ആലപ്പുഴ: കാണാതായ യുവതിയുമായി മടങ്ങുകയായിരുന്ന പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. കണ്ടെത്തിയ യുവതി ഹസീന (30), കൊട്ടിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ശ്രീകല (30), സ്വകാര്യ കാറിന്റെ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. ഹസീനയും ശ്രീകലയും ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.
അമ്പലപ്പുഴയ്ക്ക് സമീപം കരൂരിലാണ് സംഭവം. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഹസീന എന്ന യുവതിയെ കണ്ടെത്തി തിരിച്ചു കൊണ്ടു വരുന്ന വഴിയാണ് അപകടം. കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ നിസാറിന് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അങ്കമാലിയില്‍ നിന്ന് ഹസീനയെ കണ്ടെത്തി വരും വഴി വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് അപകടമുണ്ടായത്. കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൊച്ചി: സഹായിക്കാനായി പലരും തന്റെ അക്കൗണ്ടിലേക്കയച്ച പണം മുഴുവനും തിരിച്ചുകൊടുക്കുമെന്ന് ഹനാന്‍. സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്‍. ‘ എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്.’ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ആണ് ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കോളേജ് യൂണിഫോമില്‍ മീന്‍വിറ്റ് വൈറലായ ഹനാൻന്റെ അഭ്യർത്ഥന. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളില്‍ തകര്‍ന്നാണ് ഹനാന്‍ എന്ന പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹനാനെക്കുറിച്ചുള്ള വാര്‍ത്ത ഒരു മാധ്യമത്തില്‍ വന്നതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലടക്കം ഹനാന്‍ വൈറലാകുകയായിരുന്നു. അക്കൗണ്ട് നമ്പര്‍ കൊടുത്ത് കാശുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം വന്നതിനു പിന്നാലെയാണ് ഹനാന്‍ വിശദീകരണം നല്‍കിയത്.
അധ്യാപകരോടും മറ്റും ചോദിച്ചിട്ടാണ് താന്‍ അക്കൗണ്ട് നമ്പര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്. തന്റെ അക്കൗണ്ടിലേക്കും ആരും പണം അയയ്ക്കരുതെന്നും ആ പണം ആരാണോ അയച്ചത് അവര്‍ക്ക് തിരികെ നല്‍കാമെന്നും ക്രൂശിക്കരുതെന്നും ഹനാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തന്നെ ജോലിയെടുത്ത് ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി. 21 വയസുകാരിയായ തന്നെ മാനസികമായി പീഡിപ്പിക്കരുതെന്നും ഹനാന്‍ പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍കൊണ്ട് ആവശ്യത്തിലധികം പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ അനുഭവിച്ചു കഴിഞ്ഞു.
അതേസമയം തമ്മനത്ത് മീന്‍ വില്‍ക്കാനെത്തിയ തന്നെ പോലീസ തടഞ്ഞുവെന്നും ഹനാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മറ്റു വരുമാനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കച്ചവടം തുടരുമെന്നും ഹനാന്‍ വ്യക്തമാക്കി. താന്‍ ഇതുവരെ കച്ചവടം നടത്തിയെടുത്ത് കച്ചവടം തുടരാനാകില്ലെന്നാണ് പോലീസ് തന്നെ അറിയിച്ചത്. എന്നാല്‍ ഒരു കടമുറി ഇട്ടിട്ടായാലും താന്‍ മീന്‍ കച്ചവടം തുടരുമെന്ന് ഹനാന്‍ പറഞ്ഞു.
അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.
ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട പത്തൊൻപതുകാരിയുടെ വീട്ടിൽ ഡിന്നറിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ വിദ്യാർത്ഥി ഓസ്ട്രേലിയയിൽ ക്രൂരമായി കൊല്ലപ്പെട്ടു. മൗലിൻ റാത്തോഡ് (25) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. സംഭവത്തിൽ പത്തൊൻപതുകാരിയെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ അക്കൗണ്ടന്റ് വിദ്യാർത്ഥിയായിരുന്ന മൗലിൻ റാത്തോഡിന് തിങ്കളാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ് റാത്തോഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു.
പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിക്കെതിരെ കൊലപാതകം അടക്കമുളള കുറ്റം ചുമത്തിയേക്കും. നാല് വർഷം മുൻപാണ് പഠനത്തിനായി റാത്തോഡ് മെൽബണിലെത്തിയത്. ശാന്തശീലനും എല്ലാവരോടും സൗമ്യതയോടും പെരുമാറുന്ന പ്രകൃതമായിരുന്നു റാത്തോഡിനുണ്ടായിരുന്നതെന്ന് സുഹൃത്ത് ലൗപ്രീത് സിങ് പറഞ്ഞു. ഏകമകനായിരുന്ന റാത്തോഡിന്റെ മരണത്തിന്റെ ഷോക്കിലാണ് മാതാപിതാക്കൾ. പഠിക്കാൻ വളരെ മിടുക്കനായിരുന്നു റാത്തോഡെന്ന് സുഹൃത്തുക്കൾ പറയുന്നു.
ചെക്ക് മടങ്ങിയ സംഭവത്തിൽ സീരിയൽ നടി അറസ്റ്റിൽ. അനിഷ എന്നറിയപ്പെടുന്ന പൂർണിമയാണ് അറസ്റ്റിലായത്. പൂർണിമയും ഭർത്താവ് ശക്തിമുരുകനും ചേർന്നു കെകെ നഗറിലുള്ള പ്രശാന്ത് കുമാറിനെ പറ്റിച്ചുവെന്ന കേസിലാണ് നടിയെയും ശക്തിമുരുകന്റെ സഹോദരനെയും അറസ്റ്റ് ചെയ്തത്. ശക്തിമുരുകൻ ഒളിവിലാണ്.
പൊലീസ് പറയുന്നത്: ഭർത്താവ് ശക്തിമുരുകനൊപ്പം ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്കൈ എക്യൂപ്മെന്റ് എന്ന സ്ഥാപനം ഇവർ നടത്തിയിരുന്നു. കെകെ നഗറിലുള്ള പ്രശാന്ത് കുമാറിന്റെ കമ്പനിയിൽനിന്നു 37 ലക്ഷം രൂപ വിലവരുന്ന 101 എസികൾ ഇവർ വാങ്ങി. പണം നൽകാൻ പറഞ്ഞിരുന്ന അവധികൾ കഴിഞ്ഞതോടെ പ്രശാന്ത് പരാതിയുമായി രംഗത്തുവന്നു.
തുടർന്നു നൽകാനുള്ള പണത്തിന് ദമ്പതികൾ ചെക്ക് നൽകി. അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്നു ചെക്ക് മടങ്ങി. ശക്തിമുരുകന്റെ സഹോദരനും തട്ടിപ്പിൽ പങ്കെടുത്തതിനാലാണ് ഇയാളെയും അറസ്റ്റ് െചയ്തതെന്നു പൊലീസ് പറഞ്ഞു.ചെക്ക് തട്ടിപ്പ് കേസ്: സീരിയൽ നടി അനിഷ അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ
തിരുപ്പൂര്‍: വീഡിയോ സഹായത്തോടെ പ്രസവം എടുക്കുന്നതിനിടെ ഉണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് യുവതി മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഞായറാഴ്ചയാണ് ദുഃഖകരമായ സംഭവം നടന്നത്. സ്‌കൂള്‍ അധ്യാപികയും മൂന്ന് വയസ്സുകാരിയുടെ അമ്മയുമായ കൃതിക(28) ആണ് ദാരുണാന്ത്യത്തിനിരയായത്.
സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരം പ്രകൃതി ചികിത്സ രീതിയാണ് കൃതികയും ഭര്‍ത്താവ് കാര്‍ത്തികേയനും പിന്തുടര്‍ന്നിരുന്നത്. പ്രസവത്തിന് ആശുപത്രിയില്‍ പോകുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ പ്രകൃതി ചികിത്സാ രീതി പിന്തുടരുന്നതാണെന്ന് സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചതോടെ പ്രസവം വീട്ടില്‍ വെച്ച് നടത്താന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു.
ആശുപത്രിയില്‍ പോകുന്നതിനു പകരം യൂട്യൂബില്‍ ‘How To’ വീഡിയോയുടെ സഹായത്തോടെ കൃതികയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് പ്രസവമെടുക്കാന്‍ തുനിഞ്ഞത്. പ്രസവത്തിനിടെ ഉണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് കൃതിക മരണപ്പെട്ടു.
പ്രകൃതി ചികിത്സാ മാര്‍ഗം പിന്തുടര്‍ന്നതിനാല്‍ തന്നെ ഗര്‍ഭിണിയായ വിവരം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൃതിക രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കൃതിക ഉപയോഗിച്ചതായി അറിവില്ലെന്ന് സിറ്റി ഹെല്‍ത്ത് ഓഫീസര്‍ കെ ഭൂപതി വാര്‍ത്തയോട് പ്രതികരിച്ചു. കൃതികയുടെ പിതാവിന്റെ പരാതിയില്‍ നല്ലൂര്‍ പോലീസ് ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 83 ശതമാനം കവിഞ്ഞതോടെ സമീപത്തെ പുരാതന ക്ഷേത്രവും പ്രദേശങ്ങളും വെള്ളത്തിലായി. അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലത്തിലും വെള്ളംകയറി. ജില്ലയിലെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്.ഇപ്പോള്‍ ഇടുക്കി അണ്ക്കെട്ടിലെ ജലനിരപ്പ് 2388.36. ജലനിരപ്പ് ഉയരുകയാണ്, അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് വെള്ളം കയറി തുടങ്ങി.
ഇടുക്കി അണക്കെട്ട് നിറയാന്‍ ഇനി 15 അടി വെള്ളം കൂടി മതിയെന്നാണ് കണക്ക്. മഴനിറുത്താതെ 10 ദിവസം പെയ്താല്‍ ഇടുക്കി ഡാം പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തും. ജലനിരപ്പ് ഇത്രയും ഉയരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 13.246 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉല്‍പാദിപ്പിച്ചത്. ജലനിരപ്പ് ഉയര്‍ന്നതോടെ അയ്യപ്പന്‍കോവിലിലെ പുരാതന ക്ഷേത്രവും പരിസരവും വെള്ളത്തിലായി.
മലങ്കര ഡാമിലെ നാല് ഷട്ടറുകള്‍ തുറന്നുവിട്ടു. ഓരോ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിലേക്ക് വെള്ളമെത്തുന്ന അറക്കുളം, മുട്ടം, കുടയത്തൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ തോടുകളും പുഴകളും നിറഞ്ഞാണ് ഒഴുകിയെത്തുന്നത്. 42 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. 41.30 മീറ്റര്‍ വെള്ളമെത്തിയാല്‍ തൊടുപുഴ കാഞ്ഞാര്‍ ലക്ഷം വീട് കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറും. അതൊഴിവാക്കുന്നതിന്റെ ഭാഗമായികൂടിയാണ് ഷര്‍ട്ടറുകള്‍ തുറന്നിരിക്കുന്നത്. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു.
ഹൈറേഞ്ചിലെ കനത്തമഴയും ഇടമലയാര്‍ ഡാമില്‍ നിന്നുളള വെളളവും വന്നതോടെ പെരിയാര്‍ വീണ്ടും കരകവിഞ്ഞു. പത്തു ദിവസത്തിനിടെ രണ്ടാം തവണയും പെരിയാറിലെ ജലനിരപ്പുയര്‍ന്നതോടെ കനത്ത ആശങ്കയിലാണ് പുഴയുടെ തീരത്തെ ജനങ്ങള്‍ .
ആകാശത്തു നിന്ന് ആലുവയിലേക്കുളള ഈ കാഴ്ചയിലുണ്ട് പെരിയാറില്‍ നിറഞ്ഞ വെളളത്തിന്‍റെ ആഴം . ശിവക്ഷേത്രവും ശിവരാത്രി മണപ്പുറവും ചെറുതുരുത്തുകളും തുടങ്ങി പെരിയാര്‍ തീരത്തത്രയും വെളളം കയറി. പത്തു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പെരിയാറിങ്ങനെ കരകവിഞ്ഞൊഴുകുന്നത്.
കനത്ത മഴയെ തുടര്‍ന്ന് ആദ്യമുണ്ടായ ജലനിരപ്പിന് മഴ കുറഞ്ഞതോടെ കുറവുണ്ടായിരുന്നു. എന്നാല്‍ ഹൈറേഞ്ച് മേഖലയില്‍ വീണ്ടും മഴ പെയ്തതും ഇടമലയാര്‍ ഡാമില്‍ വൈദ്യുതോല്‍പ്പാദനത്തിനു േശഷം വെളളം ഒഴുക്കുകയും ചെയ്തതോടെയാണ് പെരിയാര്‍ വീണ്ടും നിറഞ്ഞത്.ജലനിരപ്പുയര്‍ന്നതോടെ ഇരുകരകളിലെയും താമസക്കാരായ ജനങ്ങളും ബുദ്ധിമുട്ടിലാണ്.
കോട്ടയം: പീഡനക്കേസ് പിന്‍വലിക്കാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍. വൈക്കം ഡി.വൈ.എസ്.പിയോടാണ് സഹോദരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിഷപ്പിന്റെ സുഹൃത്ത് വഴിയാണ് നിര്‍ണായക നീക്കത്തിന് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങിയെന്നും സഹോദരന്‍ വ്യക്തമാക്കി.
പരാതിക്കാരിയായ കന്യാസ്ത്രീയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് സഹോദരന്‍ മാധ്യങ്ങളോട് വ്യക്തമാക്കുകയും ചെയ്തതോടെ സമ്മര്‍ദ്ദിത്തിലായ ബിഷപ്പ് കാലടിയിലെ സുഹൃത്ത് വഴി അനുനയത്തിന് ശ്രമിച്ചത്. പീഡന വിഷയം ഇനി മാധ്യങ്ങളോട് സംസാരിക്കരുത്, തെളിവുകള്‍ പുറത്തുവിടരുത് തുടങ്ങിയ ആവശ്യങ്ങളാണ് ഇടനിലക്കാരന്‍ മുന്നോട്ടുവെച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. 5 കോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും കന്യാസ്ത്രീക്ക് നല്‍കാമെന്നും ഇടനിലക്കാരന്‍ പറഞ്ഞതായി സഹോദരന്‍ വ്യക്തമാക്കുന്നു.
കര്‍ദിനാളുമായുള്ള സംഭാഷണം താനാണ് പോലീസിന് കൈമാറിയത്. കന്യാസത്രീയെ ബിഷപ്പ് ലൈംഗികമായി ഉപദ്രവിച്ച കാര്യം തനിക്കറിയില്ലെന്ന് കര്‍ദിനാള്‍ ആലഞ്ചേരി ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെയാണ് ഫോണ്‍ സംഭാഷണം പുറത്തുവിടേണ്ടി വന്നതെന്ന് സഹോദരന്‍ പറഞ്ഞു. നിലവില്‍ ബിഷപ്പിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് കന്യാസ്ത്രീയും സഹോദരനും.
ന്യൂഡൽഹി: എയർഏഷ്യ വിമാനത്തിൽ ദുരൂഹസാഹചര്യത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലിൽനിന്ന് ഗോഹട്ടിവഴി ഡൽഹിക്കുവന്ന വിമാനത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിമാനത്തിന്റെ ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. ശബ്ദം പുറത്തുവരാതിരിക്കാൻ ടോയിലറ്റ് പേപ്പർ കുട്ടിയുടെ വായിൽ തിരുകിയ നിലയിലായിരുന്നു. ഇംഫാലിൽനിന്നുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് അമ്മ.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടി ചാപിള്ളയാണോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്
കായംകുളി കൊച്ചുണ്ണി മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായി റിലീസിനൊരുങ്ങുന്നു . നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലെത്തുന്നു. അതിസാഹസികമായായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആ അനുഭവങ്ങൾ പങ്കുവെക്കുകയാണ് റോഷൻ ആൻഡ്രൂസ്.
ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ചിത്രത്തിൽ ലൊക്കേഷൻ തന്നെയാണ് പ്രധാന ഹൈലൈറ്റ്. 1830 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. കല്ല് വിരിച്ച വഴികൾ, കാളവണ്ടി, പക്ഷിമൃഗാദികൾ നിറഞ്ഞ അന്തരീക്ഷം ഇവയെല്ലാം ചിത്രത്തിന് വേണ്ടി സൃഷ്ടിച്ചെടുക്കുകയായിരുന്നു.
പാമ്പുകളും മുതലുകളും നിറഞ്ഞ ലൊക്കേഷനിൽ അതിസാഹസികമായായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ അതിമനോഹരമായ ഒരു പ്രദേശം ലൊക്കേഷനായി തിരഞ്ഞെടുത്തു. അവിടുത്തെ കുളത്തിൽ നിവിൻ മുങ്ങാംകുഴിയിടുന്നതാണ് രംഗം. എന്നാൽ അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത്, മുന്നൂറോളം മുതലകളുള്ള കുളമാണതെന്ന്. മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഉച്ചത്തിൽ ശബ്ദങ്ങളുണ്ടാക്കി മുതലകളെ തുരത്താൻ ഒരു സംഘത്തെ അയച്ചു. പിന്നാലെ ഷൂട്ടിങ്ങും ആരംഭിച്ചു. അപ്പോഴും അഞ്ചാറ് മുതലകളെ കുളത്തിന് മുകളിൽ കാണാമായിരുന്നു. ഭാഗ്യംകൊണ്ട് അപകടമൊന്നും സംഭവിച്ചില്ല.
ശ്രീലങ്കയിൽ മുതലകളായിരുന്നെങ്കിൽ മംഗളുരുവിലെ കടപ്പ വനത്തിൽ വിഷപ്പാമ്പുകളായിരുന്നു. സാങ്കേതികസംഘത്തിലാരാളെ പാമ്പു കടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകിയതിനാൽ അപകടമൊന്നുമുണ്ടായില്ല.
ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ നിവിൻറെ കയ്യൊടിഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിങ്ങിന് തയ്യാറായി നിവിനെത്തി. രണ്ടുദിവസങ്ങൾക്ക് ശേഷം ഒരു കാളവണ്ടി നിവിന്റെ മുകളിലേക്ക് മറിഞ്ഞുവീണു. അന്ന് തലനാരിഴക്കാണ് നിവിൻ രക്ഷപ്പെട്ടത്, റോഷൻ പറയുന്നു.
കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനിൽ കൊളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ ഓട്ടപാച്ചിലുകൾക്കിടയിലും ശ്രദ്ധിക്കാതിരിക്കാനാവില്ല. നിറഞ്ഞ പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ആ ജീവിതത്തിന് പിന്നിൽ അനുഭവത്തിന്‍റെ ഒരു വലിയ കടലുണ്ട്. ജീവിതത്തിന്‍റെ നീർചുഴി കടന്നാണ് ഹനാൻ എന്ന ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ മീൻമാർക്കറ്റിലേക്ക് എത്തുന്നത്.
മാടവനയിലെ ഒരു ചെറിയ വീടകവീട്ടിൽ അവൾ അധ്വാനിച്ച് കിട്ടുന്നതുകൊണ്ട് പുലരുന്ന ഒരു കുടുംബമുണ്ട്. കോളജിൽ പഠിക്കുന്ന ഈ പെൺകുട്ടിയുടെ ചുമലിലാണ് ആ രണ്ടു വിശക്കുന്ന വയറുകളുടെ അത്താണി. തൃശൂർ സ്വദേശിയാണ് ഹനാൻ. അച്ഛനും അമ്മയും പണ്ടേ വേർപിരിഞ്ഞ അനേകായിരം കുട്ടികളിൽ ഒരാൾ. അതോടെ അമ്മ മാനസികമായി തളർന്നു. പ്ലസ്ടുവിന് അനിയനെ വളർത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായി ഹനാൻ അധ്വാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
പ്ലസ്ടുവരെ മുത്തുമാലകൾ ഉണ്ടാക്കി വിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ വീടുപോറ്റിയത്. അങ്ങനെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തുടർപഠനത്തിനും മറ്റുമായി കുടുംബം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ.
ഹനാന്‍റെ ഒരു ദിനം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ചവിട്ടി നേരെ ചമ്പക്കര മീന്‍മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവൾ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളിൽ നേരെ ചമ്പക്കര മാർക്കറ്റിലേക്കും തമ്മനം ജങ്ഷനിലെ മീൻവിൽക്കുന്ന ഇടത്തേയ്ക്കും സൈക്കിളിൽ തന്നെ ഹനാൻ ജീവിതചക്രം ചവിട്ടി മുന്നോട്ട് നീങ്ങും. അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായി മാടവനയിലെ വീട്ടിലെത്തും.
ഇതിന്‍റെ ഇടയ്ക്ക് എറണാകുളത്ത് കോള്‍സെന്‍ററിൽ ഒരു വര്‍ഷത്തോളം ജോലിചെയ്തു. ഈ സമയത്ത് ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ അധീനതയിലുള്ള ആശുപത്രിയായതിനാല്‍ചികിത്സ സൗജന്യമായിരുന്നു. ഡോക്ടറാവണമെന്നാണ് ഹനാന്റെ വലിയ സ്വപ്നം. മീൻ വിൽപനയുടെ ഇടയ്ക്ക് കലാപരമായ വാസനയും ഹനാനുണ്ട്. നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയും കൂടിയാണ്. കലാഭവന്‍ നടത്തിയ പല പരിപാടികളിലും ഹനാൻ പങ്കെടുത്തിട്ടുണ്ട്.
ഇനി ആ സൗഭാഗ്യം വന്ന കഥയിലേക്ക്…..
ആ പെണ്‍കുട്ടിയുടെ കരളുറപ്പിനും നിശ്ചയദാര്‍ഢ്യത്തിനും ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം. കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനിൽ വൈകുന്നേരങ്ങളിൽ കോളജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകൻ അരുൺഗോപി അറിയുന്നത്. ജീവിതത്തിലെ വെല്ലുവിളികളോട് പടപൊരുതി ജീവിക്കുന്ന ഹനയ്ക്ക് പ്രണവ് മോഹൻലാൽ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നല്ലൊരു വേഷം നൽകാമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് അരുൺഗോപി. മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിർമാണം.
“ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെൺകുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകൾക്ക് ആശ്വാസമേകാൻ ഉതകുന്ന വേതനവും ഉറപ്പുവരുത്തും.”- അരുൺ പറയുന്നു.