കുറുമണി (വയനാട്): വെണ്ണിയോട് വലിയപുഴയിൽ ചാടിയ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചുണ്ടേൽ ആനപ്പാറ നാരായണൻകുട്ടിയുടെ മകൾ സൂര്യയുടെ(11) മൃതദേഹമാണ് കണ്ടെത്തിയത്. സഹോദരൻ സായൂജിനായി തെരച്ചിൽ തുടരുന്നു.
നാരായണൻകുട്ടി(45), ഭാര്യ ശ്രീജ(45) എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. കുടുംബം പുഴയിൽ ചാടിയെന്ന് കരുതുന്ന ഭാഗത്തുനിന്നു ഏകദേശം 25 മീറ്റർ മാറിയാണ് നാരായണൻ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. അഗ്നിശമന സേനാംഗങ്ങളും പോലീസും കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി പ്രവർകത്തരും നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്.
പുഴക്കരയിൽ പ്രദേശവാസികളിൽ ചിലർ വാനിറ്റി ബാഗ്, കുട്ടികളുടേതടക്കം നാലു ജോഡി ചെരിപ്പുകൾ, രണ്ടു കുട എന്നിവ കണ്ടതാണ് കുടുംബം പുഴയിൽ ചാടിയെന്ന സംശയത്തിനിടയാക്കിയത്. നാട്ടുകാർ ബാഗ് പരിശോധിച്ചപ്പോൾ കുടുംബത്തെ സംബന്ധിച്ച വിവരവും കുറിപ്പും ലഭിച്ചു.
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയും വിമന്‍ ഇന്‍ സിനിമ കളക്ടീവുമായുള്ള ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ എഎംഎംഎയില്‍ നിന്ന് രാജിവെക്കുകയും ഡബ്ല്യുസിസി പ്രവര്‍ത്തകരായ മറ്റു നടിമാര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച. എഎംഎംഎ നടപടി വിവാദമാകുകയും പൊതുസമൂഹത്തില്‍ നിന്നുള്‍പ്പെടെ വന്‍ വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച സംഭവവും അനുബന്ധമായി ഉണ്ടായ മറ്റു സംഭവങ്ങളുമായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക. ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ താരസംഘടന നടത്തിയ നീക്കം പരാജയപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ചര്‍ച്ച നടക്കുന്നത്. കക്ഷി ചേരാനുള്ള എഎംഎംഎ ഭാരവാഹികളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരുടെ അപേക്ഷയെ ആക്രമണത്തിനിരയായ നടി എതിര്‍ത്തു.
താന്‍ എഎംഎംഎയുടെ ഭാഗമല്ലെന്നും സഹായം ആവശ്യമില്ലെന്നും നടി കോടതിയെ അറിയിച്ചു. ഇതു കൂടാതെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് രചനയും ഹണി റോസും ആവശ്യപ്പെട്ടതും തിരിച്ചടിയായി. വിഷയത്തില്‍ എഎംഎംഎയില്‍ രണ്ടഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്.
അര്‍ജന്റീനയ്ക്കെതിരെ ഇന്ത്യ കുറിച്ച അട്ടിമറി ജയം ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ അമ്പരപ്പായി മാറിയിരിക്കുകയാണ്. സ്വപ്ന സമാനമെന്ന് പോലും വിശേഷിപ്പിക്കാനാകാത്ത വിധമാണ് ഇന്ത്യ അര്‍ജന്റീനയെ അട്ടിമറിച്ചത്. അതും പകുതിയോളം സമയം പത്ത് പേരുമായി കളിച്ച്.
നാലാം മിനിറ്റില്‍ തന്നെ ദീപക് താംഗ്രയിലൂടെ ഗോള്‍ നേടിയ ഇന്ത്യ ആദ്യ പകുതിയില്‍ 1-0ത്തിന് മുന്നിലെത്തി. നിന്തോയിയുടെ കോര്‍ണര്‍ കിക്കിന് ദീപക് താംഗ്രി തലകൊണ്ട് പന്ത് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനകം ഇന്ത്യന്‍ താരം അനികേത് ജാദവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. എന്നാല്‍ വീര്യം ഒട്ടും ചോരാതെ പോരാടിയ ഇന്ത്യന്‍ ടീം 68-ാം മിനിറ്റില്‍ ഇന്ത്യ രണ്ടാം ഗോളും നേടി. റഹിം അലിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്ക് അന്‍വര്‍ അലി വലയിലെത്തിച്ചു.
73-ാം മിനിറ്റില്‍ അര്‍ജന്റീന ഒരു ഗോള്‍ മടക്കിയെങ്കിലും തുടര്‍ന്നുള്ള 20 മിനിറ്റ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നതോടെ, ഇന്ത്യ പുതിയ ചരിത്രം രചിച്ചു. ആ മത്സരം കാണാം
തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഓടിക്കൊണ്ടിരിക്കുന്ന ബസ് കത്തിയമര്‍ന്നു. ഗുരുവായൂരില്‍നിന്നു കൊടുങ്ങല്ലൂരിലേക്കു പോയ ലക്ഷ്വറി ബസ് കടപ്പുറം ഞോളീറോഡില്‍ വച്ചാണ് കത്തിയത്. ബസ്സില്‍ യാത്രക്കാരൊന്നും ഉണ്ടാകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സിലുണ്ടായിരുന്ന ഡ്രൈവറായ ഗുരുവായൂര്‍ സ്വദേശി ഷഫ്നാസ് (30) ചാടി രക്ഷപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ബസിന്റെ പുറകില്‍ നിന്നു തീപടരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തീപടരുന്നത് കണ്ട ബൈക്ക് യാത്രികരാണ് ഡ്രൈവറെ കാര്യം അറിയിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി ഓടിരക്ഷപ്പെടുകയായിരുന്നു.
ബസ് കത്തുന്നതു കണ്ട പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.
ഗുരുവായൂരില്‍നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റും നാട്ടികയില്‍നിന്നുള്ള ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്. തീ പടരാനുളള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മുഹമ്മദ് ഷഹീദിന്റേതാണ് ബസ്.
തൊടുപുഴ കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ ചുരുളഴിയുന്നു. ഇടുക്കി സ്വദേശികളായ രണ്ട് പേരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പും മന്ത്രവാദവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപ്പെട്ട കൃഷ്ണന്റെ സഹായിയായ അനീഷാണ് കേസിലെ പ്രധാനപ്രതി. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂട്ടുപ്രതിയും ഉടന്‍ അറസ്റ്റിലാവും എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇയാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
കൃഷ്ണന്റെയൊപ്പം നിന്ന് അനീഷ് രണ്ടരവര്‍ഷമായി പൂജകളും താന്ത്രികവിധികളും പഠിക്കുന്നുണ്ട്. അനീഷ് ചെയ്യുന്ന പൂജ ഫലിക്കുന്നില്ല. അനീഷിന്റെ മാന്ത്രികശക്തി കൃഷ്ണന് അപഹരിച്ചു എന്ന ധാരണയിലാണ് കൊലപാതകം. കൃഷ്ണന്റെ താളിയോലകള്‍ തട്ടിയെടുക്കാനും ശ്രമം. 300 മൂര്‍ത്തികളുടെ മാന്ത്രികശക്തിയുണ്ട് കൃഷ്ണന്. കൃഷ്ണനെ ഇല്ലാതാക്കി മാന്ത്രികശക്തി സ്വന്തമാക്കാനാണ് അനീഷ് കൊലപാതകം നടത്തിയത്. ഒപ്പം സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍. ഇതിനായി ആറുമാസം മുമ്പ് ലിബീഷിനെ കൂട്ടുപിടിച്ചു. അനീഷും ലിബീഷും തമ്മില്‍ പതിനഞ്ചുവര്‍ഷമായി പരിചയമുണ്ട്. ഇരുവരും ഉറ്റസുഹൃത്തുക്കളാണെന്ന് പൊലീസ് അറിയിച്ചു.
ആദ്യം ലിബീഷ് സമ്മതിച്ചില്ല. പിന്നീട് സഹകരിക്കുകയായിരുന്നു. ലിബീഷ് വര്‍ക്ക്ഷോപ്പ് ഉടമയാണ്. ഷോക്ക് അബ്സോര്‍ബര്‍ പൈപ്പ് കൈവശം വച്ചു. മൂലമറ്റത്ത് കൃത്യം നടത്തുന്നതിന് മുമ്പ് ചൂണ്ടയിടാന്‍ പോയി. പന്ത്രണ്ട് മണിവരെ ചൂണ്ടയിട്ടു. അല്പം മദ്യപിച്ചിട്ടുണ്ടായിരുന്നു. പരിസരവാസികള്‍ക്ക് കൃഷ്ണനുമായി സഹകരണമില്ല.
ആടിനോട് വളരെയധികം സ്നേഹമുള്ള ആളാണ് കൃഷ്ണന്. കൃഷ്ണനെ പുറത്തേക്കിറക്കാന്‍ ആടിനെ മര്‍ദിച്ചു. ആട് കരയുന്ന ശബ്ദം കേട്ട് കൃഷ്ണന് അടുക്കളവാതില്‍ തുറന്നതും ഇവര്‍ ഷോക്ക് അബ്സോര്‍ബര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൃഷ്ണന്റെ നിലവിളി കേട്ട് ഭാര്യയും വന്നു. അനീഷ് കൃഷ്ണനെ അടിച്ചു, ലിബീഷ് ഭാര്യയേയും മര്‍ദിച്ചു. അവര്‍ പേടിച്ച് അകത്തേക്ക് ഓടിയപ്പോള്‍ പുറകേ ഓടി അടിച്ചുവീഴ്ത്തി. മകള്‍ കമ്പിവടിയുമായി എത്തി അനീഷിന്റെ തലയ്ക്കടിച്ചു, തലപൊട്ടി. മകള്‍ ഒച്ചയെടുത്തപ്പോള്‍ വായ്പൊത്തി, അപ്പോള്‍ കൈയില്‍ കടിച്ചു. നഖമുള്‍പ്പടെ അടര്‍ന്നുപോയി. മകന് അല്പം മാനസികപ്രശ്നമുള്ള കുട്ടിയാണ്. പേടിച്ച് മുറിയിലേക്ക് ഓടിയപ്പോള്‍ വാക്കത്തി കൊണ്ട് മകനെവെട്ടി. മറ്റുള്ളവര്‍ക്കും വെട്ട് കൊടുത്തു. കൃഷ്ണന് അടുക്കളയുടെ പുറത്ത്, ഭാര്യ അടുക്കളയോട് ചേര്‍ന്ന മുറിയില്‍, മകള്‍ അടുക്കളയില്‍, മകന് ഉള്ളിലുള്ള മുറിയില്‍, ഈ രീതിയിലായിരുന്നു മൃതദേഹം ജൂലൈ 29ന് കിടന്നത്.
അതിന് ശേഷം മോഷണം നടത്തി. ആദ്യ ദിവസം മൃതദേഹം വീട്ടില്‍ തന്നെയാണ് കിടന്നത്. ലിബീഷിന്റെ വീട്ടിലെത്തിയ ശേഷം പ്രതികള്‍ വെങ്ങലൂര്‍ കടവില്‍ കുളിയ്ക്കാന്‍ പോയി. ലിബീഷ് നാലുമാസം മുമ്പ് വിവാഹം കഴിച്ചിരുന്നു. ഭാര്യയോട് മീന്‍പിടിക്കാന്‍ പോയെന്ന് പറഞ്ഞു. പിറ്റേദിവസമാണ് കുഴിച്ചിടാം എന്ന തീരുമാനത്തില്‍ എത്തിയത്. അന്നും പന്ത്രണ്ട് മണിയ്ക്ക് ശേഷം ആടിന്റെ കൂടിന്റെ അടിയില്‍ നിന്നും തൂമ്പയെടുത്തു.
അവിടെ ചെന്നപ്പോഴാണ് മകന് മരിച്ചിട്ടില്ലെന്ന കാര്യം തിരിച്ചറിയുന്നത്. മുന്‍വശത്ത് മകന് തലയ്ക്ക് കൈകൊടുത്തിരിക്കുകയായിരുന്നു. പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. രണ്ടുപേരും ചേര്‍ന്ന് മകന്റെ തലയില്‍ ചുറ്റികയ്ക്കടിച്ചു. മരണം ഉറപ്പിക്കാന്‍ എല്ലാവരുടെയും തലയില്‍ അടിച്ചു. വീട് വൃത്തിയാക്കി. മൃതദേഹത്തിലുള്ള എല്ലാ ആഭരണവും എടുത്തു. അതിനുശേഷമാണ് കുഴിച്ചുമൂടിയത്. പൊലീസ് പിടിക്കാതിരിക്കാന്‍ അനീഷിന്റെ വീട്ടില്‍ കോഴിവെട്ടും പൂജയും നടത്തി.
ഇടുക്കി വെണ്മണി കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ ചുരുളഴിഞ്ഞു. ഇടുക്കിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് പോലീസ് പ്രതികളായ അനീഷിനെയും സഹായി ലിബീഷിനെയും മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കി സംഭവം വിശദീകരിച്ചത്.
പോലീസ് പറയുന്നത്…
ദുര്‍മന്ത്രവാദം ഉള്‍പ്പെടെയുള്ള ആഭിചാര ക്രിയ നടത്തിയിരുന്ന ആളായിരുന്നു കൃഷ്ണന്. ഇങ്ങനെ ധാരാളം പണവും സമ്പാദിച്ചിരുന്നു. ഇയാളുടെ ശിഷ്യനായിരുന്നു അനീഷ്. കൃഷ്ണന്റെ മന്ത്രശക്തി സ്വായത്തമാക്കുകയെന്ന ഉദേശത്തോടെ ഇവരെ കൊലപ്പെടുത്താന്‍ അനീഷ് തീരുമാനിച്ചു. സുഹൃത്തായ ലിബീഷിനെയും ഒപ്പം കൂട്ടി. സംഭവം ദിവസം ഇരുവരും മൂലമറ്റം പുഴയില്‍ മീന്‍ പിടിക്കാന്‍ പോയി. പിന്നീട് രാത്രി പന്ത്രണ്ടു മണിയോടെ ടൗണില്‍ തിരിച്ചെത്തി മദ്യപിക്കാന്‍ കയറി. എന്നാല്‍ ബാര്‍ അടച്ചിരുന്നതിനാല്‍ നേരെ കൃഷ്ണന്റെ വീട്ടിലേക്ക് ബൈക്കിനു പോയി. രാത്രി വീട്ടിലെത്തി പുറകില്‍ ആടിനെ ഉപദ്രവിച്ച് കൃഷ്ണനെ വീടിനു പുറത്തെത്തിച്ചു. പുറത്തു കാത്തുനിന്ന അനീഷ് കൃഷ്ണനെ അടിച്ചുവീഴ്ത്തി. തൊട്ടുപിന്നാലെയെത്തിയ സൂശീലയെയും അടിച്ചെങ്കിലും രക്ഷപ്പെട്ട് ഇവര്‍ അടുക്കളയിലേക്ക് ഓടി.
ഇവിടെവച്ച് സുശീലയെ കൊലപ്പെടുത്തി. ഈ സമയം എത്തിയ ആര്‍ഷയെ അനീഷ് ആക്രമിച്ചെങ്കിലും പെണ്‍കുട്ടി ചെറുത്തുനിന്നു. ഇതിനിടെ അനീഷിന്റെ കൈവിരല്‍ കടിച്ചുമുറിച്ചു. ആര്‍ഷയെയും കൊലപ്പെടുത്തിയപ്പോള്‍ ബുദ്ധിമാന്ദ്യമുള്ള അര്‍ജുനനെ ഇവര്‍ നോട്ടമിട്ടു. തലയ്ക്കടിച്ചു വീഴ്ത്തിയശേഷം നാലുപേരെയും ഹാളില്‍ ഒരുമിച്ചു കിടത്തി. പിന്നീട് ഇരുവരും മടങ്ങി. പിറ്റേദിവസം രാത്രി വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. അപ്പോള്‍ അര്ജുന് ഹാളിലെ ഭിത്തിയില്‍ ചാരി ഇരിക്കുന്നത് കണ്ടു. ബുദ്ധിക്കു പ്രശ്നമുള്ളതിനാലും ശാരീരികമായി അവശനായിരുന്നതിനാലും അര്ജുന് ക്ഷീണിതനായിരുന്നു. ഹാളിലിരുന്ന ചുറ്റിക ഉപയോഗിച്ച് അനീഷ് അര്‍ജുനന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
നാലുപേരെയും വീടിനു പുറകില്‍ കുഴിയെടുത്ത് മൂടി വീട്ടിലെ സ്വര്‍ണവും എടുത്തു മടങ്ങി. പിറ്റേദിവസം തിരിച്ചെത്തി വീടും മറ്റും കഴുകി വൃത്തിയാക്കി മടങ്ങി. കൃഷ്ണന്റെ വീട്ടില്‍ നിന്നും കാണാതായ സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഇതിനിടെ കൊലയാളി സംഘത്തില്‍ എത്ര പേര് ഉള്‍പ്പെട്ടിരുന്നുവെന്ന് പോലീസ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. കൃഷ്ണനെയും ഭാര്യ സുശീല,മകള്‍ ആര്‍ഷ, മകന് അര്ജുന് എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇവരുടെ വീടിനു പിന്നില്‍ കുഴി കുത്തി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
സംഭവത്തിനു ശേഷം പോലീസ് ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തിയാണ് പ്രതികളെകുറിച്ചുള്ള സൂചനകള്‍ കണ്ടെത്തിയത്. ഇതില്‍ ഇപ്പോള്‍ പ്രതി സ്ഥാനത്തുള്ള അനീഷിനെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത്. ഇയാളുടെ പെരുമാറ്റവും മറ്റും പോലീസിനു സംശയത്തിനിട നല്‍കിയിരുന്നു. കൃഷ്ണന്റെ സന്തത സഹചാരിയായിരുന്ന ഇയാള്‍ കുടംുബമൊന്നാകെ കൊല്ലപ്പെട്ടിട്ടും സംഭവ സ്ഥലത്ത് എത്താതിരുന്നതും പോലീസ് മുഖവിലക്കെടുത്തു. പതിവായി ഇയാളുടെ ബൈക്കില്‍ കൃഷ്ണന് സഞ്ചരിച്ചിരുന്നു. അനീഷിനു കൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളും മന്ത്രവാദ തട്ടിപ്പുകളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ അറിയാമായിരുന്നു.
ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതികത്തിലേക്കു നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇതു കൂടാതെ അടിമാലിക്കാരനായ മന്ത്രവാദിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളുടെ പങ്കിനെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. മാന്ത്രിക കര്‍മങ്ങള്‍ നടത്തി നിധി കണ്ടെത്താനുള്ള ശ്രമമാണ് കൂട്ടക്കൊലയിലേക്കെത്തിയതെന്ന് പോലീസ് ആദ്യമേ തന്നെ സംശയിച്ചിരുന്നു. കൂടാതെ റൈസ് പുള്ളര്‍ പോലെയുള്ള വന്‍ തട്ടിപ്പുകളും ഇതിനു പിന്നിലുണ്ടായിരുന്നു. ഇത്തരം തട്ടിപ്പുകളില്‍ മുന്‍പും കൃഷ്ണന് പങ്കാളിയായിരുന്നതിന്റെ സൂചനകളും പോലീസിനു വിവരം ലഭിച്ചു.
തൃശൂര്‍: തൃശൂരില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടിയില്‍ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയ പൂജാരി പിടിയില്‍. പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ വിളിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്.പുലര്‍ച്ച ഒരു മണിയോടെയാണു സന്ദേശമെത്തിയത്.
ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഭീഷണി. മദ്യലഹരിയിലാണു താന്‍ ഫോണ്‍ വിളിച്ചതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു ഭീഷണി മുഴക്കിയത് എന്തിനാണെന്ന് അറിയുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെയാണ് രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും.
ഇന്തൊനീഷ്യയെ നടുക്കി ലോംബോക് ദ്വീപില്‍ ഭൂകമ്പം. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ സൂനാമി മുന്നറിയിപ്പും നല്കി. ജനങ്ങളോട് സമുദ്രപ്രദേശങ്ങളിൽ നിന്ന് പരമാവധി അകന്നു നിൽക്കാനും അധികൃതർ നിർദേശം നൽകി.
ലോംബോക്കിലെ പ്രധാന നഗരമായ മതറാമിലെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ ശക്തമായി കുലുങ്ങി. ഭൂമിക്കടയില്‍ 10 കിലോമീറ്ററോളം ഉള്ളിലാണ് ഭൂകമ്പത്തിന്റെ ഉറവിടം. ജൂലൈ 29ന് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ ഇന്തോനീഷ്യയില്‍ 17പേര് മരിച്ചിരുന്നു. സുമാത്രയിൽ 2004 ൽ ഉണ്ടായ സൂനാമിയിൽ വിവിധ രാജ്യങ്ങളിലെ രണ്ടേകാല്‍ ലക്ഷം പേർക്ക് ജീവൻ നഷ്ടമായിരുന്നു.
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിൽ ബോട്ട് യാത്രക്കിടയിൽ കടലിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം നീറിക്കാട് കറ്റുവീട്ടിൽ ജിനു ജോസഫി(39)ന്റെ മൃതദേഹം ശനിയാഴ്ച വൈകീട്ട് കണ്ടെത്തിയാതായി എബിസി ചാനൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കാണാതാകുന്നത്.
മലയാളികളായ മറ്റു മൂന്നു കൂട്ടുകാർക്കൊപ്പം കടലിൽ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന ജിനുവിനെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.
ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ: അലോവ്, അലോണ, അലോഷ്. മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നാട്ടിൽ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധു അറിയിച്ചു.
തൊടുപുഴ: തൊടുപുഴ മുണ്ടൻമുടിയിൽ നാലംഗകുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസിൽ പിടിയിലായ മുഖ്യപ്രതി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി. മന്ത്രവാദവും വൻ സാന്പത്തിക ഇടപാടുകളും നടത്തിയിരുന്ന കൃഷ്ണനെ ഇടപാടുകളിൽ സഹായിച്ചിരുന്നത് പിടിയിലായ അനീഷായിരുന്നു. ഈ സാന്പത്തിക ഇടപാടുകളുടെ തുടർച്ചയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നൽകുന്ന വിവരം. പിടിയിലായ രണ്ടു പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഐജി വിജയ് സാഖറെ ഇടുക്കിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രതികൾ കൃഷ്ണനെയും കുടുംബത്തെയും ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ ഇവരെ കുഴിച്ചിട്ടു. കുഴിച്ചിടുന്പോൾ മാരകമായി പരിക്കേറ്റ നിലയിലായിരുന്ന കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു. പെണ്‍കുട്ടിയും അമ്മയും നേരത്തെ മരിച്ചു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട കൃഷ്ണന്റെ മകളും അനീഷും തമ്മിൽ പിടിവലിയുണ്ടായിരുന്നു. പിടിവലിക്കിടെ അനീഷിനു പരിക്കേറ്റു. ഇതും കൃഷ്ണന്റെ വീട്ടിൽനിന്നു ലഭിച്ച അനീഷിന്റെ വിരലടയാളവും അന്വേഷണത്തിൽ നിർണായകമായി.
തൊടുപുഴയിൽ വർക്ക് ഷോപ്പ് ജീവനക്കാരനാണ് അനീഷ്. പിടിയിലായ മറ്റൊരാൾ അടിമാലി സ്വദേശിയായ മന്ത്രവാദിയാണെന്നാണു പോലീസ് നൽകുന്ന വിവരം. കൃഷ്ണന്റെ വീട്ടിൽനിന്നു കാണാതായ സ്വർണാഭരണങ്ങൾ അനീഷിന്റെ വീട്ടിൽനിന്നു പോലീസ് കണ്ടെത്തി. മുന്‍പ് മന്ത്രാവാദവുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട പണം തിരിച്ചെടുക്കുന്നതിനായാണ് അനീഷ് കൊലപകതത്തിനു പദ്ധതിയിട്ടതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. മന്ത്രവാദകർമങ്ങൾ നടത്തുന്ന കൃഷ്ണനെ കൊലപ്പെടുത്തിയാൽ തനിക്കു മന്ത്രശക്തി ലഭിക്കുമെന്നു കരുതിയെന്നും അനീഷ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
കൊലപാതകത്തിനു പിന്നിൽ വൻ സാന്പത്തിക തട്ടിപ്പു സംഘമെന്നാണു പോലീസ് പറയുന്നത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് പോലീസിന് പ്രതികളെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടിയത്. നിധി തട്ടിപ്പ്, റൈസ് പുള്ളർ തട്ടിപ്പ് തുടങ്ങിയവയുമായി കൊലപാതകത്തിനു ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കൃഷ്ണൻ ഭാര്യ സുശീല മകൾ ആർഷ, മകൾ അർജുൻ എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. നാലു പേരെയും അതിക്രൂരമായി കൊല ചെയ്തതിനു ശേഷം കുഴിച്ചു മൂടിയ പ്രതികൾ കൂടുതൽ തെളിവുകൾ അവശേഷിപ്പിക്കാതെയാണ് രക്ഷപെട്ടത്. കഴിഞ്ഞ 29-ന് അർധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. തെളിവുകളുടെ അഭാവത്തിൽ ശാസ്ത്രീയ പരിശോധനകൾ അടക്കമാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.