ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നത് പതിവാക്കിയതിനെത്തുടര്‍ന്ന് എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരിയായ അനിസിയ ബത്രയാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ വീടിനു മുകളില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഡല്‍ഹിയിലെ ഹൗസ് ഖാസില്‍ വെളളിയാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്ക് താന്‍ ജീവനെടുക്കുകയാണെന്ന സന്ദേശം അയച്ചശേഷമായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.
ഭര്‍ത്താവായ മയാങ്ക് സിങ്വിയും കുടുംബവും അനിസിയയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് അവരുടെ കുടുംബം ആരോപിക്കുന്നു. മയാങ്കിനെതിരെ അനിസിയയുടെ പിതാവ് കഴിഞ്ഞ മാസം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥിരം വഴക്കുകള്‍ പതിവായിരുന്നെന്നാണ് മയാങ്ക് പോലീസിനോട് പറഞ്ഞത്.
ആത്മഹത്യ നടന്ന ദിവസവും തര്‍ക്കമുണ്ടായി. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വിവാഹ ശേഷം രണ്ട് വര്‍ഷമായി ഹൗസ് ഖാസില്‍ ഇരുവരും ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഗുഡ്ഗാവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആണ് ഭര്‍ത്താവ്.
ദിദിയര്‍ ദെഷാംപ്സ് എന്ന പരിശീലകന് ഈ ലോകകപ്പില്‍ തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല, കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട എന്ന് പറഞ്ഞാണ് റഷ്യയിലേക്ക് വിമാനം കയറിയത്. ഒരു കൂട്ടം താര നക്ഷത്രങ്ങളുണ്ട് എന്നല്ലാതെ ഫ്രാന്‍സ് എന്ത് തന്ത്രമാണ് ലോകകപ്പിന് കരുതി വെച്ചിരിക്കുന്നതെന്ന് ലോകം ഉറ്റു നോക്കിയിരുന്നത്. എന്നാല്‍, ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരങ്ങളില്‍ ഇത്തരമൊരു ടീമില്‍ നിന്നും പ്രതീക്ഷിച്ച കളി പുറത്തെടുക്കാതിരുന്നതോടെ പലരും നെറ്റി ചുളിച്ചു.
1998ല്‍ ഫ്രാന്‍സ് കന്നി ലോകകിരീടം നേടുമ്പോള്‍ ആംബാന്‍ഡ് അണിഞ്ഞ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് കൈകാര്യം ചെയ്തിരുന്ന ദെഷാംപ്സ് പരിശീലക വേഷത്തില്‍ ലോകകപ്പിനെത്തുമ്പോള്‍ ആരാധകര്‍ക്കോ വിമര്‍ശകര്‍ക്കോ ഉള്ള യാതൊരു ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കെയിലന്‍ എംബാപ്പെ, പോള്‍ പോഗ്ബ, അന്റോണിയോ ഗ്രീസ്മാന് തുടങ്ങി എല്ലാ പൊസിഷനിലും ഒന്നിനൊന്ന് മികച്ച താരങ്ങളായിരുന്നു ഫ്രാന്‍സിന്റെ ഏറ്റവും വലിയ കരുത്ത്.
ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഫ്രാന്‍സിന്റെ സൗന്ദര്യാത്മക ഫുട്ബോളിന് എതിര്‍വിപരീതമായിരുന്നു ദെഷാംപ്സിന്റെ തന്ത്രങ്ങള്‍. അതായത്, ആരാധകരെ തൃപ്തിപ്പെടുത്തുന്ന അറ്റാക്കിങ് ഫുട്ബോളിന് പകരം ഡിഫന്‍സീവ് സ്ട്രാറ്റജി. ഇതിനൊപ്പം പതിയിരുന്ന് ആക്രമിക്കുക എന്ന തന്ത്രവും പയറ്റിയതോടെ ഫ്രാന്‍സിന്റെ മുന്നില്‍ വരുന്നവരെല്ലാം മുട്ടുമടക്കി മടങ്ങി.
4-2-3-1 ഫോര്‍മേഷനിലാണ് ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഫ്രാന്‍സ് ഇറങ്ങിയത്. നിഗോളൊ കാന്റെ, പോള്‍ പോഗ്ബ എന്ന രണ്ട് മിഡ്ഫീല്‍ഡര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചതാണ് ദെഷാംപ്സിന്റെ തന്ത്രങ്ങളില്‍ തിളങ്ങി നിന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാന്റെ അത്യുഗ്രന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ കളിയുടെ ബില്‍ഡ് അപ്പ് പോഗ്ബ തന്റെ കാലുകളിലൂടെ ഭദ്രമാക്കി. ഇതിനൊപ്പം അന്റോണിയോ ഗ്രീസ്മാന് നല്കിയ സ്ട്രൈക്കറിന് പിന്നിലുള്ള സ്ഥാനവും ഫ്രാന്‍സിന്റെ ജയത്തില്‍ നിര്‍ണായകമായി.
കെയിലന്‍ എംബാപ്പെയുടെ വേഗതയും ഏരിയല്‍ ബോള്‍ കൈകാര്യം ചെയ്യാനുള്ള ജിറൂഡിന്റെ മിടുക്കും സെറ്റ് പീസുകളിലും റിക്കവറിയിലും അസാമാന്യ പ്രകടനം നടത്താനുള്ള ഗ്രീസ്മാന്റെ കഴിവും ഒത്തുചേര്‍ന്നതിനൊപ്പം നിര്‍ണായക ഘട്ടങ്ങളില്‍ ഗോളടിക്കാനുള്ള ഡിഫന്റര്‍മാരുടെ ശ്രമവും ഫ്രാന്‍സിന് മുതല്‍കൂട്ടായി.
ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ പ്രകടനമാണ് റാഫേല്‍ വരാനെയും സാമുവല്‍ ഉംറ്റിറ്റിയും നയിച്ച് ഫ്രഞ്ച് പ്രതിരോധം കാഴ്ചവെച്ചത്. എതിര്‍ടീമുകള്‍ക്ക് സ്പെയ്സ് നല്‍കാതെ പഴുതടച്ച് ഗോള്‍ പോസ്റ്റിന് മുന്നില്‍ ഇവര്‍ നിലയുറപ്പിച്ചപ്പോള്‍ പഴുതുകളിലൂടെ വരുന്ന പന്തുകള്‍ അസാമാന്യ മെയ് വഴക്കത്തോടെ കുത്തിയകറ്റാന്‍ ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസും തയാറായിരുന്നു.
റഷ്യയില്‍ നടന്ന 21ാം ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്കുള്ള സമ്മാനദാനത്തില്‍ സര്‍പ്രൈസ് താരം. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്ക് നല്കുന്ന ഗോള്‍ഡന്‍ ഗ്ലൗ ബെല്‍ജിയം താരം തിബോ കുര്‍ട്ടുവാ സ്വന്തമാക്കി. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് ഈ നേട്ടം കരസ്ഥമാക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഇരു താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തിയപ്പോള്‍ മുന്‍തൂക്കം ഈ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ബെല്‍ജിയം ഗോളിക്ക് ലഭിക്കുകയായിരുന്നു.
ക്രൊയേഷ്യയുടെ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിനാണ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ പന്ത് കരസ്ഥമാക്കിയത്. ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്, ബെല്‍ജിയം താരം എഡ്വിന് ഹസാര്‍ഡ് എന്നിവരായിരുന്നു മോഡ്രിച്ചുമായി ഗോള്‍ഡന്‍ ബോളിന് രംഗത്തുണ്ടായിരുന്നത്.
ആറ് ഗോളുകളുമായി ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ ആണ് ലോകകപ്പിലെ ടോപ്പ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. അതേസമയം, ടൂര്‍ണമെന്റിലെ യുവതാരത്തിനുള്ള പുരസ്ക്കാരം ഫ്രാന്‍സിന്റെ കെയിലന്‍ എംബാപ്പെയ്ക്ക് ലഭിച്ചു.
കനത്തമഴയെത്തുടർന്ന് ഏഴ് ജില്ലകൾക്ക് നാളെ അവധി. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു, തിരൂവനന്തപുരം ജില്ലയിലെ നാളത്തെ അവധിക്കു പകരം ഈ മാസം 21 ന് പ്രവർത്തി ദിവസം ആയിരിക്കും
ആലപ്പുഴ ജില്ലയിൽ കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്താണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും മറ്റു പരീക്ഷകൾക്കും അവധി ബാധകമല്ല. കഴിഞ്ഞ 11ന് അവധി നൽകിയ അമ്പലപ്പുഴ,ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങൾക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിൻവലിച്ചിട്ടുണ്ട്. ഇതിനു പകരം ഈമാസം 28നും നാളത്തെ അവധിക്കു പകരം ഓഗസ്ത് നാലിനും പ്രവൃത്തിദിനമായിരിക്കും.
പ്രതികൂല കാലാവസ്ഥയെ തുടർന്നു കൊല്ലം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾക്കു അവധി ബാധകമല്ല. അങ്കണവാടികളിൽ കുട്ടികൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്കെത്തണം. അവധി നൽകിയ സാഹചര്യത്തിൽ 21ന് പ്രവൃത്തിദിനമായിരിക്കും.
അതേസമയം, സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായി. മധ്യകേരളത്തില്‍ ഇന്നുപുലര്‍ച്ച മുതല്‍ കനത്ത മഴ ലഭിക്കുന്നു. രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരില്‍ മരം വീണ് ഒരാള്‍ മരിച്ചു.
ഇന്നലെ മുതല്‍ ശക്തമായ കാറ്റോടുകൂടി പെയ്യുന്ന മഴ പലയിടത്തും വ്യാപകമായ നാശമുണ്ടാക്കി. വൈദ്യുതി വിതരണത്തെയും ബാധിച്ചിട്ടുണ്ട്. വൈക്കത്തും കായംകുളത്തുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഉരുള്‍പൊട്ടല്‍ സാധ്യതയുളള സ്ഥലങ്ങളിലും തീരദേശത്തും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ണൂർ ഇരിട്ടി എടത്തൊട്ടിയിൽ ഓടുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് യാത്രക്കാരി ആര്യപറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിത്താരയാണ് മരിച്ചു.
ഓട്ടോയിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരുക്കേറ്റു. ഇടുക്കിയിലെ കട്ടപ്പന വലിയകണ്ടത്തും ആനവിലാസം ചേലച്ചുവട്ടിലും മരം കടപുഴകിവീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 127. 5 അടിയായി. കൊല്ലം മണ്ണാമലയില്‍ വീടിനുമുകളില്‍മരം വീണ് നാലുപേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ മലയോരത്തും കൃഷിനാശം വ്യാപകമാണ്.
വയനാട്ടില്‍ മഴ നേരിയ തോതില്‍ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. തീരദേശത്ത് പലയിടത്തും കടലാക്രണം രൂക്ഷമായി. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായി. ചെറിയ റോഡുകളിലടക്കം വെള്ളകെട്ട് രൂക്ഷമാണ്. നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.
ഇരുപത് വർഷങ്ങൾക്ക് മുന്‍പ് പാരീസിനടുത്തുള്ള സെന്റ് ഡെനിസിലെ ലോകകപ്പ് ഫുട്ബോൾ വേദി. ആതിഥേയരായ ഫ്രാൻസും കറുത്ത കുതിരകളായ ക്രൊയേഷ്യയും 1998 ലോകകപ്പ് സെമിയിൽ ഏറ്റുമുട്ടുന്നു. ചരിത്രത്തിലാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് വേദിയിൽ എത്തിയത്. ഡാവർ സൂക്കറിന്റെ ചിറകിലേറി സെമിയിലെത്തിയ ക്രൊയേഷ്യ ചരിത്രം കുറിക്കാനുള്ള തയാറെടുപ്പിൽ. 46-ാം മിനിറ്റിൽ സൂക്കർ ഗോളടിച്ചു.
ക്രൊയേഷ്യ 1-0നു മുന്നിൽ. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ലിലിയ തുറാമിലൂടെ ഫ്രാൻസ് ഒപ്പം. 69-ാം മിനിറ്റിൽ തുറാം വീണ്ടും ഗോൾ നേടിയപ്പോൾ ക്രൊയേഷ്യയുടെ ഫൈനൽ മോഹം പൊലിഞ്ഞു. ഫ്രാൻസിനായി ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ പ്രതിരോധ താരമായി തുറാം. 142 മത്സരം കളിച്ച തുറാമിന്റെ പേരിലുള്ള രണ്ടു ഗോളുകളും അതായിരുന്നു.
20വർഷങ്ങൾക്കിപ്പുറം വീണ്ടും ക്രൊയേഷ്യയും ഫ്രാൻസും ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടുന്നു. ഇത്തവണ ഫൈനലിലാണെന്നതാണ് സവിശേഷത. 1998ൽ ഫ്രാൻസ് ഇറങ്ങിയത് ഇന്നത്തെ അവരുടെ പരിശീലകനായ ദിദിയെ ദേഷാംപിന്റെ നായകത്വത്തിനു കീഴിൽ. അന്ന് ക്രൊയേഷ്യക്കായി ഗോളടിച്ച സൂക്കർ ഇന്ന് ഗാലറിയിലിരുന്ന് ടീമിനെ പ്രോത്സാഹിപ്പിക്കുന്നു.
ക്രൊയേഷ്യയെ സെമിയിൽ കീഴടക്കിയ ഫ്രാൻസ് കന്നി ലോകകപ്പ് ഉയർത്തി. ലൂസേഴ്സ് ഫൈനലിൽ ഹോളണ്ടിനെ 2-1നു കീഴടക്കി ക്രൊയേഷ്യ അന്ന് മൂന്നാം സ്ഥാനക്കാരായി മടങ്ങി. ഹോളണ്ടിനെതിരായ വിജയഗോളും സൂക്കറിന്റെ വകയായിരുന്നു. ദേഷാംപിന്റെ മുന്നിൽ തലകുനിക്കേണ്ടിവന്നതിനു പ്രതികാരം ചെയ്യുകയായിരിക്കും പിൻതലമുറക്കാരായ ലൂക്ക മോഡ്രിച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം. അതിനായി അവർക്ക് തന്ത്രങ്ങളൊരുക്കുന്നത് സ്ലാട്കോ ഡാലിച്ചും. പത്ത് മാസംകൊണ്ടാണ് ഡാലിച്ച് ഈ അദ്ഭുത ടീമിനെ വാർത്തെടുത്തത്.
കണ്ണൂർ: കണ്ണൂരിൽ ഓട്ടോറിക്ഷയ്ക്കു മേൽ മരം വീണ് യുവതി മരിച്ചു. ഇരിട്ടി എടത്തൊടികയിലായിരുന്നു അപകടം. ആര്യപ്പറന്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിതാര (20) യാണു മരിച്ചത്. അപകടത്തിൽ നാലു പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
കനത്ത മഴയിൽ വഴിവക്കിൽനിന്നിരുന്ന മരം ഒടിഞ്ഞ് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കുമേൽ വീഴുകയായിരുന്നു.
2022ല്‍ ഖത്തറില്‍ വെച്ച് നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 32 ടീമുകള്‍ക്ക് പകരം ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കാനാണ് വഴിയൊരുങ്ങുന്നത്.
ഫിഫ പ്രസിന്ഡറ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. അടുത്ത മാസം നടക്കുന്ന ഫിഫ സംയുക്ത സമ്മേളനത്തില്‍ ഇക്കാര്യത്തെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
2022ലെ ലോകകപ്പില്‍ 48 ടീമുകളെ കളിപ്പിക്കും എന്ന വാഗ്ദാനത്തോടെയാണ് ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റായത്. 1998 മുതലാണ് ലോകകപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.
നേരത്തെ 2026ലെ കാനഡ-മെക്സിക്കോ-അമേരിക്ക ലോകകപ്പിലായിരിക്കും ഈ പരിഷ്ക്കരണം എന്നായിരുന്നു ഫിഫയുടെ പ്രഖ്യാപനം. ഇതാണ് ഖത്തര്‍ ലോകകപ്പില്‍ തന്നെ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
ഫിഫയുടെ പുതിയ നീക്കം ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാനുളള സാധ്യതയാണ് നല്‍കുന്നത്. ഇതോടെ ഏഷ്യയില്‍ നിന്ന് എട്ട് ടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. ആഫ്രിക്ക ഒന്‍പത്, യൂറോപ്പ്- 16 ദക്ഷിണ അമേരിക്ക ആറ്, കോണ്‍കകാഫ് ആറ്, ഓഷ്യാനിയ ഒന്ന് എന്നിങ്ങനെയാണു യോഗ്യത നേടുന്ന മറ്റ് ടീമുകളുടെ എണ്ണം.
ഏഷ്യന്‍ റാങ്കിങ്ങില്‍ നിലവില്‍ 19ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ മേഖല യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തുന്ന എട്ടു ടീമുകള്‍ക്കു നേരിട്ടു ലോകകപ്പ് കളിക്കാം. നിലവില്‍ ഇറാന്, ദക്ഷിണ കൊറിയ, ജപ്പാന്, ഓസ്ട്രേലിയ, സൗദി അറേബ്യ, ഉസ്ബെക്കിസ്ഥാന്, യുഎഇ, ഖത്തര്‍, ചൈന എന്നിവയാണ് ആദ്യ എട്ടു സ്ഥാനങ്ങളില്‍. ഫിഫയുടെ ഫുട്ബോള്‍ വികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ 2022ല്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയും ഉണ്ടാകും.
വിൻഡ്സർ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രോട്ടോക്കോളും ആചാരങ്ങളും ലംഘിച്ചെന്നു വിമർശനം. പത്നി മെലാനിയയ്ക്കൊപ്പമാണ് ട്രംപ് വെള്ളിയാഴ്ച വിൻഡ്സർ കൊട്ടാരത്തിൽ രാജ്ഞിയുടെ ചായ സത്കാരത്തിനെത്തിയത്.
നിശ്ചയിച്ചുറപ്പിച്ചതിലും 12 മുതൽ 15 വരെ മിനിട്ട് വൈകിയാണ് ട്രംപ് എത്തിയതെന്നാണ് റിപ്പോർട്ട്. അക്ഷമയായ രാജ്ഞി ഇടയ്ക്കിടെ വാച്ചിൽ നോക്കുന്നുണ്ടായിരുന്നു. എല്ലാവരും ചെയ്യുന്നതുപോലെ അദ്ദേഹം രാജ്ഞിക്കു മുന്നിൽ തല കുനിച്ചില്ല. പകരം മുന്നോട്ടു ചെന്നു ഹസ്തദാനം നല്കി.
തുടർന്ന് എലിസബത്തിനൊപ്പം ഗാർഡ് ഓഫ് ഓണർ പരിശോധിക്കവേ ട്രംപ് പെട്ടെന്നു നിന്നു. എലിസബത്ത് ഈ അവസരത്തിൽ ട്രംപിനെ മറികടന്നു മുന്നോട്ടുപോയി. ട്രംപിന്റെ ഈ പെരുമാറ്റം മര്യാദയില്ലാത്തതാണെന്നു സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.
ബ്രിട്ടീഷ് സന്ദർശനത്തിനെത്തിയ ട്രംപ് നേരത്തേ പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്ഞിയെ കണ്ട ശേഷം അദ്ദേഹം സ്കോട്ലൻഡിലെ സ്വന്തം ഗോൾഫ് ക്ലബ്ബിലേക്കു പോയി. തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ഉച്ചകോടിക്കു ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലേക്കു പോകുന്നതുവരെ ഇവിടെ തുടരും. ട്രംപിന്റെ സന്ദർശനത്തിനെതിരേ ബ്രിട്ടനിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
ജെസ്നയുടെ തിരോധാനത്തിൽ അന്വേഷണം മുണ്ടക്കയത്തും സമീപപ്രദേശങ്ങളിലും വീണ്ടും കേന്ദ്രീകരിക്കുന്നു. ജെസ്നയ്ക്കു ലഭിച്ചതും ജെസ്ന സംസാരിച്ചതുമായ ഫോണ്‍ സംഭാഷണങ്ങൾ വീണ്ടെടുത്തതിന്റെ അടിസ്ഥാനത്തിൽ ആറു പേരാണ് നിരീക്ഷണത്തിലുള്ളത്.
ജെസ്നയെ കാണാതായ മാർച്ച് 22, 23 തീയതികളിൽ മുണ്ടക്കയത്തെ ഏതാനും യുവാക്കൾ നടത്തിയ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അന്വേഷണം. ഇവരിൽ മൂന്നു പേർ ഒരു രാഷ്ട്രീയ പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരാണ്. മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, ചോറ്റി, കരിനിലം പ്രദേശങ്ങളിൽ ഇവർക്ക് അടുപ്പമുള്ളവരുടെയും ഫോണ്‍ സംഭാഷണങ്ങൾ വീണ്ടെടുക്കാൻ പോലീസ് നീക്കം നടത്തുകയാണ്. രണ്ടു ദിവസമായി പോലീസ് മഫ്തിയിൽ ഈ പ്രദേശങ്ങളിൽ നിരീക്ഷണങ്ങൾ നടത്തിവരികയാണ്. കോസടി, മടുക്ക, മൂലക്കയം പ്രദേശങ്ങളിൽ ശനിയാഴ്ച പോലീസ് തെരച്ചിൽ നടത്തിയിരുന്നു.
ജെസ്നയുടെ സുഹൃത്തായ സഹപാഠിയെ മാർച്ച് 21ന് ജെസ്ന ഏഴു തവണ വിളിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ ബികോം ബിരുദത്തിനു ചേർന്നശേഷം ഇവർ തമ്മിൽ ആയിരത്തിലേറെ തവണ സംസാരിച്ചിട്ടുണ്ട്. ഇവരുടെ സൗഹൃദത്തെ ചിലർ താക്കീതു ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണു മറ്റുള്ളവരിലേക്കും അന്വേഷണം നീളുന്നത്. കേസിലെ സുപ്രധാനമായ നീക്കങ്ങളുടെ ഭാഗമായി ഫോണ്‍ സംഭാഷണം തെളിവായെടുത്ത് ഏതാനും പേരെ വീണ്ടും ചോദ്യം ചെയ്തേക്കും.