കൊറോണ വൈറസ് പിടിപെടാൻ സാധ്യതയുള്ളതിനാൽ ജാമ്യത്തിനായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ നൽകിയ അപേക്ഷ ബ്രിട്ടീഷ് ജഡ്ജി നിരസിച്ചു. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം 15 ൽ താഴെ ആളുകൾ മാത്രം ഹാജരായ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു അപേക്ഷ പരിഗണിച്ചത്.
ജയിലിൽ വൈറസ് കേസുകളൊന്നും ഇതുവരെ സ്ഥിരീകരിചിട്ടില്ലെന്നും തടവുകാരെ സംരക്ഷിക്കാൻ ബെൽമാർഷ് ജയിൽ അധികൃതർ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ജഡ്ജി വനേസ ബരൈറ്റ്‌സർ പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പെട്ടെന്ന് മാറിയേക്കാമെങ്കിലും അസാഞ്ചെക്ക് ജാമ്യം നൽകാൻ കഴിയില്ലെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. ‘ഈ ആഗോള മഹാമാരി ജാമ്യം നൽകാൻ ഒരു കാരണമേയല്ല. മാത്രവുമല്ല, മുൻകാല പെരുമാറ്റത്തെ അടിസ്ഥാനമാക്കി, മോചിതനായാൽ തന്നെ ഇയാൾ വിചാരണക്ക് ഹാജരാകുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ ജാമ്യം നിരസിക്കുകയാണ്’ എന്നായിരുന്നു വനേസ ബരൈറ്റ്‌സറുടെ പ്രതികരണം.
പ്രതിഭാഗം അഭിഭാഷകൻ എഡ്വേർഡ് ഫിറ്റ്സ്ജെറാൾഡ് ക്യുസി ഫെയ്സ് മാസ്ക് ധരിച്ചാണ് കോടതിയിൽ ഹാജരായത്. നെഞ്ചിലും പല്ലിലും അണുബാധയും ഓസ്റ്റിയോപൊറോസിസും ഉള്ള അസാഞ്ചിന് പെട്ടന്നുതന്നെ അണുബാധ യേൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഫിറ്റ്സ്ജെറാൾഡിന്റെ പ്രധാന വാദം. ബെൽമാർഷ് ജയിലിൽ 100 പേർ ഐസൊലേഷനിൽ ആയതിനാൽ മറ്റാർക്കും അവിടേക്ക് പ്രവേശനമില്ലാത്തതും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ തുടർച്ചയായി ജയിലിൽ അടച്ചാൽ ആർക്കും രക്ഷപ്പെടാൻ കഴിയാത്ത ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യവും ജീവിതവും ഗുരുതരമായി അപകടത്തിലാകുമെന്ന് ഫിറ്റ്സ്ജെറാൾഡ് കോടതിയെ അറിയിച്ചു. ലോക്ക്ഡൗൺ നടപടികൾ കാരണം അസാഞ്ചെയുടെ അടുത്ത വിചാരണ വാദം മെയ് 18-ന് മാറ്റിവയ്ക്കാനുള്ള സാധ്യതയും അഭിഭാഷകൻ ഉയർത്തി.
48കാരനായ അസാഞ്ചയുടെ ആരോഗ്യം വളരെ മോശമാണെന്നും വിദഗ്‌ധ ചികിൽസ അടിയന്തരമായി നൽകണമെന്നും നേരത്തെ യുഎൻ വക്താവ് ആവശ്യപ്പെട്ടിരുന്നു. 2010ല്‍ ലോകരാജ്യങ്ങളുടെ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് കംപ്യൂട്ടര്‍ പ്രൊഗ്രാമറായ അസാഞ്ചെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയത്. അഫ്ഗാനിലെയും ഇറാഖിലെയും അമേരിക്കന്‍ അധിനിവേശം സംബന്ധിച്ച നിരവധി രഹസ്യങ്ങളും ഇതിലുള്‍പ്പെടും. അമേരിക്ക അന്വേഷണം ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞ അസാഞ്ചെ ഒടുവില്‍ ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടി. ഇവിടെ നിന്ന് ബ്രീട്ടിഷ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ സഹചാരിയായ വൈദികന് കൊവിഡ് 19 സ്ഥിതീകരണം. മാർപാപ്പയും കൊവിഡ് ബാധിതനും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത് . ചെറിയ പനിയും ജലദോഷവും ബാധിച്ച് ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് നേരത്തെ സ്ഥിതീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായിരുന്നു . സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ പ്രാര്‍ത്ഥനയ്ക്കിടെ അദ്ദേഹം തുടർച്ചയായി ചുമച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ജലദോഷവും ചുമയും ബാധിച്ചതിനെത്തുടർന്ന് മാർപ്പാപ്പയുടെ പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തിരുന്നു.
ഇതോടെ, ഇറ്റാലിയൻ മാധ്യമങ്ങളിലടക്കം മാർപാപ്പയ്ക്ക് കൊവിഡ് 19 അഥവാ കൊറോണവൈറസ് ബാധയുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മാർപ്പാപ്പക്ക് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ടെസ്റ്റ് നെഗറ്റീവായെങ്കിലും മാർപാപ്പ ചികിത്സയിൽ തന്നെ തുടരുമെന്ന് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂനി അറിയിച്ചിരുന്നു.
കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസര്‍ കുടിച്ച് ഒരാള്‍ മരിച്ചു.റിമാന്‍ഡ് തടവുകാരനായ മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. സാനിറ്റൈസര്‍ കുടിച്ച ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാര്‍ച്ച് 24നാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 18 നാണ് ഇയാളെ മോഷ്ണകേസില്‍ റിമാന്‍ഡ് ചെയ്തത്.
കോഴിക്കോട്: ശരീരത്തിന് പരിക്കുപറ്റിയാല്‍ നമ്മള്‍ പ്രഥമശുശ്രൂഷ നല്‍കും. ഇതുപോലെ മനസ്സിനുണ്ടാവുന്ന ചെറിയ പരിക്കുകള്‍ക്കും പ്രഥമശുശ്രൂഷ നല്‍കാന്‍ സംവിധാനം ഒരുക്കിയിയിക്കുകയാണ് മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന റോള്‍ഡന്റ്‌സ് ഗ്രൂപ്പ്. കൊറോണാഭീതിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ഫോണ്‍ വിളിച്ച് ഉപദേശം തേടാനുള്ള സൗകര്യമാണ് സജ്ജീകരിച്ചിരിക്കുന്നത്. മാനസികാരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വോളന്റിയര്‍മാരുടെ സേവനമാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. വിളിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ആവശ്യമങ്കില്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കും. മാനസിക സമ്മര്‍ദ്ദം, ആകുലത, പിരിമുറുക്കം, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങും നല്‍കും. ഈ സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കുമെന്ന് കൊച്ചിയിലെ റോള്‍ഡന്റ് റെജുവിനേഷന്‍ മൈൻഡ് ബിഹേവിയർ സ്റ്റുഡിയോ മേധാവി സൈക്കോളജിസ്റ്റ് വിപിന്‍ റോള്‍ഡന്റ് അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 7025917700
ക്വാറന്റീനില്‍ കഴിയാതെ കറങ്ങി നടന്ന മണ്ണാര്‍ക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചതിനാണ് കോസെടുത്തത്.
അദ്ദേഹത്തിന്റെ മകനെയും കുടുംബാംഗങ്ങളെയും ഹോം ക്വാറന്റീനിലാക്കിയതായി കളക്ടര്‍ ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകന്‍ കെഎസ്‌ആര്‍ടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന്‍ മാര്‍ച്ച് 17 ന് കെഎസ്‌ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു.
മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്ബത്തൂര്‍ ബസ്സിലാണ് ഇയാള്‍ ഡ്യൂട്ടി എടുത്തത്. മാര്‍ച്ച് 18 ന് ഇയാള്‍ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി. ഇയാള്‍ ജോലി ചെയ്ത ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
മണ്ണാര്‍ക്കാട് കാരാക്കുറിശ്ശി സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മകനെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയത്.ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മാര്‍ച്ച് 13 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച് ഇയാള്‍ നാട്ടില്‍ കറങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസില്‍ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യത്തീം ഖാന, പള്ളികള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പോയിരുന്നു. മലപ്പുറത്തും കോവിഡ് ബാധിതന്‍ പോയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.
പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ കരഞ്ഞുതളർന്ന് മലയാളി യുവതി ദുബായിൽ. കോവിഡ്–19 കാരണം വിമാന സർവീസുകൾ നിർത്തലാക്കിയതോടെ നാട്ടിൽ മരിച്ച ഭർത്താവിന്റെ മുഖം അവസാനമായി നേരിട്ട് കാണാതെയും മൂന്ന് മക്കളെ സാന്ത്വനിപ്പിക്കാനാകാതെയും അബുഹായിലിലെ താമസ സ്ഥലത്തിരുന്ന് കണ്ണീർ വാർക്കുകയാണിവർ. എറണാകുളം കളമശ്ശേരി മുനിസിപാലിറ്റി അഭയകേന്ദ്രത്തിൽ താമസിക്കുന്ന ബിജിമോളാണ് ഇൗ നിർഭാഗ്യവതി.
കൊറോണ വൈറസ് കാരണം ഇന്ത്യയിലേയ്ക്ക് വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് മൂന്ന് മക്കളുടെ മാതാവായ ഇൗ യുവതിക്ക് അർബുദം ബാധിച്ച് മരിച്ച ഭർത്താവ് ശ്രീജിതി(37)ന്റെ മുഖം അവസാനമായി കാണാൻ സാധിക്കാതെയായത്. കഴിഞ്ഞ 9 മാസമായി ശ്രീജിത് വീൽചെയറിലായിരുന്നു കഴിഞ്ഞിരുന്നത്.മൂന്ന് മാസം മുൻപാണ് രോഗിയായ ഭർത്താവിന് ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെൺകുട്ടികള്‍ക്ക് മികച്ച ജീവിതം നൽകാനും ആശിച്ച് മക്കളെ നാട്ടിലെ ബന്ധുവിനെ ഏൽപിച്ച് ബിജി ദുബായിലെത്തിയത്.
യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റിന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് അത് സന്ദർശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരിൽ നിന്ന് പലിശയ്ക്കായിരുന്നു മൂന്ന് ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ പരിചയക്കാരുടെ കൂടെ വളരെ ദുരിതത്തിൽ കഴിയുമ്പോഴാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.
എന്നാൽ ഏജന്റ് ചതിച്ചതിനാൽ ജോലി ലഭിച്ചില്ല. ഇതിനിടെ ഇൗ മാസം 24നാണ് വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടിൽ ശ്രീജിത് മരിക്കുകയായിരുന്നു. വിമാന സർവീസ് നിർത്തിവച്ചതിനാൽ ഇവർക്ക് നാട്ടിലേയ്ക്ക് പോകാനായില്ല. ഒടുവിൽ വിഡിയോ വഴിയാണ് ആ മുഖം അവസാനമായി ദർശിച്ചത്. 15, 8, 5 വയസുള്ള മക്കളെ ഒന്നു സാന്ത്വനിപ്പിക്കാൻ പോലും കഴിയാത്തതിൽ ബിജി ഏറെ കരഞ്ഞുതളർന്നു.
ഒടുവിൽ പ്രിയതമന്റെ ചേതനയറ്റ ശരീരം കടലുകൾക്കിപ്പുറമിരുന്നു വിഡിയോ കോളിലൂടെ കാണേണ്ടി വന്നു. അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന മൂന്നുപെൺമക്കളെ സമാധാനിപ്പിക്കാൻപോലും അവർക്കായില്ല. ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കളെന്നും അവർക്ക് എത്രകാലം സംരക്ഷിക്കാൻ സാധിക്കുമെന്ന് അറിയില്ലെന്നും ബിജി മനോരമ ഒാൺലൈനിനോട് പറഞ്ഞു. യതീഷ് എന്നയാളാണ് മൂന്ന് ലക്ഷം കൈക്കലാക്കി തന്നെ ചതിച്ചതെന്ന് ഇവർ കൂട്ടിച്ചേർത്തു.
എത്രയും പെട്ടെന്ന് നാട്ടിൽ ചെന്ന് മക്കളെ കാണാനാണ് ഇൗ യുവതിയുടെ ഹൃദയം ഇപ്പോൾ പിടയ്ക്കുന്നത്. പക്ഷേ, മഹാമാരി ലോകത്തെ പിടികൂടിക്കൊണ്ടിരിക്കുമ്പോൾ അതിന് പെട്ടെന്ന് കഴിയുമോ എന്ന് ഇവർക്കറിയില്ല. ഇത്രയും നാൾ സുഹൃത്തുക്കളുടെ മുറിയിലായിരുന്ന താമസം. കഴിഞ്ഞ ദിവസം അബുഹായിലിലെ വഴിയരികിൽ ഇരിക്കുന്നത് കണ്ട് കാര്യമന്വേഷിച്ച ഒരു മലയാളി അബുഹായിലിൽ താമസ സൗകര്യം ഒരുക്കിയതാണ് ഏക ആശ്വാസം. അദ്ദേഹം തന്നെ ഭക്ഷണത്തിനുള്ള സഹായവും നൽകി. എത്രയും പെട്ടെന്ന് ഒരു ജോലി സ്വന്തമാക്കണം. അതിന് ശേഷം നാട്ടിൽ ചെന്ന് മക്കളെ ഒരുനോക്കു കണ്ട ശേഷം ജീവിത പ്രതിസന്ധികളെ പൊരുതി തോൽപിക്കാനാണ് ബിജിയുടെ ആഗ്രഹവും പ്രാർഥനയും.
ഇന്ത്യ വീട്ടിലിരിക്കുമ്പോൾ നിരത്തുകൾ ശൂന്യമാണ്. കടലും കായലും പുഴയുമെല്ലാം ശാന്തമായി. മുംബൈ നഗരത്തിൽ ഇപ്പോൾ അതിഥികളുടെ വരവാണ്. മാലിന്യവും തിരക്കും ഇല്ലാതായതോടെ മുംബൈ ബ്രീച് കാൻഡി തീരത്തോടു ചേർന്ന് ഏറെക്കാലത്തിനു ശേഷം ഡോൾഫിനുകൾ എത്തിത്തുടങ്ങി. ബോളിവുഡ് താരം ജൂഹി ചൗളയാണ് ബ്രീച് കാൻഡി തീരത്തു നീന്തിത്തുടിക്കുന്ന ഡോൾഫിനുകളുടെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇൗ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കുറച്ചു വർഷങ്ങളായി ഈ ഡോൾഫിനുകളെ വളരെ അപൂർവമായി മാത്രമേ മുംബൈ തീരങ്ങളിൽ കാണാൻ സാധിച്ചിരുന്നുള്ളു. ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിൻ എന്നറിയപ്പെടുന്ന ഈ ഡോൾഫിനുകൾ ഒരു കാലത്തു മുംബൈ തീരത്ത് സജീവമായിരുന്നു. എന്നാൽ മത്സ്യബന്ധനവും സമുദ്രമലിനീകരണവും രൂക്ഷമായതോടെ ഇവയെ കാണാതായി.
The air in Mumbai is so nice, light and fresh ..!!! I can’t believe it 😃… and it seems dolphins were sighted just off the shore near Breach Candy club ..!!! This shutdown of cities is not so bad after all #CoronavirusPandemic pic.twitter.com/t94vhFyPRy
— Juhi Chawla (@iam_juhi) March 21, 2020
കൊറോണയെ തടയാന്‍ രാജ്യം മുഴുവന്‍ പോരാടുമ്പോള്‍ കാശ്മീരില്‍ ലോകം അവസാനിക്കാന്‍ പോകുന്നുവെന്ന് വ്യാപക പ്രചാരണം.ലോകാവസാനത്തിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ കണ്ടുവെന്ന പ്രചരണമാണ് കശ്മീരില്‍ വ്യാപകമാകുന്നത്.
പ്രചരണങ്ങള്‍ കൈവിട്ടതോടെ ശ്രീനഗറുള്‍പ്പെടെ കശ്മീരിലെ ഉള്‍ഭാഗങ്ങളില്‍ വരെ രാത്രിയില്‍ പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം വന്നു. അതിനിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചിലര്‍ വീടിനു പുറത്തിറങ്ങി കാത്തിരുന്നു.
മാര്‍ച്ച് 26ന് ഭൂമിക്ക് സമീപത്തുകൂടി ഒരു ഛിന്നഗ്രഹം കടന്നുപോകും എന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള കിംവദന്തികളാണ് കശ്മീര്‍ താഴ്‌വരിയില്‍ പ്രചരിക്കുന്നത്. ഒരു വ്യാഴാഴ്ചയാണ് ലോകാവസാനം സംഭവിക്കുകയെന്ന വിശ്വാസം കശ്മീരികള്‍ക്കിടയില്‍ പൊതുവായുണ്ട്.
അതേസമയം കാശ്മീരില്‍ കോവിഡ് 19 ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.ശ്രീനഗറിലുള്ള 65 വയസുള്ള വ്യക്തിയാണ് മരിച്ചത്.കശ്മീരില്‍ 11 കൊറോണ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
ലോകത്ത് കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. 20,494 പേരാണ് കോവിഡ് 19 ബാധയേറ്റ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ 24 മണിക്കൂറുകൾക്കുളളിൽ മാത്രം 683 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
5210 പുതിയ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചു. അതേ സമയം ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതിൽ 74.386 കേസുകളാണ് ഇറ്റലിയിൽ നിന്നും മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്താകെ 4,52,157 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1,13,120 പേര്‍ രോഗവിമുക്തി നേടി. 3,18,543 പേര്‍ ചികിത്സയിലാണ്. ഇതില്‍ 13,671 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.
സ്പെയിനിൽ ഉപപ്രധാനമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്‌പെയിനിലെ ഉപ പ്രധാനമന്ത്രിമാരിലൊരാളായ കാർമെൻ കാൽവോയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്പെയിൻ പ്രധാനമന്ത്രി പെട്രേ സാഞ്ചസിന്ർറെ നാല് ഉപപ്രധാനമന്ത്രിമാരിലൊരാളാണ് കാർമെൻ കാൽവോ. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വൈറസ് കൂടുതൽ നാശം വിതക്കുന്ന രാജ്യങ്ങളിലൊന്നായ സ്പെയിനിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാണ്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 683 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 7,503 ആയി. 74,386 പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ സ്ഥിരീകരിച്ചത്. സ്പെയിനിലും ഇറാനിലും ഇന്നും മരണനിരക്കിന് കുറവില്ല. സ്പെയിനില്‍ 443 മരണങ്ങളും ഇറാനില്‍ 143 പേരുമാണ് ഇന്ന് മരിച്ചത്. ഇന്നത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ മരണനിരക്കില്‍ ചൈനയെ പിന്തള്ളി സ്പെയിന് രണ്ടാമതായി. 3,434 പേരാണ് ഇതുവരെ സ്പെയിനില്‍ മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരളത്തില്‍ ഒരു സാഹചര്യത്തിലും അവശ്യസാധാനങ്ങള്‍ക്ക് ക്ഷാമ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അത് ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് തികയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ടുഡെ ചാനലില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി സംസ്ഥാനം എടുത്ത മുന്‍ കരുതലുകള്‍ വിശദീകരിച്ചത്.
ഉപഭോഗ സംസ്ഥാനമായ കേരളം എങ്ങനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കുമെന്നായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും എല്ലാ തരത്തിലുള്ള മുന്‍ കരുതലുകളുമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്.
കേരളത്തില്‍ കൂടുതല്‍ പേര്‍ രോഗികളായി മാറിയാല്‍ അതിനെ എങ്ങനെ നേരിടുമെന്നായിരുന്നു അടുത്ത ചോദ്യം. അതിന് കൈകൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനം കടുത്ത പ്രതിരോധ നടപടികള്‍ എടുത്ത സാഹചര്യത്തില്‍ വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇനി അത്തരമൊരു സാഹചര്യം വന്നാല്‍ രോഗികളെ പാര്‍പ്പിക്കാനും, ക്വാറന്റൈന്‍ ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു ലക്ഷത്തി അറുപതിനായിരത്തിലേറെ പേരെ കിടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം, രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി.
കേരളം 22000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍, ആരോഗ്യ സുരക്ഷ പദ്ധതികള്‍, സൗജന്യം ഭക്ഷണം, വായ്പ സഹായ പദ്ധതികള്‍ തുടങ്ങിയ ഉള്‍പ്പെടെയാണിത്. 2000 കോടി രൂപ വായ്പ കുടുംബശ്രിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ വായ്പകളുടെ പലിശ സംസ്ഥാന സര്‍ക്കാറായിരിക്കും വഹിക്കുകയെന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തില്‍ രോഗ പരിശോധന നടത്തുന്നത് പോലെ മറ്റൊരു സംസ്ഥാനത്തും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി കാലത്ത് എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനായി കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇന്നലെ ഒമ്പത് പേര്‍ക്കുകൂടിയാണ് കേരളത്തില്‍ രോഗം സ്ഥിരീരിച്ചത്. ചികില്‍സയില്‍ ഉണ്ടായിരുന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത ആകെ 76 542 പേരാണ് നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില് 91 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന വന്നവരാണ്.
അതിനിടെ കേരളത്തില്‍ കൊറോണ ബാധ ഉണ്ടായതു മുതല്‍ സംസ്ഥാനത്തെ അവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട് നടത്തുന്ന വാര്‍ത്ത സമ്മേളനം ഇന്നുമുതല്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്തി അറിയിച്ചു. മുന്‍കരുതുലിന്റെ ഭാഗമായാണ് നടപടി. ഇതിന് പകരമായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കൊറോണ ബാധയുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ എടുക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നതും മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനങ്ങളായിരുന്നു.