Latest News

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന മുന്‍ താരം ഷൊയൈബ് അക്തറുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇന്ത്യയ്ക്ക് ഇപ്പോള്‍ അങ്ങനെ പണമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കപില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യജീവനുകള്‍ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരം നടത്തുന്നത് ശരിയല്ലെന്നും പറഞ്ഞു.

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു മത്സര ഏകദിന പരമ്പര കളിക്കാമെന്നായിരുന്നു അക്തറിന്റെ നിര്‍ദ്ദേശം. അടച്ചിട സ്റ്റേഡിയത്തില്‍ മത്സരം നടത്താമെന്നും ടെലിവിഷന്‍ വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്നും അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മത്സരങ്ങള്‍ നടത്തുകയല്ല. ഈ പ്രത്യേക സാഹചര്യത്തില്‍ എല്ലാ അതോറിറ്റികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമെന്നും കപില്‍ വ്യക്തമാക്കി. ഈ സമയത്ത് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാകുന്നത് അവസാനിപ്പിക്കണമെന്നും കപില്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബി.സി.സി.ഐ 51 കോടി രൂപ പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ നല്‍കാന്‍ ബി.സി.സി.ഐയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇനി ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനും രോഗബാധ കാരണം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനുമാകണം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കപില്‍ ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യക്കാവുന്നു എന്നതില്‍ ആഭിമാനമുണ്ടെന്നും മറ്റുള്ളവരെ സഹായിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കപില്‍ പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാകേണ്ടെന്നും നെല്‍സണ്‍ മണ്ടേല 27 വര്‍ഷം കഴിച്ചുകൂട്ടിയത് ജയിലിലെ ഒരു ചെറിയ സെല്ലിലായിരുന്നുവെന്നത് മറക്കരുതെന്നും കപില്‍ പറഞ്ഞു.

ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ശാസ്താംകോട്ട പോരുവഴിയിൽ ഡിവൈഎഫ്ഐ കൊയ്ത്തുൽസവം സംഘടിപ്പിച്ച സംഭവത്തിൽ നിയമ നടപടി. വാർത്ത വിവാദമായതിന് പിന്നായെലാണ് ലോക്ക്ഡൗൺ‌ ലംഘനത്തിന്റെ പേരില്‍ പോലീസ് എഴുപതോളം പേർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത.

കുടുംബശ്രീ മുഖേന വിത്തിറത്തിയ പാടത്ത് കൊയ്ത്തിന് സഹായിച്ചാണ് ഡിവൈഎഫ്ഐക്കാർ പുലിവാല് പിടിച്ചത്. മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാൽ ഏലായിലെ അഞ്ചേക്കർ പാടത്ത്‌ ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകളാണ് നെൽക്കൃഷിയിറക്കിയത്. ഇതിൽ ഒരു സംഘത്തിന്റെ നെല്ല് പാകമായതോടെ യുവജന സംഘടന സഹായവുമായി എത്തുകയായിരുന്നു.

എന്നാൽ, മതിയായ മുൻകരുതൽ ഒന്നും തന്നെ സ്വീകരിക്കാതെയായിരുന്നു പ്രവർത്തകർ തടിച്ചുകൂടിയത്. മാസ്ക് ഉള്‍പ്പെടെ ധരിച്ചില്ലെന്ന് മാത്രമല്ല, ശാരീരിക അകലമെന്ന നിബന്ധനയും ഇവർ പാലിച്ചിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ നൂറോളം പേരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.

എന്നാൽ, ഇത്രയധികം ആളുകൾ കൂടിയിട്ടും പൊലീസോ ആരോഗ്യപ്രവർത്തകരോ നടപടിയെടുത്തില്ലെന്നും ആക്ഷേപമുയർന്നതിന് പിന്നാലെയാണ് കേസിലേക്കും അറസ്റ്റിലേക്കും നടപടികൾ നീണ്ടത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയവർ ഉൾപ്പെടെ ഇരുനൂറോളം പേർ ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന സ്ഥലം കൂടിയാണ് കൊയ്ത്തുൽസവം സംഘടിപ്പ പോരുവഴി.

തെലുങ്കു സീരിയല്‍ നടി വിശ്വശാന്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹൈദരാബാദിലെ വസതിയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.

വിശാഖപട്ടണം സ്വദേശിയായ ശാന്തി ഹൈദരാബാദില്‍ ഒറ്റയ്ക്കായിരുന്നു താമസം. ശാന്തിയെ പുറത്തൊന്നും കാണാതായതോടെയും വീട്ടില്‍ ആളനക്കം ഇല്ലാതായത് ശ്രദ്ധയില്‍പ്പെട്ടതോടെയും സംശയം തോന്നിയ അയല്‍ക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസ് വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്.ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്.ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി.

ഇന്ത്യയിൽ ഏറ്റവും കൂടൂതൽ കോവിഡ് മരണങ്ങൾ‌ നടന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. ഇതുവരെ 72 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. മുംബൈ, ഇന്‍ഡോര്‍, പുണെ, നഗരങ്ങളിലാണ് മരണനിരക്ക് കൂടുതലുള്ളത്. ഇന്നലെ മാത്രം 79 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 946 ആയി ഉയർന്നു.

അതേസമയം, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6412 ആയിയ ഉയർന്നു. മരണ സംഖ്യയിലും വർദ്ധനവ് ഉണ്ടായി. 199 പേരാണ് ഇതുവരെ രോഗ ബാധിതരായി മരണത്തിന് കീഴടങ്ങിയത്.

വെണ്ണിക്കുളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബല്‍ബീര്‍ മാന്‍ഗര്‍ ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇന്ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പൊലീസ് ഇയാള്‍ക്കൊപ്പം താമസിച്ച മറ്റ് തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

രക്ഷപ്പെട്ട കോവിഡ്-19 രോഗികളില്‍ നിന്നെടുത്ത ആന്റിബോഡി എടുത്തുള്ള ചികിത്സ 100 ശതമാനം വിജയമെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍. കൊറോണാവൈറസിനെതിരെ വിജയകരമായി പ്രയോഗിക്കാനുള്ള മരുന്നന്വേഷിച്ചു പരക്കംപായുന്ന സമയത്ത് വന്നിരിക്കുന്ന ഈ വാര്‍ത്ത പ്രതീക്ഷനല്‍കുന്നതാണ്. നേരത്തെ കോവിഡ്-19 ബാധിച്ച് രക്ഷപെട്ടവരില്‍ നിന്നെടുത്ത ആന്റിബോഡി, രോഗബാധിതരായ 10 പേരില്‍ കുത്തിവച്ചു നടത്തിയ പരീക്ഷണമാണ് വിജയകരമായെന്നു പറയുന്നത്. നേരത്തെ രക്ഷപ്പെട്ടവരില്‍ നിന്നെടുത്തു കുത്തിവച്ച ‘ഒരു ഡോസ് ആന്റിബോഡി’യാണ് ഈ 10 രോഗികള്‍ക്കും രക്ഷ നല്‍കിയിരിക്കുന്നത് എന്ന് തങ്ങള്‍ കരുതുന്നതായി ഗവേഷകര്‍ പറഞ്ഞു. ആന്റിബോഡി ഉപയോഗിച്ചതിനു ശേഷം ഈ 10 പേര്‍ക്കും രോഗലക്ഷണങ്ങള്‍ കുറഞ്ഞു എന്നതു കൂടാതെ അവരുടെ ശരീരത്തില്‍ ഓക്‌സിജന്റെ അളവു വര്‍ധിക്കുകയും വൈറല്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു തുടങ്ങിയതായും അവര്‍ പറയുന്നു.

ചൈനയിലെ മൂന്ന് ആശുപത്രികളിലാണ് ഈ പ്രാരംഭ പഠനം നടത്തിയിരിക്കുന്നത്. ഇവയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാഡമീസ് ഓഫ് സയന്‍സസിലാണ്. ഇങ്ങനെ, രോഗംവന്നു പോയവരില്‍ നിന്ന് ശേഖരിക്കുന്ന ഇമ്യൂണ്‍ ആന്റിബോഡീസ്, രോഗമുള്ളവരില്‍ കുത്തിവയ്ക്കുന്ന രീതിയെ വിളിക്കുന്നത് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി എന്നാണ്. മുൻപ്, പോളിയോ, വസൂരി, മുണ്ടിനീര്, ഫ്‌ളൂ തുടങ്ങിയവയ്ക്ക് എതിരെയും ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. മറ്റു പല ചികിത്സകളെക്കാളും ഇത് ചിലര്‍ക്ക് ഗുണകരമാകുന്നു എന്നാണ് മുന്‍ അനുഭവങ്ങളും കാണിച്ചുതരുന്നത്. മറ്റു പല രീതിയിലുമുള്ള ചികിത്സകളേക്കാള്‍ കോണ്‍വാലസന്റ് പ്ലാസ്മാ തെറാപി പല രോഗങ്ങള്‍ക്കും ഗുണകരമായ ചരിത്രം ഉണ്ട്.

നിലവില്‍ കൊറോണാവൈറസിനെതിരെ പ്രതിരോധകുത്തിവയ്പ്പ് സാധ്യമല്ലാത്തതിനാല്‍, കോണ്‍വാലസന്റ് പ്ലാസ്മാ തെറാപി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. ഈ പരീക്ഷണം രോഗം വഷളായവരിലാണ് കൂടുതലും നടത്തുന്നത്.

കണ്ടെത്തലുകള്‍

തങ്ങള്‍ ചില താത്പര്യജനകമായ കണ്ടെത്തലുകള്‍ നടത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. അവര്‍ ചികിത്സ നടത്തിയ ഒരു 46 കാരനായ രോഗിക്ക് ഒരു ഡോസ് കോണ്‍വാലസന്റ് പ്ലാസ്മയാണ് നല്‍കിയത്. കോവിഡ്-19 വൈറസിനെ പുറത്താക്കാനായി നല്‍കിയ ഈ തെറാപ്പിയിലൂടെ അദ്ദേഹത്തിന് 24 മണിക്കൂറിനുള്ളല്‍ രക്ഷപ്പെടാനായി എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ ചികിത്സ നടത്തിക്കഴിഞ്ഞ് മറ്റു പല രോഗികളെയും പോലെയല്ലാതെ, നാലു ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ രോഗിക്കു വിട്ടുമാറിയതായും പറയുന്നു.

തങ്ങള്‍ ചികിത്സിച്ച 10 രോഗികളുടെ കാര്യത്തിലും ഇതു തന്നെയാണ് നടന്നിരിക്കുന്നതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഒരു 49 വയസ്സുകാരിക്ക് കടുത്ത കോവിഡ്-19 ബാധയായിരുന്നു ഉണ്ടായിരുന്നത്. അവരിലും പരീക്ഷണം വിജയിച്ചു. അവര്‍ക്ക് മറ്റു രോഗങ്ങളൊന്നുമില്ലാതിരുന്നു എന്നതും പരിഗണിക്കേണ്ട ഒരു കാര്യമാണ്. അതുപോലെതന്നെ ഒരു 50 വയസ്സുകാരന് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി നടത്തിയ ശേഷം 25 ദിവസത്തിനുള്ളില്‍ ഫലം കണ്ടുവെന്നും ഗവേഷകര്‍ പറയുന്നു.

കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി നടത്തിയ പത്തു രോഗികളില്‍ ഒരാളുപോലും മരിച്ചില്ല എന്നതാണ് ഗവേഷകര്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രധാന നേട്ടങ്ങളിലൊന്ന്. ഒരു രോഗിയുടെ മുഖത്ത് ക്ഷതമേറ്റതു പോലെ ഒരു ഭാഗം ചുവന്നു തടിച്ചുവന്നു. ഇത് അപ്രതീക്ഷിതമായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. അതല്ലാതെ എടുത്തു പറയേണ്ട മറ്റു മാറ്റങ്ങളൊന്നും ഇല്ലാതെയാണ് 10 രോഗികളും രക്ഷപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. അടിയന്തര സാഹചര്യത്തില്‍ ചികിത്സ തേടിയെത്തിയവരാണ് ഇവരെല്ലാം.

ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടയാള്‍ പറയുന്നത് ഇതൊക്കെയാണെങ്കിലും കുടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അതിന്റെ പ്രധാന കാരണം കോണ്‍വാലസന്റ് പ്ലാസ്മ ഏതളവില്‍ നല്‍കുന്നതാണ് ഗുണകരമാകുക എന്നതും ഏതു ഘട്ടത്തിലുള്ള രോഗിക്കാണ് ഇത് ഉപകാരപ്രദമാകുക എന്നതും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

പുഷ്പഗിരി മെഡിക്കൽ കോളേജും, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവ്വീസ്സും, കേരള പോലീസും, തിരുവല്ല അർബൻ ബാങ്കും സംയുക്തമായി തിരുവല്ലക്ക് 20 KM ചുറ്റളവിലുള്ള ഡയാലിസിസ്, രോഗികൾക്കും, അർബുദ രോഗികൾക്കും, കിടപ്പു രോഗികളെ വീട്ടിൽ നിന്നും ആശുപത്രിയിലേക്കും, ആശുപത്രികളിൽ നിന്നും വീടുകളിലേക്കും, ഈ ലോക്ക് ഡൗൺ കാലയളവിൽ തികച്ചും സൗജന്യമായുള്ള പദ്ധതിക്ക് തിരുവല്ലയിൽ തുടക്കമായി:

9447480086 : അഡ്വ ആർ സനാൽകുമാർ.
9446000335 : മിധുൻ രാജ് പാനിക്കർ
9496000477 :102
0469 2600100 :പോലീസ് തിരുവല്ല

ഭീകരർക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ സൈനികൻ കേണൽ നവ്ജോത് സിങ് ബാൽ (39) ഒടുവിൽ കാൻസറിനു കീഴടങ്ങി. രാജ്യം കണ്ട എക്കാലത്തെയും മികച്ച സേനാംഗങ്ങളിലൊരാളായ നവ്ജോത് രണ്ടു വർഷമായി കാൻസറുമായുള്ള യുദ്ധത്തിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച അദ്ദേഹം അന്ത്യശ്വാസം വലിച്ചുവെന്ന വാർത്ത ഇന്ത്യൻ സേന കണ്ണീരോടെ ഏറ്റുവാങ്ങി. മരിക്കുന്നതിന്റെ തലേന്ന് പുഞ്ചിരിക്കുന്ന മുഖവുമായി സെൽഫിയെടുത്ത നവ്ജോത്, വീണ്ടും ധീരതയോടെ തന്റെ ഓർമ്മചിത്രം ബാക്കിയാക്കി യാത്ര പറഞ്ഞു.

ഭീകരവിരുദ്ധ പോരാട്ടത്തിൽ കരസേനയുടെ ഏറ്റവും കരുത്തുറ്റ സേനാ സംഘമായ പാരാ സ്പെഷൽ ഫോഴ്സസിൽ കമാൻഡോ ആയിരുന്നു നവ്ജോത്. 2002ൽ സേനയിൽ ചേർന്ന അദ്ദേഹം, 2003ൽ കശ്മീർ താഴ്‍വരയിൽ 2 ഭീകരരെ വെടിവച്ചു വീഴ്ത്തി. ഭീകര വേട്ടയിലെ മികവിനു രാജ്യം ശൗര്യ ചക്ര മെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചു.

2018ൽ വലതു കയ്യിലുണ്ടായ നീര് ആണ് കാൻസറിന്റെ ആദ്യ സൂചനകൾ നൽകിയത്. പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ അപൂർവ കാൻസർ തന്റെ ശരീരത്തെ പിടികൂടിയെന്ന യാഥാർഥ്യം നവ്ജോത് തിരിച്ചറിഞ്ഞു. കീഴടങ്ങാൻ പക്ഷേ, അദ്ദേഹം ഒരുക്കമായിരുന്നില്ല. രോഗത്തിനു ചികിൽസയിലിരിക്കെ 21 കിലോമീറ്റർ മാരത്തൺ ഓടി അദ്ദേഹം സഹസേനാംഗങ്ങളെ ഞെട്ടിച്ചു.

രോഗം മൂർധന്യത്തിലെത്തിയപ്പോൾ വലതു കൈ മുറിച്ചുമാറ്റിയെങ്കിലും രാജ്യസേവനത്തിൽ നിന്ന് അദ്ദേഹം പിൻമാറിയില്ല. വലതു കൈ നഷ്ടപ്പെട്ടിട്ടും പാരാ സ്പെഷൽ ഫോഴ്സസ് രണ്ടാം യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായി സേനയെ നയിച്ചു. രോഗം ശരീരത്തെ പൂർണമായി തളർത്തിയ കഴിഞ്ഞ ഏപ്രിലിൽ ജോലിയിൽ നിന്നു പടിയിറങ്ങി. ഒരു വർഷം നീണ്ട കീമോതെറപ്പി ചികിൽസയും സേനാംഗങ്ങളുടെ പ്രാർഥനകളും വിഫലം; ചിരിക്കുന്ന മുഖം ഓർമയാക്കി നവ്ജോത് യാത്ര പറഞ്ഞു.

പഞ്ചാബ് സ്വദേശിയായ നവ്ജോത് ലഫ്. കേണൽ (റിട്ട) കർണെയ്ൽ സിങ് ബാൽ – രമീന്ദർ കൗർ ദമ്പതികളുടെ മകനാണ്. ഭാര്യ: അർതി. രണ്ട് ആൺമക്കളുണ്ട്.

തിരുവനന്തപുരം∙ സംസ്ഥാനത്ത് 12 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കാസർകോട് 4, കണ്ണൂർ 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്. 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. എറണാകുളം 6, കണ്ണൂർ 3, ഇടുക്കി 2, മലപ്പുറം 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായവരുടെ കണക്കെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 357 ആയി. 258 പേര്‍ ചികിൽസയിലുണ്ട്. 1,36,195 പേർ നിരീക്ഷണത്തിലുണ്ട്. 1,35,472 പേർ വീടുകളിലും 723 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12,710 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 11,469 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

ചികിത്സയിലുള്ളവരിൽ 60 വയസ്സിന് മുകളിലുള്ളവർ 7.5 ശതമാനമാണ്. 20 വയസ്സിന് താഴെയുള്ളവർ 6.9 ശതമാനം. പരിശോധന സംവിധാനം വർധിപ്പിക്കുന്നതിന് നാല് ദിവസത്തിൽ 4 ലാബ് ലഭ്യമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് അനുവദിക്കും. കാസർകോട് അതിർത്തി വഴി രോഗികൾക്ക് പോകാനാവാത്ത പ്രശ്നം ഉണ്ട്. ഇന്നും ഒരാൾ മരിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കാൻ ശ്രമിക്കും. ആവശ്യമെങ്കിൽ ആകാശ മാർഗം ഉപയോഗിക്കും.

മാസ്ക് ഉപയോഗിക്കുന്നതു നല്ല കാര്യമാണ്. ഏതൊക്കെ മാസ്ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതില്‍ കൃത്യത വേണം. എൻ 95 രോഗിക്കും പരിചരിക്കുന്നവരുമാണ് ഉപയോഗിക്കേണ്ടത്. സാധാരണക്കാര്‍ തുണി മാസ്ക് ഉപയോഗിക്കണം. ഇതു കഴുകി ശുചീകരിക്കാം. 1023 പേർക്ക് ഇന്ന് രക്തം നല്‍കാൻ സാധിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആർസിസിയില്‍ എത്താൻ ബുദ്ധിമുട്ടുന്നവർ വിവിധ ജില്ലകളിലുണ്ട്. പരിഹാരമായി ആരോഗ്യ വകുപ്പും ആർസിസിയും സംയുക്തമായി രോഗികളുടെ പ്രദേശങ്ങളിൽതന്നെ ചികിത്സ ലഭ്യമാക്കാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ഇന്ന് 100 ദിവസം കഴിയുകയാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 8 വിദേശികളുടെ ജീവൻ രക്ഷിച്ച് അവരെ പൂർണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിക്കാൻ കഴിഞ്ഞു. ഇറ്റലി, യുകെ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് രോഗമുക്തി നേടിയത്. 83, 76 വയസ്സുള്ളവരും ഇതിലുണ്ട്. ഇതിൽ ഒരാൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലും ഏഴു പേർക്ക് എറണാകുളത്തുമാണ് ചികിത്സ നൽകിയത്.

നാളെ ദുഃഖ വെള്ളിയാഴ്ചയാണ്. യേശുക്രിസ്തുവിന്റെ ഓർമ ഉണർത്തുന്ന ദിനം. രോഗികളെ സുഖപ്പെടുത്തുക എന്ന ക്രിസ്തു സന്ദേശം ഉൾക്കൊണ്ട് കൊറോണ ബാധിതരുടെ സുഖപ്പെടലിന് വേണ്ടി പുനരർപ്പണം നടത്താനുള്ള സന്ദർഭമായി ഇതിനെ ഉപയോഗപ്പെടുത്താം. മനസുകൊണ്ട് ചേര്‍ത്തു നിർത്തുക എന്നത് യേശുക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നൽകിയ സന്ദർഭമാണ്. ഇതും ഓർക്കാം. – മുഖ്യമന്ത്രി പറഞ്ഞു.

ഷിബു മാത്യൂ
‘കല്ലുകളും കഥ പറയും’. കന്യാകുമാരി മുതല്‍ ആദ്യ ഒളിംപിക്‌സ് നടന്ന ഗ്രീസിലെ ഏദന്‍സില്‍ നിന്നു വരെയുള്ള കല്ലുകളുടെ ശേഖരം. ഒരു സെന്റീ മീറ്റര്‍ മുതല്‍ ഒന്നര കിലോ വരെ വലിപ്പമുള്ള നാല്‍പ്പത്തിരണ്ട് കല്ലുകള്‍. അതും അവിശ്വസനീയമായ രൂപത്തില്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പതിനാറ് വര്‍ഷത്തെ കല്ലുകളുടെ ശേഖരമാണ് യുകെയിലെ യോര്‍ക്ഷയറിലുള്ള വെയ്ക്ക്ഫീല്‍ഡില്‍ താമസിക്കുന്ന അഞ്ചു കൃഷ്ണന്റെ വീട്ടിലുള്ളത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കല്ലുകളില്‍, അതാത് സ്ഥലത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ചിത്രങ്ങളാക്കുകയാണ് അഞ്ചുവിപ്പോള്‍. വാട്ടര്‍ കളറില്‍ തീര്‍ത്ത ആദ്യ ചിത്രം ഒലിവ് ശിഖരങ്ങളാണ്. ലോകത്തിന് മുഴുവന്‍ പുത്തന്‍ ഉണര്‍വ്വ് നല്‍കിയ ആദ്യ ഒളിംപിക്‌സിന് വിജയികള്‍ക്കുള്ള കിരീടമായി നല്‍കിയ ഒലിവ് ശിഖരങ്ങള്‍. ലോകത്തിനെ ഒന്നായി കൊറോണ വൈറസ് കാര്‍ന്നുതിന്നാനൊരുങ്ങുന്ന ഇക്കാലത്ത്, ആതുരസേവന രംഗത്ത് ദിനരാത്രം പണിയെടുക്കുന്നവര്‍ ഒട്ടും തളരാരെ ഈ മഹാമാരിയെ നേരിടാനുള്ള മാനസീകമായ ഒരു ഊര്‍ജ്ജം നല്‍കാന്‍ ആദ്യ ഒളിംപിക്‌സിലെ കിരീടമായ ഒലിവ് ചില്ലകള്‍ നല്‍കുന്ന സന്ദേശത്തിനാകുമെന്ന് അഞ്ചു പറയുന്നു. അതു കൊണ്ടാണ് ആദ്യ ചിത്രം ഒലിവ് ചില്ലകളില്‍ തുടങ്ങിയത്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങള്‍ കല്ലുകളില്‍ വരച്ചു കഴിഞ്ഞു.

കല്ലുകള്‍ക്കും കഥയുണ്ട്. ഇപ്പോള്‍ കാണാന്‍ ഭംഗിയുള്ള കല്ലുകള്‍ക്ക് വികൃതമായ ഒരു രൂപമുണ്ടായിരുന്നു. മഴയില്‍ കുതിര്‍ന്നും കാറ്റിലുരുണ്ടും വെള്ളത്തിലൊഴുകിയും പ്രകൃതിയുടെ എല്ലാ ക്ഷോഭങ്ങളേയും ശക്തമായ നേരിട്ടപ്പോഴാണ് ആ കല്ലുകള്‍ ഭംഗിയുള്ള കല്ലുകളായി മാറിയത്. കേവലം ഒരു രാത്രിയിലെ സഹനമോ വെളുത്തപ്പോള്‍ ഉണ്ടായ സൗന്ദര്യമോ അല്ല ഇത്. ഇത് ഒരു വലിയ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഇതിലും വലിയ വ്യാധിയെ ലോകം നേരിട്ടിട്ടുണ്ട് എന്നും ഓര്‍ക്കേണ്ടതുണ്ട്.

കല്ലുകളോടുള്ള താല്പര്യം ചെറുപ്പം മുതല്‌ക്കേ എനിക്കുണ്ടായിരുന്നു. ഒറ്റപ്പാലത്താണ് ഞങ്ങളുടെ വീട്. സാമ്പത്തികമായി ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛനും അമ്മയും ഒരു സഹോദരിയുമടങ്ങുന്ന കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാന്‍ സാധാരണ പോകുന്നത് അമ്പലങ്ങളിലായിരിക്കും. സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായ കാലമായിരുന്നതുകൊണ്ട് പലപ്പോഴും ഞങ്ങള്‍ക്ക് ഒന്നും തന്നെ വാങ്ങി തരാന്‍ അച്ഛന് സാധിച്ചിരുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ കന്യാകുമാരിയിലുമെത്തി. അവിടുത്തെ കടല്‍ തീരത്തു നിന്നാണ് ആദ്യത്തെ കല്ലെടുത്തത്. കണാന്‍ ഭംഗിയുള്ള കല്ലിന് ശിവലിംഗത്തിന്റെ രൂപസാദൃശ്യവുമുണ്ടായിരുന്നു. യാത്രകളെ ഓര്‍ക്കാന്‍ ചിലവില്ലാത്ത സമ്മാനങ്ങളായി കല്ലുകള്‍ പതിയെ മാറിതുടങ്ങി. അച്ഛനാണ് ഈ ആശയം മുന്നോട്ട് വെച്ചതെങ്കിലും കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഭര്‍ത്താവും അതേ പാത പിന്തുടര്‍ന്നു. വിദേശയാത്രയ്ക്ക് പോകുമ്പോള്‍ ഞാന്‍ കല്ലുകള്‍ ശേഖരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമൊക്കെ ഒരു തമാശയായിട്ടാണ് അദ്ദേഹമതെടുത്തത്. ചിലവില്ലാതെ കിട്ടുന്ന സന്തോഷമല്ലേ.. ധാരാളം പെറുക്കിക്കോളൂ എന്നൊരു കമന്റും. പക്ഷേ, ഒരിക്കല്‍ ഒരു പണി കിട്ടി. മകന് രണ്ടര വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ അയര്‍ലന്‍ണ്ടില്‍ ഹോളിഡെയ്ക്ക് പോയി. മടങ്ങവെ അവന്‍ അവിടെ നിന്നും ഒന്നര കിലോയോളം തൂക്കം വരുന്ന ഒരു കല്ലെടുത്തു. അത് കൂട്ടത്തില്‍ കൊണ്ടുവരാന്‍ വേണ്ടി വാശിയും ഒപ്പം കരച്ചിലും ആരംഭിച്ചു. ഡൊമസ്റ്റിക് ഫ്‌ലൈറ്റ് ആയതു കൊണ്ട് ലഗേജിന് പരിമിതികള്‍ ഉണ്ടായിരുന്നു. അവസാനം എഴുപത്തിയഞ്ച് പൗണ്ട് ഏയര്‍പോര്‍ട്ടില്‍ കെട്ടിവെച്ച് കല്ലുമായി പോരേണ്ടി വന്നു. ആ കല്ലും മഞ്ചുവിന്റെ ശേഖരത്തിലുണ്ട്. യുകെയില്‍ പലയിടത്തും ഞങ്ങള്‍ യാത്ര ചെയ്തു. നാട് വിട്ടു വരുമ്പോള്‍ എല്ലാം പുതുമയാണല്ലോ! ഓരൊ ടൗണിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. അവിടുത്തെ കല്ലുകള്‍ക്കും ആ രാജ്യത്തിന്റെ സംസ്‌കാരവുമായി ബന്ധമുണ്ടെന്ന് പരിചയത്തിന്റെ വെളിച്ചത്തില്‍ അഞ്ചു പറയുന്നു.

കൊറോണ കാലത്ത് വീടുകളില്‍ ആളുകള്‍ ഒതുങ്ങി കൂടുന്ന അവസരത്തിലാണ് ‘കല്ലുകളും കഥ പറയും’ എന്ന ഒരു വേറിട്ട ആശയവുമായി അഞ്ചു മുന്നോട്ടു വന്നത്. പല എപ്പിസോഡുകളായി കല്ലുകളില്‍ വരച്ച ചിത്രങ്ങള്‍ അതാതു സ്ഥലങ്ങളിലെ പ്രത്യേകതകള്‍ വിവരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്റെ അമ്മയുടെയും പ്രിയ കൂട്ടുകാരികളായ ഡെല്‍ഹിയിലുള്ള ഷീജയും, പാലക്കാട്ടുള്ള മിനിയും യുകെയിലുള്ള ഡോ. മഞ്ചുവും
ഡോ. നിഷയുടേയുമൊക്കെ പ്രജോദനം ഇതിന്റെ പിന്നിലുണ്ട്. ഹൃദ്യമായ സ്വീകരമാണ് ആദ്യ എപ്പിസോഡിന് ഇതിനോടൊപ്പം ലഭിച്ചത്.

വെയ്ക്ഫീല്‍ഡില്‍ സ്ഥിരതാമസയായ അഞ്ചു കൃഷ്ണന്‍ സ്‌കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവ് ഡോ. കൃഷ്ണന്‍ മിലാര്‍കോട് NHS ല്‍ ജോലി ചെയ്യുന്നു. ഒരു മകനുണ്ട്. ആദിത്യ കൃഷ്ണന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. വരും ദിവസങ്ങളില്‍ കല്ലുകളും കഥ പറയും എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ദൃശ്യമാകും. മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങള്‍.

 

Copyright © . All rights reserved