Latest News

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളായി. തിരുവനന്തപുരത്ത് സി. ദിവാകരനും വയനാട് പിപി. സുനീർ, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, തൃശൂർ രാജാജി മാത്യു തോമസ് എന്നിവരാണ് മത്സരിക്കുക.

മത്സരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സെക്രട്ടറിയെന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നു സിപിഐ സംസ്ഥാനനിര്‍വാഹകസമിതിയില്‍ കാനം നിലപാടറിയിച്ചു. തിരുവനന്തപുരം മണ്ഡലത്തിലാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. ഇതോടെയാണ് ദിവാകരനു നറുക്ക് വീണത്.

നാലു മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ഥി പാനല്‍ നിശ്ചയിക്കാനാണ് സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി ഇന്നുചേർന്നത്. സംസ്ഥാന നിര്‍വാഹകസമിതി നാലു മണ്ഡലങ്ങളിലേക്കും മൂന്നുപേര്‍ വീതമടങ്ങുന്ന പാനലുകള്‍ തയാറാക്കി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും കൗണ്‍സിലുമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.

എന്നാൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ഇന്ദിര ഭവനിൽ ചേർന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പേരെടുത്തുള്ള ചർച്ചകളിലേക്ക് കടക്കാതെ പിരിഞ്ഞു. കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി .

ഡിസിസികൾ നൽകിയ പട്ടിക കൂടി പരിഗണിച്ച് ഈയാഴ്ച അവസാനത്തോടെ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് നല്‍കും. സിറ്റിങ് സീറ്റുകളില്‍ നിലവിലുള്ള എംപിമാരുടെ പേരുകള്‍ തന്നെ നല്‍കാനാണ് കെപിസിസി തീരുമാനം. എന്നാല്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ പേര് ജില്ലാ നേതൃത്വത്തിന്റെ പട്ടികയില്‍ ഇല്ല. പത്തനംതിട്ട ‍ഡിസിസിക്ക് കെപിസിസിയുടെ വിമര്‍ശനം നേരിടേണ്ടി വന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് ഡിസിസിക്ക് നിര്‍ദേശം നൽകി.

എറണാകുളത്ത് കെ.വി.തോമസിന് പകരം പുതിയ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചാലക്കുടിയില്‍ പി.സി.ചാക്കോയുടെ പേര് ഉയര്‍ന്നുവന്നതും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മല്‍സരിക്കണമെന്ന അഭിപ്രായം ശക്തമായതും സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വി.എം. സുധീരന്‍ വ്യക്തമാക്കി. ഇക്കാര്യം കെ.പി.സി.സി തിരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിച്ചു. തന്റെ പേര് യോഗത്തില്‍ ഉയര്‍ന്നപ്പോഴായിരുന്നു പ്രതികരണം

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് അസ്ഹര്‍ മരിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല. ഉര്‍ദു ദിനപത്രമായ ജിയോയാണ് മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ച് മരണവാര്‍ത്ത വ്യാജമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മൗലാന മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്നും വിവിധ രോഗങ്ങള്‍ ബാധിച്ച് വീടുവിട്ട് പുറത്തുപോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വൃക്ക രോഗബാധിതനായ മസൂദ് റാവല്‍പിണ്ടിയിലെ ഒരു സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തുവന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രം മസൂദ് അസദാണെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തല്‍. ഇന്ത്യയിലെ ജയിലില്‍ നിന്നും തീവ്രവാദികള്‍ മോചിപ്പിച്ച ശേഷമാണ് മസൂദ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ച് പ്രത്യക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറുങ്ങത്. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്.

ലണ്ടന്‍: പൊലീസ് ഹെലികോപ്റ്ററില്‍ ഔദ്യോഗിക കൃത്യനിര്‍വഹണമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ബ്രിട്ടനിലാണ് ഈ ലജ്ജിപ്പിക്കുന്ന സംഭവം. യോര്‍ക്ക്ഷയര്‍ പോലീസ് സേനയില്‍ ഉദ്യോഗസ്ഥരായ പിസി മാത്യു ലൂക്കാസ് (43), അഡ്രിയാന്‍ പോഗമര്‍, മുന്‍ ഉദ്യോഗസ്ഥന്‍ ലീ വാല്‌സ് (48) എന്നിവരാണ് സംഭവത്തിന് പിന്നില്‍.

അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ധാരാളം അശ്ലീല ചിത്രങ്ങളാണ് പകര്‍ത്തിയിട്ടുള്ളത്. ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയാണ് ഇവര്‍ ഇതുപോലുള്ള ചിത്രങ്ങളെടുക്കുന്നത്. ദമ്പതികള്‍ അവരുടെ പൂന്തോട്ടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഒരു സ്ത്രീ നഗ്‌നയായി സണ്‍ ബാത്ത് നടത്തുന്ന ചിത്രങ്ങളും ഇവര്‍ പകര്‍ത്തിയവയില്‍ പെടുന്നു.

ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. 2007 മുതല്‍ 2012 വരെയാണ് ഇവര്‍ അനധികൃതമായി ഇത്തരം വീഡിയോകളും ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയത്. 2007ലാണ് ബിക്കിനിയിട്ട 18ഉം 15ഉം വയസ്സുള്ള സഹോദരങ്ങള്‍ക്കൊപ്പം യുവതി നഗ്‌നയായി സണ്‍ ബാത്ത് നടത്തുന്ന ചിത്രവും വീഡിയോയും ഉദ്യോഗസ്ഥര്‍ പകര്‍ത്തിയത്. അതേസമയം, മറ്റ് ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകരുടെ ഈ പ്രവർത്തിയെ കുറിച്ച് അറിഞ്ഞിരുന്നില്ല.ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിതെറ്റി ആനയ്ക്കയിൽ വീണ് പാപ്പാന് ദാരുണാന്ത്യം. ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പാൻ അരുൺ പണിക്കര്‍ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം.

ആനയോട് കിടക്കാന്‍ പറഞ്ഞതും പാപ്പാൻ നിൽക്കുന്ന വശത്തേക്ക് ആന കിടന്നു. മറ്റേ വശത്തേക്ക് കിടക്കാൻ ആനയോട് പറയുന്നതിനിടെ അരുണ്‍ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു. മറ്റ് പാപ്പാൻമാർ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

“ആനയ്ക്ക് അടിയിൽ പെട്ട് പാപ്പാന്‍റെ തലയോട്ടി തകര്‍ന്നു. മൂന്ന് പാപ്പാൻ മാരിൽ രണ്ട് പേര്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഓടിവന്ന് ആനയെ എഴുന്നേൽപ്പിച്ച് പാപ്പാനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

22 വയസ്സുള്ള ആനയാണ് ഭാരത് വിശ്വനാഥൻ. ഒരു വര്‍ഷം മുമ്പാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ അരുൺ പണിക്കര്‍പാപ്പാനായി ചുമതല ഏറ്റെടുത്തത് .പാപ്പാന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്

കടപ്പാട്; ഏഷ്യാനെറ്റ് ന്യൂസ്

റാംജിറാവ് സ്പീക്കിംഗിലെ താന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രം അണിഞ്ഞ ഷര്‍ട്ട് സംവിധായകരില്‍ ഒരാളായ ലാലിന്റേതായിരുന്നെന്ന് വിജയരാഘവന്‍. ജെല്ലൊന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള തേച്ചാണ് മുടി പിറകിലേക്ക് ചീകി വച്ചതെന്നും അദ്ദേഹം പറയുന്നു. ഇതുള്‍പ്പെടെ താന്‍ അഭിനയിച്ചവയില്‍ എക്കാലത്തെയും പ്രിയ കഥാപാത്രത്തിന്റെ മേക്കോവറിനെ സംബന്ധിച്ച രസകരമായ വസ്തുതകള്‍ മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ പറയുന്നത്. 30 വര്‍ഷത്തിന് ശേഷം റാംജിറാവ് എന്ന കഥാപാത്രം സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന മാസ്‌ക് എന്ന ചിത്രത്തിലൂടെ.

“ജെല്ലൊന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള മുടിയില്‍ തേച്ചാണ് മുടി പിറകോട്ട് ചീകിവച്ചത്. മുഖത്തിന് വലുപ്പം കൂട്ടാനായി മുന്‍വശത്തെ മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി. മീശയും കൃതാവും താഴോട്ടിറക്കാന്‍ മേക്കപ്പ്മാനോട് ആവശ്യപ്പെട്ടു. മിലിട്ടറി യൂണിഫോമിന് സമാനമായ ഷര്‍ട്ടും പാന്റുമായിരുന്നു കഥാപാത്രത്തിനായി കരുതിയിരുന്നത്. രൂപത്തോട് ചേരുന്നൊരു വസ്ത്രം നോക്കിയപ്പോഴാണ് അന്ന് സംവിധായകന്‍ ലാല്‍ ധരിച്ച ഷര്‍ട്ട് കണ്ണിലുടക്കിയത്. ലാലില്‍നിന്ന് അത് ഊരി വാങ്ങി. വലിയ ഇറക്കമുള്ള രണ്ട് പോക്കറ്റുകളെല്ലാമുള്ള ഷര്‍ട്ട് ആയിരുന്നു അത്. റാംജിറാവ് ധരിച്ച കാറലുകളുള്ള ജീന്‍സ് ക്യാമറാമാന്‍ വേണുവിന്റേതാണ്. സ്റ്റുഡിയോയ്ക്ക് തൊട്ടടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ചെയിന്‍ വാങ്ങി അരയില്‍ കെട്ടി”, വിജയരാഘവന്‍ പറയുന്നു.

കഥാപാത്രത്തിന്റേ വിചിത്രമായ പേരിനെക്കുറിച്ച് സിദ്ദിഖിനോടും ലാലിനോടും ചോദിച്ചിരുന്നെന്നും റാംജിറാവ് വലിയ പുള്ളിയാണെന്ന് മാത്രം പറഞ്ഞ് അവര്‍ ആ ചോദ്യം ചിരിച്ചുതള്ളിയെന്നും വിജയരാഘവന്‍ പറയുന്നു. റാംജിറാവിനെ പുനരവതരിപ്പിക്കുന്ന ‘മാസ്‌കി’ല്‍ ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സലിം കുമാര്‍ എന്നിവരും അഭിനയിക്കുന്നു.

ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യോമമേഖലയില്‍ ജാഗ്രത നിര്‍ദേശം. വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടേതാണ് മുന്നറിയിപ്പ്.

എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, വ്യോമത്താവളങ്ങള്‍, ഹെലിപാഡുകള്‍, ഏവിയേഷന്‍ ട്രെയിനിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് 20 ഇന സുരക്ഷാമാര്‍ഗ്ഗരേഖ നിര്‍ദേശിച്ചു. യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കുക, ടെര്‍മിനലുകള്‍ക്ക് മുന്നില്‍ പാര്‍ക്കിംഗ് നിരോധിക്കുക, യാത്രാവിമാനങ്ങള്‍ ഒഴികെയുളളവയുടെ പറക്കലിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു നിര്‍ദേശം ഉണ്ടാകുന്നതുവരെ ഇത് തുടരണമെന്നാണ് അറിയിപ്പ്.

കടല്‍ വഴി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലില്‍ കണ്ടാല്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കടല്‍ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആലപ്പുഴ: സിനിമയില്‍ കാണുന്ന പണക്കാരന്‍..ലണ്ടന്‍ മലയാളി.. ജീവിതം ആര്‍ഭാടം. സുഖകരം എന്നീങ്ങനെയുള്ള മോഹന വാഗ്ദാനങ്ങളില്‍ വീണുപോയി സ്ത്രീജനങ്ങള്‍. വിവാഹവാഗ്ദാനം നല്‍കി പീഡനവും 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പും നടത്തിയ ആര്‍ട്ടിസ്റ്റ് പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് പെരുമ്പടവ് കരിപ്പാല്‍ വടക്കേടത്തിട്ടുംകുന്നേല്‍ സൈനോജ് ശിവനെയാണ് (34) നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ സൈനോജിന്റെ വീട്ടുകാര്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.

സോഷ്യല്‍മീഡിയ വഴിയാണ് സൈനോജ് സ്ത്രീകളുമായി പരിചയം സ്ഥാപിക്കുന്നതെന്നും ഇയാളുടെ പേരില്‍ ഒട്ടേറെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിലവിലുണ്ടെന്നും പോലീസ് കണ്ടെത്തി. ഓയില്‍ പെയിന്റിങ് കലാകാരനായ സൈനോജ് ലണ്ടനിലാണെന്നും സമ്ബന്നനാണെന്നും ധരിപ്പിച്ചാണ് പരാതിക്കാരിയുമായി ബന്ധം സ്ഥാപിച്ചത്. വിവിധ സ്ഥലങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന സ്ത്രീയുടെ പരാതിയിലാണ് നടപടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൈനോജിന് കാറുകളും സ്വര്‍ണാഭരണങ്ങളും മറ്റും വാങ്ങിക്കൊടുത്തെന്നു പരാതിയില്‍ പറയുന്നു.

ഇന്ത്യന്‍ വിങ് കമാണ്ടര്‍ അഭിനന്ദ് വര്‍ദ്ധമാന്റെ അഭിമാന വാര്‍ത്തകളാണ് എവിടേയും. അതിനിടെ അഭിനന്ദ് പാകിസ്ഥാനെ മാത്രമല്ല അമേരിക്കയേയും വിറപ്പിച്ചുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പാകിസ്താന്റെ എഫ് 16 വിമാനങ്ങളെ പഴഞ്ചന്‍ റഷ്യന്‍ വിമാനമാായ മിഗ് 21 ഉപയോഗിച്ച് ഇന്ത്യയുടെ അഭിനന്ദ് തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ തകര്‍ന്ന് തരിപ്പണമായത് ലോക പോലീസായ അമേരിക്കയുടെ അഹങ്കാരവും. ആഗോള ഭീകരതക്കെതിരായ പോരാട്ടത്തില്‍ സ്വയം പ്രതിരോധത്തിനായി നല്‍കിയ വിമാനം എന്തിന് ഇന്ത്യക്കെതിരെ ഉപയോഗിച്ചു എന്നതിന് പാക്കിസ്ഥാനോട് അമേരിക്ക വിശദീകരണം ചോദിച്ചു കഴിഞ്ഞു.

മറ്റൊരു രാജ്യത്തിന് എതിരെ ഈ വിമാനം ഉപയോഗിക്കുന്നതിന് അമേരിക്കന്‍ നിയമപ്രകാരം വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചതിനും ലോകത്തിന് മുന്നില്‍ നാണം കെടുത്തിയതിനും പാക്കിസ്ഥാന് എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നതാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ നിലപാട്. ഇതു സംബന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പെന്റഗണ്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. 1980ലാണ് അമേരിക്കയില്‍ നിന്നും പാക്കിസ്ഥാന്‍ എഫ് 16 യുദ്ധ വിമാനങ്ങള്‍ വാങ്ങിയത്. ഇന്ത്യയില്‍ പതിച്ച അംറാം 120 മിസൈല്‍ എഫ് 16 വിമാനത്തില്‍ മാത്രം ഘടിപ്പിക്കാവുന്നതാണ്. ഇതിന്റെ അവശിഷ്ടം അമേരിക്കക്ക് ഇതിനകം തന്നെ ഇന്ത്യ കൈമാറിയിട്ടുണ്ട്. എഫ് 16 വിമാനം ഉപയോഗിച്ചിട്ടില്ലന്ന പാക്കിസ്ഥാന്‍ വാദം പൊളിക്കുന്നതാണ് ഈ തെളിവ്. അഭിനന്ദന്‍ മിഗ് 21 മായി പിന്തുടര്‍ന്ന് വെടിവെച്ചിട്ടപ്പോള്‍ പാക്ക് അധീന കാശ്മീരിലാണ് എഫ് 16 വീണത്.

പാരച്ചൂട്ടില്‍ താഴെ ഇറങ്ങിയ സ്വന്തം വൈമാനികനെ ഇന്ത്യക്കാരനാണെന്ന് തെറ്റി ധരിച്ച് ജനക്കൂട്ടം തല്ലിക്കൊല്ലുകയും ചെയ്തു. അഭിനന്ദനെ പിടികൂടിയപ്പോള്‍ രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ആദ്യം പാക്കിസ്ഥാന്‍ പറഞ്ഞത് അവരുടെ ഈ യുദ്ധ വിമാനം കൂടി അബദ്ധത്തില്‍ ചേര്‍ത്തായിരുന്നു. എന്നാല്‍ അഭിനന്ദന്‍ വെടിവെച്ചിട്ട എഫ് 16 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചതോടെ പാക്ക് കള്ളക്കഥ പൊളിഞ്ഞടങ്ങുകയായിരുന്നു. പാക്ക് പ്രതിരോധത്തിന്റെ കരുത്തെന്ന് അഹങ്കരിച്ച എഫ് 16 വെടിവെച്ചിട്ട ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ണ്ടറെ സൈനിക അകമ്പടിയോടെ നിരുപാധികം വിട്ടു നല്‍കേണ്ട ഗതികേടാണ് പിന്നീട് പാക്കിസ്ഥാനുണ്ടായത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണിത്. 70കളില്‍ രൂപപ്പെടുത്തിയ തങ്ങളുടെ മിഗ് 21 ഇപ്പോഴും സൂപ്പറാണെന്ന് റഷ്യക്കും ഇനി തല ഉയര്‍ത്തി പറയാം.

ആക്രമണ കരുത്തില്‍ റഷ്യയുടെ മിഗ് 21 ന് മുന്നില്‍ അമേരിക്കയുടെ എഫ് 16 ചാമ്പലായത് ആയുധ വിപണിയില്‍ റഷ്യയെ സംബന്ധിച്ച് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്. വയസന്‍ യുദ്ധവിമാനം ആയാലും അത് ഇന്ത്യയുടെ കൈകളില്‍ എത്തിയാല്‍ അപകടകാരിയായി മാറുമെന്ന് തെളിയിക്കാന്‍ ഇന്ത്യക്കും കഴിഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്താണ് ഇതിലൂടെ പ്രകടമായിരിക്കുന്നത്. അതേസമയം അഭിനന്ദന്‍ വര്‍ദ്ധമാന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ഡീബ്രീഫിങ് ഇന്ന് ആരംഭിച്ചേക്കും. പാകിസ്താനില്‍ ശാരീരിക പീഡനം ഉണ്ടായില്ലെന്നും മാനസിക പീഡനമുണ്ടായെന്നും അഭിനന്ദന്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഝോത എക്‌സ്പ്രസ്സ് ഇന്ന് സര്‍വീസ് പുനരാരംഭിക്കും.

പാകിസ്ഥാനിലെ 60 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ സൈനിക ചട്ടങ്ങള്‍ പ്രകാരമുള്ള നടപടി ക്രമങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പാകിസ്ഥാനില്‍ എത്തിയത് എങ്ങനെ, അവിടെ നേരിട്ട ഉപദ്രവങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ അഭിനന്ദനെ ഉദ്യോഗസ്ഥര്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. വ്യോമസേന ഇന്റലിജന്‍സ്, ഐബി, റോ എന്നീ ഏജന്‍സികള്‍ ആണ് വിവരങ്ങള്‍ ശേഖരിക്കുക. പാകിസ്ഥാന്‍ പുറത്തു വിട്ട അഭിനന്ദന്റെ വീഡിയോ ഭീഷണിപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമായാല്‍ ജനീവ കണ്‍വന്‍ഷന്റെ ലംഘനമായി ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

അഭിനന്ദന്‍ വര്‍ദ്ധമാന്‍ പ്രതിരോധ മന്ത്രിയെയും വ്യോമസേനാ മേധാവിയെയും ഇന്നലെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദമായ പരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങള്‍ ഇല്ല. ആക്രമണത്തില്‍ മുഖത്തും ശരീരത്തിലുമുള്ള പരിക്കുകള്‍ ഭേദമാവുന്നു. അഭിനന്ദനുമായി കുടുംബാംഗങ്ങള്‍ സമയം ചെലവഴിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ നിര്‍ത്തി വെച്ചിരുന്ന സംഝോത എക്‌സ്പ്രസ്സ് ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍ പള്ളഞ്ചി പാലത്തിനടിയിൽ ദമ്പതികളെന്ന് സംശയിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തി. ഡ്രൈനേജിലാണ് 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെയും 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 9.30 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ട് വിവരം ആദൂര്‍ പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവര്‍ അഡൂര്‍ ഭാഗത്തുള്ളവരാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളോ മറ്റോ ലഭ്യമല്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് അഡൂര്‍ പള്ളെഞ്ചി പാലത്തിനടിയിലെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധന നടത്തിയാല്‍ഡ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയള്ളൂ. സമീപത്തുനിന്നും വാട്ടര്‍ ബോട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിൽനിന്നു തനിക്കു മാനസികമായ പീഡനം നേരിടേണ്ടിവന്നതായി വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ. ശാരീരികമായ ആക്രമണങ്ങൾ പാക്കിസ്ഥാനികളിൽനിന്ന് ഉണ്ടായിട്ടില്ലെന്നും അഭിനന്ദൻ പറഞ്ഞതായാണു വിവരമെന്നു ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു

അതേസമയം ഡൽഹിയിൽ ആശുപത്രിയിൽ കഴിയുന്ന അഭിനന്ദൻ വർധമാനെക്കാണാൻ പ്രതിരോധമന്ത്രി നിർ‌മലാ സീതാരാമൻ നേരിട്ടെത്തി. ആശുപത്രിയിലെത്തിയ മന്ത്രി വ്യോമസേന ഉന്നതോദ്യോഗസ്ഥർക്കൊപ്പമാണ് അഭിനന്ദനുമായി കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച രാവിലെ വ്യോമസേന മേധാവി ബി.എസ്. ധനോവയും അഭിനന്ദനെ കണ്ടിരുന്നു.

പാക്കിസ്ഥാന്റെ കസ്റ്റഡിയിലായതും തുടർന്ന് അവിടെ നടന്ന സംഭവങ്ങളും അഭിനന്ദൻ വ്യോമസേനാ മേധാവിയോടു വിവരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അഭിനന്ദ് വർധമാനെ പാക്കിസ്ഥാൻ ഇന്ത്യയ്ക്കു കൈമാറുന്നത്. തുടർന്നു വിശദമായ പരിശോധനകൾക്കായി അദ്ദേഹത്തെ ഡൽഹിയിലേക്കു കൊണ്ടുപോകുകയായിരുന്നു

RECENT POSTS
Copyright © . All rights reserved