കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ കനിയുന്നു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടും പ്രതികളായ പോലീസുകാര്‍ അറസ്റ്റിലായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായമൊന്നും പ്രഖ്യാപിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുടുംബത്തിന് സഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
അതിനിടെ, കേസില്‍ ഇന്നലെ അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാമിനെ അന്വേഷണ സംഘം ഇന്ന് പറവൂര്‍ കോടതിയില്‍ ഹാജരാക്കും. സി.ഐയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുനശിപ്പിക്കല്‍, കോടതിയില്‍ കൃത്രിമ രേഖ ഹാജരാക്കി, അന്യായമായി തടവില്‍ വച്ചു തുടങ്ങിയ കുറ്റങ്ങളാണ് സി.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ ആറിന് രാത്രി അറസ്റ്റിലായ ശ്രീജിത്ത് ഏഴിനാണ് അറസ്റ്റിലായത് എന്നാണ് സി.ഐ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ എഴുതിയിരുന്നത്. എന്നാല്‍ സി.ഐ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനാല്‍ കൊലക്കുറ്റം ചുമത്തിയിട്ടില്ല.
മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ പകല്‍ സമയത്ത് കോടതിയില്‍ എത്തിച്ചേക്കില്ലെന്നാണ് സൂചന. വൈകിട്ട് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയില്ല. ജാമ്യാപേക്ഷ വന്നാല്‍ അന്വേഷണ സംഘം എതിര്‍ക്കുമോ എന്ന് വ്യക്തമല്ല. ജാമ്യം ലഭിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. സി.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. എസ്.പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്നു പോലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയതും ആര്‍.ടി.എഫിനെ സഹായിക്കാന്‍ ഗണേഷന്‍ ഉള്‍പ്പെടെയുള്ളവരെ സമീപിക്കാന്‍ നിര്‍ദേശിച്ചതും എസ്.പിയാണെന്നും സി.ഐ നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിനു ശേഷമുള്ള എസ്.പിയുടെ ഫോണ്‍ രേഖകളും പരിശോധിക്കും. ചോദ്യം ചെയ്യല്‍ ഇന്നുണ്ടാവില്ല. വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് സൂചന. കസ്റ്റഡി മരണത്തിനു പിന്നാലെ സി.ഐ അടക്കമുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയപ്പോള്‍ എസ്.പിയെ പോലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയതിനെയും മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ജോലിയും അര്‍ഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. സങ്കടത്തോടെയാണെങ്കിലും സഹായം സ്വീകരിക്കും. പോലീസ് അന്വേഷണം ഇപ്പോള്‍ ശരിയായ നിലയിലാണ്. കോടതിയിലേക്ക് എത്തുമ്പോള്‍ വമ്പന്‍മാര്‍ രക്ഷപ്പെടുമോ എന്ന് ഭയമുണ്ടെന്നും അവര്‍ പറഞ്ഞു. സഹായത്തില്‍ ആശ്വാസമുണ്ടെന്നും ഗൂഢാലോചനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കൂടി പിടികൂടണമെന്നും ശ്രീജിത്തിന്റെ അമ്മയും പറഞ്ഞു.
വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതികളുടെ കുറ്റസമ്മതം. പ്രദേശവാസികളായ ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് പൊലീസ് സൂചന നല്‍കി. വലിയ വഴിത്തിരിവിലേക്കാണ് കേസ് എത്തുന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് കൃത്യം നടന്നതെന്നാണ് വ്യക്തമാകുന്നത്. രണ്ടാമനായ പ്രതി ലിഗയുടെ പണം തട്ടിയെടുക്കാനാണ് കയ്യേറ്റമുണ്ടായതെന്നും മൊഴി നല്‍കി.
തുടക്കം മുതല്‍ തന്നെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും ആദ്യം മുതല്‍ നല്‍കിയത്. ഇന്നലെ മുതലാണ് കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ പ്രതികള്‍ ആരംഭിച്ചത്. ബോട്ടിങ്ങിനെന്നുപറഞ്ഞ് ലിഗയെ കൊണ്ടുപൊയതെന്ന് ഇന്നലെ പ്രതികളിലൊരാള്‍ സമ്മതിച്ചിരുന്നു. രണ്ടുപേരും രണ്ടുകാരണങ്ങളാണ് കൊലപാതകത്തിനായി പറഞ്ഞതെന്നത് പൊലീസിനെ ഇപ്പോഴും കുഴക്കുന്നുണ്ട്. ആറി ദിവസത്തിലേറെ നീണ്ട് ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതത്തിലേക്ക് എത്തുന്നത്.
കേസില്‍ നിർണായകമാകുന്ന അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ലിഗയുടെ മൃതദേഹം കണ്ട കാട്ടിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് ഫലവും ഇന്ന് ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിലൂടെ മാത്രമേ മാനഭംഗശ്രമം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാവു. മാനഭംഗ ശ്രമം നടന്നതായി സ്ഥിരീകരിച്ചാൽ അത് ചെറുത്തതാണ് കൊലയ്ക്ക് കാരണമെന്ന പൊലീസ് അനുമാനം ശരിവയ്ക്കും.
കാട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും മുടിയിഴകളും ആരുടെതെന്ന് വ്യക്തമാക്കുന്നതാവും ഫൊറൻസിക് ഫലം. കസ്റ്റഡിയിലുള്ളവരുടെതാണ് ഇതെങ്കിൽ അവർക്കെതിരെയുള്ള ശാസ്ത്രീയ തെളിവാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. ഇവ രണ്ടും ലഭിച്ചാൽ മാത്രമേ അറസറ്റിലേക്ക് പോകാനാവൂ. അതേസമയം ലിഗയുടെ സഹാദരി ഇലീസിനെ സഹായിച്ച പൊതുപ്രവർത്തക അശ്വതി ജ്യാലക്കെതിരെ പരാതി നൽകിയാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വ്യാജപരാതിയാണോയെന്ന് അന്വേഷിച്ച ശേഷം മാത്രം പരാതിയിലെ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചിൽ മതിയെന്നാണ് പൊലീസ് തീരുമാനം.
പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്നാഥ് അന്തരിച്ചു. മകന്‍ സലിം പുഷ്പനാഥ് മരിച്ച് ഒരുമാസം തികയുംമുമ്പാണ് അന്ത്യം. എണ്‍പത് വയസ്സായിരുന്നു. നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകള്‍ എഴുതിയിട്ടുണ്ട്. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും.
ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹരമായിരുന്നു. കോട്ടയത്ത് എം.ടി. സെമിനാരി ഹൈസ്‌കൂൾ, ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പുഷ്‌പനാഥിന്റെ സ്‌കൂൾ വിദ്യാഭ്യാസം.
പിന്നീട് കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1972-ൽ ചരിത്രത്തിൽ ബിരുദമെടുത്തു. അധ്യാപികയായിരുന്ന അമ്മയാണ് പുഷ്പനാഥിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. കോട്ടയം ജില്ലയിൽ അധ്യാപകനായിരുന്ന പുഷ്പനാഥൻ പിള്ള എന്ന കോട്ടയം പുഷ്പനാഥ്, ജോലിയിൽനിന്ന് സ്വയം വിരമിച്ചശേഷം പൂർണമായും എഴുത്തിന്റെ ലോകത്തായിരുന്നു. കോടിയത്തൂർ പ്രൈവറ്റ് സ്‌കൂൾ, ദേവികുളം ഗവൺമെന്റ് ഹൈസ്‌കൂൾ, കല്ലാർകുട്ടി എച്ച്.എസ്, നാട്ടകം ഗവൺമെന്റ് എച്ച്.എസ്, ആർപ്പൂക്കര ഗവൺമെന്റ് എച്ച്.എസ്., കാരാപ്പുഴ ഗവൺമെന്റ് എച്ച്.എസ്., തുടങ്ങിയ സ്ഥലങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കൃതികൾ തമിഴ്, തെലുങ്ക്, കന്നഡ മുതലായ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി തുടങ്ങിയ കൃതികൾക്ക് ചലച്ചിത്ര ഭാഷ്യമുണ്ടായി. മറിയാമ്മയാണ് ഭാര്യ. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ രണ്ടു മക്കൾ കൂടിയുണ്ട്.
കർദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലൽ റോഡ്, ലെവൽ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികൾ.
മലയാളത്തില്‍ ഒരു തലമുറയെ തന്‍റെ പ്രത്യേകതകള്‍ നിറഞ്ഞ എഴുത്തുശൈലിയിലൂടെ വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കുകയായിരുന്നു പുഷ്പനാഥ്. കോട്ടയം എം.ടി.സെമിനാരി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അമ്മയായിരുന്നു വായനയുടെ ലോകത്തേയ്‌ക്ക് കൊണ്ടുവന്നത്. കുട്ടിക്കാലത്തേ നോവലുകളും ആഴ്‌ചപ്പതിപ്പുകളുമൊക്കെ വായിച്ചുവളര്‍ന്നു. രാത്രി വൈകും വരെ അമ്മ അടുത്തിരുന്നു വായിപ്പിക്കും. ഒരു ഓണക്കാലത്ത് അമ്മ മരിച്ചുപോയി. അതോടെ ഏകാന്തതയായി. പുസ്‌തകങ്ങളെ കൂട്ടു തന്നിട്ടാണ് അമ്മ പോയതെന്ന് പുഷ്പനാഥ് തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. അപ്പോ പിന്നെ ആ ചങ്ങാത്തം തുടർന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞുപോയതോടെ ശരിക്കും ഒറ്റപ്പെട്ടു. പട്ടിണിയൊന്നുമില്ല. ചിലപ്പോൾ കൂട്ടുകാർ അല്ലെങ്കിൽ ആയൽ വീട്ടുകാർ ഭക്ഷണം തരും.
അപ്പോഴും എഴുത്തുകാരനാവണമെന്നൊന്നും തോന്നിയില്ല. ഉടൻ ജോലി വേണം. അങ്ങനെ ടിടിസി കഴിഞ്ഞിറങ്ങി പത്തൊമ്പതാമത്തെ വയസ്സിൽ മലപ്പുറം മഞ്ചേരിയിൽ ഒരു സ്‌കൂളിൽ താൽക്കാലിക ജോലി കിട്ടി. പിന്നെ സർക്കാർസ്‌കൂളിൽ സ്‌ഥിരം ജോലി. ദേവികുളത്ത്, പി്‌ന്നെ ഒരു പാടു സ്‌കൂളുകളിൽ മാഷായി. ഒടുവിൽ കാരാപ്പുഴ സർക്കാർ സ്‌കൂളിൽ വച്ച് റിട്ടയർചെയ്‌തു. ജ്യോഗ്രഫിയും സോഷ്യൽ സറ്റഡീസുമായിരുന്നു വിഷയങ്ങൾ.
അപസർപ്പക കഥയുടെ ആമുഖം പോലെ ഒരു നിമിഷം നിശബ്‌ദം. അധ്യാപകനായി കഴിഞ്ഞിട്ടും കുട്ടിക്കാലത്ത് മനസ്സിൽ കയറിയ കഥാപാത്രങ്ങൾ ഇറങ്ങിപ്പോയില്ല. ഫൗണ്ട് ഓഫ് ദ ബാസ്‌കർ വിൽസിലെ ചെന്നായ മനസ്സിൽ ഓരിയിട്ടു. ഒടുവിൽ പുഷ്‌പനാഥ് എന്ന ഡിറ്റക്‌ടീവ് നോവലിസ്‌റ്റിന്‍റെ പേനയിൽ അപസർപ്പക നോവലിന്റെ ചുവന്ന മഷി നിറഞ്ഞു. ആദ്യ നോവൽ പിറന്നു- ചുവന്ന മനുഷ്യൻ.. പഠിപ്പിക്കുന്നത് സോഷ്യൽസ്‌റ്റഡീസ് ആയതുകൊണ്ട് വിദേശരാജ്യങ്ങളെക്കുറിച്ചൊക്കെ നല്ല അറിവുണ്ടായിരുന്നു. ഇതുവരെ ഒരു വിദേശരാജ്യത്തുപോലും പോയിട്ടില്ലെങ്കിലും കഥാപാത്രങ്ങളെ വിമാനം കയറ്റി ലണ്ടനിലേക്കും കാർപാത്യൻ മലനിരകളിലേക്കുമൊക്കെ അയക്കുവാൻ ഒരു വിഷമവും ഉണ്ടായില്ല.
മകനും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറും എഴുത്തുകാരനുമായ കോട്ടയം സലിം പുഷ്പനാഥ് കുഴഞ്ഞുവീണായിരുന്നു മരിച്ചത്. കുമളിക്കു സമീപം സലിമിന്റെ റിസോർട്ടായ ആനവിലാസം ലക്‌ഷ്വറി പ്ലാന്റേഷൻ ഹൗസിൽ ആയിരുന്നു സംഭവം.
സിംല: ഹോട്ടലിലെ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവമുണ്ടായത്. അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രീ പ്ലാനിങ് ഓഫീസര്‍ ഷൈല്‍ ബാലയാണ് വെടിയേറ്റ് മരിച്ചത്. നാരായണി ഗസ്റ്റ് ഹൗസ് എന്ന ഹോട്ടലിന്റെ അനധികൃത നിര്‍മാണം ഒഴിപ്പിക്കാനെത്തിയതായിരുന്നു ഇവര്‍. ഹോട്ടല്‍ ഉടമ വിജയ് കുമാറാണ് ഷൈല്‍ബാലയെ വെടിവെച്ചു വീഴ്ത്തിയത്.
മറ്റൊരു ഉദ്യോഗസ്ഥനും സംഭവത്തില്‍ പരിക്കേറ്റു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം നടപടിയെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സോളന്‍ ജില്ലയിലെ 13 ഹോട്ടലുകള്‍ അനധികൃതമായി നിര്‍മിച്ചവയാണെന്ന് കണ്ടെത്തിയ കോടതി അവ പൊളിച്ചു നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി നാല് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഇതില്‍ ഒരു സംഘത്തിന്റെ മേധാവി ആയിരുന്നു ഷൈല്‍ബാല.
സംഘം ഗേറ്റിന് സമീപം എത്തിയപ്പോള്‍ത്തന്നെ വിജയ് കുമാര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തനായിരുന്നു വിജയ് കുമാര്‍ ഇങ്ങനെ ചെയ്തത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥരും വിജയ് കുമാറും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വിജയ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയേറ്റ ഷൈല്‍ബാല സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സ്വവര്‍ഗാനുരാഗിയായതിനാല്‍ തെരുവിലായെന്ന് വെളിപ്പെടുത്തി ആക്ഷന്‍ താരം ജാക്കി ചാന്റെ മകള്‍ എറ്റ എന്‍ജി. പെണ്‍സുഹൃത്ത് ആന്‍ഡി ഓട്ടത്തോടൊപ്പം ഹോങ്കോങ്ങിലെ ഒരു പാലത്തിനടിയിലാണ് താമസമെന്ന് എറ്റ യുട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അറിയിച്ചു. താന്‍. സ്വവര്‍ഗാനുരാഗിയെന്ന് അറിഞ്ഞതോടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചെന്നും ഇറ്റ ആരോപിക്കുന്നു.
പതിനെട്ടുകാരിയായ ഇറ്റ കഴിഞ്ഞദിവസം യൂ ട്യൂബിലൂടെ പുറത്തുവിട്ട വീഡിയോ ആണിത്. സ്വവര്‍ഗലൈംഗികതയെ വെറുക്കുന്ന മാതാപിതാക്കള്‍ കാരണം ഒരു മാസത്തോളമായി തെരുവിലാണെന്നും പൊലീസില്‍ വരെ പരാതി നല്‍കിയിട്ടും ആരും സഹായിച്ചില്ലെന്നും ഇറ്റ പറയുന്നു. സുഹൃത്തിന്റെ കാരുണ്യത്തിലാണ് ഇത്രനാളും കഴിഞ്ഞത്. ഇനിയും സഹായിക്കാന്‍ അവര്‍ക്കാകില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു സഹായാഭ്യര്‍ഥനെയെന്നാണ് വിശദീകരണം. മുന്‍ മിസ് ഏഷ്യയും നടിയുമായ എലെയ്ന്‍ എന്‍ജിയാണ് എറ്റയുടെ അമ്മ. പണമില്ലെങ്കില്‍ ജോലി ചെയ്തു ജീവിക്കട്ടെയെന്നായിരുന്നു എലെയ്ന്റെ പ്രതികരണം. ജീവിതത്തിന്റെ ഏറിയപങ്കും ഒപ്പമില്ലാതിരുന്ന ജാക്കി ജാന്റെ പേര് എടുത്ത് പറഞ്ഞ് എറ്റ സഹായം അഭ്യര്‍ഥിച്ചത് ശരിയായില്ലെന്നാണ് എലെയ്ന്റെ പക്ഷം. നിയമപരമായി വിവാഹിതരായവരല്ല എലെയ്നും ജാക്കി ചാനും. കൂട്ടുകാരിയായ മുപ്പത്തുകാരിയാണ് മകളെ വഴിതെറ്റിച്ചതെന്നും എലെയ്ന്‍ ആരോപിച്ചു. എന്നാല്‍ മകളുടെ വെളിപ്പെടുത്തലിനോട് ജാക്കി ചാന്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ലഹരി മരുന്ന് കേസില്‍ ജാക്കി ചാന്റെ മകനും ഗായകനുമായ ജെയ്സി ചാന്‍ അറസ്റ്റിലായിരുന്നു.
ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ നായകനായി മോഹന്‍ലാലെത്തുന്നു. ഇതാദ്യമായാണ് ഒരു വെബ് സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുന്നത്. ചിത്രത്തിനായി 45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഇത് ആദ്യമായാണ് മോഹന്‍ലാല്‍ ഒരു വെബ് സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.
2009ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം സ്‌ളം ഡോഗ് മില്യണയറിലൂടെയാണ് മികച്ച സൗണ്ട് മിക്‌സിംഗിനുള്ള ഓസ്‌കാര്‍ അവാര്‍ഡ് റസൂലിന് ലഭിച്ചത്. സാവരിയ, യന്തിരന്‍, റാ വണ്‍, കൊച്ചടൈയാന്‍, നന്‍പന്‍, ഹൈവേ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ച റസൂല്‍ പഴശിരാജ, ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി, കമ്മാരസംഭവം തുടങ്ങിയ മലയാള ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി.
മോഹന്‍ലാലിനൊപ്പം ഇതുവരെ ഒരു ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും തന്റെ കന്നി സംവിധാന സംരംഭത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനാകണമെന്ന് റസൂലിന് മോഹമുണ്ടായിരുന്നു.
‘അമ്മ മഴവില്ല്’ ഷോയ്ക്കുവേണ്ടിയുള്ള മമ്മൂട്ടി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ വൈറലാകുന്നു. നിങ്ങള്‍ ഒന്നും ചെയ്യേണ്ട തലയാട്ടിയാല്‍ മതിയെന്ന് കൊറിയോഗ്രാഫര്‍ വീഡിയോയില്‍ പറയുന്നുണ്ട്. മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് അണിനിരക്കുന്നത്.
അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മൂന്നാം തീയതി മുതല്‍ തിരുവനന്തപുരത്തേക്കു റിഹേഴ്‌സല്‍ ക്യാംപ് മാറും. തുടര്‍ന്നു സ്റ്റേജ് റിഹേഴ്‌സല്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ഉണ്ടാവും. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.
പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന 15 പേരെ ഷോയുടെ തുടക്കത്തില്‍ ആദരിക്കും. നടന്‍ മധുവിന്റെ നേതൃത്വത്തിലാണിത്. ഇവര്‍ക്കു മലബാര്‍ ഗോള്‍ഡും മഴവില്‍ മനോരമയും സ്വര്‍ണനാണയങ്ങള്‍ സമ്മാനിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്. പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദരാണ്.
കൊല്ലത്തിന്റെ കായല്‍ സൗന്ദര്യം മതിയാവോളം ആസ്വദിച്ച് ലോക ക്രിക്കറ്റിലെ മിന്നുംതാരം ക്രിസ് ഗെയ്ല്‍. കുടുംബത്തോടൊപ്പമാണ് ഗെയ്ല്‍ കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. മകൾ ക്രിസ് അലിനയ്ക്കും ഭാര്യ നതാഷ ബെറിജിനുമൊപ്പം കായൽ സൗന്ദര്യവും ആയുര്‍വേദ ചികില്‍സയുമാണ് ഗെയ്‌ലിന്റെ ലക്ഷ്യം. ഇന്നലെ കൊല്ലത്തെത്തിയ ഗെയ്‌ലും കുടുംബവും ഇന്ന് രാവിലെയാണു കായൽ യാത്ര നടത്തിയത്. റാവിസ് ഹോട്ടൽ മുതൽ മണ്‍റോതുരുത്ത് വരെ യാത്ര നടത്തിയ ഗെയ്‌ൽ ഒരുദിനം അഷ്ടമുടി കായലില്‍ വഞ്ചിവീട്ടില്‍ ചെലവഴിച്ചു. അഷ്ടമുടിയുടെയും മണ്‍റോതുരുത്തിന്റെയും കാഴ്ചകൾ ഏറെയിഷ്ടപ്പെട്ട ഗെയ്‌ലിന് നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ തനതു ഭക്ഷണങ്ങളാണ്.
ഭക്ഷണപ്രിയനായ ഗെയ്‌ലിന് കേരളരീതിയിലുള്ള ഭക്ഷണമൊരുക്കുന്നത് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ്. കേരള രീതിയിൽ തന്നെ ഭക്ഷണം തയാറാക്കി നൽകണമെന്ന് ഗെയ്ൽ അവശ്യപ്പെട്ടതായും റാവിസ് ഗ്രൂപ്പ് കോർപറേറ്റ് ഷെഫ് സുരേഷ് പിള്ള പറഞ്ഞു. ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ചക്ക, കരിമീന്‍, മാമ്പഴം, കണവ, കൊഞ്ച്, എന്നവയും ഉള്‍പ്പെടുത്തിയിരുന്നു. ഒരു ദിവസത്തെ വഞ്ചീവീട് യാത്ര അദ്ദേഹം ഏറെ ആസ്വദിച്ചു. യാത്രയ്ക്കിടയില്‍ കണ്ട മല്‍സ്യബന്ധനത്തൊഴിലാളികളോട് സംസാരിക്കാനും ഒപ്പം സെല്‍ഫിയെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. കായൽ യാത്ര ഏറെ ഇഷ്ടപ്പെട്ടെന്നു ഗെയ്‌ലിന്റെ ഭാര്യ നതാഷ ബെറിജും പറഞ്ഞു. രണ്ടു വയസുകാരി മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഗെയ്‌ല്‍ കേരളം തിരഞ്ഞെടുത്തത്.
അദ്ദേഹത്തിന്റെ ഭക്ഷക്രമത്തില്‍ ഏറെ വ്യത്യസ്ഥമായ കാര്യം പന്ത്രണ്ട് എന്ന സംഖ്യയാണ്. ഐ പി എല്ലില്‍ പന്ത്രണ്ട് സിക്സുകള്‍ കൂടി അടിച്ചാല്‍ ഗെയ്‌ലിന് സിക്സുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാം. ആ നേട്ടം മുന്നില്‍ കണ്ടുകൊണ്ടാണ് അദ്ദേഹത്തിന് പന്ത്രണ്ട് കരീമീന്‍, പന്ത്രണ്ട് കൊഞ്ച് എന്നീ ക്രമത്തിലുള്ള അദ്ദേഹത്തിന് ഭക്ഷണമൊരുക്കിയത്. കായല്‍ കാറ്റേറ്റ് കേരളത്തിന്റെ തനത് ഭക്ഷണം നുകര്‍ന്ന് കളിക്കളത്തിലെ ഇൗ വെടിക്കെട്ട് ബാറ്റ്സ്മാന്‍ മൂന്നുനാള്‍ കൂടി കൊല്ലത്തുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
കരഞ്ഞപേക്ഷിച്ചിട്ടും മകളെ രക്ഷിക്കാന്‍ ആരും സഹായിച്ചില്ലെന്ന് തൃശൂരില്‍ ഭര്‍ത്താവ് തീകൊളുത്തി കൊന്ന ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍. പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ മുഴുവന്‍ കാഴ്ചക്കാരായിരുന്നു. പൊളളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും സഹായിച്ചില്ല. പ്രതി വിരാജിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ജനാര്‍ദനന്‍ പറഞ്ഞു.
കണ്ണീരോടെ ജനാര്‍ദനന്‍ പറയുന്നതിങ്ങനെ ‘പലിശ കയറിയാണ് കടം കുമിഞ്ഞത്. ഞങ്ങള്‍ ഒന്നും ഇല്ലാത്തവരാണ്. കൊടുക്കാനില്ലാത്ത പൈസയാണ് ഇതെന്നാണ് മോള് പറഞ്ഞത്. ഒരു ജനപ്രതിനിധിയാണ് അവളെ ഭീഷണിപ്പെടുത്തിയത് പലപ്പോഴും. പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്നു.
പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ട് തീകൊളുത്തി. എന്റെ മോള് നിന്നു കത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ച് വെള്ളം ഒഴിച്ചു. വാര്‍ഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോര്‍ക്കണം…’
തൃശൂര്‍ ചെങ്ങാലൂരിലാണ് ജനക്കൂട്ടം നോക്കിനില്‍ക്കെ ദലിത് യുവതിയെ ഭര്‍ത്താവ് ചുട്ടുക്കൊന്നത്. ഭര്‍ത്താവിനെ തടയാനോ പൊള്ളലേറ്റ യുവതിയെആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ല. നാടുവിട്ട ഭര്‍ത്താവിനായി പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്.
ഷാജഹന്‍പൂര്‍: വിവാഹ ദിനത്തില്‍ വരന് ദാരുണാന്ത്യം. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ വരനെ വെടിവച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ റാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. വരന്‍ വെടിയേറ്റ് വീഴുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിവാഹ ചടങ്ങുകളുടെ ഭാഗമായുളള ആചാരങ്ങള്‍ ചെയ്യുകയായിരുന്നു വരന്‍ സുനില്‍ വര്‍മ്മ. ഇയാള്‍ക്ക് അടുത്തുണ്ടായി ബന്ധുക്കളും ഉണ്ടായിരുന്നു. ഇതിനിടയില്‍ സമീപത്തുനിന്ന ഒരാള്‍ വെടിവയ്ക്കുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വരന്റെ അടുത്ത സുഹൃത്തായ രാംചന്ദ്രയാണ് ഇയാളെന്നാണ് വിവരം.
രാംചന്ദ്ര തന്റെ കൈയ്യിലുളള ലൈസന്‍സ് തോക്കുപയോഗിച്ചാണ് വെടിവച്ചത്. ആദ്യം വെടിവച്ചെങ്കിലും അത് മിസായി. രണ്ടാമത്തെ ഷോട്ട് കൃത്യമായി വരന്‍ സുനിലിന്റെ നെഞ്ചത്ത് കൊണ്ടു. വെടിയേറ്റ സുനില്‍ നെഞ്ചത്ത് കൈവച്ച് താഴെ വീഴുകയായിരുന്നു. സുനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്ത് ഉച്ചത്തില്‍ മ്യൂസിക് വച്ചിരുന്നു. ഈ ശബ്ദത്തില്‍ സുനിലിന് വെടിയേറ്റ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വരന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വെടിവച്ച രാംചന്ദ്ര ഒളിവിലാണെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.