നാവികസേനയ്ക്കുവേണ്ടി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പ്രൊജക്ട് 75 എന്ന പദ്ധതിയുടെ ഭാഗമായി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് 45,000 കോടി രൂപയുടെ പദ്ധതിയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. പ്രതിരോധ നിര്‍മാണ മേഖലയിലുള്ള ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശ കമ്പനികളുമായി ചേര്‍ന്ന് ഉല്‍പാദനം നടത്തുന്നതിനുള്ള പദ്ധതിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. നാവികസേന ഇതിനുള്ള താല്‍പര്യപത്രം പുറപ്പെടുവിച്ചു.
പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രഖ്യാപനം ഉണ്ടായ വ്യാഴാഴ്ച മുതല്‍ രണ്ടു മാസത്തിനകം താല്‍പര്യം അറിയിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കപ്പല്‍നിര്‍മാണത്തിലുള്ള വൈദഗ്ധ്യം, കാര്യക്ഷമത എന്നിവയും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞ തുക നിര്‍ദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാര്‍ നല്‍കുക. ഇന്ത്യന്‍ കമ്പനി ഒരു വിദേശ കമ്പനിയുമായി ചേര്‍ന്നായിരിക്കും ഇന്ത്യയില്‍ വെച്ച് അന്തര്‍വാഹിനികളുടെ നിര്‍മാണം നടത്തുക.
ആറ് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെയുള്ള രണ്ടാമത്തെ പ്രതിരോധ പദ്ധതിയാണിത്. നേരത്തെ നാവികസേനയ്ക്കുവേണ്ടി 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.അന്തര്‍വാഹിനികളുടെ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയില്‍ ആധുനിക സാങ്കേതിക ശേഷി കൈവരിക്കാന്‍ ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ കമ്പനികള്‍ക്കാകും. ഇത് സാധ്യമായാല്‍ അന്തര്‍വാഹിനികളുടെ നിര്‍മാണത്തില്‍ ലോകത്തിലെ തന്നെ മികച്ച കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് പ്രതിരോധ മന്ത്രാലയം കണക്കുകൂട്ടുന്നത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കീപ്പേഴ്സ് ഉള്ള ടീം ഒരുപക്ഷേ ഇന്ത്യയാകാം. ഋഷഭ് പന്തിന്റെ വരവോടെ ആകെ വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം അഞ്ചായി.
ആര്‍ക്കെങ്കിലും വിക്കറ്റ് കീപ്പര്‍മാരുെട കുറവുണ്ടെങ്കില്‍ ഇന്ത്യയെ സമീപിക്കാം. ഒന്നും രണ്ടുമല്ല അഞ്ച് പേരാണ് ടീമിലുള്ളത്. അതില്‍ മൂന്ന്പേരും സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണെന്നതാണ് കൗതുകം. ഇന്ത്യയുടെ ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പറായ എം.എസ്.ധോണിയാണ് ഇന്ത്യയുടെ ശക്തി. തന്ത്രങ്ങള്‍ രൂപപ്പെടുത്തിയും മിന്നല്‍ സ്റ്റംപിങ്ങുകളിലൂടെ കളിഗതി മാറ്റിയും ധോണി നിര്‍ണായക സാന്നിധ്യമായി. ഇന്ത്യയുടെ രണ്ടാംനമ്പര്‍ വിക്കറ്റ് കീപ്പറായാണ് ദിനേശ് കാര്‍ത്തിക് ടീമിലെത്തിയത്.
ഫിനിഷറെന്ന നിലയില്‍ മികവ് തെളിയിച്ചിട്ടുള്ള താരമാണ് കാര്‍ത്തിക്. ധവാന് പരുക്കേറ്റതോടെ ടീമിലെത്തിയ ഋഷഭ് പന്താണ് ടീമിനെ മൂന്നാംസ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍. ഇടംകൈ ബാറ്റസ്മാന്‍മാര്‍ ടീമില്‍ ഇല്ലാത്തതിനാല്‍ പന്തിന് ആദ്യഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. അങ്ങിനെെയങ്കില്‍ ഹാര്‍ദിക്കിനൊപ്പം മറ്റൊരു പവര്‍ഹിറ്റര്‍ കൂടി ഇന്ത്യന്‍ നിരയിലെത്തും. വിക്കറ്റിന് പിന്നില്‍ കെ.എല്‍.രാഹുലും കേദാര്‍ ജാദവും കളിവ് തെളിയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ വിക്കറ്റ് കീപ്പറായിരുന്നു രാഹുല്‍. 2017–ല്‍ ആര്‍സിബിയുടെ വിക്കറ്റ് കീപ്പറായിരുന്നു ജാദവ്.
ഒരു റസ്റ്റോറന്റാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. സംഗതി ഇന്ത്യയിലല്ല, അങ്ങ് വിയറ്റ്നാമിലാണ്. പാമ്പു കൊണ്ടുള്ള വെറൈറ്റി വിഭവങ്ങളാണ് ഇവിടേക്ക് അന്യ രാജ്യങ്ങളിൽ നിന്നുള്ള പാമ്പു പ്രേമികളെ ആകർഷിക്കുന്നത്. ഓർഡർ അനുസരിച്ച് സ്‌നേക് ത്രോസ്, ഡീപ് ഫ്രൈഡ് സ്‌നേക്, സ്‌നേക് ബേക്ക്ഡ്, സ്‌നേക് ഗ്രില്‍ഡ് തുടങ്ങി കൊതിയൂറും വിഭവങ്ങളാണ് തീൻ മേശയിലെത്തുക.
ഭക്ഷണത്തിനായി കൊല്ലുന്ന ജീവികളുടെ രക്തവും പിത്തരസവും വെവ്വേറേ ഗ്ലാസ്സുകളില്‍ ശേഖരിക്കുകയും അവ വോഡ്കയുമായി യോജിപ്പിച്ചതിനു ശേഷം ആവശ്യക്കാര്‍ക്ക് കുടിക്കാൻ നൽകുകയും ചെയ്യും. ഇത് കൂടാതെ ജീവികളുടെ രക്തത്തില്‍ കുതിര്‍ന്ന ഹൃദയവും മദ്യത്തിനൊപ്പം ചേർത്തു നല്‍കും. ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റിൽ എത്തുന്നവര്‍ക്ക് ഏതു ജീവിയുടെ മാംസവും തിരഞ്ഞെടുക്കാം.
ആലപ്പുഴ വള്ളികുന്നത്ത് തീവെച്ചു കൊലപ്പെടുത്തിയ വനിതാ പൊലിസ് സൗമ്യയുടെ മൃതദേഹം സംസ്കരിച്ചു. വള്ളികുന്നം പൊലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സൗമ്യയുടെ മ്യതദേഹം ഇന്നു രാവിലെ വിദേശത്തു നിന്നെത്തിയ ഭർത്താവും മറ്റു ബന്ധുക്കളും ചേർന്നു ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹം വിലാപയാത്രയായി സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആലപ്പുഴ എസ് പി അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അർപ്പിച്ചു.സൗമ്യയുടെ ഭർത്താവിന്റെ വള്ളികുന്നത്തെ വീട്ടിലും മൃതദേഹം പൊതുദർശനത്തിവെച്ചു. ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പിൽ തന്നെയായിരുന്നു സംസ്കാരം.
കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസ് അതിക്രൂരമായി സൗമ്യയെ കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ വരികയായിരുന്ന സൗമ്യയെ അജാസ് കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ സൗമ്യ സൗഹൃദം നിരസിക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അജാസിന്റെ മരണ മൊഴി. ആലപ്പുഴ മെഡിക്കൽ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം അജാസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊച്ചി വാഴക്കാലയിലെ വലിയപള്ളിയിലാണ് ഖബറടക്കും.
യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി നടൻ വിനായകൻ. ഫോണിൽ വിളിച്ചവരാണ് ആദ്യം അപമര്യാദയായി പെരുമാറിയതെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും വിനായകൻ പറഞ്ഞു. കീ ബോർഡ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് വിനായകന്റെ പ്രതികരണം.
‘എന്റടുത്ത് വരുന്ന എല്ലാവരോടും ഞാൻ മൂന്നുവട്ടം മര്യാദക്ക് സംസാരിക്കും. തുടർച്ചയായി പ്രകോപനം ഉണ്ടായാൽ മാത്രമെ ഞാൻ പ്രതികരിക്കൂ. എന്നെ വിളിച്ചത് ഒരു ആണാണ്. പരിപാടിയ്ക്ക് ക്ഷണിക്കാനാണ് വിളിച്ചത്. പരിപാടിക്ക് വരാൻ പറ്റില്ലെന്ന് ഞാൻ മര്യാദയ്ക്ക് പറഞ്ഞു. അത് അവനോട് എന്തെങ്കിലും പ്രശ്നമുള്ളതുകൊണ്ട് പറഞ്ഞതല്ല.
‘ഞാൻ നേരത്തെ സെറ്റ് ചെയ്ത കാര്യമാണ് മൂന്ന് കാര്യങ്ങൾക്ക് നിന്ന് കൊടുക്കില്ല എന്നത്. എന്നെ വച്ച് ഡോക്യുമെന്‍ററി ചെയ്യുന്നതും മാധ്യമങ്ങൾക്ക് കാശുണ്ടാക്കാനുള്ള പരിപാടികൾക്കും, പിന്നെ ഇത്തരം ആക്റ്റിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടികൾക്ക് മുഖമായി വിനായകൻ നിന്ന് കൊടുക്കില്ല എന്നതും. മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിയ്ക്ക് വരുക എന്നത് എന്‍റെ ബാധ്യതയാണെന്ന മട്ടിൽ അവൻ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാൾ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാൽ അവിടെ അലമ്പുണ്ടാവില്ലേ? ആദ്യം മര്യാദവിട്ട് സംസാരിച്ചത് അയാളാണ്.
പിന്നീട് ആരോപണമുന്നയിച്ച സ്ത്രീ വിളിച്ചു. അവരെ എനിക്കറിയില്ല. പരിപാടിക്ക് ക്ഷണിക്കാനല്ല, ഞാനും നേരത്ത വിളിച്ചയാളും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാനാണ് അവർ വിളിച്ചത്. ബാക്കി ഞാൻ പറയുന്നില്ല. കേസ് നടക്കുകയല്ലേ, നടക്കട്ടെ. കുറ്റം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഞാൻ മുൻകൂർ ജാമ്യം എടുത്തിട്ടില്ല. ഒരു വക്കീലിനെപ്പോലും കണ്ടിട്ടില്ല.
ഞാൻ 25 കൊല്ലമായി സിനിമയിൽ വന്നിട്ട്. ഇതുവരെ സെറ്റിൽ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും വിനായകൻ പറഞ്ഞു.
അതേസമയം യുവതിയുടെ പരാതിയിൽ നടന്‍ വിനായകനെ വയനാട് കല്‍പറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്ന് രാവിലെ അഭിഭാഷകനോടൊപ്പം വിനായകന്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ആരെയും അറിയിക്കാതെയായിരുന്നു നീക്കം.
സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരുന്നത്. യുവതിയും ഇന്ന് സ്റ്റേഷനിലെത്തി ഫോണ്‍ ഹാജരാക്കി. ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിക്കും. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ അപമാനിക്കുന്ന ഭാഷയില്‍ വിനായകന്‍ സംസാരിച്ചു എന്നായിരുന്നു പരാതി. സംഭാഷണം നടക്കുമ്പോള്‍ യുവതി കല്‍പറ്റ സ്റ്റേഷന്‍ പരിധിയിലായിരുന്നു.
ലോകകപ്പ് ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ മൽസരത്തിൽ ഓസ്ട്രേലിയയോട് ബംഗ്ലദേശ് പൊരുതിത്തോറ്റു. 48 റൺസിന്റെ ജയമാണ് ബംഗ്ലദേശിനെതിരെ ഓസീസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 382 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 50 ഓവറിൽ 8 വിക്കറ്റു നഷ്ടത്തില്‍ 333 റൺസെടുത്തു. ബംഗ്ലദേശിനായി മുഷ്ഫിഖുർ റഹീം സെഞ്ചുറി നേടി. 95 പന്തുകളിൽനിന്നാണ് മുഷ്ഫിഖുർ സെഞ്ചുറി തികച്ചത്.
ഓപ്പണർ തമീം ഇക്ബാൽ (74 പന്തിൽ 62), മഹ്മൂദുല്ല റിയാദ് (50 പന്തിൽ 69) എന്നിവർ ബംഗ്ലദേശിനായി അർധസെഞ്ചുറി നേടി. സൗമ്യ സർക്കാര്‍ (8 പന്തിൽ 10), ഷാക്കിബുൽ ഹസൻ (41 പന്തിൽ 41), ലിറ്റൻ ദാസ് (17 പന്തില്‍ 20), ഷബീർ റഹ്മാൻ (പൂജ്യം), മെഹ്ദി ഹസൻ (7 പന്തിൽ 6), മഷ്റഫി മുര്‍ത്താസ (5 പന്തിൽ 6) എന്നിങ്ങനെയാണു പുറത്തായ മറ്റു ബംഗ്ലദേശ് താരങ്ങളുടെ സ്കോറുകൾ. സൗമ്യ സർക്കാരിനെ ആരോൺ ഫിഞ്ച് റണ്ണൗട്ടാക്കുകയായിരുന്നു. ബംഗ്ലദേശ് സ്കോർ 102 ൽ നിൽക്കെ ഷാക്കിബുലിനെ മാർക്കസ് സ്റ്റോയ്നിസിന്റെ പന്തിൽ ഡേവിഡ് വാർണർ ക്യാച്ചെടുത്തു പുറത്താക്കി. അർധസെഞ്ചുറി നേടിയ തമീം ഇക്ബാൽ മിച്ചൽ സ്റ്റാർകിന്റെ പന്തിൽ ബൗൾഡായി. ലിറ്റൻ ദാസിനെ സാംപ വിക്കറ്റിനു മുന്നിൽ കുടുക്കി.
മുഷ്ഫിഖുർ റഹീമും മഹ്മൂദുല്ല റിയാദും ചേർന്ന് ബംഗ്ലാ സ്കോർ 300 കടത്തി. സ്കോർ 302ൽ നിൽക്കെ റിയാദിനെ കോള്‍ട്ടര്‍നൈലിന്റെ പന്തിൽ പാറ്റ് കമ്മിൻസ് ക്യാച്ചെടുത്തു പുറത്താക്കി. ഷബീർ റഹ്മാൻ കോള്‍ട്ടര്‍നൈലിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. മെഹ്ദി ഹസനും മുർതാസയ്ക്കും ബംഗ്ലദേശിനായി കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല. ഓസീസിനായി മിച്ചൽ സ്റ്റാർക്, കോള്‍ട്ടർനൈൽ, മാർകസ് സ്റ്റോയ്നിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദം സാംപ ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ 10 പോയിന്റുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാമതെത്തി.
ഓപ്പണർ ഡേവിഡ് വാര്‍ണറിന്റെ സെഞ്ചുറി മികവിൽ ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 381 റൺസ്. ലോകകപ്പിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണ് ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയ ഉയർത്തിയത്. 110 പന്തിൽ നിന്നാണ് ഡേവിഡ് വാർണർ സെഞ്ചുറി കുറിച്ചത്. വാർണറിന്റെ ഏകദിനത്തിലെ പതിനാറാമത്തെയും ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ചുറിയാണ് ബംഗ്ലദേശിനെതിരെ നേടിയത്. 147 പന്തിൽ 166 റൺസെടുത്ത് വാർണർ പുറത്തായി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (51 പന്തിൽ 53), ഉസ്മാൻ ഖവാജ (72 പന്തിൽ 89) എന്നിവർ അർധസെഞ്ചുറി നേടി.
റേഡിയോ മാക്ഫാസ്റ്റ് സ്റ്റേഷൻ ഡയറക്ടർ പരിയാരം ഇല്ലത്തു വി. ജോർജ്ജ് മാത്യു(61)നിര്യാതനായി. സംസ്കാരം ഞായറാഴ്ച ( 23/06/2019) വൈകിട്ട് മൂന്നരയ്ക്ക് . കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയും മംഗളം ദിനപത്രം ലേഖകനുമായി പ്രവർത്തിച്ചു. ഭാര്യ: പുന്നവേലി കൂത്തുക്കല്ലേൽ ആൻസി. മക്കൾ: ക്രിസ് മാത്യു ജോർജ്( എഞ്ചിനീയർ ബാംഗളൂരു)റിച്ചു ഈപ്പൻ ജോർജ്( ടെക്നോപാർക്ക് തിരുവനന്തപുരം,) മരുമകൾ: ടീന( അസിസ്റ്റന്റ് പ്രൊഫസർ സെന്റ് ജോസഫ് കോളേജ് ബാംഗ്ലൂർ).
തിരുവനന്തപുരം ∙ യുകെ-എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ യോഗ്യരായ നഴ്സുമാര്‍ക്ക് നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്‍റ് സേവനം മുഖാന്തിരം നിയമനം നല്‍കും. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ബിഎസ്‌സി/ജിഎന്‍എം നഴ്സുമാരെയാണ് പരിഗണിക്കുന്നത്. നിലവില്‍ ഐഇഎല്‍റ്റിഎസ് (അക്കാദമിക്കില്‍) റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 സ്കോറിങ്ങും അല്ലെങ്കില്‍ ഒഇറ്റിബി ഗ്രേഡ് നേടിയവര്‍ക്കാണ് നിയമനം.
ഐഇഎല്‍റ്റിഎസില്‍ 6 സ്കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് നിശ്ചിത ഫീസീടാക്കി പരിശീലനം നല്‍കും. മതിയായ സ്കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കും. ഓണ്‍ലൈന്‍ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ നടത്തുന്ന സിബിറ്റി (Competency Based Test) യോഗ്യത നേടണം. പ്രസ്തുത യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങളും, സഹായങ്ങളും നോര്‍ക്ക ലഭ്യമാക്കും. തുടര്‍ന്ന് യുകെയിലെ നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ റജിസ്ട്രേഷന്‍ ഉദ്ദ്യോഗാർഥികള്‍ നിർവഹിക്കണം.
2019 ജൂണ്‍ 26, ജൂലൈ 10, 17, 24 തിയതികളില്‍ അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. തുടര്‍ന്നും ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രസ്തുത രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് കരാര്‍ പുതുക്കി ജോലിയില്‍ തുടരുവാന്‍ കഴിയും. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ് 5 ഗ്രേഡില്‍ 20,49,047 രൂപവരേയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ തയാറാക്കിയ സിവി, പൂരിപ്പിച്ച എന്‍എച്ച്എസ് അപേക്ഷ, ആമുഖ കത്ത് മറ്റു അനുബന്ധരേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 20 ന് മുമ്പായി സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0471-2770544 ലും, ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.
കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം. ഇക്കാര്യത്തില്‍ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ടിവി ചാനലുകള്‍ക്ക് താക്കീത് നല്‍കി. സിനിമയിലെ മുതിര്‍ന്നവരുടെ നൃത്തച്ചുവടുകളാണ് ടിവി റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന് കണ്ടെത്തിയതെന്നും നായികാനായകന്‍മാര്‍ അഭിനയിക്കുന്ന ഗാനരംഗങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് അവരെ മോശമാക്കുന്ന പ്രവണതയാണെന്നും ഇതു തുടരാന്‍ അനുവദിക്കാനാവില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ല. പ്രായത്തിനും അതീതമായി കുട്ടികള്‍ ചെയ്യുന്ന ഇത്തരം അനുകരണങ്ങള്‍ അവരില്‍ മോശം സ്വാധീനമാണ് സൃഷ്ടിക്കുന്നത്. ഈ പ്രവണത നല്ലതല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്സ് റെഗുലേഷന്‍ ആക്ടിലെ പ്രോഗ്രാം ആന്റ് അഡ്വര്‍ടൈസിങ് കോഡ്സ് പ്രകാരമുള്ള നിബന്ധനകള്‍ ടിവി ചാനലുകള്‍ പാലിക്കേണ്ടതാണെന്നുള്ള താക്കീതു നല്‍കുകയാണ് കുറിപ്പിലൂടെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.
എലിയെ അകത്താക്കുന്ന ചിലന്തിയുടെ ചിത്രങ്ങള്‍ വൈറലായി. ഹണ്ട്‌സ്മാന്‍ സ്‌പൈഡറിന്റെ ഇരപിടുത്തത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ജസ്റ്റിന്‍ ലാട്ടന്‍ എന്ന സ്ത്രീയാണ് ഫെയ്സ് ബുക്ക് പേജില്‍ രണ്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്നോളം പോന്ന എലിയെയാണ് ‘ഹണ്ട്സ്മാന്‍ സ്പൈഡര്‍’ വിഴുങ്ങുന്നത്.
വിനോദസഞ്ചാരികളായ ജസ്റ്റിന്‍ ലാട്ടനും ഭര്‍ത്താവും ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ എത്തിയപ്പോഴാണ് സംഭവം. ഇവിടെ മൗണ്ട് ഫീല്‍ഡ് നാഷണല്‍ പാര്‍ക്കില്‍ താമസിക്കുന്നതിനിടെയാണ് പോസ്സം എന്നറിയപ്പെടുന്ന എലിവര്‍ഗത്തില്‍ പെട്ട ജീവിയെ വേട്ടക്കാരന്‍ ചിലന്തി ഭക്ഷിക്കുന്നത് ഇവര്‍ കാണുന്നത്.
എലി വര്‍ഗത്തില്‍ പെട്ട പിഗ്മി പോസ്സം അമേരിക്കയിലും ഓസ്ട്രേലിയയിലും കണ്ടുവരുന്ന ജീവിയാണ്. ഏകദേശം രണ്ടര ഇഞ്ചോളം വലിപ്പമുണ്ടാകും പൂര്‍ണവളര്‍ച്ചയെത്തിയ പോസ്സത്തിന്. ഹണ്ട്സ്മാന്‍ സ്പൈഡറിനും ഇതേ വലിപ്പമാണ്. എന്നാല്‍ ഈ ചിലന്തിയുടെ കാലുകള്‍ക്ക് 13 ഇഞ്ച് വരെ വലിപ്പമുണ്ടാകാറുണ്ടത്രേ.
എന്തായാലും ചിലന്തിയുടെ ഇരപിടിത്തത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റടുത്തു കഴിഞ്ഞു. ചിലന്തിയുടെ വലിപ്പമാണ് പലരേയും അത്ഭുതപ്പെടുത്തുന്നത്. ഇത്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍ കിട്ടുന്നത് അപൂര്‍വ്വമാണെന്നും ചിലര്‍ പറയുന്നു.