പെരുമണ്‍ ട്രെയിന്‍ അപകടത്തിന് ഇന്ന് മുപ്പതാണ്ട്. ഐലന്റ് എക്സ്പ്രസില്‍ സഞ്ചരിച്ചവരും രക്ഷാപ്രവര്‍ത്തനം നടത്തിയവരുമടക്കം നൂറ്റിയഞ്ച് പേരാണ് ദുരന്തത്തില്‍മരിച്ചത്. അപകട കാരണം ഇതുവരെ കണ്ടെത്തനായിട്ടില്ല.1988 ജൂലൈ എട്ട്. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ പത്തുബോഗികള്‍ പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്ടമുടിക്കായലിലേക്ക് പതിച്ചു. അയല്‍സംസ്ഥാനക്കാരടക്കം 105 പേരാണ് മരണത്തിലേക്ക് മുങ്ങിതാണത്. നൂറകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. നാട്ടുകാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. അപകടത്തെക്കുറിച്ച് പല അന്വേഷണങ്ങള്‍ നടന്നു.ചുഴലിക്കാറ്റാണെന്നായിരുന്നു റയില്‍വേയുടെ കണ്ടെത്തല്‍. പക്ഷേ സംഭവസമയത്ത് ഒരു ചെറു കാറ്റു പോലും വീശിയിരുന്നില്ലെന്ന് നാട്ടുകാര്‍ അന്നു മുതല്‍ പറയുന്നതാണ്. മൂന്ന് പതിറ്റാണ്ടിനിപ്പുറവും അവര്‍ ആക്കാര്യം പറഞ്ഞുകൊണ്ടേയിരിക്കുന്നു.പെരുമണ്‍ ദുരന്തം പുനരന്വേഷിക്കണമെന്ന് ലോകസഭയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ആവശ്യപെട്ടപ്പോള്‍ അടഞ്ഞ അധ്യായം എന്നായിരുന്നു റയില്‍വേമന്ത്രിയുടെ മറുപടി.
അധ്യാപികയുടെ തലയറുത്ത ശേഷം തലയുമായി യുവാവ് കാട്ടിലേക്കോടി. ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയിലാണ് സംഭവം. ഖപ്രസായ് പ്രൈമറി സ്‌കൂളിലെ അധ്യാപികയായ സുക്ര ഹെസ(30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഹരി ഹെമ്പ്രം(26) എന്ന യുവാവാണ് കൊലയ്ക്ക് പിന്നില്‍. ഇയാൾക്ക് മാനസികാസ്വാസ്വഥ്യമുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തൽ.
സ്‌കൂളിന് സമീപം താമസിക്കുന്ന ഹരി അധ്യാപികയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം കയ്യിലുണ്ടായ വാളുകൊണ്ട് തലവെട്ടിമാറ്റുകയായിരുന്നു. വെട്ടിമാറ്റിയ തലയുമായി യുവാവ് കാട്ടിലേക്കോടിയ യുവാവിനെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു.
വെട്ടിമാറ്റിയ തലയുമായി അഞ്ചുകിലോമീറ്ററോളം ദൂരം കാട്ടിലേക്ക് ഓടിയ പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും കയ്യില്‍ ആയുധം ഉണ്ടായതിനാല്‍ പിടികൂടാന്‍ സാധിച്ചില്ല. പിന്നീട് പൊലീസ് എത്തി കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ആകാംക്ഷകള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ തായ്‌ലന്‍ഡില്‍
ഗുഹയില്‍ കുടുങ്ങിയ നാല്കുട്ടികളെ പുറത്തെത്തിച്ചു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് വിവരം പുറത്തുവിട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയതായി തായ് അധികൃതര്‍ പറഞ്ഞു. ഒന്‍പത് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ശ്രമം വിജയം കാണുന്നത്. ബാക്കിയുളളവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്.
അവസാനഘട്ടത്തിലും മഴ വില്ലനായി കടന്നെത്തിയിരുന്നു. 12 കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെ പ്രദേശത്ത് കനത്ത മഴ ആരംഭിച്ചതായി റിപ്പോർട്ട് പുറത്തുവന്നത് കനത്ത ആശങ്ക ഉയര്‍ത്തി. മഴ തുടരുകയാണെങ്കിൽ ഗുഹക്കകത്ത് വീണ്ടും വെള്ളം കയറി രക്ഷാപ്രവർത്തനം തടസ്സപ്പെട്ടേക്കാം എന്നായിരുന്നു വിവരം.
കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാൻ ബഡ്ഡി ഡൈവിങ്ങ് എന്ന രീതിയാണ് സ്വീകരിക്കുന്നത്. ഒരു മുങ്ങൽ വിദഗ്ധൻ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. ഇവിടെ ഒരു കുട്ടിക്ക് രണ്ട് ഡൈവിങ്ങ് പരിശീലകനാണ് ഉണ്ടാകുക. ഓരോരുത്തരെയായി ആയിരിക്കും പുറത്തെത്തിക്കുക. ആദ്യത്തെയാളെ ഇന്ന് പുറത്തെത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്
ഗുഹയിലകപ്പെട്ട കുട്ടികളെ മുഴുവൻ നീന്തൽ പഠിപ്പിച്ച് പുറത്തെത്തിക്കുക എന്നത് പ്രായോഗികമല്ലാത്തതു കൊണ്ടാണ് ഈ മാർഗം പരീക്ഷിക്കുന്നത്. രക്ഷാപ്രവർത്തക സംഘത്തിലെ ഒരംഗം തന്നെയാണ് ഈ ആശയം മുന്നോട്ടു വെച്ചത്. ഇടുങ്ങിയ, ദുർഘടമായ വഴിയിലൂടെ മൂന്നിലധികം കിലോമീറ്റർ സഞ്ചരിച്ചാലാണ് പുറത്തെത്താനാകുക.
മഴ കനക്കാനുള്ള സാധ്യത മുന്നില്‍കണ്ടുകൊണ്ടാണ് വെള്ളം വറ്റിച്ച് പുറത്തെത്തിക്കുക എന്ന മാർഗ്ഗം സ്വീകരിക്കാത്തത്. 15 ദിവസമായി ഇവർ ഗുഹയിക്കുള്ളിലാണ്. കുട്ടികൾക്കും കോച്ചിനുമുള്ള ഭക്ഷണസാധനങ്ങളുമായാണ് രക്ഷാപ്രവർത്തകസംഘം എത്തിയത്.
എല്ലാവരും സുരക്ഷിതരും ആരോഗ്യവാൻമാരുമാണെന്നും ഉടന്‍പുറത്തെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കുട്ടികളും കോച്ചും മാതാപിതാക്കൾക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നു. പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ലോകം. തങ്ങളുടെ കുട്ടികൾ ഉടൻ പുറത്തെത്തുമെന്ന പ്രതീക്ഷയിൽ ആശ്വാസം കണ്ടെത്തുകയാണ് കുടുംബാംഗങ്ങളും.
തിരുവനന്തപുരം: ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കുമ്പോഴും തിരിച്ചു വിളിക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പണി കിട്ടും. ചില അനോമസ് മിസ് കോളുകള്‍ തിരിച്ചു വിളിച്ചാല്‍ നമ്മുടെ ഫോണ്‍ അക്കൗണ്ടില്‍ നിന്ന് നല്ലൊരു തുക നഷ്ടപ്പെടും. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായതോടെ മുന്നറിയിപ്പുമായി പോലീസും രംഗത്ത് വന്നിട്ടുണ്ട്.
+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നാണ് മിസ്ഡ് കോളുകള്‍ വരുന്നത്. പലരും തിരികെ വിളിക്കാന്‍ ശ്രമിക്കുകയും ഫോണില്‍ നിന്ന് റീചാര്‍ജ് ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ചില നമ്പരുകളിലേക്ക് രണ്ടും മൂന്നും തവണ കോളുകള്‍ വന്നിട്ടുണ്ട്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരെ ഇത്തരം കോളുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഐ.ടി സെല്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊബൈല്‍ കമ്പനികള്‍ നേരത്തെ ഇത്തരം അനോണിമസ് കോളുകളോട് പ്രതികരിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ചില കോളുകള്‍ സ്ത്രീ ശബ്ദത്തില്‍ ഹലോ എന്ന് ചോദിച്ച ശേഷം ഡിസ്‌കണക്ട് ആവുകയാണ് ചെയ്യുക. ഇത് കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്ന കോളുകളാണെന്നാണ് പ്രാഥമിക നിഗമനം.
സംശയകരമായ നമ്പറുകളില്‍ നിന്ന് ഒട്ടേറെ പേര്‍ക്കു കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരില്‍ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്. ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കരുതെന്നും കേരളാ പോലീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.
വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നു വീണു പ്രമുഖ യൂട്യൂബ് താരങ്ങൾക്കും അതിലൊരാളിന്റെ കാമുകിക്കും ദാരുണാന്ത്യം. ‘ഹൈ ഓൺ ലൈഫ് സൺഡേ ഫൺഡേയ്സ്’ എന്ന യൂട്യൂബ് ചാനൽ ഉടമകളായ റൈക്കർ ഗാമ്പിൾ, അലക്സി ല്യാക്ക്, അലക്സിയുടെ കാമുകി മേഗൻ സക്രാപ്പർ എന്നിവരാണ് മരിച്ചത്. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള ഷാനൻ വെള്ളച്ചാട്ടത്തിൽനിന്ന് 100 അടി താഴ്ചയിലേക്കു വീണായിരുന്നു അന്ത്യം. ചൊവ്വാഴ്ച വെള്ളച്ചാട്ടത്തിൽ നീന്തുന്നതിനിടയിൽ കാൽവഴുതി വീണ മേഗനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തിൽ പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ഇവരുടെ മൃതദേഹങ്ങൾ മുങ്ങൽവിദഗ്ധർ കണ്ടെടുത്തത്.
2012–ലാണ് റൈക്കർ ഗാമ്പിളും അലക്സി ല്യാക്കും മറ്റൊരു സുഹൃത്തും ചേർന്നു യുട്യുബ് ചാനൽ ആരംഭിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സാഹസിക യാത്രകളുടെയും വിഡിയോകൾ സ്ഥിരമായി അപ്‌ലോഡ് ചെയ്തിരുന്ന ചാനലിന് അഞ്ചു ലക്ഷത്തിലധികം വരിക്കാർ ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രമിലും ഇവർ പ്രശസ്തരായിരുന്നു. സാഹസികത യാത്രകളുടെ ഭാഗമായി ദേശീയോദ്യാനങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് ഇവർ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാനഡയിൽ വൻ ജനസ്വീകാര്യതയുള്ള ഇവരുടെ മരണാനന്തര ചടങ്ങുകൾക്കു പണം സ്വരൂപിക്കാൻ സുഹൃത്തുക്കൾ ‘ഗോ ഫണ്ട് മീ’ എന്ന പേരിൽ യൂട്യൂബിൽ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്.
ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷ ഏറെ കല്‍പ്പിക്കപ്പെട്ടിരുന്ന ഒരു ടീം വഴിയില്‍ വീണു പോകുന്നത് സങ്കടത്തോടെയാണ് കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ലോകം കണ്ടത്. സാംബാ താളവുമായി ആരാധകരുടെ ഹൃദയത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ബ്രസീലിന്റെ തോല്‍വിയില്‍ ആരാധകര്‍ സങ്കടക്കടലിലായി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ അടിയറവ് പറഞ്ഞത്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സൂപ്പര്‍ താരം നെയ്മറിന്റെ കണ്ണീര് വീണ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ലോകം അത്രവേഗമൊന്നും മറക്കാന്‍ സാധ്യതയില്ല. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് വലിയ പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനായാണ് നെയ്മര്‍ ടീമിലെത്തിയത്. എങ്കിലും ഉഗ്രന്‍ പ്രകടനവുമായി നെയ്മറും കൂട്ടരും ബ്രസീലിനെ ക്വാര്‍ട്ടര്‍ വരെ എത്തിച്ചു.
എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ അവസാന വിസിലിന് ശേഷം ഗ്രൗണ്ടില്‍ മുട്ടുകുത്തി കണ്ണീര്‍ പൊഴിക്കുന്ന നെയ്മര്‍ ഈ ലോകകപ്പിലെ നോവായി മാറി. ഒരു ജനതയുടെ മൊത്തം പ്രതീക്ഷകള്‍ പേറി വന്ന 26 കാരന്‍ ഗ്രൗണ്ടില്‍ കരഞ്ഞുനിന്നപ്പോള്‍ ആശ്വാസമായി എത്തിയ ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെന്റിയോട് ആരാധകര്‍ക്ക് എത്ര നന്ദി പറഞ്ഞിട്ടും മതിയാകുന്നില്ല.
കരഞ്ഞു നില്‍ക്കുന്ന നെയ്മറിന്റെ അടുത്തെത്തിയ ബെല്‍ജിയം സഹ പരിശീലകന്‍ കൂടിയായ ഹെന്റി നെയ്മറിനെ മാറോടണച്ച് ആശ്വസിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ഹെന്‍ റിക്ക് പുറമെ ബെല്‍ജിയം സൂപ്പര്‍ താരം ഹസാര്‍ഡും നെയ്മറിനെ ആശ്വസിപ്പിക്കുന്നുണ്ട്.
ഉപ്പും മുളകും സീരിയലിലെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടതായി വെളിപ്പെടുത്തി സംസ്ഥാന അവാര്‍ഡ് ജേതാവ് നിഷാ സാരംഗ്. ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകനായ ആര്‍. ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് ഇവര്‍ ഇനി ഈ സീരിയലിലേക്ക് താനില്ലെന്ന് നടി പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
സിനിമാ മേഖലയില്‍ നിന്നും പല നടിമാരും തങ്ങള്‍ക്ക് നേരെയുണ്ടായ മോശ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത് സമീപകാലത്ത് വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. കാസ്റ്റിംഗ് കൗച്ചുമായും ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ള നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലരും നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ മലയാള സീരിയല്‍ രംഗത്ത് നിന്ന് ഒരു നടി സംവിധായകനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്ത് വരുന്നത് ഇതാദ്യമായിട്ടാണ്.
ഉപ്പും മുളകും സീരിയലിന്‍റെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണന്‍ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും അന്ന് താന്‍ അതിനെ വിലക്കിയിരുന്നെന്നും ഇവര്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ഫ്‌ളവേഴ്‌സ് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായറിനോടും ഭാര്യയോടും പറഞ്ഞിരുന്നു. അന്ന് ശ്രീകണ്ഠന്‍ നായര്‍ സംവിധായകനെ ശാസിച്ചിരുന്നു. പക്ഷേ ഉണ്ണികൃഷ്ണന്റെ ശല്യം പിന്നീടും തുടര്‍ന്നതായി നിഷാ പറഞ്ഞു.
തന്നെക്കുറിച്ച് ഇയാള്‍ പല അപവാദപങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗദര്‍ എന്ന് പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ച വ്യക്തിയാണ് താന്‍ നിഷ വെളിപ്പെടുത്തി.
സെറ്റില്‍ പല മോശം പദങ്ങള്‍ ഉപയോഗിച്ചാണ് സംവിധാകന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്ന് പറഞ്ഞാണ് സീരിയലില്‍ നിന്നും തന്നെ ഒഴിവാക്കിയത്. എന്നാല്‍ ഇക്കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് നിഷ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്.ഔദ്യേഗികമായി ഇതു വരെ അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. അതേസമയം, തന്നോട് സീരിയലില്‍ നിന്ന് പുറത്താക്കിയ കാരണം സംവിധായകനോ ഇതുമായി ബന്ധപ്പെട്ടവരോ പറഞ്ഞിട്ടില്ല.
മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉപ്പും മുകളിലെ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഒരു വ്യക്തിയോടുള്ള പക കഥാപാത്രത്തോട് കാണിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. നീലിമയെന്ന കഥാപാത്രം മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായിട്ടാണ് ചിത്രീകരിക്കുന്നത്. സീരിയില്‍ രംഗത്തുള്ള സ്ത്രീകളെക്കുറിച്ച് മോശമായ കാഴ്ച്ചപ്പാടാണ് ജനങ്ങള്‍ക്കുള്ളത്. തന്റെ സ്വഭാവം വീട്ടുകാര്‍ക്കും ദൈവത്തെത്തിനും അറിയാമെന്നതാണ് തനിക്കുള്ള ബലം.
ഇനി ഉപ്പും മുകളിലെ സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യമില്ല. തന്റെ ശരീരത്തില്‍ അയാള്‍ പലപ്പോഴും അനുവാദമില്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. താന്‍ അത് എതിര്‍ത്തത് നീരസത്തിന് കാരണമായിട്ടുണ്ടെന്നും നിഷാ പറഞ്ഞു.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു ചികില്‍സ നിഷേധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് മാര്‍ത്തോമ സഭ. മാര്‍ ക്രിസോസ്റ്റം ഫെലോഷിപ്പ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തിജനകമാണെന്നും സഭാ സെക്രട്ടറി അറിയിച്ചു.
നിലവില്‍ അദ്ദേഹത്തെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. സാധാരണ രീതിയിലുള്ള ഭക്ഷണക്രമം അനുസരിച്ചാണ് മാര്‍ ക്രിസോസ്റ്റം ആഹാരം കഴിക്കുന്നത്. നേരത്തെ ഗുരുതരാവസ്ഥയിലുള്ള മാര്‍ ക്രിസോസ്റ്റത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകാന്നുതിനുള്ള ബന്ധുക്കളുടെ ശ്രമം മാര്‍ത്തോമ സഭ തടഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. വിദേശത്തുള്ള മാര്‍ത്തോമ സഭാ തലവന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത അനുമതി നല്‍കാത്തതിനാല്‍ സഭ വെല്ലുരിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമം തടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
കഴിഞ്ഞ മാസം 30 ന് പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കാരണം മാര്‍ ക്രിസോസ്റ്റത്തെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി കിടക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക്് കത്തെഴുതി. ഭയക്കാനൊന്നുമില്ലെന്നും ഇവിടെ ഞങ്ങള്‍ സുരക്ഷിതരാണെന്നും കുട്ടികള്‍ കത്തില്‍ പറയുന്നു. ഗുഹയില്‍ കുടുങ്ങി കിടക്കുന്ന കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ തീവ്ര ശ്മങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴാണ് മാതാപിതാക്കളുടെ കണ്ണുനനയിച്ചു കൊണ്ട് കുട്ടികളുടെ കത്ത്. തായ്ലന്‍ഡ് നാവിക സേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുട്ടികളുടെ കത്തുകള്‍ പ്രത്യക്ഷപെട്ടത്.
ഞങ്ങള്‍ ഇപ്പോഴും ആരോഗ്യമുള്ളവരാണ്. ഭയപ്പെടേണ്ടതില്ല. എന്നാല്‍ പുറത്തെത്തിയാല്‍ ടീച്ചര്‍ കൂടുതല്‍ ഹോംവര്‍ക്കുകള്‍ തന്നേക്കരുതെന്നും തമാശയായി ഒരു കുട്ടി കുറിച്ചു. ഗുഹയ്ക്കകത്ത് കയറിയതിനു തങ്ങളെ കുറ്റപ്പെടുത്തരുതെന്നും വഴക്ക് പറയരുതെന്നും പറഞ്ഞ് കത്തില്‍ ചെയ്ത തെറ്റിനു മാപ്പ് ചോദിച്ച് മറ്റൊരു കുട്ടി. എന്നാല്‍ ഫുട്‌ബോള്‍ ടീം കോച്ച് എക്കപോള്‍ ചന്ദോങ് കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തി. ആത്മാര്‍ഥമായി മാതാപിതാക്കളോട് മാപ്പ് പറയുകയാണെന്നും, തനിക്ക് ആവുന്ന വിധത്തിലൊക്കെ കുട്ടികളെ സംരക്ഷിക്കുമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.
കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ കോച്ചിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തി. തന്റെ ഭക്ഷണം കുട്ടികള്‍ക്ക് പങ്കുവെച്ച് കൊടുക്കുകയും ഒമ്പതു ദിവസത്തോളം കുട്ടികള്‍ക്ക് ആ ഇരുട്ടില്‍ തുണയാവുകയും ചെയ്ത കോച്ചിനെ പലരും അഭിനന്ദിച്ചു. എന്നാല്‍, മഴക്കാലത്ത് കുട്ടിളെ ഗുഹയിലേക്ക് കൊണ്ടുപോയതിന് മറ്റു പലരും വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം, സംഘത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനായി ഇംഗ്ലണ്ടില്‍ നിന്നുള്ള പ്രത്യേകസംഘം കുട്ടികളോടൊപ്പമുണ്ട്. ഇവര്‍ക്ക് പുറമേ മറ്റ് രക്ഷാപ്രവര്‍ത്തകരും വൈദ്യസംഘവും കുട്ടികള്‍ക്കൊപ്പമുണ്ട്. ഗുഹയ്ക്കുള്ളില്‍ വൈദ്യുതിയും ഫോണ്‍ഇന്റര്‍നെറ്റ് സേവനങ്ങളും എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ആതിഥേയരായ റഷ്യയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് ക്രൊയേഷ്യ റഷ്യ ലോകകപ്പിന്റെ സെമി ഫൈനലില്‍. ഓരോ ഗോളടിച്ച് നിശ്ചത സമയം പിരിഞ്ഞ മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞപ്പോള്‍ പെനാല്‍റ്റിയിലാണ് ക്രൊയേഷ്യ 20 വര്‍ഷത്തിന് ശേഷം ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇടം നേടിയത്. പെനാല്‍റ്റിയില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ ജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതാണ് കളി അധിക സമയത്തേക്ക് നീണ്ടത്. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടു നിന്നത് ക്രൊയേഷ്യയാണെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത റഷ്യയ്‌ക്കെതിരേ നിശ്ചിത സമയത്ത് ഒരു ഗോളില്‍ കൂടുതല്‍ ക്രൊയേഷ്യയ്ക്ക് നേടാന്‍ സാധിച്ചില്ല.
വിയ്യാറയല്‍ താരമായ ഡെനിസ് ചെറിഷേവിന്റെ അത്യുഗ്രന്‍ ഗോളിന് 31ാം മിനുട്ടില്‍ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 25 വാര അകലെ നിന്ന് റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് ചെറിഷേവിന്റെ ബൂട്ടുകളിലൂടെ പിറന്നത്. ടൂര്‍ണമെന്റിന്റെ കണ്ടെത്തെല്‍ എന്നു പറയാവുന്ന ചെറിഷേവിന്റെ ലോകകപ്പിലെ നാലാം ഗോളായിരുന്നു ഇത്.
എന്നാല്‍ 39ാം മി്‌നുട്ടില്‍ ക്രൊയേഷ്യ സമനില ഗോള്‍ നേടി. മാന്‍സൂക്കിച്ചിന്റെ പാസില്‍ നിന്നും ആന്ദ്രെ റാമാറികെ ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടുകയായിരുന്നു. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നില്‍ നിന്ന ക്രൊയേഷ്യയ്‌ക്കെതിരേ കൗണ്ടര്‍ അറ്റാക്ക് തന്ത്രമാണ് റഷ്യ പയറ്റിയത്്. ഇതോടെ, ബുധനാഴ്ച നടക്കുന്ന സെമി രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ക്രൊയേഷ്യ മാറ്റുരയ്ക്കും.