. രാധികയുടെ മകള്‍ റയാന് ശരത്കുമാര്‍ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറയുന്നു. ഛായ ദേവിയാണ് ശരത്തിന്റെ ആദ്യ ഭാര്യ. വരലക്ഷ്മിയും പൂജയുമാണ് രണ്ട് മക്കള്‍. 2001ലാണ് രാധികയെ വിവാഹം ചെയ്യുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു.

2004ല്‍ ശരത്കുമാറിനും രാധികയ്ക്കും രാഹുല്‍ എന്ന ആണ്‍കുഞ്ഞും ഉണ്ടായി. കാസ്റ്റിങ് കൗച്ച് സിനിമയിലുണ്ടെന്ന് വരലക്ഷ്മി പറയുന്നു. പല നിര്‍മ്മാതാക്കളും താരങ്ങളും ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിട്ടുണ്ട്. ഫോണ്‍ റെക്കോര്‍ഡുകള്‍ അതിന് തെളിവാണെന്നും നടി പറയുന്നു.

ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടു പോലും പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ട്. സ്ത്രീകള്‍ വേട്ടക്കാരെ തുറന്നുകാട്ടാന്‍ ധൈര്യം കാണിക്കണം. പറ്റില്ല എന്ന് പറയേണ്ടിടത്ത് അങ്ങനെ തന്നെ പറയണം. ആളുകളെ തുറന്നുകാട്ടിയാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നാണെങ്കില്‍ അത്തരത്തിലുള്ള സിനിമകള്‍ താന്‍ വേണ്ടെന്ന് വയ്ക്കുമെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. പൊലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്‍റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു.

ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ഈ മൊഴിയാണിപ്പോൾ അച്ഛൻ മാറ്റിയത്. പൊലീസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ദേവനന്ദയെ കാണാതാകുന്നതിന്‍റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുകയാണ്.ദേവനന്ദയുടെ ആന്തരിക അവയവങ്ങളിൽ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും.

ദേവനന്ദയെ കാണാതായ ദിവസം തെരച്ചിൽ നടക്കുന്നതിനിടെ 25 വയസുള്ള ഒരു യുവാവ് തെരച്ചിലിനെത്തിയവരെ താഴ്ഭാഗത്ത് കുട്ടിയെ അന്വേഷിക്കേണ്ടന്നും അവിടെ ആരുമില്ലെന്ന് പറഞ്ഞും വഴിതിരിച്ചുവിടാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി നാട്ടുകാർ. ഉച്ചയ്ക്ക് പതിനൊന്നരയോടെ നടന്ന ആ സംഭവത്തെക്കുറിച്ച് നാട്ടുകാർ ഓർമ്മിക്കുന്നത് ഇങ്ങനെ….

കുട്ടിയെ കാണാനില്ലെന്ന വാർത്ത നാട്ടിൽ പരിഭ്രാന്തി പരത്തിയതോടെ നാട്ടുകാരടക്കം തെരച്ചിൽ ഊർജ്ജിതമാക്കിരുന്നു. കുട്ടിയെ കാണാതായ സമയം മുതൽ ആ യുവാവ് അവിടെയുണ്ടായിരുന്നു. അപ്പോൾ തന്നെ ഉച്ചയ്ക്ക് പതിനൊന്നര ആയിക്കഴിഞ്ഞിരുന്നു. കുട്ടിയെ കാണാതായി ഏകദേശം ഒരുമണിക്കൂർ മാത്രം കഴിഞ്ഞിരുന്നു. ആ സമയത്ത് അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആ സമയം മുതൽ ഈ യുവാവും ഇവിടെയുണ്ടായിരുന്നു. അപ്പോൾ മുതൽ കുട്ടിയെ വീട്ടിന്റെ താഴ്ഭാഗത്ത് നോക്കണ്ട, ഒരു കാരണവശാലും കുട്ടി ആ ഭാഗത്തുണ്ടാകാൻ ഒരു സാധ്യതയും ഇല്ലെന്ന് പറഞ്ഞ് തെരച്ചിൽ വഴിതെറ്റിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു

അത്കഴിഞ്ഞ് കാണാതായ യുവാവിനെ പിന്നീട് കണ്ടത് മദ്യപിച്ച് പരവശനായ നിലയിലായിരുന്നു. തെരച്ചിലിൽ എല്ലാ കാര്യങ്ങളും ഈ യുവാവ് നിയന്ത്രിക്കാൻ തുടങ്ങി. ഇപ്പോൾ ഈ യുവാവിനെക്കുറിച്ച് ഓർത്തെടുക്കുന്ന നാട്ടുകാർ ദേവനന്ദയുടെ കൊലയാളി ഇയാളാകാമെന്ന് വിരൽചൂണ്ടുകയാണ്.

കുട്ടിയെ കാണാതായ ദിവസം മുഴുവൻ ആ 25കാരൻ എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് അവിടെയുണ്ടായിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയ ദിവസം ആ യുവാവിനെ ആരും കണ്ടിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ മുതൽ കാണാതായ ആ യുവാവിലേയ്ക്കാണ് ഇപ്പോൾ സംശയത്തിന്റെ നിഴലുകൾ നീങ്ങുന്നത്. യുവതിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു തെളിവും ആർക്കും കിട്ടിരുന്നില്ല.

ഇത് കൂടാതെ പോലീസ് നായ റീന കുട്ടിയുള്ള മൃതദേഹം കിടന്നിടത്ത് വരെ എത്തുകയും, പിന്നീട് ആറിന്റെ വശത്ത് കൂടെ ഏകദേശം ഒന്നരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ വീടിന് മുന്നിൽ ഓടിയെത്തുകയുമായിരുന്നു. ഇതൊക്കെ തന്നെയാണ് സംശയത്തിനിടയാക്കുന്നതും. റീന ഓടിയെത്തിയത് ഒരു കോളനിയിലായിരുന്നു. ഈ യുവാവ് ഈ കോളനിയിലുള്ളതാണോ എന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.

വീട്ടുപേരും യുവാവ് ഇവരോട് പറഞ്ഞിരുന്നു. തെരച്ചിൽ നടത്തുമ്പോഴെല്ലാം ഓവറായി സങ്കടം അഭിനയിക്കുന്നതായും തോന്നിയതായി ഇവർ പറയുന്നു. നാട്ടുകാരുടെ ഈ സംഭാഷണം  ശ്രദ്ധിക്കുക ഇത് ഒരു സംശയം മാത്രമാണ് ഉറപ്പിച്ച് പറയാൻ നാട്ടുകാർക്ക് കൃത്യമായ തെളിവ് ഒന്നുമില്ല. അത്രയും ആക്റ്റീവ് ആയി തലേ ദിവസം അവിടെ ഉണ്ടായിരുന്ന ആ യുവാവ് മൃതദേഹം കിട്ടിയ ശേഷം ഇവിടെ പോയ് എന്നത് മാത്രമാണ് ഈ സംശയത്തിന്റെ അടിസ്ഥാനം .അല്ലെങ്കിൽ അദ്ദേഹം ഇപ്പോൾ എവിടെയാണ്? ഒരു ഓൺലൈൻ മാധ്യമം ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്

മലയാളി നഴ്‌സ് മാള്‍ട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍. വിദേശത്ത് വെച്ച്‌ ഭര്‍ത്താവ് നിരന്തരമായി സിനിയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. മാള്‍ട്ടയില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന സിനി ഫെബ്രുവരി 17നാണ് മരിച്ചത്. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്.

അപകടത്തില്‍പ്പെട്ട് മരിച്ചെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിന്നീട് മാറ്റിപ്പറഞ്ഞുവെന്ന് ബന്ധുക്കള്‍ പറയുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാകാമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സിനിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

നാട്ടില്‍ വെച്ചും വിദേശത്തു വെച്ചും സിനിയെ ഭര്‍ത്താവ് മോനിഷ് ഉപദ്രവിക്കാറുണ്ടായിരുന്നതായും അമ്മ അടക്കമുള്ളവര്‍ ആരോപിക്കുന്നു. അടുത്തിടെ ചെരുപ്പ് കൊണ്ട് രണ്ട് വശത്തും അടിച്ചെന്ന് പറയുകയും അതിന്റെ ഫോട്ടോകള്‍ മകള്‍ അയച്ചുതന്നതായും സിനിയുടെ അമ്മ പറയുന്നു. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വീട്ടിലേക്ക് വിളിച്ച്‌ സംസാരിച്ചിരുന്നതാണെന്നും മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. നാട്ടിലെത്തിയിട്ടും ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയിരുന്നില്ല. ഇതും മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

എംജി യൂണിവേഴ്സിറ്റിയിലെ എം സിഎ യുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ആദ്യ പത്തു റാങ്കുകളിൽ എട്ടും  നേടി മാക്ഫാസ്റ്റിലെ വിദ്യാർ്‌തഥികൾ . ഒന്നും,രണ്ടും, റാങ്കുകൾക് പുറമെ നാലു മുതൽ ഒമ്പതു വരെ ഉള്ള റാങ്കുകളും മാക്‌ഫാസ്റ്റിലെ വിദ്യാർ്‌തഥികൾ കരസ്ഥമാക്കി .

ആൻ ആനി റെജിക്ക് ഒന്നാം റാങ്കും ,കൃപ തങ്കചന് രണ്ടാം റാങ്കും അർച്ചന അരവിന്ദിന് നാലാം റാങ്കും ,വീണ ഉപേന്ദ്രൻ ,ബെൻസി ബേബി ,മെറിൻ എം തോമസ് ,സേബ പി ജോർജ് ,രെമ്യ ആർ എന്നിവർക്ക് അഞ്ചു മുതൽ ഒൻപത് വരെ  റാങ്കുകൾ  യഥാക്രമം ലഭിച്ചു .
ഇദംപ്രദമായിട്ടാണ് ഒരു കോളേജിലെ ഇത്രയും വിദ്യാർ്‌തഥികൾ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്നത് .

2016 -2019 ബാച്ചിലെ വിദ്യാർഥികൾ പ്രിൻസിപ്പലിനും അധ്യാപകർക്കുമൊപ്പം

എം .സി .എ റെഗുലർ 2016 -2019 ബാച്ചിലെ വിദ്യാർഥികൾ തുടർച്ചയായി ഒന്നാം സെമസ്റ്റർ മുതൽ ആറാം സെമസ്റ്റർ വരെ 100 ശതമാനം ചരിത്ര വിജയം നേടിയിരിക്കുന്നു .

2001 ൽ കോളേജ് ആരംഭിച്ച നാൾ മുതൽ ഇന്നേ വരെ എം .ബി.എ ,എം .സി .എ,എം.സ്.സി ബയോ സയൻസ് വിഭാഗങ്ങളിലായി 106 റാങ്കുകൾ കരസ്ഥമാക്കി എം.ജി സർവകലാശാലാ റാങ്ക് പട്ടികയിൽ മാൿഫാസ്റ് ഒന്നാം സ്ഥാനത്താണെന്നു പ്രിൻസിപ്പാൽ ഫാ . ഡോ .ചെറിയാൻ ജെ കോട്ടയിൽ അറിയിച്ചു.

2017 -2019 എംസിഎ ലാറ്ററൽ എൻട്രി ബാച്ചിലെ വിദ്യാർഥികൾ പ്രിൻസിപ്പലിനും അധ്യാപകർക്കുമൊപ്പം

ലണ്ടന്‍: കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ കുടുംബത്തെ സന്ദര്‍ശിച്ചു മടങ്ങി എത്തിയ യുവാവിന്റെ മരണത്തില്‍ അങ്കലാപ്പോടെ ലണ്ടന്‍ നഗരം. നഗരത്തിന് അടുത്ത പ്രദേശമായ ഹാറോവില്‍ മുംബൈയില്‍ കുടുംബവേരുകള്‍ ഉള്ള മലയാളി യുവാവാണ് അസ്വാഭാവിക സാഹചര്യത്തില്‍ മരണമടഞ്ഞത്. ഇന്നലെ ഉറക്കം എണീക്കാന്‍ വൈകിയ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ അടിയന്തിര വൈദ്യ സഹായം തേടുക ആയിരുന്നു. ആംബുലന്‍സ് ടീം ജീവന്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുക ആയിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് പഠന ശേഷം ലണ്ടനിലെ ഹോട്ടലില്‍ യുവാവ് ജോലി ചെയ്യുക ആയിരുന്നു എന്നാണ് ലഭ്യമായ സൂചന. യുവാവിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം നല്‍കുന്ന സൂചന.

അതിനിടെ അസ്വാഭാവിക മരണം എന്ന നിലയില്‍ കടുത്ത ജാഗ്രതയോടെയാണ് പോലീസും ആരോഗ്യ വിഭാഗവും സംഭവത്തെ കൈകാര്യം ചെയ്യുന്നത്. മരണം സംബന്ധിച്ച വിവരം ഒന്നും ലഭ്യം അല്ലാത്തതിനാല്‍ യുവാവ് താമസിച്ചിരുന്ന പ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. വിവരം അറിഞ്ഞു മലയാളി സമൂഹത്തില്‍ ഉള്‍പ്പെട്ടവര്‍ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാര്‍ത്തോമ്മാ സമുദായ അംഗമായ മരിച്ച യുവാവ് പ്രദേശത്തെ പള്ളിയില്‍ അംഗത്വം എടുത്തിട്ടില്ലെന്നാണ് സൂചന. അതിനാല്‍ തന്നെ ഇവിടെയുള്ളവര്‍ക്ക് ഇയാളെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങള്‍ അധികം പങ്കുവയ്ക്കാനും കഴിയുന്നില്ല.

ഇന്നലെ ഉച്ചയോടെയാണ് പാരാമെഡിക് സേവനം തേടി യുവാവിന്റെ കൂടെ ഉണ്ടായിരുന്നവര്‍ വിളിക്കുന്നത്. തുടര്‍ന്ന് പാരാമെഡിക്‌സ് വിഭാഗം അടിയന്തിര ശുശ്രൂഷ നല്‍കവേ തന്നെ യുവാവിന്റെ മരണം സംഭവിക്കുക ആയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അതിവേഗം സ്ഥലത്തെത്തി പ്രദേശം സീല്‍ ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. നിരവധി തവണ ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തില്‍ പൊലീസിന് സംശയം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

തെളിവെടുപ്പ് തുടരുന്നതിനാല്‍ ഇന്നലെ പൂര്‍ണമായും പ്രദേശത്തു ജനസാന്നിധ്യം പൊലീസ് അനുവദിച്ചിരുന്നില്ല. യുവാവിന്റെ മുംബൈയിലും കുവൈറ്റിലും ഉള്ള ഉറ്റ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറക്ക് മലയാളം യുകെ അപ്‌ഡേറ്റ് ചെയ്യുന്നത് ആയിരിക്കും.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ന്യൂസിലാന്‍ഡിഡെനിതിരേ തുടര്‍ച്ചയായ രണ്ടു സമ്പൂര്‍ണ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പര നഷ്ടമായിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ കനത്ത തോല്‍വിക്ക് ശേഷമാണ് ടെസ്റ്റിലും ഇന്ത്യ ഇതാവര്‍ത്തിച്ചത്. ലോക ഒന്നാം റാങ്കുകാരും ലോക ചാംപ്യന്‍ഷിപ്പിലെ അപരാജിതരുമായ കോഹ്‌ലിപ്പടയ്ക്കു വലിയ തിരിച്ചടി തന്നെ ആയിരുന്നു ഇത്. ആദ്യ ടെസ്റ്റില്‍ പത്തു വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി.

അതേസമയം ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും തലപ്പത്ത്. എന്നാല്‍ ഇനിയും ഫൈനല്‍ ഉറപ്പാക്കിയിട്ടില്ല. ഇനിയുള്ള എട്ടു മാസത്തോളം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു ബ്രേക്കാണ്. രണ്ടു പരമ്പരകളിലായി ഒമ്പത് ടെസ്റ്റുകളാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു ബാക്കിയുള്ളത്. കരുത്തരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരേ ഈ വര്‍ഷമവസാനമാണ് ഇന്ത്യ അവരുടെ നാട്ടില്‍ നാലു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്. ഇവയിലൊന്ന് ഡേ-നൈറ്റ് ടെസ്റ്റുമായിരിക്കും. ഈ പരമ്പര ലോക ചാംപ്യന്‍ഷിപ്പില്‍ നിര്‍ണായകമായി മാറും. പരമ്പരയില്‍ ഇന്ത്യ വന്‍തോല്‍വി നേരിട്ടാല്‍ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറിയേക്കും. അതുകൊണ്ടു തന്നെ ഈ പരമ്പര സമനിലയിലെങ്കിലും അവസാനിപ്പിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

2021ല്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ അഞ്ചു ടെസ്റ്റുകളിലും ഇന്ത്യ കൊമ്പുകോര്‍ക്കും. പരമ്പര സ്വന്തം നാട്ടിലാണെങ്കിലും ഇംഗ്ലണ്ട് കരുത്തുറ്റ എതിരാളികളായതിനാല്‍ ഇന്ത്യക്കു വിജയം എളുപ്പമാവില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പര കൈവിടുകയാണെങ്കില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പര ഇന്ത്യക്കു കൂടുതല്‍ നിര്‍ണായകമായി മാറും.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് ടെസ്റ്റില്‍ ഏഴ് ജയവും രണ്ട് തോല്‍വിയുമായി ഇന്ത്യ 360 പോയന്റുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 296 പോയന്റുമായി ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ പരമ്പര തൂത്തൂവാരിയതോടെ 180 പോയന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 146 പോയന്റുള്ള ഇംഗ്ലണ്ട് നാലാമതും 140 പോയന്റുള്ള പാക്കിസ്ഥാന്‍ അഞ്ചാമതും 80 പോയന്റുള്ള ശ്രീലങ്ക ആറാമതുമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയശേഷം പരിതാപകരമായ പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്ക 24 പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുമ്പോള്‍ ഇതുവരെ ഒരു പോയന്റും നേടാത്ത വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

RECENT POSTS
Copyright © . All rights reserved