Latest News

ആലപ്പുഴ അമ്പലപ്പുഴയിൽ പീഡനത്തെതുടർന്നു മൂന്ന് പ്ലസ്‌വൺ വിദ്യാർഥിനികൾ ക്ലാസുമുറിയിൽ വിഷംകഴിച്ചു മരിച്ച കേസിലെ രണ്ടുപ്രതികളെയും കോടതി വെറുതെ വിട്ടു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പെണ്‍കുട്ടികളുടെ സഹപാഠികളായിരുന്ന യുവാക്കളെ കുറ്റവിമുക്തരാക്കിയത്. പീഡനം നടന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല

2008 നവംബര്‍ ഏഴിനായിരുന്നു സ്കൂളിലെ ക്ലാസുമുറിയില്‍ കൂട്ടമരണം നടന്നത്. ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സഹപാഠികൾ ബ്ലാക്ക്മെയിൽ ചെയ്തതാണ് ആത്മഹത്യയ്ക്കു കാരണമെന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പെൺകുട്ടികളുടെ സഹപാഠികളായ അമ്പലപ്പുഴ സ്വദേശികളായ ഷാനവാസ് (19), സൗഫർ (20) എന്നിവരെ പ്രതിചേര്‍ത്തായിരുന്നു കേസ് അന്വേഷണം. മരിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് ഷാനവാസുമായി പ്രണയമുണ്ടായിരുന്നു. ഇത് മുതലെടുത്ത് ആലപ്പുഴ ബീച്ചിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ചു പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാല്‍ പ്രസ്തുത ദിവസം പെണ്‍കുട്ടികള്‍ ബീച്ചിലെത്തിയതിന് തെളിവ് നല്‍കാനായില്ല.

പ്രതികള്‍ ഇരുവരും അന്നേദിവസം വ്യത്യസ്ത ഇടങ്ങളിലായിരുന്നെന്ന് പ്രതിഭാഗം അഭിഭാഷകന്‍ തെളിയിക്കുകയും ചെയ്തു. 107 സാക്ഷികളില്‍ 87പേരെ കോടതി വിസ്തരിച്ചു. 91 രേഖകളും ഹാജരാക്കി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈബ്രാഞ്ചിന്റെ പ്രത്യേക സംഘവും അന്വേഷിച്ച കേസില്‍ കൂട്ട ബലാല്‍സംഘം, ആത്മഹത്യാപ്രേരണ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. 2008 നവംബർ 17നാണു പതിനേഴു കാരികളായ മൂന്നുപെൺകുട്ടികളും അമ്പലപ്പുഴയിലെ സ്വന്തം സ്കൂളിലെ ക്ലാസുമുറിയില്‍ വിഷംകഴിച്ചു മരിച്ചത്.

പ്രളയകാലത്ത് കൈയ്മെയ് മറന്നിറങ്ങി രക്ഷാപ്രവർത്തന രംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്ന നടനാണ് ടൊവീനോ. പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയായിരുന്നു ഇതെന്ന് വിമർശനമുയര്‍ന്നെങ്കിലും പലരും ആ നല്ല മനസിന് കയ്യടിച്ചു. പ്രളയകാലത്തെ ടൊവീനോയുടെ ഇടപെട‌ലിനെ നർമരസത്തോടെ അവകരിപ്പിച്ചിരിക്കുകയാണ് നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി.

പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലർ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന ടൊവീനോ പൊട്ടിച്ചിരിച്ചു, പിന്നെ പ്രതികരിച്ചു.
ഇത്തരം വിമർശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക എന്ന പിഷാരടിയുടെ ചോദ്യത്തിന് അത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകുന്ന കാര്യമാണെന്നായിരുന്നു ടൊവീനോ മറുപടി പറഞ്ഞത്. നോക്കിനിൽക്കുമ്പോളാണ് വെള്ളം ഉയർന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയിൽ എന്തു സിനിമ? എന്തു പ്രൊമോഷന്‍?” ടൊവീനോ വിഡിയോയിൽ പറയുന്നു.

 

കൊച്ചിയില്‍ ആളെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ച കാര്‍ ഇടിപ്പിച്ച് ബൈക്ക് യാത്രികനെ കൊന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ചൊവ്വാഴ്ച പനമ്പിളളി നഗറിനടുത്ത് കൊച്ചി ഷിപ്്യാര്‍ഡിന്‍റെ പുതിയ കെട്ടിടത്തിനു സമീപം പൊലീസിന്‍റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ അരങ്ങേറിയ ദാരുണ കൊലപാതകത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

തട്ടിക്കൊണ്ടു പോകപ്പെട്ട വിനീത് പൊലീസിനെ കണ്ട് കാറില്‍ നിന്ന് ചാടുന്നതും വിനീത് ചാടിയതിനു പിന്നാലെ കാര്‍ അമിത വേഗത്തില്‍ മുന്നോട്ട് പായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ പാച്ചിലിനിടെയാണ് കാറിനു മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു താഴെയിട്ട ശേഷം ശരീരത്തിലൂടെ കാറിടിച്ചു കയറ്റുന്നത്.

ബൈക്ക് യാത്രികനായ കുമ്പളങ്ങി സ്വദേശി തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് ജീവന്‍ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജോണ്‍ പോള്‍,ലൂതര്‍ ബെന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണത്തിനു വേണ്ടി പെരുമ്പാവൂര്‍ സ്വദേശി വിനീതിനെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിനീത് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദാരുണമായ കൊലപാതകം.

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സൂചന. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് രവി പൂജാരിയെ അറസ്റ്റ് ചെയ്തെന്നാണ് വിവരം. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്‍റെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ക്കുകയും ഭീഷണിമുഴക്കുകയും ചെയ്തതിന് രവി പൂജാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റിലെന്നാണ് വിവരം.

മുബൈയിലെ ചെമ്പൂരിൽ ഉദയം കൊണ്ടു രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജൻ സംഘാംഗമാണു പൂജാരിയെ സംഘത്തിലേക്കാനയിച്ചത്. 1990ൽ സഹാറിൽ ബാലാ സൽട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെയാണു പൂജാരി മാധ്യമ ശ്രദ്ധ നേടുന്നത്. തുടർന്നു ഹോട്ടൽ ഉടമകളിൽ നിന്നു ഹഫ്‌ത പിരിവു പതിവാക്കിയ പൂജാരി 2000ൽ ഛോട്ടാരാജൻ ബാങ്കോക്കിൽ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്‌തനായ ഛോട്ടാ ഷക്കീലുമായി ചേർന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു പിന്നീടിങ്ങോട്ടുള്ള പ്രവർത്തനങ്ങൾ.

2007ൽ ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ടിനെയും 2009ൽ നിർമാതാവ് രവികപൂറിനെയും ഇവരുടെ സിനിമയുടെ കഥയെച്ചൊല്ലി ഭീഷണിപ്പെടുത്തിയ പൂജാരി, ഈ വർഷം ഏപ്രിലിൽ മുതിർന്ന അഭിഭാഷകൻ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തിയിരുന്നു. ചതിയന്മാരും കുബുദ്ധികളുമായവർക്കു നിയമ സഹായം ചെയ്യരുതെന്നായിരുന്നു അഭിഭാഷകനു കത്തു വഴി വന്ന ഭീഷണി.

പൂജാരിയുടെ നേതാവായിരുന്ന ഛോട്ടാ രാജന്റെ വീഴ്‌ച 2000ലെ ബാങ്കോക്ക് ആക്രമണത്തോടെയാരംഭിച്ചിരുന്നെങ്കിലും അടുത്തിടെ രാജൻ സംഘാംഗങ്ങളെ കൂട്ടത്തോടെ പൊലീസ് അറസ്‌റ്റ് ചെയ്‌തത് സംഘത്തെ തളർത്തി. സംഘാംഗങ്ങളായ അശോക് സാതാർഡേക്കർ, പോൾസൺ ജോസഫ്, ജഗദീഷ് ബെൽനേക്കർ, രമേശ് പവാർ, ചിന്താമൻ ബേലേകർ എന്നിവരെ മുൻപ് ചെമ്പൂർ തിലക് നഗർ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ടൈംസ് നൗ നടത്തിയ അഭിപ്രായസര്‍വെ പ്രവചനം. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. അതേസമയം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിയേക്കാളും 100ലധികം സീറ്റുകള്‍ എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സര്‍വ്വേ പറയുന്നു. പതിവിലും വിപരീതമായി മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ 144 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ പ്രവചിരിക്കുന്നത്.

എന്‍ഡിഎ സഖ്യം ആകെ 252 സീറ്റ് നേടാനാണ് സാധ്യത. ഇത് വലിയ തിരിച്ചടി നല്‍കുന്നതാണെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് അധികാരം പിടിക്കാന്‍ ബി.ജെ.പിക്ക് 252 സീറ്റുകള്‍ ധാരാളമാണ്. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 147 സീറ്റും മറ്റുള്ളവര്‍ക്ക് 144 സീറ്റും ലഭിക്കുമെന്ന് സര്‍വെ ഫലം പറയുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഫലം കാണില്ലെന്നാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാകുമെന്നാണ് പ്രവചനം. 16 സീറ്റുകളില്‍ യു.ഡി.എഫിന് സാധ്യത കല്‍പ്പിക്കുന്ന സര്‍വ്വെ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും പറയുന്നു. വെറും മൂന്ന് സീറ്റുകളിലാണ് എല്‍.ഡി.എഫിന് സാധ്യതയെന്നാണ് സര്‍വ്വെ.

സര്‍വെ പ്രകാരം പ്രധാന സംസ്ഥാനങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യതകള്‍

ഉത്തര്‍ പ്രദേശ് (80 സീറ്റ്): എസ്പി-ബിഎസ്പി മഹാസഖ്യം 51, എന്‍ഡിഎ 27, യുപിഎ 2, മറ്റുള്ളവര്‍ 0

മഹാരാഷ്ട്ര (48 സീറ്റ്): എന്‍ഡിഎ 43, യുപിഎ 5, മറ്റുള്ളവര്‍ 0

പശ്ചിമ ബംഗാള്‍ (42 സീറ്റ്): ടിഎംസി 32,എന്‍ഡിഎ 9, യുപിഎ 1, മറ്റുള്ളവര്‍ 0

ബീഹാര്‍ (40 സീറ്റ്): എന്‍ഡിഎ 25, യുപിഎ 15, മറ്റുള്ളവര്‍ 0

തമിഴ്നാട് (39 സീറ്റ്): യുപിഎ 35, എഐഎഡിഎംകെ 4, എഡിഎ ഒരു സീറ്റും നേടില്ല എന്നാണ് സര്‍വെ ഫലം

മധ്യപ്രദേശ് (29 സീറ്റ്): എന്‍ഡിഎ 23, യുപിഎ 6, ബിഎസ്പിയും മറ്റുള്ളവരും 0

കര്‍ണാടക (28 സീറ്റ്): യുപിഎയും എന്‍ഡിഎയും 14 സീറ്റ് വീതം നേടി തുല്യനില നേടുമെന്ന് സര്‍വെ സൂചന

ആന്ധ്രപ്രദേശ് (25 സീറ്റ്): വൈഎസ്ആര്‍സിപി 23, ടിഡിപി 2. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും എന്‍ഡിയ്ക്കും തിരഞ്ഞെടുപ്പ് വന്‍നഷ്ടമായിരിക്കുമെന്നാണ് പ്രവചനം

രാജസ്ഥാന്‍ (25 സീറ്റ്): എന്‍ഡിഎ 17, യുപിഎ 8, ബിഎസ്പിയും മറ്റുള്ളവരും 0

ഒഡിഷ (21 സീറ്റ്): എന്‍ഡിഎ 13, ബിജെഡി 8, യുപിഎയും മറ്റുള്ളവരും 0

കേരളം (20 സീറ്റ്): യുഡിഎഫ് 16, എല്‍ഡിഎഫ് 3, എന്‍ഡിഎ 1

രണ്ടാമത്തെ ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെ പി.ജെ ജോസഫ് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കാളിയായി പി.സി ജോര്‍ജ് എംഎല്‍എയും. സമാധാനസന്ദേശമെന്ന പേരില്‍ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ബാനറിലാണ് ജോസഫ് പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നത്.

ജോര്‍ജിനെ കൂടാത കേരള കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പ് പക്ഷക്കാരായ കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ്, തോമസ് ഉണ്ണിയാടന്‍, സി.എഫ് തോമസ് എംഎല്‍എ എന്നിവരും പ്രാര്‍ത്ഥനാ യജ്ഞത്തിന് പിന്തുണയുമായി വേദിയിലെത്തി.

ജോസഫ് ഗ്രൂപ്പുകാരായ മോന്‍സ് ജോസഫ് എംഎല്‍എ, ടി.യു കുരുവിള അടക്കമുള്ള നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ്.കെ മാണി കേരള യാത്ര നടത്തുമ്പോള്‍ തന്നെയാണ് ജോസഫ് ഈ പരിപാടി തലസ്ഥാനത്ത് സംഘടിപ്പിച്ചത്.
കേരളാ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ജോര്‍ജും ജോസഫും ഒരേ വേദി പങ്കിട്ടിരിക്കുന്നതിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഇടുക്കി, ചാലക്കുടി സീറ്റികളിലേതെങ്കിലുമൊന്ന് കൂടി പാര്‍ട്ടി ആവശ്യപ്പെടണമെന്നാണ് ജോസഫിന്റെ ആവശ്യം. ഇതിനോട് മാണി അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, പാര്‍ട്ടി വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുമെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധികോലത്തിലേക്ക് വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ നേതാവ്. അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിച്ചത്.അതേസമയം ഗാന്ധിജിയുടെ കൊലപാതകി നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ നേതാക്കള്‍ ഹാരാര്‍പ്പണം ചെയ്തു.തുടർന്ന് മധുര വിതരണവും നടത്തി.

ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ താന്‍ കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. രാജ്യത്ത് ഇനി ആരെങ്കിലും ഗാന്ധിജിയെ പോലെ ആവാന്‍ ശ്രമിച്ചാല്‍ അവരെ താന്‍ കൊല്ലുമെന്നും പാണ്ഡെ പറഞ്ഞിരുന്നു.

ദേശീയപാതയിൽ പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപം ബൈക്ക് യാത്രികരായിരുന്ന സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ ലോറി തിരുച്ചിറപ്പള്ളിയിൽ നിന്നു പിടികൂടി. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി പൊന്നി നഗർ രമേശൻ(45) അറസ്റ്റിൽ. കഴിഞ്ഞ 10ന് പുലർച്ചെയുണ്ടായ അപകടത്തിൽ ചേർത്തല തൈക്കൽ വെളിംപറമ്പിൽ ദാസന്റെ മക്കളായ അജേഷ് (37), അനീഷ് (35) എന്നിവരാണ് മരിച്ചത്. തിരുച്ചിറപ്പള്ളിയിൽ നിന്നും ചേർത്തലയിലെ വളവനാട്ടേക്കു സിമന്റുമായി വന്നതായിരുന്നു ലോറി. ബൈക്കിൽ ഇടിച്ച ശേഷം അൽപദൂരം മാറ്റി ലോറി നിർത്തിയെന്നും ആളെ കാണാത്തതിനാൽ ബൈക്ക് റോഡരികിലേക്ക് മാറ്റിവച്ചിട്ടു പോയെന്നും ലോറി ഡ്രൈവർ മൊഴി നൽകി.

അപകടത്തിനു ശേഷം ദേശീയപാതയിലൂടെ മുന്നോട്ട് പോകാതെ ഇടത്തേയ്ക്കു തിരിച്ച് ഒരു കിലോമീറ്റർ അകലെ ശക്തീശ്വരം കവലയിൽ നിർത്തിയിട്ട ശേഷം വീണ്ടും ദേശീയപാതയിലെത്തി വളവനാട്ടേയ്ക്കു പോയി. ലോഡ് ഇറക്കിയ ശേഷം വൈകിട്ട് ദേശീയപാതയിലൂടെ മടങ്ങി. പെയിന്റ് ചെയ്യാൻ നൽകിയിടത്തു നിന്നാണ് ലോറി കസ്റ്റഡിയിൽ എടുത്തത്.

വിവിധയിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. അപകടസ്ഥലത്തു നിന്നും വാഹനത്തിൽ നിന്ന് അടർന്നുവീണ നിലയിൽ പെയിന്റ് ഭാഗം ലഭിച്ചിരുന്നു. അപകടം നടന്നതിനു മുൻപുള്ള സിസി ടിവി ക്യാമറ ദൃശ്യങ്ങളിൽ ലോറിയും ബൈക്കും ഒരുമിച്ചു സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ശക്തീശ്വരം കവലയ്ക്കു സമീപത്തെ ക്യാമറ പരിശോധിച്ചപ്പോഴും ലോറിയുടെ സാന്നിധ്യം കണ്ടെത്തി.

തുടർന്ന് അമ്പലപ്പുഴ വരെയുള്ള ക്യാമറ പരിശോധിച്ചപ്പോൾ ലോറി ആ ഭാഗം കടന്നിട്ടില്ലെന്നു കണ്ടെത്തി. പിന്നീട് കുമ്പളം ടോൾ പ്ലാസയിലെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇടതുവശത്ത് പെയിന്റ് നഷ്ടപ്പെട്ട ലോറി കണ്ടെത്തി. റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി പട്ടണക്കാട് എസ്ഐ എസ്. അസീമിന്റെ നേതൃത്വത്തിൽ പൊലീസ് തിരുച്ചിറപ്പള്ളിക്കു പുറപ്പെട്ടു.

വ്യാഴം രാവിലെ അവിടെയെത്തിയ പൊലീസ് ഉടമയെ വിവരം ധരിച്ചിപ്പിച്ച ശേഷം ലോറി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തുടർന്നു ഡ്രൈവറെയും അറസ്റ്റ് ചെയ്തു. അപകടമുണ്ടായ കാര്യം രമേശ് ഉടമകളെ അറിയിച്ചിരുന്നില്ല. ലോറിയിൽ പെയിന്റ് പോയ ഭാഗം ഉൾപ്പെടെ പുതിയ പെയിന്റ് അടിച്ച് ശരിയാക്കുകയും ചെയ്തിരുന്നു.

 സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ ലോറി കണ്ടെത്തിയത് പൊലീസിന്റെ ചിട്ടയായ അന്വേഷണത്തിലൂടെ

സിസി ടിവി ദൃശ്യങ്ങളും സംഭവസ്ഥലത്തു നിന്നു ലഭിച്ച പെയിന്റും ആണ് കേസിൽ നിർണായകമായത്. പൊലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനകൾക്കൊടുവിലാണ് ഇടിച്ച ലോറി തിരുച്ചിറപ്പള്ളിയിലേതാണ് എന്നു കണ്ടെത്തിയത്.

അപകടം നടന്ന ദിവസം തന്നെ വീടുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ നഷ്ടപ്പെടാതെ പൊലീസ് ശേഖരിച്ചതും അന്വേഷണത്തിൽ നിർണായകമായി. നൂറിലധികം ലോറികൾ സ്വന്തമായുള്ള ഏജൻസിയിലെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് സംഘം എത്തിയത് സുരക്ഷയ്ക്കു തോക്ക് ഉൾപ്പെടെ കരുതിയാണ്. ഒരേ പേരിൽ രണ്ട് ഏജൻസികൾ ഉണ്ടായിരുന്നു. അദ്യത്തെ ഏജൻസിയിൽ അന്വേഷിച്ചപ്പോൾ ലോറി അവരുടേത് അല്ലെന്നു കണ്ടെത്തി. അടുത്ത ഏജൻസിയിൽ എത്തി ഉടമയോട് കാര്യം അവതരിപ്പിച്ചു.

ഉടമ ഡ്രൈവറെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണ് കരഞ്ഞുകൊണ്ട് അയാൾ അപകടവിവരം സമ്മതിച്ചത്. എസ്ഐ എസ്. അസീമിനൊപ്പം കെ.ജെ. സേവ്യർ, കെ.പി. ഗിരീഷ്, എസ്. ബിനോജ്, ബി. അനൂപ് എന്നിവരാണ് തിരുച്ചിറപ്പള്ളിയിൽ പോയത്.

അപകടദിവസം പകൽ പൊലീസ് സ്ഥലത്തു നടത്തിയ പരിശോധനയിലാണ് ഇടിച്ച വാഹനത്തിൽ നിന്ന് ഇളകിവീണ പെയിന്റ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നു മോട്ടോർവാഹന വകുപ്പ്, സൈന്റിഫിക് വിദഗ്ദർ, വർക് ഷോപ്പുകൾ, ലോറി ഉടമകൾ, ലോറി കേന്ദ്രങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ നൂറുകണക്കിനു വാഹനങ്ങൾ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തമിഴ് ലോറിയുടെതാണെന്നു മനസിലായത്.

പിന്നീട് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ലോറി തിരിച്ചറിഞ്ഞു. പൊലീസിലെ തന്നെ സാങ്കേതിക വിദഗ്ധർ അപകടം നടന്ന ദിവസം തന്നെ വിവിധ ഇടങ്ങളിലെ സിസി ടിവി ദൃശ്യം നഷ്ടമാകാതെ ശേഖരിച്ചതും കേസിനെ തുണച്ചു.തിരുച്ചിറപ്പള്ളിയിൽ എത്തിച്ച ലോറി പെയിന്റ് ചെയ്യാനായി നൽകിയിരിക്കുകയായിരുന്നു ഡ്രൈവർ രമേശ്. ഇവിടെ നിന്നാണ് ലോറി കസ്റ്റഡിയിൽ എടുത്തതും.

ദേശീയപാതയിൽ പട്ടണക്കാട് സഹോദരങ്ങൾ ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പൊലീസിന്റെ ബൈക്ക് പൊലീസ് ഓടിച്ചു സമയം പരിശോധിച്ചു.റോഡിൽ എല്ലായിടത്തും ക്യാമറകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ കടന്നു പോകുന്ന സമയവും അപകടം നടന്ന സമയവും കൃത്യമായി ലഭിക്കാത്തതിനാലാണ് ‘ട്രയൽ റൺ’ നടത്തിയത്. അരൂർ ടോളിൽ ക്യാമറയുണ്ട്. അവിടം മുതൽ അപകടസ്ഥലം വരെയാണ് പൊലീസുകാർ ബൈക്ക് ഓടിച്ചത്. അജേഷിന്റെയും അനീഷിന്റെയും ബൈക്ക് യാത്രക്കിടെ അപകട സ്ഥലത്തിനു സമീപം ഒരാൾക്ക് ഫോൺ വന്നു സംസാരിച്ചതായും കണ്ടെത്തി.

കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി. യൂണിനുകളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍പോലുമറിയാതെയാണ് അജന്‍ഡക്ക് പുറത്തുള്ള വിഷയമായി ഇക്കാര്യം മന്ത്രിസഭ പരിഗണിച്ചത്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളിലും വ്യാപകമാറ്റം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം, തച്ചങ്കരിയുടെ മാറ്റത്തിൽ അസ്വഭാവികതയില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള മാറ്റത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

എംപാനൽ ജീവനക്കാരുടെ പിരിച്ചുവിടല്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയിൽ വലയുന്നതിനിടെയാണ് എം.ഡി സ്ഥാനത്തുനിന്ന് ടോമിന്‍തച്ചങ്കരിയെ മാറ്റുന്നത്. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍പോലുമറിയാതെയാണ് വിഷയം അജന്‍ഡക്ക് പുറത്തുള്ള ഇനമായി മന്ത്രിസഭ പരിഗണിച്ചതും തീരുമാനമെടുത്തതും. തൊഴിലാളി വിരുദ്ധനിലപാടുകളാണ് തച്ചങ്കരി പിന്തുടരുന്നതെന്ന പരാതി ഇടത്, വലത് യൂണിയനുകള്‍ ഒരുപോലെ ഉന്നയിച്ചിരുന്നു.

ഡബിള്‍ഡ്യൂട്ടി സിംഗിൾ ഡ്യൂട്ടി ആക്കിമാറ്റിയത് ജീവനക്കാര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. സ്ഥാനക്കയറ്റം , ശമ്പള വര്‍ധന എന്നിവ സംബന്ധിച്ചും എം.ഡിയുടെ നിലപാടുകളോട് യൂണിനുകൾ യോജിച്ചിരുന്നില്ല. സിപിഎമ്മിന്റെയും ഇടത് തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി. സി എംപ്്ളോയിസ് അസോസിയേഷന്റെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ടോമിൻ തച്ചങ്കരിയെമാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഇത്രയും നാൾ പല പ്രതിസന്ധിഘട്ടങ്ങളിലും മുഖ്യമന്ത്രിയുടെ പിന്തുണ തച്ചങ്കരിക്കുണ്ടായിരുന്നു. എം.ഡി. സ്ഥാനത്തേക്ക് കൊച്ചി സിറ്റി പൊലീസി കമ്മിഷണര്‍ എം.പി ദിനേശിനെ നിയമിച്ചു. തച്ചങ്കരി ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഡിജിപിയായി തുടരും. പി.എച്ച്.കുര്യന്‍വിരമിക്കുന്ന ഒഴിവിലേക്ക് ഡോ.വി.വേണുവിനെ റവന്യൂ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ബി.എസ്. തിരുമേനിയാണ് പുതിയ ഡിപിഐ. ഉഷാ ടൈറ്റസിന് ഊര്‍ജം പരിസ്ഥിതി വകുപ്പുകളുടെയും എ.ജയതിലകിന് വനം, വന്യജീവി വകുപ്പിന്റെയും ബിശ്വനാഥ് സിന്‍ഹക്ക് പൊതുഭരണത്തിന്റെയും അധികചുമതല നല്‍കി. വി.ആര്‍.പ്രോംകുമാറാണ് പുതിയ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍.

സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ മലയാളി യുവതി കുടുംബത്തെ പോറ്റാന്‍ തെരഞ്ഞെടുത്തത് ഗള്‍ഫിലെ വീട്ടുജോലി. അനധികൃതമായി സൗദിയിലെത്തി ഒടുവില്‍ ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് അഭയകേന്ദ്രത്തില്‍ കഴിയുകയാണ് 26 കാരി. ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി സൗമ്യ ദമ്മാമിലെ വനിത അഭയ കേന്ദ്രത്തിലാണിപ്പോഴുള്ളത്. നാട്ടിലുള്ള അമ്മയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് എംബസിയുടെ നിര്‍ദേശപ്രകാരം സാമൂഹ്യപ്രവര്‍ത്തകര്‍ സൗമ്യയെ തെരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനാണ് സൗമ്യ ദമ്മാമിലെ അഭയ കേന്ദ്രത്തില്‍ ഉള്ള വിവരം മാധ്യമങ്ങളെ അറിയിച്ചത്. സിവില്‍ എന്‍ജിനീയറിംഗ് ബിരുദ ധാരിയായ സൗമ്യ ഒന്നര വര്‍ഷം മുമ്പാണ് വീട്ടുവേലക്കായി എത്തുന്നത്. 35 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗദിയില്‍ വീട്ടുവേലക്കായി എത്താന്‍ നിയമ തടസ്സമുണ്ടായിട്ടും മനുഷ്യക്കടത്ത് സംഘമാണ് സൗദിയിലെത്തിച്ചത്. അച്ഛന്‍ ഉപേക്ഷിച്ചുപോയ സൗമ്യ അമ്മയോടും രണ്ട് അനുജന്മാരോടും ഒപ്പമാണ് താമസം. സഹോദരങ്ങളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കുകയും ജീവിതത്തില്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്നുമുള്ള ആഗ്രഹത്തിന്റ പുറത്താണ് സൗമ്യ വീട്ടുവേല തരഞ്ഞെടുത്തത്.

1500 റിയാല്‍ ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോള്‍ നാട്ടില്‍ തുച്ചവരുമാനം ലഭിച്ച കണ്‍സ്ട്രക്ഷന്‍ കമ്പനി ജോലി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സൗമ്യ പറയുന്നത്. സൗദിയില്‍ വേരുകളുള്ള റിക്രൂട്ട്മെന്റ് കമ്പനി വഴിയാണ് ഇതിനുള്ള വഴികള്‍ തുറന്നത്. ഓഫീസ് ജോലിക്കാണ് താന്‍ ഗള്‍ഫില്‍ പോകുന്നതെന്നാണ് സൗമ്യ അമ്മയെ വിശ്വസിപ്പിച്ചിരുന്നത്. നാട്ടില്‍ വീട്ടുവേല ചെയ്താണ് അമ്മ മക്കളെ പോറ്റിയത്. കഷ്ടപ്പാടുകള്‍ കണ്ടുവളര്‍ന്ന സൗമ്യക്ക് അമ്മക്ക് താങ്ങാവണമെന്ന ആഗ്രഹം ഉണ്ടായി. റിയാദിലെ വീട്ടില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്ത സൗമ്യ അവിടുത്തെ പീഡനങ്ങള്‍ സഹിക്ക വയ്യാതെ ഏജന്‍സി സഹായത്തോടെ ദമ്മാമിലെ ഒരു വീട്ടിലെത്തി. സ്പോണ്‍സര്‍ നല്ല മനുഷ്യനാണന്നും ശമ്പളം കൃത്യമായി തരുമായിരുന്നുവെന്നും സൗമ്യ പറയുന്നു. എന്നാല്‍ വീട്ടിലെ സ്ത്രീകളില്‍ നിന്നാണ് തനിക്കു പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

അവസാനം അമ്മയോടും തന്റെ ജോലി വിവരങ്ങളും പീഡന വിവരങ്ങളും സൗമ്യ പങ്കുവെച്ചിരുന്നു. സ്പോണ്‍സറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഒരാളെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയിച്ചതെന്ന് ഈ വിഷയത്തില്‍ ഇടപെട്ട മഞ്ജു മണിക്കുട്ടനും ഷാജി വയനാടും മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും സൗമ്യയുടെ അവസ്ഥകള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ വലിയ തടസ്സമില്ലാതെ എക്സിറ്റ് ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. അഭയ കേന്ദ്രത്തിലാണങ്കിലും സൗമ്യയെ കണ്ടെത്തിയ വാര്‍ത്ത നാട്ടിലുള്ള കുടുംബങ്ങള്‍ക്കും ആശ്വാസം പകർന്നിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved