ജയ്പൂര്‍: രാജസ്ഥാനില്‍ അടുത്ത വര്‍ഷം മുതല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ദിവസമായി ആചരിക്കും. യുവാക്കളില്‍ വാലന്റൈന്‍സ് ഡേയ്ക്ക് വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ഇല്ലാതാക്കാനാണ് നടപടി. മാതൃ പിതൃ പുജാന്‍ ദിവസ് എന്നാണ് ദിവസത്തിന് പേര് നല്‍കിയിരിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ശിവ് പഞ്ചാംഗ് വാര്‍ഷിക കലണ്ടറില്‍ വിദ്യാഭ്യാസ വകുപ്പ് മാതൃ പിതൃ പുജാന്‍ ദിവസ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 23-ാം തിയതി ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്നാനി മാര്‍ച്ചില്‍ നിയമസഭയില്‍ ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു.
വിദ്യാര്‍ഥികള്‍ മറ്റാരെയെങ്കിലും സ്നേഹിക്കുന്നതിന് മുമ്പ് അവരുടെ മാതാപിതാക്കളെ സ്നേഹിക്കാനാണ് പഠിക്കേണ്ടതെന്നായിരുന്നു മന്ത്രി അന്ന് നിയമസഭയില്‍ പറഞ്ഞത്.
ഗുരുവായൂർ ∙ സ്ത്രീസുഹൃത്തുമായി കിഴക്കേനടയിലെ ലോഡ്ജിൽ താമസിച്ചിരുന്നയാൾ സ്ത്രീയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും മർദനത്തെ തുടർന്നു മരിച്ചു. പാവറട്ടി മരുതയൂർ അമ്പാടി വീട്ടിൽ ജയരാമന്റെ മകൻ സന്തോഷാണ് (43) ശനി രാത്രി മരിച്ചത്. 23നു രാത്രി ഏഴരയോടെ കിഴക്കേനടയിലെ ലോഡ്ജിനു മുന്നിലാണു മർദനമേറ്റത്. സംഭവത്തെ തുടർന്നു സ്ത്രീയുടെ ഭർത്താവ് എരുമപ്പെട്ടി നെല്ലുവായിൽ താമസിക്കുന്ന മുതുവട്ടൂർ കുന്നത്തുള്ളി ദിനേഷ് (47), ബന്ധുവായ നെല്ലുവായ് മുട്ടിക്കൽ പാണ്ടികശാലവളപ്പിൽ മഹേഷ് (32) എന്നിവരെ കൊലപാതക ശ്രമത്തിനു 24നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്.
കൂലിപ്പണിക്കാരനായ ദിനേഷും ചെറുകിട കച്ചവടക്കാരനായ സന്തോഷും പരിചയക്കാരായിരുന്നു. ദിനേഷിന്റെ ഭാര്യ ജോലിക്കായി വീട്ടിൽനിന്നു പോയിട്ടു രണ്ടാഴ്ചയായി. ഗുരുവായൂരിലുണ്ടെന്നു വിവരം ലഭിച്ചതോടെ ദിനേഷും ബന്ധുക്കളും ഇവർ താമസിച്ച ലോഡ്ജിലെത്തി. ബഹളമുണ്ടായതിനെ തുടർന്ന് ഇവരെ ലോഡ്ജിൽനിന്നു പുറത്താക്കി. തുടർന്നു റോഡിൽ വച്ചു ബഹളവും അടിപിടിയുമുണ്ടായി. തലയ്ക്കു പരുക്കേറ്റ സന്തോഷ് ബോധരഹിതനായി.
ആക്ട്സ് പ്രവർത്തകർ ആദ്യം ചാവക്കാട് ആശുപത്രിയിലെത്തിച്ചു. തുടർന്നു തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. പൊലീസിനു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഘത്തിൽ രണ്ടു പുരുഷൻമാരും രണ്ടു സ്ത്രീകളും രണ്ടു കൗമാരക്കാരുമുണ്ടായിരുന്നതായി അറിയുന്നു. സന്തോഷ് മരിച്ചതിനെ തുടർന്നു പ്രതികൾക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. രണ്ടു പേർക്കെതിരെ കൂടി കേസ് എടുക്കും. സിഐ പി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുന്നു.
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയില്‍ സ്‌ഥലം എം.എല്‍.എയെ ക്ഷണിച്ചുവരുത്തി അപമാനിച്ചെന്നു പരാതി. കഴിഞ്ഞദിവസം എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് കേരള-2018 പരിപാടിയില്‍ വിളിച്ചുവരുത്തി അപമാനിച്ചെന്നാരോപിച്ച് ഹൈബി ഈഡന്‍ എം.എല്‍.എ, നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന് അവകാശലംഘന നോട്ടീസ് നല്‍കും.
പരിപാടിക്കു ക്ഷണിച്ചെങ്കിലും സ്‌ഥലം എം.എല്‍.എയെ, പ്രോട്ടോക്കോള്‍ ലംഘിച്ച്, സദസില്‍ ഇരുത്തുകയായിരുന്നു. വകുപ്പ് ഡയറക്‌ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്കു വേദിയിലായിരുന്നു ഇരിപ്പിടം. നൈപുണ്യവികസനം ലക്ഷ്യമിട്ടു വ്യവസായ പരിശീലനവകുപ്പും തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും(കെയിസ്) ചേര്‍ന്നാണ് ഇന്ത്യ സ്‌കില്‍സ് കേരള-2018 പരിപാടി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്‌ഘാടകന്‍. പരിപാടിയില്‍ എം.എല്‍.എയ്‌ക്ക് അര്‍ഹമായ സ്‌ഥാനം നല്‍കാതെ അപമാനിച്ചെന്നാണു പരാതി.സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വകുപ്പുമന്ത്രിയാകണം അധ്യക്ഷന്‍. സ്‌ഥലം എം.എല്‍.എയ്‌ക്കു വേദിയില്‍ പ്രധാനസ്‌ഥാനം നല്‍കണം. അല്ലെങ്കില്‍ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണു കൊച്ചിയില്‍ എം.എല്‍.എയെ വിളിച്ചുവരുത്തി സദസിലിരുത്തിയത്.
വ്യവസായ പരിശീലനവകുപ്പ് ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമനാണു ഹൈബിയെ ചടങ്ങിലേക്കു ക്ഷണിച്ചത്. മന്ത്രി ടി.പി. രാമകൃഷ്‌ണനായിരുന്നു അധ്യക്ഷന്‍. വേദിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് എം.ഡി: ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരുമുണ്ടായിരുന്നു. അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഹൈബി പരിപാടി അവസാനിക്കും മുമ്പ് ഇറങ്ങിപ്പോയി. ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി ടി.പി. രാമകൃഷ്‌ണന് എം.എല്‍.എയുടെ ഓഫീസ് പരാതി നല്‍കി. ഇന്നു രാവിലെ സ്‌പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കും.
കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 25 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായിയാണ് കൊല്ലപ്പെട്ടത്. ആദ്യ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നിതനിടെയാണ് രണ്ടാമത്തെ സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടത്. സമീപത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനമാണെന്നാണ് സൂചന.
രണ്ടാഴ്ച മുമ്പ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലും സ്‌ഫോടനത്തിലും 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ശശ്ദരക് മേഖയിലുള്ള എന്‍.ഡി.എസ്. ഇന്റലിജന്‍സ് സര്‍വീസ് ബില്‍ഡിംഗിന് സമീപത്താണ് ഇന്ന് ആദ്യ സ്‌ഫോടനമുണ്ടായത്. ഇതില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍പ സമയത്തിനകം തന്നെ രണ്ടാമത്തെ സ്‌ഫോടനവുമുണ്ടായി.
ഗാന്ധിനഗര്‍: ബാലിശമായ പ്രസ്താവനകള്‍ നടത്തിയ സോഷ്യല്‍ മീഡയയില്‍ ബിജെപി നേതാക്കള്‍ പരിഹാസ്യരാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രമുഖ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിനെപ്പോലെയായിരുന്നു നാരദ മഹര്‍ഷിയെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞിരിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ മണ്ടന്‍ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂപാണിയുടെ നാരദ മഹര്‍ഷി ഗൂഗിള്‍ താരതമ്യം പുറത്തുവന്നിരിക്കുന്നത്.
‘ഇന്ന് ഗൂഗിളിന് അറിയാവുന്നതു പോലെ നാരദ മഹര്‍ഷിക്ക് അന്നത്തെ ലോകത്തെ കുറിച്ച് മുഴുവന്‍ അറിയാമായിരുന്നു. ഒരുപാട് അറിവുള്ളയാളായിരുന്നു നാരദ മഹര്‍ഷി. മുഴുവന്‍ ലോകത്തെയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ആ വിവരങ്ങള്‍ അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മാനവകുലത്തിന്റെ നന്മയ്ക്കു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം’- രൂപാണി പറഞ്ഞു.
വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് രൂപാണി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നേരത്തെ ബിപ്ലബ് കുമാര്‍ ദേബിനെതിരെ സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.
മുംബൈ: ഭാര്യയും ഭര്‍ത്താവും തമ്മില്‍ ശാരീരിക ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 9 വര്‍ഷം നീണ്ട വിവാഹബന്ധം ബോംബെ ഹൈക്കോടതി റദ്ദാക്കി. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ശാരീരിക ബന്ധമില്ലാത്തതാണ് ബന്ധം റദ്ദാക്കാന്‍ കാരണമായി ഹൈക്കോടതി ചൂണ്ടി കാണിച്ചത്. ജസ്റ്റിസ് മൃദുല ഭട്കറാണ് കേസ് പരിഗണിച്ചത്.
കോലാപ്പുര്‍ സ്വദേശികളായ യുവതിയും യുവാവും വിവാഹം കഴിച്ചിട്ട് ഏതാണ്ട് 9 വര്‍ഷം പിന്നിട്ടെങ്കിലും ഇവര്‍ അകന്നാണ് താമസിക്കുന്നത്. തട്ടിപ്പിലൂടെയാണ് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചതോടെയാണ് ഇരുവരും തമ്മില്‍ അകന്നു താമസിക്കാന്‍ തുടങ്ങിയത്. ഏറെ നാളുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്.
യുവതിയുടെ ആരോപണം തെളിയിക്കാന്‍ പാകത്തിനുള്ള തെളിവുകള്‍ ലഭ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ഇരുവരും തമ്മില്‍ ലൈഗികബന്ധം നിലനിന്നിരുന്നതായിട്ടുള്ള ഭര്‍ത്താവിന്റെ വാദവും കോടതി തള്ളി. വിവാഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ലൈംഗിക ബന്ധമെന്ന് കോടതി പറഞ്ഞു. അത് നടക്കാത്ത സാഹചര്യത്തിലാണ് വിവാഹമോചനം നല്‍കുന്നതെന്നും ജസ്റ്റിസ് മൃദുല ഭട്കര്‍ വ്യക്തമാക്കി.
2011 സുനാമി തകര്‍ത്തെറിഞ്ഞ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായ പദ്ധതി ആവിഷ്‌കരിച്ച് ജപ്പാന്‍ എന്‍വയോണ്‍മെന്റ് മിനിസ്ട്രി. ഇതിനായി റേഡിയേഷന്‍ മാലിന്യങ്ങളടങ്ങിയ വസ്തുക്കള്‍ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പുതിയ പദ്ധതി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍. പുതിയ പദ്ധതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ച അധികാരികളോട് ജനങ്ങള്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതാവുമെന്നും റേഡിയേഷന്‍ ബാധിക്കാന്‍ കാരണമാകുമെന്നും ജനങ്ങള്‍ വാദിച്ചു. എന്നാല്‍ ഇവ ഉപയോഗിക്കുന്നത് മൂലം യാതോരു റേഡിയേഷന്‍ പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും സുരക്ഷിതമായിരിക്കുമെന്നും അധികൃതര്‍ പറയുന്നു.
2011ലെ സുനാമിക്ക് ശേഷം ഫുക്കുഷിമയുടെ പല ഭാഗങ്ങളും തീര്‍ത്തും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുനാമിയും ന്യൂക്ലിയര്‍ പ്ലാന്റ് അപകടവും ഭൂചലനങ്ങളും ഫുക്കുഷിമയുടെ ഭൂപ്രകൃതി തന്നെ മാറ്റി മറിച്ചിട്ടുണ്ട്. എന്നാല്‍ ജപ്പാന്‍ സര്‍ക്കാര്‍ ഫുക്കുഷിമ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് മറ്റു സ്ഥലങ്ങളില്‍ അഭയം പ്രാപിച്ചവരോട് തിരിച്ചുപോകാനാണ് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. മൈലുകള്‍ അകലെ വരെ മാരകമായ റേഡിയേഷന്‍ പടര്‍ന്നതായുള്ള ശാസ്ത്രീയ റിപ്പോര്‍ട്ടുകളെ അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്.
സമീപ പ്രദേശങ്ങളില്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പടര്‍ന്നതിനാല്‍ ഭക്ഷണത്തിലൂടെ റേഡിയേഷനുണ്ടാകുമെന്ന് വരെ ആളുകള്‍ ഭയപ്പെട്ടിരുന്നു. ജപ്പാനില്‍ നിന്ന് മാരകമായ റേഡിയേഷന്‍ അമേരിക്കന്‍ തീരത്ത് എത്തിച്ചേര്‍ന്നതായി വിദഗ്ദ്ധര്‍ സംശയം രേഖപ്പെടുത്തിയിരുന്നു. ഇത് തെളിവായി ചില മാരക ടോക്‌സിക് വാതകങ്ങള്‍ ഈ പ്രദേശങ്ങളില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫുക്കുഷിമ ന്യൂക്ലിയര്‍ പ്ലാന്റിനെയും സമീപ പ്രദേശങ്ങളെയും തകര്‍ത്തെറിഞ്ഞ സുനാമി വലിയ അളവില്‍ സമുദ്രജലം മലിനപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇത് തന്നെയാണ് അമേരിക്കന്‍ തീരത്തേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സോണി കെ. ജോസഫ്
മൂന്നാര്‍: മൂന്നാറില്‍ സ്വന്തമായി വീടില്ലാതെ ഒരു വൃദ്ധന്‍ സന്മസുള്ളവരുടെ കരുണ തേടുന്നു. കുടിയിറക്കു ഭീഷണിയും ഭൂമികൈയ്യേറ്റവും നടക്കുന്ന മൂന്നാറിലാണ് ആരെയും വേദനിപ്പിക്കുന്ന ഈ ഖേദകരമായ കാഴ്ച. മൂന്നാര്‍ ന്യൂ കോളനിയില്‍ ഗംഗാധരന്‍ എന്ന വൃദ്ധനായ മനുഷ്യനാണ് സ്വന്തമായി വീടില്ലാതെ നാട്ടുകാരുടെ കരുണയാല്‍ കഴിയുന്നത്. ഇവിടെ ആകെയുള്ള 4 സെന്റ് സ്ഥലത്ത് ഒരു കുടുംബം തങ്ങളുടെ കൂടെ ചാക്ക് മറയാക്കി ഷെഡ് അടിച്ചുകൊടുത്താണ് ഈ അനാഥനായ മനുഷ്യനെയും താമസിപ്പിച്ചിരിക്കുന്നത്.
സഹായിക്കുന്ന കുടുംബവും പാവങ്ങളാണ്. ഈ ഒരു കുടുംബത്തില്‍ തന്നെ 6 വീട്ടുകാരാണ് ഉള്ളത്. ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ചു കൊടുത്ത ഷെഡിലാണ് ഈ വൃദ്ധനായ മനുഷ്യന്റെയും താമസം. ഗംഗാധരന് മക്കളില്ല. ഭാര്യ രണ്ട് മാസം മുന്‍പ് മരിച്ചു. മൂന്നാറിലെ കുറെ നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ട് ഈ വൃദ്ധന്‍ ഇന്ന് മരിക്കാതെ ജീവിക്കുന്നു. വാര്‍ദ്ധക്യ സഹജമായ പല രോഗങ്ങളും ഇയാളെ വലയ്ക്കുന്നുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും പരസഹായം വേണം.
ജൂണ്‍, ജൂലൈ മാസത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതിന് മുന്‍പ് ഒരു സുരക്ഷിതമായ മുറി ഇദേഹത്തിന് പണിത് കൊടുത്തില്ലെങ്കില്‍ തണുപ്പും മഴയും സഹിക്കാനാവാതെ ഇയാള്‍ മരണപ്പെടാനും സാദ്ധ്യതയുണ്ട്. കരുണയുള്ള നല്ല മനുഷ്യരുടെ സഹായം തേടുകയാണ് ഈ മനുഷ്യന്‍. സഹായിക്കുവാന്‍ സന്മനസുള്ളവര്‍ സഹായിക്കുക. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ : 9447825748, 9446743873, 9447523540.
മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ സീലിംഗ് ഇളകി വീണ് ആറ് പേര്‍ക്ക് പരിക്ക്. സിസ്സിലിംഗ് പാലറ്റ് റെസ്റ്റോറന്റിന്റെ സീലിംഗാണ് ഇളകി വീണത്. പരിക്കേറ്റ ആറുപേരും സ്ത്രീകളാണ്. ഇവരില്‍ അഞ്ചു പേര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേ ഏറ്റിട്ടുള്ളു. ഒരാളുടെ കഴുത്തിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിശദ വിവരങ്ങള്‍ ലഭ്യമല്ല.
സസ്‌പെന്‍ഡഡ് സീലിംഗിന്റെ ചെറിയ ഒരു ഭാഗമാണ് തകര്‍ന്നതെന്നും കാര്യമായ അപകടമൊന്നും ഉണ്ടായില്ലെവന്നും റെസ്റ്റോറന്റ് മാനേജര്‍ അമീര്‍ പറഞ്ഞു. രാത്രി 10.30ഓടെയാണ് സംഭവമുണ്ടായത്. ലെയില്‍ നിന്ന് രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിരുന്നു.
ഫയര്‍ഫൈറ്റര്‍മാര്‍ പ്രദേശത്ത് ഒരു മണിക്കൂറോളം ചെലവഴിച്ചുവെന്നും രണ്ട് പോലീസ് കാറുകള്‍ മാത്രമാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് ഡൈനിംഗ് ഏരിയകളാണ് റെസ്‌റ്റോറന്റിന് ഉള്ളത്. ഏഷ്യന്‍ മെനുവാണ് ഇവിടുത്തെ പ്രത്യേകത.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ ബ്രിട്ടനെടുത്ത തീരുമാനം നികുതിദായകന് ഭാരമാകുമെന്ന് ആശങ്ക. ആറ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ബ്രെക്‌സിറ്റിനായി ഇതുവരെ ചെലവഴിച്ചത് 346 മില്യന്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഈ തുക ഉപകരിക്കുമായിരുന്നു എന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായം പിന്തുടരുന്ന ക്യാംപെയിന്‍ ഗ്രൂപ്പുകളാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അടുത്ത വര്‍ഷത്തോടെ ഈ തുക 1 ബില്യന്‍ പൗണ്ടായി ഉയരുമെന്നാണ് കരുതുന്നത്.
ഒരു ദിവസം ഒരു മില്യന്‍ എന്ന കണക്കിനാണ് പണം ചെലവായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരുന്ന വര്‍ഷങ്ങളില്‍ ഈ നിരക്ക് 2.6 മില്യനായി ഉയരുമെന്നും ഇവര്‍ സൂചന നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഗവണ്‍മെന്റ് ചെലവഴിച്ച തുക 2403 നഴ്‌സുമാര്‍ക്കും 3000ത്തോളം പോലീസുകാര്‍ക്കും 2357 ഫയര്‍ഫൈറ്റര്‍മാര്‍ക്കും വേതനം നല്‍കാന്‍ ഉപയോഗിക്കാമായിരുന്നുവത്രേ! ബ്രെക്‌സിറ്റ് തയ്യാറെടുപ്പുകള്‍ക്കായി വിനിയോഗിക്കുന്ന പണം 2139 പ്രൈമറി സ്‌കൂള്‍ അധ്യാപകരെ നിയമിക്കാന്‍ ഉപയോഗിക്കാമായിരുന്നെന്നും വിലയിരുത്തപ്പെടുന്നു.
അടുത്ത വര്‍ഷം ബ്രെക്‌സിറ്റിനു വേണ്ടി വകയിരുത്തിയിരിക്കുന്ന തുക 6310 നഴ്‌സുമാരെയും 7411 പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നതിന് വിനിയോഗിക്കാമായിരുന്നതാണെന്നും കണക്കുകള്‍ പറയുന്നു. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന അനാവശ്യ ചെലവുകളേക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ സര്‍വേ നല്‍കുന്നതെന്ന് ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ സിഇഒ എലോയ്‌സ് റ്റോഡ് വ്യക്തമാക്കി. പൊതുമേഖല സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോളാണ് ബ്രെക്‌സിറ്റിന്റെ പേരില്‍ ഈ അനാവശ്യ സാമ്പത്തിക ബാധ്യതകള്‍ രാജ്യം ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിമര്‍ശനം.