Latest News

കണ്ണൂർ പിണറായി പടന്നക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹമായി മരിച്ച സംഭവത്തിന് പിന്നിൽ ആസൂത്രിതമായ കൊലപാതകം. വളരെ കരുതലോടെ നടത്തിയ ഗൂഢാലോചനയിൽ കാമുകന്മാരുടെ തന്ത്രമാണ് സൗമ്യ നടപ്പാക്കിയത്. എല്ലാവരേയും വകവരുത്തി തന്നിഷ്ട പ്രകാരം ജീവിക്കാനായിരുന്നു സൗമ്യ ആഗ്രഹിച്ചത്. ഇതിന് വേണ്ടി സംശയം തോന്നത്ത വിധം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു. പിണറായി പഞ്ചായത്തില്‍ ഉണ്ടായ മരണ പരമ്പരയിൽ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ സ്ഥലം എംഎഎ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി.

സൗമ്യയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും വീട്ടിലെ ആണ്‍ സുഹൃത്തുക്കളുടെ സാന്നിധ്യവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതോടെ നാടിനെ നടുക്കിയ പരമ്പര കൊലയുടെ ചുരുളുകൾ അഴിയാൻ തുടങ്ങി. പിന്നീടുണ്ടായ അന്വേഷണത്തിൽ സൂചനകള്‍ പൊലീസിനും കിട്ടിയെന്ന് ഉറപ്പായതോടെ അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും നല്‍കിയ വിഷം സൗമ്യയും കഴിച്ചത് അന്വേഷ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനായിരുന്നു. തന്നേയും വകവരുത്താന്‍ ഗൂഡ സംഘം ശ്രമിച്ചുവെന്ന് സ്ഥാപിക്കുകയായിരുന്നു സൗമ്യയുടെ ലക്‌ഷ്യം.

ഇതിനിടെയാണ് കുടുംബത്തിലെ മരിച്ചവരുടെ മരണകാരണം വിഷാംശം ഉള്ളില്‍ ചെന്നതാണെന്ന സൂചനകള്‍ പുറത്തുവന്നത്. മരിച്ചവരുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടേയോ മരുന്നിലൂടേയോ വിഷാംശം കടന്നുവെന്ന് വ്യക്തമായി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ നിന്നും മരിച്ച എട്ട് വയസ്സുകാരി ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു.

ദുരൂഹമായി പിഞ്ചു കുഞ്ഞടക്കം മരിച്ച സംഭവത്തിന് പിന്നിൽ കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവായ അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തുവാണെന്ന് കണ്ടെത്തിയതോടെ കൊലപാതകമെന്ന് അന്വേഷണ സംഘം ഉറപ്പിക്കുകയായിരുന്നു. കമല (65)യുടെയും ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങളിൽ ഇതേ വിശേമിഷം കണ്ടതോടെ കൊലപതകത്തിന്റെ ചുരുളഴിയാൻ തുടങ്ങി.

കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവാണ് ഇത്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് തന്നെയാണ് സൗമ്യയും ചെറിയ അളവില്‍ കഴിച്ചതെന്ന് തെളിഞ്ഞതോടെ വിഷത്തിന്റെ ഉറവിടം സൗമ്യയ്ക്ക് അറിയാമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അങ്ങനെ പൊലീസിന്റെ കണ്ണില്‍ പൊടിയാടാനുള്ള തന്ത്രങ്ങള്‍ പൊളിഞ്ഞു. ആശുപത്രിയില്‍ നിന്ന് സൗമ്യ പൊലീസ് സ്‌റ്റേഷനിലേക്ക്. അവിടെ ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിച്ചു. ഇനി ബുദ്ധി പറഞ്ഞു നല്‍കിയ കാമുകന്മാരേയും ഉടന്‍ അറസ്റ്റ് ചെയ്യും.

തലശേരി സഹകരണ ആശുപത്രിയിലെ ന്യൂറോവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു സൗമ്യയെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തതും പരമ്പര കൊലയുടെ ചുരുളഴിയുന്നതും.

തിരുവനന്തപുരം: കെസ്ആര്‍ടിസി ബസിന്റെ ഈ കട്ട ആരാധികയുടെ പേരാണ് റോസ്മി. നേരത്തെ ചങ്കായ കെഎസ്ആര്‍ടിസി ബസിനെ തിരികെയെത്തിച്ച ഫോണ്‍കോളിന്റെ ഉടമയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒറ്റ ഫോണ്‍കോളിലൂടെ താരമായ റോസ്മി ഇന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ സന്ദര്‍ശിച്ചു.

ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഡിപ്പോയിലേക്ക് വിളിച്ചതാണ് റോസ്മിയെ താരമാക്കിയത്. ആരാധികയുടെ അപേക്ഷ പരിഗണിച്ച് അധികൃതര്‍ ചങ്ക് ബസിനെ തിരികെ കൊണ്ടുവരികയും ചെയ്തു. റോസ്മി ഡിപ്പോയിലേക്ക് വിളിച്ച ഫോണ്‍കോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഫോണ്‍കോള്‍ ഇത്രയധികം വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. സ്ഥിരം വീട്ടിലേക്ക് പോകുന്ന ബസ് നഷ്ടപ്പെട്ടാലോയെന്ന ഭയം മൂലമാണ് താന്‍ ഡിപ്പോയിലേക്ക് വിളിച്ചതെന്നും റോസ്മി പറഞ്ഞു. ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത് ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ’ റോസ്മിയുടെ ഈ വാക്കുകളാണ് ചങ്ക് ബസിനെ തിരികെയെത്തിച്ചത്.

ഇപ്പോള്‍ ബസ് തിരികെ ഈരാറ്റുപേട്ടയിലെത്തി എന്നുമാത്രമല്ല ചങ്ക് എന്ന് പേരും നല്‍കിയിട്ടുണ്ട്. ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ പേരുമാറ്റം. കോട്ടയത്ത് പഠിക്കുന്ന റോസ്മി ഈ ബസിലെ സ്ഥിരം യാത്രക്കാരിയാണ്. ഒരു ദിവസം ബസ് പിന്‍വലിച്ചതറിഞ്ഞ് കെസ്ആര്‍ടിസി ഡിപ്പോയിലേക്ക് വിളിച്ച ആരാധികയുടെ സങ്കടം ബോധിപ്പിക്കുകയായിരുന്നു. സ്വന്തം പേര് പോലും വെളിപ്പെടുത്താതെ നടത്തിയ സംഭാഷണത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് അധികൃതരും വ്യക്തമാക്കി.

തിരുവനന്തപുരം: സ്വകാര്യാശുപത്രി നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍. ഇന്നലെ രാത്രിയാണ് ശമ്പള വര്‍ദ്ധനവില്‍ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ നിലപാട് വ്യക്തമാക്കിയത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും മാനേജ്മെന്റുകള്‍ക്ക് പദ്ധതിയുണ്ട്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംഘടനകള്‍ കൊച്ചിയില്‍ മറ്റന്നാള്‍ യോഗം ചേരുന്നുണ്ട്. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിലുള്ളത്. ഇത് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരും. അതല്ല ചെറിയ രീതിയിലെങ്കിലും നടപ്പാക്കുകയാണെങ്കില്‍ ആശുപത്രി ബില്ലുകളടക്കം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്സുമാര്‍ മാറ്റിവെച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍: പിണറായി പടന്നക്കരയിലുണ്ടായ നാല് ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് വീട്ടമ്മ കസ്റ്റഡിയില്‍. മരിച്ച കുട്ടികളുടെ അമ്മയായ വണ്ണത്താം വീട്ടില്‍ സൗമ്യയാണ് പിടിയിലായത്. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവര്‍ വ്യത്യസ്ത സമയങ്ങളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും ദുരൂഹമായി മരിക്കുകയായിരുന്നു. അലുമിനിയം ഫോസ്ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫൈഡ്, വളരെ കുറഞ്ഞ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ പോലും ഛര്‍ദ്ദിക്കും ശ്വാസം മുട്ടലിനും കാരണമാകും. രക്തസമ്മര്‍ദ്ദം കുറഞ്ഞ് മരണം സംഭവിക്കുകയും ചെയ്യും. മരിച്ചവര്‍ നാലുപേരും വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും കാരണമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

കീര്‍ത്തനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നില്ല. കമലയുടെ മരണത്തിനുശേഷം നാട്ടുകാരുടെ ആവശ്യപ്രകാരം മൃതദേഹ പരിശോധന നടത്തിയിരുന്നു. എന്നാല്‍ മരണത്തിന് കാരണമെന്തെന്ന് വ്യക്തമായിരുന്നില്ല.

നോര്‍ത്ത് കൊറിയന്‍ ആണവ പരീക്ഷണങ്ങള്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നോര്‍ത്ത്-വെസ്റ്റ് ഗിലിജു മേഖലയില്‍ നിന്നും 43 കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്ത് ഹംഗ്യോംഗില്‍ ശക്തമായ ഭൂചനം ഉണ്ടായി. ഭൂചനം 2.3 ശക്തിയുള്ളതായിരുന്നുവെന്ന് കൊറിയ മെറ്റീരിയോളജിസ്റ്റ് അഡിമിനിസ്‌ട്രേഷന്‍ അറിയിച്ചു. രാജ്യത്തിന്റെ പ്രധാന ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യേ-റിയുവിന് അടുത്ത പ്രദേശത്താണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു ശേഷം രാജ്യം കണ്ട വലിയ അപകടകങ്ങളിലൊന്നിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുന്‍ഗ്യേ-റിയില്‍ നോര്‍ത്ത് കൊറിയ സാക്ഷ്യം വഹിച്ചിരുന്നു.

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഭൂഗര്‍ഭ ന്യൂക്ലിയര്‍ പരീക്ഷണ ശാല തകര്‍ന്ന് വീണ് 200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ 100പേരിലധികം സാധാരണ തൊഴിലാളികളായിരുന്നു. നിരന്തരമായ ഹൈഡ്രജന്‍ ബോംബുകളുടെ പരീക്ഷണവും ആണവായുധങ്ങളുടെ പരീക്ഷണവും ഈ പ്രദേശത്തെ ദുര്‍ബലമാക്കി കഴിഞ്ഞിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുന്‍ഗ്യേ-റി മലനിരകളുടെ ആകൃതി തന്നെ ഇത്തരം പരീക്ഷണങ്ങള്‍ മൂലം മാറാന്‍ സാധ്യതയുണ്ട്. ഭൂചനങ്ങളും മറ്റു പ്രകൃതി ദുരന്തങ്ങളും ഈ പ്രദേശത്ത് സര്‍വ്വ സാധാരണമായി മാറിയേക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ശക്തിയേറിയ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ പ്രധാനിയാണ് നോര്‍ത്ത് കൊറിയ.

കിം ജോങ് ഉന്നിന്റെ ഭരണകൂടം നടത്തുന്ന നിരന്തര പരീക്ഷണങ്ങളുടെ പ്രത്യാഘാതമാണ് ഇപ്പോള്‍ പ്രദേശത്ത് ഉണ്ടായികൊണ്ടിരിക്കുന്ന പരിസ്ഥിതി ദുരന്തങ്ങള്‍. വരും നാളുകളില്‍ പ്രദേശത്തിന്റെ ഭൂപ്രകൃതിയില്‍ തന്നെ മാറ്റം വരാനും ആണവ വികിരണങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് എത്താനുമുള്ള സാധ്യതകളുണ്ട്. ശക്തിയേറിയ സ്‌ഫോടനങ്ങള്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സ്ട്രാറ്റോസ്ഫിയറിലേക്ക് പടരാന്‍ കാരണമാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫിയറിക് ഫിസിക്‌സ് അസോസിയേറ്റിലെ ഗവേഷകന്‍ മുന്നറിയിപ്പ് നല്‍കുന്നു. പുന്‍ഗ്യേ-റിയിലെ ആണവ പരീക്ഷണ കേന്ദ്രം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനാണ് സാധ്യത.

കുട്ടികളില്‍ കാണപ്പെടുന്ന പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ജങ്ക് ഫുഡ് നിയന്ത്രിക്കണമെന്ന് ഡോക്ടര്‍മാര്‍. ഇതിനായി കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. യുകെയിലെ സ്‌കൂളുകള്‍ക്ക് സമീപം ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂളുകളുടെ 400 മീറ്റര്‍ പരിധിയില്‍ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നാണ് ആവശ്യം. കുട്ടികളിലെ അമിതവണ്ണം സംബന്ധിച്ച സര്‍ക്കാര്‍ നയം തിരുത്തുന്നതിന്റെ ഭാഗമായി റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് നല്‍കിയ പ്രൊപ്പോസലിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

സ്‌കൂളില്‍ നിന്ന് വിശന്ന് ഇറങ്ങി വരുന്ന കുട്ടികള്‍ക്കു മുന്നിലാണ് വിലക്കുറവുള്ള ചിക്കന്‍ ഷോപ്പുകളും ചിപ്‌സ് ഷോപ്പുകളും മറ്റ് ജങ്ക് ഫുഡ് സ്റ്റോറുകളും തുറന്നിരിക്കുന്നതെന്ന് റോയല്‍ കോളേജ് പ്രസിഡന്റ് പ്രൊഫസര്‍ റസല്‍ വൈനര്‍ പറഞ്ഞു. തങ്ങള്‍ക്ക് മുന്നില്‍ ലഭിക്കുന്നത് കഴിക്കുകയെന്നതാണ് ആളുകള്‍ ചെയ്യുന്നത്. അതിന്റെയൊക്കെ ഫലമായി കുട്ടികളിലെ അമിതവണ്ണത്തിന്റെ നിരക്ക് ഉയരുകയാണ്. നാല്-അഞ്ച് വയസ് പ്രായമുള്ള കുട്ടികളില്‍ പത്തിലൊന്ന് പേര്‍ക്കും അപകടകരമായ വിധത്തില്‍ പൊണ്ണത്തടിയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രൈമറി സ്‌കൂളില്‍ പ്രവേശിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കൂടുതലാണെന്ന് 2016-17 വര്‍ഷത്തെ എന്‍എച്ച്എസ് ഡിജിറ്റല്‍ ഡേറ്റയും സൂചിപ്പിക്കുന്നു. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ ശരീരഭാരം രേഖപ്പെടുത്തണമെന്നും ഒരു നിര്‍ദേശം പറയുന്നു. ഈ വിഷയം ഹൗസ് ഓഫ് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റി അടുത്ത മാസം പരിഗണിക്കും.

നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജോലിയില്‍ പ്രവേശിപ്പിക്കുന്ന അവസരം മുതല്‍ തന്നെ ബിഎസ്‌സി,ജനറല്‍ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എ എന്‍ എം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളവും 20,000 രൂപയായിരിക്കും. ആവശ്യങ്ങളുന്നയിച്ച് നാളെ ലോങ് മാര്‍ച്ച് ആരംഭിക്കുമെന്നറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റെ തിരിക്കിട്ട നീക്കം നടത്തിയത്.

50 കിടക്കകൾ വരെയുള്ള ആശുപത്രികളിലാണ് 20000 രൂപ അടിസ്ഥാന ശമ്പളം. 100 കിടക്കയില്‍ വരെയുള്ള ആശുപത്രികളില്‍ 24,000 രൂപയും 200 കിടക്കയില്‍ വരെയുള്ള  ആശുപത്രികള്‍ 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.   200ൽ കൂടുതൽ കിടക്കകളുണ്ടെങ്കിൽ 32400 രൂപയാണ് അടിസ്ഥാന ശമ്പളം.

അടിസ്ഥാന ശമ്പളത്തിനു പുറമെ അലവന്‍സുകളുണ്ടാകും. 2016 ജനുവരി മുതല്‍ പല തവണ നഴ്‌സുമാര്‍ ഈ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയിരുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ ഏറിയ പങ്കും സര്‍ക്കാര്‍ അംഗീകരിച്ചു. കരടു വിജ്ഞാപനം പഠിച്ച് അലവന്‍സുകളുടെ കാര്യം പരിശോധിച്ച ശേഷം സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

അതേസമയം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വിജ്ഞാപനത്തെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. ഇത്രയും വലിയ അടിസ്ഥാന ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു.

ലക്‌നൗ: യു.പിയിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എല്‍.എയെ പിന്തുണച്ച് റാലി. കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ പിന്തുണച്ചാണ് റാലി നടക്കുന്നത്.

തിങ്കളാഴ്ച നടന്ന റാലിയില്‍ ബാങ്ഗര്‍മൗ, സാഫിപൂര്‍, ബിഗാപൂര്‍ എന്നിവിടങ്ങളില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഉന്നാവോ സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് റാലി. ‘ഞങ്ങളുടെ എം.എല്‍.എ നിരപരാധിയാണ്’ എന്ന വാക്യമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ബലാത്സംഗക്കേസിലെ പ്രതിയ്‌ക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെട്ട റാലി നഗര പഞ്ചായത്ത് പ്രസിഡന്റ് അനുജ് കുമാര്‍ ദീക്ഷിതാണ് നയിക്കുന്നത്. ‘ഞങ്ങളുടെ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്. അദ്ദേഹം നിരപരാധിയാണ്. കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.’ റാലിയില്‍ പങ്കെടുത്ത ദീക്ഷിത് പറഞ്ഞു.

നേരത്തെ കഠ്‌വയിലും എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ അനുകൂലിച്ചുകൊണ്ട് റാലി നടന്നിരുന്നു. രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്ത റാലി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് റാലി നടത്തിയതെന്ന് ബി.ജെ.പി മന്ത്രിമാര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഉന്നാവോ കേസ് സി.ബി.ഐ ഏറ്റെടുത്തതിനു പിന്നാലെ ബി.ജെ.പി എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ യു.പി സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് എം.എല്‍.എ അറസ്റ്റിലായത്. അദ്ദേഹമിപ്പോള്‍ ജയിലിലാണ്.

കഴിഞ്ഞവര്‍ഷം ജൂണില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണമാണ് ഇയാള്‍ക്കെതിരെയുള്ളത്. സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച് രംഗത്തുവന്ന പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.

 

കൊല്ലം പുത്തൂരിനടുത്ത് കാരിക്കലില്‍ ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ നവജാതശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയേയും അച്ഛനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാരിക്കല്‍ കൊല്ലരഴികത്ത് വീട്ടില്‍ അമ്പിളി (24), ഭര്‍ത്താവ് മഹേഷ് (26) എന്നിവരാണു പിടിയിലായത്. ജഡം കണ്ടെത്തിയ സ്ഥലത്തിനു സമീപം തന്നെയാണ് ഇവര്‍ താമസിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ,

അമ്പിളി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഇപ്പോള്‍ മറ്റൊരു കുഞ്ഞ് വേണ്ടെന്ന് ഭര്‍ത്താവ് മഹേഷ് ആവശ്യപ്പെട്ടു. പല ആശുപത്രികളിലും പോയി ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ആരോ പറഞ്ഞു കൊടുത്ത മരുന്ന് കഴിക്കുകയും ഇടയ്ക്കിടെ കടുത്ത രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. അതിനൊടുവില്‍ ഇവര്‍ പ്രസവിക്കുകയായിരുന്നു. ഈ മാസം 17 ന് ആയിരുന്നു കലശലായ വയറുവേദന അനുഭവപ്പെട്ട അമ്പിളി വീട്ടിനുള്ളില്‍ പ്രസവിച്ചത്.

നാട്ടുകാരിലും വീട്ടുകാരിലുംനിന്നു ഗര്‍ഭം മറച്ചുവച്ച അമ്പിളി പ്രസവശേഷം കുഞ്ഞിനെ നെഞ്ചത്തമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ പിന്നാമ്പുറത്തു മറവു ചെയ്യുകയായിരുന്നു. ഇതു തെരുവുനായ്ക്കള്‍ മാന്തിയെടുത്താണ് ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍ കൊണ്ടിട്ടത്.

പ്രസവസമയത്തും കുഞ്ഞിനെ കൊല്ലുമ്പോഴും അടുത്തില്ലായിരുന്നുവെങ്കിലും ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം മറച്ചു വയ്ക്കുകയും ഭാര്യയ്‌ക്കൊപ്പം ഗര്‍ഭച്ഛിദ്രത്തിനു പലതവണ ശ്രമിക്കുകയും ചെയ്തതാണ് മഹേഷിനെതിരെയുള്ള കുറ്റം. പ്രസവം പുറത്തറിയാതെ മൂടിവച്ചതും കുറ്റകരമാണ്

നിലമ്പൂർ: ടെലിഫിലം, സീരിയൽ നടി തീകൊളുത്തി മരിച്ചത് ബാംഗ്ലൂരിൽ ലോണെടുത്ത് ആംരംഭിക്കാനിരുന്ന ബ്യൂട്ടിപാർലർ തുടങ്ങാൻ കഴിയാത്തതിന്റെ വിഷമംകൊണ്ട്. ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന യുവതി ബാംഗ്ലൂരിൽ ബ്യൂട്ടി പാർലർ ആരംഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. മകളുമായി നിലമ്പൂർ കരുളായിലെ വാടക വീട്ടിൽ ഒറ്റക്ക് താമസമാക്കിയിരുന്ന യുവതിക്ക് പക്ഷെ ബാംഗ്ലൂരിൽ തനിച്ച് പോയി പണികൾ പൂർത്തീകരിക്കാനോ കട തുടങ്ങാനോ സാധിച്ചില്ല. അതിനിടെ രാജ്യത്ത് നടന്ന സാമ്പത്തിക ജിഎസ്ടിയും, നോട്ട് നിരോധനവുമടക്കമുള്ള പരിഷ്‌കാരങ്ങളും വിനയാവുകയുമായിരുന്നു.

ഇതിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രയാസമാണ് മമ്പാട് തെക്കുംപാടം വിജയന്റെ മകൾ കവിതയെ മരണത്തിലേക്ക് നയിച്ചത്. ഈ മാനസിക പ്രയാസങ്ങൾക്കിടയിലാണ് കഴിഞ്ഞ ദിവസം കൂടെയുണ്ടായിരുന്ന മകളെ കൂടി ബന്ധുക്കൾ കൂട്ടിക്കൊണ്ട് പോയത്. ഈ സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ മകൾ കൂടിപോയതോടെയായിരിക്കാം കവിതയെ ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. കുടുംബ പ്രശ്നങ്ങൾക്കിടയിലും കലാരംഗത്ത് സജീവമായിരുന്നു കവിത. നിരവധി വീഡിയോ ആൽബങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ച കവിത കൂട്ടുകാർക്കിടയിൽ വൈഗ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

ഇതിനിടെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതികളുമുണ്ടായിരുന്നു. ഇതിനായി സ്‌ക്രിപ്റ്റ് തയ്യാറാക്കി കൂട്ടുകാരുമായി ചർച്ചചെയ്തിരുന്നു. നിലമ്പൂരിൽ കഴിഞ്ഞ തവണ നടന്ന റീജിയണൽ ഐഎഫ്എഫ്കെയിലും കവിതയുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. നിലമ്പൂരിലെ ഇടത് സാംസ്‌കാരിക പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന ഒരാളുകൂടിയായിരുന്ന കവിതയെന്ന വൈഗ. അതിനിടെ ബാംഗ്ലൂരിൽ ബിസിനസ് നടത്തിയിരുന്ന വിപിൻ എന്നൊരാളുമായി പരിചയത്തിലാവുകയും രണ്ട് പേരും വിവാഹം കഴിക്കാമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു.

വിപിനും കവിതയെപോലെ വിവാഹമോചിതനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു കവിതയുമായി പരിചയം സ്ഥാപിച്ചിരുന്നത്. എന്നാൽ വിപിന് നിലവിൽ ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞതോടെ ഇയാളുമായി അകലുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി കൂട്ടുകാരോടൊക്കെ താൻ ആത്മഹത്യ ചെയ്യുമെന്ന് കവിത പറഞ്ഞിരുന്നെങ്കിലും കവിതയെ പോലെ വളരെ ബോൾഡായിട്ടുള്ള ഒരാൾ ഒരിക്കലും അത് ചെയ്യില്ലെന്നും തമാശ പറയുകയായിരിക്കുമെന്നാണ് കൂട്ടുകാർ കരുതിയത്.

കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടുകാരുടെ ഫോണിലേക്ക് മകളുടെ ഫോട്ടോ വാട്സ് ആപ്പ് വഴി അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ രാവിലെ കവിത തനിച്ച് താമസിച്ചിരുന്ന വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ടപ്പോഴാണ് നാട്ടുകാരും സുഹൃത്തുക്കളും കവിത ഇത്രയും നാൾ തങ്ങളോട് ആത്മഹത്യ ചെയ്യുമെന്ന് കാര്യമായി പറഞ്ഞതാണെന്ന് മനസ്സിലാക്കിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന നിഗമനത്തിൽ ആദ്യം അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും വാതിൽ ചവിട്ടിപ്പൊളിച്ച് വെള്ളം ഒഴിച്ച് തീയണക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പിന്നീടാണ് മനസ്സിലായത് പെട്രോൾ ഒഴിച്ച് കവിത ആത്മഹത്യ ചെയ്തതാണെന്ന്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിച്ചു.

 

RECENT POSTS
Copyright © . All rights reserved