കേരളത്തില്‍ ഏപ്രില്‍ 23ന് തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ഏപ്രില്‍ 23 ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആവേശച്ചൂടിലായി. വോട്ടെടുപ്പിന് ഇനി ആകെ ഇനി 43 ദിവസം മാത്രം. കേരളത്തില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനുശേഷം ഫലമറിയാന്‍ കേരളം ഒരുമാസം കാത്തിരിക്കണം.
പതിനേഴാം ലോക്സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളായി നടത്തും. ഒന്നാംഘട്ടം ഏപ്രില്‍ 11ന്. രണ്ടാംഘട്ടം ഏപ്രില്‍ 18. മൂന്നാംഘട്ടവോട്ടെടുപ്പ് ഏപ്രില്‍ 23ന്, നാലാംഘട്ടം ഏപ്രില്‍ 29
അഞ്ചാംഘട്ടം മേയ് 6, ആറാം ഘട്ടം മേയ് 12 ന്. ഏഴാം ഘട്ടം മേയ് 19ന്. വോട്ടെണ്ണല്‍ മേയ് 23 നാണ്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയും കമ്മിഷണര്‍മാരും വാര്‍ത്താസമ്മേളനത്തിലാണ് നിര്‍ണായകമായ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാപെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. രാജ്യത്ത് ആകെ 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. 8 4.3 ലക്ഷം പുതിയ വോട്ടര്‍മാരും ഉണ്ട്. പതിനെട്ടും പത്തൊന്‍പതും വയസുളള വോട്ടര്‍മാരുടെ എണ്ണം 15 ദശലക്ഷമാണെന്നും കമ്മീഷന്‍ അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനായി 10 ലക്ഷം പോളിങ് ബൂത്തുകള്‍ തയാറാകും.
മലയാളത്തില്‍ ശ്രദ്ധേയമായ ചില കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് ചിത്ര. അമരത്തില്‍ മമ്മൂട്ടിയോടൊപ്പം ചിത്ര ചെയ്ത കഥാപാത്രം മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് ചിത്ര മലയാളികളുടെ മനസിലേക്ക് ഇടം നേടിയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചിത്ര ചെയ്തു. എന്നാല്‍ ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം തനിക്ക് ജീവിതത്തില്‍ ഒരു ബാധ്യതയായി മാറുകയായിരുന്നു എന്നാണ് ചിത്ര വ്യക്തമാക്കുന്നത്. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രയുടെ ഈ തുറന്നു പറച്ചില്‍.
ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതു കൊണ്ട് അച്ഛനും ഒരു വല്ലായ്മ. സംവിധായകന്‍ ശശിയേട്ടന്‍ വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നീട് സീമച്ചേച്ചിയും ദേവാസുരം ചിത്ര മിസ് ചെയ്യരുത് എന്ന് പറഞ്ഞു. മോഹന്‍ലാല്‍ നീലകണ്ഠന്‍ എന്ന നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. അപ്പോള്‍ പിന്നെ സുഭദ്രാമ്മ ഒരു നെഗറ്റീവ് കഥാപാത്രമായതില്‍ നീ എന്തിന് പേടിക്കണം? സീമച്ചേച്ചിയുടെ ആ ചോദ്യം ഉള്ളില്‍ തട്ടി. സിനിമ സൂപ്പര്‍ഹിറ്റായി
എന്നാല്‍ സുഭദ്രാമ്മയെ ചിത്ര നന്നായി അവതരിപ്പിച്ചുവെന്ന് പലരും അഭിനന്ദിച്ചു. എന്നാല്‍ ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാധ്യതയായി മാറി. വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം സിനിമയിലവതരിപ്പിക്കുമ്പോള്‍ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി. കടല്‍ എന്ന ചിത്രത്തില്‍ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസവേഷം. ‘പ്രായിക്കരപാപ്പാനി’ലും സ്ഥിതി വ്യത്യസ്തമല്ല. ‘ആറാം തമ്പുരാനി’ലെ തോട്ടത്തില്‍ മീനാക്ഷിയും വഴിതെറ്റിയ സ്ത്രീയാണ്. ഒടുവില്‍ ചെയ്ത ‘സൂത്രധാരന്‍ ‘വരെ അത്തരം കഥാപാത്രങ്ങളുടെ നിരനീണ്ടു.
എന്നെപ്പോലുള്ളവര്‍ക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ‘ഓ.കെ ചിത്ര ചെയ്യേണ്ട വേറെ നടികള്‍ ഉണ്ട്.’ എന്ന് പറഞ്ഞ് സംവിധായകര്‍ നമ്മളെ കട്ട് ചെയ്യുമെന്നും ചിത്ര തുറന്ന് പറയുന്നു. കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറസ് ആണെന്നും. ഒരിക്കല്‍ അമരത്തിലെ ഏതോ സ്റ്റില്‍ തമിഴ് മാസികയില്‍ അച്ചടിച്ചു വന്നപ്പോള്‍ ഒരുപാട് തമിഴ് പത്രപ്രവര്‍ത്തകര്‍ വിളിക്കുകയും, ചിത്ര എന്തിന് ഗ്ലാമര്‍ റോള്‍ ചെയ്തു എന്ന് ചോദിക്കുകയും ചെയ്തു. കള്ളിയും ബ്ലൗസും കേരളത്തിലെ നാടന്‍ വേഷമാണ് എന്ന മറുപടിയൊന്നും അവരെ തൃപ്തിപ്പെടുത്തിയില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ക്യാരക്ടര്‍ വേഷങ്ങളാണ് കൂടുതലും തേടിയെത്തിയത്. പക്ഷേ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളവ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂവെന്നും ചിത്ര വ്യക്തമാക്കി.
‘അവള്‍ ചെയ്തത് തെറ്റാണ്. എല്ലാവര്‍ക്കും വേണ്ടി അച്ഛനെന്ന നിലയില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അവളോടു ക്ഷമിക്കാന്‍ ബ്രിട്ടിഷ് ജനതയോടു മുഴുവന്‍ അപേക്ഷിക്കുന്നു.മകള്‍ പക്വതയില്ലാത്ത പ്രായത്തില്‍ ഐഎസില്‍ ചേര്‍ന്നതാണെന്ന് വികാരഭരിതനായി പറയുകയാണ് ഷമീമയുടെ പിതാവ് അഹമ്മദ് അലി. ഷമീമയുടെ പക്വതയില്ലാത്ത പ്രായത്തില്‍ ചെയ്ത തെറ്റാണ് ഇത്. അവള്‍ തെറ്റാണ് ചെയ്തതെന്നു സമ്മതിക്കുന്നുവെങ്കിലും തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിലാണ് അതു സംഭവിച്ചതെന്ന് ഓര്‍ക്കണമെന്ന് ഇപ്പോള്‍ ബംഗ്ലദേശിലുള്ള അഹമ്മദ് അലി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.
ഷമീമയുടെ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ വച്ചു മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് മാപ്പക്ഷേയുമായി പിതാവ് രംഗത്തെത്തിയത്. ശ്വാസതടസവും ന്യുമോണിയയും മൂലമാണ് ‘ജെറ’ എന്നു പേരിട്ട ആണ്‍കുഞ്ഞ് മരിച്ചതെന്നാണ് വിവരം. ഫെബ്രുവരി 17-നാണ് കുട്ടി ജനിച്ച വിവരം ഷമീമയുടെ മാതാപിതാക്കള്‍ അറിയിച്ചത്. കുഞ്ഞിനെ പ്രസവിക്കുന്നതിനായി ബ്രിട്ടനിലെത്തണമെന്ന ഷമീമയുടെ അപേക്ഷ ബ്രിട്ടിഷ് ഹോം ഓഫിസ് തള്ളിയിരുന്നു. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു നടപടി.
മുന്‍പ് സിറിയയില്‍ വച്ചുണ്ടായ രണ്ടു കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്‌നങ്ങളും മൂലം മരിച്ചുപോയെന്നും അതുകൊണ്ടു കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്താന്‍ അനുവദിക്കണമെന്നുമായിരുന്നു ഷമീമയുടെ ആവശ്യം. എന്നാല്‍ ഷമീമയുടെ പൗരത്വം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് ബ്രിട്ടന്‍ സ്വീകരിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍നിന്നു സിറിയയിലേക്ക് കടന്നത്. ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന 15 വയസ്സുകാരായ ഷമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്.
ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ല. നെതര്‍ലന്‍ഡ്‌സ് പൗരനാണ് ഷമീമയെ വിവാഹം കഴിച്ചത്. ഇയാള്‍ ഇപ്പോള്‍ സിറിയയില്‍ തടവിലാണ്. ഷമീമയ്ക്കും കുട്ടിക്കും ഒപ്പം നെതര്‍ലന്‍ഡ്‌സിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. പൗരത്വം റദ്ദാക്കിയ നടപടി ആശങ്കയുളവാക്കുന്നതാണെന്നും ജനശ്രദ്ധ ലഭിക്കാനാണ് ജാവേദിന്റെ പ്രവൃത്തിയെന്നും കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ലീ പറഞ്ഞു. ലേബര്‍ പാര്‍ട്ടി നേതാവ് ഡയാന അബോട്ടും ജാവേദിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്‌സല്‍ പരസ്യത്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. #BoycottSurfExcel എന്ന ഹാഷ്് ടാഗോടെയാണ് സര്‍ഫ് എക്‌സലിനെതിരെയുള്ള സൈബര്‍ ആക്രമണം. എന്നാല്‍ പരസ്യം ‘ലൗ ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നതാണെന്നാരോപിച്ചാണ് സൈബര്‍ ആക്രമണം.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഹോളിയുടെ പശ്ചാത്തലത്തിലാണ് പുതിയ സര്‍ഫ് എക്‌സല്‍ പരസ്യം പുറത്തിറക്കിയത്. ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെണ്‍കുട്ടി തന്റെ മുസ്‌ലിം സുഹൃത്തിനെ അവന്റെ കുര്‍ത്തയിലും പൈജാമയിലും ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്താന്‍ സഹായിക്കുന്നതാണ് പരസ്യം.
പെണ്‍കുട്ടി സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ ചായം മുഴുവന്‍ തന്റെ മേല്‍ ഒഴിക്കാന്‍ ചായവുമായി നില്‍ക്കുന്ന കുട്ടികളോട് പറയുന്നു. എല്ലാ കുട്ടികളും നിറങ്ങള്‍ അവളുടെ മേല്‍ ഒഴിച്ചു. ചായം മുഴുവന്‍ തീര്‍ന്നെന്ന് ഉറപ്പുവരുത്തിയ ശേഷം പെണ്‍കുട്ടി ഒളിച്ചിരിക്കുന്ന തന്റെ മുസ്ലീം സുഹൃത്തിനെ പള്ളിയിലേക്ക് കൂട്ടികൊണ്ടുപേകുന്നു. ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ ചായം അവശേഷിച്ചെങ്കിലും ആരും ആണ്‍കുട്ടിയുടെ മേല്‍ ചായം ഒഴിക്കാന്‍ അനുവദിക്കുന്നില്ല.
പള്ളിയ്ക്കു മുമ്പില്‍ സുഹൃത്തിനെ ഇറക്കിവിടുമ്പോള്‍ ‘ഞാന്‍ നിസ്‌കരിച്ചശേഷം വേഗം വരാം’ എന്നു പറഞ്ഞാണ് സുഹൃത്ത് പടികള്‍ കയറി പോകുന്നത്. ‘നമുക്ക് ചായത്തില്‍ കളിക്കാലോ’യെന്ന് പെണ്‍കുട്ടി മറുപടിയും പറയുന്നുണ്ട്.
ഈ പരസ്യം മതസൗഹാര്‍ദ്ദത്തിന്റെ നല്ലൊരും സന്ദേശമാണ് നല്‍കുന്നത്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ ഹോളിയുടെ പശ്ചാത്തലത്തില്‍ തന്നെ ഇത്തരമൊരു പരസ്യം പുറത്തിറക്കിയതും സന്ദര്‍ഭോചിതമാണ്. എന്നാല്‍ പരസ്യം ഹിന്ദുക്കള്‍ക്കെതിരാണ്. മുസ്ലീം യുവാക്കള്‍ ഹിന്ദുക്കളെ സ്‌നേഹിച്ച് വശത്താക്കി അവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ‘ലൗ ജിഹാദിനെ’ യാണ് പരസ്യം പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം.
ഈ പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ എല്ലാ ഉല്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞദിവസം കുംഭമേളയുടെ പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ പുറത്തിറക്കിയ റെഡ് ലേബല്‍ തേയിലയുടെ പരസ്യവും വിവാദത്തിലായിരുന്നു. അതേസമയം, പരസ്യത്തെ അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റുകളുണ്ട്.
Awakening INDIA 👍
Awakening HINDU 👍#BoycottSurfExcel #bycottSurfExcel #BoycottHindustanUnilever @ippatel#SurfExcel pic.twitter.com/0Jh56Vityt— Sʜᴇᴋʜᴀʀ Cʜᴀʜᴀʟ (#NamoAgain)™ (@shekharchahal) March 9, 2019
.@RedLabelChai encourages us to hold the hands of those who made us who we are. Watch the heart-warming video #ApnoKoApnao pic.twitter.com/P3mZCsltmt
— Hindustan Unilever (@HUL_News) March 7, 2019
നെയ്‌റോബി (കെനിയ): അഡിസ് അബാബയില്‍നിന്ന് കെനിയ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം ഞായറാഴ്ച രാവിലെ തകര്‍ന്നുവീണു. വിമാനത്തില്‍ 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് വൃത്തങ്ങള്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ എത്യോപ്യന്‍ പ്രസിഡന്റ് അനുശോചനം അറിയിച്ചതായും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആളപായം സംബന്ധിച്ച വിവിരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രദേശിക സമയം രാവിലെ 8.38 ന് ബോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ആറ് മിനിട്ടിനകം നഷ്ടപ്പെട്ടു.
ആഫ്രിക്കയിലെ നിരവധി നഗരങ്ങളെ ബന്ധിപ്പിച്ച് വിമാന സര്‍വീസുകള്‍ നടത്തുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സിന് ആരാജ്യത്തെ യാത്രക്കാര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഉള്ളതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.
2010 ല്‍ കമ്പനിയുടെ വിമാനം ബെയ്‌റൂട്ടില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണിരുന്നു. 90 പേരാണ് അപകടത്തില്‍ മരിച്ചത്. 1996 ല്‍ അഡിസ് അബാബയില്‍നിന്ന് നെയ്‌റോബിയിലേക്ക് പോയ വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇന്ധം തീര്‍ന്നതിനെത്തുടര്‍ന്ന് തകര്‍ന്നുവീണ് 123 പേര്‍ മരിച്ചിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ ഒന്നുചേരുന്നതിന് തടസ്സമായില്ല. പാക് സ്‌കൂള്‍ ടീച്ചറെ ഹരിയാനകാരനായ യുവാവ് ഇന്ത്യയില്‍ കൊണ്ടുവന്ന് വിവാഹം കഴിക്കുകയായിരുന്നു. സിയാല്‍കോട്ടിലെ വാന്‍ ഗ്രാമത്തിലെ 27കാരിയായ സര്‍ജീര്‍ കിരണ്‍ കൗറിനെ അംമ്പാല ജില്ലയിലെ പീപ്‌ല ഗ്രാമത്തില്‍ നിന്നുള്ള 33 കാരനായ പര്‍വീന്ദര്‍ സിംഗാണ് വിവാഹം കഴിച്ചത്.
വിവാഹത്തിനായി ഫെബ്രുവരി 28നായിരുന്നു യുവതിയുടെ വീട്ടുകാര്‍ ഇന്ത്യയില്‍ എത്താനിരുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് എത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് (മാര്‍ച്ച് 5) യുവതിയും ബന്ധുക്കളും പട്യാലയില്‍ എത്തിയത്. 45 ദിവസത്തെ വിസയില്‍ എത്തിയ ഇവര്‍ക്ക് പട്യാല വരെ പ്രവേശിക്കാനെ അനുമതി നല്‍കിയിട്ടുള്ളൂ.
ദമ്പതികളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ ബന്ധുക്കളാണ്. വിഭജന സമയത്ത് പാകിസ്താനില്‍ ആയി പോയതാണ് യുവതിയുടെ കുടുംബം. ഇവര്‍ ഇടയ്ക്കിടെ വീടുകള്‍ സന്ദര്‍ശിക്കുകയും മറ്റും ചെയ്യാറുണ്ട്. 2014ലും 2016ലും സര്‍ജീര്‍, പര്‍വീന്ദറിന്റെ ഗ്രാമത്തിലെത്തിയിരുന്നു. അന്ന് ഇവരുടെ വിവാഹവും നിശ്ചയിച്ചതാണ്. വിസ കിട്ടാനുള്ള കാല താമസം കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.
ഒടുവില്‍ പട്യാലയിലെ ശ്രീ ഖേല്‍സാഹിബ് ഗുരുദ്വാരയില്‍ സിഖ് ആചാരപ്രകാരം ഇന്നലെ (09-03-2019) ഇവരുടെ വിവാഹം നടന്നു.
തന്റെ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ കാമുകനെ വകവരുത്താൻ 64കാരി സിലിക്കൺ മാഫിയയിൽ നിന്നുള്ള കൊലയാളി സംഘത്തെ ഏർപ്പാടാക്കി. സിസിലിയൻ കൊലയാളികൾ ഈ മനുഷ്യനെ ജീവനോടെ ഒരു തൂണില്‍ കോൺക്രീറ്റ് ചെയ്തു. പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അൽബേനിയയിൽ നിന്നുള്ള ലാമാജി ആസ്ട്രിഡ് എന്ന 41കാരനാണ് കോൺക്രീറ്റ് ചെയ്യപ്പെട്ടത്. 2013 മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇറ്റലിയിലെ സിസിലിയിൽ മാഫിയാ വിരുദ്ധ അന്വേഷകരാണ് ഈ കേസ് തെളിയിച്ചത്. സെനഗോയിലെ ഒരു വീട്ടിലെ തൂണില്‍ ലാമാജിയുടെ മൃതദേഹം കണ്ടെത്തിയത്.
നാല് സിസിലിയൻ കൊലയാളികൾ ചേർന്നാണ് കൊല നടത്തിയത്. കാൽറ്റാനിസ്സെറ്റയിലെ റീസിയിലുള്ള ഒരു വൻ മാഫിയാ ‘ഫാമിലി’യിലെ കൊലയാളികളാണ് ഇവരെന്നാണ് വിവരം. കൊലപാതകത്തിനും മൃതദേഹം ഒളിപ്പിച്ചതിനും ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. ക്വൊട്ടേഷൻ നൽകിയ സ്ത്രീ ഇതിനിടെ രാജ്യം വിടാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്തു.
ഈ സ്ത്രീയുടെ സ്വർണം കാമുകൻ മോഷ്ടിച്ചതാണ് പ്രകോപനത്തിന് കാരണമായത്. പൊറുക്കാൻ മനസ്സില്ലാതിരുന്ന ഇവർ റീസി മാഫിയയുമായി ബന്ധപ്പെടുകയായിരുന്നു. മാഫിയ തലവൻ കൊലയ്ക്ക് സമ്മതിക്കുകയും വടക്കൻ ഇറ്റലിയിലേക്ക് ഇവരെത്തി കൊല നടത്തുകയുമായിരുന്നു.
തൂണിൽ അവശേഷിച്ചിരുന്ന ലാമാജിയുടെ വസ്ത്രങ്ങൾ വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
എന്താണ് സിസിലിയൻ മാഫിയ ?
ഇറ്റലിയിലെ സിസിലിയിൽ നിന്നുള്ള സംഘടിത കുറ്റവാളി സംഘങ്ങളാണ് സിസിലിയൻ മാഫിയ എന്നറിയപ്പെടുന്നത്. പല സംഘങ്ങളാണെങ്കിലും ഇവർക്ക് പൊതുവായ പെരുമാറ്റച്ചട്ടങ്ങളും സംഘടനാ രീതികളുമുണ്ട്. ഇക്കാരണത്താൽ തന്നെ ഇവരെ തകർക്കുക എന്നത് സർക്കാർ സംവിധാനങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഫാമിലി, ഗോത്രം തുടങ്ങിയ പേരുകളിലാണ് ഓരോ സംഘവും അറിയപ്പെടുക.
ഓരോ പ്രദേശത്തും ഇവരിലോരോ സംഘവും ആധിപത്യം സ്ഥാപിച്ചിരിക്കും. അവിടുത്തെ കാര്യങ്ങളിൽ ഇവർക്കായിരിക്കും അന്തിമ തീരുമാനം. പരമാധികാരമുള്ള ഈ പ്രദേശങ്ങളിലോരോന്നിലും ഇതര സംഘങ്ങൾ ഇടപെടരുതെന്നത് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്. കാനഡ, യുഎസ് എന്നിവിടങ്ങളിലും ഈ സംഘങ്ങൾക്ക് വേരുകളുണ്ട്.
അധികാരവർഗത്തിന്റെ ഉന്നതങ്ങളിലുള്ളവർക്ക് ഈ മാഫിയയുമായി ബന്ധമുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഉദാഹരണത്തിന് ഏഴുതവണ പ്രധാനമന്ത്രിയായിട്ടുള്ള ഗ്വില്ലോ ആൻഡ്രിയോട്ടിക്ക് സിസിലിയന്‍ മാഫിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കപ്പെട്ടിരുന്നു.
സിസിലിയക്കാരായ പുരുഷന്മാർക്കു മാത്രമാണ് ഈ ‘ഫാമിലി’കളിലേക്ക് പ്രവേശനം കിട്ടുക. പൊലീസ് ഓഫീസർമാർ, ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങിയവരുമായി യാതൊരു ബന്ധവും ഇവർക്കുണ്ടാകാൻ പാടില്ലെന്നുണ്ട്. 16 വയസ്സു മുതലുള്ളവർക്കാണ് സംഘടനകൾ പ്രവേശനം നൽകുക.
മരുഭൂമിയില്‍ ഒരു പുല്‍നാമ്പ് പോലും മുളക്കില്ലെന്നാണ് നമ്മുടെ പലരുടെയും ധാരണ. എന്നാല്‍ അതൊക്കെ തെറ്റാണെന്നാണ് ഈ പ്രവാസി മലയാളി തെളിയിച്ചിരിക്കുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും അബുദാബി അല്‍ റഹ്ബ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റുമായ ഡോ. റേ പെരേര മരുഭൂമിയില്‍ 48.5 കിലോ ഭാരമുള്ള മത്തങ്ങ വിളയിച്ചെടുത്തിരിക്കുകയാണ്.
മുഷ്‌റിഫ് നഗരത്തിലെ വില്ലയിലാണ് പെരേര താമസിക്കുന്നത്. ഇവിടെ തന്നെയാണ് ഡോക്ടറുടെ കൃഷിയും. പന്തല്‍കെട്ടി സംരക്ഷിച്ച് നിര്‍ത്തിയ മത്തങ്ങ ഭീമനെ മുറിച്ചെടുക്കുകയായിരുന്നു. ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി മുറിച്ച മത്തങ്ങ വിതരണം ചെയ്യുകയും ചെയ്തു.
ജര്‍മനിയില്‍ പോയി വരുമ്പോള്‍ ഒരു ബിഷപ് സമ്മാനിച്ച വിത്ത് ജൈവ വളവും മികച്ച പരിചരണവും നല്‍കിയത്തോടെ മത്തങ്ങകള്‍ ഭീമാകാരനായി. 15 കിലോ തൂക്കം വരുന്ന മത്തങ്ങകളും കൃഷിയിടത്തിലുണ്ടായിട്ടുണ്ട്.
കപ്പ, പാവല്‍, പടവലം, വെണ്ട, വഴുതന, പയര്‍, ചീര, മുളക്, മുരിങ്ങ തുടങ്ങി വീട്ടാവശ്യത്തിന് ആവശ്യമായ പച്ചക്കറികളെല്ലാം പേരേര സ്വന്തം വീട്ടുമുറ്റത്ത് തന്നെ വിളയിച്ചെടുക്കുകയാണ്. വീട്ടാവശ്യത്തിന് ശേഷം ഇത് സുഹൃത്തുകള്‍ക്കും മറ്റും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് ഡോക്ടര്‍
ടോക്കിയോ: ലോകത്തെ ഏറ്റവും പ്രായമുളള വനിതയെന്ന ഗിന്നസ് റെക്കോര്‍ഡ് 116കാരിയായ ജാപ്പനീസ് വൃദ്ധയ്ക്ക്. 1903 ജനുവരി 2നാണ് കൈന്‍ ടനാക്ക ജപ്പാനില്‍ ജനിച്ചത്. അന്ന് തന്നെയാണ് റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തിയതും. ജപ്പാനിലെ ഫുക്കുവോക്കയില്‍ ടനാക്ക താമസിക്കുന്ന നഴ്സിങ് ഹോമില്‍ ആഘോഷങ്ങള്‍ നടന്നു.
മേയറായ സൊയിച്ചിറോ തകാഷിമ അടക്കമുളളവര്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയ നിമിഷം ഏതാണെന്ന ചോദ്യത്തിന് ‘ഇപ്പോള്‍’ എന്നായിരുന്നു കൈന്‍ മറുപടി പറഞ്ഞത്. 1922ല്‍ വിവാഹിതയായ കൈന്‍ നാല് മക്കള്‍ക്കാണ് ജന്മം നല്‍കിയത്. ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. എന്നും രാവിലെ 6 മണിക്ക് ഉണരുന്ന കൈനിന് കണക്ക് പഠിക്കാനാണ് ഏറെ ഇഷ്ടം.
കനെ തനാക്കയ്ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വനിത എന്ന ഖ്യാതി സ്വന്തമാക്കിയത് ചിയോ മിയാക്കോ എന്ന സ്ത്രീയാണ്.117 വയസ്സായിരുന്ന ഈ മുത്തശ്ശി 2003 ജൂണിലാണ് മരിക്കുന്നത്.
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിനുള്ള കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. രാവിലെ പാർലമെന്‍ററി പാർട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.
കോട്ടയത്ത് പി.ജെ.ജോസഫിനെ തന്നെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയാക്കിയേക്കും. യുപിഎ അധികാരത്തിലെത്തിയാല്‍ ജോസ് കെ.മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന നിബന്ധനയോടെയാണ് പി.ജെ.ജോസഫിന് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കെ.എം.മാണി തയ്യാറായേക്കുക. കോട്ടയം, ഇടുക്കി സീറ്റുകള്‍ വച്ചുമാറാതെ കോട്ടയത്ത് പി.ജെ.ജോസഫ് മല്‍സരിക്കട്ടെയെന്ന് മാണി നിലപാട് എടുത്തേക്കും.
പാർലമെന്‍ററി പാർട്ടി യോഗത്തിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടത് സ്ഥാനാര്‍ത്ഥി കോട്ടയത്ത് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇന്ന് തന്നെ അന്തിമ തീരുമാനമാകുമെന്നാണ് വിവരം.