വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തന്നെ അന്യായമായി കുടുക്കാന്‍ സിനിമ രംഗത്തെ പ്രമുഖര്‍ ശ്രമിക്കുന്നതായി ആലുവ മുന്‍ റൂറല്‍ എസ്.പി.എ.വി.ജോര്‍ജ്. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വ്വം അപവാദ പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും എ.വി.ജോര്‍ജ് പറയുന്നു. തനിക്കെതിരെ ചില സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമാ രംഗത്തെ ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ഉറപ്പൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരിലൊരാളായ പ്രീതി സിന്റയും മുഖ്യഉപദേഷ്ടാവായ വിരേന്ദര്‍ സെവാഗും തമ്മില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. തര്‍ക്കം രൂക്ഷമായതിനാല്‍ സെവാഗ് ഫ്രൈഞ്ചൈസി വിടാന്‍ തയാറെടുക്കുകായാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിയില്‍ ക്ഷുഭിതയായ പ്രീതി സിന്റ സെവാഗിന്റെ പല നീക്കങ്ങളെയും ചോദ്യം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മൂന്നാമനായി ആര്‍ അശ്വിനെ ഇറക്കിയ നീക്കം പരാജയപ്പെട്ടതാണത്രെ പ്രീതി സിന്റയെ ചൊടിപ്പിച്ചത്. മല്‍സരം കഴിഞ്ഞ ഉടന്‍ സെവാഗിനടുത്തെത്തിയ പ്രീതി മല്‍സരത്തിനായി തയാറാക്കിയ പദ്ധതികള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് പോകും മുന്‍പ് അവരുടെ മുന്നില്‍ വച്ചായിരുന്നു പ്രീതിയുടെ ആക്രോശമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. സെവാഗ് ക്ഷമയോടെ കേട്ടു നിന്നുവെന്നും പ്ലേയിങ് ഇലവനിലെ അനാവശ്യ പരീക്ഷണമാണ് തോല്‍വിക്ക് കാരണമെന്ന് കുറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്നാമനായി ഇറങ്ങിയ അശ്വിന്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. കളിക്കാരുടെ മുന്നില്‍ വച്ച് ക്ഷമയോടെ കേട്ടു നിന്ന സെവാഗ്, നെസ് വാഡിയ, മൊഹിത് ബര്‍മന്‍ എന്നീ മറ്റ് ഉടമസ്ഥരെ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നാണ് വിവരം. തന്റെ ജോലിയില്‍ പ്രീതി സിന്റെ ഇടപെടരുതെന്നും താരത്തെ നിയന്ത്രിക്കണമെന്നുമാണ് സെവാഗിന്റെ നിലപാട്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് പ്രീതിയുടെ വിശദീകരണം.
മുംബൈ മിറര്‍ തെറ്റാണ് പറയുന്നതെന്ന് പ്രീതി ട്വീറ്റ് ചെയ്തു. മല്‍സരശേഷമുള്ള പതിവ് സംസാരം മാത്രമാണ് നടന്നതെന്നാണ് പഞ്ചാബ് ടീമിന്റെ വിശദീകരണം. കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടതാണ് പ്രീതിയെ നിരാശപ്പെടുത്തുന്നത്. സെവാഗിന്റെ പദ്ധതികള്‍ക്കനുസരിച്ച് താരലേലത്തില്‍ പങ്കെടുത്ത കിങ്സ് ഇലവന്‍ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവച്ചത്. ഐപിഎല്‍ ചരിത്രത്തിലെ മോശം ടീമുകളിലൊന്നായ കിങ്സിന് മികവ് തുടരാനായാല്‍ ഇക്കുറി പ്ലേഓഫിലെത്താം. പ്രീതി സിന്റയ്ക്കെതിരെ 2016ലും കോച്ചിങ് സ്റ്റാഫില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. മോശം പ്രകടനം തുടര്‍ന്നാല്‍ ജോലി തെറിപ്പിക്കുമെന്ന് അന്നത്തെ പരിശീലകനായിരുന്ന സഞ്ജയ് ബംഗാറിനെ ഭീഷണിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
കുഞ്ചറിയാ മാത്യൂ
ഒത്തിരിയേറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചാണ് ബോളിവുഡിലെ ഏക്കാലത്തെയും നിത്യഹരിത നായികയും ലേഡിസൂപ്പര്‍സ്റ്റാറുമായി അറിയിപ്പെടുന്ന ശ്രീദേവി മരണത്തിലേക്ക് നടന്നുപോയത്. എന്നാല്‍ ശ്രീദേവിയുടെ ജീവന്‍ വലിയൊരു തുകയ്ക്ക് ഇന്‍ഷൂര്‍ ചെയ്തിരുന്നു എന്നാണ് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ പേരിലുള്ള ഒരു ഇന്‍ഷൂറന്‍സ് പോളിസി തന്നെ 240 കോടിയോളം രൂപയുടേതായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നായിരുന്നു പോളിസി എടുത്തിരുന്നത്. ഗള്‍ഫില്‍ വെച്ച് മരിച്ചാല്‍ മാത്രമെ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളുവെന്ന് വ്യവസ്ഥ പോളിസിയില്‍ ഉള്ളതായി പറയപ്പെടുന്നു.
ശ്രീദേവിയുടെ മരണവും വലിയ തുകയ്ക്കുള്ള ഇന്‍ഷൂറന്‍സ് പോളിസിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആക്ഷേപം. ഈ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രീദേവിയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സിനിമാ മേഖലയില്‍ നിന്നുള്ള സുനില്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളി. ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ടെന്നും യുഎഇയില്‍ വെച്ച് മരണപ്പെട്ടാല്‍ മാത്രമെ ഈ തുക ലഭിക്കുകയുള്ളുവെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ വികാസ് സിങ് സുപ്രീം കോടതിയെ അറിയിച്ചു.
ശ്രീദേവി ദുബായിലെ ആഢംബര ഹോട്ടലിന്റെ ബാത്ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. ഫെബ്രുവരി 24നാണ് ശ്രീദേവിയുടെ മരണം. എന്തായാലും ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങള്‍ തെളിയിക്കുന്നത് തങ്ങളുടെ പ്രിയ താരത്തിന്റെ മരണത്തില്‍ ബോളിവുഡിന് സംശയങ്ങള്‍ ഉണ്ട് എന്നതാണ്.
ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഒരമ്മയെഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയെ കരയിപ്പിക്കുന്നത്. ഓട്ടിസ്റ്റിക്കായ മകന്റെ വന്യമായ പെരുമാറ്റത്തെ കുറിച്ച് കണ്ണീരോടെയാണ് ഈ അമ്മ തുറന്നുപറയുന്നത്.
പ്രീത ജി പി എഴുതിയ കുറിപ്പ്;
ഒന്നര ദിവസത്തെ ആത്മകഥ. ഇതെഴുതി പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് വരെ എനിക്ക് സ്വസ്ഥമായി ഇരിക്കാന്‍ കഴിയുമോയെന്നറിയില്ല. ഉറക്കം അവസാനിപ്പിച്ച് ഒരു വന്യമൃഗത്തെപ്പോലെ എന്റെ മുല കുടിച്ചു, എന്റെ കൈ പിടിച്ചു പിച്ചവെച്ച, എന്റെ മടിയിലിരുന്നൊരായിരം കൊഞ്ചലുകളും, ഉമ്മകളും ഏറ്റുവാങ്ങിയ അവന്‍ ഉണര്‍ന്നു വരുമോയെന്നു എന്റെ ചങ്കിടിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. എങ്കിലും എനിക്കെഴുതണം. ഓട്ടിസം പോലെയുള്ള അവസ്ഥകള്‍ അതിന്റെ ഇരകള്‍ എങ്ങനെ നേരിടുന്നുവെന്നു.
എന്തിനിവന്‍ ഇതൊക്കെ ചെയ്യുന്നു എന്നു തിരിച്ചറിയാനാവാതെ പതറി നിന്നിട്ടുണ്ട്. സ്വഭാവങ്ങളിലെ വിചിത്ര രീതികളും, വൈജാത്യങ്ങളും നമ്മുടെ അറിവുകള്‍ കൊണ്ടും, യുക്തി കൊണ്ടും മാനേജുചെയ്തും , അതിജീവിച്ചു വരുമ്പോളാകും നമ്മളെ അടിമുടി തകര്‍ക്കുന്ന പുതിയ പെരുമാറ്റ വൈകല്യങ്ങളുമായാവും അവര്‍ വരിക.
കഴിഞ്ഞ ഒരാഴ്ചയായി അവന്‍ ഇടക്ക് ഏതോ വൈകാര്യകതയുടെ ഭാഗമായി സ്വയം കടിക്കുന്നതിനൊപ്പം എന്നേയും കടിക്കാന്‍ ശ്രമിക്കുന്നു. രാവിലെയോ , വൈകുന്നേരമോ രണ്ടോ മൂന്നോ മിനിറ്റു നീളുന്ന ഒരു പ്രവര്‍ത്തി. ആദ്യ ദിനം പതറിപ്പോയി. കൈ മുഴുവന്‍ കടി കൊണ്ടു കരിനീലിച്ചു കിടന്നു. ഇത്രയും നാളത്തെ അനുഭവം വച്ചു സെന്‍സറി ഇഷ്യു ആകും എന്നു കരുതി , അതിനുള്ള ചില പൊടിക്കൈകള്‍ ചെയ്തു. എങ്കിലും ദിവസത്തില്‍ എപ്പോഴെങ്കിലും ഒരു തവണ ഒരു ഹിംസ്ര മൃഗത്തെപ്പോലെ അവനെന്നെ കടിച്ചു കീറാന്‍ വന്നു .
എന്തു ചെയ്യണമെന്നു ആലോചിച്ചപ്പോള്‍ ഒരു വഴിയേ തെളിഞ്ഞുള്ളു, തിരിച്ചു വയലന്റായി പ്രതികരിക്കുക. അല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു… അതിനു ശേഷം അവന്‍ എന്നെ കെട്ടിപ്പിടിക്കും, ഉമ്മകള്‍ കൊണ്ടു മൂടും.. എല്ലായ്‌പ്പോഴും പോലെ. മുമ്പൊക്കെ രാവിലെ ഉണരുമ്പോള്‍ ഞാന്‍ ചെയ്യുന്നതു പോലെ എന്റെ നെറ്റിയില്‍ ഉമ്മ തരും, ഇടക്ക് ഉണര്‍ന്നാല്‍പ്പോലും ചിലപ്പോള്‍ ഉമ്മ തരും, എണീറ്റു പോകുന്നതിനു മുമ്പ് എന്റെ നെറ്റിയില്‍ ഉമ്മ വയ്ക്കും, എന്നിട്ടു ഊഞ്ഞാല്‍ ആടാന്‍ പോകും. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ പാട്ടു കേട്ടുറങ്ങും. ചിലപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം എന്നെ ഒപ്പം കിടത്തും. ആ കുട്ടിയാണ് എന്നെ ഒരു വന്യ മ്യഗത്തെപ്പോലെ ആക്രമിക്കുന്നത്.
അതിനിടയിലാണ് അമ്മ പറഞ്ഞത് പരിചയത്തിലുള്ള ഒരു ഓട്ടിസ്റ്റിക്കായ കുട്ടി വല്ലാതെ വയലന്റായപ്പോള്‍ കണ്ട ഡോക്ടറെ കുറിച്ചും , ഉണ്ടായ മാറ്റത്തെ കുറിച്ചും. സിദ്ദിനെയും കൂട്ടി പുറത്തു പോകുക എളുപ്പമല്ല. അവനിഷ്ടമല്ല. എങ്കിലും ഡോക്ടറെ വിളിച്ചു, അവന് സിറ്റിംഗ് ടോളറന്‍സ് ഇല്ലാത്തതു കൊണ്ട് ഫോണില്‍ പറയട്ടെ കാര്യങ്ങള്‍ എന്നു ചോദിച്ചു കുറെ കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, കുട്ടിയെ ആരെയെങ്കിലും ഏല്‍പ്പിച്ചു നിങ്ങള്‍ തനിയെ വരൂ. ഞാന്‍ : അങ്ങനെ ഏല്‍പ്പിക്കാന്‍ ആരും ഇല്ല. കഴിഞ്ഞ ദിവസം ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ അമ്മയെ ഏല്‍പ്പിച്ചു പോയ അനുഭവം ആയിരുന്നു മുമ്പില്‍.
പിറ്റേന്ന് ഡോക്ടറെ കാണുന്നതിനു മുമ്പ് പറയാന്‍ ഉള്ളതൊക്കെ ഒരു ബുക്കില്‍ എഴുതി. അവനെ പുറത്ത് ഞാന്‍ മാനേജ് ചെയ്യാംമെന്നും, ഡോക്ടര്‍ അതൊക്കെ വായിച്ചു ക്ലാരിഫിക്കേഷന്‍ ആവശ്യപ്പെട്ടാല്‍ കൊടുത്താല്‍ മതിയല്ലോയെന്നും കരുതി. പക്ഷേ അവനെന്നെ അവിടെ നിലം തൊടീച്ചില്ല. ഡോക്ടര്‍ പെട്ടന്ന് ഞാന്‍ മരുന്നെഴുതാം. കുട്ടി വല്ലാതെ ഇറിറ്റബിളാണ്. അത് കുറയട്ടെ എന്നു പറഞ്ഞു പ്രിസ്‌ക്യപ്ഷന്‍ എഴുതി . അതിനിടക്ക് സിദ്ദ് പുറത്തേക്കോടി. ഞാന്‍ പ്രിസ്‌ക്യപ്ഷനും വാങ്ങി ഫീസ് പോലും കൊടുക്കാന്‍ മറന്ന് പുറത്തേക്കോടി.
ഇതിനിടയില്‍ അവന്‍ ഏതോ ആളുകള്‍ അവിടെ വന്ന ഓട്ടോയില്‍ കയറി ഇരിപ്പുറപ്പിച്ചു. ഡ്രൈവറെ കൊണ്ടു, വരുന്ന വഴി മരുന്നു വാങ്ങിയിച്ചു. ബസില്‍ ഇരുന്നപ്പോള്‍ ആണോര്‍ ത്തത് ഡോക്ടറുടെ ഫീസിന്റെ കാര്യം. വിളിച്ചു സോറി പറഞ്ഞു. ഇനിയും വരുമ്പോള്‍ തരാംന്നും. രാത്രിയില്‍ മരുന്നു കഴിച്ചു 8.30 ക്കുറങ്ങിയ കുഞ്ഞ് 9.45 വരെ ഉറങ്ങി. ഉണര്‍ന്നത് എന്നത്തേയും പോലെ ശാന്തമായോ , ഊഞ്ഞാലിലേക്കോ ആയിരുന്നില്ല. ഒരു തരത്തില്‍ പല്ലു തേപ്പിച്ചു കുളിപ്പിച്ചു . ബ്രേക്ക് ഫാസ്റ്റ് കൊടുത്തു.
അതിനുശേഷം മയക്കത്തിനും ഉറക്കത്തിനുമിടയില്‍ അവന്‍ വന്യമൃഗത്തെപ്പോലെ എന്നെ ഉപദ്രവിച്ചു. ഓരോ തവണയും ഞാന്‍ പലതവണ കടി കൊണ്ടു. പ്രതിരോധിക്കുന്നതിനിടയില്‍ എന്റെ നഖം കൊണ്ടുമൊക്കെ എന്റെ കുഞ്ഞിന്റെ മുഖം മുറിഞ്ഞു. ഓരോ പത്തു മിനിറ്റിലും ഇതൊക്കെ ആവര്‍ത്തിച്ചു. അവളെ കൊല്ലല്ലേ, നിന്നെ എങ്ങനയാ അവള്‍ നോക്കുന്നത്, പൊന്നു പോലയല്ലേ എന്നൊക്കെ അമ്മ അലറിക്കരഞ്ഞു.
ഇതിനിടക്ക് ചില ഡോക്ടര്‍മാരേയും സുഹൃത്തുക്കളോടുമൊക്കെ പ്രസ്തുത മരുന്ന് ഇത്തരം കേസില്‍ കൊടുക്കുന്നതാണെന്ന് ഉറപ്പു വരുത്തി. മയക്കം വിട്ടുമാറാത്തതു കൊണ്ട് അവന്റെ റൂട്ടിന്‍ , ഊഞ്ഞാലാട്ടം ഒക്കെ മുടങ്ങിയതിലുള്ള ഇറിറ്റേഷന്‍ ആകുമെന്ന എന്റെ ഒബ്‌സര്‍വേഷന്‍ ചിലപ്പോള്‍ ശരിയാകാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. എങ്കില്‍ പകുതി doze നല്കാമെന്ന് സുഹൃത്തിന്റെ ഒപ്പം ഞാന്‍ തീരുമാനിച്ചു . അങ്ങനെ ഈ രാത്രി പകുതി doze നല്കി. പക്ഷേ ഉറക്കത്തിനും മയക്കത്തിനുമിടയില്‍ വീണ്ടും അവനെന്നെ ഉപദ്രവിക്കാനെത്തി. അമ്മ അവളെ കൊല്ലല്ലേയെന്ന് അലറി കരഞ്ഞു. അവര്‍ ദ്രാന്തിയെപ്പോലെ തന്നത്താന്‍ അലച്ചു.
നീ ഏതെങ്കിലും കയത്തില്‍പ്പോയി ചാടി ചത്തോ, അവള്‍ വല്ലയിടത്തും പാത്രം കഴുകിയായാലും ജിവിക്കുമെന്നവര്‍ കരഞ്ഞു. ഞാന്‍ അമ്മയോട് നിങ്ങള്‍ അടുത്ത വീട്ടില്‍ പൊക്കോ .. ഞാന്‍ അവനെ മാനേജ് ചെയ്‌തൊളാം. ഞാന്‍ എങ്ങനെ പോകും . ‘നിന്നെ കൊല്ലുമവന്‍ … ഇതിനിടക്ക് അമ്മ അടുത്ത വീട്ടിലേക്ക് ഫോണ്‍ ചെയ്തു . കസിന്‍സ് വന്നു.. എല്ലാവരും ഇരിക്കെ ബഹളങ്ങള്‍ കുറച്ചു കുറച്ചുഅവന്‍ ഉറങ്ങാന്‍ കിടന്നു. ഞാന്‍ പതിയെ തട്ടി കൊടുത്തു . 10 30 തോടവന്‍ ഉറങ്ങി. അവരും പോയി.
നാളെ നേരം വെളുക്കുന്നതോര്‍ത്തെനിക്കു പേടിയാണ്. ഇനിയും കടി കൊള്ളാന്‍ കൈയില്‍ സ്ഥലമില്ല. ഉണരാതെ എന്നന്നേക്കും ഉറങ്ങിപ്പോകണമെന്നു ആഗ്രഹിക്കാന്‍ പോലും കഴിയില്ല. ആരവനെ എങ്ങനെ നോക്കും. മരണം പോലും ലക്ഷറിയാണ് ചിലപ്പോള്‍.
എത്ര ഫോണ്‍ കോളുകള്‍ക്കു വേണ്ടി കാത്തിരുന്നു. എത്ര പേരെ ബുദ്ധി മുട്ടിച്ചു. ശല്യമാകുമോയെന്നു ഭയന്നു. അവര്‍ എന്തു കരുതുമെന്ന് ആകുലപ്പെട്ടു. എന്നിട്ടും വിളിച്ചു ബുദ്ധിമുട്ടിച്ചു. അതിനിടക്ക് മരുന്നു തന്ന ഡോക്ടര്‍ എവിടെയെങ്കിലും കൊണ്ടു അഡ്മിറ്റ് ചെയ്തു, ഐസലേറ്റ് ചെയ്യൂ എന്ന് പറഞ്ഞു. എവിടെ എങ്ങനെ കൊണ്ടു പോകുമെന്ന് നെഞ്ചകം അലറി കരഞ്ഞു.
അവന്റെ നെറ്റിയില്‍ ഉമ്മ കൊടുത്തു എന്നത്തേയും പോലെ അവനൊപ്പം ഉറങ്ങാന്‍ ഇന്നെനിക്കു പേടിയാണ്. ഇപ്പളാണ് ഇത്തിരി ചോറുണ്ടത്. ദിവസം മുഴുവന്‍ ഒന്നും കഴിച്ചില്ല. കുളിച്ചില്ല. കുളിച്ചിട്ടുള്ള ഞങ്ങളുടെ വൈകിട്ടത്തെ നടത്തവും ഇല്ല. എന്റെ കുഞ്ഞിന്റെ മുഖം …. നുണക്കുഴികളില്‍ കുസൃതി എഴുതിയ കുഞ്ഞിമുഖം. എന്തിനാണ് എന്റെ കുഞ്ഞേ ഈ വന്യഭാവങ്ങള്‍.
ഇതെഴുതിയത് മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ്. ഓട്ടിസ്റ്റിക്കായ കുഞ്ഞുങ്ങളെ നോക്കുന്നവരോട് നിങ്ങള്‍ കരുണ ഉള്ളവരാകണം . എനിക്ക് ഉപദേശം വേണ്ട. Be bold , brave , ഈ സമയം കടന്നു പോകും എന്നൊന്നും. പറ്റുമെങ്കില്‍ ജീവിതത്തില്‍ ഇത്തരം മനുഷ്യരോടെ കരുണയുള്ളവര്‍ ആകുക. മനുഷ്യന്റെ കാരുണ്യത്തിലാണ് അതിജീവിച്ചതൊക്കെയും. ചേര്‍ത്തു നിര്‍ത്തിയ സുഹൃത്തുക്കളുടെ ധൈര്യത്തിലും…… നാളെത്തെ ദിവസം ഉണരുന്നതോര്‍ത്തൊരു ചങ്കിടിക്കുന്നുണ്ട്, ഭയാശങ്കകളാല്‍…. മരണം പോലും ആര്‍ഭാടമായ മനുഷ്യരുണ്ടി ഭൂമിയില്‍……
[ot-video][/ot-video]
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ അബദ്ധ പ്രസ്താവനകള്‍ തുടരുന്നു. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോര്‍ നോബേല്‍ പുരസ്‌കാരം തിരിച്ചു നല്‍കിയെന്നാണ് ഏറ്റവും പുതിയ പ്രസ്താവന. ഉദയ്പൂരില്‍ രവീന്ദ്ര ജയന്തി ആഘോഷവേളയിലായിരുന്നു ബിപ്ലവിന്റെ പരാമര്‍ശം. ചരിത്രത്തെക്കുറിച്ച് ഒട്ടും ധാരണയില്ലാത്തവരാണ് ബിജെപി നേതാക്കളെന്ന് ആരോപണം ശക്തമാകുന്നതിനിടെയാണ് ബിപ്ലബിന്റെ പരാമര്‍ശം പുറത്തു വരുന്നത്.
1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് സര്‍ പദവി ടാഗോര്‍ തിരിച്ചുനല്‍കിയിരുന്നു. എന്നാല്‍ 1913ല്‍ ലഭിച്ച നോബേല്‍ പുരസ്‌കാരം തിരിച്ചു നല്‍കിയതായിട്ടോ നിരസിച്ചതായിട്ടോ ചരിത്രത്തിലെവിടെയും പറുന്നില്ല. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തിത്വമെന്ന നിലയ്ക്ക് ടാഗോറിനെക്കുറിച്ചുള്ള കേവല ധാരണയെങ്കിലും ബിജെപി നേതാവിന് ഉണ്ടാകണമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.
ടാഗോറിനെക്കുറിച്ചുള്ള പരാമര്‍ശം നടത്തുന്ന വീഡിയോ വൈറലായിട്ടുണ്ട്. പ്രാചീന ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന് പ്രസ്താവനയിറക്കി സോഷ്യല്‍ മീഡയയില്‍ ട്രോള്‍ മഴ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തിയാണ് ബിപ്ലബ്. ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നെന്നുമായിരുന്നു ബിബ്ലവ് ദേബ് പറഞ്ഞിരുന്നത്.
കോട്ടയം നഗരത്തിൽ പൊലീസിനെ നോക്കുകുത്തികളാക്കി കുപ്രസിദ്ധ കുറ്റവാളി അലോട്ടിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം രണ്ട് യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു. ഏറ്റുമാനൂരിൽ എക്സൈസ് സംഘത്തെ അക്രമിച്ച സംഘമാണ് നാടെങ്ങും അക്രമം നടത്തിയത്. അലോട്ടിയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് നാടൻ ബോംബ് ഉൾപ്പെടെ പിടിച്ചെടുത്തു.
എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ചവരെ പിടികൂടാൻ പൊലീസ് നാടെങ്ങും വലവീശി കാത്തിരിക്കുമ്പോഴാണ് അതേ പ്രതികൾ നഗരത്തിൽ അഴിഞ്ഞാടിയത്. കുപ്രസിദ്ധ കുറ്റവാളി ജെയ്സ് മോൻ എന്ന അലോട്ടി യുടെ നേതൃത്വത്തിലായിരുന്നു അതിക്രമങ്ങൾ. ബുധനാഴ്ച പൊലീസ് പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെ പുറത്തിറങ്ങിയ അലോട്ടിയും കൂട്ടരും മെഡിക്കൽ കോളജിന് സമീപം യുവാവിനെ ക്രൂരമായി മർദിച്ചു. ഇവിടെ നിന്ന് മടങ്ങിയ സംഘം തിരുവാർപ്പിൽ വീടിന് നേരെ ബോംബെറിഞ്ഞു.
പിന്നാലെ എക്സൈസിന് വിവരം ചോർത്തി നൽകിയെന്നാരോപിച്ച് നഗരത്തിൽ താമസിക്കുന്ന ഷാഹുൽ ഹമീദിനെ വീട് കയറി വെട്ടി പരുക്കേൽപ്പിച്ചു. നാട്ടിൽ ഗുണ്ടകൾ വിലസുന്നത് പക്ഷെ പൊലീസ് അറിഞ്ഞില്ല. അക്രമത്തിനിരയായവർ പരാതിയുമായെത്തിയതോടെ അലോട്ടി യുടെ വീട് പരിശോധിക്കാൻ തീരുമാനിച്ചു. നാടൻ ബോംബും നിർമാണ സാമഗ്രികളും വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേറ്റേഷനുകളിലായി ഇരുപതിലേറെ കേസുകളിൽ പ്രതിയാണ് 23 വയസ് മാത്രം പ്രായമുള്ള അലോട്ടി.
അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്‌സിനു നേരെ ആസിഡ് ആക്രമണം. വ്യാഴാഴ്ച രാവിലെ ജിഷ ഷാജിയെന്ന (23) നഴ്‌സിനു നേര്‍ക്കാണ് മലയാളിയായ പ്രമോദ് ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
പ്രമോദും ജിഷയും പരിചയക്കാരാണെന്നു പറയുന്നു. ജിഷ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്നും മടങ്ങവെ പ്രമോദ് സമീപത്തെത്തി സംസാരിക്കുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു കൈയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ജിഷയുടെ നേര്‍ക്ക് ഒഴിച്ചത്
രണ്ടു വര്‍ഷം മുമ്ബാണ് ജിഷ ഹൈദരാബാദിലെത്തിയത്. ഹോസ്റ്റലില്‍ ആയിരുന്നു താമസം.
ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ (38) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബിസിനസുകാരനായ ഗുര്‍പ്രീത് സിംഗ് (42) അറസ്റ്റിലായി.
വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസാണ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. കഴുത്തുഞെരിച്ചാണ് സര്‍ബ്ജിതിന്റെ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്കിടെയാണ് സര്‍ബ്ജിത് കൊല്ലപ്പെട്ടതെന്നു വരുത്തിതീര്‍ക്കാന്‍ വീട്ടില്‍നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഗുര്‍പ്രീത് കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 16 ആണ് സര്‍ബ്ജിതിനെ ജീവനോടെ അവസാനമായി കാണുന്നത്. ഗുര്‍പ്രീതാണ് ഇവരെ അവസാനമായി കണ്ടതെന്നു പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഗുര്‍പ്രീതും മക്കളും അന്നുവൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്ബോഴാണ് സര്‍ബ്ജിതിനെ മരിച്ച നിലയില്‍ കണ്ടതെന്നായിരുന്നു മൊഴി.
ന്യൂസ് ഡെസ്ക്
സാലിസ്ബറി: മെയ് ആറാം തിയതി ഞായറാഴ്ച സാലിസ്ബറി മലയാളികൾ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാൾ ഭക്‌തിപൂർവ്വം ആഘോഷിച്ചു.സാലിസ്ബറി ബിഷപ്ഡൗണിലുള്ള ഹോളി റെഡീമെർ പള്ളിയിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ നടന്നത്.
വൈകുന്നേരം നാല് മണിക്ക് ജപമാലയോടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു.തുടർന്ന് ബഹുമാനപ്പെട്ട ഫാദർ സണ്ണി പോൾ തിരുനാൾ കുർബാന അർപ്പിച്ചു.ഹെവൻലി ബീറ്റ്സിലെ രാജേഷ് ടോമിന്റെ ഗാനങ്ങൾ തിരുനാൾ കുർബാനയെ കൂടുതൽ ഭക്‌തി സാന്ദ്രമാക്കി.
തിരുനാൾ കുർബാനക്ക് ശേഷം ലദീഞ്ഞും ഭക്തിപൂർവ്വമായ പ്രദിക്ഷണവും ഉണ്ടായിരുന്നു.സ്നേഹത്തിലും സാഹോദര്യത്തിലും എല്ലാവരും വളർന്നു വരാൻ കഴിയട്ടെയെന്ന് തിരുനാൾ സന്ദേശം നൽകിയ ഫാദർ സണ്ണി പോൾ പറഞ്ഞു.എല്ലാ വർഷങ്ങളിലും നടത്താറുള്ള കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് തിരുനാൾ പ്രദിക്ഷണത്തിനു ശേഷം നടന്നു.
കുരിയാച്ചൻ സെബാസ്റ്റിയൻ,ബിബീഷ് ചാക്കോ,ഷാജു തോമസ്,ജിനോ ജോസ്,ജോബിൻ ജോൺ,സണ്ണി മാത്യു എന്നിവരുടെ കുടുംബങ്ങളാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത്.അടുത്ത വർഷത്തെ തിരുനാൾ നടത്തുന്നത് രാജേഷ് ടോം,ജോർജ് ബോസ്,ജിൻസ് ജോർജ്,ബിനു,ബിജു മൂന്നാനപ്പള്ളിൽ എന്നിവരുടെ കുടുംബങ്ങളാണ്.
തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും പള്ളി കമ്മറ്റിക്ക് വേണ്ടി ജോർജ് ബോസ് നന്ദി പറഞ്ഞു.ഭവന സന്ദർശനത്തിന് നേതൃത്വം കൊടുക്കുകയും തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്ത ബോസിനെ ബഹുമാനപ്പെട്ട ഫാദർ സണ്ണിയും ഇടവക അംഗങ്ങളും പ്രശംസിച്ചു.എട്ടു മണിക്ക് സ്‌നേഹവിരുന്നോടെ തുരുനാൾ സമാപിച്ചു.
ലണ്ടന്‍ : യുകെയിലെ സംഗീത പ്രേമികൾ ആകാംഷാപൂർവം കാത്തിരുന്ന ” The Maestros” ന് അരങ്ങൊരുങ്ങുന്നു . ആദ്യ പരിപാടിക്ക് ഇനി ഒരു നാൾ കൂടി മാത്രം. പരിപാടിക്ക് ഒരുക്കമായി പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചൻ , ശ്രീ. വിൽസ്വരാജ് എന്നിവർ ഇന്നലെ ഉച്ചക്ക് ലണ്ടനിൽ എത്തിക്കഴിഞ്ഞു . ഹീത്രൂ വിമാനത്തവാളത്തിൽ എത്തിയ ഇവരെ V4 Entertainments UK യുടെ പേരിൽ ശ്രീ.വിനോദ് നവധാര , സോജൻ എരുമേലി , തോമസ് കാക്കശ്ശേരി എന്നിവർ ചേർന്ന് സ്വീകരിച്ചു.
മെയ് 11, 12, 13 തീയതികളിൽ ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ ആയിരിക്കും The Maestros അരങ്ങേറുക . പ്രശസ്ത സംഗീതജ്ഞനും ദേശീയ പുരസ്‌കാര ജേതാവും ആയ ശ്രീ ഔസേപ്പച്ചൻ മാഷ് നേതൃത്വം നൽകുന്ന ഈ സംഗീത സന്ധ്യയിൽ പ്രസിദ്ധ പിന്നണി ഗായകൻ ശ്രീ വിൽസ്വരാജ് , ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഡോക്ടർ വാണി ജയറാം , ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോൺടെസ്റ് ജേതാവ് രാജേഷ് രാമൻ എന്നിവർ പങ്കെടുക്കുന്നു . ഔസേപ്പച്ചൻ -രവീന്ദ്രൻ – ജോൺസൺ ത്രയത്തിന്റെ നിത്യഹരിത ഗാനങ്ങളിലൂടെ ഉള്ള ഒരു അവിസ്മരണീയയാത്ര ആയിരിക്കും ശ്രോതാക്കൾക്ക് ഈ പരിപാടി സമ്മാനിക്കുക.
ശ്രീ വിനോദ് നവധാരയുടെ നേതൃത്വത്തിൽ ഉള്ള പ്രശസ്ത ലൈവ് ഓർക്കസ്ട്ര ആയ നിസരി ആയിരിക്കും ഈ പരിപാടിയുടെ പിന്നണിയിൽ പ്രവർത്തിക്കുക . പല പ്രമുഖ സംഗീതജ്ഞരോടും ഒപ്പം ഇതിനു മുൻപും നിരവധി തവണ യുകെയിൽ അങ്ങോളം ഇങ്ങോളം ലൈവ് പരിപാടികൾ അവതരിപ്പിച്ചു പരിചയം ഉള്ളവർ ആണ് നിസരിയിലെ കലാകാരന്മാർ . ശ്രീ ഔസേപ്പച്ചൻ മാഷിനൊപ്പം നിസരിയിലെ അംഗങ്ങൾ കൂടി ചേരുമ്പോൾ സംഗീത ആസ്വാദകർക്ക് അതൊരു മറക്കാനാവാത്ത അനുഭവം ആയിരിക്കുമെന്ന് തീർച്ച . മെയ് 11 നു വൈകുന്നേരം ഏഴു മണിക്ക് ഈസ്റ്റ് ലണ്ടനിലെ ബോളിയൻ തീയറ്ററിൽ നടക്കുന്ന പരിപാടിയോടു കൂടിയിരിക്കും “The Maestros” ന് തുടക്കം കുറിക്കുക.
പിറ്റേ ദിവസം മെയ് 12 വൈകുന്നേരം 6.30 ന് വെസ്റ്റ് ലണ്ടനിലെ സംഗീതാസ്വാദകർക്കു വേണ്ടി ഹെയ്‌സിലെ നവ്‌നാത് സെന്ററിൽ വച്ചായിരിക്കും രണ്ടാമത്തെ പരിപാടി അരങ്ങേറുന്നത് . മെയ് 13 നു വൈകുനേരം സൗത്ത് ലണ്ടനിലെ ലാൻഫ്രാങ്ക് അക്കാദമിയിൽ വച്ചു നടക്കുന്ന മൂന്നാമത്തെ പരിപാടിയോടു കൂടി “The Maestros” സമാപിക്കും . നിരവധി മെഗാ ഷോകൾക്ക് ശബ്ദവും വെളിച്ചവും നൽകി പരിചയം ഉള്ള ലണ്ടനിലെ ഒയാസിസ് ഡിജിറ്റൽസാണ് പരിപാടികളുടെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത്.
അനശ്വര കലാകാരന്മാരുടെ അപൂർവ സംഗമം ആയ ഈ സംഗീത നിശയിലേയ്ക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു . For information Contact : വിനോദ് നവധാര : 07805 192891 , സോജൻ : 07878 8963384 (ഈസ്റ്റ് ഹാം) , രാജേഷ് രാമൻ : 07874 002934 (ക്രോയിഡോൺ ) , ഷിനോ : 07411143936 (ഹെയ്സ് – വെസ്റ്റ് ലണ്ടൻ)