അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ശക്തം. ലണ്ടന്‍, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ തെരുവുകളെല്ലാം പ്രക്ഷോഭകാരികളാൽ നിറഞ്ഞു.
പ്രസിഡന്റ് ആയതിനുശേഷം ആദ്യമായാണ് ട്രംപ് യുകെയിലെത്തുന്നത്. ട്രംപിനെതിരെ ചരിത്രത്തിലെ തന്നെ ശക്തമായ പ്രതിഷേധങ്ങളിലൊന്നാണ് ബ്രിട്ടീഷ് തെരുവുകളില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് നാലുദിവസത്തെ യുകെ സന്ദര്‍ശനത്തിന് എത്തിയത്.
ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതും പ്രതിഷേധത്തിന് ശക്തികൂട്ടി. ഇത് കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അമ്മ സംഘടനയില്‍ ദിലീപിനെ തിരിച്ചു എടുക്കുന്നതുമായി ബന്ധപെട്ടു മോഹന്‍ലാല്‍ നടത്തിയ പത്ര സമ്മേളനത്തിനെതിരെ ജോയ് മാത്യു രംഗത്ത് .ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉണ്ടായിരുന്നു എന്ന മോഹന്‍ലാലിന്റെ വാദം തെറ്റാണെന്നു ജോയ് മാത്യു വെളിപ്പെടുത്തി .
നേരത്തെ വനിതാ സംഘടനയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പത്ര സമ്മേളനത്തിന് മോഹന്‍ലാല്‍ പറഞ്ഞ പല കാര്യങ്ങളും അക്കമിട്ട് പറഞ്ഞ് കുറ്റപ്പെടുത്തിയാണ് വനിതാ കൂട്ടായ്മ പ്രതികരിച്ചത്. വാര്‍ത്ത സമ്മേളനത്തില്‍ പറയുന്ന ഗൗരവമേറിയ കാര്യങ്ങള്‍ അബദ്ധം പറ്റുന്നത് സംഭവിച്ചു കൂടാത്തതാണെന്നും ജോയ് മാത്യൂവിന്റെ കത്തില്‍ പറയുന്നു .
കൂടാതെ കഴിഞ്ഞ ജനറല്‍ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ചു നോക്കാനും പറയുന്നു. ദിലീപിന് എതിരായി ഒന്നും തന്നെ പ്രസ്തുത അജണ്ടയില്‍ ഇല്ല എന്നത് എഴുത്തും വായനയും അറിയാത്ത ഏതൊരാള്‍ക്കും മനസിലാകും (എനിക്ക് പോലും മനസിലായി ) എന്നും കത്തില്‍ പറയുന്നു. അമ്മ അംഗങ്ങളുടെ ഇമെയിയില്‍ അയച്ച കത്തിലാണ് മോഹന്‍ലാലിനെതിരെ ഉള്ള രൂക്ഷ വിമര്‍ശനം
ജോയ് മാത്യുവിന്റെ കത്ത് വായിക്കാം–
ബഹുമാനപ്പെട്ട പ്രസിഡന്റ് ,കൂടെയുള്ള ജനറൽ സെക്രട്ടറി തുടങ്ങിയവരും സംഘടനയിലെ അംഗങ്ങളും അറിയുവാൻ, കഴിഞ്ഞദിവസം പ്രസിഡന്റ് ശ്രീ മോഹൻലാൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് കാണുവാനും പിന്നീട് കേൾക്കുവാനും ഇടവന്നു.
സംഘടനയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മാധ്യമങ്ങളെ കാണുവാൻ കാണിച്ച താല്പര്യത്തിനും കഴിഞ്ഞ ജനറൽ ബോഡിയിൽ മാധ്യമങ്ങളെ അകറ്റി നിർത്തിയതിനും ക്ഷമചോദിച്ചതും അന്തസ്സായി. എന്നാൽ വാർത്താസമ്മേളനങ്ങളിൽ പറയുന്ന കാര്യങ്ങളിൽ അബദ്ധങ്ങൾ ,അതും ഗൗരവപ്പെട്ട വിഷയം അവതരിപ്പിക്കുമ്പോൾ സംഭവിച്ചു കൂടാത്തതാണ് എന്ന് ഓർമിപ്പിക്കുവാനാണ് ഈ എഴുത്ത്.
സംഘടനയിലെ ഒരംഗം കൂടിയായ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപ് എന്ന അംഗത്തെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യം കഴിഞ്ഞ ജനറൽ ബോഡിൽ അവതരിപ്പിക്കേണ്ട അജണ്ടയിൽ ഉണ്ടായിരുന്നുവെന്നും അംഗങ്ങൾ ആരും അതേപറ്റി സംസാരിക്കാൻ തയാറായില്ല എന്നും പറയുന്നത് കേട്ടു . അത് തെറ്റല്ലേ സാർ ?
പ്രസിഡന്റ് കഴിഞ്ഞ ജനറൽ ബോഡിയുടെ അജണ്ട ഒന്നുകൂടി വായിച്ച് നോക്കുവാൻ അപേക്ഷിക്കുന്നു. പ്രസ്തുത അജണ്ടയിൽ (കാര്യപരിപാടി എന്നും പറയാം ) ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരാമർശം പോലും ഇല്ലെന്നു എഴുത്തും വായനയും അറിയാത്തവർക്ക് പോലും മനസിലാകും. (എനിക്ക് പോലും മനസ്സിലായി!)
അങ്ങനെ വരുമ്പോൾ പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്നു വരുന്നു. (നുണ എന്ന് ഞാൻ പറയില്ല , കരുതിക്കൂട്ടി പറയുന്നതാണല്ലോ നുണ ). അതുകൊണ്ട് സംഘടനക്ക് കുഴപ്പമൊന്നുമില്ലായിരിക്കാം. പക്ഷെ പ്രസ്തുത വിഷയം അജണ്ടയിൽ ഉണ്ടായിട്ടും ഒരു അംഗം പോലും പ്രതികരിച്ചില്ല എന്ന് പറയുമ്പോൾ അത് സംഘടനയിലെ അംഗങ്ങൾ എല്ലാം ഒരു പോലെ ചിന്തിക്കുന്ന, പ്രതികരണ ശേഷിയില്ലാത്തവരാണ് എന്ന് കരുതരുത് അത് പ്രതികരണശേഷി ഇനിയും മരിച്ചിട്ടില്ലാത്ത അംഗങ്ങളെ അപമാനിക്കലല്ലേ സാർ.
അജണ്ടയിൽ ഇല്ലാത്ത വിഷയം ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞത് അറിയാതെ സംഭവിച്ചുപോയ ഒരു അബദ്ധം ആണെന്ന് ഞാൻ വിശ്വസിക്കാൻ ശ്രമിക്കട്ടെ. അടുത്ത വാർത്താസമ്മേളനത്തിലെങ്കിലും ഈ അബദ്ധം തിരുത്തണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു. മറുപടി അയയ്ക്കുക എന്നൊരു കീഴ്‌വഴക്കം നമ്മുടെ സംഘടനക്ക് ഇല്ലാത്തതുകൊണ്ട് ആ സങ്കൽപം കിഴുക്കാം തൂക്കായിത്തന്നെ നിൽക്കട്ടെ.
ബഹുമാനം (ഒട്ടും കുറക്കാതെ)
ജോയ് മാത്യു, ഒരു ക്ലാസ്സ് ഫോർ അംഗം.
.
ഓര്‍ത്തഡോക്‌സ് സഭയിലെ വൈദീകര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദീകന്‍ കൂടി പിടിയില്‍. കേസിലെ മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യുവാണ് പിടിയിലായത്. വൈദീകന്‍ കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള വീടിന് സമീപത്തു നിന്നും വൈദീകനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കേസ്. കേസില്‍ നാലു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.
കാറിനുള്ളില്‍ വച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തെന്നാണ് പരാതി. കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി വൈദീകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഫാ സോണി വര്‍ഗീസ്, ഫാ ജോബ് മാത്യു,ഫാ ജോര്‍ജ് എന്നിവരോട് കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വൈദീകരെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
വൈദീകരുടെ ബന്ധുക്കളുടേയും അഭിഭാഷകരുടേയും ഫോണ്‍ കോളുകള്‍ നിരീക്ഷണത്തിലാണ്. സഭ ഇവരെ സഹായിക്കാന്‍ തയ്യാറല്ല. 1999 ല്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് ഒന്നാം പ്രതി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. പിന്നീട് കുമ്പരാസ വിവരത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി മറ്റു പ്രതികളും പീഡിപ്പിച്ചു. ചിത്രം മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത് .
ശശി തരൂര്‍ നടത്തിയ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി കേസെടുത്തു. അടുത്തമാസം 14ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. പ്രസ്താവനയില്‍ രാജ്യമാകെ വിവാദം കത്തിപ്പടരുന്നതിനിടെയാണ് കേസ്. നിലപാടില്‍ മാറ്റമില്ലെന്ന് ശശി തരൂര്‍
തന്‍റെ ഹിന്ദു പാക്കിസ്ഥാന്‍ പ്രയോഗത്തില്‍ നിന്ന് ഒരുവാക്കുപോലും പിന്‍വലിക്കില്ലെന്നായിരുന്നു ശശിതരൂരിന്‍റെ വാദം. തന്‍റെ പരാമര്‍ശം കോണ്‍ഗ്രസ് പാര്‍ട്ടി കേള്‍ക്കണമെന്നും ചര്‍ച്ചചെയ്യണമെന്നും ശശി തരൂര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ബി.ജെ.പി. വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ക്ലേവ് വേദിയില്‍ ശശി തരൂരും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഏറ്റുമുട്ടുകയും ചെയ്തു.
ബി.ജെ.പിയെക്കുറിച്ച് ഇന്നലെ പറഞ്ഞുനിര്‍ത്തിയേടത്തു നിന്ന് തുടരുകയായിരുന്നു ശശിതരൂര്‍ കോണ്‍ക്ലേവ് വേദിയില്‍. സിഖ് വിരുദ്ധ കലാപവും അടിയന്തരാവസ്ഥയും ഉന്നയിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതിരോധിച്ചതോടെ ചര്‍ച്ചയ്ക്ക് തീപിടിച്ചു.
ഒടുവില്‍ മോഡറേറ്റര്‍ ശേഖര്‍ ഗുപ്തയ്ക്ക് ഇടപെടേണ്ടിവന്നു. ഹിന്ദുരാഷ്ട്രം കൊണ്ടുവന്നാല്‍ ഇന്ത്യ പാക്കിസ്ഥാന്‍റെ ഹിന്ദു പതിപ്പാകുമെന്ന് കോണ്‍ക്ലേവ് വേദിക്കു പുറത്ത് ശശിതരൂര്‍ പ്രതികരിച്ചു. നാം ആക്ഷേപിക്കുന്ന രാജ്യത്തേപ്പോലെയാകാന്‍ നാം ശ്രമിക്കുന്നതെന്തിനാണ്. താന്‍ ഉന്നയിച്ച വിഷയം കോണ്‍ഗ്രസ് പാര്‍ട്ടി ചര്‍ച്ചചെയ്യണം. പാര്‍ട്ടിയില്‍ പലരും തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയവും അറസ്റ്റിലായി. ക്യാന്‍സര്‍ രോഗിയായ ഭാര്യയെ ലണ്ടനില്‍ സന്ദര്‍ശിച്ച ശേഷം ലാഹോറിലെത്തിയപ്പോഴാണ് ഇരുവരെയും നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഈ സമയം വിദേശത്തായിരുന്നു ഇവര്‍ തിരികെയെത്തിയതോടെയാണ് പിടിയിലായത്.
അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ട് വര്‍ഷവുമാണ് തടവ്ശിക്ഷ വിധിച്ചിട്ടുള്ളത്. കേസില്‍ ഇരുവരും അപ്പീല്‍ പോകാനാണ് സാധ്യത. ഇരുവരെയും ജയിലിലേക്ക് ഉടന്‍ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും സൂചനകളുണ്ട്. അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ തങ്ങള്‍ നിരപരാധികളാണെന്ന് നേരത്തെ ഷെരീഫ് വ്യക്തമാക്കിയിരുന്നു.
കേസിന്റെ വിധി പറയുന്ന സമയത്ത് ഇരുവരും ലണ്ടനിലായിരുന്നു. ഉടന്‍ തന്നെ രാജ്യത്തേക്ക് മടങ്ങി വരണമെന്ന് കോടതി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ആഗോള തലത്തിലുള്ള ഇടപെടലുണ്ടാകണെമെന്ന് ഷെരീഫ് അനുകൂലികള്‍ പറഞ്ഞു. അറസ്റ്റിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. ലണ്ടനില്‍ വാങ്ങിച്ച നാല് ആഢംബര ഫ്‌ലാറ്റുകള്‍ക്ക് ആവശ്യമായി പണം ലഭിച്ച സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാതെ വന്നതാണ് ഷെരീഫിന് വിനയായത്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന മദര്‍ സുപ്പീരിയറിന്റെ കത്ത് പുറത്ത്. ഇതോടെ ബിഷപ്പിനെതിരായ കേസില്‍ മദര്‍ സുപ്പീരിയറെ ചോദ്യം ചെയ്യും. അവര്‍ക്കെതിരേ കേസെടുക്കുന്നതും ആലോചനയിലുണ്ട്. ബിഷപ്പ് പീഡിപ്പിച്ചെന്നു പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരിയായ കന്യാസ്ത്രീ മദര്‍ സുപ്പീരിയര്‍ക്കു നല്‍കിയ പരാതിക്കുള്ള മറുപടിക്കത്തിലാണ് ബിഷപ്പിനെതിരായ ആരോപണം അറിഞ്ഞിരുന്നുവെന്ന് സൂചിപ്പിച്ചിരിക്കുന്നത്.ഇതിന്റെ പകര്‍പ്പ് ഒരു പ്രമുഖ മാധ്യമത്തിന് ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 23-നാണ് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്കു കത്തയച്ചത്. മേയ് അഞ്ചിനു നല്‍കിയ മറുപടിയിലാണ് ബിഷപ്പുമായുള്ള കന്യാസ്തീയുടെ പ്രശ്‌നങ്ങള്‍ അറിയാമെന്നു പറഞ്ഞിരിക്കുന്നത്.
ബിഷപ്പുമായി കന്യാസ്ത്രീക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നു മനസിലാക്കുന്നു. എന്നാല്‍ എങ്ങനെയാണ് ഒരു ബിഷപ്പിനെതിരേ നടപടി സ്വീകരിക്കാന്‍ നമുക്കു കഴിയുക. നമ്മുടെ സഭയുടെ നിലനില്‍പ്പിന് ബിഷപ്പിന്റെ പിന്തുണ ആവശ്യമാണ്.വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കണം. സഭയുടെ പേരിനു കളങ്കമുണ്ടാക്കുന്ന സമീപനം കന്യാസ്ത്രീയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മദറിന്റെ കത്തിലുണ്ട്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്ക് അയച്ച കത്തില്‍ ബിഷപ്പിനെതിരേ അതിരൂക്ഷമായ പരാമര്‍ശങ്ങളാണുള്ളത്. ബിഷപ്പിന്റെ ഓരോ ഇടപെടലിലും മദറിന്റെ മൗനസമ്മതം ഉണ്ടായിരുന്നുവെന്നാണ് കത്തിലെ ഒരു പരാമര്‍ശം. നിരവധി കന്യാസ്ത്രീകളുടെ പരീക്ഷ മുടക്കുന്ന സാഹചര്യം വരെ ഉണ്ടായി.
കന്യാസ്ത്രീകളുടെ തിരുവസ്ത്രം ഊരിക്കുമെന്ന് ബിഷപ്പ് ഭീഷണി മുഴക്കി. ആരോപണങ്ങളുടെ പേരില്‍ നിങ്ങളുടെ മുന്നില്‍ നഗ്നതാ പരിശോധനയ്ക്കു വരെ തന്റെ സഹോദരിക്കു നില്‍ക്കേണ്ടിവന്നു. ഇങ്ങനെയൊരു സാഹചര്യം ഒരു കന്യാസ്ത്രീക്കു നേരിടേണ്ടിവന്നത് എത്രയേറെ വേദനാജനകമാണെന്ന് ഓര്‍ക്കുമല്ലോ എന്നാണ് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്കുളള കത്തില്‍ ചോദിച്ചിരിക്കുന്നത്. തന്റെ സഹോദരിയും ബിഷപ്പുമായി തെറ്റിയെന്നു മനസിലാക്കി നിങ്ങള്‍ ഗൂഢനീക്കം നടത്തുകയാണെന്നും കത്തിലുണ്ട്.ജലന്ധര്‍ രൂപതയുടെ കീഴില്‍ കണ്ണൂരില്‍ പരിയാരത്തും പരവൂരിലുമുള്ള മഠങ്ങളില്‍ ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. കുറവിലങ്ങാട്ടെ മഠത്തില്‍ 13 തവണ വന്ന കാലഘട്ടതില്‍ ഈ മഠങ്ങളില്‍ ബിഷപ് ഫ്രാങ്കോ നാലു തവണയേ ചെന്നിട്ടുള്ളുവെന്ന് കണ്ടെത്തി.
ഈ സന്ദര്‍ശന വേളയില്‍ മഠത്തില്‍ താമസിച്ചതിനു രേഖയില്ല. കണ്ണൂര്‍ പരിയാരം ആയുര്‍വേദ ആശുപത്രിക്കു പിന്‍വശ ത്തുള്ള മീഷനറീസ് ഓഫ് ജീസസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ വെകുന്നേരം മൂന്നുമണിയോടെ സംഘം പരിശോധനയ്‌ക്കെത്തിയത്.കോട്ടയം കുറവിലങ്ങാട്, കണ്ണൂര്‍ പരിയാരം, മാതമംഗലം എന്നിവിടങ്ങളി ലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങള്‍.കന്യാസ്ത്രീയുടെ പരാതിയില്‍ കണ്ണൂരിലെ മഠങ്ങളെക്കുറിച്ച് പറയുന്നില്ലെങ്കിലും ബിഷപ് കേരളത്തില്‍ എത്തുമ്ബോള്‍ ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നോ എന്നാണ് അന്വേഷിച്ചത്. ഇവിടെയുള്ള അന്തേവാസികളുടെ മൊഴിയെടുത്തു. രേഖകള്‍ പരിശോധിച്ചു.
കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറുവിലങ്ങാടിനു പുറത്ത് എവിടെങ്കിലും താമസിച്ചിട്ടുണ്ടൊ എന്നു പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജലന്ധര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു മഠങ്ങളില്‍ പരിശോധന നടത്തിയത്. സഭ വിട്ടുപോയ ഒരു കന്യാസ്ത്രീയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ബിഷപ്പിന് എതിരായാണ് ഇവര്‍ മൊഴി നല്‍കിയതെന്ന് അറിയുന്നു. സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ പോലീസ് ഭോപ്പാലിനു പോയേക്കും.
മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് തമിഴ്നാട് സ്വദേശിയുടേത്. അബുദാബിയിൽ നിന്ന് ഇന്നലെ രാത്രി എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ വയനാട് അമ്പലവയൽ നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ (29) മൃതദേഹമാണ് മാറിപ്പോയത്.
നിഥിന്റെ മൃതദേഹമാണെന്ന് കരുതി ചെന്നൈ സ്വദേശിയുടെ മൃതദേഹം രാവിലെ എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് വയനാട്ടിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി പെട്ടി തുറന്നുനോക്കിയപ്പോൾ മറ്റൊരു മൃതദേഹമാണ് കണ്ടത്. തുടർന്ന് ബന്ധുക്കൾ അബുദാബിയില്‍ ബന്ധപ്പെട്ടപ്പോൾ നിഥിന്റെ മൃതദേഹം അവിടെ തന്നെയുള്ളതായും പകരം അബുദാബിയിൽ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം കയറ്റി അയച്ചതായും കണ്ടത്തി. ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന നിഥിനെ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. ബത്തേരി ആശുപത്രി മോർച്ചറിയിലുള്ള ചെന്നൈ സ്വദേശിയുടെ മൃതദേഹം ചെന്നൈയിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളതായാണ് വിവരം. അതോടൊപ്പം ഇന്ന് രാത്രി തന്നെ നിഥിന്റെ മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള നടപടികളും സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നടന്നുവരുന്നു. ചെന്നൈയിൽ നിന്നായിരിക്കും മൃതദേഹം വയനാട്ടിലെത്തിക്കുക.
മരണപ്പെട്ട വിദ്യാർഥിനിയെ പരിശീലകൻ നിർബന്ധപൂർവ്വം തള്ളിയിടുന്നതായ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ചാടാൻ മടിച്ച പെൺകുട്ടിയെ പിന്നിൽ നിന്നു തള്ളിയിടുകയായിരുന്നുവെന്ന് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തം. പരിശീലകന്റെ അശ്രദ്ധയാണ് ഇവിടെ വിനയായത്.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സത്യം പുറത്തായത്. പെണ്‍കുട്ടി ചാടാന്‍ മടി കാണിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ പരിശീലകന്‍ പിന്നില്‍ നിന്നു തള്ളുകയായിരുന്നു. ഒന്നാം നിലയിലെ സണ്‍ഷൈഡിലാണ് തലയിടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇവിടെ വച്ചായിരുന്നു മരണം.
കെട്ടിടത്തിനു താഴെ മറ്റു വിദ്യാര്‍ത്ഥികള്‍ പിടിച്ചിരിക്കുന്ന വലയിലേക്കാണു ചാടേണ്ടത്. തീപിടിത്തം പോലെയുളള സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു കോളേജ് അധികൃതരുടെ ലക്ഷ്യം. വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് മോക് ഡ്രില്‍ നടന്നതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞെങ്കിലും സംഭവം അറിഞ്ഞിട്ടില്ലെന്നാണ് തമിഴ്നാട് ദുരന്തനിവാരണ ഏജന്‍സി പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ.പി.അന്‍പളകന്‍ വ്യക്തമാക്കി. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ലോഗേശ്വരി.
ദേശീയ ദുരന്ത നിവാരണ സേനയിലെ പരിശീലകനെന്ന് അവകാശപ്പെടുന്ന ആര്‍.അറുമുഖനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടി ചാടുന്നതിന് മുമ്പ് മറ്റ് അഞ്ച് വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ആര്‍ക്കും പരുക്കു പറ്റിയിരുന്നില്ല.
പത്തനംതിട്ട മുക്കട്ടുതറയില്‍ നിന്ന് അപ്രത്യക്ഷയായ ജെസ്‌ന ജെയിംസിന്റെ തിരോധാനത്തില്‍ രണ്ടു ദിവസത്തിനിടെ നിര്‍ണായക വഴിത്തിരുവകള്‍. ആദ്യം മുണ്ടക്കയത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ജെസ്‌നയുടേതാണെന്ന് ഉറപ്പിച്ച പോലീസ് പെണ്‍കുട്ടി ജീവനോടെ ഇപ്പോഴും ഉണ്ടെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമായേക്കുന്നതാണ് ജെസ്‌ന മരിച്ചിട്ടില്ലെന്ന അന്തിമ വിലയിരുത്തല്‍. അതോടൊപ്പം മറ്റൊരു കാര്യത്തില്‍ കൂടി പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്.
ജെസ്‌നയെ കാണാതായ ദിവസം കോളജില്‍ ഒപ്പം പഠിക്കുന്ന പുഞ്ചവയല്‍ സ്വദേശിയായ ആണ്‍സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്ന വിവരമാണത്. ജെസ്‌ന ഓട്ടോയില്‍ കയറി പോകുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ഈ കോള്‍ പോയിരിക്കുന്നത്. പത്തു മിനിറ്റോളം ഇരുവരും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആണ്‍കുട്ടി കാര്യങ്ങള്‍ തെളിച്ചു പറയാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
ജെസ്‌ന മുണ്ടക്കയത്ത് എത്തിയെന്ന് തെളിഞ്ഞതും ആ സമയത്ത് ആണ്‍കുട്ടിയുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന കാര്യവും സ്ഥിരീകരിച്ചതോടെ ആണ്‍കുട്ടിയില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. അതേസമയം ജെസ്നയെ തേടി ബെംഗളൂരുവിലെത്തിയ അന്വേഷണസംഘം വിമാനത്താവളത്തില്‍ നിന്ന് മാര്‍ച്ച് 22 മുതല്‍ ഒരാഴ്ച വിദേശത്തേക്കും ഹൈദരാബാദ് ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പോയ യാത്രക്കാരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
ജെസ്യോടു സാമ്യമുള്ള പെണ്‍കുട്ടിയെ മേയ് അഞ്ചിന് വിമാനത്താവളത്തില്‍ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണസംഘം ബംഗളൂരുവിലെത്തിയത്. വിമാനത്താവളത്തില്‍ ജോലിയുള്ള ഏതാനും മലയാളികളോടു വിവരങ്ങള്‍ ആരാഞ്ഞെങ്കിലും അവരാരും ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ കണ്ടില്ലെന്നായിരുന്നു പറഞ്ഞത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും എമിഗ്രേഷന്‍ രേഖകളും പരിശോധിക്കാന്‍ പോലീസിനായില്ല. എന്തായാലും ജെസ്‌നയെ അടുത്തു തന്നെ കണ്ടെത്താമെന്ന പ്രതീക്ഷ പോലീസിന് വര്‍ധിച്ചിട്ടുണ്ട്.
പ്രശസ്ത പോപ് ഗായകൻ മൈക്കിൾ ജാക്സനെ പിതാവ് ജോ ജാക്സൺ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നതായി വെളിപ്പെടുത്തൽ. മൈക്കിൾ ജാക്സന്റെ ഡോക്ടറായിരുന്ന കോൺറാഡ് മുറെയുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് പിതാവ് ജോ ജാക്സൺ മൈക്കിൾ ജാക്സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയതെന്ന് മൈക്കിൾ ജാക്സനെ ചികിത്സിച്ച വിവാദ ഡോക്ടറായ കോൺറാഡ് മുറെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് അയാൾ.
മൈക്കിളിന്റെ സ്വത സിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാനാണ് രാസപദാർഥങ്ങൾ ഉപയോഗിച്ച് വന്ധ്യംകരണം നടത്തിയതെന്നും മുറെ പറയുന്നു. ക്രൂരനായ ആ മനുഷ്യൻ മരിച്ചതിൽ ഒരുതുള്ളി കണ്ണുനീര്‍ പോലും ആരും പൊഴിക്കേണ്ടതില്ല. അതിന് അയാൾ അർഹനല്ല. അത്രയ്ക്ക് നീചനാണ് അയാൾ. ഈ പാപമൊക്കെ നരകത്തിൽ വച്ച് പൊറുക്കപ്പെടട്ടെ’– മുറെ പറഞ്ഞു.
മരണത്തിനു ശേഷം നടന്ന പരിശോധനയിൽ കടുത്ത വേദനാ സംഹാരികൾ മുറെ ജാക്സന് നൽകിയതായി കണ്ടെത്തി. റൂമിൽ നിന്ന് മുറെയുടെ ബാഗും കണ്ടെടുത്തിരുന്നു. ഇതിൽ അനസ്തേഷ്യക്കുള്ള മരുന്നുകൾ ഉണ്ടായിരുന്നു.
രാത്രിയിൽ ഉറക്കമില്ലാത്തതിനാൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായി മൈക്കിള്‍ ജാക്സൺ അറിയിച്ചപ്പോഴാണ് ഈ മരുന്നുകൾ നൽകിയിരുന്നതെന്ന് ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്രയും ഡോസുള്ള മരുന്നുകൾ ജാക്സണ് നൽകിയിരുന്നതായി മുറെ ആരോടും പറഞ്ഞിരുന്നില്ല. ഇതാണ് ഡോക്ടറെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്. നിരപരാധിയാണെന്ന ഡോക്ടറുടെ വാദം അംഗീകരിച്ച് ജോ ജാക്സൺ മുറെയ്ക്കെതിരായ കേസ് പിൻവലിക്കുകയായിരുന്നു.
പാൻക്രിയാറ്റിക് കാൻസറിനെത്തുടർന്ന് ലാസ് വേഗാസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോ ജാക്സൺ ജൂൺ 27 2018 ലാണ് മരിച്ചത്. മൈക്കിൾ ജാക്സന്റെ ഒൻപതാം ചരമവാർഷികത്തിനു രണ്ടു ദിവസത്തിനു ശേഷമാണ് ജോയുടെ മരണം. 2009 ജൂൺ 25നായിരുന്നു മൈക്കിൾ ജാക്സൺ അന്തരിച്ചത്.
1928ൽ യുഎസിലെ ഫൗണ്ടൻ ഹില്ലിലാണു ജോയുടെ ജനനം. അഞ്ചുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഇദ്ദേഹം. മക്കളായ ജാക്കി, ടിറ്റോ, ജെർമെയ്ൻ, മാർലൺ, മൈക്കിൾ എന്നിവരെ ഉൾപ്പെടുത്തി 1965ലാണ് ഇദ്ദേഹം സംഗീത ബാൻഡ് ആരംഭിക്കുന്നത്. ഈ സംഗീത ബാൻഡിലൂടെയാണ് മൈക്കിൾ ജാക്സന്റെ പ്രതിഭ ലോകം അറിയുന്നതും. ആദ്യമായി അച്ഛന്റെ ബാൻഡിൽ പാടുമ്പോൾ ഏഴു വയസ്സായിരുന്നു അദ്ദേഹത്തിന്.