Latest News

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ പദത്തില്‍ നിന്നുള്ള രാജിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെയും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് മുഖം കൊടുക്കാതെയും ഒഴിഞ്ഞുമാറി നടക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും സ്‌നേഹവും കൂടുതല്‍ സ്‌നേഹിക്കുന്ന ഒരാളുണ്ടിവിടെ. മറ്റാരുമല്ല രാഹുലിന്റെ വളര്‍ത്തു നായ പിഡി. തന്റെ കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ രാഹുലും പിന്‍ സീറ്റില്‍ പിഡിയും ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. രാഹുലില്‍ വീട്ടില്‍ നിന്നും തന്റെ പിഡിയേയും കൂട്ടി പുറത്തേക്ക് കാറോടിച്ച് പോകുന്നതിനിടെ എടുത്ത ചിത്രം അനില്‍ ശര്‍മയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയും മുന്‍ ഗ്രാമമുഖ്യനുമായിരുന്ന സുരേന്ദ്ര സിങിനെ കൊലചെയ്തത് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സീറ്റ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംസ്ഥാന പോലിസ് മേധാവി ഒപി സിങ് വ്യക്തമാക്കി.

എന്നാൽ സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ഒളിവിലാണ്. ഒളിവില്‍ പോയവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതികളില്‍ ഒരാള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്ര സിങ് ഇതിനെ എതിര്‍ത്തു. ഇതാണ് ശത്രുതക്ക് കാരണം.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്‌. ജഗന്‍മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.വിജയവാഡ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആന്ധ്രാ വിഭജനത്തിന് ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ കൊയ്തത്. 175 അംഗ നിയമസഭയില്‍ 151 എംഎല്‍എമാരാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിനുള്ളത്.
30,000ത്തിലധികം പേരാണ് ചടങ്ങിനെത്തിയത്.

 

മോദി സര്‍ക്കാരില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമെന്ന് ജനപക്ഷം സെക്യുലര്‍ നേതാവ് പി.സി.ജോര്‍ജ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ തനിക്ക് കഴിയും. പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ പ്രാദേശികപ്രശ്നമാണെന്നും അതിന്റെ പേരില്‍ കേരളത്തിലെ രാഷ്ട്രീയം നിര്‍ണയിക്കേണ്ടതില്ലെന്നും ജോര്‍ജ് ‍ഡല്‍ഹിയില്‍ പറഞ്ഞു.

കേന്ദ്ര മന്ത്രിസഭയിലെ മലയാളി പ്രാതിനിധ്യത്തെക്കുറിച്ച് തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രി ആണെന്ന് വി. മുരളീധരൻ എം പി പറഞ്ഞു. വ്യക്തിപരമായി മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾ കൂടി നിറവേറ്റുന്ന സര്‍ക്കാരാകും മോദിയുടെതെന്നും വി മുരളീധരൻ

നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷകളെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള . കേരളത്തോട് എന്നും മോദി മമത കാണിച്ചു. അത് മന്ത്രിസഭയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിന് അവകാശവാദം ഉന്നയിക്കാൻ അർഹതയില്ല . കൂടുതൽ പാർട്ടികൾ രണ്ട് മുന്നണികളിൽ നിന്നും എൻ.ഡി.എയിലെത്തും. കേരള കോൺഗ്രസ് എമ്മിലെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നീക്കം നടത്തേണ്ട ഘട്ടം എത്തിയതായി കരുതുന്നില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

ബക്കിങ്ഹം കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായത്. വിവിയന്‍ റിച്ചാഡ്സ് മലാല യൂസഫ്സായി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .

Image result for cricket-world-cup 2019 buckingham palace

ലണ്ടന്‍ മോളിലെ ക്രിക്കറ്റ് കാര്‍ണിവലോടെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിലെ വിശ്വപോരാട്ടത്തിന് തുടക്കം .ഡ്രം ആന്‍ഡ് ബാസ് ബാന്‍ഡായ റൂഡിമെന്റല്‍ , കൊമേഡിയ പാഡി മഗ്‍ഗിന്നസ് , എന്നിവരും ക്രിക്കറ്റിന്റെ ആഘോഷത്തിന് മാറ്റുകൂട്ടി. 10 ടീമിന്റെ ക്യാപ്റ്റന്‍മാരും ആഘോഷങ്ങളില്‍ പങ്കെടുത്തു.

Related image

ഓരോ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു ക്രിക്കറ്റ് താരവും സെലിബ്രിറ്റിയും പങ്കെടുത്ത 60 സെക്കന്‍ഡ് ക്രിക്കറ്റ് ചലഞ്ചും സംഘടിപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് അനില്‍ കുംബ്ലെയും ഫര്‍ഹാന്‍ അക്തറും. പാക്കിസ്ഥാനായി അസര്‍ അലിക്കൊപ്പം മലാല യൂസഫ്സായും എത്തി.

12 ാം ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തിനായി ഇംഗ്ലീഷുകാര്‍ ഒരുങ്ങി. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കണമെന്നാണ് ആരാധകരുടെ ആഗ്രഹമെങ്കിലും അവര്‍ ഭയക്കുന്നത് ഇന്ത്യയെയാണ്.
ലോകകപ്പിനായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് ഇംഗ്ലീഷ് നഗരങ്ങള്‍. ഒരിക്കല്‍ പോലും കിരീടം നേടാനാകാത്ത ഇംഗ്ലണ്ട് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കപ്പടിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ ഒന്‍പത് കളികളില്‍ ഏഴും ജയിച്ചതിന്റെ ആത്്മവിശ്വാസം കരുത്താകും .

83 ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ കണക്കുകൂട്ടല്‍. പക്ഷേ വെല്ലുവിളികളുണ്ട് .ആഫ്ഗനിസ്ഥാനെപ്പോലും ചെറുതായി കാണാനാകില്ല. അട്ടിമറികളും വമ്പന്‍ പോരാട്ടങ്ങളും കടന്ന് ലോര്‍ഡ്സില്‍ കപ്പുയര്‍ത്തുന്നവനായുള്ള കാത്തിരിപ്പാണ് ഇനി.

കായിക പ്രേമികൾക്ക് ഏറെ ആവേശം പകരുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഫിഫ വുമൺസ് ലോകകപ്പ്, കോപ്പ അമേരിക്ക, ഫിഫ അണ്ടർ 20 ലോകകപ്പ്. ഇതിൽപരം എന്താണ് ഒരു കായിക പ്രേമിക്ക് വേണ്ടത്. ആവേശത്തിന്റെ പെരുമാഴക്കാലം തീർക്കുകയാണ് ജൂൺ മാസം.

ഏകദിന ക്രിക്കറ്റ് ലോകകപ്പ്

ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യക്കാർക്കിടയിൽ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. മൂന്നാം കിരീടം തേടി കോഹ്‌ലിയും സംഘവും മൈതാനത്ത് ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പ് പോരാട്ടങ്ങളിൽ സ്വർണ്ണകപ്പിനായി ഐസിസി രാജ്യങ്ങൾ കൊമ്പുകോർക്കുന്നു. ഇംഗ്ലണ്ട് 2019 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെയ് 30 മുതൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ കലാശ പോരാട്ടം ജൂലൈ 14ന് ആണ്. ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസും വേദിയൊരുക്കുന്നത്.

ഫിഫ അണ്ടർ 20 ലോകകപ്പ്

ഫിഫ അണ്ടർ 20 ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. മേയ് 23ന് ആരംഭിച്ച മത്സരങ്ങളുടെ പ്രാഥമിക ഘട്ടം ഇനിയും പൂർത്തിയായിട്ടില്ല. അണ്ടർ 20 ലോകകപ്പിന്റെ 22-ാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത് പോളണ്ടാണ്. 24 രാജ്യങ്ങളുടെ കൗമാര പടയാണ് ലോകകപ്പിൽ മാറ്റൂരയ്ക്കുന്നത്. അർജന്റീനയും പോർച്ചുഗലുമെല്ലാം മത്സരിക്കുന്ന വേദിയിൽ ബ്രസീൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ലോകകപ്പ് നടത്തിപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇന്ത്യയെ മറികടന്ന് പോളണ്ട് യോഗ്യത നേടുകയായിരുന്നു. അണ്ടർ 20 ലോകകപ്പിന്റെ ഫൈനൽ മത്സരം നടക്കുന്നത് ജൂൺ 15ന് ആണ്.

കോപ്പ അമേരിക്ക

ലാറ്റിനമേരിക്കൻ വമ്പന്മാർ കൊമ്പുകോർക്കുന്ന ഫുട്ബോൾ മാമാങ്കം ആരംഭിക്കുന്നത് ജൂൺ 14നാണ്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളാണ് ടൂർണമെന്റിലെ ശ്രദ്ധകേന്ദ്രങ്ങളെങ്കിലും മറ്റ് രാജ്യങ്ങൾക്കും അതിഥികളായി കോപ്പ അമേരിക്കയിൽ മത്സരിക്കാൻ അവസരം നൽകുന്നുണ്ട്. ബ്രസീലാണ് ഇത്തവണത്തെ കോപ്പാ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. 12 ടീമുകളാണ് കോപ്പ അമേരിക്കയിൽ മത്സരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ ഏഷ്യൻ ശക്തികളായ ജപ്പാനും 2022 ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറും കോപ്പ അമേരിക്കയിൽ പന്ത് തട്ടുന്നുണ്ട്.

ഫിഫ വനിത ലോകകപ്പ്

ഇത്തവണത്തെ ഫിഫ വനിത ലോകകപ്പ് നടക്കുന്നതും ഇതേ ദിവസങ്ങളിൽ തന്നെയാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് മേയ് 30ന് ആരംഭിക്കുമ്പോൾ വനിത ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നത് ജൂൺ ഏഴിനാണ്. ഫ്രാൻസാണ് ഇത്തവണത്തെ വനിത ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് ഫ്രാൻസ് ടൂർണമെന്റിന് വേദിയാകുന്നതും. ഫ്രാൻസിലെ ഒമ്പത് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ ഫ്രാൻസ് സംഘടിപ്പിക്കുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ഉപയോഗിക്കുന്ന ആദ്യ വനിത ലോകകപ്പ് എന്ന പ്രത്യേകതയം ഫ്രാൻസ് ലോകകപ്പിനുണ്ട്.

ആകെ 24 ടീമുകളാണ് വനിത ഫുട്ബോൾ ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ഏഷ്യയിൽ നിന്ന് അഞ്ച് ടീമുകൾ, ആഫ്രിക്കയിൽ നിന്ന് മൂന്ന് ടീമുകൾ, നോർത്ത് അമേരിക്കയും സെൻട്രൽ അമേരിക്കയും കരിബീയൻ രാജ്യങ്ങളും ഉൾപ്പെടുന്ന കോൺകാകാഫിൽ നിന്ന് മൂന്ന് ടീമുകളും പങ്കെടുക്കുമ്പോൾ, ദക്ഷിണ അമേരിക്കയിൽ നിന്ന് ഒരു രാജ്യവും ആതിഥേയരായി ഫ്രാൻസും ലോകകപ്പിന് യോഗ്യത നേടി. യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടീമുകൾ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. എട്ട് ടീമുകൾ യൂറോപ്പിൽ നിന്ന് മത്സരിക്കും.

ആര്‍എസ്‌എസിന്റെ അജണ്ട കേരളത്തില്‍ നടപ്പാകില്ലെന്ന് തെളിഞ്ഞെങ്കിലും ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചുവെന്ന് നടന്‍ വിനായകന്‍. ഒരു സ്വകര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ആര്‍എസ്‌എസ്സിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്നും വിനായകന്‍ പറഞ്ഞു.മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാന്‍ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറും- വിനായകന്‍ പറഞ്ഞു.

ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം നമ്മുടെ നാട്ടില്‍ നടക്കില്ലെന്നുമാണ് വിനായകന്‍ പറയുന്നത്. നമ്മള്‍ മിടുമിടുക്കന്മാരല്ലേ. അത് തെരഞ്ഞെടുപ്പില്‍ കണ്ടതല്ല. ഞാന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷേ എന്റെ പരിപാടി അഭിനയിക്കുക മാത്രമാണ്. പക്ഷേ എന്തിനെക്കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് ജീവിക്കുന്നത് എന്നുവരെ എനിക്ക് ചോദ്യമുണ്ട്- വിനായകന്‍ പറയുന്നു.

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന് പൊലീസ് ഹൈക്കോടതിയില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കുടുംബാംഗങ്ങള്‍ തന്നെയാണ് മരണത്തിന് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പ്രതികളായ നാല് പേരും പോലീസ് കസ്റ്റഡിയിലാണ്.

ആത്മഹത്യക്കുറിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം പരാമർശിച്ചിട്ടില്ല. മരണത്തിന് മുമ്പ് ജപ്തി നടപടിക്കെതിരെ ലേഖ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പൊലീസിന്‍റെ മറുപടി.

നിലവിലെ സാഹചര്യത്തിൽ ബാങ്കുദ്യോഗസ്ഥരെ കേസിൽ പ്രതിചേർക്കാനാവില്ലെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഹർജിക്കാരനായ ലേഖയുടെ ഭർത്താവാണ് ഭാര്യയെയും മകളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം ലേഖ നൽകിയ കേസ് ഇനി ആരു മുൻപോട്ടു കൊണ്ട് പോകുമെന്നും കോടതി ചോദിച്ചു. നിർഭാഗ്യകരമായ സാഹചര്യമെന്നും കോടതി നിരീക്ഷിച്ചു.

ലേഖയുടെയും മകളുടെയും ആത്മഹത്യയിൽ ഭർത്താവ് ചന്ദ്രനും അമ്മയും ബന്ധുക്കളും അറസ്റ്റിലായിരുന്നു. മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാം. ബാങ്കിന് നിയമപരമായ ജപ്തി നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിര്‍ദ്ദേശിച്ച കോടതി ഹർജി തീർപ്പാക്കി. അന്വേഷണം സത്യസന്ധമായ രീതിയിൽ മുന്നോട്ടു പോകണം എന്നും കോടതി പറഞ്ഞു

വന്‍കുടലിന് ബാധിച്ച ക്യാന്‍സര്‍ ചികിത്സയ്ക്കാനായി ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന് കോടതിയോട് റോബര്‍ട്ട് വദ്ര. വിദേശത്തേക്ക് പോകാന്‍ അനുവാദം നല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിനോടും വദ്ര നേരത്തെ അപേക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വദ്ര കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.മെച്ചപ്പെട്ട രോഗനിര്‍ണയത്തിനും തുടര്‍ച്ചികത്സയ്ക്കുമായി ലണ്ടനില്‍ പോകാന്‍ തന്റെ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് വദ്ര കോടതിയോടാവശ്യപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.. എന്നാല്‍ വദ്രയുടെ യാത്രാനുമതിയുമായി ബന്ധപ്പെട്ട വിധി ജൂണ്‍ 3ലേക്ക് ദല്‍ഹി കോടതി മാറ്റി വെച്ചു. ദല്‍ഹിയിലെ ഗംഗ്രാം ഹോസ്പിറ്റലില്‍ നിന്നുള്ള സാക്ഷ്യപത്രമാണ് വദ്ര കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും അംഗത്വം ഉണ്ടാകുമെന്ന് സൂചന. കുമ്മനം രാജശേഖരനോട് ഡെല്‍ഹിയിലെത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കുമ്മനം അറിയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതാക്കള്‍ വിളിച്ചുവരുത്തുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍ അംഗമായേക്കുമെന്നും സൂചനയുണ്ട്. കുമ്മനം നാളെ ഡെല്‍ഹിയിലേക്ക് പുറപ്പെടും.

രാജ്യസഭാംഗമായ വി മുരളീധരന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മുരളീധരന്‍ രാത്രിയോടെ ഡല്‍ഹിക്ക് തിരിക്കും. നിലവില്‍ സഹമന്ത്രിയായ കണ്ണന്താനം സ്ഥാനത്ത് തുടരാനാണ് സാധ്യത. കുമ്മനത്തിന്റെ കാര്യത്തില്‍ വ്യാഴാഴ്ച രാവിലെയോടെ മാത്രമേ വ്യക്തമാകൂ.

നിലവിലെ കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിങ്ങ്, നിര്‍മലാ സീതാരാമന്‍, സുഷമ സ്വരാജ്, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍ എന്നിവര്‍ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. എന്‍ഡിഎ സഖ്യക്കഷികളായ ശിവസേനയ്ക്കും ജനതാദിളിനും ഓരോ ക്യാബിനറ്റ് മന്ത്രിസ്ഥാനവും സഹമന്ത്രി സ്ഥാനവും നല്‍കിയേക്കും.

Copyright © . All rights reserved