Latest News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഇന്ന് വൈകീട്ട് നടക്കും. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക. അമ്പത് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായ് കേരളത്തിലെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും വനിതാ മതിലിനൊപ്പം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകീട്ട് 3 മണിക്ക് റിഹേഴ്‌സല്‍ ആരംഭിക്കും. പിന്നീട് കൃത്യം നാല് മണിക്കായിരിക്കും വനിതാ മതില്‍ ഉയരുക. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വനിതാ മതില്‍ റിപ്പോര്‍ട്ട് ചെയ്യാനായി സംസ്ഥാനത്ത് എത്തി കഴിഞ്ഞു. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ആരെയും ഭീഷണിപ്പെടുത്തി വനിതാ മതില്‍ സംഘടിപ്പിക്കില്ലെന്നും സ്വയം ബോധ്യമുള്ള സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തില്‍ മതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വനിതാ മതില്‍ തകര്‍ക്കാനുള്ള ചില ശക്തികള്‍ ശ്രമിക്കുന്നതായും കോടിയേരി പറഞ്ഞിരുന്നു.

ന്യൂജേഴ്‌സി(അമേരിക്ക): നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി നവോത്ഥാന സംരംക്ഷണ സമിതി പുതുവത്സര ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം, അമേരിക്ക ബുക്ക് ഓഫ് റിക്കോര്‍ഡ് – കാലിഫോര്‍ണിയ, ഒഫിഷ്യല്‍ വേള്‍ഡ് റിക്കോര്‍ഡ്- സ്‌പെയിന്‍ എന്നിവയിലേക്ക് ലോക റെക്കോര്‍ഡിന് പരിഗണിക്കുന്നതിന് നിരിക്ഷിക്കുവാന്‍ യു.ആര്‍.എഫ്. അന്തര്‍ദേശിയ ജൂറി അംഗം വനജ അനന്ത (അമേരിക്ക) ഉണ്ടാകും. എഴുത്തുകാരിയും, ജീവകാരുണ്യ പ്രവര്‍ത്തകയും, അധ്യാപികയും ആയ ഇവര്‍ ന്യൂയോര്‍ക്ക് കൊളംമ്പിയ, ന്യൂജേഴ്‌സി കെയിന്‍ എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ന്യൂറോ സയന്‍സ്, എജ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. യു.ആര്‍.എഫ് ജൂറി സമിതിയുടെ സഹായത്തോടെ ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ ശേഖരിച്ച് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ചെയര്‍മാന്‍ ആയി ഉളള നിരീക്ഷണ സമിതിയുടെ മോണിറ്ററിംങ്ങ് കമ്മിറ്റിക്ക് നല്‍കും. ഇവ നിരീക്ഷിച്ചതിന് ശേഷം അന്താരാഷ്ട്രാ ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് ലോക റെക്കോര്‍ഡ് പ്രഖ്യാപനം നടത്തുമെന്ന് മീഡിയാ കോര്‍ഡിനേറ്റര്‍ ലിജോ ജോര്‍ജ് അറിയിച്ചു.

രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങള്‍ ഉള്‍പെട്ട നീരിക്ഷണ സമിതി രൂപികരിച്ചു ചുമതലകള്‍ കൈമാറി. ജൂറി അംഗങ്ങളായി ഗിന്നസ് ഡേവിഡ് പയ്യന്നൂര്‍ (കണ്ണൂര്‍) ഗിന്നസ് അനില്‍ മാസ്റ്റര്‍ (കാസര്‍ഗോഡ്) ഗിന്നസ് പ്രജിഷ് കണ്ണന്‍, ഗിന്നസ് വത്സരാജ് (കോഴിക്കോട്) ഗിന്നസ് സത്താര്‍,ഗിന്നസ് മുരളി നാരായണന്‍ (തൃശൂര്‍ ) വിന്നര്‍ ഷെറിഫ് (മലപ്പുറം) ഗിന്നസ് കെ.എം.രാധാകൃഷ്ണന്‍, പി.സി.ചന്ദ്രബോസ് (എറണാകുളം) ആതിര മുരളി, ഗിന്നസ് വിജിത (ആലപ്പുഴ) ഹാരിസ് താഹ (കൊല്ലം) ഗിന്നസ് ജോണ്‍സണ്‍ ജോര്‍ജ് (തിരുവനന്തപുരം) ഗിന്നസ് സെയ്തലവി (പാലക്കാട്) ലിജോ ജോര്‍ജ് (കോര്‍ഡിനേറ്റിങ്ങ് റിപ്പോര്‍ട്ടര്‍) എന്നിവരെ ചുമതലപെടുത്തി. ഓരോ ജില്ലാ സമിതിയെയും സഹായിക്കുന്നതിന് വളണ്ടിയേഴ്‌സും ഉണ്ടാകും. ഒരു കിലോമീറ്റര്‍ വീതം ആണ് ഒരംഗത്തിന് വീതിച്ച് നല്‍കിയിരിക്കുന്നത്. ഇവര്‍ തത്സമയം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോയും ഫോട്ടോയും പകര്‍ത്തി ജൂറി അംഗങ്ങള്‍ക്ക് കൈമാറും.

കൊച്ചി: രാജ്യത്ത് പെട്രോള്‍ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഡീസല്‍ വില ഒമ്പതു മാസത്തെ കുറഞ്ഞ നിലയിലുമെത്തി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതാണ് ഇന്ധനവില കുറയാന്‍ കാരണമായിരിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 23 പൈസ കുറഞ്ഞ് 72.21 രൂപയും ഡീസലിന് 24 പൈസ കുറഞ്ഞ് 67.86 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലെ വില തകര്‍ച്ച തുടര്‍ന്നാല്‍ ഇനിയും ഇന്ധനവില താഴേക്ക് കുതിക്കും.

കഴിഞ്ഞ ജനുവരി പെട്രോളിന് 73.77 രൂപയും ഡീസലിന് 64.87 രൂപയുമായിരുന്നു. ഇത് പിന്നീട് പല ഘട്ടങ്ങളിലായി വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതും രൂപയുടെ മൂല്യ തകര്‍ച്ചയും വില വര്‍ധിക്കാന്‍ കാരണമായി. ഇന്ധന വില അനിയന്ത്രിതമായി വര്‍ധിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. വിലക്കയറ്റം തടയുന്നതില്‍ നരേന്ദ്ര മോഡി പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

വില നിയന്ത്രിക്കാനായി ജൂണ്‍ ഒന്നിന് ലിറ്ററിന് ഒരു രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിരുന്നു. ഒക്‌ടോബര്‍ ഒന്നിന് പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയും എന്ന സര്‍വ്വകാല റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. തുടര്‍ന്ന്, 1.50 രൂപ നികുതിയിനത്തിലും ഒരു രൂപ എണ്ണക്കമ്പനികളും എന്ന രീതിയില്‍ ലിറ്ററിന് 2.50 രൂപ വീതം കേന്ദ്രം കുറച്ചു. പക്ഷേ വില കൃത്യമായി നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ല.

ഒക്‌ടോബറില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 81.03 ഡോളറായിരുന്നു. ഇപ്പോഴത് 53.21 ഡോളറാണ്. നേരത്തെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുശ്രുതമായി രാജ്യത്തെ എണ്ണ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ നഷ്ട്ടപ്പെട്ട ജനപ്രീതി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് മോഡി സര്‍ക്കാര്‍. അതിന്റെ ഭാഗമാണ് എണ്ണവില കുറച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴകത്ത് പുതിയ വിവാദം. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിക്കും അപ്പോളോ ആശുപത്രിക്കുമെതിരെ പുതിയ കണ്ടെത്തലുകളാണ് അന്വേഷണ കമ്മിഷൻ നടത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മിൽ ഗൂഢാലോചന നടത്തിയെന്നും. അതിനുശേഷം ജയലളിതയ്ക്ക് മോശം ചികിത്സയാണ് ആശുപത്രിയിൽ ലഭിച്ചതെന്നും കമ്മിഷൻ പറയുന്നു.

തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും ഇത്തരത്തിൽ ആരോപണമുണ്ട്. വ്യാജതെളിവുകളാണ് ഇയാൾ ഹാജരാക്കിയതെന്നും ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി എതിർത്തുവെന്നവും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. എന്നാൽ ആരോപണങ്ങളെ നിഷേധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും രംഗത്തെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു‌. 2017 ഡിസംബർ ആഞ്ചിനാണ് 75 ദിവസത്തെ ആശുപത്രി ചികിത്സയ‌്ക്ക‌് ശേഷം ജയലളിത മരിച്ചത‌്.

ബ്രിട്ടൻ പുതുവത്സര പുരസ്കാര പട്ടികയില്‍ ഇന്ത്യന്‍ വംശജനായ സംഗീതജ്ഞന്‍ നിതിന്‍ സോനെയും. യു.കെ.യിലെ ഇന്ത്യന്‍ സമൂഹത്തിലെ അസാധാരണനേട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കു നല്‍കുന്നപുരസ്‌കാരമാണ് ഇത്

എ.ആര്‍. റഹമാന്‍, പോള്‍ മക് കാര്‍ട്ട്ണി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സംഗീതജ്ഞനാണ് സോനെ.തായലാൻഡിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ജൂനിയർ ഫുട്‌ബോൾ ടീമിലെ 12 കുട്ടികളെയും കോച്ചിനെയും രക്ഷിച്ച ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരും യു.കെ.യിലെ പുതുവത്സര ധീരതാപുരസ്കാര പട്ടികയിൽ ഇടം പിടിച്ചു..

വെള്ളിയാഴ്ച രാത്രിയാണ് പട്ടിക പുറത്തുവിട്ടത്. ഇവർക്കൊപ്പം മുൻ മോഡൽ ട്വിഗ്ഗി, കോമഡി സംഘം മോണ്ടി പൈതോൺസിലെ അംഗം മൈക്കിൾ പാലിൻ, ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ, ജിം കാർട്ടർ എഴുത്തുകാരൻ ഫിലിപ് പുൾമാൻ, അഭിഭാഷകൻ ജോൺ റെഡ്‌വുഡ് എന്നിവരും ഉണ്ട്. രക്ഷപ്പെടുത്താൻ ബ്രിട്ടീഷ് വിദഗ്ധ സംഘത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ നാലു പേർക്കു ‘വിശിഷ്ടമായ ധീരതാ പുരസ്കാരവും’ മൂന്നു പേർക്കു ‘മെമ്പേഴ്‌സ് ഓഫ് ദ മോസ്റ്റ് എക്‌സലന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ ‍(എം.ബി.ഇ.)’ പുരസ്കാരവും ലഭിക്കും. മോഡലിങ് രംഗത്ത് പതിറ്റാണ്ടു നീണ്ട സേവനങ്ങൾ മുൻനിർത്തിയാണ് ലെസ്‌ലെയ് ലോസൺ എന്ന ട്വിഗ്ഗിക്ക് പുരസ്കാരം

ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വിവിധരംഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.ബക്കിങ്ങാം കൊട്ടാരത്തിലെ അംഗങ്ങളാണ് ഇവര്‍ക്ക് പുരസ്കാരം സമ്മാനിക്കുന്നത്.

 

റാസല്‍ ഖൈമയില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് മരണം. റെസ്‌ക്യൂ ഓപ്പറേഷനായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് രക്ഷാപ്രവര്‍ത്തകരും ഒരു രോഗിയുമാണ് മരണപ്പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരമുള്ള പര്‍വത നിരയിലാണ് അപകടം.

മരിച്ച നാലില്‍ മൂന്ന് പേരും യുഎഇ സ്വദേശികളാണ്. കൂടാതെ ഒരാള്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശിയാണ്. ഹുമൈദ് അല്‍ സാബി, ജാസിം അല്‍ തുനൈജി, സഖ്ര് അല്‍ യമാഹി എന്നിവരാണ് യുഎഇ സ്വദേശികള്‍. മാര്‍ക് ടി ആള്‍ സാബിയാണ് മരണപ്പെട്ട വിദേശി.

നാഷണല്‍ ആംബുലന്‍സിന്റേതാണ് ഹെലികോപ്റ്റര്‍. രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ യുഎഇ സമയം വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ മലയിടുക്കില്‍ തകര്‍ന്ന് വീണ് കത്തുകയായിരുന്നു. മലയില്‍ സ്ഥാപിച്ചിരുന്ന സിപ് ലൈന്‍ കേബളില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്

ഹോട്ടല്‍ റൂമില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവ തിരക്കഥാകൃത്ത് അറസ്റ്റില്‍. സുഹൃത്തുക്കളെയും പിടികൂടിയിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ദിലീപ് കുര്യനാണ് പോലീസിന്റെ പിടിയിലായത്. രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നതായും ദിലീപിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നതായും ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനോട് മൊഴി നല്‍കി.

ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ദിലീപ് കുര്യന്‍ രണ്ടാമത്തെ സിനിമയുടെ തിരക്കഥയുടെ ജോലികളിലായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്. ഇയാളില്‍ നിന്ന് മൂന്നു ഗ്രം കഞ്ചാവ് പിടിച്ചെടുത്തു.

യുവാവിന്റെ മൃതദേഹം ബൈക്കിൽ കെട്ടിയിട്ട നിലയിൽ കുളത്തിൽ നിന്നും കണ്ടെത്തി. കോട്ടയത്താണ് സംഭവം.ആലപ്പുഴ കൈനടി വടക്കാട്ട് വീട്ടില്‍ മുകേഷിന്റെ(31) മൃതദേഹമാണ് കറുകച്ചാല്‍ കാഞ്ഞിരപ്പാറയിലെ കുളത്തില്‍ നിന്ന് കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശിയായ മുകേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.ഇതിനിടെ കറുകച്ചാലിലെ കുളത്തില്‍ നിന്ന് മുകേഷിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ കറുകച്ചാല്‍ പൊലീസും പാമ്പാടി അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കുളത്തില്‍നിന്ന് പുറത്തെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

രാജ്യത്ത് നിപ വൈറസ് ഭീഷണിയുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ 19 ശതമാനത്തിലും നിപ വൈറസ് സാന്നിധ്യം ഉണ്ടെന്ന് ആരോഗ്യ ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നിപ വൈറസ് ബാധയ്ക്ക് സാധ്യതയുളള മേഖലകളില്‍ 25 ദശലക്ഷം പേര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലെയും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം വീണ്ടും വലിയ തോതില്‍ പടരാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ മേഖലയിലുളളവര്‍ പക്ഷികള്‍ കഴിച്ച് ബാക്കിവെച്ച പഴങ്ങള്‍ കഴിക്കരുതെന്നും ജാഗ്രതാ നിര്‍ദേശം നല്‍കുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫൊര്‍ മെഡിക്കല്‍ റിസെര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ മുന്നറിയിപ്പുളളത്.
ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ നിപ വൈറസ് ബാധയില്‍ 17 പേരാണ് മരിച്ചത്.

മെല്‍ബണില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ഓസ്ട്രേലിയയെ 137 റണ്‍സിന് തകര്‍ത്തു. ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യജയം. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 261 റണ്‍സിന് പുറത്തായി. മല്‍സരത്തിലാകെ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പി. പരമ്പരയില്‍ ഇന്ത്യ 2–1 ന് മുന്നിലായി.

ഗവാസ്കര്‍, കപില്‍ദേവ്, ഗാംഗുലി, ധോണി… ഇന്ത്യയുടെ ഇതിഹാസ നായകന്മാര്‍ കൊതിച്ച നേട്ടം കോഹ്‌ലിപ്പട എറിഞ്ഞു വീഴത്തി. ഇന്നുവരെ ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ തോറ്റിട്ടില്ലെന്ന ഓസ്ട്രേലിയയുടെ അഭിമാനത്തിനുമേലേറ്റ ക്ഷതം. കനത്ത മഴ ജയത്തിലേക്കുള്ള കാത്തിരിപ്പ് വൈകിച്ചു. മഴ മാറി മാനം തെളിഞ്ഞതോടെ കങ്കാരുപ്പടയുടെ തോല്‍വി ഭാരം കുറയ്ക്കാനിറങ്ങിയ കമ്മിന്‍സിനെ 63 റണ്‍സിന് പുറത്താക്കി ബുംറ ഇന്ത്യയെ ജയത്തോടടുപ്പിച്ചു

”അവിശ്വസനീയമായ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. വിജയത്തിൽ നിർണായകപങ്ക് വഹിച്ച ജസ്പ്രീത് ബുംറയുടെ കാര്യം എടുത്തുപറയേണ്ടിരിക്കുന്നു. എല്ലാ ഫോർമാറ്റിലും ബുംറ കരുത്താർജിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തെ മികച്ച താരങ്ങളിലൊരുവൻ തന്നെ.” ടീം മികവിനെ പുകഴ്ത്തുമ്പോഴും ഈ ഇരുപത്തിയഞ്ചുകാരന്റെ പ്രയത്നത്തെ ക്രിക്കറ്റ് ആരാധകരും വിട്ടുകളയുന്നില്ല.

‘നമ്പര്‍ വണ്‍ ബോളര്‍’ എന്നാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാക്ക് ബുംറയെ വിശേഷിപ്പിച്ചത്. ലക്ഷ്മണ്‍, ഡാമിയന്‍ മാര്‍ട്ടിന്‍, വീരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ് എന്നിവരും ബുംറയുടെ ബൗളിങ്ങിനെ വാഴ്ത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ബോക്സിങ് ഡേ ടെസ്റ്റിലെ പ്രകടനം കണ്ട് ഓസ്ട്രേലിയൻ ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്‌രാത്തും ബുംറയെ പ്രശംസിച്ചു.

ഏഴു റണ്‍സെടുത്ത നേഥന്‍ ലിയോണിനെ പുറത്താക്കി ഇഷാന്ത് ശര്‍മ വര്‍ഷങ്ങള്‍ നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിന് കര്‍ട്ടനിട്ടു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ 2–1 ന്റെ ലീഡ് സ്വന്തമാക്കുന്നത്. 1977–78 പരമ്പരയ്ക്ക് ശേഷം രണ്ട് ടെസ്റ്റ് മല്‍സരങ്ങള്‍ ജയിക്കുന്നതും ഇപ്പോഴാണ്. ആദ്യഇന്നിങ്സില്‍ 292 റണ്‍സ് ലീഡ് നേടിയ ശേഷം ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിങ്സില്‍ ബാറ്റുചെയ്യാനുള്ള ക്യാപ്റ്റന്‍ വിരാടിന്റെ തന്ത്രം വിജയിച്ചു. ലക്ഷ്യം 400ന് അടുത്തായതോടെ കടുത്ത സമ്മര്‍ദത്തിലായ ഓസ്ട്രേലിയ അഗ്രസീവ് ക്യാപ്റ്റനും സംഘത്തിനും മുന്‍പില്‍ മുട്ടുമടക്കി.

ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലാണ് ഓസ്ട്രേലിയ. ബാറ്റിങ്ങില്‍ സമ്പൂര്‍ണപരാജയമായി. സ്വന്തം മണ്ണില്‍ നാല്ടെസ്റ്റുകളുെട പരമ്പരയില്‍ ഒരു ബാറ്റ്മാന്‍ പോലും സെഞ്ചുറി നേടാതെ പോകുന്നത് 136 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമാണ്. 37വര്‍ഷത്തിനുശേഷമാണ് ഇന്ത്യ മെല്‍ബണില്‍ വിജയിക്കുന്നത് .

ഓപ്പൺമാരായ മർക്കസ് ഹാരിസ് (27 പന്തിൽ 13) ആരോൺ ഫിഞ്ച്(നാല് പന്തിൽ മൂന്ന്), ഉസ്മാൻ ഖവാജ (59 പന്തിൽ 33), ഷോൺ മാർഷ് (72 പന്തിൽ 44), മിച്ചല്‍ മാര്‍ഷ്(21 പന്തിൽ 10), ട്രാവിസ് ഹെഡ് (92 പന്തിൽ 34), ടിം പെയ്ൻ (57 പന്തിൽ 26), മിച്ചൽ സ്റ്റാർക് (27 പന്തിൽ 18) പാറ്റ്കമ്മിൻസ് (63) റൺസെടുത്തു. ഇന്ത്യയ്ക്കായി ബുമ്രയും ജഡേജയും മൂന്ന് വിക്കറ്റും ബുംറയും ഷമിയും ഇഷാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാമിന്നിങ്സ് ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.

ഓസ്ട്രേലിയയ്ക്കായി മധ്യനിര പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ‌ക്കു മുന്നിൽ പതറുകയായിരുന്നു. ആറ് റൺസിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി തകർച്ചയോടെയായിരുന്നു ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിന് തുടക്കമായത്. മൂന്ന് റൺസ് മാത്രമെടുത്ത ആരോൺ ഫിഞ്ചാണു പുറത്തായത്. സ്കോർ 33 റൺസിൽ നിൽക്കെ മാര്‍കസ് ഹാരിസിനെ മായങ്ക് അഗർവാളിന്റെ കൈകളിലൊതുക്കി ജഡേജ പറഞ്ഞുവിട്ടു. ഉസ്മാൻ ഖവാജയെ ഷമിയും ഷോൺ മാർഷിനെ ബുമ്രയും വിക്കറ്റിന് മുന്നില്‍ കുടുക്കി. ട്രാവിസ് ഹെഡിനെ ഇഷാന്ത് ശർമ ബൗൾഡാക്കി. മിച്ചൽ മാര്‍ഷിന്റെയും ടിം പെയ്നിന്റെയും വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണ്. സ്റ്റാർക്കിനെ മുഹമ്മദ് ഷാമി കൂടാരം കയറ്റി.

ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 151 റൺസിന് പുറത്തായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് ഓസീസ് ഇന്നിങ്സ് ഇന്ത്യ അനായാസം അവസാനിപ്പിച്ചത്. മാർകസ് ഹാരിസ് (35 പന്തിൽ 22), ആരോണ്‍ ഫിഞ്ച് (36 പന്തിൽ എട്ട്), ഉസ്മാൻ ഖവാജ (32 പന്തിൽ 21), ഷോൺ മാർഷ് (61 പന്തിൽ 19), ട്രാവിസ് ഹെഡ് (48 പന്തിൽ 20), മിച്ചൽ മാർഷ് (36 പന്തിൽ ഒൻപത്), പാറ്റ് കമ്മിൻസ് (48 പന്തിൽ 17), ടിം പെയ്ൻ (85 പന്തിൽ 22), നാഥൻ‌ ലിയോൺ (പൂജ്യം), ജോഷ് ഹെയ്സൽവുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഓസീസ് താരങ്ങളുടെ സ്കോറുകൾ. 7 റൺസുമായി മിച്ചൽ സ്റ്റാർക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിലാണു ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളിൽ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. ഇന്ത്യയ്ക്കായി കന്നി മൽസരം കളിക്കുന്ന മായങ്ക് അഗര്‍വാൾ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി നേടി.

RECENT POSTS
Copyright © . All rights reserved