Latest News

കണ്ണൂര്‍: ശബരിമല വിഷയം സര്‍ക്കാര്‍ പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്ന മുന്നറിയിപ്പുമായി കെ സുധാകരന്‍.  ആര്‍ത്തവം അശുദ്ധി തന്നെയാണ് എന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ഭരണഘടന എഴുതും മുന്‍പുള്ള വിശ്വാസമാണിതെന്നും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സര്‍ക്കാര്‍ പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ജെല്ലിക്കെട്ട് നിരോധനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട്ടില്‍ സംഭവിച്ചത് ഇവിടെയുമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

ജെല്ലിക്കെട്ട് നിരോധന വിധി വന്നപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാണിച്ച ധൃതിയാണ് അന്നു കലാപത്തിനു വഴിവച്ചത്. വിധി നടപ്പാക്കാനുള്ള ധൃതിയിലാണ് സര്‍ക്കാര്‍ പതിനെട്ടാം പടിയില്‍ വരെ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് പറയുന്നതെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പുനഃപരിശോധനാ ഹര്‍ജി കൊടുക്കുകയോ, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുകയോ വേണം. അവിശ്വാസികളുടെ ഭരണത്തില്‍ കേരളത്തില്‍ ഒരു ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം, ബിജെപി നിലപാട് മാറ്റിയതു ജനവികാരം കണ്ടിട്ടാണ്. സന്ദര്‍ഭം കിട്ടിയപ്പോള്‍ അവര്‍ മുതലെടുക്കുകയാണ്. അവസരവാദികള്‍ക്കു മുതലെടുപ്പിനുള്ള അവസരം നല്‍കണോ എന്നു സര്‍ക്കാര്‍ ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിശ്വാസികളെ കയ്യിലെടുത്ത് അമ്മാനമാടി വിധി പ്രസ്താവിക്കുകയാണു കോടതി ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കു മാത്രമുള്ള ചില ആചാരങ്ങളും നാട്ടിലുണ്ട്. ആറ്റുകാല്‍ പൊങ്കാലയിടാന്‍ പുരുഷന്‍മാര്‍ക്കു കഴിയുമോ? ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ പൊട്ടിത്തെറിയും കലാപവുമുണ്ടാകും. നാടു ചുടലക്കളമാകും. അയ്യപ്പനില്‍ വിശ്വാസമുള്ള ഒരു സ്ത്രീയും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകില്ല. ട്രക്കിങ് താല്‍പര്യമുള്ള, സാഹസിക സഞ്ചാരിയുടെ മനോഭാവമുള്ള ചില സ്ത്രീകളുണ്ട്. അവര്‍ പോകുമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെ കാര്യങ്ങള്‍ മതനേതൃത്വം തീരുമാനിക്കട്ടെ. കോടതിക്ക് അതില്‍ എന്തുകാര്യം? മുത്തലാഖിന്റെ കാര്യത്തിലും ഇതാണ് അഭിപ്രായം. ഇതെല്ലാം തന്റെ അഭിപ്രായമാണ്. പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയശേഷം പറയും. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണു അദ്ദേഹം പ്രതികരണം നടത്തിയത്.

ന്യൂഡല്‍ഹി: ഇന്തോനേഷ്യയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ രംഗത്ത്. വലിയ രീതിയിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് സുനാമിയിലും ഭൂകമ്പത്തിലും തകര്‍ന്ന ഇന്തോനേഷ്യയില്‍ ഇന്ത്യ നടത്തുന്നത്. രണ്ട് വിമാനങ്ങളും ദുരിതാശ്വാസ വസ്തുക്കള്‍ അടങ്ങിയ നാവിക സേനയുടെ മൂന്ന് കപ്പലുകളുമാണ് ഇന്തോനേഷ്യയ്ക്കു വേണ്ടി ഇന്ത്യ നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ സമുദ്ര മൈത്രി എന്നാണ് ഇന്തോനേഷ്യന്‍ ദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കേ വിഡോഡയും ഇതു സംബന്ധിച്ച് ടെലിഫോണില്‍ സംസാരിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ, സി17 എന്നീ വിമാനങ്ങളാണ് വിവിധ വസ്തുക്കളുമായി ഇന്തോനേഷ്യയിലേയ്ക്ക് തിരിച്ചത്. പുറത്ത് സജ്ജീകരിക്കാവുന്ന തരത്തിലുള്ള ആശുപത്രികള്‍ താല്‍ക്കാലികമായി ഉണ്ടാക്കുന്നതിനു ആവശ്യമായ മരുന്നുകളും ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘവും ഇതോടൊപ്പമുണ്ട്. സി17 എയര്‍ക്രാഫ്റ്റിലാണ് താല്‍ക്കാലിക കൂടാരങ്ങള്‍ പണിയുന്നതിനാവശ്യമായ സാധനങ്ങളും മരുന്നുകളും ജനറേറ്റര്‍ അടക്കമുള്ള അത്യാവശ്യ സാധനങ്ങളും കൊണ്ടു പോകുന്നത്

നാവിക സേനയുടെ ഐഎന്‍എസ് ടിര്‍, ഐഎന്‍എസ് സുജാത, ഐഎന്‍എസ് ശാര്‍ദുള്‍ എന്നിവയുടെ സേവനവും ഇന്ത്യ നല്‍കുന്നുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട വിദഗ്ധരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ മധ്യ സുലാവെശി പ്രവിശ്യയില്‍ ആറാം തീയതിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യയ്ക്ക് വന്നു ചേര്‍ന്ന ദു:ഖത്തില്‍ പങ്കു ചേരുന്നതായും കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ചലചച്ചിത്ര രംഗത്ത് ചൂടു പിടിക്കുന്നത് താരം സംവിധായകന്റെ കരണത്തടിച്ച സംഭവമാണ്. ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍കൊള്ളുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്.

ഇത് ഭാമ നിഷേധിച്ചു. ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ പറയുന്നു. ഉടനെ “എന്താടാ നീ കാണിച്ചത്?” എന്നു ചോദിച്ച് അവന്റെ കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം ഞാന്‍ ബഹളവും വച്ചു.

എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. “അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല” ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹു. ഇനി തിരിച്ചു വന്നാല്‍ വിജിറ്റേറ്റീവ് ആയ അവസ്ഥയില്‍ ആയിരിക്കുമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ബാലഭാസ്‌കര്‍ ഏറ്റവും കുറഞ്ഞത് താങ്കള്‍ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു.!!
അവയവ ദാനത്തിലൂടെ!!
പ്രിയ ബാലഭാസ്‌കര്‍, ആദരാഞ്ജലികള്‍!!! .

പാട്ട് പാടാന്‍ തീരെ അറിയില്ലെങ്കിലും ഞാന്‍ ഒരു സംഗീത പ്രേമി ആയി തുടരുന്നു. താങ്കളുടെ മികച്ച സ്റ്റേജ് ഷോകള്‍ പലതവണ കാണുവാനും ആസ്വദിക്കുവാനുമുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.

ഒരിക്കല്‍ പരിചയപ്പെട്ടപ്പോള്‍, കാറോടിക്കുമ്പോള്‍ മാത്രം പാടുന്ന പാട്ടുകാരന്‍ ആണ് ഞാനെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍,അത് ഉറക്കെ പാടണം എന്ന് താങ്കള്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.

താങ്കള്‍ക്കും കുടുംബത്തിനുമുണ്ടായ ഗുരുതരമായ വാഹാനാപകടം എല്ലാ മലയാളികളേയും പോലെ, എല്ലാ സംഗീത പ്രേമികളെ പോലെ ഞാനും വ്യസനത്തോടെയാണ് കേട്ടത്. അതിന് ശേഷം താങ്കളുടെ രോഗാവസ്ഥയെകുറിച്ച് താങ്കളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും നിരന്തരം വിവരങ്ങള്‍ അറിഞ്ഞുകൊണ്ടേയിരുന്നു. താങ്കള്‍ ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നും, തിരിച്ച് വന്നാല്‍ തന്നെ തീര്‍ത്തും വിജിറ്റേറ്റീവ് ആയ അവസ്ഥയിലേക്കാവും തിരിച്ച് വരിക എന്ന സത്യവും വളരെ നേരത്തെ ഞങ്ങള്‍ വ്യസന സമേതം മനസിലാക്കിയിരുന്നു.

താങ്കളോടുള്ള ആദരവും സ്‌നേഹവും നിലനിര്‍ത്തി കൊണ്ട് തന്നെ താങ്കള്‍ വീണ്ടും ജീവിച്ചിരിക്കണം എന്ന് വളരെ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ താങ്കളുടെ അവയവങ്ങള്‍ മരണാന്തരം അഞ്ച് ജീവനുകളില്‍ തുടിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിന് വേണ്ടി ഒരു പക്ഷേ, മരണം സംഭവിച്ചാല്‍ താങ്കളുടെ അവയവങ്ങള്‍ അവരിലെത്തിക്കാന്‍ ഉള്ള മുന്നൊരുക്കവും അനൗദ്യോഗികമായി ചെയ്യുന്നുണ്ടായിരുന്നു.

താങ്കളുടെ അവയവങ്ങള്‍ക്കു പറ്റിയ ഗുരുതരമായ പരിക്കും അത് കാരണം ഉണ്ടായ സങ്കീര്‍ണ രോഗാവസ്ഥയുമൊക്കെ ഏറ്റവും മികച്ച അവയവ ദാതാവ് ആകില്ല താങ്കള്‍ എങ്കിലും, ഒരു പക്ഷേ ഒരു ചെറിയ സാധ്യത ഉണ്ടെങ്കില്‍ അത് കേരളത്തിലെ രോഗികള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണം ഉണ്ടാക്കുമെന്നും ഞങ്ങള്‍ കരുതി. അവയവ ദാനത്തിനെ കുറിച്ച് സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്ന തെറ്റിദ്ധാരണകള്‍ മാറാന്‍ താങ്കളെ പോലുള്ള ഒരു പ്രശസ്ത വ്യക്തിത്വത്തിന്റെ അവയവ ദാനം സഹായിക്കുമെന്ന് കരുതി.

മസ്തിഷ്‌ക മരണം സ്റ്റിരീകരിക്കുവാന്‍ ലോകത്തു നിലവിലുള്ള നിയമങ്ങളില്‍ ഏറ്റവും സംങ്കീര്‍ണമായ നിയമമാണ് കേരളത്തില്‍ നിലവിലുള്ളത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുവാന്‍ ഡോക്ടര്‍മാര്‍ ഭയക്കുന്ന, കേസുകളില്‍ അകപ്പെട്ടുപോകുമോ എന്നു ആശങ്ക പെടുന്ന നിയമ സംവിധാനം ആണ് ഇന്ന് നിലവില്‍ ഉള്ളത്.

പക്ഷേ നിര്‍ഭാഗ്യവശാല്‍ താങ്കളുടെ അവയവങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത്, താങ്കള്‍ മറ്റുള്ള അഞ്ച് പേരിലൂടെ ജീവിച്ചിരിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം, സാധിച്ചില്ല എന്നുള്ളത് വിഷമം തന്നെയാണ്. അവയവങ്ങള്‍ ലഭിക്കുന്നവര്‍ താങ്കളെ പോലെ വയലിന്‍ വായിക്കില്ല എങ്കിലും, കലാബോധം ഉള്ളവരായിക്കണമെന്നില്ല എങ്കിലും താങ്കല്‍ അവരിലൂടെ ജീവിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.

അവരിലൂടെ ജീവിക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട പുതിയ അഞ്ച് ജീവനുകള്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതും ഏറ്റവും മഹനീയമായ കാര്യമായിരുന്നു. ഇല്ല താങ്കല്‍ ഞങ്ങളുടെ മനസില്‍ നിന്നും മരിക്കില്ല.

എങ്കിലും ഈ ലോകത്ത് അഞ്ച് ആളുകളിലൂടെ ജീവിച്ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ട് പോയതില്‍ കൂടി ഞങ്ങള്‍ക്ക് ദുഖമുണ്ട്.

പ്രിയപ്പെട്ട നല്ല പാട്ടുകാരാ. ഒരായിരം ആശ്രൂപൂജ, ആദരാജ്ഞലികള്‍…

ഡോ.സുല്‍ഫി നൂഹു.

തലയോട്ടിയുടെ രൂപത്തിലുള്ള ആസ്റ്ററോയ്ഡ് (കുഞ്ഞൻ‍ ഗ്രഹം) ഭൂമിക്കു നേരെ വരുന്നു. ഹാലോവീൻ ദിനത്തോടനുബന്ധിച്ച് ഗ്രഹം ഭൂമിക്ക് ഏറ്റവും സമീപത്തു കൂടി കടന്നു പോകുമെന്നാണ് ശാസ്ത്രലോകം റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഈ ഗ്രഹം ഭൂമിയിൽ ഇടിച്ചാലും കുഴപ്പമില്ല. അന്തരീക്ഷത്തിലേക്കു കടക്കുന്നതോടെ കത്തിത്തീർന്ന് ഇല്ലാതാകും.

‘ഹാലോവീൻ ഡെത്ത് ആസ്റ്ററോയ്ഡ്’ എന്നാണ് ഈ ചെറുഗ്രഹത്തിന് നൽകിയിരിക്കുന്ന വിളിപ്പേര്. 2015 ടിബി 145 എന്നു പേരിട്ടിരിക്കുന്ന കുട്ടിഗ്രഹത്തെ മൂന്നു വർഷം മുൻപാണ് ആദ്യമായി കണ്ടെത്തുന്നത്. ഒക്ടോബർ അവസാനം ഹാലോവീൻ ദിനത്തോടനുബന്ധിച്ചായിരുന്നു ഇതിന്റെ വരവ്. രണ്ടു കണ്ണുകളും വായുമായി ഒറ്റനോട്ടത്തിൽ ഒരു തലയോട്ടിക്കു സമാനമായിരുന്നു രൂപം. അതിനാലാണ് ഹാലോവീനുമായി ചേർന്ന പേരിട്ടതും.

തലയോട്ടി ഗ്രഹത്തെ അടുത്തുകാണാൻ പ്രത്യേക ടെലസ്കോപ്പുകളും മറ്റും ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. 2017ലും ഈ ഗ്രഹം ഭൂമിക്കു സമീപത്തു കൂടെ പോയിരുന്നു. ഇത്തവണ അത്രയും അടുത്ത് എത്തില്ലെന്നാണ് റിപ്പോർട്ടുകൾ.

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ വിനിമയ മൂല്യം 73.24ലെത്തി. ആഗോള വിപണിയില്‍ ക്രൂഡ് വില ഉയരുന്നതാണ് രൂപയ്ക്ക് ഭീഷണി. വരാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പാ നയത്തില്‍ നിരക്കുകള്‍ കൂട്ടിയേക്കാമെന്ന അഭ്യൂഹങ്ങളും രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

യുഎഇ ദിര്‍ഹത്തിന്റെ വിനിമയ മൂല്യം ചരിത്രത്തില്‍ ആദ്യമായി 20 രൂപയില്‍ എത്തിയിട്ടുമുണ്ട്. ഒരു ദിര്‍ഹത്തിന് 20.05 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്ക് കൂടിക്കൊണ്ടിരിക്കയായിരുന്നു. ജൂലായില്‍ ഒരു ദിര്‍ഹത്തിന് 18.60 രൂപ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്നത്.

അസംസ്‌കൃതഎണ്ണ വിലയും നിലവിലെ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും കണക്കിലെടുത്താല്‍ കുറച്ചുനാള്‍കൂടി ഈ സ്ഥിതി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അമേരിക്ക-ചൈന വ്യാപാരബന്ധത്തിലെ ഉലച്ചില്‍, ലിറയുടെ മൂല്യത്തിലുള്ള ഇടിവ്, അമേരിക്കയിലെ ബാങ്ക്പലിശ വര്‍ധന തുടങ്ങിയ ഘടകങ്ങളെല്ലാം ഇന്ത്യന്‍ രൂപയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

കേരളത്തിന്റെ നെഞ്ചുരുകിയുള്ള പ്രാര്‍ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും ബാലഭാസ്‌കറിനെ തിരികകൊണ്ടുവരാനായില്ല. മകള്‍ തേജസ്വിനിയ്ക്ക് പിന്നാലെ ബാലുവും വിട പറയുമ്പോള്‍ വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ആ സംഗീതത്തിന്റെ ആരാധകരും സുഹൃത്തുക്കളും കണ്ണിരിലാണ്. സെപ്റ്റംബര്‍ 25നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബാലഭാസ്‌കര്‍ (40) ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അന്തരിച്ചത്. സംസ്‌കാരം ഇന്നു രാവിലെ പതിനൊന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

തിങ്കളാഴ്ച പൂര്‍ണമായ ബോധം വീണ്ടെടുത്തതോടെ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഉറ്റവര്‍ ആശ്വസിച്ചിരുന്നപ്പോഴാണ് ഹൃദയാഘാതത്തിലൂടെ മരണമെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം യൂണിവേഴ്‌സിറ്റി കോളജിലും കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ആരാധകരും സുഹൃത്തുക്കളും സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

തൃശൂരില്‍നിന്നു ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു നിയന്ത്രണം വിട്ടു റോഡരികിലെ മരത്തില്‍ ഇടിച്ചത്. അപകടത്തില്‍ ഏകമകള്‍ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ്രെഡെവര്‍ അര്‍ജുനും ചികിത്സയിലാണ്.

ബാലഭാസ്‌കറെന്ന കഴിഞ്ഞ പതിറ്റാണ്ടിന്റെ വയലിന്‍ ചക്രവര്‍ത്തി മലയാളികളുടെ മനവും കാതുംകവര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഗുരുവും വല്ല്യമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി. ശശികുമാറാണ് ബാലയ്ക്ക് ഈ സംഗീതവില്ലിന്റെ മാസ്മരിക ശക്തി പകര്‍ന്നു നല്‍കിയത്. പരമ്പര്യം മുത്തച്ഛന്‍ നാഗസ്വര വിദ്വാന്‍ ഭാസ്‌കര പണിക്കരില്‍ നിന്നു ലഭിച്ചു. സപ്തസ്വരങ്ങള്‍ വഴങ്ങിയ കാലം മുതല്‍ വയലിനോട് ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല ബാല. എങ്ങനെ ഇത്ര സുന്ദരമായി വയലിന്‍ വഴങ്ങുന്നുവെന്നു പലകുറി ആവര്‍ത്തിച്ച ചോദ്യത്തിന് ‘എനിക്കു വയലിനെ പേടിയില്ലെന്ന’ മറുപടിയാണ് എപ്പോഴും ബാല നല്‍കിയിരുന്നത്

ബാലഭാസ്‌കറിന്റെ സംഗീതംപോലെ സുന്ദരമായിരുന്നു ബാലുവിന്റെ പ്രണയവും ഒന്നരവര്‍ഷത്തോളം നീ പ്രണയത്തിനൊടുവിലാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തില്‍ ചെറുപ്രായത്തില്‍ത്തന്നെ വിവാഹത്തിന് ബാലഭാസ്‌കര്‍ തയ്യാറായി. 22ാം വയസില്‍ എം.എ. സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ കുടുംബനാഥനായത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാലഭാസ്‌കറിനും ലക്ഷ്മിയ്ക്കും തേജസ്വിനിയെ ലഭിച്ചത്.

യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ബാലഭാസ്‌കര്‍ തുടങ്ങിയ ‘കണ്‍ഫ്യൂഷന്‍’ ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളില്‍ ആദ്യത്തെ മ്യൂസിക് ബാന്‍ഡ്. ‘കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍’ എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. മൂന്ന് പാട്ടുകാര്‍ ഉള്‍പ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്.. ‘നിനക്കായി’, ‘നീ അറിയാന്‍’ തുടങ്ങി അന്ന് കലാലയങ്ങളില്‍ ഹിറ്റായ ആല്‍ബങ്ങളാണ് ‘കണ്‍ഫ്യൂഷന്‍’ പുറത്തിറക്കിയത്. ടെലിവിഷന്‍ ചാനലുകള്‍ ഈ ഗാനങ്ങള്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത ‘ആരു നീ എന്നോമലേ…..’ എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകള്‍ ഏറ്റെടുത്തു.

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തിയ ക്രാന്തി യാത്ര യു.പി-ഡല്‍ഹി അതിര്‍ത്തിയായ ഗാസിയാബാദില്‍ വച്ച് പോലീസ് തടയുകയും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായി. ഇതേതുടര്‍ന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രിമാരുടെ സമിതിയെ നിയമിക്കുമെന്ന് കൃഷിസഹമന്ത്രി ഉറപ്പ് നല്‍കി.

എന്നാല്‍ മന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് യുധ്‌വീര്‍ സിംഗ് അറിയിച്ചു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ 11 വിഷയങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്. ഇതില്‍ 7 ആവശ്യങ്ങള്‍ മന്ത്രി അംഗീകരിച്ചു. നാല് വിഷയങ്ങളില്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം നിലപാട് അറിയിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ട്രാക്ടറുകള്‍ നിരോധിച്ച ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് മറികടക്കാന്‍ കോടതിയില്‍ പോകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കുറഞ്ഞ വേതന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തും. കൃഷി മേഖലയെ ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചനയിലാണെന്നും കൃഷി മന്ത്രി അറിയിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആറ് മുഖ്യമന്ത്രിമാരുടെ സമിതിയെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.

അതേസമയം മന്ത്രിയുടെ ഉറപ്പുകളില്‍ തങ്ങള്‍ അതൃപത്‌രാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. പോലീസ് മാര്‍ച്ച് തടഞ്ഞ ഡല്‍ഹി അതിര്‍ത്തിയില്‍ തന്നെ തുടരുമെന്നും കിസാന്‍ യൂണിയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ചര്‍ച്ച ചെയ്ത് തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്ന് ബാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ നരേഷ് തികെയ്ത് പറഞ്ഞു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍കഷര്‍ ആരംഭിച്ച മാര്‍ച്ച് യു.പി-ഡല്‍ഹി അതിര്‍ത്തിയില്‍ പോലീസ് തടയുകയായിരുന്നു.

 

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി ജയിലില്‍ സന്ദര്‍ശിച്ചു. കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതു സുവിശേഷ ശുശ്രൂഷയാണെന്നും ആ നിലയ്ക്കാണ് താന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും മാണി മാധ്യമങ്ങളോടു പ്രതികരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചിരുന്നു. ‘യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റ് ചെയ്തിട്ടാണോ’ എന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെ കണ്ട ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കയ്ക്കല്‍ പ്രതികരിച്ചത്. പ്രാര്‍ത്ഥനാസഹായത്തിന് വന്നതാണെന്നും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

അതിനും മുമ്പ് പി സി ജോർജ്, ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. പിതാവ് നിരപരാധിയാണെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹത്തിനോട് ഈ കടുംകൈ കാണിച്ചതിന് ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും മരണം ആയിരം കവിഞ്ഞു. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തുടര്‍ചലന സാധ്യതയുള്ളതിനാല്‍ ജനം ഭീതിയിലാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് താഴെ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ മരിച്ചു കഴിഞ്ഞതായാണ് സൂചന. ഇപ്പോഴും ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പല കെട്ടിടങ്ങളില്‍ നിന്നും നിലവിളികള്‍ കേട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ഇന്നലെ വരെ 844 പേരായിരുന്നു മരിച്ചത്. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് പുതിയ മരണ സംഖ്യ പുറത്തുവിട്ടത്. 7.5 തീവ്രതയിലുണ്ടായ ഭൂമികുലുക്കം ആറ് മീറ്ററോളം ഉയരത്തിലുള്ള സുനാമിയിലേക്ക് നയിച്ചതോടെ സുലവേസി ദ്വീപ് ദുരന്തഭൂമിയായി മാറുകയായിരുന്നു.

തെക്കന്‍ പ്രവിശ്യാ തലസ്ഥാനമായ പാലുവിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഇവിടെയാണ് കൂടുതല്‍ മരണം. പലരെയും ടെന്റുകളിലും തുറസ്സായ സ്ഥലത്തും കിടത്തിയാണു ചികിത്സ . നിരത്തില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേ സമയം ഭൂകമ്പവും സുനാമിയും ഉണ്ടായ പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമവും ഭക്ഷണ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഒട്ടേറെ വീടുകളും കാറുകളും ഒഴുകിപ്പോയി. ഹോട്ടലുകള്‍, ഷോപ്പിങ് മാള്‍ തുടങ്ങിയവ തകര്‍ന്നു. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകര്‍ന്നതോടെ ഗതാഗതം നിലച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതു പിന്‍വലിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പ് പിന്‍വലിച്ച് അധികം കഴിയും മുമ്പേ സുനാമി ആഞ്ഞടിച്ചു. നേരത്തെ കരുതിയിരുന്നതിനേക്കാളും കൂടുതല്‍ ഭാഗങ്ങളില്‍ സുനാമി ആഞ്ഞടിച്ചിട്ടുണ്ടെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ മൈഗ്രേഷന്‍ ഏജന്‍സി വക്താവ് അറിയിച്ചു. 20 അടിയോളം ഉയരത്തിലെത്തിയാണ് സുനാമി കരയെ വിഴുങ്ങിയത്.

രക്ഷപ്പെട്ടവര്‍ കൂട്ടം ചേര്‍ന്ന് പലായനം നടത്തുന്ന സാഹചര്യത്തില്‍ പ്രേതഭൂമിയായി മാറിയിരിക്കുകയാണ് സുലാവെസി. രക്ഷാപ്രവര്‍ത്തകര്‍ ഇനിയും ചില മേഖലകളില്‍ എത്താന്‍ ബാക്കിയുള്ളതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

Copyright © . All rights reserved