തിരൂർ: കോഴികോട്ട് ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സുമേഷ്കുമാർ (40) പിടിയിലായി. ഒളിവിലായിരുന്ന ഇയാളെ ഞായറാഴ്ച തിരൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. കൈതപ്പൊയിലിൽ ധനകാര്യ സ്ഥാപന ഉടമ പി.ടി. കുരുവിളയെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയാണ് സുമേഷ്കുമാർ പെട്രോളൊഴിച്ച് കത്തിച്ചത്.
വെള്ളിയാഴ്ച കൈതപ്പൊയിലിലെ ഫിനാന്‍സ് സ്ഥാപനത്തിലെത്തിയ സുമേഷ്, സ്വര്‍ണവുമായി ഭാര്യ പുറകെ വരുന്നുണ്ടെന്നും രണ്ടു ലക്ഷം രൂപ വേണമെന്നും പറഞ്ഞു. പന്ത്രണ്ടരയോടെ സ്ഥാപനത്തിലെത്തിയ ഇയാള്‍ ഭാര്യയെ കാത്തു നിൽക്കുകയാണെന്ന വ്യാജേന അവിടെ തങ്ങിയ ശേഷം അങ്ങാടിയിൽ ആളൊഴിഞ്ഞ സമയത്ത് കൃത്യം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംസാരിക്കുന്നതിനിടെ കുരുവിളയുടെ മുഖത്തേക്ക് മുളകുപൊടി വിതറി. തുടർന്ന് ക്യാബിനിലിരുന്ന കുരുവിളയുടെ ദേഹത്തേക്ക് കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് ക്യാബിനു പുറത്തുചാടി തീ കൊളുത്തുകയായിരുന്നു.
ഫ്രാന്‍സും ക്രൊയേഷ്യയും കിരീടത്തിനായി ഏറ്റുമുട്ടുമ്പോള്‍ അത് ലോകോത്തര ഗോള്‍കീപ്പര്‍മാരുടെ പോരാട്ടം കൂടിയാകും. ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ലക്ഷ്യമിട്ടാകും ഇന്ന് സുബാസിച്ചും ലോറിസും ഗോള്‍ വലകാക്കാന്‍ ഇറങ്ങുക. സമീപകാലത്ത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത മല്‍സരമാണ് സ്വര്‍ണക്കൈപ്പത്തിക്കുള്ളത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി വിജയികളുടെ ഗോള്‍വല കാത്തവരെത്തേടിയാണ് ഈ പുരസ്കാരമെത്തിയിട്ടുള്ളത്. അത് കൊണ്ടുതന്നെ ഫൈനലില്‍ സുബാസിച്ചും ലോറിസുമിറങ്ങുക കിരീടത്തിനൊപ്പം ഗോള്‍ഡന്‍ ഗ്ലൗവില്‍ കൂടി കണ്ണുവച്ചാകും.
രണ്ട് പെനല്‍റ്റി ഷൂട്ടൗട്ടുകളിലായി നാല് കിക്കുകള്‍ തടുത്തിട്ടാണ് സുബാസിച്ച് ക്രോട്ടുകളുടെ വീരനായകനായത്.ടൂര്‍ണമെന്റില്‍ നാല് ഗോള്‍ മാത്രം വഴങ്ങിയ സുബാസിച്ച് 11 സേവുകളും 4 ക്ലിയറന്‍സും നടത്തി. ടൂര്‍ണമെന്റില്‍ ആകെ രണ്ട് ക്ലീന്‍ ഷീറ്റുകളും സുബാസിച്ചിനുണ്ട്.ഫാബിയന്‍ ബാര്‍ത്തസിന് ശേഷം ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമാകാനുള്ള സുവര്‍ണാവസരമാണ് ലോറിസിന് ഇത്. അര്‍ജന്റീനയ്ക്കെതിരെ ലോറിസ് മൂന്ന് ഗോള്‍ വഴങ്ങിയെങ്കിലും യുറഗ്വായ്ക്കും ബെല്‍ജിയത്തിനുമെതിരെ നായകനൊത്ത പ്രകടനം കാഴ്ചവച്ചു. നോക്കൗട്ട് റൗണ്ടിലെ മൂന്ന് മല്‍സരങ്ങളില്‍ രണ്ടിലും ക്ലീന്‍ ഷീറ്റ് നേടിയാണ് ലോറിസ് ഫ്രഞ്ചുകാരുടെ ഹീറോയായത്. മൂന്ന് ക്ലീന്‍ ഷീറ്റുകളാണ് ലോറിസിന്റെ പേരിലുള്ളത്
കുട്ടികളോടൊപ്പം ഉറങ്ങിക്കിടന്ന യുവതിയെ അഞ്ചുപേർ കൂട്ടബലാൽസംഗത്തിനിരയാക്കി ക്ഷേത്രത്തിൽവച്ച് ചുട്ടുകൊന്നു. യു.പിയിലെ സംബാൽ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് രാജ്യത്തെ നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. മുപത്തിയഞ്ചുവയസുകാരിയായ യുവതിയാണ് അതിദാരുണമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
രാജ്പുരയിലെ വീട്ടിൽ കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്നു ഇവർ. ഭർത്താവ് ഗാസിയാബാദിൽ കൂലിപണിക്കാരനാണ്. ശനിയാഴ്ച പുലർച്ചെ വീട്ടുപൊളിച്ച് അകത്തുകയറിയ അഞ്ചംഗസംഘം ഇവരെ പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തിനിരയായിട്ടും മനസാന്നിധ്യം കൈവിടാതെ സഹായത്തിനായി വീടിനടുത്തുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല. തുടർന്ന് അടുത്ത ബന്ധുവിനെ അറിയിച്ചു.
അവർ പൊലീസിൽ വിവരമറിയിക്കുന്ന സമയത്തിനുള്ളിൽ അഞ്ചംഗസംഘം വീണ്ടും വീട്ടിലെത്തി യുവതിയെ യാഗ്യശാല ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി. അവിടെവെച്ചാണ് തീകൊളുത്തി കൊന്നത്. ചുട്ടുകൊല്ലുന്നതിന് മുമ്പ് പ്രാണരക്ഷാർഥം പൊലീസിനെ ഫോൺചെയ്തെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഭർത്താവ് പരാതിപ്പെട്ടു.
ഇവർ ബന്ധുവുമായി നടത്തിയ ഫോൺസംഭാഷണത്തിൽ നിന്നും പീഡിപ്പിച്ചവരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അത് മുഖ്യതെളിവാക്കിയെടുത്ത് എഫ്ഐആർ റെജിസ്റ്റർ ചെയ്യാനാണ് തീരുമാനം.അരം സിങ്, മഹാവീർ, ചരൺ സിങ്, ഗുല്ലു, കുമാർപാൽ എന്നിവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. പീഡിപ്പിച്ചവർ ഏതാനും മാസങ്ങളായി യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പ്രദേശവാസികളായ ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ഐപിസി 376ഡി, 302, 201, 149 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗീക പീഡനപരാതി നല്കിയ കന്യാസ്ത്രീ ഭീഷണിപ്പെടുത്താന്‍ രൂപത ശ്രമിച്ചതായി വെളിപ്പെടുത്തല്‍. പീഡനത്തിന് ഇരയായ കന്യാസ്ത്രീയ്ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് ലഭിച്ച പരാതി ഉപയോഗിച്ചാണ് രൂപത ഭീഷണിപ്പെടുത്താനുള്ള ശ്രമം നടത്തിയിരിക്കുന്നത്. ബിഷപ്പിനെതിരെ പരസ്യമായി രംഗത്ത് വരുന്നതിന് രണ്ട് ദിവസം മുന്‍പാണ് സഭ പഴയ പരാതി കുത്തിപ്പൊക്കിയത്.
തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് 2016 നവംബറിലാണ് ബന്ധുവായ യുവതി രൂപതയ്ക്ക് പരാതി നല്‍കിയത്. ഈ പരാതി രൂപത പരിഗണിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതിപ്പെടുമെന്ന് ബോധ്യമായതോടെയായിരുന്നു ഈ നടപടി. മദര്‍ ജനറാള്‍ കന്യാസ്ത്രീയോട് അവിഹിത ബന്ധം ആരോപിച്ചുള്ള പരാതിയുടെ മേല്‍ വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നില്‍ ഭീഷണി തന്ത്രമാണെന്നാണ് സൂചന.
നേരത്തെ പരാതി നല്കിയ കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മദര്‍ ജനറാള്‍ രംഗത്ത് വന്നിരുന്നു. ബിഷപ്പ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കന്യാസ്ത്രീ സഭയ്ക്കുള്ളിലെ ഉന്നതര്‍ക്ക് പരാതി നല്‍കിയതോടെയാണ് മദര്‍ ജനറാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ ലഭിച്ച പരാതിയും ഇക്കാരണത്താലാണ് രൂപത കുത്തിപ്പൊക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നുപേരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അഞ്ചംഗ ഗുണ്ടാസംഘത്തെ അറസ്റ്റുചെയ്തു. പിടിയിലായവരില്‍ യു.എ.പി.എ കേസ് പ്രതിയും. സംഭവത്തിനു സ്വര്‍ണകടത്തുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ്.
ഈ മാസം ആറിനു ഷാര്‍ജയില്‍ നിന്നു പുലര്‍ച്ചെ 2.50 നു തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കോഴിക്കോട് സ്വദേശി നിസാറിനേയും ഒപ്പമെത്തിയ മംഗലാപുരം സ്വദേശികളായ രണ്ടു സ്ത്രീകളേയും തട്ടികൊണ്ടുപോകാനാണ് ശ്രമുമുണ്ടായത്. വിമാനത്താവളത്തിലുണ്ടായ ബഹളത്തിനിടെ പൊലീസ് എത്തിയതോടെ അഞ്ചംഗസംഘം കടന്നു കളയുകയായിരുന്നു. പിന്നീട് നിസാറില്‍ നിന്നും സ്ത്രീകളില്‍ നിന്നും പരാതി എഴുതി വാങ്ങുകയായിരുന്നു.പിന്നീടു നടന്ന അന്വേഷണത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റുചെയ്തത്.
പരാതിനല്കിയെങ്കിലും പിന്നീട് അന്വേഷമവുമായി ഇവര്‍ സഹകരിക്കാത്തത് പൊലീസ് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഇതോടെ നിസാരും സ്ത്രീകളും സ്വര്‍ണകടത്തിന്റെ ശൃംഖലയിലുളളവരാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണം നഷ്ടപ്പെട്ടവര്‍ ഗുണ്ടാസംഘത്തെ ഏര്‍പ്പെടുത്തിയാകാമെന്ന കാര്യവും പൊലീസ് തള്ളികളയുന്നില്ല.
ഫുട്ബോൾ ലോകകപ്പിൽ തോൽവിയുടെ രുചിയറിഞ്ഞ ബ്രസീലിനെ പരിഹസിച്ചവരെ കരഞ്ഞുകൊണ്ട് വിരൽ തുമ്പിൽ നിർത്തിയ ബാലനായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ താരം. സംഭവം ഹിറ്റായതോടെ ഈ ബാലന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവസംവിധായകൻ അനീഷ് ഉപാസന രംഗത്തെത്തിയിരുന്നു. ഇവനെയൊന്ന് തപ്പിയെടുത്ത് തരാമോ? പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് എന്നായിരുന്നു രസകരമായ വീഡിയോ പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ സോഷ്യൽമീഡിയായുടെ ഇടപെടലിൽ ഈ കൊച്ചു മിടുക്കനെ കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം.
എറണാകുളം പുത്തൻവേലിക്കര കുത്തിയ റോഡ് സ്വദേശിയായ ഡേവിസിന്റെയും സിനിയുടെയും മകനായ ഈ കുട്ടി ചിന്തുവെന്ന വിളിപ്പേരിലറിയപ്പെടുന്ന എവിൻ ഡേവിസ് ആണ്. പറവൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് എവിൻ. ലോകകപ്പ് മത്സരം ആരംഭിച്ചപ്പോൾ മുതൽ എവിനും സഹോദരൻ നാലാം ക്ലാസ് വിദ്യാർഥിയായ എഡ്വിനും പിതൃസഹോദര മക്കളായ ജിത്തുവും ജോണുമെല്ലാം ഒരോ മത്സരവും കാണുമായിരുന്നു.
അർജന്റീന ആരാധകനായ എഡ്വിനാണ് ബ്രസീലിന്റെ കാര്യം പറഞ്ഞ് എവിനെ പ്രകോപിപ്പിച്ചത്. കളിയാക്കിയവരോട് എവിൻ കരഞ്ഞ് കൊണ്ട് ക്ഷോഭിക്കുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയായിൽ പങ്കുവെച്ചതും ഈ സഹോദരങ്ങൾ തന്നെ. പിന്നീട് ഈ സംഭവം സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു. ദൃശ്യങ്ങൾ അനീഷ് ഉപാസനയുടെ ശ്രദ്ധയിൽപെട്ടപ്പോൾ എവിന്റെ ജീവിതത്തിൽ ഇതൊരു വഴിത്തിരിവാകുകയായിരുന്നു. മധുരക്കിനാവിൽ മികച്ച വേഷം തന്നെ നൽകുമെന്ന് അനീഷ് ഉപാസന അറിയിച്ചു.
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിനെതിരെ രംഗത്ത്. കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാരുടെ പാര്‍ട്ടിയാണോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് മുന്‍നിര്‍ത്തിയായിരുന്നു പ്രധാനമന്ത്രിയുടെ ആക്രമണം. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ, കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതായി ഞാന്‍ ഒരു പത്രത്തില്‍ വായിച്ചു. എനിക്ക് ഇതില്‍ അത്ഭുതമില്ല. എനിക്ക് ചോദിക്കാനുള്ളത് ഇത്രമാത്രം കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ അതോ മുസ്ലീം സ്ത്രീകളുടേത് കൂടിയാണോ അസംഗഡില്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയുടെ തറക്കല്ലിടീല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മുത്തലാഖില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട് തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ഒരു വശത്ത് സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ മറുവശത്ത് സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. മുത്തലാഖിനെതിരായ ബില്‍ മണ്‍സൂണ്‍ സെഷനില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന പ്രസ്താവനയിലൂടെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനും മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകളിലുടെ മുസ്ലീം സ്ത്രീകളുടെ പിന്തുണ നേടാനാകുമെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും വിലയിരുത്തുന്നു. സര്‍ക്കാര്‍ പരിപാടി ആയിരുന്നിട്ടു കൂടി പ്രധാനമന്ത്രി രാഷ്ട്രീയ പ്രസ്താവന നടത്തിയത് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍.
അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞുവെന്ന ആരോപണം പ്രധാനമന്ത്രിയുടെ പതിവ് നുണയാണെന്ന് കോണ്‍ഗ്രസ് മറുപടി നല്കി. മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടിയുടെ മുന്‍ നിലപാട് പാര്‍ട്ടി ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയ്തു.
കോടഞ്ചേരി: ഓസ്ട്രേലിയയിൽ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന കോടഞ്ചേരി സ്വദേശികളായ പുന്നത്താനത്ത് ബിനു ജോസ് – ഷെറിൻ ദമ്പതികളുടെ രണ്ടാമത്തെ മകൻ ഡാരൻ (രണ്ട്) ആണു മരിച്ചത്.
ഓസ്ട്രേലിയ മൗണ്ട് ഇസായിലെ വീടിനു സമീപത്തെ സ്വിമ്മിങ് പൂളിൽ കുട്ടി അബദ്ധത്തിൽ വീണതിനെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ന്യുമോണിയ ബാധയെ തുടർന്ന് അവശനായ കുട്ടി കഴിഞ്ഞ ദിവസം മരിച്ചുവെന്ന് കോടഞ്ചേരിയിലെ ഇവരുടെ ബന്ധുക്കൾ പറഞ്ഞു. സംസ്ക്കാരം പിന്നീട്. അഞ്ചു വയസുള്ള ഫാരൻ സഹോദരനാണ്. ബിനു എൻജിനീയറും ഷെറിൻ നഴ്സുമാണ്.
വിംബിൾഡണ്‍ ചരിത്രത്തിൽ വെള്ളിയാഴ്ച അപൂർവതകളുടെ ദിനം. കെവിൻ ആൻഡേഴ്സണ്-ജോണ്‍ ഇസ്നർ മത്സരം ദൈർഘ്യത്തിൽ റിക്കാർഡിട്ടതിനു പിന്നാലെ റാഫേൽ നദാൽ-നൊവാക് ജോക്കോവിച്ച് സെമി പോരാട്ടം ഇടയ്ക്കുവച്ചു നിർത്തി. മത്സരത്തിൽ 6-4, 3-6, 7-6 (11-9) എന്ന സ്കോറിന് ജോക്കോവിച്ച് മുന്നിട്ടുനിൽക്കവെ മത്സരം തത്കാലത്തേക്ക് അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പോരാട്ടത്തിന്റെ ബാക്കി ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് സെന്റർ കോർട്ടിട്ടിലെ പുൽമൈതാനത്ത് ആരംഭിക്കും. 2009ൽ വിംബിൾഡണ്‍ സെന്റർ കോർട്ടിനു മേൽക്കൂര നിർമിച്ചശേഷം, രാത്രി 11 മണി കഴിഞ്ഞ് കോർട്ടിൽ മത്സരം നടത്താൻ പാടില്ലെന്നു മെർട്ടൻ കൗണ്‍സിലുമായി ധാരണയായിരുന്നു. ഉച്ചയ്ക്ക് ഒന്നിനു തുടങ്ങിയ കെവിൻ ആൻഡേഴ്സണ്-ജോണ്‍ ഇസ്നർ മാരത്തണ്‍ പോരാട്ടം ആറര മണിക്കൂർ നീണ്ടതോടെ നദാൽ-ജോക്കോവിച്ച് പോരാട്ടം സെന്റർ കോർട്ടിൽ വൈകിയാണ് ആരംഭിക്കാൻ കഴിഞ്ഞത്. രണ്ടു മണിക്കൂറും 53 മിനിറ്റും പിന്നിട്ടിട്ടും ജോക്കോവിച്ച്-നദാൽ മത്സരത്തിൽ ഫലം കാണാൻ കഴിഞ്ഞില്ല. സമയം പതിനൊന്നിന് അടുക്കുകയും ചെയ്തു. ഇതോടെ മത്സരം തത്കാലത്തേക്ക് അവസാനിപ്പിക്കാൻ വിംബിൾഡണ്‍ അധികൃതർ തീരുമാനിക്കുകയായിരുന്നു. ജോക്കോവിച്ച്-നദാൽ പോരാട്ടത്തിനുശേഷം സെന്റർ കോർട്ടിൽ ആഞ്ചലിക് കെർബർ-സെറീന വില്ല്യംസ് വനിതാ സെമി ഫൈനൽ നടക്കും.
കോഴിക്കോട് പുതുപ്പാടിയിൽ അജ്ഞാതന്‍ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സിയേഴ്സ് ഉടമ കുപ്പായക്കോട് സ്വദേശി ഒളവക്കുന്നേല്‍ സജി കുരുവിള(52) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അജ്ഞാതന്‍ സ്ഥാപനത്തിലെ ഓഫീസില്‍ കയറി കുരുവിളയുടെ ദേഹത്തു പെട്രോളൊഴിച്ച് തീ കൊളുത്തിയത്. മലബാര്‍ ഫിനാന്‍സില്‍ അതിക്രമിച്ച് കടന്ന അജ്ഞാതൻ മുളകുപൊടി വിതറിയതിന് ശേഷമാണ് കുരുവിളയുടെ ദേഹത്ത് പെട്രോളാഴിച്ച് തീ കൊളുത്തിയത്. അക്രമി കെട്ടിടത്തിന്റെ പിന്‍വശത്തുകൂടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.