പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) കിരീടവും പ്രസിഡന്റ്സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) സ്വന്തമാക്കി. കൊല്ലത്ത് അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയോടൊപ്പം നടന്ന സിബിഎല്‍ ഫൈനലില്‍ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍(റേജിംഗ് റോവേഴ്സ്-4:33:80 മിനിറ്റ്), എന്‍സിഡിസി തുഴഞ്ഞ ദേവസ്(മൈറ്റി ഓര്‍സ്-4:33:93 മിനിറ്റ്) എന്നിവയെ കേവലം 11 മില്ലി സെക്കന്റുകളുടെ മാത്രം വ്യത്യാസത്തില്‍ തോല്‍പ്പിച്ചാണ് നടുഭാഗം(4:33:69 മിനിറ്റ്) ജലചക്രവര്‍ത്തിയായത്.
അഷ്ടമുടിക്കായലിലെ ഒരു കിലോമീറ്റര്‍ ട്രാക്കില്‍ ഒരു സെക്കന്റിന്റെ നൂറില്‍ പതിനൊന്ന് അംശത്തിന്റെ വ്യത്യാസത്തിലാണ് നടുഭാഗം തുഴഞ്ഞു കയറിയത്. സിബിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരവും സമയവ്യത്യാസം കുറഞ്ഞതുമായ മത്സരമായിരുന്നു അഷ്ടമുടിക്കായലില്‍ നടന്നത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മില്‍ 11 മില്ലിസെക്കന്റുകളുടെ വ്യത്യാസവും രണ്ടും മൂന്നും തമ്മില്‍ 13 മില്ലിസെക്കന്റുകളുടെ വ്യത്യാസവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (4:21.50 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് ‘നെരോലാക് എക്സല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ’ സ്ഥാനവും ബോണസായി അഞ്ച് പോയിന്റും ലഭിച്ചു.
ഓഗസ്റ്റ് 31-ലെ നെഹൃട്രോഫി വള്ളംകളിയില്‍ തുടങ്ങിയ നടുഭാഗം ചുണ്ടന്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന ഒരു മത്സരത്തില്‍ മാത്രമാണ് പരാജയമറിഞ്ഞത്. 12 മത്സരങ്ങളില്‍ നിന്നായി 173 പോയിന്റുകളാണ് ടീം തുഴഞ്ഞെടുത്തത്. കാരിച്ചാല്‍ 86 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും 76 പോയിന്റുകളുമായി ദേവസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
സിബിഎല്‍ ഒന്നാം സീസണ്‍ അവസാനിക്കുമ്പോള്‍ 75 പോയിന്റുമായി യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്സ്) നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) 60 പോയിന്റുമായി അഞ്ചാം സ്ഥാനത്തും വീയപുരം (പ്രൈഡ് ചേസേഴ്സ്) 50 പോയിന്റുമായി ആറാം സ്ഥാനത്തുമാണ്. പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്സ്-37 പോയിന്റ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്-28) സെന്റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-26) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ആറാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും സിബിഎല്‍ അവസാന മത്സരവും സംസ്ഥാന ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എം മുകേഷ് എംഎല്‍എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, എം നൗഷാദ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
മേല്‍പ്പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ റോഡിലേക്ക് പതിച്ച് ഹൈദരാബാദില്‍ സ്ത്രീ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമിതവേഗത്തിലെത്തിയ കാര്‍ മേല്‍പ്പാലത്തില്‍വെച്ച് നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ത്താണ് അപകടം സംഭവിച്ച കാര്‍ നിലംപതിച്ചത്. അപകട സമയത്ത് റോഡിലൂടെ മകളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന സത്യവേനി എന്ന യുവതിയാണ് മരിച്ചത്. മകള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സമീപ പ്രദേശങ്ങളിലുണ്ടായിരുന്നവര്‍ ചിതറിയോടുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. കാറില്‍ മൂന്ന്‌പേര്‍ ഉണ്ടായിരുന്നു. ഡ്രൈവറുടെ നില ഗുരുതരമാണ്. 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ഹൈദരാബാദ് പോലീസ് പറയുന്നു.
നവംബര്‍ നാലിനായിരുന്നു മേല്‍പ്പാലം ഉദ്ഘാടനം ചെയ്തിരുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയവഴി ആളുകള്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മിതിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പരാതി ഉന്നയിക്കുന്നുണ്ട്.
ബ്രിട്ടണില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കേ, ‘ഒബ്സര്‍വര്‍’ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ കൺസർവേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം. ലേബറിനെക്കാൾ 19 പോയിന്റ് മുന്നിലാണ് അവര്‍. ടോറികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ബോറിസ് ജോൺസൺ ഇന്ന് പുറത്തിറക്കാനിരിക്കുകയാണ്. അതിനു മുന്‍പുവന്ന അഭിപ്രായ സര്‍വേ അവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രകടന പത്രിക സംബന്ധിച്ച് കൺസർവേറ്റീവ് എംപിമാര്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2017-ൽ തെരേസ മേ പുറത്തിറക്കിയ ബോട്ട്ഡ് മാനിഫെസ്റ്റോയില്‍ ‘ഡിമെൻഷ്യ ടാക്സ്’ എന്നൊരു ഒട്ടും ജനപ്രിയമല്ലാത്ത സാമുഹ്യ സുരക്ഷാ പദ്ധതിയുണ്ടായിരുന്നു. അതു പുറത്തുവന്നതോടെ അവരുടെ റേറ്റിംഗ് തകര്‍ന്നടിഞ്ഞതാണ്. അതാണ് ഇക്കുറിയും കൺസർവേറ്റീവ് എംപിമാരെ ആശങ്കയിലാക്കുന്നത്.
അഭിപ്രായ സര്‍വ്വേ പ്രകാരം ടോറികളുടെ വോട്ട് വിഹിതം ഇപ്പോൾ 47%-വും ലേബറിന്‍റെത് 28%-വും ആണ്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിഹിതം 12% ആയി കുറഞ്ഞു. 3% ആയി ചുരുങ്ങിയ ബ്രെക്സിറ്റ് പാർട്ടിയും നിലനില്‍പ്പ് ഭീഷണിയിലാണ്. ബ്രെക്സിറ്റ് എങ്ങിനെയെങ്കിലും നടപ്പാക്കണമെന്ന വോട്ടര്‍മാര്‍ ടോറികളെ പിന്തുണയ്ക്കുന്നുവെന്നാണ് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്. വോട്ടർമാരിൽ നിന്ന് പിന്തുണ നേടുന്നതിൽ ഒരു പരിധിവരെ ജോണ്‍സണും കൂട്ടരും വിജയിച്ചുവെന്ന് സാരം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ആഴ്ചയില്‍ പാർട്ടി നേതാക്കൾ തമ്മിലുള്ള ടെലിവിഷൻ സംവാദങ്ങള്‍ സ്വാധീനം ചെലുത്തി തുടങ്ങിയിട്ടില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പ് പറ്റിയ അമളി ഒഴിവാക്കുന്നതിലാണ് ഇപ്പോള്‍ ടോറി ക്യാമ്പുകളുടെ ശ്രദ്ധ. എൻഎച്ച്എസ്, ശിശു പരിപാലനം, സ്കൂളുകളെ പരിരക്ഷിക്കുക തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രഥമ പരിഗണന നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇതേ ഘട്ടത്തില്‍ നേടിയതിനേക്കാള്‍ വലിയ ലീഡാണ് ഇക്കുറി കൺസർവേറ്റീവ് പാര്‍ട്ടി നേടിയിരിക്കുന്നത്. എന്നാല്‍ അത് കഴിഞ്ഞ മാസത്തേക്കാള്‍ ആറു പോയിന്‍റ് ഇടിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
അകാലത്തിൽ പൊലിഞ്ഞ മകളെ ഓർക്കുമ്പോൾ ഷെഹ്ലയുടെ മാതാപിതാക്കൾക്ക് കണ്ണീരൊഴിയുന്നില്ല. പഠിക്കാൻ മിടുക്കായിയിരുന്നു ഷെഹ്‌ല. വലുതാകുമ്പോൾ ജഡ്ജിയാവണമെന്നായിരുന്നു ആഗ്രഹമെന്നും ഷെഹ്ലയുടെ ഉമ്മ സജ്ന പറയുന്നു. മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുതെന്നും മെഡിക്കൽ കോളെജ് പോലുള്ള ചികിത്സാ സൗകര്യം എത്രയും വേഗം നാട്ടിൽ ഉണ്ടാകണമെന്നും അഭിഭാഷക കൂടിയായ അവർ ആവശ്യപ്പെടുന്നു.
മകളെ നഷ്ടമായി. ഇനി മറ്റാർക്കും ഈ ഗതി ഉണ്ടാവരുത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവർ കൂട്ടിച്ചേർത്തു. മകൾക്ക് പാമ്പുകടിയേറ്റെന്നും ബത്തേരി സർക്കാർ ആശുപത്രിയിലാണ് ഉള്ളതെന്നും പറഞ്ഞാണ് ഭർത്താവ് അബ്ദുൽ അസീസ് വിളിച്ചത്. ഉമ്മ പേടിക്കണ്ട, ഒന്നുമില്ലെന്ന് അവളും പറഞ്ഞു. പക്ഷേ പിന്നീട് ശ്വാസതടസം ഉണ്ടാവുകയായിരുന്നു. കണ്ണടഞ്ഞ് പോകാതിരിക്കാൻ മകൾ പണിപ്പെട്ടുവെന്നും തന്റെ കൈകൾ കോർത്ത് പിടിച്ചാണ് മകൾ മരണത്തിലേക്ക് പോയതെന്നും സജ്ന വേദനയോടെ ഓർക്കുന്നു.
ഷഹല ഷെറിന്റെ സഹപാഠികളെ പി. ടി. എ ഭാരവാഹികൾ ഭീഷണിപ്പെടുത്തിയതായി പരാതി. ഷഹലയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ മൊഴി നൽകിയതിനാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. അധ്യാപകരെ മാറ്റിയില്ലെങ്കിൽ കുട്ടികൾക്ക് സ്കൂളിൽ തുടർന്ന് പഠിക്കാൻ സാധിക്കില്ലെന്നു ഷഹലയുടെ ഉമ്മ പറഞ്ഞു.
ഇവർ അവിടെ പഠനം തുടർന്നാൽ അധ്യാപകരുടെ പ്രതികാര നടപടികൾ ഉണ്ടാകുമെന്നാണ് ആശങ്ക. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചവരെയും പ്രതിഷേധിച്ചവരെയും പി.ടി. എ ഭാരവാഹികൾ തിരുത്താൻ ശ്രമിച്ചുവെന്ന് കുട്ടികൾ പരാതി പറയുന്നു. ബാലാവകാശ കമ്മീഷനു മുന്നിൽ തെളിവ് നൽകാൻ എത്തിയവരെയും ചിലർ ഭീഷണിപെടുത്തിയതയും ഷഹലയുടെ ഉമ്മ പറയുന്നു. കുട്ടികളെ തുടർന്ന് അവിടെ പഠിപ്പിക്കാൻ ഭയമാണെന്ന് രക്ഷിതക്കളും തുറന്നു പറയുന്നു.
ഒന്നുകിൽ കുട്ടികളെ അവിടെ നിന്ന് മാറ്റുക അല്ലെങ്കിൽ അധ്യാപകരെ മാറ്റുക എന്നും ഷഹലയുടെ ബന്ധുക്കൾ ആവശ്യപെടുന്നു.കുറ്റക്കാരായ അധ്യാപകർ സ്കൂളിൽ തുടരുന്നതു മറ്റുകുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം അധികൃതരെ ബോധ്യപെടുത്തുമെന്നും ഷഹലയുടെ മാതൃസഹോദരി പറഞ്ഞു.
ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സഹപാഠിക്കുവേണ്ടി ഉറക്കെ ശബ്ദിച്ച നിദ ഫാത്തിമക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് നിദയെ തേടിയെത്തിയത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.
നിദയുടെ ധീരതയെയും പ്രതികരണശേഷിയെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി, ഉശിരോടെ മുദ്രാവാക്യം വിളിച്ചു നടന്ന നിദയുടെ ചിത്രവും ശ്രദ്ധ നേടിയിരുന്നു.
നിദയിലൂടെയാണ് ബത്തേരി സര്‍വ്വജന സ്കൂളിലെ ശോചനീയാവസ്ഥയെക്കുറിച്ചും അധ്യാപകരുടെ നിസംഗതയെക്കുറിച്ചും കേരളമറിഞ്ഞത്. പാമ്പുകടിയേറ്റെന്ന് ഷഹ്ല പറഞ്ഞിട്ടും അധ്യാപകർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന നിദയുടെയും സഹപാഠികളുടെയും വെളിപ്പെടുത്തലാണ് സ്കൂൾ അധികൃതർക്കെതിരെ നടപടി ഉണ്ടാകാൻ കാരണം. ഒരു ഐപിഎസുകാരിയാകണമെന്നാണ് നിദയുടെ ആഗ്രഹം. ബത്തേരിക്കടുത്ത് കൈപ്പഞ്ചേരി സ്വദേശിയാണ് നിദ.
വിമാനത്തിന് തൊട്ടരികെ ഇടിമിന്നൽ. ന്യൂസിലാൻഡിലെ എമിറേറ്റ്സ് ഫ്ലൈറ്റ് യാത്രക്കാരാണ് നടുങ്ങിയത്. നവംബർ 20–നാണ് വിമാനത്തിനരികെ മിന്നൽ രൂപപ്പെട്ടത്. ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
എയർപോർട്ടിലുണ്ടായിരുന്ന പൈലറ്റാണ് ചിത്രം പകർത്തിയത്. പറന്നിറങ്ങുന്ന വിമാനത്തിനരികിലായാണ് മിന്നലേറ്റത്. പ്ലെയിനിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയത് വൈകിയാണ്. കാലാവസ്ഥ വളരെ മോശമായതാണ് ഇതിന് കാരണമെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. അതേസമയം യാത്രക്കാരെല്ലാം തന്നെ സുരക്ഷിതരാണെന്നും അവർ അറിയിച്ചു.
ബത്തേരി∙ ‘വെന്റിലേറ്ററില്ല, ആന്റി സ്നേക് വെനം ഇല്ല, ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം ഉറ്റവരിൽ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പർ പോലുമില്ല. പാമ്പു കടിയേറ്റ കുഞ്ഞുമായി ചികിൽസയ്ക്ക് എത്തുമ്പോൾ ഇൗ ആശുപത്രിയുടെ സ്ഥിതി അതായിരുന്നു. – പറയുന്നത് പാമ്പുകടിയേറ്റ ഷെഹ്‌ല ഷെറിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ മെറിൻ ജോയി.
ദൈവം കഴിഞ്ഞാൽ എന്റെ രോഗികളാണ് ലോകത്ത് എനിക്ക് ഏറ്റവും വലുത്. ഏതു സമയത്തും അസമയത്തു പോലും രോഗികൾ വന്നാൽ ഇറങ്ങിച്ചെല്ലാറുണ്ട്. രോഗികളോടല്ലാതെ ആരോടും എനിക്ക് ഒരു കടപ്പാടുമില്ല. – ഡോ. ജിസ പറയുന്നു. ക്ലാസ്റൂമിൽ പാമ്പുകടിയേറ്റ് ഷെഹല ഷെറിൻ എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡോ. ജിസ മെറിൻ ജോയി മനസ്സു തുറന്നതിങ്ങനെ:
‘നാലുമണി കഴിഞ്ഞപ്പോഴാണ് കുഞ്ഞിനെയുമായി പിതാവ് ആശുപത്രിയിൽ വരുന്നത്. സ്കൂളിൽ നിന്ന് പറ്റിയതാ. ക്ലാസിൽ വച്ച് ഒരു പൊത്തിലേയ്ക്ക് കാലു പോയി. വലിച്ചെടുത്തപ്പോൾ എന്തോ കടിച്ചതു പോലെ തോന്നി എന്നു അദ്ദേഹം പറഞ്ഞു. കുഞ്ഞിന്റെ പിതാവിനോട് ഒപി ടിക്കറ്റ് എടുത്ത് വരാൻ പറഞ്ഞ ശേഷം കുഞ്ഞിനോട് സംസാരിച്ചു. കാലിൽ പാമ്പു കടിച്ചതാണോ എന്നു ചോദിച്ചപ്പോൾ കുഞ്ഞിനും സംശയമായി. എന്നിരുന്നാലും ‘അൺനോൺ ബൈറ്റ്’ ആയി തന്നെയാണ് രേഖപ്പെടുത്തിയത്. ശ്വാസകോശ പരിശോധനയ്ക്കായി കുഞ്ഞിനോട് 25 വരെ എണ്ണാൻ പറഞ്ഞു. അവൾ 27 വരെ തടസമില്ലാതെ എണ്ണി. മോൾക്ക് പേടിയുണ്ടോ എന്ന് ചോദിച്ചു. കാലിൽ മുറിവിനൊപ്പം ഒരു വര പോലെ കാണാനുണ്ടായിരുന്നു.
പേടിക്കണ്ട എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഈ സമയവും കുഞ്ഞിന് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നും തോന്നിയില്ല. വരുമ്പോൾ കുഞ്ഞിന്റെ കാലിൽ ഒരു തൂവാല കെട്ടിയിരുന്നു. ഇതാരാണ് കെട്ടിയതെന്ന് ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു. കുഞ്ഞിന് വല്ലതും കഴിക്കാൻ നൽകാൻ പറഞ്ഞതിനു ശേഷം ഡ്യൂട്ടിയിലുള്ള മെയിൽ നഴ്സിനോട് ബിപി പരിശോധിക്കാനാവശ്യപ്പെട്ടു. ഈ സമയം ഫയലിൽ വിവരങ്ങൾ രേഖപ്പെടുത്തി. പാമ്പുകടിയേറ്റ് 20 മിനിറ്റിനുള്ളിൽ ചെയ്യുന്ന, രക്തം കട്ടപിടിച്ചോ എന്നറിയുന്നതിനുള്ള പരിശോധന ഈ സമയത്തിനുളളിൽ നടത്തി. ബ്ലീഡിങ് ടൈമും ക്ലോട്ടിങ് ടൈമും രേഖപ്പെടുത്തി. ഈ രണ്ട് പരിശോധനകളും നോർമലായിരുന്നു. ഈ സമയത്തിനിടെ ആരോ കുഞ്ഞിന്റെ കാലിൽ കെട്ടിയിരുന്ന തുണി അഴിച്ചു മാറ്റിയിരുന്നു. ഇത് ആവശ്യപ്പെടാതെയാണ് അവർ ചെയ്തത്.
ഈ സമയം കുഞ്ഞിന്റെ കണ്ണ് മങ്ങുന്നുണ്ടോ, തുറക്കാൻ ബുദ്ധിമുട്ടുണ്ടോ, കാഴ്ച രണ്ടായി തോന്നുന്നുണ്ടോ എന്നെല്ലാം ചോദിച്ചു. ഇതൊന്നുമില്ലെന്നാണ് കുഞ്ഞു പറഞ്ഞത്. കുഞ്ഞിനോട് എഴുന്നേറ്റ് നടന്നു വരാൻ പറഞ്ഞു. നടക്കുന്നത് എങ്ങനെയെന്നറിയാനായിരുന്നു ഇത്. ഈ സമയം ടീച്ചർമാരിൽ ഒരാൾ കയ്യിൽ പിടിച്ചു. ടീച്ചർ പിടിക്കാതെ നടന്നു വരാൻ പറഞ്ഞു. ഈ സമയം കുഞ്ഞ് കണ്ണ് തുറക്കാൻ ബുദ്ധിമുട്ടുന്നത് മനസ്സിലായപ്പോഴാണ് പാമ്പുകടിയാണെന്ന് ഉറപ്പിച്ചത്. കുഞ്ഞിന്റെ പിതാവ് ആ സമയം അവിടെയില്ലായിരുന്നു. അദ്ദേഹം പരിഭ്രാന്തനായി ഓടിനടക്കുകയായിരുന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. ഈ സമയത്താണ് അദ്ദേഹത്തോട് കൺസെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ ഒപ്പിട്ടു വാങ്ങാൻ അങ്ങനെ ഒരു കടലാസ് ആ ആശുപത്രിയിൽ ഇല്ലായിരുന്നു. ആന്റി വെനത്തിന്റെ സ്റ്റോക്ക് ഉടനെ പരിശോധിക്കാൻ ആവശ്യപ്പെട്ടു.
വെന്റിലേറ്ററില്ല, ആവശ്യത്തിന് കുത്തിവയ്പ് മരുന്നില്ല
‘‘വലിയ ആളാണെങ്കിലും കുട്ടിയാണെങ്കിലും മൂർഖനോ അണലിയോ കടിച്ചാൽ കുറഞ്ഞത് 10 വയൽ (ആന്റി വെനം കുത്തിവയ്പിനു പറയുന്ന പേര്) കൊടുക്കണം. അത് അവിടെ ഉണ്ടായിരുന്നില്ല. ആറെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉള്ളത് കൊടുക്കാമെന്ന നിലയിൽ കുട്ടിയുടെ പിതാവിനോട് കാര്യങ്ങൾ പറയുകയാണ്. അദ്ദേഹം ഇംഗ്ലിഷ് അറിയുന്ന ആൾ ആണോ എന്നറിയാത്തതിനാൽ ഓരോന്നും മലയാളത്തിലാണ് പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ അദ്ദേഹം, കുഞ്ഞിനെ രക്ഷിക്കാൻ പറ്റുമോ ഡോക്ടർ, ഇതിനു മുകളിൽ ഇനി എന്താണ് ഉള്ളത് എന്നാണ് ചോദിച്ചത്. ഇതിന് മുകളിൽ എന്തെങ്കിലും വേണമെങ്കിൽ വെന്റിലേറ്ററുള്ള മെഡിക്കൽ കോളജിൽ കൊണ്ടുപോകണം എന്ന് അദ്ദേഹത്തോടു പറഞ്ഞു. വെന്റിലേറ്റർ അവിടെ മാത്രമേ ഉള്ളൂ, ഇവിടെയാകട്ടെ പീഡിയാട്രിക് വെന്റിലേറ്റർ ഇല്ല. മുതിർന്നവർക്കുള്ള രണ്ടു വെന്റിലേറ്ററുകളാകട്ടെ പ്രവർത്തിക്കാതായിട്ട് മാസങ്ങളായി.
കുട്ടികളെ ഇന്റിമേറ്റ് ചെയ്യുമ്പോൾ വായിലിട്ടു പരിശോധിക്കുന്ന ലാറിഞ്ചോസ്കോപ് പ്രവർത്തിക്കുന്നില്ല. അതിന്റെ അറ്റത്തുള്ള ബൾബ് പ്രവർത്തിക്കാത്തതിനാൽ പുറകിൽ നിന്ന് ടോർച്ച് അടിച്ചാണ് ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പരിശോധന നടത്തിയത്. ഈ വിവരം ഹെഡ് സിസ്റ്ററെ അന്നു തന്നെ അറിയിക്കുകയും വെന്റിലേറ്ററിന്റെ ചാർജുള്ള ഡിഎംഒയെ ഫോൺ വിളിച്ച് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പരാതി എഴുതിക്കൊടുക്കാൻ ചാർജില്ലാത്തതിനാൽ സാധിക്കില്ല. അതിനാലാണ് വിളിച്ചു പറഞ്ഞത്. ഇനി ടോർച്ചടിച്ച് ഞാനത് ഇട്ടു എന്നിരുന്നാൽ തന്നെ വായിലൂടെ ഉള്ളിലേക്ക് ഇടേണ്ട എൻഡോട്രക്കൽ ട്യൂബ് കുട്ടികൾക്കുള്ള സൈസിൽ(സൈസ് 5) അവിടെ ഇല്ല. വ്യാഴാഴ്ച രാവിലെ ഞാൻ ഡ്യൂട്ടിയിലുള്ള സമയം വരെ ഈ സാധനം അവിടെയില്ല.’’ – ഡോ. ജിസ പറഞ്ഞു.
വിഷം ബാധിച്ചത് ഞരമ്പിനെ
കുഞ്ഞിന്റെ ഞരമ്പിനെയാണ് വിഷം ബാധിച്ചിരിക്കുന്നത് എന്നാണ് ഡയഗ്നോസ് ചെയ്തത്. കുഞ്ഞിനെ അവിടെ ചികിത്സിക്കാൻ തീരുമാനിച്ചാൽ വേണ്ടത് വെന്റിലേറ്റർ സപ്പോർട്ടോടെയുള്ള ആന്റിവെനമാണ്. കുത്തിവയ്പ് കൊടുത്താൽ കുഞ്ഞിന് വെന്റിലേറ്റർ സപ്പോർട്ടില്ലാതെ പറ്റില്ല എന്നുറപ്പാണ്. കുഞ്ഞിനെ മോണിറ്റർ ചെയ്യണം എന്നു പറയുമ്പോൾ കുട്ടിയുടെ പിതാവ് കുഞ്ഞിന് മരുന്നു കൊടുത്തശേഷം മെഡിക്കൽ കോളജിലേക്കു വിടാനാണ് പറയുന്നത്. അത് എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹത്തോട് ഞാൻ കുറഞ്ഞ സമയത്തിനുള്ളിൽ പറ്റുന്ന തരത്തിൽ വിവരിക്കുകയും ചെയ്തു.
തീരുമാനം കോഴിക്കോടേയ്ക്ക് പോകാൻ
അവസാനം, ഞാനെന്താ ചെയ്യണ്ടേ എന്ന് അദ്ദേഹത്തോട് ചോദിച്ചു. മെഡിക്കൽ കോളജിലേക്കു പോകാമെന്ന് അദ്ദേഹം പറയുന്നു. ഇതിനിടെ സീനിയർ ഡോക്ടറെ വിളിക്കാൻ ഒരുങ്ങുമ്പോഴാണ് അദ്ദേഹം തന്നെ മറ്റൊരു കാര്യത്തിനായി തിരിച്ചു വിളിക്കുന്നത്. അപ്പോൾ തന്നെ സീനിയറിനോടും കാര്യങ്ങൾ പറഞ്ഞു. എന്തു ചെയ്യണമെന്ന് സീനിയറിനോടും ചോദിച്ചു. പിതാവ് കൊണ്ടുപോകണമെന്നാണ് പറയുന്നതെങ്കിൽ ഒരു കേസ് ഷീറ്റ് എഴുതി നൽകി വിടാനാണ് അദ്ദേഹം പറഞ്ഞത്. പിതാവ് കൊണ്ടുപോകാൻ നിർബന്ധം പിടിക്കുകയായിരുന്നില്ല, പകരം അനുമതി പത്രം എഴുതിത്തരാൻ തയാറായില്ല. മരുന്ന് സ്റ്റാർട്ട് ചെയ്താൽ മോണിറ്റർ ചെയ്യാനുള്ള സമയം എടുക്കുമെന്ന് പറഞ്ഞപ്പോൾ, കൊണ്ടുപോയാൽ വൈകില്ലേ എന്നാണ് ചോദിച്ചത്. ‘കുഞ്ഞിനെ രക്ഷിക്കാൻ പറ്റുമോ ഡോക്ടറേ’ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. വെന്റിലേറ്റർ സംവിധാനമില്ലാതെ മരുന്നു നൽകി കുഞ്ഞിനെ രക്ഷിക്കാമെന്ന് ഞാൻ എങ്ങനെ ഉറപ്പു നൽകും. ഒരു തീരുമാനം എടുക്കാൻ അദ്ദേഹത്തോട് പറഞ്ഞപ്പോഴാണ് കുഞ്ഞിനെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. എല്ലാം അദ്ദേഹത്തിന്റെ തീരുമാനത്തിനു വിടുകയായിരുന്നു. പരിശോധനയിൽ വലിയ കുഴപ്പം കാണാതിരുന്നതിനാൽ ഒരു മൂന്നു മണിക്കൂറിനുള്ളിലേ കുഞ്ഞിന് വെന്റിലേറ്റർ സപ്പോർട്ട് വേണ്ടി വരികയുള്ളൂ എന്നായിരുന്നു കണക്കു കൂട്ടൽ.
ആംബുലൻസ് ഏർപ്പെടുത്തി, നിരന്തരം വിളിച്ചു
കൊണ്ടു പോകുകയാണെങ്കിൽ നേരെ കൊണ്ടുപോകണം. കോഴിക്കോട് ചെന്ന് ഡോക്ടറെ കണ്ടാൽ ഉടനെ കാര്യങ്ങൾ വിശദീകരിക്കാനായി ഡോക്ടറെക്കൊണ്ട് എന്നെ വിളിപ്പിക്കണം. ഇടയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടായാലും വിളിക്കണം എന്നും പറഞ്ഞ് എന്റെ നമ്പർ കൊടുത്തു. ഉടനെ തന്നെ ആംബുലൻസ് ഏർപ്പാടാക്കി കൊടുക്കുകയും എന്റെ ഒപ്പം ഡ്യൂട്ടിയിലുള്ള മെയിൽ നഴ്സിനെക്കൊണ്ട് ഇടയ്ക്കിടെ വിളിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റൊരു ഡോക്ടർ കൂടി ഒപി ഡ്യൂട്ടിയിലുള്ള സാഹചര്യമായിരുന്നെങ്കിൽ ഞാൻ തീർച്ചയായും അവരോടൊപ്പം ആംബുലൻസിൽ പോകുമായിരുന്നു. ഈ സമയം കുഞ്ഞിന് ആന്റിവെനം കുത്തിവയ്പും നൽകാമായിരുന്നു.
കുഞ്ഞിനെ ബാധിച്ചത് കൊടിയ വിഷം
കുഞ്ഞുമായി വന്നപ്പോൾ മുതൽ വിയർത്ത് കുളിച്ച് ഓടിക്കൊണ്ടിരിക്കുകയാണ് പിതാവ്. അതേസമയം, ഒപ്പം വന്നവരോട് കുഞ്ഞിന് ഭക്ഷണം കൊടുത്തോ എന്നു ചോദിച്ചിട്ട് അതിനു പോലും വ്യക്തമായ മറുപടി നൽകിയില്ല. അവർ ആരാണെന്നറിയില്ല. സ്കൂളിൽ നിന്ന് ഒപ്പം വന്നവരാണെന്നാണ് പിന്നെ പറഞ്ഞു കേട്ടത്. ഞരമ്പിനെയും രക്തത്തെയും ബാധിക്കുന്ന കൊടിയ വിഷമായിരുന്നു കുഞ്ഞിന്റെ ശരീരത്തിൽ കയറിയത്. ന്യൂറോ ടോക്സിറ്റിയും ഹെമറ്റോ ടോക്സിറ്റിയും ഉണ്ടായിരുന്നതിനാൽ അണലി വിഭാഗത്തിൽ പെട്ട പാമ്പായിരിക്കുമെന്നാണ് സംശയിച്ചത്. ഇവർ മുറിവു കഴുകിയെന്നും മറ്റ് ആശുപത്രികളിൽ കാണിച്ചിരുന്നെന്നും പിന്നീടാണ് അറിഞ്ഞത്. ഒപ്പം വന്നവരോട് കാര്യങ്ങൾ കുത്തിക്കുത്തിചോദിച്ചിട്ടും ഒന്നും പറയാതിരുന്നതും ദോഷമായി.
ആശുപത്രിയിലെ ന്യൂനതകൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഒരിക്കൽ പോലും നടപടിയുണ്ടായിട്ടില്ല. രോഗികളെ അധിക സമയം പരിശോധിക്കുന്നു എന്നാണ് എനിക്കെതിരെ ഉയർത്തുന്ന ആരോപണം. ഒരു ‘ഹെൽപ്‍ലെസ്’ ഡോക്ടർ എന്ന നിലയിലും കുഞ്ഞിനു വേണ്ടി ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്തെന്ന ആത്മവിശ്വാസമുണ്ട്. വെന്റിലേറ്റ് ചെയ്ത് കുത്തിവയ്പ് കൊടുത്തിരുന്നെങ്കിൽ കുഞ്ഞ് രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു. ഞാനും രണ്ടു കുട്ടികളുടെ അമ്മയാണ്. കുഞ്ഞ് നഷ്ടമാകുന്ന ഒരു അമ്മയുടെ വേദന ഉൾക്കൊള്ളാനാകും’ – ഡോ. ജിസ പറഞ്ഞു.
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണിനെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അര്‍ജുന്‍ സഞ്ജു നേരിട്ട അപമാനത്തിനെതിരെ രംഗത്തെത്തിയത്.
ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെ പേരെടുത്ത് പറഞ്ഞാണ് അര്‍ജുനിന്റെ വിമര്‍ശനം. റിഷഭ് പന്തിനെ വീണ്ടും ടീം ഇന്ത്യയിലേക്ക് പരിഗണിച്ചതിനേയും അര്‍ജുന്‍ ചോദ്യം ചെയ്യുന്നു.
‘ഒരാളുടെ ആത്മവിശ്വാസത്തെ ഇങ്ങനെയാണ് ആക്രമിക്കുന്നത്. സഞ്ജു സാംസണിനോട് ചെയ്തത് പോലെ. എംഎസ്‌കെ പ്രസാദ് റിഷഭ് പന്തിനെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്ന് എനിക്കറിയില്ല. മറ്റൊരാളില്‍ വിശ്വസിക്കുക എന്നത് ആരുടെയെങ്കിലും കഴിവുകള്‍ അവഗണിക്കുന്നതിനുള്ള അവകാശമല്ല. സാംസണ്‍ ടീമില്‍ നിങ്ങളെ മിസ് ചെയ്യുന്നു’ എന്നായിരുന്നു അര്‍ജുന്റെ ട്വീറ്റ്.
അതെസമയം ഈ അകൗണ്ട് അര്‍ജുനിന്റെ ഔദ്യോഗിക അകൗണ്ടാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഏതായാലും നിരവധി ആരാധകരാണ് ഈ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് പരമ്പരയില്‍ ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാത്ത സഞ്ജുവിനെ വിന്‍ഡീസ് പരമ്പരയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയിരുന്നത്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു പുറത്തായി.
ഇതോടെ സഞ്ജുവിന്റെ ആരാധകര്‍ പ്രതിഷേധത്തിലാണ്. സഞ്ജുവിനോട് നിരവധി ആരാധകര്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലോ ഇംഗ്ലണ്ടിലേക്കോ താമസം മാറി അവരുടെ ദേശീയ ടീമിനായി കളിക്കണമെന്നും സഞ്ജുവിന്റെ പ്രതിഭ എത്രത്തോളമെന്ന് മേലാളന്മാരെ കാണിച്ച് കൊടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
സഞ്ജുവിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മലയാളികള്‍ കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 മത്സരം ബഹിഷ്‌കരിക്കണമെന്നും ചിലര്‍ ആഹ്വാനം ചെയ്യുന്നു. സഞ്ജുവിനെ പല സമയങ്ങളിലായി അവഗണിച്ച ധോണിയ്ക്കും കോഹ്ലിയ്ക്കും രോഹിത്തിനുമെതിരെയെല്ലാം ആരാധക രോഷം ഉയരുന്നുണ്ട്.
സഞ്ജുവിനെ ഒഴിവാക്കുകയും മോശം ഫോമിലുള്ള ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമാണ് ആരാധകരെ ചൊടിപ്പിച്ചത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലെത്തിയ സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല
That’s how you attack a bit on someone’s confidence level like they did with ‘sanju samson’ i dont know how msk prasad select #RishabhPant.
It’s good to invest in someone but it doesn’t mean u hv rights to ignore someone’s talent
Miss you in the squad ‘samson’ pic.twitter.com/C8AbLGvumR— Arjun Tendulkar (@jr_tendulkar) November 22, 2019
ലോകമെമ്പാടും പ്രേക്ഷകരുള്ള പരമ്പര സിനിമകളില്‍ പെട്ടതാണ് ടെര്‍മിനേറ്റര്‍. ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫേറ്റ് ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ചിത്രം വലിയ പരാജയമായിരുന്നു. പ്രമുഖ സംവിധായകൻ ടിം മില്ലറായിരുന്നു ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫേറ്റ് സംവിധാനം ചെയ്‍തത്. ഭാവിയില്‍ സംവിധായകൻ ജെയിംസ് കാമറൂണിന്റെ കൂടെ ജോലി ചെയ്യില്ലെന്നാണ് ടിം മില്ലര്‍ ഇപ്പോള്‍ പറയുന്നത്.
ടെര്‍മിനേറ്റര്‍ ചിത്രങ്ങളിലെ ആദ്യത്തെ രണ്ടും സംവിധാനം ചെയ്‍തത് ജെയിംസ് കാമറൂണായിരുന്നു. ഡാര്‍ക് ഫേറ്റിന്റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളുമായിരുന്നു ജെയിംസ് കാമറൂണ്‍. ജെയിംസ് കാമറൂണിന്റെ കൂടെ ഇനി ജോലി ചെയ്യില്ലെന്നാണ് ഒരു ചോദ്യത്തിന് ഉത്തരമായി ഒരു മാധ്യമത്തോട് ടിം മില്ലര്‍ പറഞ്ഞത്. ഡാര്‍ക് ഫേറ്റ് സംവിധാനം ചെയ്‍ത അനുഭവത്തിൽ നിന്ന് എനിക്കുണ്ടായ ആഘാതവുമായി ഇതിന് യാതൊരു ബന്ധവുമില്ല,ശരിയാണെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്യാനുള്ള അവകാശമില്ലാത്ത ഒരു സാഹചര്യത്തിൽ വീണ്ടും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
സിനിമയെ കുറിച്ച ഏറ്റവും വെറുക്കപ്പെട്ട കാര്യങ്ങള്‍ എനിക്ക് നിയന്ത്രിക്കാൻ കഴിയാത്തതായിരുന്നു- ടിം മില്ലര്‍ പറയുന്നു. ടെര്‍മിനേറ്റര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തിയത് 1984ലായിരുന്നു. ജെയിംസ് കാമറൂണായിരുന്നു സംവിധാനം ചെയ്‍തത്. അർണോൾഡ് ഷ്വാർസ്നെഗര്‍ പുതിയ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നു. സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ചിത്രത്തിലുണ്ടായിരുന്നു. മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരും വേഷമിട്ടു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 27ാം ടെസ്റ്റ് സെഞ്ചുറി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 175 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. ഇന്ന് അജിന്‍ക്യ രഹാനെ (51)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 106ന് എല്ലാവരും പുറത്തായിരുന്നു.
പിങ്ക് പന്തില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ കോലി 159 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ സെഞ്ചുറി. 124 റണ്‍സോടെ ക്രീസിലുണ്ട് ക്യാപ്റ്റന്. കോലി- രഹാനെ സഖ്യം 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെയെ തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോര്‍ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേയാണ് (10) കോലിക്ക് കൂട്ട്.
മായങ്ക് അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര (55) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ബം്ഗ്ലാദേശിനായി ഇബാദത്ത് ഹുസൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.