Latest News

ചൊവ്വയെ കുറിച്ച് നിരവധി പഠനങ്ങളാണ് നിലവില്‍ നടക്കുന്നത്, മാത്രമല്ല നാസയുള്‍പ്പടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ ചൊവ്വയിലേക്ക് യാത്രപോകാനിരിക്കുകയുമാണ്. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ്. ഇലോണ്‍ മസ്‌കിന്റെ ചൊവ്വാ യാത്രയുടെ ആദ്യ ദൗത്യം 2019 മാര്‍ച്ച്, ഏപ്രിലില്‍ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ രൂപഘടനയും വാഹനങ്ങളുടെ ചിത്രങ്ങളും ഗ്രാഫിക്‌സുകളും മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ്‌പെയ്‌സ് എക്‌സിന്റെ ഏറ്റവും ബിഗ് റോക്കറ്റ് ഫാല്‍ക്കണ്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടക്കുക. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണമാണ് വരും മാസങ്ങളില്‍ നടക്കാന്‍ പോകുന്നത്. ലോകം ഒന്നടങ്കം ആകാംക്ഷയോടെയാണ് മസ്‌കിന്റെ ഓരോ നീക്കവും വീക്ഷിക്കുന്നത്. ചൊവ്വാ ദൗത്യ പേടകങ്ങളുടെ ആദ്യ ചിത്രങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്വീറ്റ് ചെയ്തത്.

ചൊവ്വയിലേക്കുള്ളത് തിരിച്ചുവരവില്ലാത്ത യാത്രയാണ്. മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഭൂമിയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ചൊവ്വയിലെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ നിമിഷവും മരണം മുന്നിലുണ്ട്. എന്നാല്‍ മരിക്കാനുള്ള സാധ്യത ഏറെയാണെങ്കിലും ചൊവ്വാ ദൗത്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് എലോണ്‍ മസ്‌ക് പറഞ്ഞു. ‘ഞാന്‍ ചൊവ്വയില്‍ പോകുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. എവറസ്റ്റ് കീഴടക്കാന്‍ പോയിട്ടുള്ള നിരവധി പേര്‍ മരിച്ചിട്ടുണ്ട്. എന്നിട്ടും അവിടേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. വെല്ലുവിളികള്‍ നേരിട്ടാണ് അവരെല്ലാം എവറസ്റ്റിലെത്തുന്നത്. ഇതു പോലെ തന്നെയാണ് ചൊവ്വയിലേക്കുള്ള യാത്രയും. ചൊവ്വയില്‍ കാലുകുത്തുക എന്നത് എന്റെ ആഗ്രഹമാണ്’ – മസ്‌ക് പറഞ്ഞു.

‘ചൊവ്വാ യാത്ര വളരെ അപകടകരമാണ്. ഈ ദൗത്യം ബുദ്ധിമുട്ടേറിയതും അപകടകരവും ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യത ഏറെയുള്ളതുമാണ്’ ഇലോണ്‍ മസക് സമ്മതിക്കുന്നു. ഒരിക്കല്‍ ചൊവ്വയിലെത്തിപ്പെട്ടാലായിരിക്കും യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുക. അത്തരത്തില്‍ എത്തിപ്പെടുന്നവരായിരിക്കും ഭൂമിക്ക് പുറത്ത് മനുഷ്യന്റെ ആദ്യ കോളനി ആരംഭിക്കുക. മറ്റാരും അഭിമുഖീകരിക്കാത്ത വെല്ലുവിളികളായിരിക്കും അവര്‍ക്ക് നേരിടേണ്ടി വരിക. തിരിച്ചുവരവ് പ്രതീക്ഷയില്ലാത്ത, തികച്ചു ആത്മഹത്യാപരമായ യാത്രയാണിതെന്ന് പറയാം.

Image result for elon-musk-about-spacex-mars-space-colony

ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വയിലേക്ക് ഇപ്പോള്‍ തന്നെ ചരക്കു ഗതാഗതം തുടങ്ങുക എന്നതാണ് ഇലോണ്‍ മസ്‌കിന്റെ ആദ്യ സ്വപ്നം. ‘ആദ്യത്തെ ചൊവ്വാ ഗ്രഹാന്തര പേടകമാണ് ഞങ്ങള്‍ നിര്‍മിക്കുന്നത്. പേടകം തയാറാകുന്ന മുറയ്ക്ക് ചൊവ്വയോളം ദൂരമില്ലെങ്കിലും ചെറിയ പരീക്ഷണ യാത്രകള്‍ നടത്തും. അടുത്തവര്‍ഷം ആദ്യ പകുതിയോടെ തന്നെ ചൊവ്വാ പേടകം തയാറാകുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.

ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ രൂപഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്പേസ് എക്സിന്റെ ചൊവ്വാ ദൗത്യത്തിനായി ഉപയോഗിക്കുന്ന റോക്കറ്റാണ് ബിഗ് ഫാല്‍ക്കണ്‍ എക്സ്. ഏത് രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തുകയെന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസവും വിശദീകരിച്ചില്ല. അതേസമയം ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ രണ്ടാംഘട്ടം വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്നും മസ്‌ക് വ്യക്തമാക്കി.

Related image

ജാപ്പനീസ് കോടീശ്വരനും കലാസൃഷ്ടികള്‍ ശേഖരിക്കുന്നയാളുമായ യുസാകു മെസാവയായിരിക്കും ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിലെ ആദ്യ സഞ്ചാരിയെന്ന് സെപ്റ്റംബറില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. എട്ട് ചിത്രകാരന്മാര്‍ക്കൊപ്പമായിരിക്കും യുസാകു മെസാവ ബഹിരാകാശത്തെത്തുക. dearMoon എന്നാണ് ഒരാഴ്ച നീളുന്ന ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.

മസ്‌കിന്റെ ചൊവ്വാ ദൗത്യമെന്ന സ്വപ്നത്തിലെ പ്രധാന ഘടകമാണ് ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്. ഇതുപയോഗിച്ച് 2022ല്‍ മനുഷ്യനില്ലാത്ത ദൗത്യവും 2024ല്‍ മനുഷ്യര്‍ അടങ്ങുന്ന ചൊവ്വാദൗത്യവും നടത്താനാണ് മസ്‌കിന്റെ പദ്ധതി. മുന്‍ നിശ്ചയിച്ച പദ്ധതി പ്രകാരം 230 അടി ഉയരമുള്ള ബിഎഫ്ആറില്‍ (ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ്) മുകളിലായി 180 അടി നീളത്തിലായിരിക്കും ബഹിരാകാശ പേടകം ഘടിപ്പിക്കുക. 150 ടണ്‍ ചരക്കും നൂറ് യാത്രികരെ വരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതായിരിക്കും ഈ പേടകം. മസ്‌കിന്റെ ട്വീറ്റോടെ ഈ പദ്ധതിയില്‍ എന്തെല്ലാം മാറ്റം വരുമെന്ന് വ്യക്തമല്ല. 2024 ല്‍ 100 പേരെ കൊണ്ടുപോകാനായി സ്റ്റാര്‍ഷിപ്പാണ് സ്‌പെയ്‌സ് എക്‌സ് നിര്‍മിക്കുന്നത്.

ഭൂമിക്ക് ലഭ്യമാകുന്നത്ര ഇല്ലെങ്കിലും മനുഷ്യവാസത്തിനാവശ്യമായ സൂര്യപ്രകാശം ചൊവ്വയിലുണ്ട്. തണുപ്പ് പക്ഷേ കൂടുതലാണ്, ഇതിന് അന്തരീക്ഷം ചൂടാക്കിയെടുക്കാവുന്നതേയുള്ളൂ. നമുക്ക് ഉപയോഗപ്പെടുത്താവുന്ന തരം അന്തരീക്ഷമാണ് ചൊവ്വയിലുള്ളത്. തുടക്കത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും നൈട്രജനുമെല്ലാമായിരിക്കും ഏറെയെങ്കിലും അതിനെ ‘കംപ്രസ്’ ചെയ്‌തെടുത്താല്‍ ചെടികള്‍ വരെ വളര്‍ത്തിയെടുക്കാം. യാത്രയ്ക്കാവശ്യമായ ചെലവിനെപ്പറ്റിയും ഇലോണ്‍ പറയുന്നുണ്ട്.

Related image

ഒരാള്‍ക്ക് ചൊവ്വാ യാത്രയ്ക്ക് ഏകദേശം 10 ബില്യണ്‍ ഡോളര്‍. ഇത് അസാധ്യമാണെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കുന്നു. കൂടുതല്‍ ആള്‍ക്കാര്‍ വരുന്നതിനനുസരിച്ച് ചെലവു കുറയ്ക്കാമെന്നാണു വാഗ്ദാനം. മാത്രവുമല്ല നിര്‍മാണാവശ്യങ്ങള്‍ക്കായി ചൊവ്വയിലേക്ക് സാധനസാമഗ്രികള്‍ എത്തിക്കുന്നതിന്റെ ചെലവും താങ്ങാന്‍ സാധിക്കാത്തതാണ്. ഇതിനെല്ലാം ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. 115 ദിവസമാണ് ചൊവ്വയിലേക്ക് എത്തിച്ചേരുന്നതിനായി വേണ്ടി വരിക. സ്വയംപര്യാപ്തമായ ഒരു നഗരം ചൊവ്വയില്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ 10 ലക്ഷം പേരെങ്കിലും താമസിക്കാനുണ്ടാകണം. അത്തരമൊരു നഗരം സ്ഥാപിക്കാനാകട്ടെ 40 മുതല്‍ 100 വര്‍ഷം വരെയെടുക്കും. ഇതിന് തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയും ഇലോണിനുണ്ട്.

മുണ്ടക്കയത്ത് പ്രണയത്തിൽ നിന്നും പിന്മാറിയ കാമുകിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കാമുകനെയും സുഹൃത്തിനെയും കോടതി റിമാന്റ് ചെയ്തു.കഴിഞ്ഞ ക്രിസ്ത്മസ് ദിനത്തിൽ റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ യുവാവും സുഹൃത്തും തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ പെൺകുട്ടി അടുത്തുള്ള മുസ്ലിം പള്ളിയിലേക്ക് ഓടിക്കയറുകയായിരുന്നു. പൂട ബിനു എന്നറിയപ്പെടുന്ന ബിനു വിശ്വംഭരനും സുഹൃത്ത് മനു മോഹൻദാസും ചേർന്നാണ് പെൺകുട്ടിയെ മർദ്ദിച്ചത്.

ബിനുവും നെന്മേനി സ്വദേശിയായ പെൺകുട്ടിയും ദീർഘ കാലമായി പ്രണയത്തിലായിരുന്നു.എന്നാൽ വീട്ടുകാരുടെ താക്കേതിനെത്തുടർന്ന് പെൺകുട്ടി ഭാണ്ഡത്തിൽ നിന്നും പിന്മാറി.ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.തുടർന്ന് പെണ്കുട്ടിയുമായുള്ള ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുമായിരുന്നു.അതിന്റെ തുടർച്ചയെന്നോണമാണ് റോഡിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചത്. പെൺകുട്ടിയെ ഇവർ മർദ്ദിക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് ഇരുവരെയും പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

ഇവർ ഫോണിൽ ദൃശ്യങ്ങൾ എടുത്തിരുന്നു.ഇത് പ്രതികൾക്കെതിരെയുള്ള കൃത്യമായ തെളിവായി.അതേസമയം റിമാന്റിലായ പ്രതി ബിനു കൂട്ടിക്കൽ കെ എസ് ഇ ബി ഓഫീസിൽ അടിച്ചു തകർത്ത കേസിലും മറ്റ് അടിപിടി കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു

 

 

സംസ്ഥാനത്ത് പലയിടത്തും രൂക്ഷമായ കടലാക്രമണം. കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് യുവതിയെ കാണാതായി. കേരളതീരത്ത് മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരകളടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സമുദ്രനിരീക്ഷണകേന്ദ്രം അറിയിച്ചു. അതിനിടെ കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പൂഴിത്തോട് കല്ലുപറമ്പില്‍‌ ചിന്നമ്മ ‌ ഇടിമിന്നലേറ്റു മരിച്ചു.

ഇന്നുച്ചയ്ക്കാണ് മുനക്കല്‍ ബീച്ചില്‍ ശക്തമായ തിരയില്‍ നാലുപേര്‍ അകപ്പെട്ടത്. മൂന്നുപേരെ ലൈഫ് ഗാര്‍ഡ് രക്ഷപെടുത്തിയെങ്കിലും മാള അഷ്ടമിച്ചിറ സ്വദേശി അശ്വിനിയെ കണ്ടെത്താനായില്ല. അശ്വിനിക്കായി തിരച്ചില്‍ തുടരുകയാണ്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മുനക്കല്‍ നടന്നുവന്ന ബീച്ച് ഫെസ്റ്റില്‍ നിര്‍ത്തിവച്ചു. അസാധാരണമായ തിരയില്‍ തിരുവനന്തപുരത്ത് പലയിടത്തും വെളളം കയറി. അഞ്ചുതെങ്ങില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരത്ത് നാല് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.

ലൈറ്റ് ഹൗസ് തീരത്തെ പ്രത്യേക ഭാഗത്ത് അടിയൊഴുക്കു ശക്തം.ഒരാഴ്ചക്കിടെ തുടർച്ചയായ ദിവസങ്ങളിൽ ലൈഫ് ഗാർഡുകൾ രക്ഷിച്ചത് 15 സഞ്ചാരികളെ.ബീച്ചിന്റെ ഏതാണ്ട് മധ്യ ഭാഗത്തോടടുത്ത സ്ഥാനത്താണ് അപ്രതീക്ഷിത അടിയൊഴുക്കു പെട്ടെന്നുണ്ടാവുന്നതെന്ന് ലൈഫ് ഗാർഡുകൾ. അപായ സൂചനാ കൊടി നാട്ടുകയും സഞ്ചാരികൾക്കു മുന്നറിയിപ്പു നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ടെങ്കിലും ആരും അനുസരിക്കാറില്ലെന്നും ഇവർ പറഞ്ഞു.
ശാന്തമായ കടലിൽ പെട്ടെന്നു വരുന്ന അടിയൊഴുക്കാണ് ഈ ഭാഗത്ത് കുളിക്കുന്ന സഞ്ചാരികളെ ഉള്ളിലേക്കു വലിച്ചെടുക്കുന്നത്. എല്ലാവരെയും രക്ഷിക്കാനായത് ലൈഫ് ഗാർഡുകളുടെ നിതാന്ത ജാഗ്രത കാരണമാണ്.കരയിൽ നിന്നും വളരെ ദൂരെയായവരെ ലൈഫ് ഗാർഡുകൾ സാഹസികമായാണ് രക്ഷിച്ചത്. സർഫ് ക്ലബ് അംഗങ്ങളിൽ ചിലരും രക്ഷാ ദൗത്യത്തിൽ ലൈഫ് ഗാർഡുകളെ സഹായിച്ചു.

തിരയടിയേറ്റു വിദേശവനിതയുടെ കയ്യൊടിഞ്ഞു

കോവളം∙കടൽക്കുളിക്കിടെ തിരയടിയേറ്റു വിദേശ വനിതയുടെ കയ്യൊടിഞ്ഞു.ഇന്നലെ ഉച്ചക്ക് ലൈറ്റ് ഹൗസ് ബീച്ചിനും ഇടക്കല്ല് പാറക്കൂട്ടത്തിനും മധ്യേയുള്ള തീരത്തുണ്ടായ അപകടത്തിൽ അമേരിക്കയിൽ നിന്നുള്ള കരോളി(50)നിന്റെ വലതു കയ്യാണു പൊട്ടിയത്. ഭർത്താവ് ഗ്യാരിറിച്ചാർഡ്സണൊപ്പം കുളിക്കവെ പെട്ടെന്നായിരുന്നു തിരയടിയുണ്ടായതെന്നു ലൈഫ് ഗാർഡുകൾ പറഞ്ഞു.തിരതൂക്കിയെറിയവെ വലതുകൈ തറയിൽ ഇടിച്ചാണു പൊട്ടലെന്നും അവർ പറഞ്ഞു. ടൂറിസം പൊലീസും ലൈഫ് ഗാർഡുകളും ചേർന്നു രക്ഷാപ്രവർത്തനം നടത്തി.108 ആംബുലൻസിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കൊല്ലം ഇരവിപുരത്ത് കടലാക്രമണത്തില്‍ റോഡ് തകര്‍ന്നതോടെ കൊല്ലം-പരവൂര്‍ തീരദേശപാത അടച്ചു. കുരിശുംമൂട്, ഇരവിപുരം എന്നിവിടങ്ങളിലാണ് റോഡ് തകർന്നത്. കണ്ണൂരിലും ശക്തമായ തിരയില്‍ മുഴുപ്പിലങ്ങാടി ബീച്ച് ഫെസ്റ്റിവലിന്റെ ചുറ്റുവേലി തകര്‍ന്നു. പൊന്നാനിയിലും ശക്തമായ തിരയുണ്ട്. നാളെ രാത്രിവരെ സ്ഥിതി മാറ്റമില്ലാതെ തുടരുമെന്ന് സമുദ്ര നിരീക്ഷണകേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്ക് പുറമെ കടല്‍ത്തീരങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്.

മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകനിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഒപ്പം ആക്ഷന്‍ കൊറിയോഗ്രഫി ചെയ്ത പീറ്റര്‍ ഹെയ്നും ഇതു തന്നെയായിരുന്നു പറഞ്ഞിരുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്റ്റണ്ട്മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌ന്‍ സിനിമ സംവിധാനം ചെയ്യുന്നു.മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയനിലും സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത് പീറ്ററാണ്.

സംവിധായകന്‍ ആകണമെന്നും മോഹന്‍ലാലിനെ നായകനാക്കി ഒരു ഡ്രീം പ്രൊജക്റ്റ് മനസില്‍ ഉണ്ടെന്നും കഴിഞ്ഞ വര്‍ഷം പീറ്റര്‍ ഹെയ്ന്‍ ഒരു പ്രമുഖ വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക് പേജില്‍ ഒരു ആരാധകനു നല്‍കിയ മറുപടിയിലും പീറ്റര്‍ ഹെയ്ന്‍ അത് സൂചിപ്പിക്കുന്നു.

ലാലേട്ടനെ വെച്ച്‌ സിനിമയൊരുക്കുമോ എന്ന ചോദ്യത്തിന് അതൊരു സര്‍പ്രൈസ് ആയി ഇരിക്കട്ടെ എന്ന മറുപടിയാണ് പീറ്റര്‍ ഹെയ്ന്‍ നല്‍കിയത്.

മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് പരിക്കേറ്റു. പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന പണമടങ്ങുന്ന പേഴ്സ് തട്ടിയെടുക്കുകയും ചെയ്തു.

കുറ്റിപ്പുറം സ്വദേശിനിയായ നീലാഞ്ജനയാണ് ആക്രമിക്കപ്പെട്ടത്. ബലമായി പിടിച്ചു വലിച്ച് കാറില്‍ കയറ്റുകയായിരുന്നെന്നും പണവും മൊബൈലും തട്ടിയെടുത്ത ശേഷം കാറിനു പുറത്തേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നെന്നും നീലാഞ്ജന പറയുന്നു. നീലാഞ്ജനയുടെ കൈക്കും കാലിനും പരിക്കുണ്ട്.ട്രാന്‍സ്ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകയും സംഘടനാംഗവുമായ വിജി റഹ്മാനാണ് സംഭവസ്ഥലത്തെത്തി നീലാഞ്ജനയെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തെക്കുറിച്ച് നീലാഞ്ജന പറയുന്നതിങ്ങനെ:

കുറ്റിപ്പുറത്ത് ട്രാഫിക് സിഗ്‌നലിനടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് മൂന്നു പേര്‍ ഒരു വെള്ള ഓള്‍ട്ടോ കാറിലെത്തി കയറാനാവശ്യപ്പെട്ടത്. കണ്ടപ്പോള്‍ തന്നെ പന്തികേട് തോന്നി ഞാന്‍ പല തവണ ഒഴിഞ്ഞുമാറി. പക്ഷേ അവരെന്നെ കാറിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നു. എന്റെ കൈയില്‍ 4800 രൂപയുണ്ടായിരുന്നു. ചെറിയച്ഛനു സുഖമില്ലാത്തതിനാല്‍ ആശുപത്രിയാവശ്യങ്ങള്‍ക്കായി പിറ്റേ ദിവസം എത്തിക്കാനുള്ള പണമായിരുന്നു.

ഈ 4800 രൂപയും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് വാങ്ങിച്ചതിനു ശേഷം കാറില്‍ നിന്നും തള്ളിപ്പുറത്തിടാന്‍ നോക്കി. കാറിന്റെ ഡോറാണ് എന്റെ കൈയില്‍ കിട്ടിയത്. ഡോറില്‍ ഞാന്‍ മുറുക്കെ പിടിച്ചപ്പോള്‍ ശരീരമാകെ റോഡിലുരഞ്ഞ് പരിക്കുപറ്റി. ഒരൂപാടു ദൂരം ആ അവസ്ഥയില്‍ എന്നെ വലിച്ചിഴച്ചു കൊണ്ട് വളരെ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചത്. അതിനു ശേഷം ഞാന്‍ പുറത്തേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. കാറില്‍ നിന്നും ഞാന്‍ പുറത്തേക്ക് വീഴുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിയെത്തി. അപ്പോഴേക്കും അവര്‍ കാര്‍ നിര്‍ത്താതെ പോയിക്കഴിഞ്ഞിരുന്നു.

അപ്പോഴും ഓടിക്കൂടിയ ആളുകളാരും എന്നെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. വിജി റഹ്മാനെത്തിയ ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അതിനു ശേഷം കുറ്റിപ്പുറം സ്റ്റേഷനില്‍ പോയി പരാതിയും കൊടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ടു നീങ്ങുക തന്നെ ചെയ്യും. ഇന്ന് എനിക്ക് സംഭവിച്ചത് നാളെ ട്രാന്‍സായ മറ്റൊരാള്‍ക്ക് സംഭവിച്ചുകൂടെന്നില്ലല്ലോ. ഞങ്ങള്‍ക്കും ജീവിക്കണ്ടേ? എന്നും നീലാഞ്ജന ചോദിക്കുന്നു.

ചുരുങ്ങിയ കാലത്തിനിടയില്‍ മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് വിജി റഹ്മാന്‍ പറയുന്നു. നേരത്തേ കോട്ടയ്ക്കലും സമാനമായ സംഭവം നടന്നിരുന്നു.

 

തിരുവനന്തപുരം: ബിജെപിയെ ഭയന്ന് കഴിയാൻ ബിഡിജെഎസിനെ കിട്ടില്ലെന്ന് വെളളാപ്പളളി നടേശന്‍. തുഷാറും ഭാര്യയുമടക്കം ബിഡിജെഎസ് പ്രവർത്തകർ വനിതാ മതിലിൽ പങ്കെടുക്കും. വനിതാ മതിലിനെതിരെ എൻഡിഎ എന്ന പേരിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുന്നണി പൊതുതീരുമാനമെടുക്കാത്ത പക്ഷം ബിജെപിയുടെ നിലപാടല്ല വനിതാ മതിലിൽ ബിഡിജെഎസിനുണ്ടാവുക എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മുൻപൊന്നും ഇല്ലാത്ത വിധം ബിജെപി ആരോപണങ്ങളുന്നയിച്ച് വേട്ടയാടുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുകയാണെന്നും വെളളാപ്പളളി ആരോപിച്ചു. ഇങ്ങനെ ആണെങ്കിൽ 100 വർഷം കഴിഞ്ഞാലും ബി ജെ പി അധികാരത്തിലെത്തില്ല. പണപ്പിരിവും ഗ്രൂപ്പിസവും മാത്രമാണ് കേരളത്തിലെ ബിജെപിയില്‍ നടക്കുന്നത്. കേരളത്തില്‍ എന്‍ഡിഎ എന്നൊന്നില്ല, വല്ലപ്പോഴും ഒരു മീറ്റിംഗ് നടന്നാലായിയെന്നും വെളളാപ്പളളി പരിഹസിച്ചു.

ഓണ്‍ലൈന്‍ തട്ടിപ്പ് തുടരുന്നു.റിട്ട.സർക്കാർ ഉദ്യോഗസ്ഥന്റെ പെൻഷൻ തുക അടക്കം രണ്ടു ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയിരിക്കുന്നത്. വ്യാജ ഫോൺ കോളിലൂടെ റിസര്‍വ് ബാങ്കിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ആറു ദിവസങ്ങള്‍ക്കു മുന്‍പു നടന്ന തട്ടിപ്പിനെക്കുറിച്ച് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.പ്രാഥമിക അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തുന്ന സംഘമാണ് ഈ സംഭവത്തിനു പിന്നിലെന്നു ബോധ്യപ്പെട്ടതായി സൈബര്‍ സെല്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 22ന് ഉച്ചയ്ക്കാണ് സംഭവം. കോട്ടയം തിരുവാറ്റയിലെ ഇറിഗേഷന്‍ വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പി.കെ.ഏബ്രഹാമിനു ആണ് പണം നഷ്ടമായത്. മൂന്നു മണിയോടെ റിസര്‍വ് ബാങ്കില്‍ നിന്ന് സുബ്രഹ്മണ്യനാണെന്നു പരിചയപ്പെടുത്തിയ ഫോണ്‍ കോളെത്തി. മുന്‍പു നിരവധി തവണ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് അധികൃതര്‍ വിളിക്കാറുള്ളതിനാല്‍ ഏബ്രഹാമിന് ആ ഫോണ്‍ കോളില്‍ സംശയം തോന്നിയില്ല. എത്ര എടിഎം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്നും കാര്‍ഡുകള്‍ നിലവില്‍ ബ്ലോക്കാണെന്നും പറഞ്ഞാണു തട്ടിപ്പുകാരന്‍ വിശ്വാസം ആര്‍ജിച്ചത്.

ഫോണ്‍ ഭാര്യ ഓമനയെ ഏല്‍പ്പിച്ചതോടെ എടിഎം കാര്‍ഡ് നമ്പര്‍, സിവിവി, എക്‌സ്പയറി ഡേറ്റ് തുടങ്ങിയ വിവരങ്ങളും തട്ടിപ്പുകാ!ര്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ ഈ സംഘം ഫോണിലേക്കയച്ച ചില വ്യാജ സന്ദേശങ്ങള്‍ തിരികെ അയച്ചു തരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഫോണിലെത്തിയ ബാങ്ക് ഇടപാടിനുള്ള വണ്‍ ടൈം പാസ് വേര്‍ഡും (ഒടിപി) ഇതേ രീതിയില്‍ തിരികെ വാങ്ങിയ സംഘം പല തവണയായി 1.84 ലക്ഷം രൂപ മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്നായി കവര്‍ന്നു. പെന്‍ഷന്‍ ലഭിച്ച തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കുകയായിരുന്നു.

റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഹൃദ്രോഗിയായ ഒരു വയസ്സുകാരി മരിച്ചു. ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചില്‍ സീറ്റ് കിട്ടാതെയും കൃത്യസമയത്തു ചികിത്സ ലഭിക്കാതെയും മാതാവിന്റെ മടിയില്‍ കിടന്നാണ് കുഞ്ഞ് മരിച്ചത്. കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍ സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്. സീറ്റിനും കുഞ്ഞിന് വൈദ്യ സഹായത്തിനും വേണ്ടി മാതാവ് അഭ്യര്‍ത്ഥിച്ചെങ്കിലും റെയില്‍വേ ജീവനക്കാര്‍ അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. സ്ലീപ്പര്‍ കോച്ചില്‍ നിന്ന് അടുത്ത കോച്ചിലേക്ക് മാറണമെന്നാവശ്യപ്പെട്ട് ഓരോ സ്‌റ്റേഷനിലേക്കും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിടുകയായിരുന്നു.

ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയ മംഗലാപുരം തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണു സംഭവം. കണ്ണൂരില്‍നിന്നു കയറിയതായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. ട്രെയിന്‍ കുറ്റിപ്പുറം എത്തുമ്പോഴേക്കും പനി കൂടി കുട്ടി തളര്‍ന്നുപോവുകയായിരുന്നു. ഇതേതുടര്‍ന്ന്, യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദ്രോഗിയായ മറിയം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ആണ് ചികിത്സ തേടുന്നത്. മൂന്നു മാസം മുന്‍പ് കുട്ടിക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോള്‍ ഇരിക്കൂര്‍ ഉള്ള ഡോക്ടറെ കാണിച്ചുവെങ്കിലും ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ രാത്രി ഇവര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.

ജനറല്‍ ടിക്കറ്റാണു ഇവര്‍ക്ക് ലഭിച്ചത്. തിരക്കേറിയ ബോഗിയില്‍ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാല്‍ സുമയ്യയും ഷമീറും സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍ ഇവര്‍ക്ക് ആരും സീറ്റ് നല്‍കിയില്ല. കൂടാതെ ടിക്കറ്റ് പരിശോധകര്‍ ഓരോ കോച്ചില്‍നിന്നും ഇവരെഇറക്കിവിട്ടതായി ഇവര്‍ ആരോപിച്ചു. തുടര്‍ന്ന് സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി.

കുറ്റിപ്പുറത്തെത്താനായപ്പോഴാണ് കുട്ടിയുടെ അവസ്ഥ വളരെ ദയനീയമായത്. ഇത് കണ്ട സഹയാത്രികരാണ് ചങ്ങല വലിച്ചുനിര്‍ത്തിയത്. ആര്‍പിഎഫ് അംഗങ്ങള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെത്തി ഷമീറിനെ വിവരമറിയിച്ച് കുട്ടിയെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. ചികിത്സ തേടുന്നതിന് മുമ്പേ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പുതവര്‍ഷത്തിനപ്പുറവും ഭരണപ്രതിസന്ധി തുടരുമെന്ന ആശങ്കയില്‍ അമേരിക്ക. സാമ്പത്തിക അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഒന്‍പത് പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചു. 8 ലക്ഷത്തിലേറെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രശ്നങ്ങള്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്നതില്‍ ഒരു ഉറപ്പും നല്‍കാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.

ക്രിസ്മസ് കഴിഞ്ഞു പുതവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് അമേരിക്ക. എന്നാല്‍ ഭരണസ്തംഭനം രാജ്യത്തെ പലമേഖലകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നു. ആഭ്യന്തര സുരക്ഷ വിഭാഗം, നീതി ന്യായ വിഭാഗം കൃഷി വിഭാഗം തുടങ്ങി 9 പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ജോലി നഷ്ടമാകുമോ അല്ലെങ്കില്‍ ശമ്പളം മുടങ്ങുമോ എന്ന ആശങ്കയിലാണ് എട്ട് ലക്ഷത്തിലേറെ ജീവനക്കാര്‍.

ഇതൊക്കെയാണെങ്കിലും മെക്സിക്കോ അതിര്‍ത്തില്‍ മതില്‍ക്കെട്ടുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകാണ്. പ്രസിഡന്റ് ട്രംപ്. ഡെമോക്രാറ്റുകളുടെ പിടിവാശിയാണ് എല്ലാത്തിനും കാരണമെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തുന്നു.

മുംബൈയില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരുകുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുമരണം. രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല.
മുംബൈ ചെമ്പൂര്‍ തിലക് നഗറിലെ 15 നില ഫ്ലാറ്റ് സമ്മുച്ചയത്തിന്റെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് ആദ്യം തീ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് മുകളിലെ രണ്ട് നിലകളിലേക്കും തീ വ്യാപിച്ചു. എന്നാൽ, കെട്ടിടത്തിൽ കുടുങ്ങിയവരെ ഉടൻ പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻദുരന്തം വഴിമാറി. അഞ്ച് അഗ്നിശമന യൂണിറ്റുകൾ രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മരിച്ച അഞ്ചു പേരില്‍ നാലും സ്ത്രീകളാണ്. ഇവരെ ആശുപത്രയിലെത്തിക്കുന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നു. സുനിതാ ജോഷി, സരള സുരേഷ്, സുമന്‍ ശ്രീനിവാസ്, ലക്ഷ്മി ബെന്‍ പ്രേംജി, ബാലചന്ദ്ര ജോഷി എന്നിവരാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമനാ ഉദ്യോഗസ്ഥനും, രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയസമീപവാസിയായ ഒരാള്‍ക്കും പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാലുദിവസത്തിനിടയ്ക്ക് നാലാം തവണയാണ് മുംബൈയില്‍ തീപിടിത്തമുണ്ടകുന്നത്.

RECENT POSTS
Copyright © . All rights reserved