ജപ്പാനില്‍ അപൂര്‍വ്വ ഇനത്തിലുളള മത്സ്യം ചത്തുപൊന്തിയതിനെ തുടര്‍ന്ന് ലോകാവസാനം ഉടനുണ്ടാകുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരണം. ജാപ്പനീസ് സോഷ്യല്‍ലോകത്താണ് ലോകാവസാനം ഉണ്ടാകുമെന്ന പ്രചരണം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ‘ഓര്‍ഫിഷ്’ എന്ന മത്സ്യത്തെ കടല്കരയില് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ജാപ്പനീസ് വിശ്വാസവും നാടോടി കഥകളും പ്രകാരം ഓര്‍ഫിഷ് ദുസൂചന നല്കുന്ന നിമിത്തമാണ്. ടോയാമയിലെ ഇമിസു കടല്‍തീരത്താണ് ആദ്യം നാല് മീറ്റര്‍ നീളമുളള ഓര്‍ഫിഷിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ഇതിന് പിന്നാലെ മറ്റ് ചിലയിടങ്ങളിലും മത്സ്യങ്ങളെ കണ്ടെത്തി. കഴിഞ്ഞ 10 ദിവസത്തിനിടയിലാണ് മത്സ്യങ്ങളെ കണ്ടെത്തിയത്. കടലിന് 3000ത്തില്‍ അധികം അടി താഴെ ജീവിക്കുന്ന ഈ മത്സ്യത്തെ കണ്ടാല്‍ സുനാമിയോ ഭൂമികുലുക്കമോ ഉണ്ടാകുമെന്നാണ് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നത്. ‘കടല്‍ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതനായാണ്’ ഈ മത്സ്യത്തെ ജപ്പാന്‍കാര്‍ കാണുന്നത്.
2011ല്‍ ഉണ്ടായ തൊഹോക്കു ഭൂമികുലുക്കത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരം മത്സ്യങ്ങള്‍ ചത്തുപൊന്തിയിരുന്നു. അന്ന് റിക്ടര്‍ സ്കെയിലില്‍ 9 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇഷീക്കവാ തീരത്തും മറ്റിടങ്ങളിലും ആണ് അന്ന് മത്സ്യങ്ങളെ കണ്ടെത്തിയത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂമികുലുക്കമായിരുന്നു അത്. ഭൂമികുലുക്കം 19000 പേരുടെ മരണത്തിന് ഇടയാക്കിയ സുനാമിയിലേക്കും നയിച്ചു.
ഭൂമികുലുക്കത്തിന് മുമ്പ് മൃഗങ്ങള്‍ക്ക് അപകടം മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. മൃഗങ്ങള്‍ പരിഭ്രാന്തി കാണിച്ചതിന് പിന്നാലെ പലയിടത്തും മുമ്പ് ഭൂമികുലുക്കം ഉണ്ടായിട്ടുണ്ട്. സമുദ്രത്തിന്റെ ഏറെ അടിത്തട്ടില്‍ കഴിയുന്ന ഓര്‍ഫിഷുകള്‍ക്ക് ഭൂമിയുടെ അനക്കം വളരെ നേരത്തേ തിരിച്ചറിയാന്‍ കഴിയുമെന്നും പറയപ്പെടുന്നു.
ബീഹാറിലെ വൈശാലിയിൽ സീമാഞ്ചൽ എസ്ക്പ്രസ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 3.52 ന് പാറ്റ്നയിൽനിന്നും 30 കിമോമീറ്റർ അകലെ സഹാദായി ബുസർഗിലാണ് അപകടം നടന്നത്.
ബിഹാറിലെ ജോഗ്ബാനിക്കും ഡൽഹി ആനന്ദ് വിഹാർ ടെർമിനലിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ് സീമാഞ്ചൽ എസ്ക്പ്രസ്. ട്രെയിനിന്റെ ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. ഒരു ജനറൽ കോച്ച്, ഒരു എസി കോച്ച്(B3), എന്നിവയ്ക്ക് പുറമെ ഏഴ് സ്ലീപ്പർ കോച്ചുകളും പാളം തെറ്റി.
സോൻപുരിൽനിന്നും ബരൗനിയിൽനിന്നും കൂടുതൽ മെഡിക്കൽ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് റെയിൽവെ ഹെൽപ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. സോൻപുർ: 06158221645, ഹാജിപുർ: 06224272230, ബരൗനി: 06279232222
യാത്രക്കാരന് നെഞ്ചുവേദനയെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറക്കി. എമിറേറ്റ്സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനമാണ് യാത്രക്കാരന് ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറക്കിയത്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജക്കാര്‍ത്ത സ്വദേശിയായ യാത്രക്കാരനാണ് ഹൃദയാഘാതമുണ്ടായത്.
കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പു കേസില്‍ അധോലോക നായകന് രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് ഇന്റര്‍പോളിന് കത്തയച്ചു. നടി ലീന മരിയ പോളിന്റെ കൊച്ചി, പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവെയ്പിനു പിന്നില്‍ രവി പൂജാരിയാണെന്ന് വ്യക്തമായിരുന്നു. രവി പൂജാരിയെ പിടികൂടിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഇത് രണ്ടാം തവണയാണ് കേരള പോലീസ് ഇക്കാര്യത്തില്‍ ഇന്റര്‍പോളിനെ സമീപിക്കുന്നത്.
അധോലോക കുറ്റവാളി രവി പൂജാരി കഴിഞ്ഞ ദിവസം സെനഗലില്‍ നിന്ന് ഇന്റര്‍പോളിന്റെ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഏത് കേസിലാണ്, എപ്പോഴാണ് ഇയാള്‍ പിടിയിലായത് തുടങ്ങിയ കാര്യങ്ങളില്‍ സ്ഥിരീകരണം നല്‍കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളുരു പോലീസ് നല്‍കിയിരിക്കുന്ന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ബെംഗളുരു പോലീസിനെ കേരള പോലീസ് സമീപിച്ചിരുന്നു.
നിലവില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ മൂന്നാംപ്രതിയാണ് രവി പൂജാരി. അതുകൊണ്ട് തന്നെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നതാണ് പോലീസിന്റെ ആവശ്യം. അതേ സമയം ഇന്റര്‍പോളില്‍ നിന്നും രേഖാമൂലം പിടിയിലായതായുള്ള സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ കേസില്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ.
ചെന്നൈ: തമിഴ് നടന് രജനിയുടെ തലൈവനെന്ന് വിളിച്ച് പിന്നാലെ നടക്കുന്നവരെ തിരുത്താനാവില്ല, കൊല്ലുകയാണ് വേണ്ടതെന്ന് സംവിധായകന് നാം തമിഴര്‍ കച്ചി നേതാവുമായി സീമാന്‍. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ മുന്‍പും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് സീമാന്‍. രജനി തമിഴകത്തിന്റെ നേതാവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തമിഴ് പോലുമല്ലെന്നുമാണ് സീമാന്റെ വാദം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രജനി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സീമാന്റെ വിവാദ പരാമര്‍ശം.
വിഷയത്തോട് രജനികാന്ത് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നടന് രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും കൊന്നുകളയുകയാണ് വേണ്ടത്. സിനിമാകൊട്ടകയില്‍മാത്രമാണ് നടന്മാര് നേതാക്കളാകുന്നത്. രജനീകാന്തിനെപ്പോലെയുള്ളവരെ നേതാവെന്നു വിളിച്ചാല്‍ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും സീമാന്‍ ചോദിച്ചു. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘ടീസര്‍’ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് സീമാന്റെ വിവാദ പരാമര്‍ശങ്ങള്‍.
രജനികാന്ത് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ താരം ഇക്കാര്യം നിഷേധിച്ചു. തമിഴ്നാട്ടില്‍ ബി.ജെ.പി വിരുദ്ധ വികാരം വര്‍ധിക്കുന്നതിനാല്‍ രജനി അത്തരമൊരു നീക്കം നടത്തില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം കേരളത്തില്‍ മോഹന്‍ലാലിനെയും തമിഴ്നാട്ടില്‍ രജനികാന്തിനെയും ഇറക്കാന്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രജനിയെ ഇക്കാര്യം നേരിട്ടറിയിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു.
പ്രതിദിനം 17 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന മോദിസര്‍ക്കാരിന്റെ പ്രഖ്യാപനം പരിഹാസ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം.
‘അജ്ഞതയും ധിക്കാരവും നിറഞ്ഞ ഭരണത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകരുടെ ജീവിതം തകര്‍ത്തുതരിപ്പണമാക്കിയ മോദി സര്‍ക്കാര്‍, പ്രതിദിനം 17 രൂപ വീതം നല്‍കുന്നത് അവരുടെ ജോലിയെയും ആത്മാഭിമാനത്തെയും പരിഹസിക്കുന്ന നടപടിയാണ്.’
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ധനമന്ത്രി കൂടിയായ പി.ചിദംബരം, ശശി തരൂര്‍ എംപി തുടങ്ങിയവരും ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി.
നാലു വര്‍ഷമായ ധനകമ്മി ടാര്‍ഗെറ്റ് നേടാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഉദാരമായ പുതിയ ബജറ്റ് വരുന്ന സാമ്പത്തിക വര്‍ഷത്തെ ധനകമ്മി വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ റേറ്റിങ്ങ് ഏജന്‍സി മൂഡീസും ചൂണ്ടിക്കാട്ടി. ബജറ്റില്‍ ചിലവ് കൂടുതലാണെന്നും, വരുമാനം ഉണ്ടാക്കുന്ന പുതിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നും മൂഡീസ് നിരീക്ഷിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി നിലവിലെ ധനകമ്മി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2020 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ടാര്‍ഗെറ്റ് പരിഹരിക്കാന്‍ മോദി സര്‍ക്കാറിന് ഏറെ വെല്ലുവിളികളുണ്ടാവും. ഇടക്കാല ബജറ്റിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി ഏജന്‍സി പറഞ്ഞു.
മധ്യവര്‍ഗം മുതല്‍ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് സഹായിക്കുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്ത് പുത്തന്‍ മധ്യവര്‍ഗം ഉദയം ചെയ്യുകയാണെന്നും മോദി വ്യക്തമാക്കി.
‘കര്‍ഷകര്‍ക്കായി മുന്‍ സര്‍ക്കാരുകള്‍ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, രണ്ടോ മൂന്നോ കോടി കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. എന്നാല്‍ കിസാന്‍ സമ്മാന്‍ നിധിയിലൂടെ 12 കോടി കര്‍ഷകര്‍ക്കാണ് ഗുണഫലം ലഭിക്കാന്‍ പോകുന്നത്. അതുപോലെ തന്നെയാണ് നികുതി ദായകരുടെ കാര്യവും.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നികുതി നല്‍കിവരുന്ന മധ്യ- വരേണ്യ വര്‍ഗക്കാര്‍ നാടിന്റെ അഭിമാനമാണ്. അവരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു അഞ്ച് ലക്ഷം വരെയുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നത്. സര്‍ക്കാര്‍ അത് നടപ്പിലാക്കിയെന്നും’ മോദി പറഞ്ഞു.
മധ്യവര്‍ഗത്തേയും കര്‍ഷകരേയും ലക്ഷ്യമിട്ട് രണ്ട് പദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മധ്യവര്‍ഗക്കാര്‍ക്ക് ആദായ നികുതി പരിധിയില്‍ ഇളവ് അനുവദിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വരുമാനം നല്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.
ഡിസംബര്‍ മാസം മുന്‍കാല പ്രാബല്യം കണക്കാക്കി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ വീതം നിക്ഷേപിക്കും എന്നതായിരുന്നു ധനമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി. രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക. കര്‍ഷകരുടെ പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു ഇവരുടെ അക്കൗണ്ടിലേക്കെത്തും.
16 കാരിയായ അഞ്ജന എന്ന പെണ്‍കുട്ടി അതിക്രുരമായി കൊല്ലപ്പെട്ട സംഭവത്തിലേക്കാണ് ദുരഭിമാനകൊലയുടെ ഇരുള് പരക്കുന്നത്. കുടുംബാംഗങ്ങള്‍ തന്നെയാണോ ഇതിന് പിന്നിലെന്ന സംശയത്തെ തുടര്‍ന്ന് മാതാപിതാക്കളും ഒരു ബന്ധുവും അറസ്റ്റിലായെങ്കിലും അന്വേഷണം നീളുകയാണ്.
യുവതിയെ ആസിഡില്‍ മുക്കിയ ശേഷം തല വെട്ടിക്കളയുകയും മാറിടങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തും മുമ്ബ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് സംശയം. ഡിസംബര്‍ 28 ന് കാണാതായ അഞ്ജനയുടെ മൃതദേഹം ഞായറാഴ്ച വീടിന് സമീപത്ത് നിന്നും വികൃതമാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മകള്‍ ബലാത്സംഗത്തിനും ഇരയായി എന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്ത് വന്നത്. കാണാതായ ദിവസം പിതാവ് കുടുംബസുഹൃത്തായ മറ്റൊരാള്‍ക്കൊപ്പം അയച്ചതായി മാതാവും സഹോദരിയും വെളിപ്പെടുത്തി.
ഇത് ദുരഭിമാന കൊലയാണോ മാതാപിതാക്കളുടെ അറിവോടെ നടന്നതാണോ എന്ന സംശയം ഉയരുന്നുണ്ട്. കാരണം 28 നാണ് മകളെ കാണാതായതെങ്കിലും പിതാവ് പോലീസില്‍ പരാതി നല്‍കിയത് ജനുവരി 6 ന് മാത്രമാണ്. ഒരാഴ്ചയോളം വീട്ടുകാര്‍ കാത്തിരുന്നു എന്നതാണ് സംശയാസ്പദമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവം ഗയയില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരിക്കുകയാണ്. സേവ് അഞ്ജന എന്ന ഒരു പ്രചരണവും ശക്തമായി. ക്രൂരതയില്‍ പ്രതിഷേധിച്ച് കുറ്റവാളികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അനേകരാണ് ഗയയിലെ തെരുവുകളില്‍ എത്തിയത്.
ഇന്ത്യയിലെ മീ ടൂ മൂവ്മെന്റിന്റെ നേതാവ് ഋതുപര്‍ണ്ണ ചാറ്റര്‍ജി സംഭവം പ്രധാനമന്ത്രിയുടേയും പ്രാദേശിക നേതാക്കളുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മകള്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടെന്ന ആരോപണം ഉയര്‍ത്തി മാതാപിതാക്കള്‍ രംഗത്ത് വന്ന ബീഹാറിലെ ഗയയെ ആകെമാനം ഞെട്ടിച്ച കൊലപാതകത്തിന് പിന്നല് ദുരഭിമാന കൊലയെന്ന് സംശയം.
പനമ്പള്ളി നഗറിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശികളായ ലൂതർബെന്‍, ജോൺപോള്‍, ആന്റണി എന്നിവർ പാലക്കാട് നിന്നാണ് പൊലീസ് പിടിയിലായത്. പനമ്പള്ളി നഗറിലെ കൊച്ചിൻ ഷിപ്പ് യാർഡ് കെട്ടിടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യമറയില്‍ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
വിനീത് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വർഷങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്കിൽ ഒരു കമന്റ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരിട്ട് കണ്ടപ്പോൾ വിനീതിനെ മർദ്ദിച്ചു ബലമായി ഇവർ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ വിനീത് കാറിൽ നിന്നും ചാടിയതോടെ പ്രതികൾ കാറിന്റെ വേഗത കൂട്ടുകയും തുടർന്ന് മുന്പില് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന തോമസിന്റെ തലയ്ക്ക് മുകളിലൂടെ കാർ കയറിയിറങ്ങുകയുമായിരുന്നു.
ചരിത്രം കുറിക്കുന്ന സന്ദർശനത്തിനു ഫ്രാൻസിസ് മാർപാപ്പ നാളെ അബുദാബിയിലെത്തും. ത്രിദിന യുഎഇ സന്ദർശനത്തിനായി നാളെ ഉച്ചയ്ക്കു പ്രത്യേക വിമാനത്തിൽ റോമിൽ നിന്നു പുറപ്പെടുന്ന മാർപാപ്പയും വത്തിക്കാനിലെ ഉന്നതസംഘവും രാത്രിയോടെ അബുദാബിയിലെത്തും. ഗൾഫ് മേഖലയിലെ ഏതെങ്കിലുമൊരു മുസ്ലിം രാജ്യത്ത് ഒരു മാർപാപ്പ ഒൗദ്യോഗിക സന്ദർശനം നടത്തുന്നത് ആദ്യമായാണ്.
ചരിത്രപരമായ അപ്പസ്തോലിക ചരിത്രസന്ദർശനത്തിനു സാക്ഷിയാകാൻ കേരളത്തിലെ കർദിനാൾമാരും. ലക്ഷക്കണക്കിന് കത്തോലിക്കാ വിശ്വാസികളും പൊതുസമൂഹവും അനേക വർഷങ്ങളായി ആഗ്രഹിച്ച മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു കേന്ദ്രത്തിലെ ബിജെപി സർക്കാർ സാങ്കേതികത്വം നിരത്തി തടയിട്ട സാഹചര്യത്തിലാണ്, ഇന്ത്യക്കാരായ ലക്ഷക്കണക്കിനു വിശ്വാസികളുള്ള ഗൾഫ് രാജ്യത്ത് മാർപാപ്പയെത്തുന്നത്.
റോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ മാർപാപ്പയെ വരവേൽക്കാനായി ഇന്ന് അബുദാബിയിലെത്തും. യുഎഇയിലെത്തുന്ന കർദിനാൾമാരെ വിശ്വാസിസമൂഹം സ്വീകരിക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ തിങ്കളാഴ്ചത്തെ മതാന്തര സമ്മേളനത്തിലും ചൊവ്വാഴ്ച രാവിലെ നടക്കുന്ന ദിവ്യബലിയിലും കർദിനാൾമാർ പങ്കെടുക്കും. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തിന്റെ ആഭിമുഖ്യത്തിൽ മാർപാപ്പയുടെ പ്രഥമ അറബ് സന്ദർശനം വിജയകരമാക്കുന്നതിൽ മലയാളീസമൂഹം സജീവമായി പങ്കാളികളാകുന്നതിൽ അഭിമാനമുണ്ടെന്ന് കർദിനാൾമാരായ മാർ ആലഞ്ചേരിയും മാർ ക്ലീമിസ് ബാവയും ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച വരെ നീളുന്ന ഒൗദ്യോഗിക സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് തിങ്കളാഴ്ച രാവിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഉന്നതതല സ്വീകരണം നൽകും. ത്രിദിന സന്ദർശനം സുപ്രധാനവും ചരിത്രപ്രധാനവുമാണെന്നു വത്തിക്കാനും യുഎഇയും അറിയിച്ചു.
മതസൗഹാർദത്തിനും ലോകസമാധാനത്തിനുമുള്ള നിർണായക ചുവടുവയ്പാണു ഫ്രാൻസിസ് പാപ്പായുടെ യുഎഇ സന്ദർശനമെന്നു ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാർ ബിഷപ് ഡോ. പോൾ ഹിൻഡർ ഒഎഫ്എം പറഞ്ഞു. വിവിധ മതവിശ്വാസികളും അല്ലാത്തവരുമായ എല്ലാവരും പരസ്പരം അംഗീകരിച്ചു സഹവർത്തിത്വത്തോടെ ജീവിക്കണമെന്ന സന്ദേശമാണു പാപ്പായുടെ സന്ദർശനം നൽകുന്നതെന്നു വത്തിക്കാൻ വ്യക്തമാക്കി.
ആഗോള സമാധാനനായകനായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം യുഎഇക്ക് ആദരമാണെന്ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ പ്രതികരിച്ചു. നാനാത്വങ്ങളെ സ്വാഗതം ചെയ്യുന്നവരാണ് വത്തിക്കാനും യുഎഇയും. യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സഈദ് അൽ നഹ്യാൻ സഹിഷ്ണുതാവർഷമായി 2019 പ്രഖ്യാപിച്ചതിന്റെ പൂർത്തീകരണം കൂടിയായാണു മാർപാപ്പയുടെ വരവിനെ യുഎഇ കാണുന്നത്.
തിങ്കളാഴ്ച വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ മാർപാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാൻഡ് മോസ്കും ഫ്രാൻസിസ് പാപ്പാ സന്ദർശിക്കും. മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി അവിടെ മാർപാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച രാവിലെ 10.30ന് അബുദാബി സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യബലിയും പ്രസംഗവും. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തുന്നവർക്ക് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവ്യബലിക്കായി എത്തുന്നവർക്ക് സൗജന്യ യാത്ര അടക്കമുള്ള സൗകര്യങ്ങളാണ് യുഎഇ ഏർപ്പെടുത്തിയിട്ടുള്ളത്.
മാർപാപ്പയുടെ യുഎഇ സന്ദർശന പരിപാടി
ഞായർ: ഉച്ചയ്ക്ക് 1.00: റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തിൽനിന്ന് പ്രത്യേക പേപ്പൽ വിമാനത്തിൽ യാത്ര പുറപ്പെടുന്നു.
രാത്രി 10.00: അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സ്വീകരണം. തുടർന്നു വിശ്രമം.
തിങ്കൾ: ഉച്ചയ്ക്ക് 12.00: പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഒൗദ്യോഗിക സ്വീകരണം.
12.20: കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനുമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ചർച്ച.
വൈകുന്നേരം 5.00: അബുദാബി ഗ്രാൻഡ് മോസ്കിൽ മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി ചർച്ച.
വൈകുന്നേരം 6.10: ഫൗണ്ടേ ഴ്സ് മെമ്മോറിയലിൽ മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണം.
ചൊവ്വ: രാവിലെ 9.15: അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ സന്ദർശനം.
രാവിലെ 10.30: സഈദ് സ്പോർട്സ് സിറ്റിയിൽ മാർപാപ്പയുടെ ദിവ്യബലിയും സന്ദേശവും.
ഉച്ചയ്ക്ക് 1.00: റോമിലേക്കു മടക്കം.
വൈകുന്നേരം 5.00: റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തും.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് രാജ്യത്തിന്റെ മുഴുവൻ വെറുപ്പ് സമ്പാദിച്ചിരിക്കുകയാണ് ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ. വിവാദങ്ങളുടെ പേരിൽ അറിപ്പെടുന്ന നേതാവാണ് പൂജ ശകുന്‍ പാണ്ഡെ. നാഥൂറാം ഗോഡ്സെയെക്ക് മുൻപേ ജനിച്ചിരുന്നെങ്കില്‍ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്റെ കെെകള്‍ കൊണ്ട് കൊലപ്പെടുത്തുമായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി നേരത്തെ വാർത്തകളിൽ പൂജ പാണ്ഡെ ഇടം പിടിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇനി ഗാന്ധിയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വെടിവെച്ച് കൊല്ലുമെന്ന് ഇവർ അന്ന് പറഞ്ഞിരുന്നു.
ഹിന്ദു സഭ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യത്തെ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജിയുമാണ് പൂജ ശകുന്‍ പാണ്ഡെ. ഗണിതത്തിൽ എംഫിലും പിഎച്ച്ഡിയുമുണ്ടെന്നാണ് ഇവരുടെ വാദം. പ്രൊഫസറാണെന്ന് അവകാശപ്പെടുന്ന പുജ തന്റെ മറ്റൊരു പേരായി ഫെയ്സ്ബുക്കിൽ ചേര്‍ത്തിരിക്കുന്നത് ‘മഹാന്ത് മാ പൂജാനന്ദ് ഗിരി’ എന്നാണ്. പ്രതീകാത്മക ഗാന്ധിവധം നടത്തിയതിന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ പൂജ പാണ്ഡെയുടെ ഭർത്താവ് അശോകും ഉണ്ട്.
അങ്ങേയറ്റത്തെ വർഗീയത നിറഞ്ഞ പ്രസ്താവനകളുടെ പേരിൽ ദേശീയ മാധ്യമങ്ങളിൽ പല വട്ടം ഇടം പിടിക്കാറുണ്ട് ഇവർ. മുത്തലാഖ് ബിൽ ചർച്ച നടന്നപ്പോൾ മുസ്ലിം സ്ത്രീകൾ മതംമാറി ഹിന്ദുക്കളാകണമെന്ന് പൂജ പ്രസ്താവിച്ചു. ഇങ്ങനെ മാത്രമേ നീതിനിഷേധത്തിൽ നിന്നും രക്ഷപ്പെടാനാകൂ എന്നവർ പറഞ്ഞു. സർക്കാരിനും കോടതിക്കും നിങ്ങൾക്ക് നീതി നൽകാനാകുന്നില്ലെങ്കിൽ ഞങ്ങൾ നൽകുമെന്നും പൂജ വിശദീകരിച്ചു.
ശരീഅത്ത് കോടതികളെ മാതൃകയാക്കി ഹിന്ദുമതത്തിലും കോടതികൾ ആവശ്യമാണെന്ന് നിലപാടിലാണ് ഹിന്ദു മഹാസഭ ഹിന്ദു കോടതി പ്രാവർത്തികമാക്കിയത്. 2018 ഓഗസ്റ്റിൽ ഹിന്ദു കോടതി സ്ഥാപിച്ച് അതിൽ ആദ്യത്തെ ചീഫ് ജസ്റ്റിസ്സായി പൂജ പാണ്ഡെ സ്ഥാനമേറ്റു. മീററ്റിലെ ശാരദ റോഡിലുള്ള ഹിന്ദു മഹാസഭാ ഓഫീസിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. ഭരണകൂടത്തെ വെല്ലുവിളിച്ച ഹിന്ദു മഹാസഭാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം അന്ന് ആവശ്യപ്പെട്ടെങ്കിലും യോഗി ആദിത്യനാഥ് വിഷയത്തിൽ മൗനം പാലിച്ചു.