നാല്ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടുന്നതിനാല്‍ നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വെള്ളം തുറന്നുവിട്ടു. മുഖ്യമന്ത്രിയുെട നേതൃത്വത്തില്‍ തീരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. നിലവില്‍ 2401.34 അടിയാണ് ജലനിരപ്പ്. ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചശേഷം ചെറുതോണിയില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത് പരിഗണിക്കുന്നതായി മന്ത്രി എം.എം. മണി അറിയിച്ചു.
ഇടമലയാറില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ചെറുതോണിയിലെ രണ്ടു ഷട്ടറുകള്‍ കൂടി രാവിലെ തുറന്നതോടെ നിലവില്‍ മൂന്നു ഷട്ടറുകള്‍ 40സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത. ചെറുതോണി, പെരിയാര്‍ തീരങ്ങളില്‍ ജലനിരപ്പ് ഉയരുന്നു. ചെറുതോണി, കരിമ്പന്‍ പ്രദേശളില്‍ വീടുകളില്‍ വെള്ളംകയറി. വ്യാപക കൃഷിനാശവുമുണ്ടായി.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം ഇരുപത്തിയാറായി. നിലമ്പൂര്‍ എരുമമുണ്ടയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റേയും ഇടുക്കി കമ്പിളിക്കണ്ടത്ത് മണ്ണിടിച്ചിലില്‍ കാണാതായ ജിനുവിന്റെ മൃതദേഹവും കണ്ടെത്തി. വെഞ്ഞാറമൂടില്‍ വെള്ളം കോരുന്നതിനിടെ കിണര്‍ ഇടിഞ്ഞ് സുരേഷ് മരിച്ചു. വയനാട് വൈത്തിരിയില്‍ കെട്ടിടത്തിന്റെ ഒരുനില മണ്ണിനടിയിലേക്ക് താഴ്ന്ന് കാറും വാനും മണ്ണിനടിയിലായി. ആളപായമില്ല.ആലുവ, കളമശേരി മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.
ചെമ്പകശേരി, തോട്ടുമുഖം, ചൊവ്വര, കാഞ്ഞൂര്‍, ചെങ്ങല്‍ എന്നിവിടങ്ങളിലും വെള്ളം കയറി. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും രണ്ടുദിവസം കൂടി അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭാരതപ്പുഴ, പെരിയാര്‍ ഉള്‍പ്പെടെ മിക്ക നദികളും പുഴകളും കരകവിഞ്ഞു.പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ കൊച്ചി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ കുടിവെള്ളവിതരണം മുടങ്ങി.
ഇടുക്കി അടക്കം സംസ്ഥാനത്ത് 24 ഡാമുകളാണ് ഇപ്പോള്‍ തുറന്ന് വിട്ടിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ അഞ്ചും ഇടുക്കി തൃശൂര്‍ ജില്ലകളില്‍ നാലു വീതം അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍, ഭൂതത്താന്‍കെട്ട്, മലമ്പുഴ എന്നിവയ്ക്കുപുറമേ കക്കയം, പെരുവണ്ണാമൂഴി, വയനാട് ബാണാസുരസാഗര്‍, നെയ്യാര്‍, തെന്മല,ശിരുവാണി തുടങ്ങിയ ഡാമുകളാണ് തുറന്നിരിക്കുന്നത്. ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ രണ്ടുമീറ്റര്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. പമ്പ ഡാം തുറക്കാനും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രളയബാധിത മേഖലകളില്‍ ആവശ്യമായ സഹായമെത്തിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. ആലുവയില്‍ ചേര്‍ന്ന് അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വെള്ളിയാഴ്ച വരെ പരിപാടികള്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.
തിരുവനന്തപുരം: ഇന്നലെ കനത്ത മഴ ലഭിച്ച ജില്ലകളിൽ ഇന്നും ആ രീതിയിൽ മഴ തുടരുമെന്നു കാലാസ്ഥാവകുപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വളരെ കനത്ത മഴയും വ്യാപകമായി കനത്തമഴയും പെയ്യുക. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തമഴ പെയ്യും.
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2,401 അടിയായി. ശക്തമായ മഴയാണ് പദ്ധതി പ്രദേശത്ത് പെയ്യുന്നത്. നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ചെറുതോണിയിലെ രണ്ടു ഷട്ടറുകൾ കൂടി വെള്ളിയാഴ്ച രാവിലെ തുറന്നിരുന്നു. രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്. മൂന്നു ഷട്ടറുകളും 40 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമേഖലയിലെ ചുഴലിക്കാറ്റും ലക്ഷദ്വീപിനു സമീപം അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റുമാണു കേരളത്തിൽ ഇപ്പോൾ കനത്ത മഴ പെയ്യിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ ലക്ഷദ്വീപിൽ മഴ നാമമാത്രമാണ്. കാലവർഷമഴ ലക്ഷദ്വീപിൽ ഇതുവരെ ശരാശരിയുടെ പകുതിയോളമേ ലഭിച്ചിട്ടുള്ളൂ. അതേസമയം കേരളത്തിൽ ഇന്നലെ രാവിലെവരെയുള്ള കണക്കനുസരിച്ച് 19 ശതമാനം അധികമഴ ലഭിച്ചു. 152.2 സെന്റിമീറ്റർ കിട്ടേണ്ട സ്ഥാനത്ത് 180.43 സെന്റിമീറ്റർ മഴ ലഭിച്ചു. ഇടുക്കിയിൽ ഇന്നലെ രാവിലത്തെ നിലയനുസരിച്ച് 50.22 ശതമാനം അധികമഴ ലഭിച്ചു.
ഇന്നലെ രാവിലെ 8.30-ന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് പൊതുവേ ലഭിച്ചത് 6.62 സെന്റിമീറ്റർ മഴയാണ്- സാധാരണ ലഭിക്കേണ്ടതിലും 377 ശതമാനം കൂടുതൽ. തലേന്ന് 5.9 സെന്റിമീറ്റർ ലഭിച്ചു. നിലന്പൂരിൽ ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ലഭിച്ചത് 39.8 സെന്റിമീറ്റർ മഴയാണ്. മാനന്തവാടിയിൽ 30.5 സെന്റിമീറ്റർ, മൂന്നാറിൽ 25.36 സെന്റിമീറ്റർ, പീരുമേട്ടിൽ 25.5 സെന്റിമീറ്റർ മഴ ലഭിച്ചു.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കുസമീപം മണ്ണൂർ ഐരാപുരത്തു തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു പ്ലസ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഐരാപുരം അംബികാമഠത്തിൽ വാടകവീട്ടിൽ താമസിക്കുന്ന അരൂർ സ്വദേശി കോയിൽപ്പറന്പിൽ തോമസിന്റെ മകൻ അലൻ (17), തൃക്കളത്തൂർ കൊല്ലേരിമൂലയിൽ ജിജിയുടെ മകൻ ഗോപീകൃഷ്ണൻ (17) എന്നിവരാണു മരിച്ചത്. കുന്നക്കുരുടി തട്ടുപാലം വലിയതോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12.45 നായിരുന്നു അപകടം.
കനത്ത മഴയിൽ പാലക്കാട് നഗരം വെള്ളത്തിലായി. മലമ്പുഴ അണക്കെട്ട് തുറന്നതോടെയാണ് പാലക്കാട് നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മലമ്പുഴ ആനക്കല്ലിനടുത്ത് കവ, പറച്ചാത്തി, എലിവാൽ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് ഡാമിന്റെ നാലു ഷട്ടറുകളും ഒന്നര മീറ്റർ ഉയർത്തുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡാമിന്റെ ഷട്ടറുകൾ ഇത്രയധികം ഉയർത്തുന്നത്. ഇതേത്തുടർന്ന് കല്പാത്തിയുടെയും ഭാരതപ്പുഴയുടെയും സമീപപ്രദേശങ്ങൾ വെള്ളത്തിലായി.
വീടുകളും മറ്റും വെള്ളത്തിലായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് താലൂക്കിൽ മാത്രം പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇരുന്നൂറോളം കുടുംബങ്ങളെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വടക്കഞ്ചേരി, മണ്ണാർക്കാട്, അട്ടപ്പാടി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇവിടങ്ങളിലെല്ലാം ഉരുൾപൊട്ടൽ ഭീഷണിയും നിലനില്ക്കുന്നു. വാളയാർ-കഞ്ചിക്കോട് റൂട്ടിൽ റെയിൽവേ പാളത്തിൽ വെള്ളം കുത്തിയൊലിച്ച് പാളത്തിന് തകരാർ സംഭവിച്ചതിനേത്തുടർന്ന് ട്രെയിൻ ഗതാഗതം ഒരു ലൈനിലൂടെയായി ക്രമീകരിച്ചിട്ടുണ്ട്. മഴയെത്തുടർന്ന് കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.
നിലന്പൂർ എരുമമുണ്ടയ്ക്കടുത്ത് ചെട്ടിയംപാറയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിൽ പെട്ട് ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. ഒരാളെ കാണാതായി. ബുധനാഴ്ച രാത്രി പത്തു മണിയോടെ ചാലിയാർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള ചെട്ടിയാംപാറയിലാണ് ഉരുൾപൊട്ടിയത്. പറന്പാടൻ കുഞ്ഞി(50), മരുമകൾ ഗീത(29), മക്കളായ നവനീത്(ഒന്‍പത്), നിവേദ്(മൂന്ന്), കുഞ്ഞിയുടെ സഹോദരിയുടെ മകൻ മിഥുൻ(16) എന്നിവരാണ് മരിച്ചത്. കുഞ്ഞിയുടെ മകൻ സുബ്രഹ്മണ്യ(30) നെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. അതിശക്തമായ ഉരുൾപൊട്ടലിൽ ഇവരുടെ തറവാട് വീടും പുരയിടവും പൂർണമായും മണ്ണിനടിയിൽപ്പെടുകയായിരുന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇതേസമയം, വയനാട്ടിൽ മഴക്കെടുതിയിൽ മൂന്നു പേർ മരിച്ചു.
വീടിനു മുകളിലേക്കു മണ്ണിടിഞ്ഞ് കൽപ്പറ്റ വൈത്തിരിയിൽ ഒരാളും മാനന്തവാടി മക്കിമലയിൽ ഉരുൾപൊട്ടി രണ്ടു പേരുമാണ് മരിച്ചത്. വൈത്തിരി പോലീസ് സ്റ്റേഷനു സമീപം ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു ഒരാളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ. വീടിനു മുകളിലേക്കു മണ്ണിടിഞ്ഞ് ലക്ഷം വീട് കോളനിയിലെ തൊളിയത്തറ ജോർജിന്റെ ഭാര്യ ലില്ലിയാണ്(65) മരിച്ചത്. രാവിലെയാണ് രക്ഷാപ്രവർത്തകർ ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ലില്ലിയുടെ മക്കളായ ജയേഷ്, ഗിരി എന്നിവർ രക്ഷപ്പെട്ടു.
മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഇന്നലെ പുലർച്ചെ ഉണ്ടായ ഉരുൾ പൊട്ടലിൽ ആറാം നന്പർ മംഗലശേരി റസാഖ്(40), ഭാര്യ സീനത്ത്(40) എന്നിവർ മരിച്ചു. മക്കളായ റെജിമാസ്, റെജിനാസ്, സാലു എന്നിവർ രക്ഷപ്പെട്ടു. വെള്ളം ഒഴുകിയെത്തുന്ന ശബ്ദംകേട്ട് മാതാപിതാക്കൾ പുറത്തേക്ക് ഓടിച്ചതാണ് കുട്ടികൾ രക്ഷപ്പെടുന്നതിനു സഹായകമായത്. ഉരുൾ പൊട്ടലിൽ വീട് പൂർണമായും നശിച്ചു.മണ്ണിൽ പുതഞ്ഞ റസാഖിന്റെയും സീനത്തിന്റെയും മൃതദേഹങ്ങൾ ദുരന്തം നടന്നു മണിക്കൂറുകൾക്കുശേഷമാണ് പുറത്തെടുത്തത്. കാർ മലവെള്ളപ്പാച്ചിലിൽപ്പെട്ടു കോഴിക്കോട്ട് യുവാവ് മരിച്ചു
കോഴിക്കോട്: കണ്ണപ്പൻ കുണ്ടിൽ കാർ മലവെള്ളപ്പാച്ചിലിൽപ്പെട്ട് യുവാവ് മരിച്ചു. പുതുപ്പാടി കണ്ണപ്പൻകുണ്ടിനടുത്ത് മട്ടിക്കുന്ന് സ്വദേശി പരപ്പൻപാറ മാധവിയുടെ മകൻ റിജിത് മോനാണ്(26) ദാരുണമായി മരിച്ചത്. ഗ്യാസ് ഏജൻസി ജീവനക്കാരനായ റിജിത് ആറു മാസം മുൻപാണ് വിവാഹിതനായത്.
വെള്ളം കയറിയതറിഞ്ഞ് മട്ടിക്കുന്ന് പാലത്തിനടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു റിജിത്ത്. പാലത്തിന് എതിര്‍വശത്തുള്ളവര്‍ മലവെള്ളം വരുന്നത് ടോര്‍ച്ച് തെളിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ റിജിത്തിനൊപ്പമുള്ളവര്‍ ഓടിരക്ഷപ്പെട്ടു. റോഡില്‍ നിര്‍ത്തിയിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കി എടുക്കാനുള്ള ശ്രമത്തില്‍ റിജിത്തും കാറും ഒഴുക്കില്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെ മണല്‍വയല്‍ വള്ള്യാട് നിന്നാണു പുഴയിലെ മരത്തടിയിൽ തങ്ങിനിൽക്കുന്ന നിലയിൽ റിജിതിന്റെ മൃതദേഹം കിട്ടിയത്.
ജില്ലയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലുകളിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ 11 പേർ മരിച്ചു. രണ്ടുപേരെ കാണാതായി. അടിമാലി എട്ടുമുറിയിലുണ്ടായ ഉരുൾപൊട്ടലിൽ ദേശീയപാതയോരത്തു താമസിച്ചിരുന്ന പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ ഫാത്തിമ(65), മകൻ മുജീബ് (38), മുജീബിന്റെ ഭാര്യ ഷെമീന (35), മുജീബിന്റെ മക്കളായ ദിയ (ഏഴ്), മിയ (അഞ്ച്), കൊന്നത്തടി കുരുശുകുത്തിയിൽ പൊന്തപ്പള്ളിൽ മാണിയുടെ ഭാര്യ തങ്കമ്മ(55), അടിമാലി കുരങ്ങാട്ടിയിൽ കുറുന്പനത്ത് മോഹനൻ (52), ഭാര്യ ശോഭന (50), മുരിക്കാശേരി രാജപുരം കരികുളത്തിൽ പരേതനായ കുമാരന്റെ ഭാര്യ മീനാക്ഷി (93), കീരിത്തോട് പെരിയാർവാലി കൂട്ടാക്കൽ ആഗസ്തി (70), ഭാര്യ ഏലിക്കുട്ടി (65) എന്നിവരാണ് മരിച്ചത്. കരികുളത്തിൽ മീനാക്ഷിയുടെ മക്കളായ ഉഷ (57), രാജൻ (55) എന്നിവരെയാണ് കാണാതായത്.
ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അടിമാലിയിൽ ഉരുൾപൊട്ടലുണ്ടായത്. അപകടത്തെത്തുടർന്ന് ഹസൻകുട്ടിയുടെ വീടു പൂർണമായി ഒലിച്ചുപോയി. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഹസൻകുട്ടിയും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപെട്ടത്. അപകട സമയത്തു വീടിനുള്ളിലുണ്ടായിരുന്ന ഹസൻ കുട്ടിയും മറ്റൊരു ബന്ധുവും അദ്ഭുതകരമായി രക്ഷപ്പെട്ടു.
നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വീടിനു മുകൾഭാഗത്തുനിന്നു പൊട്ടിയിറങ്ങിയ ചെളിയും വെള്ളവും ഹസൻകുട്ടിയുടെ കുടുംബത്തെ ഒന്നാകെ കവർന്നെടുക്കുകയായിരുന്നു. ചെളിയും മണ്ണും വീടിന്റെ അവശിഷ്ടങ്ങളും ദേശീയപാതയിൽ വന്നടിഞ്ഞു. ഇവയ്ക്കിടയിൽനിന്നുമാണ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മണ്ണിനടിയിൽ കൊന്നത്തടി കുരുശുകുത്തിയിലുണ്ടായ ഉരുൾപൊട്ടലിൽ പൊന്തപ്പള്ളിൽ മാണിയും മകൻ ഷൈനും അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഉരുൾപൊട്ടിയതിനെത്തുടർന്ന് മാണിയുടെ വീടു പൂർണമായി തകർന്നു. അടിമാലി കുരങ്ങാട്ടിയിൽ കുറുന്പനത്ത് മോഹനൻ, ഭാര്യ ശോഭന എന്നിവർ താമസിച്ചിരുന്ന വീടിനുമുകളിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവസമയത്ത് വീടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിൽ വീടു പൂർണമായി തകർന്നു.
പെരിയാറിനു സമീപം താമസിച്ചിരുന്ന കൂട്ടാക്കൽ ആഗസ്തിയും ഭാര്യ ഏലിക്കുട്ടിയും ചെറുമകന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് കീരിത്തോട് പെരിയാർവാലിയിൽ ദേശീയപാതയ്ക്കരികിൽ ഹരിപ്പാട് രവീന്ദ്രന്റെ വീട്ടിൽ വാടകയ്ക്കു താമസമാരംഭിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് ഇവിടെ ഉരുൾപൊട്ടിയത്. ഇവർ താമസിക്കുന്ന വീടിനു മുകളിലേക്ക് അഞ്ചംകുന്നേൽ വേലായുധന്റെ വീടിന്റെ തിണ്ണയോടുചേർന്നുള്ള ഭാഗത്താണ് ഉരുൾപൊട്ടിയത്. സമീപവാസിയായ സന്തോഷിന്റെ ആട്, പന്നി തുടങ്ങിയ വളർത്തു മൃഗങ്ങളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
ആഗസ്തിയും ഭാര്യ ഏലിക്കുട്ടിയും ഉറങ്ങിക്കിടന്ന മുറിക്കു മുകളിലേക്കു മണ്ണും കല്ലും വെള്ളവും പതിക്കുകയായിരുന്നു. വീടിന്റെ ഒരുഭാഗം പൂർണമായും തകർന്നു. ഒടിഞ്ഞുതകർന്ന കട്ടിലിനടിയിലും സമീപത്തുമായാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ കൊച്ചുമകൻ വിപിന്റെ ഭാര്യ ജെസിയും ഒരു വയസുള്ള കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. ജെസി ഫോണ്‍വിളിച്ചു നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും കഞ്ഞിക്കുഴി പോലീസും ഇടുക്കി ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെടുത്തത്. തൊട്ടടുത്തുള്ള ബേബിയുടെ വീടും ഉരുൾപൊട്ടലിൽ തകർന്നു. അരകിലോമീറ്റർ വാത്തിക്കുടി പഞ്ചായത്തിൽ രാജപുരത്ത് കരികുളത്തിൽ മീനാക്ഷിയും മക്കളായ രാജനും ഉഷയും താമസിച്ചിരുന്ന വീട് ഉരുൾപൊട്ടലിൽ പൂർണമായുംഒലിച്ചുപോയി.
ഇന്നലെ വെളുപ്പിന് മൂന്നരയോടെയാണ് ഇവിടെ ഉരുൾപൊട്ടിയത്. വീടിനോടൊപ്പം ഒഴുകിപ്പോയ മീനാക്ഷിയുടെ മൃതദേഹം അരകിലോമീറ്ററോളം താഴെ മരക്കഷണത്തിൽ ഉടക്കിക്കിടന്നു. രാവിലെ ഒന്‍പതിനാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കാലും വയറിന്റെ ഒരു ഭാഗവും മുറിഞ്ഞ നിലയിലായിരുന്നു. ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്ന രാജനും ഉഷയ്ക്കുംവേണ്ടി തെരച്ചിൽ ആരംഭിച്ചു. തോട്ടിൽ വെള്ളം ഉയർന്നത് രക്ഷാപ്രവർത്തനത്തിനു തടസമായി. പെരിയാറിലേക്കാണ് തോട്ടിൽനിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത്.
ഇന്നലെ രാവിലെ അഞ്ചേകാലോടെയാണ് കന്പളികണ്ടം പന്തപ്ലാക്കൽ തങ്കമ്മയുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. ഉരുൾപൊട്ടലിൽ വീട് ഒഴുകിപ്പോയി. അരക്കിലോമീറ്ററോളം ദൂരെനിന്നാണ് തങ്കമ്മയുടെ മൃതദേഹം ലഭിച്ചത്. ഭർത്താവ് മാണിയും മകൻ ഷൈനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലാർ കന്പിലൈൻ താഴത്തേക്കുടിയിൽ കുടുംബാംഗമാണ് തങ്കമ്മ. മോഹനൻ, ഭാര്യ ശോഭന എന്നിവരുടെ സംസ്കാരം ഇന്നു വീട്ടുവളപ്പിൽ നടക്കും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു. കെ. കൃഷ്ണമൂർത്തി/ബിജു കലയത്തിനാൽ
തിരുവനന്തപുരം: സംസ്ഥാനത്തു കനത്ത മഴയിൽ നിറഞ്ഞ 63 അണക്കെട്ടുകൾ തുറന്നുവിട്ടു.വൈദ്യുതി ബോർഡിനു കീഴിലെ അണക്കെട്ടുകളിൽ ഒന്നൊഴികെയുള്ളതെല്ലാം തുറന്നതായി വൈദ്യുതി ബോർഡ് ഡാം സേഫ്റ്റി വിഭാഗം ചീഫ് എൻജിനിയർ ബിബിൻ ജോസഫ് പറഞ്ഞു. 25 വർഷത്തിനിടെ ആദ്യമായാണ് ഇറിഗേഷനു കീഴിൽ ഇത്രയും അണക്കെട്ടുകൾ തുറക്കുന്നതെന്ന് ചീഫ് എൻജിനിയർ പി.എച്ച്. ഷംസുദീൻ പറഞ്ഞു.
തുറന്ന അണക്കെട്ടുകൾ
കുറ്റ്യാടി
എല്ലാ ഷട്ടറും തുറന്നു. മഴക്കാലത്ത് എല്ലാ വർഷവും മുഴുവൻ ഷട്ടറും തുറക്കും.
മലമ്പുഴ
നാല് ഷട്ടർ ഒന്നര മീറ്റർവീതം തുറന്നു. നാലുവർഷത്തിനുശേഷമാണ് തുറക്കുന്നത്.
പോത്തുണ്ടി
മൂന്നു ഷട്ടർ ഒന്നര മീറ്റർ തുറന്നു.
കാരാപ്പുഴ
മൂന്നു ഷട്ടർ 20 സെന്റിമീറ്റർവീതം തുറന്നു. എല്ലാവർഷവും തുറക്കുന്നതല്ല.
മംഗലം
ആറു ഷട്ടർ 20 സെന്റിമീറ്റർ തുറന്നു.
വാഴാനി
നാല് ഷട്ടർ പത്തു സെന്റിമീറ്റർ തുറന്നു.
പീച്ചി
നാല് ഷട്ടർ 30 സെന്റിമീറ്റർ തുറന്നു.
മലങ്കര
നാല് ഷട്ടർ ഒരു മീറ്റർ വീതം തുറന്നു.
നെയ്യാർ
60 സെന്റിമീറ്റർ തുറന്നു. കൂടുതൽ മഴ പെയ്താൽ എല്ലാ വർഷവും തുറക്കും.
കല്ലട
മൂന്നു ഷട്ടർ രണ്ടര സെന്റിമീറ്റർ തുറന്നു. കഴിഞ്ഞവർഷവും തുറന്നു.
ബാരേജുകൾ നാലെണ്ണം തുറന്നു
നദിക്കു കുറുകെ കെട്ടിയ തടയണകളാണ് ബാരേജുകൾ. ഭൂതത്താൻകെട്ട്, മണിയാർ ബാരേജ്, പഴശി , മൂലത്തറ ബാരേജുകൾ തുറന്നു. ഇവ നാലെണ്ണവും എല്ലാമഴക്കാലത്തും തുറക്കുന്നവയാണ്.
ഇടുക്കി
ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ് അണക്കെട്ടുകൾക്കായി ഒരു സ്ഥലത്തുമാത്രമാണ് ഷട്ടറുള്ളത്. ഇന്നലെ ട്രയലായി തുറന്നു. ജലം അനിയന്ത്രിതമായി നിറയുന്നതിനാൽ ഇന്നു രണ്ടു ഷട്ടറുകൾ തുറന്നേക്കും.
തുറക്കുമെന്നു മുന്നറിയിപ്പുള്ള അണക്കെട്ടുകൾ
വാളയാർ, മീങ്കര, ചിമ്മിനി, ചുള്ളിയാർ എന്നിവ തുറക്കുമെന്ന് മുന്നറിയിപ്പ് നൽകിട്ടുണ്ട്.
പാലക്കാട്ടെ ശിരുവാണി അണക്കെട്ടിന് ഷട്ടറില്ലാത്തതിനാൽ വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. കോയമ്പത്തൂർ നഗരത്തിലേക്കായി തമിഴ്നാട് കേരളത്തിൽ നിർമിച്ച അണക്കെട്ടാണിത്.
വൈദ്യുതി ബോർഡിന്റെ 53 അണക്കെട്ടുകൾ തുറന്നു
വൈദ്യുതി ബോർഡിന്റെ 59 അണക്കെട്ടുകളിൽ 53 എണ്ണവും തുറന്നു. വൈദ്യുതിബോർഡിന്റെ വലിയ അണക്കെട്ടുകളായ പമ്പ, ഷോളയാർ, മാട്ടുപ്പെട്ടി എന്നിവ ജൂണിൽ മഴ കനത്തതുമുതൽ തുറന്നിരിക്കുകയാണ്.ഇടത്തരം അണക്കെട്ടുകളായ കുറ്റ്യാടി, തേരിയോട് പൊന്മുടി എന്നിവയും ചെറുകിട അണക്കെട്ടുകളായ നേര്യമംഗലം, പൊരിങ്ങൽ, ലോവർ പെരിയാർ എന്നിവയും തുറന്നിരിക്കുകയാണ്.കണ്ണൂരിലെ ബാരാപ്പോൾ നദിക്കു കുറുകേ കിടങ്ങു കുഴിച്ച് വെള്ളം വിട്ടിരിക്കുന്നതിനാൽ ഷട്ടർ തുറക്കേണ്ടതില്ല. നിർമാണം നടക്കുന്ന കക്കി, ചെങ്കുളം, ആനയിറങ്കൽ, കക്കാട് അണക്കെട്ടുകളിൽ വെള്ളം നിറയ്ക്കുന്നില്ല. മൂന്നാറിലെ കുണ്ടള അണക്കെട്ട് 61 ശതമാനം നിറഞ്ഞിട്ടുണ്ട്.
ഇടുക്കിയിൽ മലവെള്ളപാച്ചിലിൽ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഒഴുകി വന്നു. തലയില്ലാത്ത ശരീരമാണ് കണ്ടെത്തിയത്. ഉടലും കൈകളും മാത്രമാണ് മൃതദേഹത്തിലുള്ളത്. കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറിൽ എല്ലക്കൽ പാലത്തിന് സമീപമാണ് ഒഴുകി വന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് റോഡുകളിൽ ഗതാഗത തടസ്സം തടസപ്പെട്ടിരുന്നു. ഗതാഗതം പുന:സ്ഥാപിക്കാൻ പോയ കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വെള്ളപ്പാച്ചിലിൽ മനുഷ്യശരീരം ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തോട്ടിയും കയറും ഉപയോഗിച്ച് മൃതദേഹം ഒഴുകി പോകാതെ ഇവർ തടഞ്ഞിട്ടു. പിന്നീട് രാജാക്കാട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സംഘം എത്തിയശേഷമാണ് ശരീരഭാഗങ്ങൾ കരക്കെടുത്തത്. സ്ത്രിയുടേതെന്ന് തോന്നിക്കുന്ന ഉടലും കൈകളുമാണ് കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ അവസ്ഥയിലാണ് ശരീരഭാഗം. ഇൻക്വസ്റ്റ് തയാറാക്കി ഫോറൻസിക് പരിശോധനയ്ക്കായി ശരീരഭാഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ മുകളിൽ കുഞ്ചിത്തണ്ണി പാലത്തിന് സമീപത്ത് നിന്ന് ഒരു മാസം മുമ്പ് യുവതിയുടെ ഇടതുകാൽ നാട്ടുകാർക്ക് ലഭിച്ചിരുന്നു. ഇതും കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ആറ്റുകാട്ടിൽ നിന്ന് പുഴയിൽ കാണാതായ വിജി എന്ന യുവതിയെയും പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസനയെയും ബന്ധപ്പെടുത്തി പോലീസ് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിനിടെയാണ് ഉടലും കൈകളും ലഭിച്ചത്.
അരയ്ക്ക് താഴ്പോട്ടും കഴുത്തിന് മുകളിലേക്കുമില്ലാത്ത ശരീരഭാഗം ലഭിച്ചത് കൊലപാതകമാണെന്ന സൂചനയാണ് നൽകുന്നത്. കഴുത്തിലെയും അരയിലെയും മുറിവ് വെട്ടിമുറിച്ചതിന് സമാനമാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അണക്കെട്ടുകൾ തുറന്ന് പുഴയിൽ വെള്ളം നിറഞ്ഞതോടെ ആലുവയിൽ കാഴ്ച കാണാനും സെൽഫിയെടുക്കാനും തിരക്ക്. ഇതോടെ ആലുവ മാര്‍ത്താണ്ഡവർമ്മ പാലത്തിൽ പൊലീസ് കർട്ടനിട്ടു.
പെരിയാർ നിറഞ്ഞൊഴുകുന്ന കാഴ്ച കാണാൻ ഇതുവഴി പോകുന്ന യാത്രക്കാര്‍ വാഹനങ്ങൾ നിർത്തിയിട്ട് സെൽഫിയെടുക്കാനും ചിത്രങ്ങളെടുക്കാനും തുടങ്ങിയതോടെ ഈ ഭാഗത്ത് വലിയ ഗതാഗതതടയസ്സമുണ്ടായിരുന്നു. ദേശീയ പാതയിൽ ഗതാഗതസ്തംഭനമുണ്ടായതോടെ ആലുവ ട്രാഫിക് എസ്ഐ മുഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ കർട്ടൻ വലിച്ചുകെട്ടാൻ തീരുമാനിക്കുകയായിരുന്നു.
റോട്ടിൽ നിന്ന് പുഴയിലേക്കുള്ള കാഴ്ചമറയ്ക്കുന്ന തരത്തിൽ പാലത്തിലാണ് കർട്ടൻ വലിച്ചുകെട്ടിയിരിക്കുന്നത്. ഇപ്പോൾ റോഡിൽ നിന്ന് നോക്കിയാൽ പുഴ കാണാൻ സാധിക്കില്ല.
ഇടമലയാറും ഇടുക്കിയും തുറന്നതോടെ പെരിയാർ കരകവിഞ്ഞൊഴുകുന്നു. ഇതോടെ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പറവൂർ മേഖലയെയാണ് വെള്ളക്കെട്ട് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഇവിടെയാണ് ഏറ്റവുമധികം ദുരിതാശ്വാസക്യാംപുകളും തുറന്നിരിക്കുന്നത്.
പെരിയാറിന് കുറുകെയുള്ള ആലുവ, കുന്നത്തുനാട്, കളമശേരി, ചെങ്ങൽ മേഖലകളിലും വെള്ളപ്പൊക്കമുണ്ട്. ആലുവയിൽ രണ്ട് ക്യാംപുകൾ കൂടി തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം പെരിയാറിൽ ചെളിയുടെ അളവ് ക്രമാതീതമായി വർധിച്ചതിനെത്തുടർന്ന് കൊച്ചി കോർപറേഷൻ പ്രദേശത്ത് വെള്ളം എത്തിക്കുന്ന രണ്ട് പമ്പ് ഹൗസുകളിൽ ഒന്നിന്റെ പ്രവർത്തനം നിർത്തി. പുഴവെള്ളത്തിൽ ചെളി 400 എൻടിയു (നെഫ്ലോമാറ്റിക് ടർബിഡിറ്റി യൂണിറ്റ്) വരെയുയർന്നു. സമീപകാലചരിത്രത്തില്‍ ആദ്യമായാണിങ്ങനെ.
ചെളി കുറഞ്ഞില്ലെങ്കിൽ രണ്ട് പമ്പ് ഹൗസുകളുടെ പ്രവർത്തനവും നിർത്തേണ്ടിവരും. അല്ലെങ്കിൽ വാട്ടർ ബെഡുകളും മോട്ടോറുകളും തകരാറിലാകും.
ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ 48 മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 25 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടിരിക്കുന്നത്. രാക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് തുടങ്ങിയ മലയോര മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം വിവിധ ജില്ലകളിലെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ പതിനഞ്ചംഗ സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ കല്‍പ്പറ്റയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഇടുക്കി, പാലക്കാട് ജില്ലകളിലേക്കും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മലപ്പുറത്ത് അതിശക്തമായ മഴ തുടര്‍ന്നതോടെ നിലമ്പൂര്‍, കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളിലായി പത്തു ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മലമ്പുഴയില്‍ നിന്ന് ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നതോടെ നഗരങ്ങളില്‍ കുടിവെള്ളമില്ലാതായിരിക്കുകയാണ്. വയനാട്ടിലെ ബാണാസുരാസാഗര്‍ അണക്കെട്ട് തുറന്നതോടെ വെണ്ണിയോട്, പടിഞ്ഞാറത്തറയിലെ ചില പ്രദേശങ്ങള്‍ എന്നിവ വെള്ളത്തിനടിയിലാണ്. കല്‍പ്പറ്റയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ബാണാസുരയില്‍ നിന്നുള്ള വെള്ളം ഒഴുക്കി വിടാനായി കബനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആലുവ ഉള്‍പ്പടെയുള്ള നഗരങ്ങള്‍ ഇതോടെ വെള്ളത്തിനടയിലാകുമെന്നാണ് കരുതുന്നത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ഏഴിന് ജലനിരപ്പ് 2401 അടി പിന്നിട്ടു. ഡാമിലെ വെള്ളം പോകുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
അലന്‍സിയറിനെയാണ് ഈ പകലില്‍ കേരളം തേടിയത്. ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മോഹൻലാലിനെതിരെ അലൻസിയർ ‘വെടിയുതിർത്തത്’ എന്തിനാണ്..?
ആ ചോദ്യത്തിന്റെ ഉത്തരം തേടി പലരും അലഞ്ഞു. ഫോണിലും അലന്‍സിയറിനെ പലര്‍ക്കും കിട്ടിയില്ല.
മോഹൻലാൽ പറയുന്നതെല്ലാം കള്ളമായതുകൊണ്ടാണ് അലൻസിയർ പ്രതീകാത്മകമായി വെടിയുതിർത്തത് എന്നായിരുന്നു വാർത്തകൾ. എന്നാൽ ഒടുവില്‍ വാസ്തവം പറഞ്ഞ് അലന്‍സിയര്‍ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഞാൻ മോഹൻലാലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്, അല്ലാതെ പ്രതിരോധിക്കുകയായിരുന്നില്ല. കൈകൊണ്ട് കാട്ടിയ ഒരു ആംഗ്യം ഇത്രമേയറെ പൊല്ലാപ്പാകുമെന്നും കരുതിയില്ല. മോഹൻലാലിനെ എല്ലാവരും വേട്ടയാടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചപ്പോൾ അങ്ങനെ കാട്ടിയത്. അത് ഞാൻ നടന്നുപോകുന്നതിനിടയിൽ കാണിച്ചതാണ്…’ അലന്‍സിയര്‍ പറയുന്നു.
യഥാർത്തിൽ വാഷ്റൂമിൽ പോകുകയായിരുന്നു ഞാൻ. ആവഴിയാണ് ആംഗ്യം കാട്ടിയത്. ഞാൻ സ്റ്റേജിൽ കയറാൻ ശ്രമിച്ചിട്ടില്ല, സ്റ്റേേജിന് പിന്നിൽകൂടി വാഷ്റൂമില്‍ പോകുകയായിരുന്നു. എന്നെ ആരും പിടിച്ചു മാറ്റിയിട്ടുമില്ല. ഞാനൊരാൾ വെടിയുതിർത്താൽ തകർന്നുപോകുന്നയാളാണോ അദ്ദേഹം..? അതെന്താണ് ആരും മനസിലാക്കാത്തത്. അങ്ങനെയെങ്കതിൽ മുഖ്യമന്ത്രിക്കു നേരെ വെടിയുതിർത്തു എന്നും വ്യാഖ്യാനിക്കേണ്ടതല്ലേ.? മുഖ്യമന്ത്രി അതിലെ പരിഹാസം മനസിലാക്കിയതുകൊണ്ടാണ് ചിരിച്ചു കളഞ്ഞത്– അദ്ദേഹം പറഞ്ഞു.
സർക്കാസ്റ്റിക്കായി കാണിച്ചതാണ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടത്. ഇതിൽ ഏറെ വിഷമമുണ്ട്. രാവിലെ ലാൽ സാറിനെ വിളിച്ചിരുന്നു. അദ്ദേഹം കാര്യങ്ങൾ കേട്ടു മനസിലാക്കി. ഞാൻ അദ്ദേഹത്തിനെതിരെ വ്യാജ ഒപ്പിട്ടില്ല, അദ്ദേഹത്തിന്റെ വീടിനുമുമ്പിൽ റീത്തും വച്ചിട്ടില്ല. വളരെ തെറ്റായ വാർത്തകളാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ശരിക്കും വിഷമമുണ്ടാക്കുന്നു– അലൻസിയർ പറയുന്നു
ഇന്നലെ തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ മോഹൻലാൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് അലൻസിയർ എഴുന്നേറ്റ് നിന്ന് വെടിയുതിർക്കുന്നതു പോലുള്ള ആംഗ്യം കാട്ടിയത്. ഇത് പിന്നീട് വലിയ ചർച്ചയാകുകയായിരുന്നു.