Latest News

ദുബായ്∙ കേരളത്തിൽ യുഡിഎഫ് 19 സീറ്റ് നേടിയപ്പോൾ ദുബായിൽ എബി നേടിയത് അഞ്ചു പവൻ. ഉമ്മൽഖുവൈൻ(യുഎക്യു) ഫ്രീ ട്രേഡ് സോണുമായി ചേർന്നു നടത്തിയ പ്രവചന മൽസരത്തിൽ കോട്ടയം സ്വദേശി എബി തോമസ്(29) വിജയിച്ചു

ആയിരക്കണക്കിന് മൽസരാർഥികളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണു യുഡിഎഫിന് 19 സീറ്റു ലഭിക്കുമെന്ന് ഉത്തരമെഴുതിയത്. തിരുവനന്തപുരത്തെയും വടകരയിലെയും വിജയികളെയും കൃത്യമായി എഴുതിയതോടെ എബി വിജയിയായി.

റാസൽകോറിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ എബി കോട്ടയം കുറവിലങ്ങാട് കാഞ്ഞിരത്താനം കളപ്പുരയ്ക്കലിൽ തോമസ് ഏബ്രഹാം-ആനി ദമ്പതികളുടെ മകനാണ്. ദുബായിൽ എത്തിയിട്ട് രണ്ടു വർഷം.

വ്യാജരേഖാ കേസിൽ കർദിനാളിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചുള്ള സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ വായിച്ചു. കർദിനാളിനെതിരെ വൈദികരുടെ നേതൃത്വത്തിൽ വ്യാജരേഖയുണ്ടാക്കിയെന്ന വാദം അടിസ്ഥാനരഹിതമാണെന്നും രേഖകളുടെ നിജസ്ഥിതി തെളിയിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് സര്‍ക്കുലറിലെ ആവശ്യം.

പ്രതിയായ ആദിത്യനെ മർദിച്ചാണ് പൊലീസ് വൈദികര്‍ക്കെതിരായി മൊഴി രേഖപ്പെടുത്തിയിരിക്കുന്നതെന്നും സര്‍ക്കുലറില്‍ ആരോപിക്കുന്നു. വ്യാജരേഖ ഉണ്ടാക്കുന്നതിന് വൈദികർ ശ്രമിച്ചിട്ടില്ലെന്നും സർക്കുലറില്‍ പറയുന്നു. സിറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സഭാധ്യക്ഷനെതിരെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്.

ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി ഗോ എയര്‍. 899 രൂപയ്ക്ക് യാത്ര ചെയ്യാവുന്ന വിധം മെഗാ മില്യണ്‍ സെയില്‍ ഓഫറാണ് ഗോ എയര്‍ വാഗ്ദാനം ചെയ്യുന്നത്. ഞായറാഴ്ച മുതല്‍ 29 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് 899 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാകുക.
ജൂണ്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയുളള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. 10 ലക്ഷം സീറ്റുകളാണ് ലഭ്യമാക്കുകയെന്ന് ഗോ എയര്‍ മനേജിംഗ് ഡയറക്ടര്‍ ജെ. വാഡിയ പറഞ്ഞു.
അഹമ്മദാബാദ്, വഡോദര, ബംഗളൂരു, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലക്‌നൗ, മുംബൈ, നാഗ്പുര്‍, പട്‌ന, പോര്‍ട്ട് ബ്ലെയര്‍, പുനെ, റാഞ്ചി, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്കാണ് ഗോ എയറിന്റെ ആഭ്യന്തര സര്‍വ്വീസുളളത്. ഫുക്കെറ്റ്, മാലി, മസ്‌കറ്റ്, അബുദബി എന്നിവിടങ്ങളിലേക്ക് രാജ്യാന്തര സര്‍വ്വീസുകളും ഗോ എയര്‍ നടത്തുന്നുണ്ട്.
മിന്ത്ര, സുംകാര്‍ എന്നീ വെബ്‌സൈറ്റുകളുമായി ചേര്‍ന്നും ഫാബ് ഹോട്ടലുമായി ചേര്‍ന്നും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വയറുവേദനയ്ക്കു ചികിൽസ തേടി മാണ്ഡി സുന്ദർനഗറിലെ ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടർ ഞെട്ടി. എക്സ്റേയിൽ തെളിഞ്ഞത് ഒരു സ്ക്രൂഡ്രൈവറിന്റെ ഭാഗമായിരുന്നു.

ലാൽബഹാദൂർ ശാസ്ത്രി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവാവിന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 8 സ്പൂൺ, 2 സ്ക്രൂ ഡ്രൈവർ, 2 ടൂത്ത് ബ്രഷ്, ഒരു കറിക്കത്തി, വാതിൽപ്പിടി എന്നിവ.

മനോദൗർബല്യമുള്ള കരൺ സെൻ (35) അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

പതിമുന്നുകാരി തീപ്പെ‍ാള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അയിര കൃഷ്ണവിലാസം ബംഗ്ലാവിൽ സൗമ്യയുടെ മകൾ അഞ്ജനയാണ് വ്യാഴാഴ്ച രാത്രി മണ്ണെണ്ണ ഒഴിച്ച് തീകെ‍ാളുത്തി മരിച്ചത്. പിന്നിൽ നിന്നെത്തിയ രണ്ടുപേർ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്ന് കുട്ടി പറഞ്ഞിരുന്നതായി മെഡിക്കൽകോളജിലെ ഡോക്ടർ പെ‍ാലീസിന് വിവരം നൽകിയിട്ടുണ്ട്.
ആരോ അടിച്ചുവീഴ്ത്തി മണ്ണെണ്ണ ദേഹത്തൊഴിച്ചതായി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി പറഞ്ഞതായും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആശുപത്രിയിൽ മരണമെ‍ാഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് എത്തിയെങ്കിലും ഗുരുതരമായി പെ‍ാള്ളലേറ്റതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സുചന. മരണമെ‍ാഴി മജിസ്ട്രേറ്റ് പെ‍ാലീസിന് കൈമാറിയിട്ടില്ല.

പഠിക്കാതെ ബുക്കിൽ നോക്കിയിരുന്ന് ഉറങ്ങുന്നത് കണ്ട് വഴക്കു പറഞ്ഞതിലുള്ള ദുഃഖമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വീട്ടുകാർ പെ‍ാലീസിന് നൽകിയിരിക്കുന്ന വിശദികരണം. മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിനെ‍ാപ്പം നാട്ടുകാർ നൽകിയ എതിർവിവരങ്ങളും ചേർത്തുള്ള അന്വേഷണമാണ് നടത്തുന്നത്. സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാൽ തെളിവുകൾ പരമാവധി ശേഖരിച്ച് മുന്നോട്ട് പോകാനാണ് പെ‍ാലീസ് തിരുമാനം.

കുട്ടി മണ്ണെണ്ണ എടുത്തുവെന്ന് സംശയിക്കുന്ന ക്യാൻ വെള്ളിയാഴ്ച രാവിലെ ഫൊറൻസിക് സംഘം പരിശോധനയ്ക്കെത്തിയപ്പോൾ കണ്ടില്ല. പക്ഷേ അത് വൈകിട്ട് പെ‍ാലീസെത്തിയപ്പോൾ അടുക്കളയിൽ ഉണ്ടായിരുന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്. മണ്ണെണ്ണ എടുത്ത ശേഷം പുറത്തേക്കുള്ള വാതിൽപ്പടിയിലുണ്ടായിരുന്ന ക്യാൻ കുട്ടിയുടെ ദേഹത്തെ തീഅണച്ച ശേഷം വീട്ടിനകത്തേക്ക് കെ‍ാണ്ടുവരുമ്പോൾ തട്ടാതിരിക്കാൻ മാതാവ് എടുത്ത് അടുക്കളയിലെ സ്ലാബിൻെറ അടിയിൽ വയ്ക്കുകയായിരുന്നെന്നാണ് വീട്ടുകാരുടെ മെ‍ാഴി.

ഫോറൻസിക് സംഘം അരിച്ചുപെ‍ാറുക്കിയിട്ടും ഇങ്ങനെ ഒരു ക്യാൻ അടുക്കളയിൽ ഇല്ലായിരുന്നതായും സൂചനകളുണ്ട്. മാതാവിന്റെ ക്രുരമർദനത്തിന് കുട്ടി പലപ്പോഴും ഇരയായിട്ടുള്ളതാണ് ആത്മഹത്യയെന്ന പെ‍ാലീസ് വാദം നാട്ടുകാർ എതിർക്കുന്നതിന് കാരണം. ഒന്നരവർഷം മുമ്പ് പെൺകുട്ടി നാട് വിട്ട് പോകുന്നതിനായി പാറശാല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പെ‍ാലീസ് കണ്ടെത്തി ചോദ്യം ചെയ്തതോടെ ഉപദ്രവവിവരം പുറത്തായിരുന്നു.

ആദ്യഭർത്താവിന്റെ ആത്മഹത്യയ്ക്ക് ശേഷം നാല് വർഷം മുമ്പാണ് അധ്യാപികയായ സൗമ്യയെ അയിര സ്വദേശി വിവാഹം ചെയ്തത്. പീന്നിട് ഇവർക്കെ‍ാപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. തെ‍ാടുപുഴ സംഭവത്തിൻെറ പശ്ചാത്തലത്തിൽ പരിസരവാസികൾ നൽകിയ വിവരങ്ങളും വീട്ടുകാരുടെ മെ‍ാഴിയും വിശദമായി പരിശോധിച്ചുകെ‍ാണ്ടുള്ള അന്വേഷണമായിരിക്കും നടത്തുന്നതെന്ന് പെ‍ാഴിയൂർ സിഐ അറിയിച്ചു.

ന്യൂഡൽഹി∙ രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്കു പോകാതിരിക്കാനുള്ള ജാഗ്രത വേണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ബിജെപിക്കകത്ത് ജനാധിപത്യം വേണമെന്നും സ്വാമി മനോരമ ന്യൂസിനോട് പറഞ്ഞു. ബിജെപിയുടെ വന്‍വിജയത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വാമിയുടെ പ്രതികരണം.‌

സാമ്പത്തികരംഗത്തെ വീഴ്ച്ചകള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ദേശീയതകൊണ്ടു മറികടക്കുകയായിരുന്നു. മോദി ഭരണകാലത്ത് സാമ്പത്തിക രംഗത്തുണ്ടായ വീഴ്ചകള്‍ തിരഞ്ഞെടുപ്പു വേദികളില്‍ ചര്‍ച്ചയാകാതെ പോയതു ദേശസുരക്ഷയിലൂന്നി ബിജെപി പ്രചാരണം നടത്തിയതിനാലാണ്. കൂടുതല്‍ കരുത്തുമായി നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയാകാനൊരുങ്ങുമ്പോളാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.

തമിഴ്നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് നിന്ന് ശക്തിയാര്‍ജിക്കണം. ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞതു ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ വൈകാതെയെടുക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പത്തനംതിട്ട ഒളിപ്പിച്ച് വച്ചിരുന്ന രാഷ്ട്രീയ ചിത്രങ്ങൾ വിചിത്രമായി തുടരുകയാണ്. ശബരിമല വിഷയം വലിയ ചർച്ചയാക്കി ബിജെപി വലിയ മുന്നേറ്റമാണ് തുടങ്ങി വച്ചത്. ത്രികോണ മൽസരത്തിന്റെ പ്രതീതി അവസാനനിമിഷം വരെ നിലനിർത്തിയ പത്തനംതിട്ടയുടെ ഫലം വന്നപ്പോൾ ബിജെപി മൂന്നാമതായി. എന്നാൽ ഇപ്പോൾ വേറെ ചില കണക്കുകളാണ് പുറത്തുവരുന്നത്. മണ്ഡലത്തിൽ ഹാട്രിക് തികച്ച ആന്റോ ആന്റണിയുടെ സ്വന്തം ബൂത്തിൽ കെ.സുരേന്ദ്രൻ മുന്നില്‍. വീണാ ജോർജിന്റെ ബൂത്തിലാകട്ടെ, ആന്റോ ആന്റണിയും ഒന്നാമനായി.

നാടിളക്കി മറിച്ചു വോട്ടഭ്യർഥിച്ച നേതാക്കളിൽ പലരും സ്വന്തം ബൂത്തിൽ വലിയ പരുങ്ങലിലായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലെ 231ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി വോട്ടു ചെയ്തത്. ഡിസിസി മുൻ പ്രസിഡന്റ് പി. മോഹൻരാജിന്റെ ബൂത്തു കൂടിയാണിത്. ഇവിടെ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ 287 വോട്ടു നേടിയപ്പോൾ വീണാ ജോർജ് 145 വോട്ടുമായി രണ്ടാമതായി. 110 വോട്ടുമായി മൂന്നാം സ്ഥാനം മാത്രമേ ആന്റോയ്ക്കുള്ളു.

ആനപ്പാറ ഗവ എൽപി സ്കൂളിലെ 238ാം നമ്പർ ബൂത്തിൽ ആന്റോ ആന്റണി 467 വോട്ട് നേടിയപ്പോൾ വീണയ്ക്കു കിട്ടിയത് 348 വോട്ട്. കെ.സുരേന്ദ്രൻ 51. ആറന്മുള മണ്ഡലത്തിൽ ആന്റോ ആന്റണിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് മുണ്ടുകോട്ടയ്ക്കൽ എസ്എൻഎസ്‌വിഎംയുപി സ്കൂളിലെ 225ാം നമ്പർ ബൂത്തിലാണ്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സജി കെ.സൈമണിന്റെ വാർഡായ ഇവിടെ ആന്റോയ്ക്ക് 491 വോട്ട് ലഭിച്ചു.
കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ ഇടത്തറ സെന്റ് തോമസ് യുപി സ്കൂളിലെ 164ാം നമ്പർ ബൂത്തിൽ ആന്റോ 171, വീണ 251, സുരേന്ദ്രന് 152 എന്നിങ്ങനെയാണ് വോട്ട്. അതേസമയം, സിപിഎം ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനുവിന്റെ ബൂത്തിൽ ആന്റോയാണ് മുന്നിൽ.

കോന്നി മണ്ഡലത്തിലെ 150ാം നമ്പർ ബൂത്തിൽ യുഡിഎഫ് 299, എൽഡിഎഫ് 150, എൻഡിഎ 63 എന്ന നിലയിലാണ് വോട്ടു വിഹിതം. ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട മാനം കാത്തു. ആറന്മുള മണ്ഡലത്തിലെ 159ാം നമ്പർ ബൂത്തിൽ സുരേന്ദ്രൻ 416 വോട്ട് പിടിച്ചു. ആന്റോ 268, വീണ 124 എന്നിവർ പിന്നിലായി. റാന്നി എംഎൽഎ രാജു ഏബ്രഹാമിന്റെ ബൂത്തിൽ ആന്റോയാണ് ജേതാവ്. അങ്ങാടി പഞ്ചായത്തിലെ കരിങ്കുറ്റി സെന്റ് തോമസ് യുപി സ്കൂളിലെ 95ാം നമ്പർ ബൂത്തിൽ ആന്റോ ആന്റണി 256 വോട്ടും വീണാ ജോർജ് 162 വോട്ടും കെ. സുരേന്ദ്രൻ 146 വോട്ടും പിടിച്ചു. തിരുവല്ല എംഎൽഎ മാത്യു ടി. തോമസിന്റെ ബൂത്തിലും വീണ പിന്നിൽ പോയി. തിരുവല്ല മണ്ഡലത്തിലെ 91ാം നമ്പർ ബൂത്തിൽ യുഡിഎഫ് 276, എൽഡിഎഫ് 235, എൻഡിഎ 22 എന്നിങ്ങനെയാണ് വോട്ട് നില.

ഏകദിന ലോകകപ്പിന് ഒരുക്കമായുള്ള ആദ്യ സന്നാഹ മൽസരത്തിൽ ന്യൂസീലൻഡിനോട് ആറ് വിക്കറ്റിന് തോൽവി സമ്മതിച്ച് ഇന്ത്യ. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് 37.1 ഓവറിൽ ലക്ഷ്യം കണ്ടു. ന്യൂസീലൻഡിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (67), റോസ് ടെയ്‌ലർ (71) എന്നിവർ അർധസെഞ്ചുറി നേടി

മാർട്ടിൻ ഗപ്റ്റിൽ (22), കോളിൻ മൺറോ (4), ഹെന്ററി നിക്കോളാസ് (15), ടോം ബ്ലൺഡൽ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര, ഹാർദ്ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഒരു ഘട്ടത്തിൽ എട്ടിന് 115 റണ്‍സ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഒൻപതാം വിക്കറ്റിൽ രവീന്ദ്ര ജഡേജ – കുൽദീപ് യാദവ് സഖ്യം പടുത്തുയർത്തിയ 62 റണ്‍സ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോററായ ജഡേജ 54 റൺസെടുത്ത് ഒൻപതാമനായാണ് പുറത്തായത്. ആറു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്സ്. കുൽദീപ് യാദവ് 36 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 19 റൺസെടുത്ത് പത്താമനായി പുറത്തായി.

പൃഥ്വിരാജിൻറെ സംവിധാനസംരംഭത്തിൽ മോഹൻലാൽ നായകനായിറങ്ങിയ ലൂസിഫറിനെ വിമര്‍ശിച്ച് പ്ലാനിങ് ബോര്‍ഡ് അംഗവും കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ ബി. ഇക്ബാല്‍ രംഗത്ത്‍. തീർത്തും അസഹനീയവും അരോചകവും തട്ടുപൊളിപ്പനുമായ സിനിമയാണ് ലൂസിഫറെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. നിരവധി ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയം തന്നെയാണ് ലൂസിഫറും വിളമ്പി തിരുന്നത്. മലയാള സിനിമയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കാണുന്നില്ലെയെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

ഡോ ബി. ഇക്ബാലിൻറെ കുറിപ്പ്:

ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമാക്കിയത് കൊണ്ട് ലൂസിഫർ വീട്ടിലിരുന്ന് കാണേണ്ടിവന്നു. ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കാൻ കഴിയും ഈ തട്ടിപൊളിപ്പൻ ബ്ലോക്ക്ബസ്റ്റർ സിനിമയെ? മലയാളത്തിലെ മികച്ച നടന്മാരായ പൃഥിരാജ് സംവിധാനവും മുരളിഗോപി രചനയും നിർവഹിച്ച് സൂപ്പർ സ്റ്റാർ മോഹൻലാലും പ്രധാന വേഷത്തിൽ വരുന്ന , ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫർ, മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ, ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ്ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ, സ്തീത്വത്തെ അപമാനിക്കുന്ന അർദ്ധ നഗ്ന ഐറ്റം ഡാൻസ് അടക്കം നിരവധി ചിത്രങ്ങളിൽ ആവർത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയങ്ങൾ തന്നെയാണ് വിളമ്പിത്തരുന്നത്.

കമ്മട്ടിപ്പാടം മുതൽ കുമ്പളങ്ങി നൈറ്റ്സ് വരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി നവ സിനിമാ തരംഗം കേരളത്തിൽ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ? മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും, ലൂസിഫറിലൂടെ.

എറണാകുളം നെട്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. നെട്ടൂര്‍ സ്വദേശി ബിനിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പനങ്ങാട് പൊലീസിന് മുന്നില്‍ കീഴടങ്ങി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹമോചനത്തിനായുള്ള കേസ് കുടുംബക്കോടതിയില്‍ നിലനില്‍ക്കുന്നതിനിടെയാണ് കൊലപാതകം.

RECENT POSTS
Copyright © . All rights reserved