തിരുവനന്തപുരം/എടത്വാ: കഴിഞ്ഞ ഏഴ് വര്‍ഷമായി എടത്വായിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിക്ക് 2018 ജൂണ്‍ മാസം 23ന് നേരിട്ട ശാരീരിക മാനസിക പീഢനം എടത്വാ പോലീസില്‍ യഥാസമയം അറിയിച്ചിട്ടും നടപടി സ്വീകരിക്കാഞ്ഞതിനാല്‍ ജീവനക്കാരി സമര്‍പ്പിച്ച പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപെട്ടു. അടിയന്തരമായി വസ്തുനിഷ്ടാപരമായി അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോടാണ് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ആവശ്യപെട്ടിരിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ തലവടി കുന്തിരിക്കല്‍ വാലയില്‍ വി.സി.ചാണ്ടി (ബേബികുട്ടി) ക്കെതിരെയാണ് ആനാരി സ്വദേശിയായ ജീവനക്കാരി പരാതി നല്‍കിയത്. ജീവനക്കാരിയും സ്ഥാപന ഉടമയും മകനും കടയില്‍ ഇരിക്കുമ്പോള്‍ വി.സി. ചാണ്ടി കടയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. ഉടന്‍ തന്നെ ഒരു കൂട്ടം യുവാക്കളും കടയുടെ വാതില്‍ അടഞ്ഞു നിന്നു. വി.സി.ചാണ്ടി അസഭ്യം സംസാരിച്ചുകൊണ്ട് യാതൊരു കാരണവും കൂടാതെ ആക്രോശിച്ച് കടയ്ക്കുള്ളില്‍ കയറി സ്ഥാപന ഉടമയെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനെയും ഉപദ്രവികുന്നത് കണ്ട് ജീവനക്കാരി നിലവിളിച്ച് തടസ്സം പിടിച്ചപ്പോള്‍ ജീവനക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കത്തക്കവിധത്തില്‍ അശ്ലീല ഭാഷ സംസാരിച്ചും അസഭ്യം പറഞ്ഞുകൊണ്ട് ജീവനക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആണ് മൂന്ന് പേരെയും എടത്വാ ഗവ.ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സ്ഥാപന ഉടമയുടെ നില ഗുരുതരമാകയാല്‍ അടിയന്തിര ചികിത്സ നല്‍കി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. വിദഗ്ദ്ധ പരിശോധനയില്‍ തലയ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായതിനാല്‍ ഏഴ് ദിവസത്തോളം അഡ്മിറ്റ് ആയിരുന്നു. സ്ഥാപന ഉടമയ്ക്ക് നേരെ ഇദ്ദേഹം വധഭീഷണി ഉയര്‍ത്തിയിരുന്നതിനാല്‍ 2018 മെയ് 29 നും ജൂണ്‍ 9 നും എടത്വാ പോലീസിലും ജൂണ്‍ 21 ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ആക്രമവിവരം യഥാസമയം പോലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.
രണ്ട് ദിവസം കഴിഞ്ഞെത്തിയ ജീവനക്കാരി പതിവു പോലെ കട തുറക്കാന്‍ 26-6-2018 ന് എത്തിയപ്പോള്‍ കടയുടെ പൂട്ട് മാറ്റി ഇട്ടിരിക്കുന്നതായി കണ്ടു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍, പേഴ്‌സ് ഉള്‍പ്പെടെ പണം അടങ്ങിയ ജീവനക്കാരിയുടെ ബാഗ് കടയ്ക്കുള്ളില്‍ അകപെട്ടതിനാലും തനിക്ക് നേരിട്ട അക്രമവിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കാഞ്ഞതിനാലും ഈ വിവരങ്ങള്‍ എല്ലാം കാണിച്ച് ജൂണ്‍ 27 ന് എടത്വാ പോലീസ് സ്റ്റേഷനില്‍ ജീവനക്കാരി സഹോദരനോടൊപ്പം നേരിട്ട് ഹാജരായി സങ്കടം ബോധിപ്പിച്ച് പരാതി നല്‍കുകയായിരുന്നു. വി .സി .ചാണ്ടിയുടെ ഉന്നത സാമ്പത്തിക ശേഷിയും സ്വാധിനവും മൂലം കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാലും മൊഴി പോലും രേഖപെടുത്തുവാന്‍ തയ്യാര്‍ ആകാഞ്ഞതിനാലും കേസ് രജിസ്റ്റര്‍ ചെയ്ത് നീതീ പൂര്‍വ്വമായി അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടാണ് ജീവനക്കാരി വനിതാ കമ്മീഷന് പരാതി സമര്‍പ്പിച്ചത്. കൂടാതെ മുഖ്യമന്ത്രി ഉള്‍പെടെ ഡിജിപി, ജില്ലാ പോലീസ് സൂപ്രണ്ട് ,വനിതാ സെല്‍, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രതിക്കെതിരെ ആഗസ്റ്റ് 9ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ റിപ്പോര്‍ട്ട് കോടതി സെപ്റ്റംബര്‍ 3ന് ആവശ്യപ്പെട്ടെങ്കിലും സെപ്റ്റംബര്‍ 24 വരെ എടത്വാ പോലീസ് സമര്‍പ്പിച്ചിട്ടില്ല. സംഭവത്തിന് സാക്ഷിയും ഇരയുമായ വിദ്യാര്‍ത്ഥിയുടെ മൊഴി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്‌കൂളിലെത്തി രേഖപെടുത്തി. എന്നാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി 2 തവണ റിപ്പോര്‍ട് ആവശ്യപെട്ടിട്ടും എടത്വാ പോലീസ് സെപ്റ്റംബര്‍ 11 വരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ കേരള സംസ്ഥാന ബാലവകാശ സംരംക്ഷണ കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയുടെ മൊഴി സ്‌കൂളിലെത്തി രേഖപെടുത്തി.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 64 മുതൽ 125 വരെ സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളിലും ബുധനാഴ്ച ഇടുക്കി, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരികേകുന്നത്.
ബംഗളൂരു: അമ്മയെക്കുറിച്ച് മോശമായി സംസാരിച്ച സുഹൃത്തിനെ യുവാവ് തലയറുത്ത് കൊന്നു. കര്‍ണാടകയിലെ മാണ്ഡയ ജില്ലയിലാണ് സംഭവം. ചിക്കബാഗിലു സ്വദേശി ഗിരീഷാണ് കൊല്ലപ്പെട്ടരിക്കുന്നത്. പ്രതിയായ പശുപതി ഗിരീഷിന്റെ അറുത്തെടുത്ത തലയുമായിട്ടാണ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
പശുപതിയുടെ അമ്മയെക്കുറിച്ച് ഗിരീഷ് മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലായിരുന്നു കൊലയെന്ന് മാണ്ഡ്യ എസ്.പി. ശിവപ്രകാശ് ദേവരാജ് വ്യക്തമാക്കി. വാളുകൊണ്ട് ഗിരീഷിന്റെ കഴുത്ത് വെട്ടി മാറ്റുകയായിരുന്നു. തുടര്‍ന്ന് തല ബൈക്കിലാക്കി പോലീസ് സ്റ്റേഷനിലെത്തിച്ചു. പശുപതിക്ക് ചെറിയ മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു.
കര്‍ണാടകത്തില്‍ ഒരു മാസത്തിനിടെ അറത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന മൂന്നാമത്തെ സംഭവമാണിത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചിക്കബല്ലാപുരയിലെ ശ്രീനിവാസപുര സ്വദേശി അസീസ് ഖാന്‍ കാമുകയുടെ തലയറുത്ത് സ്റ്റേഷനിലെത്തിയിരുന്നു. കാമുകി താനുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ് അസീസ് ഖാനെ പ്രകോപിതനാക്കിയത്. മറ്റൊരു സംഭവത്തില്‍ സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ തലയുമായി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. അജ്ജംപുര സ്വദേശി സതീഷാണ് ഭാര്യ രൂപയുടെ തലയറുത്തത്.
ആലപ്പുഴ: മതിയായ ഓഫീസ് രേഖകള്‍ ഇല്ലാതെ വന്ന ഉദ്യോഗസ്ഥനെ ജില്ല വികസന സമിതിയില്‍ നിന്ന് കലക്ടര്‍ ഇറക്കിവിട്ടു. യോഗത്തില്‍ പകരക്കാരനായി എത്തിയ ഉദ്യോഗസ്ഥനെയാണ് കലക്ടര്‍ എസ് സുഹാസ് പുറത്താക്കിയത്. ബന്ധപ്പെട്ട വിഷയത്തില്‍ വിവരമറിയാവുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ വേണം യോഗത്തിലേക്ക് അയ്ക്കുന്നതെന്ന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ഉറപ്പാക്കിയിരിക്കണമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനാവുംവിധം കാര്യങ്ങള്‍ പഠിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ആലപ്പുഴ നഗരത്തില്‍ ഇരുമ്പുപാലത്തിന് സമാന്തരമായി കാല്‍നടയാത്രക്കാര്‍ക്കായുള്ള പാലം നന്നാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലാണ് സംഭവം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വിഭാഗമാണ് ഇതിനായി നടപടി എടുത്തത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്ന ആലപ്പുഴ നഗരസഭയില്‍ നിന്നും പങ്കെടുത്ത ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച വിവരമൊന്നും ഇല്ലാതിരുന്നതിനാലാണ് യോഗത്തില്‍ ഇരിക്കാന്‍ അനുവദിക്കാതിരുന്നത്. ബന്ധപ്പെട്ട നഗരസഭ ഉദ്യോഗസ്ഥന്‍ കലക്ടറെ നേരില്‍ കാണാനും നിര്‍ദ്ദേശിച്ചു.
ബിനോയി ജോസഫ്
കോട്ടയത്തിന്റെ ജനകീയ നായകൻ ജോസ് കെ മാണി എം.പി മണ്ഡലത്തിൽ നടത്തിയ പുരോഗമന പ്രവർത്തനങ്ങളുടെ വികസനരേഖ പ്രകാശനം ചെയ്തു. കഴിഞ്ഞ നാല് വർഷമായി കോട്ടയം ലോകസഭാ മണ്ഡലത്തിൽ നടത്തിയ വിവിധ മേഖലയിലെ പദ്ധതികളുടെ വിശദവിവരങ്ങൾ “കോട്ടയം പാർലമെൻറ് മണ്ഡലം – പുരോഗതിയുടെ നാഴികക്കല്ലുകൾ” എന്ന പേരിലാണ് ജനങ്ങൾക്ക് സമർപ്പിച്ചത്. ജനങ്ങളോടൊപ്പം കൈകോർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സംവിധാനങ്ങളും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി ലഭ്യമാക്കാൻ എന്നും പരിശ്രമിച്ചിട്ടുള്ള യുവ എം.പി വൺ എം പി വൺ ഐഡിയ എന്ന പുതിയ ആശയത്തിലൂടെ കോട്ടയത്തുകാർക്ക് ആവേശമായിരുന്നു. ഒരു ജനപ്രതിനിധി നാടിന്റെ വികസനത്തിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് രാജ്യത്തിനു തന്നെ മാതൃകയാകുകയായിരുന്നു ജോസ് കെ മാണി എം.പി. കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് ജനങ്ങളാണ് കോട്ടയത്തിന്റെ ന്യൂ ജനറേഷൻ എം.പിയായ ജോസ് കെ മാണിയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവുമായി എത്തിയത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ആന്ധ്രയുടെ ചുമതലയുള്ള കോൺഗ്രസ് എ ഐ സിസി സെക്രട്ടറി ഉമ്മൻ ചാണ്ടി വികസന രേഖ പ്രകാശനം ചെയ്തു.
റബർ വിലയിടിവ് അടക്കമുള്ള ജനകീയ വിഷയങ്ങളിൽ ജോസ് കെ മാണി പാർലമെന്റിൽ നടത്തിയ ഇടപെടലുകളെ ഉമ്മൻ ചാണ്ടി മുക്തകണ്ഠം പ്രശംസിച്ചു. ജോസ് കെ മാണി രാജ്യത്തിന് തന്നെ മാതൃകയായ ജനപ്രതിനിധിയാണെന്ന് അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം മാണി എം.എൽ.എ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധിയ്ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും ജനങ്ങൾക്കായ് ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങളുടെ അറിവിലേയ്ക്ക് എത്തിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന കടമയാണ് ജോസ് കെ മാണി നിർവ്വഹിക്കുന്നതെന്നും കെ.എം മാണി പറഞ്ഞു. മുൻ മന്ത്രി എം.എൻ ഗോവിന്ദൻ നായർ ഉമ്മൻ ചാണ്ടിയിൽ നിന്ന് വികസനരേഖ ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവ്വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ്, ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോട്ടയം ജില്ലയിലെ മുൻസിപ്പൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, മെംബർമാർ അടക്കം നൂറുകണക്കിനാളുകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
2009 മുതൽ ഒൻപതുവർഷം കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ലോക്സഭയിൽ പ്രവർത്തിച്ച ചെന്നൈ ലയോള കോളജ് പൂർവ്വ വിദ്യാർത്ഥിയായ ജോസ് കെ മാണി ഇപ്പോൾ രാജ്യസഭാ എം.പിയാണ്. ലോക്സഭാ സമ്മേളനത്തിൽ തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി നിരന്തരം ശബ്ദമുയർത്തിയ ജോസ് കെ മാണി കർഷകർക്കു വേണ്ടിയും നഴ്സുമാർക്ക് വേണ്ടിയും മറ്റ് പ്രധാനപ്പെട്ട രാജ്യതാത്പര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ രാജ്യത്തിനു മുൻപാകെ വച്ചു. വേണ്ട രീതിയിൽ ഹോം വർക്ക് ചെയ്ത്, കാര്യങ്ങളും വസ്തുതകളും വിശകലനം ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് മുൻപിൽ അവതരിപ്പിച്ച് വിവിധ പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ ജോസ് കെ മാണി കാണിച്ച ഉത്സാഹം എടുത്തു പറയേണ്ടിയിരിക്കുന്നു. 2014 ജൂൺ മുതൽ 2018 മാർച്ചുവരെയുള്ള കാലഘട്ടത്തിൽ 109 പാർലമെൻറ് ചർച്ചകളിലാണ് ജോസ് കെ മാണി പങ്കെടുത്തത്. കർഷക പ്രശ്നങ്ങൾ, പെട്രോൾ വില വർദ്ധന, എസ്ബിറ്റി സ്റ്റുഡൻറ് ലോൺ, ഓഖി ദുരന്തം, റെയിൽവേ, എൽപിജി സബ്സിഡി, നെയ്ത്തുകാരുടെ ഉന്നമനം, വെള്ളൂർ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവൽക്കരണം, ശബരിമല തീർത്ഥാടന സൗകര്യങ്ങൾ, റബറിന്റെ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. ഇക്കാലയളവിൽ 373 ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിക്കാനും ജോസ് കെ മാണിക്ക് കഴിഞ്ഞു. പാർട്ടി ഭേദമന്യെ ഭരണ പ്രതിപക്ഷ എം.പിമാർ ജോസ് കെ മാണി ഉയർത്തിയ വിവിധ പ്രശ്നങ്ങളിൽ പിന്തുണയുമായി എത്തുന്ന നിമിഷങ്ങൾക്ക് ലോകസഭാ നിരവധി തവണ സാക്ഷിയായി. എം.പി ഫണ്ട് ഫലപ്രദമായി ചിലവഴിക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ജോസ് കെ മാണി എം.പിയുടെ ചുറുചുറുക്കോടെയും ചിട്ടയോടെയുമുള്ള പ്രവർത്തന ശൈലി ഏതൊരു പൊതു പ്രവർത്തകനും മാതൃകയാണ്.
ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് കഴിഞ്ഞദിവസം ഒളിച്ചോടിയായ മുപ്പത്തൊമ്പതുകാരിയായ അധ്യാപികയെയും പതിനാറുകാരന്‍ വിദ്യാര്‍ഥിയെയും പിടികൂടാന്‍ സഹായിച്ചത് മൊബൈല്‍ഫോണ്‍. അധ്യാപിക ചേര്‍ത്തലയില്‍ നിന്നു പുറപ്പെട്ട ശേഷം പുന്നപ്രയില്‍ എത്തിയപ്പോള്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നു. എന്നാല്‍ ചെന്നൈയില്‍ എത്തിയ ശേഷം പുതിയ സിം വാങ്ങി ഇതേ ഫോണില്‍ ഉപയോഗിച്ചതോടെയാണ് പോലീസ് ഇവര്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്.
ചെന്നൈയില്‍ എത്തിയ ഇവര്‍ അവിടെ വാടകയ്ക്കു വീടു കണ്ടെത്തി 40000 രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ ചൈന്നെയിലെ ആറമ്പാക്കത്തെ ചൈന്നെ പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ പുലര്‍ച്ചെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ വിദ്യാര്‍ഥിയുമായി അടുപ്പത്തിലായി. കുട്ടിക്കു മൊെബെല്‍ ഫോണും ഷര്‍ട്ടും വാങ്ങിക്കൊടുത്തു.
അധ്യാപികയെ കുട്ടിയുടെ മാതാവു ഇതിന്റെ പേരില്‍ വീട്ടില്‍വിളിച്ചു വരുത്തി ദ്വേഷ്യപ്പെട്ടു. ഇതാണ് നാടുവിടലില്‍ കലാശിച്ചത്. ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരുടെ താമസസ്ഥലം കണ്ടെത്തിയത്. തിരുവനന്തപുരത്തേക്കു പുറപ്പെട്ട ഇവര്‍ പുന്നപ്രയിലെത്തിയതോടെ മൊെബെല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. വൈകിട്ട് ഏഴോടെ തമ്പാനൂരില്‍ ചെന്ന ഇവര്‍ സ്വകാര്യ ബസില്‍ ചൈന്നെയിലേക്കു തിരിച്ചു. തിങ്കളാഴ്ച രാവിലെ പത്തോടെ ആറമ്പാക്കത്തെത്തി. അധ്യാപികയുടെ നാലു പവന്റെ പാദസരം വിറ്റു കിട്ടിയ 59,000 രൂപയില്‍ 10,000 രൂപ അഡ്വാന്‍സ് നല്‍കി ഹോട്ടലില്‍ മുറിയെടുത്തു.
യാത്രയ്ക്കിടെ പരിചയപ്പെട്ട ഓട്ടോ ഡ്രൈവര്‍ ശങ്കറിന്റെ സഹായത്തോടെ ചൈന്നെയില്‍ വാടകയ്ക്കു വീട് ലഭിക്കുന്നതിന് 40,000 രൂപ അഡ്വാന്‍സ് നല്‍കി. ഇയാളുടെ സഹായത്തോടെ മിനിയെന്ന പേരില്‍ പുതിയ സിം കാര്‍ഡ് വാങ്ങി കൈവശമുണ്ടായിരുന്ന ഫോണില്‍ ഉപയോഗിച്ചതോടെ സൈബര്‍ സെല്ലിന് ഇവര്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ചു സൂചന ലഭിച്ചു. തുടര്‍ന്നായിരുന്നു പോലീസെത്തിയത്. കുട്ടിയെ അധ്യാപിക ലൈംഗികമായി ഉപയോഗിച്ചോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കും. തെളിവുകള്‍ എതിരായാല്‍ പോക്‌സോ നിയമപ്രകാരമായിരിക്കും അധ്യാപികയ്‌ക്കെതിരേ കേസ് വരിക.
പ്രേമം സിനിമയില്‍ നായകനായ കോളേജ് വിദ്യാര്‍ത്ഥി അധ്യാപികയെ പ്രണയിക്കുന്ന രംഗം ഉണ്ടായിരുന്നു. ഇതായിരുന്നു ഇവരുടെ പ്രണയത്തിനും പ്രചോദനമായത്. വിദ്യാര്‍ഥിയെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ജുവെനെല്‍ ആക്ട് പ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. അധ്യാപികയെ ജാമ്യത്തില്‍ വിട്ടു. തണ്ണീര്‍മുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയ്ക്കു പത്തു വയസുള്ള മകനുമുണ്ട്.
ഉത്തര്‍പ്രദേശില്‍ വാഹനപരിശോധനയ്ക്കിടെ 38കാരനെ പൊലീസ് കോണ്‍സ്റ്റബിള്‍ വെടിവെച്ചു കൊന്നു. രാത്രി പരിശോധനക്കായി വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ത്തത്. വിവേക് തിവാരിയാണ് യു.പിയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ലഖ്‌നോ നഗരത്തിലെ ഗോമതി നഗറില്‍ ശനിയാഴ്ച പുലര്‍ച്ചെ 1:30ഓടെയാണ് സംഭവമുണ്ടായത്. തിവാരിയും സുഹൃത്തുക്കളും കൂടി കാറില്‍ പോകുമ്പോള്‍ രാത്രി പരിശോധനക്കെത്തിയ പൊലീസ് സംഘം ഇവരെ തടയുകയായിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ പൊലീസുകാരുടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് തിവാരി മുന്നോട്ട് പോവുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളായ പ്രശാന്ത് കുമാര്‍ വെടിയുതിര്‍ത്തു. ഈ വെടിവെപ്പിലാണ് വിവേക് തിവാരി കൊല്ലപ്പെട്ടത്. സ്വയം രക്ഷക്കായാണ് പ്രശാന്ത് കുമാര്‍ വെടിവെച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ജീവിതത്തിലെ വലിയ പ്രതിസന്ധിഘട്ടത്തിൽ കേരളം തനിക്ക് തന്ന പിന്തുണയാണ് രാമലീലയുടെ വൻ വിജയമെന്ന് ദിലീപും ആരാധകരും പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാംവാർഷികം ആഘോഷിക്കുന്ന ദിലീപിന്റെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ചിത്രത്തിൽ ദിലീപിനൊപ്പം പ്രണവ് മോഹൻലാലും ഉണ്ട്. അരുൺഗോപിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ആഘോഷം.
മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. രാമലീലയുടെ നിര്‍മാണവും മുളകുപാടം ഫിലിംസ് ആയിരുന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം.
പ്രണവിന്‍റെ പാര്‍ക്കൗര്‍ അഭ്യാസപ്രകടനങ്ങളായിരുന്നു ആദിയുടെ ഹൈലൈറ്റ് എങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ളയാളാണ് നായക കഥാപാത്രം. ആഴക്കടലില്‍ ഊളിയിട്ട് പോകാന്‍ ശേഷിയുള്ള സര്‍ഫറുടെ വേഷം മികവുറ്റതാക്കാന്‍ ബാലിയില്‍ ഒരു മാസത്തിലധികം കാലം പരിശീലനം നടത്തിയിരുന്നു പ്രണവ്.
ഇന്തൊനീഷ്യൻ ദ്വീപായ സുലവേസിയിൽ ഭൂകമ്പത്തിനു പിന്നാലെയുണ്ടായ സൂനാമിയില്‍ മരിച്ചവരുടെ എണ്ണം 384 ആയി. 540 പേര്‍ക്ക് പരുക്കേറ്റു. വൈദ്യുതിബന്ധം തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. തീരദേശപട്ടണമായ പാലു ഉള്‍പ്പെടെ ഒട്ടേറെനഗരങ്ങളില്‍ വെള്ളം കയറി. പാലുവില്‍ ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരേറെയും. തുടര്‍ചലനസാധ്യതയുള്ളതിനാല്‍ ജനം ഭീതിയിലാണ്. ഇന്നലെ രാവിലെ സുലവേസിയിലെ ഡൊങ്കാലയിലാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്. ഉടനെ സൂനാമി മുന്നറിയിപ്പും നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. മുന്നറിയിപ്പ് പിന്‍വലിച്ച് മണിക്കൂറുകള്‍ക്കകം സൂനാമിയുണ്ടായി.
ഇന്തൊനീഷ്യൻ ദ്വീപായ സുലവേസിയിൽ വെളളിയാഴ്ച ഭൂകമ്പമാപിനിയിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ ഇന്തൊനീഷ്യൻ നഗരമായ പലുവിൽ സൂനാമിയുണ്ടായതായി റിപ്പോർട്ടുകൾ. പ്രാദേശിക തലസ്ഥാനം കൂടിയായ പലുവിൽ സൂനാമിത്തിരകൾ ആഞ്ഞടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്തൊനീഷ്യയിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.
നേരത്തെ ഇന്തൊനീഷ്യൻ എജൻസി ഫോർ മെറ്റീറോളജി, ക്ലൈമറ്റോളജി ആൻഡ് ജിയോഫിസിക്സ് മൂന്നു മീറ്ററോളം ഉയരത്തിൽ തിരമാലകളുണ്ടായേക്കാവുന്ന സൂനാമിക്കു മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു. സൂനാമി മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെയാണ് സൂനാമിയുണ്ടായതെന്നാണ് സൂചന. മധ്യ, പടിഞ്ഞാറൻ മേഖലകളിലെ ജനത്തോട് ഉയർന്ന പ്രദേശങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശം നൽകി.
ജൂലെ 29 നും ഓഗസ്റ്റ് 19 നുമിടയിൽ 6.3 നും 6.9 നും മധ്യേ തീവ്രതയുള്ള നാലു ഭൂചലനങ്ങളിലായി 557 പേർ ഇന്തൊനീഷ്യയിൽ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. നാലു ലക്ഷത്തോളം പേരാണ് ദുരിതബാധിതരായത്. ഇന്തൊനീഷ്യയിലെ ഏറ്റവും വലിയ ഭൂകമ്പ ദുരന്തം 2004 ൽ ആയിരുന്നു. അന്ന് സുമാത്രയിലുണ്ടായ ഭൂകമ്പത്തിലും തുടർന്നുണ്ടായ സൂനാമിയിലും ഇന്തൊനീഷ്യയിലും ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലുമായി 2,80,000 പേരാണ് മരിച്ചത്.
ഏറ്റവുമധികം ഭൂചലനങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും റിപ്പോർട്ടു ചെയ്യുന്ന പസഫിക് റിങ് ഓഫ് ഫയർ മേഖലയിലാണ് ഇന്തൊനീഷ്യയുടെ സ്ഥാനം. ശരാശരി ചെറുതും വലുതുമായ ഏഴായിരത്തോളം ഭൂകമ്പങ്ങളാണ് ഇവിടെയുണ്ടാകുന്നത്.
ബാഗ്ദാദ്: സോഷ്യൽ മീഡിയയിലൂടെ താരവും യുവമോഡലുമായ ടെറാ ഫരേസ് വെടിയേറ്റു മരിച്ചു. അവരുടെ പോർഷേകാറിൽ സഞ്ചരിക്കവെ അജ്ഞാതരായ അക്രമികളാണ് വെടിവെച്ചുകൊന്നത്. ബാഗ്ദാദിലെ ക്യാന്പ സാറ ജില്ലയിലാണ് 22-കാരിയായ ടെറാ ഫരേസ് വെടിയേറ്റ് മരിച്ചത്. മൂന്ന് വെടിയുണ്ടകളാണ് ടെറയുടെ ദേഹത്ത് നിന്ന് കണ്ടെത്തിയത്.
പ്രദേശിക സമയം വ്യാഴാഴ്ച പുലർച്ചെ 5.45-ഓടെയാണ് ടെറായ്ക്ക് വെടിയേറ്റത്. ഉടൻതന്നെ ഷെയ്ഖ് സൈദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെതെന്ന് കരുതപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇതിൽ കൊലപാതകി ബൈക്കിലെത്തി കാറിന്റെ ജനലിലൂടെ വെടിവയ്ക്കുന്നത് കാണാം. എന്നാൽ വീഡിയോയുടെ ആധികാരികത പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ടെറായുടെ കൊലപാതകത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറയുകയാണ്. മോഡലിംഗും ഫോട്ടോഷൂട്ടും ചെയ്യുന്നതിൽ ഇറാഖിൽ നേരത്തേ ടെറായ്ക്കെതിരെ വിമർശനമുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആരോപണം. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ടെറായെ യുവാക്കളുടെ ഹരമാക്കി മാറ്റിയിരുന്നു. മുപ്പതുലക്ഷത്തോളം പേരാണ് ഫാഷൻ രംഗത്ത് തരംഗം തീർത്ത ടെറായെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്.
മുൻ മിസ് ബാഗ്ദാദ്, മിസ് ഇറാക് റണ്ണറപ്പ് എന്നീസ്ഥാനങ്ങൾ ടെറാ ഫരേസ് നേടിയിരുന്നു. ഇറാഖി കുർദിസ്താന്റെ തലസ്ഥാനമായ എർബിലിലാണ് ടെറാ താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണ് ഇവർ ബാഗ്ദാദിലെത്തിയിരുന്നത്. ടെറായുടെ സന്ദർശന വിവരം മുൻകൂട്ടിയറിഞ്ഞ അക്രമികൾ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.
സംഭവത്തെക്കുറിച്ച് ഇറാഖി ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാർബി ബ്യൂട്ടി സെന്റർ ഉടമയായിരുന്ന റഫീഫ് അൽ യസേരി, ഫാഷൻ രംഗത്ത് പ്രവർത്തിച്ചിരുന്ന റാഷ അൽ ഹാസൻ എന്നിവർ ഓഗസ്റ്റിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.