പട്ന∙ ബിഹാറിലെ മുസഫർപുരിലുള്ള സർക്കാർ അഭയകേന്ദ്രത്തിൽ 34 പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവം സിബിഐ അന്വേഷിക്കും. ഏഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെൺകുട്ടികൾ പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. മാത്രമല്ല, അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയെ ജീവനക്കാർതന്നെ കൊന്നു കുഴിച്ചുമൂടിയതായി മറ്റ് അന്തേവാസികൾ മൊഴി നൽകി. ഈ മൊഴിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.
അന്തേവാസികളായ പെൺകുട്ടികൾ പീഡനത്തിനിരയാകുന്നതായി പരാതിയുയർന്നതിനെ തുടർന്ന് അഭയകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. ബ്രജേഷ് താക്കൂർ എന്നയാളുടെ നേതൃത്വത്തിൽ സങ്കൽപ് ഇവാൻ വികാസ് സമിതി എന്ന എൻജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. 2013 ഒക്ടോബറിലാണ് ബിഹാർ സമൂഹ്യക്ഷേമ വകുപ്പ് ഈ അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ബ്രജേഷ് താക്കൂറിന്റെ എൻജിഒയ്ക്കു കൈമാറിയത്. അതിനുശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏതാണ്ട് 470 അന്തേവാസികൾ ഈ അഭയകേന്ദ്രത്തിൽ വന്നിട്ടുണ്ടെന്നാണ് കണക്ക്.
പീഡനവിവരം പുറത്തായതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുമ്പോൾ 42 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. പൊലീസ് രക്ഷപ്പെടുത്തിയ പെൺകുട്ടികളിൽ 16 പേർ പീഡനത്തിനിരയായതായി ആദ്യഘട്ട വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ആകെ 34 പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി വ്യക്തമായെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരും ജില്ലാ ശിശുസംരക്ഷണ ഓഫിസറും ഉൾപ്പെടെ 10 പേർ അറസ്റ്റിലായിട്ടുണ്ട്.
സംരക്ഷകർ തന്നെ വേട്ടക്കാരായി മാറിയ ഞെട്ടിക്കുന്ന കഥയാണ് അഭയകേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ പ്രത്യേക പോസ്കോ കോടതിക്കു മുന്നിൽ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് കലർത്തിയ ഭക്ഷണമാണ് മിക്ക ദിവസവും ലഭിച്ചിരുന്നതെന്ന് ഇവർ കോടതിക്കു മുന്നിൽ കണ്ണീരോടെ ഏറ്റുപറഞ്ഞു. ഭക്ഷണശേഷം മയക്കം അനുഭവപ്പെടുന്ന തങ്ങളെ പൂർണ നഗ്നരാക്കിയാണു മിക്ക ദിവസവും കിടത്തിയിരുന്നത്.
ഊഴമനുസരിച്ച് ഓരോരുത്തരെയും ഓരോ മുറിയിലേക്ക് പറഞ്ഞയയ്ക്കുന്ന പതിവുമുണ്ടായിരുന്നു. ‘ഇന്ന് ബ്രജേഷ് സാറിന്റെ മുറിയിൽ കിടക്കാൻ ആന്റിമാർ ഇടയ്ക്ക് പറയും. ചില സന്ദർശകർ വരുമെന്ന് അവർ പരസ്പരം പറയുന്നതു കേൾക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ മിക്ക ദിവസവും എന്റെ വസ്ത്രങ്ങൾ ഊരിമാറ്റിയ നിലയിലായിരിക്കും. ദേഹമാകെ വല്ലാത്ത നീറ്റലും’ – പത്തുവയസ്സുകാരിയായ ഒരു പെൺകുട്ടി കോടതിയിൽ വെളിപ്പെടുത്തി.
പീഡനത്തെ എതിർക്കുന്നവരെ അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ അതിക്രൂരമായാണ് പീഡിപ്പിച്ചിരുന്നതെന്നും ഇവർ വെളിപ്പെടുത്തുന്നു. ‘തിളച്ച വെള്ളവും എണ്ണയും ദേഹത്തൊഴിച്ച് പൊള്ളിക്കും. വയറ്റിൽ തൊഴിക്കും. വസ്ത്രങ്ങളഴിച്ചുമാറ്റി അതിക്രൂരമായി മർദ്ദിക്കും’ – പെൺകുട്ടികൾ പറയുന്നു. ലൈംഗിക പീഡനം സഹിക്കവയ്യാതെ പൊട്ടിയ കുപ്പിച്ചില്ലുകൾ ഉപയോഗിച്ച് ദേഹത്ത് മുറിവുണ്ടാക്കിയിരുന്ന കാര്യവും ഇവർ കോടതിക്കു മുന്നിൽ കണ്ണീരോടെ ഏറ്റുപറഞ്ഞു.
അതേസമയം, അഭയകേന്ദ്രത്തിൽനിന്ന് പെൺകുട്ടികളുടെ കരച്ചിൽ പതിവായി കേൾക്കാറുണ്ടായിരുന്നെന്നു പേരുവെളിപ്പെടുത്താത്ത, സമീപവാസിയായ സ്ത്രീ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. അവിടെ നടക്കുന്നത് എന്താണെന്ന് അയൽക്കാർക്കുപോലും കാര്യമായ ധാരണയുണ്ടായിരുന്നില്ല. അവിടെ നിന്നും കരച്ചിൽ കേട്ടാലും പോയി നോക്കാൻ ഞങ്ങൾക്ക് ഭയമായിരുന്നു. ബ്രജേഷ് താക്കൂറിനോടുള്ള (അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ) ഭയമായിരുന്നു കാരണം – ഇവർ പറയുന്നു.
അഭയകേന്ദ്രത്തിലെ പെൺകുട്ടികളെ പുറത്തുകാണുന്നതുപോലും വിരളമായിരുന്നു. ഇവരെ താമസിപ്പിച്ചിരുന്ന ക്വാർട്ടേഴ്സിന് ജനാലകൾ ഇല്ലായിരുന്നുവെന്നും ചെറിയ വെന്റിലേറ്ററുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അയൽവാസികൾ ചൂണ്ടിക്കാട്ടി.
മുസാഫര്‍പൂറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ഒരു സന്നദ്ധ സംഘടന നടത്തിയ കൗണ്‍സലിങ്ങിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത മറനീക്കി പുറത്തുവന്നത്. മുസഫര്‍പുരില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ 42 കുട്ടികളാണുള്ളത്. ഇതില്‍ ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്.
പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്നദ്ധ സംഘടനയാണ് പൊലീസിനെയും വനിതാകമ്മിഷനെയും സമീപിച്ചത്. തുടര്‍ന്ന് അഭയകേന്ദ്രത്തിലെത്തിയ സാമുഹ്യക്ഷേമവകുപ്പ് മന്ത്രി മജ്ജു വര്‍മ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. പട്ന മെഡിക്കല്‍ കോളജ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 16 പേരും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. മാനസിക അസ്വാസ്ഥ്യം കാണിച്ച പത്തുപെണ്‍കുട്ടികളെ കൂടി വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അഭയകേന്ദ്രത്തിലെ ചുമതലക്കാരാണ് പീഡനത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതുകൂടാതെ ആവശ്യക്കാരെ അഭയകേന്ദ്രത്തില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടികളെ കാഴ്ചവയ്ക്കുന്ന രീതിയുമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും എഫ്ഐആറിലുണ്ട്. ഹോട്ടലുകളിലും വീടുകളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തതും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടിയായ ചുമതലക്കാര്‍ തന്നെ. ഇതൊക്കെ നടന്നത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാരുടെ പൂര്‍ണസമ്മതത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം വിവാദമായതോടെ അഭയകേന്ദ്രത്തിലെ കൂടുതല്‍ കെടുകാര്യസ്ഥതകള്‍ പുറത്തായി. ചെറിയ തെറ്റുകള്‍ക്കുപോലും പെണ്‍കുട്ടികള്‍ക്ക് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്നിരുവത്രെ. ഇതിനിടെയാണ് അന്തേവാസിയായ പത്തുവയസുകാരിയെ കാണാതാകുന്നത്. രണ്ടാഴ്ച മുമ്പ് കാണാതായെങ്കിലും പൊലീസിനെ അറിയിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പെണ്‍കുട്ടിയെ ജീവനക്കാര്‍ തന്നെ കൊന്നതാണെന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും ആരോപിച്ചു.
ഇതിനെതുടര്‍ന്ന് അഭയകേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തി. മൃതദേഹത്തിനായി പരിസരപ്രദേശങ്ങളില്‍ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കൊച്ചി: മത്സ്യ വില്‍പ്പന നടത്തി ഉപജീവന മാര്‍ഗം തേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും തെറിവിളിയും നടത്തിയ ഒരാള്‍കൂടി പോലീസ് പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനാണ് പോലീസ് പിടിയിലായിരിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഹനാന്‍ ഒരു സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് മത്സ്യ വില്‍പ്പന നടത്തിയതെന്ന വ്യാജ പ്രചരണം നടത്തിയ വയനാട് സ്വദേശി നൂറുദ്ദീനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജപ്രചരണം തുടങ്ങിവെച്ച ഫെയിസ്ബുക്ക് പേജുകളെ ആസ്പദമാക്കിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നൂറുദ്ദീന്‍ എന്ന വയനാട് സ്വദേശിയാണ് ആദ്യമായി വ്യാജ ആരോപണം ഉന്നയിച്ചത്. ഇയാളുടെ ഫെയിസ്ബുക്ക് ലൈവിന് പിന്നാലെ തെറിവിളികളുമായി ചിലര്‍ രംഗത്ത് വരികയായിരുന്നു. ഹനാനെ അപമാനിച്ചനവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെ പലരും അശ്ലീല പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പിന്‍വലിക്കപ്പെട്ടവ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ സെല്‍. ഉപജീവനമാര്‍ഗത്തിനായി മത്സ്യ വ്യാപാരം ആരംഭിച്ച ഹനാനെക്കുറിച്ച് വന്ന പത്ര വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹനാന്‍ ജനശ്രദ്ധ നേടാന്‍ വേണ്ടി പെയ്ഡ് ന്യൂസ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജനങ്ങളെ ഒന്നാകെ ഭീതിയിലാഴ്ത്തി വീണ്ടും അതിശക്തമായ ഭൂചലനം നടന്നു. ലോബോംക്ക് പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണ് ഇത്. നേരത്തെ, ബോ-ബോ നഗരത്തിലും വൻ ഭൂചലനം ഉണ്ടായിരുന്നു. ബോബോ നഗരത്തിലുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 6.0 ആണ് തീവ്ര രേഖപ്പെടുത്തിയിരുന്നത്.
ബോബോ നഗരത്തിലുണ്ടായ ഭൂചലനത്തിന്റെ ഉറവിടം ഭൗമോപരിതലത്തിൽ നിന്ന് 4.3 മീറ്റർ മാത്രം താഴെ നിന്നാണെന്നാണ് വിവരം. ഇതാണ് ചലനത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതെന്ന് കരുതുന്നു. ഈ അപകടത്തിൽ മൂന്ന് പേർ മരിച്ചതായാണ് വിവരം.
എന്നാൽ രണ്ടാമതുണ്ടായ ഭൂമികുലുക്കത്തെ കുറിച്ചുളള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇത് കൂടുതൽ നാശം വിതച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്ന് കരുതപ്പെടുന്നു. അതേസമയം ശക്തമായ ഭൂചലനങ്ങൾ നടന്നെങ്കിലും സുനാമി മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ബാലലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് മുന്‍ വാഷിങ്ടണ്‍ ആര്‍ച്ച് ബിഷപ്പ് തിയഡോര്‍ ഇ മകാറിക്ക് ഉന്നത കര്‍ദിനാള്‍ സമിതിയില്‍ നിന്ന് രാജിവച്ചു. രാജി സ്വീകരിച്ച മാര്‍പാപ്പ തിയോഡറിനിനെസഭയുടെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി. പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ നിന്നും വിലക്കി.
ലൈംഗികരോപണങ്ങളെ തുര്‍ന്ന് ചുവന്ന തൊപ്പിയഴിച്ച് ആഗോള കത്തോലിക്കാ സഭയുടെ ഉന്നത കര്‍ദിനാള്‍ സമിതിയായ ‘College of Cardinal ല്‍ നിന്ന് പടിയിറങ്ങേണ്ടിവന്ന ചരിത്രത്തിലെ ആദ്യ കര്‍ദിനാളാണ് തിയോഡര്‍ ഇ മകാറിക്ക്. 88 കാരാനായ കര്‍ദിനാളിനെതിരെ അഞ്ച് പതിറ്റാണ്ടുമുന്‍പാണ് ലൈഗികപീഡനാരോപണം ഉയര്‍ന്നത്. പതിനാറുകാരനായ അള്‍ത്താര ബാലനെയും സെമിനാരി വിദ്യാര്‍ഥികളെയും പലതവണ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നായിരുന്നു പരാതി. ആരോപണങ്ങൾ തെളിഞ്ഞതിനെ തുടര്‍ന്ന് മകാരിക്കിനെ വത്തിക്കാന്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് നീക്കി. ഒടുവിലാണ് ഫ്രാന്‍സിസ്‍ മാര്‍പാപ്പയ്ക്ക് മകാറിക് രാജി സമര്‍പിച്ചത്.
രാജി സ്വീകരിച്ച മാര്‍പാപ്പ കുര്‍ബാനയടക്കമുള്ള പ്രാര്‍ഥനാ ശ്രൂഷകളില്‍ നിന്ന് മാറിനില്‍ക്കാന്‍ മകാറിക്കിനോട് ആവശ്യപ്പെട്ടു. മാര്‍പാപ്പയുടെ ഉപദേശക സംഘത്തിലും മകാറിക്കിന് ഇനി സ്ഥാനമില്ല. വൈദികര്‍ക്കും മെത്രാന്‍മാര്‍ക്കും എതിരായ ആരോപണങ്ങളില്‍ നടപടിയെടുക്കാത്തതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ തീരുമാനം.
ന്യൂഡൽഹി: യുഎസ്-മെക്സിക്കോ അതിർത്തിയിൽ 60,000 ഇന്ത്യൻ യുവാക്കൾ ഡീറ്റെൻഷൻ സെന്ററുകളിൽ കഴിയുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി. അടുത്തിടെ നടത്തിയ യുഎസ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് തിവാരിയുടെ വെളിപ്പെടുത്തൽ. ഇവരിൽ ഭൂരിപക്ഷവും പഞ്ചാബിൽനിന്നുള്ളവരാണെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു.
മെക്സിക്കോയിൽനിന്നു യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരാണ് ഡീറ്റെൻഷൻ സെന്ററുകളിൽ കഴിയുന്നത്. യുഎസ് കുടിയേറ്റ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിലൂടെ മാത്രമേ ഇവരുടെ മോചനം സാധ്യമാകൂ എന്നും ഈ വിവരം താൻ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും തിവാരി മാധ്യമങ്ങളോടു പറഞ്ഞു. യുവാക്കൾക്കു കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പഞ്ചാബ് സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബം കുളമാക്കുന്ന സമ്മാനം കിട്ടിയ ഒരു ചെറുപ്പക്കാരന്റെ അനുഭവമാണിത്. നിയമം പാലിച്ചതിനാണ് നിയമപാലകർ ഇയാൾക്ക് വേറിട്ടൊരു സമ്മാനം നൽകിയത്. പക്ഷേ അക്കാര്യം ഭാര്യയെ ബോധ്യപ്പെടുത്താൻ ഇയാൾ കുറെ വിയർക്കേണ്ടി വന്നു. ഒരു റോസാപ്പൂവാണ് ഇവിടെ താരം. നൽകിയതാകട്ടെ പൊലീസും. പക്ഷേ വീട്ടിൽ പൂവുമായി കയറിച്ചെന്ന ഭാര്യയുണ്ടോ ഇത് വിശ്വസിക്കുന്നു. പൂവ് തന്നത് പൊലീസാണെന്ന് ഇയാൾ പലകുറി പറഞ്ഞെങ്കിലും ഭാര്യ വിശ്വസിച്ചില്ല. നിയമം പാലിച്ച യുവാവ് ഒടുവിൽ തെളിവ് േതടി ഇറങ്ങി.
റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നവർക്ക് ലഖ്നൗ പൊലീസ് സമ്മാനമായി റോസാപ്പൂവ് നൽകാൻ തുടങ്ങിയതാണ് ഇവിടെ വില്ലനായത്. ഹെൽമറ്റ് വച്ച് യാത്ര ചെയ്ത യുവാവിനും കിട്ടി ഒരു പനിനീർപൂവ്. ഉദയനാണ് താരം എന്ന ചിത്രത്തിൽ തന്റെ മുഖം സ്ക്രീനിൽ തെളിയുമ്പോൾ സലീംകുമാറിന്റെ മുഖഭാവത്തോടെ ഇടവും വലവും നോക്കി ചെറുപ്പക്കാരൻ നേരെ വീട്ടിലേക്ക്.
പക്ഷേ റോസപ്പൂവ് കണ്ട് ഭാര്യയ്ക്ക് ആകെ സംശയം. ഇതോടെ അഭിനന്ദനം പ്രതീക്ഷിച്ച യുവാവ് പുലിവാല് പിടിച്ചു. ഭാര്യയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ അവസാന മാർഗമായി റോസപ്പൂവ് നൽകിയ പൊലീസുകാരനെ തേടി അയാൾ പുറപ്പെട്ടു.
പൊലീസുകാരനെ കണ്ടെത്തി വീട്ടിലെ അനുഭവം പറഞ്ഞു. കാര്യം മനസ്സിലാക്കിയ പൊലീസുകാരന്‍ യുവാവ് റോസാപ്പൂ സ്വീകരിക്കുന്ന ഫോട്ടോ തന്റെ ഫോണിൽ നിന്നു കണ്ടെത്തി നൽകി. ആ ഫോട്ടോ കാണിച്ചാണ് യുവാവ് ഭാര്യയുടെ സംശയത്തിൽ നിന്നും രക്ഷപ്പെട്ടത്. യുവാവിന് റോസാപ്പൂ നൽകിയ പ്രേം സഹി എന്ന പൊലീസുകാരൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതോടെ സംഭവം സോഷ്യൽ ലോകത്ത് വൈറലാണ്.
കൊച്ചി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തി ശ്രദ്ധനേടിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാന് സ്വന്തമായി അഞ്ച് സെന്റ് സ്ഥലവും വീടും വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി. കുവൈറ്റിലെ മലയാളി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയി മുണ്ടക്കാടന്‍ ആണ് വീട് വയ്ക്കാന്‍ ഭൂമി നല്‍കാന്‍ തയ്യാറായി രംഗത്തെത്തിയത്.
ഹനാന് വീട് വയ്ക്കാനുള്ള സഹായം നല്‍കാന്‍ സുമനസുകള്‍ തയ്യാറാകണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥനയുടെ ഫലമായി ഹനാന് വീട് പണിയാന്‍ സ്ഥലം നല്‍കാമെന്ന് ജോയി മുണ്ടക്കാടന്‍ രമേശ് ചെന്നിത്തലയെ അറിയിക്കുകയായിരുന്നു. ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളജില്‍ പോയി വരാനുളള സൗകര്യം പരിഗണിച്ച് പാല രാമപുരത്ത് അന്ത്യാളത്ത് അഞ്ച് സെന്റ് ഭൂമി നല്‍കാനാണ് ജോയി മുണ്ടക്കാടന്‍ സന്നദ്ധമായിരിക്കുന്നത്. ഹനാനോടുള്ള മലയാളിയുടെ സ്‌നേഹമാണ് ഈ ഭൂമി സമ്മാനം പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഇടുക്കി: ഇടുക്കി ഡാം തുറക്കേണ്ടിവന്നാൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തുറന്നുവിടുന്ന വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാൻ നടപടികൾ തുടങ്ങിയെന്നും കളക്ടറേറ്റിൽ ഇടുക്കി, മുല്ലപ്പെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ടു ചേർന്ന അടിയന്തരയോഗത്തിൽ മന്ത്രി എം.എം. മണിയും ജില്ലാ കളക്ടർ കെ. ജീവൻ ബാബുവും അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് വരെ 2,393.32 അടിയാണു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,400 അടിവരെ ഉയരാൻ കാക്കാതെ 2,397 അടിയിലെത്തുന്പോൾ നിയന്ത്രിത അളവിൽ ചെറുതോണി ഡാമിന്റെ ഷട്ടർ തുറക്കാനുള്ള സാധ്യതകളാണ് പരിഗണിക്കുന്നത്.
അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമേ ഡാം തുറക്കുകയുള്ളൂ. ജീപ്പിൽ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകൾ പുഴയിൽ പോകുന്നത് ഒഴിവാക്കും. സെൽഫി എടുക്കാനും വീഡിയോ എടുക്കാനും ആളുകൾ തടിച്ചുകൂടുന്നത് നിരുത്സാഹപ്പെടുത്തും. ഇക്കാര്യത്തിൽബോധവത്കരണം നടത്തും.
വെള്ളമൊഴുകുന്ന വഴികൾ പരിശോധിച്ചു
ചെറുതോണി ഡാം തുറക്കേണ്ടിവന്നാൽ വെള്ളം ഒഴുകിപ്പോകുന്ന വഴികൾ ഉദ്യോഗസ്ഥസംഘം പരിശോധിച്ചു. ചെറുതോണി ഡാം ടോപ്പ് മുതൽ പനംകുട്ടിവരെയുള്ള സ്ഥലങ്ങളിലാണ് ഇറിഗേഷൻ, വൈദ്യുതി, റവന്യു വകുപ്പുകളിലെ അഞ്ച് പേർ വീതം അടങ്ങിയ 20 സംഘങ്ങൾ പരിശോധന നടത്തിയത്. പുഴയുടെ വീതി, തടസങ്ങൾ, സമീപമുള്ള വീടുകൾ, കെട്ടിടങ്ങൾ, വെള്ളം കുത്തനെ ഒഴുകുന്ന സ്ഥലം, പരന്നൊഴുകുന്ന സ്ഥലം തുടങ്ങിയവ പരിശോധിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു. പെരിയാറിന്റെ ഇരുകരകളിലുമുള്ള വീടുകൾ, താമസിക്കുന്ന ആളുകളുടെ എണ്ണം, വിലാസം, ഫോണ്‍ നന്പർ, കൃഷിയിടം, വൈദ്യുത ലൈനുകൾ, കെട്ടിടങ്ങൾ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഉയർന്ന മേഖലകളിൽ പെരിയാറിന് മധ്യഭാഗത്തുനിന്ന് ഇരുഭാഗത്തേക്കും 50 മീറ്റർ വീതവും താഴ്ന്ന മേഖലയിൽ 100 മീറ്റർ വീതവും ദൂരത്തിലാണ് സർവേ നടത്തിയത്. സ്ഥലത്തിന്റെ സ്കെച്ച് രേഖപ്പെടുത്തുകയും ചെയ്തു.
ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമാണ് വിവരശേഖരണത്തിലൂടെ സ്ഥലമാപ്പും പ്ലാനും തയാറാക്കുന്നത്. ഡാം ടോപ്പ് മുതൽ ചെറുതോണി കുതിരക്കല്ല് വരെ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരാണ് സർവേ നടത്തിയത്. തുടർന്നുള്ള ഓരോ കിലോമീറ്ററും വിവിധ വകുപ്പുകളിലെ അഞ്ച് പേരടങ്ങിയ സംഘമാണ് സർവേ നടത്തിയത്. അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ഇടുക്കി ആർഡിഒ എം.പി. വിനോദ് എന്നിവർ വെള്ളം കയറാനിടയുള്ള പെരിയാർ തീരദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
രാത്രിയിൽ തുറക്കില്ല
ജലനിരപ്പ് 2400 അടിയിലെത്തിയാൽ അണക്കെട്ടു തുറന്നുവിടാനാണ് ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ നേരത്തേ നിർദേശിച്ചിരുന്നത്. എന്നാൽ, പെരിയാറിലൂടെ അമിതമായി വെള്ളം ഒഴുക്കി കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാ കുന്നത് ഒഴിവാക്കുന്നതിന് നേരത്തെതന്നെ അണക്കെട്ട് തുറക്കാനാണ് ഇന്നലെ നടന്ന സംയുക്ത യോഗത്തിന്റെ തീരുമാനം. രാത്രിയിൽ അണക്കെട്ട് തുറക്കില്ലെന്നും എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചശേഷം മാത്രമേ ഇതുണ്ടാവുകയുള്ളൂവെന്നും ആശങ്കവേണ്ടെന്നും വൈദ്യുതി മന്ത്രി എം.എം. മണി അറിയിച്ചു.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതും ഇടുക്കി ഡാം തുറക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.9 അടിയിൽ തുടരുകയാണ്. പകൽ മഴ മാറിനിന്നെങ്കിലും രാത്രി ശക്തമായ മഴ പെയ്യുന്നുണ്ട്. ജലനിരപ്പ് നിയന്ത്രിക്കാൻ മുല്ലപ്പെരിയാർ തുറന്നുവിട്ടാൽ ഇടുക്കി ഡാമിൽ കൂടുതൽ വെള്ളമെത്തും.
ഇടുക്കിയിലെ ജലനിരപ്പ് സമുദ്രനിരപ്പിന്‍റെ അടിസ്ഥാനത്തിൽ
ഇടുക്കി ഡാമിലെ ജലനിരപ്പ് കണക്കാക്കുന്നത് സമുദ്രനിരപ്പിന്‍റെ അടിസ്ഥാനത്തിലാണ്. മറ്റ് ഡാമുകളിൽ ഡാമിലെ ജലനിരപ്പാണ് കണക്കാക്കുന്നത്.
839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 168.91 മീറ്റർ ഉയരത്തിൽ പെരിയാറിനു കുറുകെയാണ് ഇടുക്കി അണക്കെട്ട് നിർമിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്.
അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 745ലക്ഷം ഘനയടിയാണെങ്കിലും 705 ല ക്ഷം ഘനയടിവരെയാണു സംഭരിക്കാറുള്ളത്. 1992 ഒക്ടോബർ 12നാണ് ഏറ്റവുമൊടുവിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നത്.
കൊച്ചി: ഭാര്യയും കുട്ടികളും ഉണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ആന്ധ്രയിലെ കടപ്പ ബിഷപ്പ് ഡോ. പ്രസാദ് ഗെലേറ്റയെ പള്ളിയിൽ കയറുന്നതിൽ നിന്ന് വിശ്വാസികൾ തടഞ്ഞു. കടപ്പ ജില്ലയിലെ മരിയാപുരം സെയ്‌ന്റ് മേരീസ് പള്ളിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതെത്തുടർന്ന് മറ്റ് നാല് ബിഷപ്പുമാർക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഡോ. ഗെലേറ്റ വൈദികർക്ക് അയച്ചതെന്ന് കരുതുന്ന കത്തിന്റെ പകർപ്പ് ‘മാതൃഭൂമി’ക്ക് ലഭിച്ചു.
കടപ്പയിലെ റോമൻ കാത്തലിക് രൂപതയിൽ രണ്ടു വർഷത്തിലധികമായി പുകയുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ തെരുവിലെത്തിയിരിക്കുന്നത്. ദളിത് വിഭാഗത്തിൽ നിന്ന് സഭയിലെത്തിയ ബിഷപ്പ് ഗെലേറ്റയെ രണ്ടു വർഷം മുമ്പ് മൂന്ന് വൈദികർ ചേർന്ന് തട്ടിക്കൊണ്ടുപോയിരുന്നു. രാത്രിയിൽ അദ്ദേഹത്തിന്റെ കാർ തടഞ്ഞുനിർത്തി ഡ്രൈവറെയുൾപ്പെടെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്. ഈ സംഭവത്തിൽ ഫാ. രാജ റെഡ്ഡി, ഫാ. വിജയമോഹൻ റെഡ്ഡി, ഫാ. സനിവറപ്പ് റെഡ്ഡി എന്നിവരുൾപ്പെടെ 11 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞപ്പോഴാണ് മോചിപ്പിച്ചത്. വൈദികരെ പിന്നീട് സസ്‌പെൻഡ് ചെയ്തിരുന്നു.
ഡോ. ഗെലേറ്റയുടെ ലെറ്റർ ഹെഡ്ഡിൽ അദ്ദേഹത്തിന്റെ ഒപ്പിട്ട് ജൂലായ് 17-ന് പുറത്തുവന്നിരിക്കുന്ന കത്തിൽ ഗുരുതര ആരോപണങ്ങളാണ് നാല് ബിഷപ്പുമാർക്കെതിരേ ഉന്നയിക്കുന്നത്. കുർണൂൽ ബിഷപ്പ് പൂല അന്തോണി, നെല്ലൂർ ബിഷപ്പ് എം.ഡി. പ്രകാശം, എളുരു ബിഷപ്പ് പൊളെമെറ ജയറാവു, വിശാഖപട്ടണം ആർച്ച് ബിഷപ്പ് മല്ലവരപ്പ് പ്രകാശ് എന്നിവർക്കെതിരേയാണ് കത്തിൽ ആരോപണങ്ങളുള്ളത്. കോടികളുടെ അഴിമതിയും ലൈംഗികബന്ധങ്ങളും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. എനിക്ക് ഒരു ഭാര്യ മാത്രമുള്ളപ്പോൾ ഒന്നിലധികം ബന്ധങ്ങളുള്ളവരുടെ കാര്യം എന്താണ് വിവാദമാകാത്തതെന്നും ചോദ്യമുണ്ട്.
ആന്ധ്രയിലെ കത്തോലിക്ക സമൂഹത്തിൽ ദളിത് ക്രൈസ്തവരും ‘ഉയർന്ന’ ജാതിക്കാരും തമ്മിൽ വലിയ വേർതിരിവ് നിലനിൽക്കുന്നുണ്ട്. താൻ ചുമതലയേറ്റതു മുതൽ തനിക്കെതിരേ നീക്കം നടക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഡോ. ഗെലേറ്റയുടെ ഭരണരീതികൾക്കെതിരേ നിരവധി പരാതികൾ വത്തിക്കാനിലേക്ക് പോയിരുന്നു. തുടർന്ന് മുംബൈയിലെ ഒരു റിട്ട. ബിഷപ്പ് വിഷയം അന്വേഷിക്കാനെത്തി. അപ്പോഴാണ് ബിഷപ്പിന് കുടുംബമുണ്ടെന്ന് വിശ്വാസികൾ ആരോപിച്ചത്. ഇതിന് തെളിവ് നൽകാൻ അവർക്ക് കഴിഞ്ഞില്ല. തെളിവുമായി വരാൻ അദ്ദേഹം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. കോടതിയിലും കേസ് നടക്കുന്നുണ്ട്. കത്ത് തന്റെത് തന്നെയാണെന്നോ അല്ലെന്നോ ബിഷപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന സംഭവത്തിൽ കേരളത്തിലെ പൊലീസ് അന്വേഷണം മെല്ലെപ്പൊക്കിൽ ആയതിൽ വലിയ വിമർശനം ഉയരുന്നതിനിടെ പഞ്ചാബില്‍ ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജലന്ധറിലേക്ക് നടത്താനിരുന്ന യാത്ര അനിശ്ചിതത്വത്തിലായിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ജലന്ധറിലേക്ക് പോകാൻ അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അനുമതി നൽകിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സർക്കാരും ഈ നിലപാട് ആണ് കൈക്കൊണ്ടതെന്നാണ് ലഭ്യമാകുന്ന വിവരം.
ഇതിനിടെയാണ് വ്യക്തമായ പീഡന പരാതി ഉയർന്നിട്ടും നിരവധി കന്യാസ്ത്രീകളുടെ തിരുവസ്ത്രം ഊരിക്കാൻ കാരണമായി ബിഷപ്പ് ഫ്രാങ്കോയുടെ ഭാഗത്തുനിന്ന് ലൈംഗിക പീഡനവും അതിക്രമങ്ങളും ഉണ്ടായെന്ന ആക്ഷേപവും വന്നിട്ടും കേരള പൊലീസ് ഉദാസീന നയം കാണിക്കുന്നത്. ലത്തീൻ സഭയുടെ ബിഷപ്പായ ഫ്രാങ്കോയ്ക്ക് എതിരെ ഉയർന്ന ആരോപണത്തിൽ സീറോ മലബാർ സഭ പരമാധ്യക്ഷനായ കർദിനാൾ മാർ ആലഞ്ചേരിക്ക് എതിരെ വരെ ആരോപണം ഉയർത്തി ഒരു വിഭാഗം നുണപ്രചരണവും നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സഭാ പരമാധ്യക്ഷനായ ആലഞ്ചേരിയുടെ മൊഴിയെടുക്കുകവരെ ചെയ്തിട്ടും കേരള പൊലീസ് പ്രതിയായ മെത്രാനെതിരെ ചെറുവിരൽ അനക്കാത്തത് എന്തെന്ന് കേരളത്തിൽ വിശ്വാസികൾ ഉൾപ്പെടെ ചോദിച്ചുതുടങ്ങിയിട്ടും ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിനും സർക്കാരിനും മറുപടിയില്ല.
കന്യാസ്ത്രീ നൽകിയ പരാതിയിലും മൊഴിയിലും ബിഷപ്പിനെ അറസ്റ്റുചെയ്യാനുള്ള വകുപ്പുണ്ട്. പരാതിയെ തുടർന്ന് കേസെടുത്ത ശേഷം ബംഗളൂരുവിലും മൊഴിയിൽ പറഞ്ഞതും അല്ലാത്തതുമായി ബന്ധപ്പെട്ട മഠങ്ങളിലും ഉൾപ്പെടെ നിരവധി കന്യാസ്ത്രീകളുടേയും വിശ്വാസികളുടേയും എല്ലാം മൊഴിയെടുത്തു അന്വേഷണ സംഘം. എന്നിട്ടും ഫ്രാങ്കോ മുളയ്ക്കന്റെ അടുത്തെത്താൻ ഇപ്പോഴും ദൂരമേറെയെന്ന നിലയിൽ ആണ് അന്വേഷണ സംഘം. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ടുപോകൂ. കേരളത്തിലെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. ലഭിച്ച മൊഴികളിൽ മിക്കതും ബിഷപ്പിനെതിരാണെന്ന സൂചനകളും പുറത്തുവന്നിരുന്നു. എന്നിട്ടും നടപടി വൈകുകയാണ്. ബിഷപ്പിനെതിരേ നടപടി ഉണ്ടായാൽ മാത്രമേ കൂടുതൽ ആൾക്കാർ അന്വേഷണവുമായി സഹകരിക്കുകയുള്ളൂ.