Latest News

അമേരിക്കയെ ചുറ്റിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിനു ശേഷം പ്രളയക്കെടുതിയെ അതിജീവിക്കുകയാണ് രാജ്യം. ഇപ്പോള്‍ത്തന്നെ മുപ്പതിലേറെ പേര്‍ മരിച്ചു കഴിഞ്ഞു. ആയിരങ്ങളാണ് അഭയകേന്ദ്രത്തിലേക്കു മാറിയത്. അപകട മുന്നറിയിപ്പു നല്‍കിയ ഇടങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുപോക്ക് തുടരുകയാണ്. ഇതിനിടയിൽ ഒരു പ്രേതകഥയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പേര് ഗ്രേമാന്‍. ഗ്രേമാന്റെ വിഡിയോയും വ്യപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

ഇത് സാധാരണ പ്രേതത്തേപ്പോലെ ഉപദ്രവകാരിയല്ല. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുതരുന്ന പ്രേതമാണ്. കൊടുംനാശം വിതയ്ക്കുന്ന കാറ്റും പേമാരിയും എത്തും മുന്‍പ് ഗ്രേമാന്‍ വിവരമറിയിക്കുമെന്നാണ് സൗത്ത് കാരലൈനയിലെ ചിലരെങ്കിലും വിശ്വസിക്കുന്നത്. അതിന് ശക്തിപകർന്ന് ഇവർക്കിടയിൽ ഒറു കഥയും പരക്കുന്നുണ്ട്.

വളരെ പണ്ടാണു സംഭവം. ഒരു നാവികന്‍ തന്റെ കാമുകിയെ കാണാൻ പോവുകയായിരുന്നു. അവളോട് തന്റെ ഇഷ്ടം തുറന്നു പറയാനാണു യാത്ര. ആ നേരം കൊടുങ്കാറ്റ് ആഞ്ഞു വീശിത്തുടങ്ങിയിരിക്കുന്നു. അത് ദ്വീപിലെത്തും മുൻപേ അവളോടുള്ള ഇഷ്ടം അറിയിക്കാൻ കുതിരപ്പുറത്തു പാഞ്ഞു പോയിക്കൊണ്ടിരിക്കുകയായിരുന്നു നായകൻ.

ദൂരെ നിന്നുതന്നെ പെണ്‍കുട്ടി ആ ചെറുപ്പക്കാരനെ കണ്ടു. പക്ഷേ അപ്പോഴേക്കും കടലും കാറ്റും കലിതുള്ളിക്കഴിഞ്ഞിരുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് കുതിരപ്പുറത്തു നിന്ന് ചെറുപ്പക്കാരന്‍ തെറിച്ചു വീണു. കടല്‍ത്തീരത്തെ ഒരു മണല്‍ച്ചതുപ്പിലേക്കായിരുന്നു ആ വീഴ്ച. വീണാലുടന്‍ മണലിനടിയിലേക്കു വലിച്ചു കൊണ്ടുപോകുന്ന തരം ചതുപ്പായിരുന്നു അത്. അപകടം കണ്ട് വാവിട്ടുകരഞ്ഞ പെണ്‍കുട്ടി കൊടുങ്കാറ്റിന്റെ ഭീകരതയും അങ്ങനെയാണു തിരിച്ചറിഞ്ഞത്. എത്രയും പെട്ടെന്നു വീട്ടിലേക്ക് ഓടിയെത്തിയ അവള്‍ വീട്ടുകാരെയും കൂട്ടി സുരക്ഷിതസ്ഥാനത്തേക്കു മാറി. കൊടുങ്കാറ്റെല്ലാം അടങ്ങി തിരികെയെത്തിയപ്പോള്‍ കണ്ടതാകട്ടെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയും. അവര്‍ താമസിക്കുന്ന ദ്വീപില്‍ സകലതും കൊടുങ്കാറ്റില്‍പ്പെട്ടു താറുമാറായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീടിനു മാത്രം യാതൊരു കുഴപ്പവുമില്ല. ആ വിശ്വാസം സൗത്ത് കാരലൈനയിലുള്ളവര്‍ക്ക് ഇപ്പോഴുമുണ്ട്. ഗ്രേമാനെ കണ്ടു കഴിഞ്ഞാല്‍ തങ്ങളുടെ വീടിനു കൊടുങ്കാറ്റില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസം. ഇപ്പോഴും ഗ്രേമാൻ തന്റെ പ്രിയപ്പെട്ട പെൺകുട്ടിയോട് ഇഷ്ടം പറയാൻ പൗലീ ദ്വീപിലേക്ക് വരാറുണ്ടെന്നാണു പ്രേതവിശ്വാസികൾ കരുതുന്നത്.

എന്നാല്‍ അധികമാകും ഗ്രേമാനെ കണ്ടിട്ടില്ല. 1822ലാണ് ആദ്യമായി ഗ്രേമാനെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇരുട്ടില്‍ ഗ്രേ നിറത്തില്‍, മണലില്‍ നിന്നെഴുന്നേറ്റു നടക്കും പോലൊരു രൂപമാണതെന്നാണു പറയപ്പെടുന്നത്. 1954ല്‍ ഹസെല്‍ ചുഴലിക്കാറ്റിനും 1989ല്‍ ഹ്യൂഗോ ചുഴലിക്കാറ്റിനും മുന്‍പേ ഗ്രേമാന്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണു മറ്റൊരു കഥ. ഇത്തവണ ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനു മുന്നോടിയായും ഗ്രേമാന്‍ വന്നതായാണു പറയപ്പെടുന്നത്. അതിനുള്ള തെളിവുമായി ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ എന്ന യൂട്യൂബ് ചാനലില്‍ ഒരു വിഡിയോയും പ്രത്യക്ഷപ്പെട്ടു. കാറ്റിലും മഴയിലും കനത്ത തിരയിലും ആടിയുലയുന്ന ഒരു കടല്‍പ്പാലത്തിലൂടെ ഗ്രേമാന്‍ നടക്കുന്നതായിരുന്നു വിഡിയോ. സൂക്ഷിച്ചു നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ത്തന്നെ കാണാം കനത്ത കാറ്റിനെയും കൂസാതെ ഒരു സുതാര്യമായ രൂപം പാലത്തിലൂടെ നടക്കുന്നത്. മനുഷ്യന്റെ ആകൃതിയുമായിരുന്നു അതിന്.

വിഡിയോ തട്ടിപ്പാണെന്നു പറഞ്ഞു പലരും രംഗത്തെത്തിയിട്ടുണ്ട്. അതോടെ, എവിടെ നിന്നാണ് വിഡിയോ ലഭിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈയാഴ്ച തന്നെ പുറത്തുവിടുമെന്ന് ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ ചാനലും അറിയിച്ചിട്ടുണ്ട്.

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതകച്ചോര്‍ച്ച. പാണമ്പ്രയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെ പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. പിന്നാലെ ടാങ്കറില്‍ നിന്ന് വാതകച്ചോര്‍ച്ച ആരംഭിച്ചു. ഇതോടെ അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചു. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.

പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് വീടുകളില്‍ അടുപ്പുകള്‍ കത്തിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയാണ് ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വാതകം ചോരുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്പ്ര എന്നിവടങ്ങളില്‍ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്. ഐഒസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ വാതകചോര്‍ച്ച അടയ്ക്കാനായി മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

ബിഷപ് ഫ്രാങ്കോ മുളക്കലിനെ ജലന്തര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താത്ക്കാലികമായി നീക്കി. മുംബൈ മുൻ സഹായമെത്രാൻ റവ. ആഗ്നെലോ റുഫീനോ ഗ്രേഷ്യസിനാണ് ചുമതല. കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യംചെയ്യലിനു ഹാജരാകാനുള്ള പൊലീസിന്റെ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ബിഷപ്പ് ഭരണച്ചുമതലകൾ ഒഴിഞ്ഞിരുന്നു. വികാരി ജനറൽ മോൺ.മാത്യു കോക്കണ്ടത്തിനാണു പകരം ചുമതലയും നൽകിയിരുന്നു.

അതേസമയം പീഡനക്കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതായാണ് സൂചന. അറസ്റ്റ് എപ്പോൾ വേണമെന്ന കാര്യത്തിൽ പൊലീസ് തലപ്പത്ത് ചർച്ചകൾ നടക്കുകയാണ്. മുഖ്യമന്ത്രി തിരിച്ചെത്തുന്ന തിയതിയും കണക്കിലെടുത്താകും തീരുമാനം. അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചന ഡിജിപി ലോക്നാഥ് ബെഹ്റ പങ്കുവെച്ചിരുന്നു.

അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ഡിജിപി പറഞ്ഞിരുന്നു. തൃപ്പൂണിത്തുറയിലെ അത്യാധുനിക സംവിധാനങ്ങളുള്ള മുറിയിൽ രണ്ടാംദിവസും ചോദ്യം ചെയ്യൽ തുടരുകയാണ്. കുണ്ടന്നൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് അകമ്പടിയോടെയാണ് ബിഷപ്പ് ചോദ്യം ചെയ്യലിനായി എത്തിയത്. ആദ്യ ദിനത്തിലെ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മറുപടി തൃപ്തികരമല്ല എന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് അനിവാര്യമെന്നും കോടതി അത് തടഞ്ഞിട്ടില്ല എന്നതുമാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാക്കുന്നത്.

ബിഷപ്പിന്റെ ഇന്നലത്തെ മറുപടികളെ പ്രതിരോധിച്ചു കൊണ്ട് തെളിവുകൾ ചൂണ്ടിക്കാട്ടിയായിരിക്കും ഇന്നത്തെ നടപടികൾ. ഇതിൽ ബിഷപ്പിന്റെ മറുപടി പ്രധാനമാണ്. ഇന്നലത്തെ അദ്ദേഹത്തിന്റെ തന്നെ വാദങ്ങളെ ഖണ്ഡിക്കാൻ പാകത്തിൽ തെളിവുകളെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർ ഇന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നതോടെ ബിഷപ് പ്രതിരോധത്തിലാകുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. പിന്നെ വൈകാതെ അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം അറസ്റ്റ് സമയം സംബന്ധിച്ച കാര്യത്തിൽ പൊലീസ് മേധാവി അടക്കമുള്ളവരുടെ നിലപാട് പ്രധാനമാണ്. രാവിലെ 10.50നാണ് കൊച്ചി മരടിലെ നോട്ടലിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തുറയിലെ ചോദ്യംചെയ്യൽ കേന്ദ്രത്തിലേയ്ക്ക് പുറപ്പെട്ടത്. KL39E 9977 നമ്പറിലുള്ള വാഹനത്തിന്റെ പിൻസീറ്റിലാണ് ബിഷപ്പും ജലന്തർ രൂപതയിലെ പി ആർ ഒ ഫാദർ പീറ്റർ കാവുംപുറവും.

മുൻ സീറ്റിൽ മറ്റൊരു വൈദികനും ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. പൊലീസ് ജീപ്പിന്റെ അകമ്പടിയിൽ കുണ്ടന്നൂരിൽ നിന്നും പുറപ്പെട്ട ബിഷപ്പും സംഘവും കൃത്യം പതിനൊന്ന് മണിക്ക് തന്നെ സ്ഥലത്തെത്തി. ഉടൻ തന്നെ ചോദ്യം ചെയ്യൽ മുറിയിലേയ്ക്ക് പ്രവേശിച്ച ബിഷപ്പിനെ കോട്ടയം എസ് പി ഹരിശങ്കറും വൈക്കം dysp കെ.സുഭാഷും അടങ്ങുന്ന അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അതിന് മുന്നോടിയായി പൊലീസ് ഉന്നതർ യോഗം ചേർന്നിരുന്നു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. തന്നെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡല്‍ഹിയിലുള്ള വത്തിക്കാന്‍ സ്ഥാനപതി മുഖേന മാര്‍പാപ്പയ്ക്ക്‌ കത്ത് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോകുന്നതിനാല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ കത്ത് പരിഗണിച്ചാണ് മാര്‍പാപ്പയുടെ തീരുമാനം എന്നാണ് വിവരം. മുംബൈ അതിരൂപത മുന്‍ സഹായമെത്രാന്‍ ആഗ്നെലോ റൂഫിനൊ ഗ്രേഷ്യസിനാണ് ജലന്ധര്‍ രൂപതയുടെ പകരം ചുമതല നല്‍കിയിരിക്കുന്നത്.

ഇതിനിടെ കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ല. അന്വേഷണസംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീര്‍ച്ചയായും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആ അമ്മ പറഞ്ഞതെല്ലാം കളവായിരുന്നുവെന്ന് വിശ്വസിക്കാൻ പോലും ആകാതെ നിശബ്ദമായി ഒരുഗ്രാമം. തൃശൂർ ചെവ്വൂർ ചെറുവത്തേരിയിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു. സംശയം തോന്നി ഇരിങ്ങാലക്കുട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണു മരണകാരണം പുറത്തുവന്നത്.

താഴത്തുവീട്ടിൽ ബിനീഷ്‌കുമാറിന്റെ ഭാര്യയും വാട്ടർ അതോറിറ്റി ഒല്ലൂർ സെക്ഷനിലെ ജീവനക്കാരിയുമായ രമ്യയ്ക്കെതിരെയാണു (33) കൊലക്കുറ്റത്തിനു കേസെടുത്തത്. ഞായർ രാത്രി പതിനൊന്നരയോടെയാണു സംഭവം. വാതിലിൽ തട്ടുന്ന ശബ്ദം കേട്ടു തുറന്നപ്പോൾ ഒരാൾ തന്നെയും മകളെയും ബലമായി കിണറ്റിൽ തള്ളിയിട്ടെന്നായിരുന്നു രമ്യയുടെ മൊഴി.
ഞായറാഴ്ച നടന്നത്

ട്രെസ് പണിക്കാരനായ ബിനീഷ്‌കുമാർ മദ്യപിച്ചു വൈകി വീട്ടിലെത്തുന്നതിന്റെ പേരിൽ ഇവർ വഴക്കിടാറുണ്ട്. സംഭവദിവസം രാത്രി ഭർത്താവ് വരാൻ വൈകിയതോടെ ഫോണിൽ ഇവർ വഴക്കിട്ടു . ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ രമ്യ മകളെയുമെടുത്തു കിണറ്റിൽ ചാടി. മോട്ടോർ പൈപ്പിൽ പിടിച്ചുനിന്ന രമ്യ അൽപനേരം കഴിഞ്ഞു പൈപ്പിൽ പിടിച്ചു മുകളിലേക്കു കയറി.

മകളെക്കുറിച്ചോർത്തു കുറ്റബോധം തോന്നിയപ്പോൾ വീണ്ടും ചാടി വെള്ളത്തിൽ തിരഞ്ഞു. ഇതു നിഷ്ഫലമായപ്പോൾ തിരികെ കയറുകയും ഭർത്താവിനെ വിളിച്ചുവരുത്തി കള്ളക്കഥ പറഞ്ഞു ഫലിപ്പിക്കുകയുമായിരുന്നു. എസ്ഐ ഐ.സി.ചിത്തരഞ്ജൻ, എസ്ഐ ഉഷ, എഎസ്ഐ സുരേഷ്, സിപിഒമാരായ ഹരി, അഷറഫ്, ജീവൻ, ഗോപി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം നാളെ. അമേരിക്കയിലുള്ള മകന്‍ രവിരാജ് ഇന്നെത്തും. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 6.45നു പാടിവട്ടം പാന്‍ജോസ് അപ്പാര്‍ട്‌മെന്റില്‍ കൊണ്ടുവരും.

കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന പ്രാര്‍ഥനാചടങ്ങുകള്‍ക്കുശേഷം 7.45നു പൊതുദര്‍ശനത്തിനായി എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിലേക്കു കൊണ്ടുപോകും. 10 വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്ന വഴി ആലപ്പുഴയില്‍ ക്യാപ്റ്റന്‍റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അല്‍പനേരം നിര്‍ത്തും.

ഒന്നരയോടെ പത്തനംതിട്ടയില്‍ എത്തിച്ചു മാക്കാംകുന്ന് സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. 3.45 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടില്‍. അഞ്ചിനു പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ക്യാപ്റ്റന്‍ രാജു അന്തരിച്ചത്.

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം  (Criminal Law Amemmendent Act 2018 ) ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ സംസ്ഥാന സര്‍ക്കാരും പൊലീസും അട്ടിമറിച്ചെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ എം.ടി ജോര്‍ജ്. 85 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇത് ഗുരുതരമായ നിയമലംഘനമാണ്. നിയമം ലംഘിച്ച കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ക്രിമിനല്‍ നിയമത്തില്‍ നിയമ ഭേദഗതി വരുത്തി കൊണ്ട് ഈ വര്‍ഷം ഏപ്രില്‍ 21 ന് കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ജൂണ്‍ 29ന് ഓര്‍ഡിനന്‍സിനു പകരം ലോക്‌സഭ ഭേദഗതി ചെയ്ത ബില്‍ പാസാക്കുകയും ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ നിയമ പ്രകാരം ബലാല്‍സംഗ കേസുകളില്‍ വേഗത്തിലുള്ള അന്വേഷണവും വിചാരണയും വേണമെന്നും ബില്ലില്‍ പറയുന്നുണ്ട്. രണ്ടു മാസത്തിനകം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കണം. സ്വാധീനവും പണവുമുള്ളവര്‍ക്കു വേണ്ടി ഏത് നിയമവും വഴി മാറ്റാം, ലംഘിക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ നടന്നത്. ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തറ പോലീസ് സ്‌റ്റേഷനിലെത്തിയ ഫ്രാങ്കോയുടെ ഒരു പടം പോലും ക്യാമറായില്‍ പതിയാതിരിക്കാന്‍ കേരള പൊലിസ് പുലര്‍ത്തിയ ശുഷ്‌കാന്തിയും ജാഗ്രതയും അന്വേഷണത്തിന്റെ കാര്യത്തിലുണ്ടായില്ലെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുതിയ നിയമ പ്രകാരം ബലാല്‍സംഗ കേസുകളില്‍ വേഗത്തിലുള്ള അന്വേഷണവും വിചാരണയും വേണമെന്നും ബില്ലില്‍ പറയുന്നുണ്ട്. രണ്ടു മാസത്തിനകം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കണം. സ്വാധീനവും പണവുമുള്ളവര്‍ക്കു വേണ്ടി ഏത് നിയമവും വഴി മാറ്റാം, ലംഘിക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ നടന്നത്. ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തറ പോലീസ് സ്‌റ്റേഷനിലെത്തിയ ഫ്രാങ്കോയുടെ ഒരു പടം പോലും ക്യാമറായില്‍ പതിയാതിരിക്കാന്‍ കേരള പൊലിസ് പുലര്‍ത്തിയ ശുഷ്‌കാന്തിയും ജാഗ്രതയും അന്വേഷണത്തിന്റെ കാര്യത്തിലുണ്ടായില്ലെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ പിടിയിലായ മുന്‍ മിസ്റ്റര്‍ ഇന്ത്യയും ജിംനാസ്റ്റിക് താരവുമായ മുരളിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്യാമറയ്ക്കു മുന്നില്‍ ആഘോഷത്തോടെയാണ് കൊണ്ട് വന്ന് പ്രദര്‍ശിപ്പിച്ചത്. എല്ലാ നിയമങ്ങളും ഫ്രാങ്കോയുടെ കാര്യത്തില്‍ വഴിമാറുന്നു. ഇതിന് പിന്നില്‍ ഭരണകക്ഷിയിലെ ചിലരുടെ കടുംപിടുത്തമാണെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബില്‍ ബിഷപ്പിന് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നു. അവിടെ ഭരണം കോണ്‍ഗ്രസാണ് നടത്തുന്നത്.

എന്നാൽ ബിഷപ്പ് ഇപ്പോഴും ആത്മവിശ്വാസത്തില്‍ വാദങ്ങളില്‍ ഇപ്പോഴും ഉറച്ചുതന്നെ. പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട്ടെ മഠത്തില്‍ താമസിച്ചിട്ടില്ല. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയായിരുന്നു. അതിനാല്‍ തന്നെ പലതവണ ശാസിക്കേണ്ടി വന്നിട്ടുണ്ട്. മിഷനറീസ് ഒഫ് ജീസസിന്റെ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രീയുടെ തെറ്റിദ്ധാരണ. ഇതാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെ കാരണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. അതേസമയം, 500 ചോദ്യങ്ങളാണ് ബിഷപ്പിനായി അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.

ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പൂണിത്തുറ പൊലീസ് കഌില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. 10 മണിക്ക് എത്താനാണ് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും 11 മണിക്ക് മാത്രമാണ് ബിഷപ്പ് എത്തിയത്. ചോദ്യം ചെയ്യല്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തുന്നുണ്ട്.

അതേ സമയം ഇന്നലെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തങ്ങിയത് കൊച്ചിയിലെ അത്യാഡംബര ഹോട്ടലില്‍. തൃപ്പൂണിത്തുറയിലെ പോലിസിന്റെ ഹൈടെക് സെല്‍ ഓഫിസില്‍ നിന്ന് ഇന്നലെ വൈകീട്ട് 6.30ഓടെയാണ് ബിഷപ്പ് ഹോട്ടലിലേക്ക് മടങ്ങിയത്. രാത്രി വേഷം മാറി ബിഷപ്പ് ഹോട്ടലില്‍ നിന്ന് പുറത്തുപോയതായും സൂചനയുണ്ട്.

ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് ബിഷപ്പ് തൃപ്പൂണിത്തുറയിലെ പോലിസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. രണ്ട് വാഹനം നിറയെ പോലിസിന്റെ അകമ്പടിയോട് കൂടി സ്വകാര്യ വാഹനത്തിലാണ് ബിഷപ്പ് എത്തിയത്. എന്നാല്‍, സുരക്ഷയ്ക്കായി എത്തിയ പോലിസുകാരെ മുഴുവന്‍ നോക്കുകുത്തിയാക്കി സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളാണ് ബിഷപ്പിന് വലയമൊരുക്കി വാഹനത്തില്‍ നിന്ന് പോലിസ് ക്ലബ്ബിന് അകത്തേക്കു കൊണ്ടുപോയത്.

രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണു സൂചന. അറസ്റ്റ് നടക്കുകയാണെങ്കില്‍ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.  ഇന്നലെ സംഭവിച്ചതു പോലെ തന്നെ ബിഷപ്പിനെ മാധ്യമങ്ങളുടെ കണ്ണില്‍ നിന്ന് മറയ്ക്കാന്‍ എല്ലാ ഒത്താശയും പോലിസ് ചെയ്തു നല്‍കി. ഇന്നും മാധ്യമങ്ങളില്‍ നിന്ന് മുഖംതിരിച്ചാണ് ബിഷപ്പിനെ അകത്തേക്ക് കൊണ്ടു പോയത്. അതിനിടെ ബിഷപ്പിന്റെ കൂടെ വന്ന ആളുകള്‍ മാധ്യമങ്ങളെ കളിയാക്കിയത് പ്രകോപനം സൃഷ്ടിച്ചു. പോലിസ് നോക്കിനില്‍ക്കേയായിരുന്നു ഇവര്‍ മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റര്‍ അനുപമ വീണ്ടും രംഗത്തെത്തി. ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീയെ ബിഷപ്പ് വ്യക്തഹത്യ നടത്തുകയാണ്. അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കെട്ടുകഥ ആവര്‍ത്തിക്കുകയാണ്. സത്യമെന്തായാലും പുറത്തുവരും. ജനങ്ങളുടെ പിന്തുണ വലിയ ആശ്വാസമാണെന്നും സിസ്റ്റര്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം ഇന്ന പതിമൂന്നാം ദിവസമാണ്.

 

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിലാണ് നടി കാവ്യാ മാധവൻ. നിറവയറിലുള്ള നടിയുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ബ‌േബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം.

മഞ്ഞ ഗൗണിൽ അതിസുന്ദരിയായാണ് കാവ്യയെ കാണാനാകുക. കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് കാണാം. കാവ്യ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചുള്ള വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വലിയ യാത്രാ വിമാനം വിജയകരമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് വിജയകരമായി പറന്നിറങ്ങിയത്. മൂന്ന് തവണ വീതം റൺവേയുടെ ഇരുവശങ്ങളിൽ നിന്നും വിമാനം താഴ്ന്ന് പറന്ന് പരിശോധന നടത്തി.

റൺവേയിൽ നിന്ന് ഏപ്രണിലേക്ക് പ്രവേശിച്ച വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. ഇന്ന് നടക്കുന്ന പരിശോധനയുടെ റിപ്പോർട്ട് ഡിജിസിഎയ്ക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളത്തിന് ലൈസൻസ് നൽകുക.

മുംബൈ: ജെറ്റ് എയര്‍വേഴ്‌സ് വിമാനത്തിലെ യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം. വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രിക്കാനുള്ള സംവിധാനം പ്രവര്‍ത്തിപ്പിക്കാതിരുന്നതോടെയാണ് അപകടമുണ്ടായത്. രക്തം വന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യവിലോപം കാട്ടിയ ജീവനക്കാരെ പിരിച്ചുവിട്ടതായി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്.

മുംബൈയില്‍ നിന്ന് വ്യാഴായ്ച്ച രാവിലെ ജെയ്പൂരിലേക്ക് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയരുന്നതിന് മുന്‍പ് മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യം കാബിന്‍ ക്രൂ മറന്നതിനെ തുടര്‍ന്നാണ് വലിയ അപകട സൂചനയുണ്ടായത്. വിമാനത്തില്‍ 160 യാത്രക്കാരുണ്ടായിരുന്നു ഇതില്‍ 30 പേരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു. മര്‍ദ്ദം താഴുമ്പോഴാണ് ഇത്തരത്തില്‍ രക്തം വരുന്നത്.

മര്‍ദ്ദം ക്രമാതീതമായി താഴ്ന്നതോടെ ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്തുവന്നു. അതോടുകൂടി യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനത്താവളത്തിലേക്ക് അടിയന്തര സന്ദേശം നല്‍കിയ ശേഷം 9 ഡബ്ലു 697 നിലത്തിറക്കി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. രക്തം വന്നവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Copyright © . All rights reserved