Latest News

ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഖത്തറിന് കന്നിക്കിരീടം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. അല്‍മോയിസ് അലിയും അബ്ദുലാസിസും അഫീഫുമാണ് ഖത്തറിനായി സ്കോര്‍ ചെയ്തത്. ഒന്‍പത് ഗോളുകള്‍ നേടിയ അല്‍മോയിസ് ഏഷ്യന്‍ കപ്പിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. മുന്‍ ഇറാന്‍ താരം അലി ദേയിയുടെ 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അല്‍മോയിസ് തകര്‍ത്തത്. മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ആശ്വാസ ഗോള്‍.

അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി പത്തൊമ്പതിനാണ് സെനഗലിൽ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ വച്ച് പൂജാരി അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തുവന്നത്. പലസംസ്ഥാനങ്ങളിലായി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രവി പൂജാരി. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്തതിനും രവി പൂജാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

നാലുമാസം മുൻപാണ് ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ മാറിമാറി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗൽ എംബസിക്ക് വിവരം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്.സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്.
സെനഗൽ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് പൂജാരിയെ കുടുക്കാനായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസും ഇയാളുടെ പിന്നാലെയായിരുന്നു. അടുത്തിടെ നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്ത കേസിൽ അന്വേഷണം എത്തിച്ചേർന്നതും പൂജാരിയിലായിരുന്നു.പ്രമുഖ സിനിമ താരങ്ങളെയും രാഷ്ട്രീയക്കാരെയും ഭീഷണിപ്പെട്ടുത്തി പണം തട്ടിയെന്ന കേസും ഇയാൾക്കെതിരെയുണ്ട്. രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം തുടരുകയാണ്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ കൂടുതൽ കേസുകളിൽ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം പൂജാരിയെ വിട്ടുനൽകാൻ തയ്യാറെന്നു സെനഗൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്.

ആന്‍റണി ഫെർണാണ്ടസ് എന്ന വ്യാജപേരിലാണ് രവി പൂജാരി ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ബുർക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു.സെനഗലിലെ പട്ടണമായ ഡാക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.

അരുൺ ഗോപിയുടെ സംവിധാനത്തിൽ പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിനെതിരെ വിമർശനവുമായി അധ്യാപികയായ മിത്ര സിന്ധു. മോഹന്‍ലാല്‍ മകന്റെ പടം കണ്ട് അവന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കില്‍ ഫാസില്‍ ചെയ്തതു പോലെ ഏതേലും നല്ല സ്കൂള്‍ കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാൻ വിടണമെന്നും മിത്ര സിന്ധു തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.
കൂടാതെ സിനിമയുടെ നിർമ്മാതാവിനെയും തന്റെ ഫേസ്ബുക്കിന് പോസ്റ്റിൽ രൂക്ഷമായി വിമർശിക്കുകയാണ് സിന്ധു ‘പൂത്ത പണം കൂടുതലാണെങ്കി മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയിലിട്ടേ’.. എന്നാണ് നിർമ്മാതാവിനോട് സിന്ധു പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇരുപത്തൊന്നാം നൂറ്റാണ്ട്

പദ്മഭൂഷൺ മോഹൻലാൽ സ്വന്തം കാശു മുടക്കി പ്രണവ് മോഹൻലാലിന്റെയും അരുൺ ഗോപിയുടെയും ഈ രണ്ടാമൂഴമൊന്നു കാണണം.. എന്നിട്ട് ഈ നിഷ്കളങ്കനും നിർമമനുമായ മകന് പറ്റിയ ഒരു ജോലി കണ്ടെത്തിക്കൊടുക്കണംഇല്ലേൽ അന്തസ്സായി പണ്ട് പാച്ചിക്ക ചെയ്ത പോലെ ഏതേലും നല്ല സ്കൂള് കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാൻ വിടണം.. ഒരു നടന് തന്നെ അടയാളപ്പെടുത്തുന്നതിനുള്ള ഉപാധി ശരീരവും ശബ്ദവുമാണല്ലോ.. പ്രണയം ,വിരഹം, വിഷാദം ,കലഹം എന്നീ അവസ്ഥകളിലെല്ലാം ശരീരഭാഷയും ഭാവശബ്ദാദികളും
ഏകതാനമായി നിലനിർത്താ നേ ഈ പാവം പയ്യന് ആകുന്നുള്ളൂ. നിഷ്കളങ്കതയും നിർവികാരതയും ഒരു പക്ഷേ ജീവിതത്തിൽ നല്ല താകും എന്നാൽ അഭിനയത്തിൽ അതൊട്ടും ഗുണം ചെയ്യില്ലെന്ന് ഞങ്ങളേക്കാളേറെ താങ്കൾക്കറിയുമല്ലോ..

പിന്നെ ആ മുളക് പാടം മൊതലാളിയോടൊന്നു പറയണം നൂറ്റാണ്ടിലെ കിട്ടിയ സിനിമകളിൽ നിന്നൊക്കെ എടുത്ത സന്ദർഭങ്ങളും ഡയലോഗും കൂട്ടിക്കലർത്തി ആരേലും പടം പിടിക്കാൻ കഥയും കൊണ്ടു വന്നാ കാശിങ്ങനെ വാരിക്കോരി ക്കൊടുത്തേക്കരുതെന്ന്! പൂത്ത പണം കൂടുതലാണെങ്കി മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധിയി ലിട്ടേച്ചാ മതീന്ന്! ഒരു ഉപകാരത്തിൽ പെടുമല്ലോ.

ആ അരുൺ ഗോപിയോട് പറയണം ജയിലില് നൂറു ദിവസം കെടന്ന ഒരു പാവം ചേട്ടന്റെ പടമായോണ്ട് മാത്രാ ഞങ്ങളന്ന് രാമലീല കണ്ട് സഹകരിച്ച് തന്നതെന്ന്! ഇനി ണ്ടാവില്ലാന്നാ സത്യായിട്ടും അന്ന് കരുതീത്. അതും കഴിഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ട് പത്തൊമ്പതാം നൂറ്റാണ്ടിലെ ട്രെയിൻ ഫൈറ്റ് ഒക്കെ കാണിച്ച് ഞങ്ങളെയൊന്നും പറ്റിക്കരുതെന്ന്!.. വാട്സാപ്പും ഫേസ് ബുക്ക് ലൈവും ഒക്കെ ഉപയോഗിച്ച് ധർമ്മജൻ ബോൾഗാട്ടി വരെ ‘വീര ശൂര ഓപ്പറേഷൻ ‘ നടത്തുമ്പോ പാവം പോലീസുകാര് മാത്രം റോഡ് ഷോ നടത്തുന്ന കാഴ്ച അതീവ ദയനീയമായിപ്പോയി… ഇതൊന്നും ആ കൊച്ചന്റെ ചങ്ക് ഫാൻസ് പോലും സഹിക്കൂലാ ട്ടോ.. പാർക്വാറിന് പകരം സർഫിങ് ഒന്നും കൊണ്ടു വന്നാലൊന്നും ഇരുപത്തൊന്നാം നൂറ്റാണ്ടാവില്ലെന്ന് ഗോപിക്കൊന്നു പറഞ്ഞു കൊടുക്കണേ!

തീർന്നില്ല, ഗോപീ സുന്ദറിനോടും ഒരു കാര്യം പറയാനുണ്ട്.. ഒരാൾടെ എല്ലാ സിനിമക്കും ഒരേ സംഗീതം എടുത്തിടുന്നത് ശരിയല്ലാന്ന്!. പത്തു വയസ്സുകാരി മോള് സിനിമക്കിടയിൽ പറഞ്ഞു ” മമ്മാ ഇത് രാമലീലേലെ മ്യൂസിക് ആണല്ലോ ” എന്ന്.. (അവൾക്ക് നേരായിട്ടും അറിയില്ലാര്ന്നു ഇത് രാമലീലേടെ ആൾടെ ലീല തന്നെ ആണെന്ന്!)
എന്ത്? ആ ചെഗുവേര ചുരുട്ടു വലിച്ച് വന്നപ്പോള്ള സീനിലെ മ്യൂസിക് ! ഒന്നും കൂടി കേട്ടു നോക്കണേ! ഒരു പാവം സംവിധായകനെ, തിരക്കഥാകൃത്തിനെ ഇങ്ങനെ പറ്റിക്കാൻ പാടില്ലായിരുന്നു… ല്ലേ? സത്യായിട്ടും ഈ സിനിമേല് ആകെ ഇഷ്ടായാ ഒന്നായിരുന്നു മദർ തെരേസയും
ചെഗുവേരയും കൂടിളള ആ കോമ്പിനേഷൻ! എന്നാൽ അതു പോലും ഇവിടെ ഞങ്ങടെ എട്ടാം ക്ലാസ്കാര് അവരുടെ സാഹിത്യ സമാജം പീരിയഡിൽ ചെയ്യുന്ന ഒന്നായിപ്പോയി..

പിന്നേ സായക്കുട്ടിയോട് പറയണം.പുരികം മേലോട്ടും താഴോട്ടും ചലിപ്പിച്ചാലും ചുണ്ട് ഇടത്തോട്ടും വലത്തോട്ടും വലിച്ചിട്ടാലും അഭിനയം ആവില്ലാന്ന്.. ഇതൊക്കെ ആ സംവിധായകൻ പറഞ്ഞു കൊടുത്തതാകുമോ!?ഏതായാലും അടുത്ത സിനിമേലെങ്കിലും കുട്ടിക്ക് നന്നാവാൻ കഴിയട്ടെ.

ഇനി ഇവരെല്ലം കൂടി ‘മൂന്നാം പിറ ‘ക്കുള്ള വട്ടം കൂട്ടലാണെന്ന ഒരു അനൗൺസ്മെന്റും കേട്ടു..
ദൈവമേ.. ഇവരെ രക്ഷിക്കണേ.. സ്വന്തം ഫാൻസ്കാര്ടെ കൂടി തല്ലുമേടിക്കാനിടവരുത്താതെ ഈ കൊച്ചുങ്ങളെ കാത്തോളണേ.!

വാല് :- പിന്നേയ് ,ഒരു കാര്യം ണ്ട്
അടുത്ത പടം ഇതിലും പൊളിയാണെങ്കി ഒരു ഗുണം കിട്ടും.. ചില വല്യ നിരൂപകമ്മാര് ഇത് വമ്പൻ സിനിമയായിരുന്നു എന്നൊക്കെ എഴുതിയങ്ങ് വൈറലാക്കിത്തരും.. ഇരുപത്തൊന്നാം നൂറ്റാണ്ട് രാമലീല പോലെ ശക്തമായ സിനിമയായില്ല എന്നൊക്കെ പറഞ്ഞ് രാമലീലയെ എട്ത്തങ്ങ് ഉയർത്തിയ പോലെ..!

ലാലേട്ടാ..അപ്പൊ ശരി.. എല്ലാം പറഞ്ഞപോലെ..
മിത്ര സിന്ധു.

ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു വീണു. വ്യോമസേന വിമാനമാണ് യെമലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് റണ്‍വെയില്‍ തകര്‍ന്നു വീണത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്.

വിമാനാപകടത്തില്‍ രണ്ട് പൈലറ്റ് മരിച്ചു. വിമാനം റണ്‍വെയിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയും വ്യോമസേനയുടെ വിമാനാപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഉത്തര്‍പ്രദേശിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പൈലറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.

കുട്ടിയുടെ പഠനനിലവാരം അന്വേഷിക്കാനെത്തിയ അമ്മയോട് അതിരൂക്ഷമായി തട്ടിക്കയറുന്ന അധ്യാപകരുടെ വിഡിയോ വൈറലാകുന്നു. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങൾ കുട്ടികൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടർന്ന് മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് അതിരൂക്ഷമായിട്ടാണ് ഒരു അധ്യാപികയും അധ്യാപകനും പെരുമാറുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ രോഷം ക്ഷണിച്ചുവരുത്തി.

അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോൾ തനി സ്വഭാവം കാണിക്കരുതെന്ന് അമ്മ പറയുന്നു. ഇത് കേട്ട് അധ്യാപികയും അധ്യാപകനും പൊട്ടിത്തെറിക്കുന്നുണ്ട്. നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം അവർ ദേഷ്യത്തോടെ ചോദിക്കുന്നു. നിന്റെ അഭ്യാസമൊന്നും നടക്കില്ല. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്. ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വരൂ എന്നാണ് അധ്യാപകൻ പറയുന്നത്. ഇവരുടെ സംസാരത്തിൽ നിന്നും അമ്മ സ്കൂളിലെ മുൻഅധ്യാപികയാണെന്ന് വ്യക്തമാണ്. സ്കൂളിൽ തിരികെ കയറ്റാത്തതിന്റെ ദേഷ്യമാണ് അമ്മയ്ക്കെന്ന് ഇവർ ആരോപിക്കുന്നു.

അടുത്ത് നിന്ന ഒരാൾ, ഇതൊരു സ്കൂൾ അല്ലേ, അധ്യാപകർ കുറച്ചുകൂടി നിലവാരം കാണിക്കണമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇത്രയേ നിലവാരമുള്ളൂവെന്ന് അവർ പ്രതികരിച്ചു. അമ്മയെ ദേഷ്യപ്പെട്ട അധ്യാപികയുടെ ക്യാബിനിൽ നിന്ന് ഇറങ്ങിപ്പോകാൻ പോലും ഇവർ ആക്രോശിക്കുന്നു. എടീ പോടി എന്ന് വിളിക്കരുതെന്ന് പറഞ്ഞപ്പോൾ, അങ്ങനെതന്നെ വിളിക്കുമെടീ എന്ന് ഇവർ അലറിവിളിച്ചു. – വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്.

അപ്പുക്കുട്ടൻ, ടാർസൻ അപ്പു എന്ന പേരുകളിൽ അറിയപ്പെട്ടിരുന്ന ക്രിമിനലായ അപ്പു ജോർജ് (21) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 23 ദിവസത്തെ വനവാസത്തിനു ശേഷം പിടിയിലായെന്ന വാർത്ത മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബന്ധുക്കൾ ആരും ആ പെൺകുട്ടിയെ ഏറ്റെടുക്കാൻ തയ്യാറായില്ല. എന്തു വന്നാലും അപ്പുവിന്റെ കൂടെ ജീവിക്കണമെന്ന് ആ പെൺകുട്ടി കരഞ്ഞു നിലവിളിക്കുന്നത് കാണാമായിരുന്നു. എന്നാൽ െപാലീസിൽ നിന്ന് അപ്പുവിന്റെ മുൻകാല ജീവിതത്തെ കുറിച്ച് അറിഞ്ഞപ്പോൾ പെൺകുട്ടി നിലപാട് മാറ്റുകയായിരുന്നു.

രാത്രി അപ്പു പുറത്തു പോകുന്ന സന്ദർഭങ്ങളിൽ വന്യമൃഗങ്ങൾ പിടികൂടാതിരിക്കാൻ പെൺകുട്ടിയെ മരത്തില്‍ 10 അടിയോളം ഉയരത്തില്‍ കയറ്റി ഇരുത്തിയിട്ടാണ് പോയിരുന്നതെന്ന് പെണ്‍കുട്ടിയും പൊലീസിനോട് പറഞ്ഞു. തങ്ങള്‍ കഴിഞ്ഞിരുന്ന മലമുകളില്‍ അധികം പൊക്കമില്ലാത്ത, ചുവടുമുതല്‍ ശിഖരങ്ങളുള്ള മരങ്ങളാണ് കൂടുതലും ഉണ്ടായിരുന്നതെന്നും അതിനാല്‍ മരത്തില്‍ക്കയറിക്കൂടുക വിഷമകരമായിരുന്നില്ലന്നും പെണ്‍കുട്ടി പോലീസിനോടു വിശദീകരിച്ചു.

സിനിമക്കഥയെ വെല്ലുംവിധമാണ് മേലുകാവ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന‍് ജോര്‍ജിന്റെയും കുമളി സ്വദേശിയായ പതിനേഴുകാരിയുടെയും പ്രണയകഥ. മരം കയറ്റതൊഴിലാളിയായിരുന്നു ജോര്‍ജ്. ഏതാനും മാസം മുന്‍പ് ജോലിക്ക് വേണ്ടി കുമളിയില്‍ എത്തിയ ജോര്‍ജ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ജനുവരി ആറിന് പള്ളിയില്‍ പോയ പെണ്‍കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കുമളി പൊലീസ് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.. 23 ദിവസത്തെ വനവാസത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കമിതാക്കള്‍ പിടിയിലായത്.

തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍ നിന്ന് തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുംവഴി ഇരുവരും പോലീസിന് മുന്‍പില്‍പെട്ടു. അപ്പു നയിച്ചിരുന്നത് ടാര്‍സന് സമാനമായ ജീവിതമെന്ന് നാട്ടുകാർ പറയുന്നു‍. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു. പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള അപ്പു തെങ്ങിലും കമുകിലും കയറുന്നതില്‍ അതി വിദഗ്ധനാണ്. ടാര്‍സന്‍ അപ്പുവെന്ന വിളിപ്പേരുപോലുമുണ്ട് അപ്പുവിനെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു.

21 വയസ്സിനിടയില്‍ നാലു പെണ്‍കുട്ടികളെയാണ് അപ്പുക്കുട്ടൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജോർജ് കെണിയിൽപ്പെടുത്തിയിരുന്നത്. കുമളിയിലെ പെണ്‍കുട്ടി നാലാമത്തെ ഇരയായിരുന്നു. ഇതില്‍ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയിരുന്നു. ചിങ്ങവനം സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ആറു മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്. അപ്പു പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാണെന്നും മറ്റും കാണിച്ച് പെൺകുട്ടി ഒരുവര്‍ഷം മുൻപ് മേലുകാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയിരുന്നു.

പരാതിയെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലേയ്ക്ക് എസ്ഐ ഇയാളെ വിളിപ്പിച്ചു. അപ്പു കുറ്റം സമ്മതിച്ചുവെങ്കിലും പെൺകുട്ടി പരാതിയിൽ ഉറച്ചു നിൽക്കാത്തത് രക്ഷയായി. മകനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്‌ഐ അകാരണമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് അപ്പുവിന്റെ അമ്മ പരാതി നൽകിയതും വാർത്തയായി.

കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ നടത്തിയ വേട്ടയെക്കുറിച്ചും ഇരകളെക്കുറിച്ചുമെല്ലാം അപ്പു മനസ്സ് തുറന്നത്. പ്രേമം നടിച്ചാണ് അപ്പു പെണ്‍കുട്ടികളെ വലയിലാക്കുന്നത്. ഇയാളുടെ കെണിയില്‍ പെട്ടതെല്ലാം സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. കാട്ടുകിഴങ്ങുകളും, സമീപത്തെ പുരയിടങ്ങളില്‍ നിന്ന് ശേഖരിച്ച കരിക്ക്, തേങ്ങ, മാങ്ങ തുടങ്ങിയവ ഭക്ഷിച്ചാണ് ഇരുവരും വനത്തില്‍ കഴിഞ്ഞത്.

ചിങ്ങവനം പൊലീസ് ചാര്‍ജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാര്‍ പൊലീസ് ചാര്‍ജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും അപ്പുവിന് ജാമ്യം ലഭിച്ചിരുന്നു.
അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം ഉപയോഗിച്ചിരുന്നു. വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നതിനാല്‍ പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി തുടര്‍ ദിവസങ്ങളില്‍ പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. പോക്‌സോ, ബലാത്സംഗം തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് ജോര്‍ജിന് എതിരെ ചുമത്തിയത്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ പാര്‍ട്ടി പരിഗണിക്കുന്നതായി സ്ഥിരീകരിച്ച് ബി.ജെ.പി എംഎല്‍എ ഒ.രാജഗോപാല്‍. നേരത്തെ നരേന്ദ്ര മോഡിയുമായി ലാല്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബി.ജെ.പി ടിക്കറ്റില്‍ അദ്ദേഹം മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ലാല്‍ നിഷേധിക്കുകയാണ് ഉണ്ടായത്. തല്‍ക്കാലം താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ലാലിന്റെ പ്രതികരണം.

അതേസമയം പൊതുവിഷയങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാലെന്നും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നും ഒ. രാജഗോപാല്‍ വ്യക്തമാക്കി. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. അദ്ദേഹം തീരുമാനമൊന്നും പറഞ്ഞിട്ടില്ല’ രാജഗോപാല്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസും തിരുവനന്തപുരം സീറ്റില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ലെന്ന് നയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ പ്രമുഖനെ തിരുവനന്തപുരത്ത് ഇറക്കാനാവും ബി.ഡി.ജെ.എസ് ശ്രമിക്കുക.

തിരുവനന്തപുരം: 13 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മനശാസ്ത്രജ്ഞൻ ഗിരീഷ് അറസ്റ്റില്‍. ഇയാളെ ഫെബ്രുവരി 13 വരെ റിമാൻഡ് ചെയ്തു. പഠനവൈകല്യത്തിന് കൗൺസിലിംഗ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയിൽ ഫോർട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ടാം തവണയാണ് പോക്സോ കേസിൽ ഗിരീഷ് പ്രതിയാകുന്നത്.

ഉന്നത ഇടപടൽ ഉണ്ടയാതിനെ തുടർന്ന് ആദ്യ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസില്‍ ഹൈക്കോടതി നൽകിയ ജാമ്യം തള്ളിയതിനാൽ ഗിരീഷ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സക്കെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ എഫ്ഐആർ റദ്ദാക്കുകയായിരുന്നു.

കോഴിക്കോട് അഴിയൂരിൽ അടച്ചിട്ട സിനിമ ടാക്കീസിൽ യുവാവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തി.  ബുധനാഴ്ച വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. ചില്ലി പറമ്ബില്‍ സി പി മുജീബ് (36) എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാളെ കാണാതായതായി പോലീസില്‍ പരാതി ലഭിച്ചിരുന്നു. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്. വേഷം, മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് മരിച്ചത് മുജീബ് ആണെന്ന് തിരിച്ചറിഞ്ഞത്. ജനുവരി 12 മുതലാണ് ഇയാളെ കാണാതായത്. മാഹിയിലും ടാക്കീസ് പരിസരത്തും നിത്യ സന്ദര്‍ശകനാണ് ഇയാള്‍. രണ്ട് ദിവസം മുമ്ബ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ടാക്കീസ് പരിസരത്ത് ദുര്‍ഗന്ധം വ്യാപിച്ചപ്പോള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ സ്ഥിരീകരിച്ചു. എന്‍ഡിടിവിയോടാണ് ഒ രാജഗോപാൽ ഈ വെളിപ്പെടുത്തൽ നടത്തിയത്.

“ഞങ്ങൾ മോഹൻലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തൽപരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.” മോഹൻലാൽ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ഒ രാജഗോപാലിന്‍റെ ഈ വാക്കുകൾ. കേന്ദ്രസര്‍ക്കാരിന്‍റെയും നീക്കങ്ങളെ പലവട്ടം പിന്തുണച്ചിട്ടുള്ള താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved