മലപ്പുറത്ത് എടപ്പാളിലെ തിയറ്ററിനുള്ളിൽ ബാലികയ്ക്ക് നേരെ ലൈംഗിക പീഡനം നടത്തിയ മധ്യവയസ്‌ക്കനെതിരെ കേസെടുത്തു. മലപ്പുറം തൃത്താല സ്വദേശി മൊയ്തീനെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണ ചുമതല എഡിജിപിയ്ക്ക് നൽകിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിൽ 18 നാണ് മനുഷ്യമനഃസാക്ഷിയെ നടുക്കിയ ലൈംഗിക വൈകൃതം അരങ്ങേറിയത്. കേവലം പത്ത് വയസ് മാത്രം തോന്നിക്കുന്ന പെൺകുട്ടിയെ തിയറ്ററിനുള്ളിൽ രണ്ടര മണിക്കൂറോളം ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കുകയായയിരുന്നു.
ആഡംബര വാഹനത്തിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഒരു സ്വകാര്യചാനൽ വാര്‍ത്ത പുറത്തുവിട്ടത്. ഏപ്രിൽ18 ന് നടന്ന സംഭവം തെളിവുകൾ സഹിതം തിയറ്റർ ഉടമകൾ ഏപ്രിൽ 26ന് തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അതേസമയം ദൃശ്യങ്ങൾ പുറത്ത് വിട്ടതോടെ പൊലീസ് കേസ് എടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.
പോക്‌സോ നിയമപ്രകാരം ചങ്ങരംകുളം പൊലീസാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഏപ്രിൽ 18 നു നടന്ന സംഭവത്തിൽ 16 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് പോലീസ് ഇപ്പോൾ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തിയറ്ററിലെത്തിയ കുട്ടിക്കൊപ്പം 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഇവർ കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. 10 വയസ്സിലധികം പ്രായം തോന്നിക്കാത്ത കുട്ടി തനിക്ക് ചുറ്റും നടന്നത് എന്താണെന്ന് മനസ്സിലാകാതെ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് എന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
സംഭവത്തിൽ പ്രതികരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസിന് പരാതി നൽകി. രണ്ടര മണിക്കൂറിലേറെ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ മുഴുവനും തിയറ്ററിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കെ എല്‍ 46 ജി 240 എന്ന ബെന്‍സ് കാറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യക്തി തിയേറ്ററില്‍ എത്തിയത്. മൊയ്തീൻ കുട്ടി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ നിന്ന് വ്യക്തമാണ്. അതേസമയം ഈ വാഹനം ഇയാളുടെ സ്വന്തമാണോ അല്ലയോ എന്നത് വ്യക്തമല്ല.
പൊലീസ് കേസ് എടുക്കാതായതോടെ തിയേറ്റർ അധികൃതർ ഈ ദൃശ്യം ചൈൽഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സംഭവം പുറം ലോകം അറിഞ്ഞതോടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ അറിയിച്ചു.
മഹാനടി ഇരുവരുടെയും ചലച്ചിത്രജീവിതത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. മലയാളത്തിന്റെ പ്രഭ തെലുങ്കില്‍ വിജയക്കൊടി പാറിക്കുമ്പോള്‍ അഭിന്ദനപ്രവാഹമാണ് ലോകമെമ്പാടും. എസ്.എസ്. രാജമൗലിക്ക് പിന്നാലെ ഇരുവരെയും അഭിന്ദനം കൊണ്ട് മൂടിയിരിക്കുകയാണ് മോഹന്‍ലാല്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ലാല്‍ ഇരുവരെയും അഭിനന്ദിച്ചത്. ‘മഹാനടിയെക്കുറിച്ച് എങ്ങും മികച്ച അഭിപ്രായങ്ങള്‍ കേട്ടു. എനിക്ക് അത്രമേല്‍ പ്രിയപ്പെട്ട എന്റെ കുടുംബത്തിലെ ഇൗ രണ്ടുപേര്‍, ദുല്‍ഖറും കീര്‍ത്തിയും. ഇരുവരെയും ഓര്‍ത്ത് സന്തോഷം. ഞാന്‍ എത്രയും വേഗം ചിത്രം കാണും’. പിന്നാലെ വന്നു ദുല്‍ഖറിന്റെ മറുപടി. ‘ഇൗ സ്നേഹത്തിനും പിന്തുണക്കും നന്ദി പ്രിയ ലാലേട്ടാ…’
മലയാളത്തിന് അഭിമാനനിമിഷമെന്ന് പറയത്തക്ക വിധം മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ് മഹാനടി. സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളാണ് മോഹന്‍ലാലിന് ഇരുവരും. അത്രത്തോളം അടുപ്പം കാത്തുസൂക്ഷിക്കുന്നവര്‍. ആ കുടുംബത്തില്‍ നിന്നുള്ള ഇളമുറക്കാരുടെ നേട്ടത്തെ മോഹല്‍ലാല്‍ അഭിനന്ദിച്ചത് ആരാധകര്‍ക്കും ഉല്‍സവമായി. മണിക്കൂറുകള്‍ക്കുള്ളില്‍ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു. കേരളത്തില്‍ ഇന്ന് റിലീസ് ചെയ്ത് തമിഴ് പതിപ്പിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബ്രഹ്മാണ്ഡ സംവിധായകന്‍ രാജമൗലിയും ആദ്യ ദിനം തന്നെ ഇരുവരെയും അഭിന്ദിച്ച് രംഗത്തെത്തിയിരുന്നു.
ചിത്രം കണ്ടശേഷം ഞാന്‍ ദുല്‍ഖറിന്റെ ആരാധകനായി തീര്‍ന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് സാവിത്രിയായുള്ള കീര്‍ത്തി സുരേഷിന്റെ അഭിനയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ അതുല്യപ്രതിഭയെ ജീവിതത്തിലേക്ക് കീര്‍ത്തി മടക്കി കൊണ്ടുവന്നു. രാജമൗലിയുടെ ഇൗ ട്വീറ്റിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയും വൈറലായിരുന്നു. ‘ഞാന്‍ താങ്കളുടെ ഒരു ഫാന്‍ ആണ്. താങ്കളില്‍ നിന്നും ഇങ്ങനെ കേള്‍ക്കുന്നത് വളരെ വല്യ കാര്യമാണ്. താങ്കളുടെ ഈ വാക്കുകള്‍ക്ക് വളരെ നന്ദി’ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി പോസ്റ്റ്.
തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായിരുന്ന സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് സിനിമാ പ്രവേശനത്തിന് തുടക്കം കുറിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, സാമന്ത, കാജള്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് ലോകമെമ്പാടും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബുധനാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. ആന്ധ്രയ്ക്കും തെലുങ്കാനയ്ക്കുമൊപ്പം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ഇതിനൊപ്പം യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി.
യുഎസില്‍ നടന്ന പെയ്ഡ് പ്രിവ്യൂ പ്രദര്‍ശനങ്ങളുടെ ബോക്‌സ്ഓഫീസ് റിപ്പോര്‍ട്ട് പുറത്തുവന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ദുല്‍ഖര്‍ വിദേശത്ത് മലര്‍ത്തിയടിച്ചത് അല്ലു അര്‍ജുന്റെ നാ പേര് സൂര്യ എന്ന ചിത്രത്തെയാണ്. റിലീസിന് തലേന്ന് മിക്ക പ്രധാന തെലുങ്ക് റിലീസുകള്‍ക്കും യുഎസില്‍ പെയ്ഡ് പ്രിവ്യൂകള്‍ നടത്താറുണ്ട്. സാധാരണ ടിക്കറ്റ് ചാര്‍ജിനേക്കാള്‍ കൂടുതലാവും ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് തീയേറ്ററുകാര്‍ ഈടാക്കുക. ഈ സീസണിലെ പ്രധാന തെലുങ്ക് റിലീസായിരുന്ന ചിത്രത്തിന് യുഎസില്‍ മാത്രം 150 സ്‌ക്രീനുകളാണ് ലഭിച്ചത്. അവിടങ്ങളിലെ പ്രിവ്യൂ പ്രദര്‍ശനങ്ങളില്‍നിന്ന് ലഭിച്ചത് 3.03 ലക്ഷം ഡോളറും (2.04 കോടി രൂപ). പ്രിവ്യൂ കളക്ഷനില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുന്റെ ഏറ്റവും പുതിയ ചിത്രം ‘നാ പേര് സൂര്യ’യെ ‘മഹാനടി’ മറികടന്നു. 2.14 ലക്ഷം ഡോളറായിരുന്നു (1.43 കോടി രൂപ) അല്ലു അര്‍ജ്ജുന്‍ ചിത്രത്തിന്റെ യുഎസ് പ്രിവ്യൂ കളക്ഷന്‍.
ബംഗളുരു: കര്‍ണാടക വോട്ടെടുപ്പ് പുരോഗമിക്കവെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ. മെയ് 17 ന് താന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് യെദ്യൂരപ്പ് മാധ്യമങ്ങളോട് പറഞ്ഞത്.
ശിക്കാരിപുരയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് യെദ്യൂരപ്പ. ‘തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ 15ന് തന്നെ ഞാന്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകും. 17ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഞാന്‍ അദ്ദേഹത്തേയും മറ്റുള്ളവരേയും ക്ഷണിക്കും.’ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്.
224 അംഗ നിയമസഭയില്‍ 145 മുതല്‍ 150 സീറ്റുകള്‍ വരെ തങ്ങള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘സംസ്ഥാനം മുഴുവന്‍ മൂന്നുതവണ ഞാന്‍ പര്യടനം നടത്തി. വലിയ മാര്‍ജിനില്‍ വിജയിക്കുമെന്ന് 100% വിശ്വാസമുണ്ട്. ഈ വൈകുന്നേരം തന്നെ എക്‌സിറ്റ് പോള്‍ എന്തു പറയുന്നുവെന്ന് നിങ്ങള്‍ക്ക് കാണാം’ എന്നും അദ്ദേഹം പറഞ്ഞു.
2008ല്‍ കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തിയ സമയത്ത് 75കാരനായ യെദ്യൂരപ്പയായിരുന്നു മുഖ്യമന്ത്രി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2011ലാണ് അദ്ദേഹം രാജിവെച്ചത്.
ഇന്നു രാവിലെയാണ് കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാന്‍ വഴിയൊരുക്കുന്നതാകും ഈ തെരഞ്ഞെടുപ്പ്.
രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
4.96 കോടിയിലേറെ വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 2.52 കോടി പുരുഷ വോട്ടര്‍മാരും 2.44 കോടി സ്ത്രീ വോട്ടര്‍മാരുമാണ്. 4552 പേര്‍ ട്രാന്‍സ്‌ജെന്ററുകളുമാണ്.
55600ലേറെ വോട്ടിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ വൈദിക സമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിനഡിന് വൈദികരുടെ കത്ത്. സുതാര്യമായ തെരഞ്ഞെടുപ്പല്ല നടന്നതെന്നും ചട്ടങ്ങളും മര്യാദകളും ലംഘിച്ചാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് വൈദികര്‍ സിനഡിന് പരാതി നല്‍കിയത്.
‘ചുമതലപ്പെടുത്താത്ത കാര്യങ്ങളിലുള്‍പ്പെടെ വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പ്രസ്താവനകള്‍ നടത്തുകയും വൈദിക സമിതിയുടെ പേരില്‍ പരാതി നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിന് സമിതിയുടെ മുഴുവന്‍ പിന്തുണയില്ല.’
സീറോ മലബാര്‍ സഭാ ഭൂമിയിടപാടിനെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. അതിരൂപതയുടെ കടം വീട്ടുന്നതിനായി എല്ലാ വൈദികരും ഒരു മാസത്തെ അലവന്‍സ് സംഭാവന ചെയ്യണമെന്ന് സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അറിയിച്ചിരുന്നു. ഈ നിര്‍ദേശം ഭൂമി ഇടപാട് പ്രശ്നം ഒരിക്കലും അവസാനിക്കാതിരിക്കാനും അതുവഴി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കാനുമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഭൂമി ഇടപാടിനെ തുടര്‍ന്ന് ഇടനിലക്കാരനായി സാജു വര്‍ഗീസ് കോടികളാണ് സഭയ്ക്ക് നല്‍കാനുള്ളത്. ഇത് ലഭിക്കാതെ വന്നപ്പോള്‍ സാജുവിന്റെ പേരില്‍ കോട്ടപ്പടിയിലുള്ള ഭൂമി സഭ ഈടായി വാങ്ങിയിരുന്നു. ഉടന്‍ തന്നെ ഈ ഭൂമി വിറ്റ് സഭയുടെ കടങ്ങള്‍ തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും മുതിര്‍ന്ന വൈദികര്‍ സിനഡിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.
നേരത്തെ അങ്കമാലി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ സീറോ മലബാര്‍സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ആലഞ്ചേരി പങ്കെടുക്കുന്ന യോഗങ്ങള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനമായിരിക്കുന്നത്. കര്‍ദ്ദിനാള്‍ ഇടപെട്ട ഭൂമിയിടപാട് കേസില്‍ അന്തിമപരിഹാരമാകുന്നതുവരെ ബഹിഷ്‌കരണം തുടരുമെന്നാണ് വൈദികരുടെ യോഗം തീരുമാനിച്ചിരിക്കുന്നത്.
ഭാവന ബിജെപിയില്‍ ചേര്‍ന്നത് അറിഞ്ഞതോടെ ചിലര്‍ താരത്തെ തെറിവിളിക്കാന്‍ തുടങ്ങി. മറ്റ് ചിലര്‍ പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ ഏതു ഭാവനയാണെന്ന് നോക്കാതെയാണ് എല്ലാം നടന്നത്. കന്നട നടി ഭാവന രാമണ്ണയാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ തെറി മുഴുവന്‍ ലഭിച്ചത് മലയാളി നടി ഭാവനയ്ക്കും.
മലയാളി നടി ഭാവന പാര്‍ട്ടിയില്‍ അംഗമായെന്ന് അറിഞ്ഞതോടെ സംഭവം കേട്ടപാതി കേള്‍ക്കാത്തപാതി ഒരൂ കൂട്ടം പേര്‍ ഭാവനയുടെ ഫെയ്‌സ്ബുക്ക് വാളിലേക്ക് വച്ചുപിടിച്ചു. പിന്നെ കമന്റുകളുടെ പൂരമായിരുന്നു.
‘നാണമുണ്ടോ സംഘികളുടെ കൂടെ വോട്ട് തെണ്ടാന്‍? നിന്റെയൊക്കെ ഒറ്റ പടം ഇന്ത്യയില്‍ ഇറക്കാന്‍ വിടില്ല, വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബിജെപിയോടൊപ്പം കൂടിയ ഭാവന മലയാളികള്‍ക്ക് ആകെ അപമാനമാണ്’ എന്നിങ്ങനെ പോയി കമന്റുകള്‍. ഭാവനയുടെ അക്കൗണ്ടില്‍ തെറിവിളിച്ചവരും അക്കൗണ്ട് കിട്ടാത്തവര്‍ ഭര്‍ത്താവ് നവീനിന്റെ അക്കൗണ്ടിലും രൂക്ഷമായ കമന്റുകളുമായെത്തി. നടിയുടെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വരെ കൂട്ടിക്കുഴച്ച് അശ്ലീലം പറഞ്ഞവരും കുറവല്ല.
ഇതിനിടെ നടി മാറിപ്പോയെന്ന് മനസിലാക്കിയ ചിലര്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും സംഭവം കൈവിട്ടു പോയിരുന്നു.
തിരുവനന്തപുരം: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ വിവരം അറിയിക്കണം. ഫോണ്‍: 9497990035.
ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടുവെന്ന വിവരത്തെതുടര്‍ന്ന് അന്വേഷണസംഘം ബംഗളൂരുവിലും തുടര്‍ന്ന് മൈസൂരിലേക്കു കടന്നുവെന്ന സൂചനയില്‍ അവിടെയും തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനാകാതെ പോലീസിനു തിരിക്കേണ്ടി വന്നു. ധര്‍മാരാമിലെ ആശ്വസഭവവനിലും നിംഹാന്‍സ് ആശുപത്രിയിലും കണ്ടുവെന്ന സൂചനയില്‍ അവിടുത്തെ സിസിടിവിയില്‍ പരിശോധിച്ചുവെങ്കിലും ജെസ്‌നയുടെ മുഖം പതിഞ്ഞിട്ടില്ലെന്ന് വടശ്ശേരിക്കര സിഐ എംഐ ഷാജി പറഞ്ഞു. ആശ്രമത്തില്‍ ജെസ്‌നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശി ഒഴികെ മറ്റാര്‍ക്കും ജെസ്‌നയെ കണ്ടതായി ഓര്‍മ്മയില്ല.
ജെസ്‌ന കേസ് അന്വേഷിക്കുന്ന സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ജെസ്‌നയ്‌ക്കൊപ്പം തൃശ്ശൂര്‍ സ്വദേശിയായ യുവാവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് ഒരു സംഘം തൃശ്ശൂരിലും അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം.
കൊച്ചി: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അമ്മ രംഗത്ത്. രാഷ്ട്രീയ ഗൂഡാലോചന അനുസരിച്ചാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് എന്നും അമ്മ ആരോപിച്ചു. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ വച്ചാണ് ഗൂഡാലോചന നടന്നത്.
പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാക്കളായ ഭരതന്‍, ബെന്നി, തോമസ് ഉള്‍പ്പടെയുള്ളവര്‍ യോഗം ചേര്‍ന്നാണ് പ്രതിപ്പട്ടിക തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം പ്രിയയുടെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇത്തരത്തില്‍ ശ്രീജിത്ത് ഉള്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയെന്നും അന്വേ,ണം ഇവരിലേക്ക് നീങ്ങണമെന്നും
ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍, ജോര്‍ജ്ജിന്റെ സസ്പെന്‍ഷന്‍ മതിയാവില്ലെന്നും കേസില്‍ പ്രതിചേര്‍ക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ആവശ്യപ്പെട്ടു.
കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍, ജോര്‍ജ്ജിനെ സസ്പെന്റ് ചെയ്താല്‍ പോരെന്നും പ്രതിചേര്‍ക്കണമെന്നും ശ്യാമള മാധ്യമങ്ങളോട് പറഞ്ഞു.
സ്വാധീനം ഉപയോഗിച്ച് എ.വി ജോര്‍ജ് രക്ഷപ്പെടുമോ എന്ന് ആശങ്കയുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ആശങ്ക പ്രകടിപ്പിച്ചു. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഉന്നതര്‍ രക്ഷപെടുവാനുള്ള സാധ്യത ഒഴിവാക്കുന്നതിന് കേസ് സിബിഐക്ക് വിടണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പ്രിയ ഭരതന്‍ ഇവരുടെ ആരോപണങ്ങള്‍ നിഷേധിച്ചു.
അജ്മീര്‍: സ്വാതന്ത്ര്യസമര സേനാനി ലോക്മാന്യ ബാല ഗംഗാധര തിലകിനെ അപമാനിച്ച് രാജസ്ഥാനിലെ പാഠപുസ്തകം. ബാല്‍ ഗംഗാധര തിലക് ‘ഭീകരവാദത്തിന്റെ പിതാവ് ‘ ആണെന്ന് രജസ്ഥാനിലെ എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ പറയുന്നു. സോഷ്യല്‍ സ്റ്റഡീസിന്റെ 22ാം അധ്യായത്തിലാണ് വിവാദ പാഠഭാഗം. 18 ഉം 19ഉം നൂറ്റാണ്ടുകളില്‍ നടന്ന ദേശീയ പ്രസ്ഥാനത്തെ കുറിച്ചുള്ള പാഠത്തിലെ ഒരു ഉപ അധ്യായത്തിലാണ് തിലകിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.
ദേശീയ പ്രസ്ഥാനത്തിലേക്ക് വഴി തെളിച്ചത് തിലകാണ്. അതുകൊണ്ട് അദ്ദേഹത്തെ ‘ഭീകരവാദത്തിന്റെ പിതാവ് ‘എന്നു വിളിക്കാമെന്നും പുസ്തകത്തിലെ 267ാം പേജില്‍ പറയുന്നു.
രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന് കീഴിലുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ വിതരണം ചെയ്യുന്നതാണ് ഈ പുസ്തകം. മഥുരയിലെ ഒരു പ്രസാധകരാണ് പുസ്തകമിറക്കിയിരിക്കുന്നത്.
‘ബ്രിട്ടീഷുകാരോട് അപേക്ഷിച്ചുകൊണ്ട് മാത്രം ഒന്നും നേടാന്‍ കഴിയില്ലെന്ന് തിലക് വിശ്വസിച്ചിരുന്നു. ശിവാജി, ഗണപതി ഉത്സവങ്ങള്‍ വഴി രാജ്യത്തെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം പ്രചരിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്ര്യം എന്ന മന്ത്രം അദ്ദേഹം കൊണ്ടുവന്നു. അതുവഴി ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയെന്നും’ പുസ്തകത്തില്‍ തുടര്‍ന്ന് പറയുന്നു.
പുസ്തകത്തിലെ പരാമര്‍ശത്തെ അപലപിച്ച് സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ രംഗത്തെത്തി. ഇത്തരം മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന് മുന്‍പ് ചരിത്രകാരന്മാരുമായി ആലോചിക്കുക എങ്കിലും വേണമെന്ന് സ്‌കൂള്‍ അസോസിയേഷന്‍ പറയുന്നു.
പുസ്തകത്തിന്റെ വിവാദ പേജ് ട്വീറ്റ് ചെയ്താണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്തെത്തിയത്. തെറ്റു തിരുത്താനും കുറ്റക്കാരെ ശിക്ഷിക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് സിംഗ് ആവശ്യപ്പെട്ടു.
ഇതാദ്യമായാല്ല രാജസ്ഥാന്‍ പാഠപുസ്തകത്തില്‍ മണ്ടത്തരങ്ങള്‍ കടന്നുകൂടുന്നത്. 2017ല്‍ ഹിന്ദുത്വ ആശയവാദത്തിന്റെ നേതാവ് വീര്‍ സവാര്‍ക്കറെ പുകഴ്ത്തിയ പുസ്തകം സംസ്ഥാന സിലബസ് പുറത്തിറക്കിയിരുന്നു. ഗാന്ധിയ്ക്കും നെഹ്‌റുവിനും ഈ പുസ്തകത്തില്‍ ഒരു മൂലയിലായിരുന്നു സ്ഥാനം.
ലോകത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഇകൊമേഴ്‌സ് ഏറ്റെടുക്കലിലൂടെയാണ് വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കിയിരിക്കുന്നത്. 16 ബില്യണ്‍ ഡോളറിന്റെ ഇടപാടിലൂടെ ഫ്ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് സ്വന്തമാകും. ഇടപാടുകൾ പൂർത്തിയാകുന്നതോടെ 2080 കോടി ഡോളർ (ഏകദേശം 1.4 ലക്ഷം കോടി) മൂല്യമുള്ള കമ്പനിയായി ഫ്ലിപ്കാർട്ട് മാറും. ആരംഭിച്ച് 11 വര്‍ഷത്തിനുള്ളില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഫ്ലിപ്കാര്‍ട്ട് നേടിയത്.
ആമസോണില്‍ പണിയെടുത്തിരുന്ന ഇന്ത്യക്കാരായ സച്ചിന്‍ ബന്‍സാലിന്റെയും ബിന്നി ബന്‍സാലിന്റെയും തലയിലുദിച്ചതാണ് ഇന്ത്യക്കാര്‍ക്കൊരു ഇ–കൊമേഴ്‌സ് വെബ്‌സൈറ്റ് എന്ന ആശയം. ഐഐടി ബിരുദദാരികളായ ഇവര്‍ തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ആമസോണില്‍ നിന്നും രാജിവെക്കുകയായിരുന്നു. 2007ലാണ് സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഫ്ലിപ്കാര്‍ട്ട് ആരംഭിക്കുന്നത്.
രണ്ട് ബെഡ്‌റൂം ഫ്ലാറ്റില്‍ ആരംഭിച്ച ആദ്യ ഓഫീസില്‍ നിന്നും ഒരു പതിറ്റാണ്ടിനുള്ളില്‍ 8.3 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഓഫീസിലേക്കെത്തിയിരിക്കുന്നു ഫ്ലിപ്കാര്‍ട്ടിന്റെ വളര്‍ച്ച. ബംഗളൂരുവിലാണ് ഫ്ലിപ്കാര്‍ട്ടിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വാള്‍മാര്‍ട്ടിന്റെ വാഗ്ദാനമാണ് അവര്‍ സ്വീകരിച്ചത്. ഫ്ലിപ്കാര്‍ട്ടിന് പിന്നിലെ ചില വസ്തുതകള്‍.
∙ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഛത്തീസ്ഗഡില്‍ നിന്നുള്ളവരാണെങ്കിലും, അവരുടെ പേരുകള്‍ തമ്മില്‍ സാമ്യമുണ്ടെങ്കിലും അവര്‍ തമ്മില്‍ നേരിട്ട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഐഐടി ഡല്‍ഹിയില്‍ നിന്നും വ്യത്യസ്ഥ ബാച്ചുകളിലായാണ് ഇവര്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ആമസോണില്‍ വെച്ചായിരുന്നു ഇവര്‍ സുഹൃത്തുക്കളായത്. ഇവരുടെ സൗഹൃദം പിന്നീട് ആമസോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ എതിരാളിയായ ഫ്ലിപ്കാര്‍ട്ടിന്റെ പിറവിക്ക് കാരണമായി.
∙ ബെംഗളൂരുവിലെ കോറമന്‍ഗല മേഖലയിലെ ഒരു 2 ബെഡ്‌റൂം ഫ്ളാറ്റിലായിരുന്നു ഫ്ലിപ്കാര്‍ട്ടിന്റെ തുടക്കം. ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറായാണ് ഫ്ലിപ്കാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയത്. ലളിതമായ രീതിയിലായിരുന്നു പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഇ–കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാര്‍ട്ടിന്റെ തുടക്കം.
∙ ആദ്യമായി ഫ്ലിപ്കാര്‍ട്ട് ഓഫീസ് തുടങ്ങുന്നത് 2008ല്‍ ബെംഗളൂരുവിലാണ്. പിന്നീട് ഡല്‍ഹിയിലും മുംബൈയിലും ഫ്ലിപ്കാര്‍ട്ട് ഓഫീസ് തുറന്നു. കഴിഞ്ഞ മാസമാണ് 8.3 ലക്ഷം ചതുരശ്ര അടിയുടെ ആസ്ഥാനമന്ദിരം ഫ്ലിപ്കാര്‍ട്ട് ബെംഗളൂരുവില്‍ ആരംഭിക്കുന്നത്.
∙ ആദ്യത്തെ ഒൻപത് വര്‍ഷക്കാലം ഫ്ലിപ്കാര്‍ട്ടിന്റെ സിഇഒ സച്ചിനായിരുന്നു. 2016ല്‍ സച്ചിന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായതോടെ ബിന്നി സിഇഒ ആയി.
∙ തങ്ങളുടെ എതിരാളികളായിരുന്ന മിന്ദ്രയെ 2014ല്‍ 300 മില്യണ്‍ ഡോളര്‍ നല്‍കി ഫ്ലിപ്കാര്‍ട്ട് സ്വന്തമാക്കി. മറ്റൊരു ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്‌ലനറായ ജബോങിനെ 70 മില്യണ്‍ ഡോളറിന് 2016ലാണ് ഫ്ലിപ്കാര്‍ട്ട് വാങ്ങിയത്.
∙ 2017ല്‍ ഇബേയെ കൂടി 500 മില്യണ്‍ ഡോളറിന് ഫ്ളിപ്കാര്‍ട്ട് വാങ്ങി.
∙ ജപ്പാനിലെ സോഫ്റ്റ്ബാങ്കാണ് ഫ്ളിപ്കാര്‍ട്ടിലെ ഏറ്റവും വലിയ നിക്ഷേപകന്‍. 23-24 ശതമാനം ഓഹരികളാണ് സോഫ്റ്റ് ബാങ്കിന്റെ പക്കലുള്ളത്. ദക്ഷിണാഫ്രിക്കയിലെ ഇന്റര്‍നെറ്റ് മാധ്യമ കമ്പനിയായ നാസ്‌പേഴ്‌സിന് ഫ്ളിപ്കാര്‍ട്ടില്‍ 13 ശതമാനം ഓഹരിയുണ്ട്. അമേരിക്കന്‍ കമ്പനികളായ ഹെഡ്ജ് ഫണ്ട് ടൈഗര്‍ ഗ്ലോബല്‍, ആസല്‍ പാര്‍ട്‌ണേഴ്‌സ്, ചൈനീസ് കമ്പനിയായ ടെസെന്റ് ഹോള്‍ഡിങ്‌സ്, മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ എന്നിവരാണ് ഫ്ലിപ്കാര്‍ട്ടിലെ മറ്റു പ്രധാന നിക്ഷേപകര്‍.
ഇന്‍ഡിഗോ-എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍. പൈലറ്റുമാര്‍ കൃത്യസമയത്ത് ഇടപെടല്‍ നടത്തിയിരുന്നില്ലെങ്കില്‍ ഇരുവിമാനങ്ങളും കൂട്ടിയിടിക്കുമായിരുന്നു. ഇരുവിമാനങ്ങളും 700 മീറ്റര്‍ മാത്രം അകലത്തില്‍ എത്തി. വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഓട്ടോമാറ്റിക്ക് അപായ സന്ദേശം വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് ലഭിച്ചതാണ് ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്. കൊല്‍ക്കത്തയില്‍ കഴിഞ്ഞ രണ്ടാം തിയതിയാണ് സംഭവമുണ്ടായത്.
ഇന്‍ഡിഗോ എയര്‍ബസ് എ320വും എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡിയുമാണ് ആകാശത്തു നേര്‍ക്കു നേര്‍ വന്നത്. കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്കു പോകുകയായിരുന്ന ഇന്‍ഡിഗോയുടെ വിമാനം. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വിമാനത്തിലെ ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (ടിസിഎഎസ്) മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ ഇരുവിമാനങ്ങളും ഏതാണ്ട് 8300 അടി ഉയരത്തിലായിരുന്നു. അപായ സിഗ്‌നല്‍ ലഭിച്ചയുടന്‍ ഇരുവിമാനങ്ങളും സുരക്ഷിതമായ അകലത്തിലേക്ക് പൈലറ്റുമാര്‍ മാറ്റി. അപകടരമായ സാഹചര്യം എങ്ങനെയുണ്ടായെന്നത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം മാത്രമെ വ്യക്തമാകുവെന്ന് അധികൃതര്‍ അറിയിച്ചു.