ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാല് വയസുകാരിയായ മാഡലിന്‍ മക്കാനിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടു പോകുന്നത്. സംഭവത്തില്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉള്‍പ്പെടെ വലിയ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. മക്കാനിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധ സമരങ്ങള്‍ വരെ അരങ്ങേറിയിരുന്നു. എന്നാല്‍ ഇവയൊന്നും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകമായില്ല. 2013ല്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വഴിത്തിരിവുണ്ടാകുന്ന വെളിപ്പെടുത്തലുമായി സ്പാനിഷ് പൗരന്‍ രംഗത്തു വന്നിരിക്കുകയാണ്. 2001ല്‍ തന്റെ അഞ്ച് വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുറത്തുവിട്ട ചിത്രത്തിലുള്ള വ്യക്തിയാണെന്ന് ഇയാള്‍ പറഞ്ഞു.
മാഡലിന്‍ മക്കാനിനെ തട്ടിക്കൊണ്ടു പോയത് ഇയാള്‍ തന്നെയാണോ എന്നെനിക്ക് അറിയില്ല. പക്ഷേ എന്റെ മകളെ തട്ടിയെടുക്കാന്‍ ശ്രമിച്ചത് ഇയാള്‍ തന്നെയാണെന്ന് ആന്‍ഡ്രൂ എന്നു പേരുള്ള സ്പാനിഷ് പൗരന്‍ പറയുന്നു. സ്പാനിഷ് പത്രപ്രവര്‍ത്തകന് അനുവദിച്ച അഭിമുഖത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 13ഉം അഞ്ചും വയസ് പ്രായമുള്ള മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം അര്‍ബ്രാന്‍സിലാണ് ആന്‍ഡ്രൂ താമസിക്കുന്നത്. പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. മക്കാനിനെ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതുകൊണ്ട് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. മക്കാനിനെ കണ്ടെത്തുന്നതിനാവശ്യമായ അന്വേഷണങ്ങള്‍ക്കായി കൂടുതല്‍ പണം അനുവദിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചിരുന്നു. കൂടുതല്‍ തുക അനുവദിച്ച അധികൃതരുടെ നടപടിയെ മക്കാനിന്റെ മാതാപിതാക്കള്‍ സ്വാഗതം ചെയ്തു. എന്നാല്‍ ഫണ്ട് അനുവദിച്ചതിനെ വിമര്‍ശിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്.
തിരക്കേറിയ റോഡിലൂടെ ഓട്ടോപൈലറ്റ് ടെക്‌നോളജി ഉപയോഗിച്ച് വാഹനമോടിച്ചതിന് ഇന്ത്യന്‍ വംശജന്റെ ഡ്രൈവിംഗ് ലൈസന്‍സ് 18 മാസത്തേക്ക് കോടതി റദ്ദാക്കി. ഭവേഷ് പട്ടേല്‍ എന്നയാള്‍ക്കാണ് സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോര്‍ട്ട് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇത് കൂടാതെ കോടതി ചെലവിലേക്ക് 1800 പൗണ്ടും 100 മണിക്കൂര്‍ വേതനമില്ലാ ജോലിയും ഇയാള്‍ക്ക് കോടതി വിധിച്ചിട്ടുണ്ട്. 2017 മെയ് 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എം1 നോര്‍ത്ത്ബൗണ്ട് ക്യാരേജ് വേയിലൂടെ തന്റെ ടെസ്ല എസ് 60 നില്‍ യാത്ര ചെയ്യുകയായിരുന്ന പട്ടേല്‍ കാറിന്റെ ഓട്ടോപൈലറ്റ് സംവിധാനം ഉപയോഗിച്ചുവെന്നതാണ് ആരോപിക്കപ്പെട്ടിരുന്ന കുറ്റം. കാര്‍ ഓട്ടോപൈലറ്റ് മോഡിലിട്ട പട്ടേല്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് മാറി യാത്രക്കാരന്റെ സീറ്റില്‍ ഇരിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
എം1 പാതയില്‍ തിരക്കേറിയ സമയത്താണ് പട്ടേലിന്റെ സാഹസമെന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഡ്രൈവിംഗ് സീറ്റില്‍ ആളില്ലാതെ വാഹനം മുന്നോട്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ സംഭവം മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തു. തുടര്‍ന്ന് ഇയാള്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് ഇക്കാര്യം അറിയുന്നത്. ഗുരുതരമായ ഗതാഗത നിയമലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കേസില്‍ പട്ടേല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. പട്ടേല്‍ പുതിയ ആഢംബര കാര്‍ സ്വന്തമാക്കി വെറും 5 മാസങ്ങള്‍ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു. എന്നാല്‍ റോഡിലെ സാഹസം ഇയാളെ കുടുക്കുകയായിരുന്നു.
ഏതാണ്ട് 70,000 പൗണ്ട് വിലയുള്ള കാറാണ് ടല്‍സ എസ് 60. പട്ടേല്‍ ഓട്ടോപൈലറ്റ് മോഡില്‍ വാഹനം 40 മൈല്‍ വേഗതയിലാണ് ഓടിച്ചുകൊണ്ടിരുന്നത്. കാറിലെ ഓട്ടോപൈലറ്റ് സംവിധാനം എപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല. ഡ്രൈവിംഗ് സീറ്റില്‍ നിന്ന പട്ടേല്‍ മാറിയിരുന്നതോടെ കാറിന്റെ നിയന്ത്രണം ഇയാള്‍ക്ക് പൂര്‍ണമായും നഷ്ടമായിരിന്നു. ഇത്തരം അശ്രദ്ധമായ സാഹസങ്ങള്‍ അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ അശ്രദ്ധ ഇയാളുടെ മാത്രമല്ല റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു വ്യക്തികളെയും അപകടത്തിലാക്കുമെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. കോടതി വിധിച്ച ശിക്ഷയില്‍ നിന്ന് പാഠം ഉള്‍കൊണ്ട് പട്ടേല്‍ തെറ്റ് മനസിലാക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ ശേഷം വാഹനവുമായി നിരത്തിലിറങ്ങിയ രോഗി അപകടത്തില്‍പ്പെട്ടു. തോമസ് സിയലോങ്കയെന്നയാളാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ ഒരു സര്‍ജറിക്ക് വിധേയമായി മണിക്കൂറുകള്‍ക്ക് ശേഷമാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സര്‍ജറിക്ക് ശേഷം അനസ്‌ത്യേഷ്യയുടെ സ്വാധീനം നിലനില്‍ക്കുമെന്നും വാഹനമോടിക്കാനോ ഇതര ജോലികള്‍ ചെയ്യാനോ പാടില്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചതാണ് അപകടത്തിന് കാരണം. സര്‍ജറിക്ക് വിധേയമായി മണിക്കൂറുകള്‍ക്ക് ശേഷം വീട്ടിലേക്ക് പോകാമെന്ന് തോമസിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇയാള്‍ കാമുകിയോടൊത്ത് ആശുപത്രി വിടുകയും ചെയ്തിരുന്നു. ഹോട്ടലില്‍ നിന്ന് ഇരുവരും ഡിന്നര്‍ കഴിച്ച ശേഷം വീട്ടിലേക്ക് കാറോടിച്ച് പോകുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. എതിരെ വന്ന മറ്റൊരു വാഹനത്തില്‍ ഇയാള്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഓപ്പറേഷന് ശേഷം അനസ്‌ത്യേഷ്യയുടെ സ്വാധീനത്തിലായിരുന്ന തോമസിന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് വാഹനമോടിച്ച് അപകടം വിളിച്ചു വരുത്തിയ തോമസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് 12 മാസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. കൂടാതെ 1,229 പൗണ്ട് പിഴയും സിറ്റി മജിസ്‌ട്രേറ്റ് കോടതി വിധിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍ത്താത് ഭാഗ്യംകൊണ്ടാണെന്ന് കേസ് അന്വേഷിച്ച ഓഫീസര്‍ റെബേക്ക ഹോഡ്ജ് വ്യക്തമാക്കി. രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്താന്‍ ഈ അവസരം താന്‍ ഉപയോഗിക്കുകയാണെന്നും ഹോഡ്ജ് കൂട്ടിച്ചേര്‍ത്തു.
ഇത്തരമൊരു കേസ് ഞാന്‍ മുമ്പ് കേട്ടിട്ടില്ലെന്ന് മോണിറ്ററിംഗ് ലോയര്‍ നിക്ക് ഫ്രീമാന്‍ പറയുന്നു. മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ വാഹനമോടിക്കുന്ന സാഹചര്യമുണ്ടായാല്‍ അതിനെ കോടതിയില്‍ ചെറിയ രീതിയിലെങ്കിലും പ്രതിരോധിക്കാന്‍ കഴിയും. എന്നാല്‍ ഈ കേസില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിരുന്നത് പോലും അവഗണിച്ചാണ് കുറ്റം ആരോപിക്കപ്പെട്ടയാള്‍ വാഹനമോടിച്ചിരിക്കുന്നത്. മറുവാദഗതികള്‍ ഒന്നും തന്നെ ഉന്നയിക്കാനില്ലെന്നും നിക്ക് ഫ്രീമാന്‍ വ്യക്തമാക്കി. കോടതിക്ക് ഏറ്റവും കുറഞ്ഞത് 12 മാസമെങ്കിലും ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരമുണ്ടെന്ന് ഫ്രീമാന്‍ പറഞ്ഞു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയൊരുക്കാൻ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്. കുഞ്ഞാലി മരയ്ക്കാറുടെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിന്റെ പേര് “മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്നാണ്. ചിത്രത്തെ സംബന്ധിച്ച് മുമ്പ് പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.
നൂറു കോടി ബജറ്റിൽ ഒരുക്കുന്ന സിനിമ നിർമിക്കുന്നത് ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുന്പാവൂരും, കോണ്‍ഫിഡന്റ് ഗ്രൂപ്പും, മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റിനു വേണ്ടി സന്തോഷ് ടി. കുരുവിളയും ചേർന്നാണ്.
സിനിമയുടെ ചിത്രീകരണം നവംബർ ഒന്നിന് ആരംഭിക്കും. സിനിമയെ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലിമരയ്ക്കാർ എന്ന പേരിൽ സിനിമ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഗള്‍ഫിലെ ജോലി മതിയാക്കി പുതിയ ബിസിനസ് തുടങ്ങാന്‍ ബാംഗ്ലൂര്‍ പോയ യുവാവിനെ കാണാതായതായി പരാതി. മലപ്പുറം ചങ്ങരംകുളത്തിന് സമീപം കാളാച്ചാല്‍ കൊടക്കാട്ട്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി (35)യെ ആണ് കാണാതായത്. ഏപ്രില്‍ 5 മുതലാണ് ഇയാളെ കാണാതായത്. ഗള്‍ഫിലെ ജോലി മതിയാക്കി ബാംഗ്ലൂരില്‍ പുതിയ ബിസിനസ് തുടങ്ങാന്‍ സുഹൃത്തുക്കളുമൊന്നിച്ച് പോയതായിരുന്നു മുഹമ്മദ് ഷാഫി.
ഇതിനിടയില്‍ ബാംഗ്ലൂരിലെ താമസസ്ഥലത്തുനിന്നും ബാഗുമായി മുഹമ്മദ് ഷാഫിയെ കാണാതാകുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍ ഇതുവരെ. ഇന്നലെയാണ് യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ചങ്ങരംകുളം പോലീസില്‍ പരാതിനല്‍കിയത്. പ്രതീക്ഷിച്ച രീതിയില്‍ ഫണ്ട് കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ ഏറെ വിഷമത്തിലായിരുന്നു ഇയാള്‍ എന്ന് പറയപ്പെടുന്നു.
ബാംഗ്ലൂരിലുള്ള സുഹൃത്തുക്കള്‍ വഴിയും യുവാവിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ യുവാവിനെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ചങ്ങരംകുളം പോലീസിന്റെ 0494 2650437 എന്ന നമ്പറിലോ ബന്ധുക്കളുടെ 7907752350, 9633429636, 9633439207 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് ചങ്ങരംകുളം പോലിസ് അറിയിച്ചു.
കളിയാക്കിയതിനെ ചൊല്ലി നടന്ന വാക്കുതർക്കത്തിനൊടുവിൽ ഒൻപത് വയസുകാരനെ 12 വയസുളള രണ്ട് ആൺകുട്ടികൾ ചേർന്ന് തല്ലിക്കൊന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മീററ്റിലെ ലിസാറിഗേറ്റ് പൊലീസ് സ്റ്റേഷന് സമീപം ഈ മാസമാദ്യമാണ് ഈ സംഭവം നടന്നത്.
ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടി കുറ്റവാളികളെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റി. ഏപ്രിൽ 19 ന് കുട്ടിയെ കാണാതായതിന് തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
തിരച്ചിലൊനൊടുവിൽ സദർ ബസാർ ഏരിയയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിലുളള മുറിവേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
കുട്ടിയെ അവസാനമായി കണ്ടത് അയൽവാസിയായ കുട്ടിക്കൊപ്പമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അയൽവാസിയായ മറ്റൊരു കുട്ടിയും താനും ചേർന്ന് ഇമ്രാൻ എന്ന ഒൻപത് കാരനെ കൊലപ്പെടുത്തിയതാണെന്ന് ഈ കുട്ടി കുറ്റസമ്മതം നടത്തി.
ഏപ്രിൽ 18 ന് ഇവർ താമസിക്കുന്ന ഫ്ലാറ്റ് കെട്ടിടത്തിന്റെ മുകളിലേക്ക് ഇമ്രാനെ കൂട്ടിക്കൊണ്ട് പോയ ശേഷം കഴുത്തറുക്കുകയായിരുന്നുവെന്നാണ് ഇരുവരും പൊലീസിനോട് സമ്മതിച്ചത്. പിന്നീട് മൃതദേഹം ചാക്കിൽ പൊതിഞ്ഞുകെട്ടിയെ ശേഷം സ്കൂട്ടറിൽ കൊണ്ടുപോയി വിജനമായ സ്ഥലത്ത് തളളുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
പിണറായി കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യയ്ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സുരക്ഷാഭീഷണിയുള്ളതായി സൂചന. തലശ്ശേരിയില്‍ നിന്നും ഒരു പ്രമുഖന്‍ ഉള്‍പ്പെടെ ഒന്നുരണ്ടുപേര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി സൗമ്യക്കുവേണ്ടി ആളൂര്‍ എത്തുമെന്ന് അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് ആളൂരും അദ്ദേഹത്തിന്റെ മാനേജര്‍ ജോണിയും അക്രമിക്കപ്പെടാനോ വധിക്കപ്പെടാനോ ഉള്ള സാഹചര്യം ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു അങ്ങോട്ട് പോകരുത് എന്ന കര്‍ശന നിര്‍ദ്ദേശമാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന് അടുത്ത അഞ്ചു ദിവസത്തേക്ക് അദ്ദേഹം ഈകേസിനു പോകില്ലെന്ന് അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത പ്രൈവറ്റ് സെക്യൂരിറ്റിയിലും പോലീസ് പ്രൊട്ടെക്ഷനിലും ആകും അദ്ദേഹം കോടതിയില്‍ ഹാജരാകുക. ബോംബെ ആസ്ഥാനമായ ഒരു കമ്പനിക്കാണ് അദ്ദേഹത്തിന്റെ സെക്യൂരിറ്റി ചുമതല. മുന്‍പ് എറണാകുളത്തു വക്കീലിനെ തട്ടിക്കൊണ്ടു പോയ കേസിലും വധഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ടും അവിടെ ചെന്ന് പ്രതിക്ക് വേണ്ടി വക്കാലത്ത് ഇട്ട് ആളെ ഇറക്കിയ ചരിത്രവും ആളൂരിന് ഉണ്ട്.
ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ ഒരു മിസിംഗ് കേസ് എന്ന രീതിയിൽ പതിവ് അന്വേഷണത്തിലായിരുന്നു പൊലീസിന് വഴിത്തിരിവായത് പനത്തുറയിലെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഫോൺ കോൾ. കോവളത്തിനടുത്ത് പനത്തുറ പുനംതുരത്തിലെ ചെന്തിലക്കരിയിലെ കണ്ടൽകാട്ടിൽ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടു എന്നായിരുന്നു തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺകോൾ. ഫോൺ കോളിന് പിന്നാലെ എസ്.ഐയും സംഘവും ചെന്തിലക്കരിയിലേക്ക് പാഞ്ഞു.
വിദേശ മോഡൽ വസ്ത്രങ്ങളും ചെമ്പിച്ച മുടിയും. പ്രാഥമിക പരിശോധനയിൽ വിദേശ വനിതയുടേതാണെന്ന സംശയം ഉടലെടുത്തു. ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന സംശയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കണ്ടൽകാട്ടിൽ ശിരസറ്റ നിലയിലായിരുന്നു മൃതദേഹം. അതോടെ ദുരൂഹത മണത്തു. പെട്ടെന്ന് ആർക്കും കടന്നുചെല്ലാൻ പറ്റാത്ത കണ്ടൽകാട്ടിൽ സ്ഥലപരിചയമില്ലാത്ത ലിഗ എങ്ങനെ എത്തപ്പെട്ടു എന്ന ചിന്തയിൽ അന്വേഷണം തുടങ്ങി. അതിനിടെ ലിഗയ്ക്കുവേണ്ടിയുള്ള തെരച്ചിലിനായി കാസർകോട്ട് ഉണ്ടായിരുന്ന ഭർത്താവ് ആൻഡ്രുവിനെയും സഹോദരി ഇലിസയേയും വിവരം അറിയിച്ചു. ഇരുവരും അടുത്തദിവസം തലസ്ഥാനത്തെത്തി. വസ്ത്രങ്ങളും മുടിയും കണ്ട് മൃതദേഹം ലിഗയുടെതാണെന്ന് തിരിച്ചറിഞ്ഞു.
അവരിൽ നിന്ന് പുതിയ വിവരങ്ങൾ കിട്ടി. മൃതദേഹത്തിനരികെ കാണപ്പെട്ട ചെരിപ്പ്, മാല, ഓവർകോട്ട് എന്നിവ ലിഗയുടേതല്ല. അതോടെ സംഭവത്തിന് പിന്നിൽ മറ്റാർക്കോ ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലിസ് നീങ്ങി. അതിനിടെ മൃതദേഹം ലിഗയുടേതാണോ എന്ന് ഉറപ്പിക്കാൻ രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ഡി.എൻ.എ ടെസ്റ്റ് നടത്തി. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ലിഗയുടെ കഴുത്തെല്ലിന് ഉണ്ടായ തിരിവും പേശികളിൽ കാണപ്പെട്ട ബലപ്രയോഗ ലക്ഷണങ്ങളും തലച്ചോറിലെ ഗ്രന്ഥികളിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ പുറത്തുവന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്നായിരുന്നു അതിലെ സൂചന.
അതോടെ കൊലപാതകമാണെന്ന നിഗമനത്തിൽ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. ലിഗ കോവളത്ത് നിന്ന് സിഗററ്റും വെള്ളവും വാങ്ങിയ സൂചനകൾ അങ്ങനെ കിട്ടി. കോവളം ബീച്ചിൽ ചുറ്റിത്തിരിയുന്ന ഗൈഡുകൾ ആരെങ്കിലും വശീകരിച്ചിരിക്കുമോ എന്ന സാദ്ധ്യത പരതി. അത് ശരിയായ വഴിയായിരുന്നു. ഇത്തരത്തിലൊരാൾ ലിഗയുമായി ബീച്ചിൽ സംസാരിക്കുന്നത് കണ്ടെന്ന വിവരം കിട്ടി. ഇയാളെ തിരിച്ചറിഞ്ഞു. എന്നാൽ, ആൾ മുങ്ങിയതായി കണ്ടെത്തി. മറ്റുചില കേസുകളിൽ പ്രതിയാണെന്ന് കൂടി തിരിച്ചറിഞ്ഞതോടെ സംശയം ബലപ്പെട്ടു.
കാസര്‍കോട്: വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിശ്വഹിന്ദു പരിഷത്തും ഭജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയത്.
മുസ്‌ലിം ക്രിസ്ത്യന്‍ സമുദായത്തെ വാളു കൊണ്ട് വെട്ടിക്കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയവര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടയാക്കിയെന്നും പരിപാടി നേരത്തെയുള്ള ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഭാഗമാണെന്നും പരാതിയില്‍ പറയുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസംഗം നടത്തിയവര്‍ക്കെതിരെയും പരിപാടിയുടെ സംഘാടക സമിതി ഭാരവാഹികള്‍ക്കെതിരെയും കേസെടുത്ത് നിയമത്തിന്റെ മുന്നുല്‍ കൊണ്ട് വരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ലൗ ജിഹാദുമായി വരുന്നവരുടെയും ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ച് കഴുത്തു വെട്ടണം എന്നാണ് വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതി പ്രസംഗിച്ചത്.
‘ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണം. ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാവീടുകളിലും വെക്കണം. ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈവാള്‍ ഉപയോഗിക്കണം’. എന്നായിരുന്നു സ്വാധി സരസ്വതി പ്രസംഗിച്ചത്. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡിന്റ് അദ്ധ്യക്ഷനായ പരിപാടിയിലായിരുന്നു പ്രസംഗം.
രക്ഷാബന്ധന ദിവസം നിങ്ങള്‍ സഹോദരികള്‍ക്കു മധുരവും സമ്മാനങ്ങളും നല്‍കി അവരെ സംരക്ഷിക്കുമെന്ന് വാക്ക് നല്‍കുന്നു. എന്നാല്‍ പെങ്ങന്‍മാരുടെ സംരക്ഷണത്തിന് വാല് പോലെ പുറകെ നടക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ക്ക് വാള്‍ സമ്മാനിക്കണം. ഈ വാള്‍കൊണ്ട് ജിഹാദികളുടെ കഴുത്തു വെട്ടാന്‍ ഉപകരിക്കും. നിങ്ങളെല്ലാം പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണം.
പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെയും വെട്ടാന്‍ തയ്യാറാവണം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാന്‍ ആവില്ല. ഞാന്‍മുസ്ലീമിന് എതിരല്ല, എ.പി.ജെ അബ്ദുല്‍ കലാമിനെയും റഹിമിനെയും ബഹു മാനിക്കുന്നവളാണ്. ഹിന്ദു ആഘോഷത്തില്‍ ഒരു മുസ്ലിമുംപങ്കെടുക്കുന്നില്ല. എന്നാല്‍ എല്ലാ മുസ്ലിം ആഘോഷങ്ങളിലും ഹിന്ദുക്കള്‍ പങ്കെടുക്കുന്നു. ഇത് നാണക്കേടാണെന്നും സ്വാധി സരസ്വതി പറഞ്ഞു.
അതേസമയം ഡി.സി.സി നേതൃത്വത്തിന്റെയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് വി.എച്ച്.പിയുടെ ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായ കെ.എന്‍ കൃഷ്ണഭട്ട് അധ്യക്ഷനായത്.
നേരത്തെ ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്താല്‍ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ സമ്മേളനത്തില്‍ നിന്ന് കൃഷ്ണഭട്ട് വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഡി.സി.സിയുടേയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് കൃഷ്ണഭട്ട് സമ്മേളനത്തില്‍ അദ്ധ്യക്ഷനാവുകുയായിരുന്നു.
കണ്ണൂര്‍: യാത്രക്കാരെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് ഹൈജാക്ക് ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകളാണ് ബസ് ഹൈജാക്ക് ചെയ്തതെന്ന് കര്‍ണാടക പോലീസ് അറിയിച്ചു.
സിനിമ കഥകളെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. നിറയെ യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന ലാമ ട്രാവല്‍സ് ബസാണ് ഹൈജാക്ക് ചെയ്തത്.
ബംഗളൂരുവില്‍ നിന്നും രാത്രി ഒന്‍പതു മുപ്പതിന് ബസ് പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘം ബസ് തടഞ്ഞു നിര്‍ത്തി.
അക്രമികളില്‍ ഒരാള്‍ പോലീസ് വേഷം ധരിച്ചിരുന്നു. ബസ് ഡ്രൈവറെ പിടിച്ചു താഴെ ഇറക്കി അക്രമികളില്‍ ഒരാള്‍ ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഊട് വഴികളിലൂടെ സഞ്ചരിച്ചു ഒറ്റപ്പെട്ട സ്ഥലത്തുള്ള ഗോഡൗണില്‍ ബസ് എത്തിച്ചു. ആരെയും ഫോണ്‍ വിളിക്കരുതെന്നും പോലീസിനെ അറിയിക്കരുതെന്നും പറഞ്ഞു യാത്രക്കാരെ ഭീഷണിപ്പെടുത്തി.
എന്നാല്‍ ചില യാത്രക്കാര്‍ തന്ത്രപരമായി പോലീസിനെ വിവരം അറിയിച്ചു. വൈകാതെ രാജ രാജേശ്വരി നഗര്‍ പോലീസ് സ്ഥലത്ത് എത്തി ബസ്സും യാത്രക്കാരെയും മോചിപ്പിച്ചു. ഗുണ്ടകളെ അറസ്റ്റ് ചെയ്തു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് ബസ് വിട്ടയച്ചത്.
സ്വകാര്യ ധനകാര്യ സ്ഥാപനം നല്‍കിയ വായ്പ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ബസ് ഹൈജാക്ക് ചെയ്യുന്നതില്‍ കലാശിച്ചത്.
ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്ന രാത്രി ബസ്സുകള്‍ അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നത് നിത്യ സംഭവം ആയിരിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബസ് ഹൈജാക്ക് ചെയ്ത സംഭവം.