Latest News

ജയ്പൂർ∙ രാജസ്ഥാനിൽ വിദേശ കമ്പനിയുടെ മരുന്നു പരീക്ഷണത്തെ തുടർന്ന് ആരോഗ്യ നില വഷളായ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരു ഗ്രാമത്തിലാണു മനുഷ്യരില്‍ നിയമവിരുദ്ധമായി മരുന്നു പരീക്ഷണം നടത്തിയത്. പരീക്ഷണത്തിൽ പങ്കെടുക്കുന്നതിന് കമ്പനി ഓരോരുത്തർക്കും 500 രൂപ ‘കൂലി’ നല്‍കിയതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഒരാൾ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.

മാർച്ച് 19നാണു മനുഷ്യരുടെ ദേഹത്തു മരുന്ന് നിയമവിരുദ്ധമായി ഉപയോഗിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന ആരോഗ്യമന്ത്രി കലി കദം ശരഫ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു.

നിയമപ്രകാരം പുതിയ മരുന്നിന്റെ പരീക്ഷണം ആദ്യം മൃഗങ്ങളിലാണു നടത്തേണ്ടത്. ഇതിനു പുറമെ മനുഷ്യരില്‍ മരുന്നുകൾ ഉപയോഗിക്കുമ്പോള്‍ ഒൻപതു പേരടങ്ങിയ ക്ലിനിക്കൽ എത്തിക്കൽ കമ്മിറ്റിയുടെ അനുമതിയും വേണം. മാത്രമല്ല എന്തു രോഗത്തിനുള്ള മരുന്നാണോ, ആ രോഗം ഉള്ള ആളില്‍ മാത്രമേ ഉപയോഗിക്കാനും പാടുള്ളു. ഇതിനു പുറമെ മരുന്നിനെ ക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കമ്പനി രോഗിക്കു കൈമാറുകയും വേണമെന്നാണു ചട്ടം.

മലപ്പുറം നിലമ്പൂരില്‍ സീരിയല്‍ നടിയുടെ മരണം നാട്ടുകാര്‍ക്ക് ഞെട്ടലായി. നിലമ്പൂര്‍ മുതീരി കൂളിക്കുന്ന് കോളനിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന മേനയില്‍ കവിത (37) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 10.30 ഓടെ ഒച്ചത്തില്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് പൊള്ളലേറ്റ് കിടന്ന കവിതയെയാണ്.
സീരിയല്‍ താരമായ ഇവര്‍ അടുത്തിടെയാണ് ഇവിടെ താമസത്തിന് എത്തിയതെന്നാണ് സൂചന. മലയളത്തിലെ ചില ഹിറ്റ് സീരിയലുകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് പാലക്കാട് സ്വദേശി വിജേഷ് ബംഗളൂരുവിലാണ്. ഏഴുവയസുള്ള അഗ്‌ന മകളാണ്. ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സമീപത്തു നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് വ്യക്തമല്ല. നിലമ്പൂര്‍ എസ്ഐ ബിനു തോമസിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ട് പോയി. വിജയന്‍, മാതാവ് : കാര്‍ത്ത്യായനി, സഹോദരി- സഹോദരങ്ങള്‍ : സ്മിത, ദേവദാസ്, ധന്യ.

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അഭാവത്തെതുടര്‍ന്ന് എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലാക്കിയ ഡോക്ടര്‍ കഫീല്‍ഖാന്‍ കുടുംബത്തിനയച്ച കത്ത് ചര്‍ച്ചയാകുന്നു. ഗൊരഘ്പൂരിലെ ബാബാ റാഘവ് ദാസ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറക്കാന്‍ ശ്രമിച്ചതിന് ഹീറോ ആകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ ജയിലിലാക്കിയിരിക്കുന്നത്.

ലിക്വിഡ് ഓക്‌സിജണ്‍ സപ്ലൈ നിറുത്തലാക്കിയ 2017 ഓഗസ്റ്റ് 10 രാത്രിയില്‍ കുട്ടികളെ രക്ഷിക്കുന്നതിനായി ഒരു മനുഷ്യന് സാദ്ധ്യമായതെല്ലാം താന്‍ ചെയ്തിരുന്നു എന്ന് ഡോ. കഫീല്‍ ഖാന്‍ തന്റെ കത്തില്‍ പറയുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന വിവരം ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനേയും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്തിനേയും അടക്കം ബന്ധപ്പെട്ട എല്ലാ അധികാരികളേയും അറിയിച്ചിരുന്നു എന്നും ആ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി ഗ്യാസ്, ബാലാജി, ഇമ്പീരിയല്‍ ഗ്യാസ്, മയൂര്‍ ഗ്യാസ് ഏജന്‍സി, ബി.ആര്‍.ഡി മെഡിക്കല്‍ കോളജിനടുത്തുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലും ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി വിളിച്ചിരുന്നു എന്ന് കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു.

ആംഡ് ബോര്‍ഡര്‍ ഫോഴ്‌സും ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കാന്‍ കഫീല്‍ ഖാനെ സഹായിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് കുടിശിക നല്‍കാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച ദുരന്തം തന്നെയും തന്റെ കൂടെയുണ്ടായിരുന്നവരേയും വിഷമിപ്പിച്ചതായി കഫീല്‍ ഖാന്‍ പറഞ്ഞു. 2017 ആഗസ്റ്റ് 13ന് രാവിലെ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നില്ല.

എന്നാല്‍ 2017 ആഗസ്റ്റ് 13ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞതെന്ന് കഫീല്‍ ഖാന്‍ വ്യക്തമാക്കി. ‘അദ്ദേഹം ചോദിച്ചു- അപ്പോള്‍ നിങ്ങളാണ് ഡോ.കഫീല്‍ അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തത്? ഞാന്‍ പറഞ്ഞു- അതേ സര്‍. അദ്ദേഹം ദേഷ്യപ്പെട്ടു- അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..’

ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെങ്ങിനെയാണ് എന്നതുകൊണ്ടാകാം മുഖ്യമന്ത്രി ദേഷ്യപ്പെട്ടതെന്ന് കഫീല്‍ ഖാന്‍ കരുതുന്നു. എന്നാല്‍, താന്‍ മാധ്യമങ്ങളെ വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാന്‍ അന്ന് രാത്രി ഒരു മാദ്ധ്യമപ്രവര്‍ത്തകനെയും വിവരമറിയിച്ചില്ല. അവര്‍ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു’. ഇതേതുടര്‍ന്ന്, പൊലീസ് തന്നേയും തന്റെ കുടുംബത്തേയും പീഢിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും കഫീല്‍ ഖാന്‍ പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നീതി ലഭിക്കുമെന്നും ഉറപ്പുള്ളതുകൊണ്ടാണ് കീഴടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ആഗസ്റ്റ് 2017ല്‍ അറസ്റ്റിലായ അദ്ദേഹത്തിന് എട്ടു മാസങ്ങള്‍ക്ക് ശേഷവും ജാമ്യം ലഭിച്ചിട്ടില്ല. കൃത്യം നടന്ന 2017 ആഗസ്റ്റ് 10ന് താന്‍ ഔദ്യോഗികമായി ലീവിലായിരുന്നിട്ട് കൂടി കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി പ്രവര്‍ത്തിച്ചത് കഫീല്‍ ഖാന്‍ ഓര്‍ക്കുന്നു. പുഷ്പ സെയില്‍സ് ഓക്‌സിജന്‍ സപ്ലൈ നിറുത്തിയതിനു താനെങ്ങനെ ഉത്തരവാദിയാവും, അദ്ദേഹം ചോദിക്കുന്നു. ‘മെഡിക്കല്‍ പശ്ചാത്തലമില്ലാത്തയാള്‍ക്കുപോലും ഡോക്ടര്‍മാര്‍ ചികില്‍സിക്കാനുള്ളവരാണ്, ഓക്‌സിജന്‍ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും’, അദ്ദേഹം പ്രതികരിച്ചു.

പുഷ്പ സെയില്‍സിന്റെ 68 ലക്ഷം രൂപ കുടിശിഖ ആവശ്യപ്പെട്ടയച്ച 14 റിമൈന്‍ഡറുകള്‍ക്ക് മേല്‍ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡി.എമ്മും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ് കുറ്റവാളികള്‍ എന്നും കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു. പുഷ്പ സെയില്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയതും കത്തില്‍ എടുത്തു പറയുന്നുണ്ട്.

കഫീല്‍ ഖാന്‍ എഴുതിയ കത്ത് ഡോ. നെല്‍സന്‍ ജോസഫ് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് താഴെ

ജീവൻ രക്ഷിച്ച്‌ ഹീറോ ആകാൻ ശ്രമിച്ചെന്ന കുറ്റത്തിനു യോഗി ആദിത്യനാഥും കൂട്ടരും ചേർന്ന് ജയിലിലടച്ച ഡോ.കഫീൽ ഖാൻ്റെ കത്തിൻ്റെ ഏകദേശ മലയാള പരിഭാഷ. (പരമാവധി പേരിലേക്കെത്തിക്കാൻ വേണ്ടിത്തന്നെയാണെഴുതുന്നത്. എട്ട് മാസമായി നീതി നിഷേധിക്കപ്പെട്ട ഒരാളുടെ ഒപ്പം നിൽക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഒന്നും പറയാനില്ല)
—————————————————————————————-

” ജാമ്യമില്ലാതെ ജയിലിൽ എട്ട് മാസം, ഞാൻ ശരിക്കും കുറ്റവാളിയാണോ? ”

ഇരുമ്പഴികൾക്ക് പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഢനങ്ങൾക്കും അപമാനങ്ങൾക്കും ശേഷവും ഓരോ നിമിഷവും ഓരോ സീനുകളും ഇപ്പോൾ എൻ്റെ കണ്മുന്നിൽ നടക്കുന്നതുപോലെ ഓർമിക്കുന്നു. ചിലപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, ” ഞാൻ ശരിക്കും കുറ്റവാളിയാണോ? “. എൻ്റെ ഹൃദയത്തിൻ്റെ ഉള്ളറകളിൽ നിന്ന് അതിൻ്റെ ഉത്തരം ഉയർന്നുവരും. – ഒരു വലിയ ” അല്ല ”

2017 ഓഗസ്റ്റ് 10ൻ്റെ ആ ദുരന്തരാത്രിയിൽ എനിക്ക് വാട്സാപ് മെസേജ് കിട്ടിയ നിമിഷത്തിൽ ഞാൻ എന്നാൽ കഴിയുന്നത്, ഒരു ഡോക്ടർ, ഒരു അച്ഛൻ, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരൻ ചെയ്യുന്നതെല്ലാം ചെയ്തിരുന്നു

ലിക്വിഡ് ഓക്സിജൻ്റെ പെട്ടെന്നുള്ള നിർത്തൽ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ഓക്സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ പ്രയത്നിച്ചു. ഞാൻ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, ഞാൻ യാചിച്ചു, സംസാരിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചിലവാക്കി, കടം വാങ്ങി, കരഞ്ഞു….മനുഷ്യസാദ്ധ്യമായതെല്ലാം ഞാൻ ചെയ്തു.

ഞാൻ എൻ്റെ ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനെയും എൻ്റെ സഹപ്രവർത്തകരെയും BRD പ്രിൻസിപ്പലിനെയും BRD ആക്റ്റിങ്ങ് പ്രിൻസിപ്പലിനെയും ജില്ലാ മജിസ്ട്രേറ്റ് ഗോരഖ്പൂരിനെയും അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത് ഗോരഖ്പൂരിനെയും CMS/SIC ഗോരഖ്പൂരിനെയും CMS/SIC BRDയെയും വിളിച്ച് പൊടുന്നനെ ഓക്സിജൻ നിറുത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് അറിയിച്ചു. (എൻ്റെ കയ്യിൽ കോൾ റെക്കോഡുകളുണ്ട്)

ഞാൻ ഗ്യാസ് സപ്ലയേഴ്സിനെ – മോഡി ഗ്യാസ്, ബാലാജി, ഇമ്പീരിയൽ ഗ്യാസ്, മയൂർ ഗ്യാസ് ഏജൻസി, BRD മെഡിക്കൽ കോളജിനടുത്തുള്ള ആശുപത്രികൾ – വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഗ്യാസ് സിലിണ്ടറുകൾക്കായി യാചിച്ചു.

ഞാൻ അവർക്ക് പണം നൽകി, അതിനു ശേഷം ബാക്കി പണം സിലിണ്ടറുകൾ ലഭിക്കുമ്പോൾ നൽകാമെന്ന് ഉറപ്പുനൽകി. (ഞങ്ങൾ ലിക്വിഡ് ഓക്സിജൻ ടാങ്ക് എത്തുന്നത് വരെ 250 ജംബോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)

ഞാൻ ഒരു ക്യൂബിക്കിളിൽ നിന്ന് അടുത്തതിലേക്ക്, വാർഡ് 100ൽ നിന്ന് വാർഡ് 12 ലേക്കും എമർജൻസി വാർഡിലേക്കും, ഒരു ഓക്സിജൻ സപ്ലൈ പോയിൻ്റിൽ നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്സിജൻ സപ്ലൈ ഉണ്ടെന്ന് ഉറപ്പുവരുത്തി.

ഞാൻ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറിൽ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെവരുമെന്ന് തോന്നിയപ്പോൾ ഞാൻ ആംഡ് ബോർഡർ ഫോഴ്സിലേക്ക് ചെന്നു. അതിൻ്റെ DIG യെ കണ്ട് അദ്ദേഹത്തോട് ഈ സിറ്റുവേഷനെക്കുറിച്ച് വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവർ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികർ ഗ്യാസ് ഏജൻസിയിൽ നിന്ന് BRDയിലേക്ക് സിലിണ്ടറുകൾ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകൾ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു.

അവർ 48 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വർദ്ധിപ്പിച്ചു. ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.

ജയ് ഹിന്ദ്

ഞാൻ എൻ്റെ ജൂണിയർ / സീനിയർ ഡോക്ടർമാരോട് സംസാരിച്ചു. എൻ്റെ സ്റ്റാഫിനോട് ഞാൻ സംസാരിച്ചു. ” ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോട് ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികിൽസിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ. ”

ഞാൻ കുട്ടികൾ നഷ്ടപ്പെട്ട ദുഖാർത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികൾ മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ട് തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ഞാൻ ലിക്വിഡ് ഓക്സിജൻ തീർന്നിരിക്കുകയാണെന്നും ഓക്സിജൻ സിലിണ്ടറുകൾ വച്ച് അത് നികത്താൻ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു.

ഞാൻ എല്ലാവരോടും ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു..ഞാൻ കരഞ്ഞു, യഥാർഥത്തിൽ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു..കൃത്യസമയത്ത് കുടിശിക നൽകാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട് – അതുണ്ടാക്കിയ ദുരന്തം കണ്ട്.

13-08-2017 രാവിലെ 1:30 നു ലിക്വിഡ് ഓക്സിജൻ ടാങ്ക് എത്തുന്നത് വരെ ഞങ്ങൾ നിർത്തിയില്ല.

പക്ഷേ എൻ്റെ ജീവിതം കീഴ്മേൽ മറിഞ്ഞത് ചീഫ് മിനിസ്റ്റർ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം – 13-08-17നു വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു – ” അപ്പോൾ നിങ്ങളാണ് ഡോ.കഫീൽ അല്ലേ? നിങ്ങളാണോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തത്? ”

ഞാൻ പറഞ്ഞു . ” അതേ സർ ”

അദ്ദേഹം ദേഷ്യപ്പെട്ടു. ” അപ്പോൾ നിങ്ങൾ കരുതുന്നത് സിലിണ്ടറുകൾ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..”

യോഗിജി ദേഷ്യപ്പെടാൻ കാരണമുണ്ട്. ഈ വാർത്ത മാദ്ധ്യമങ്ങളിൽ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാൻ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാൻ അന്ന് രാത്രി ഒരു മാദ്ധ്യമപ്രവർത്തകനെയും വിവരമറിയിച്ചില്ല. അവർ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു.

പൊലീസ് എൻ്റെ വീട്ടിലേക്ക് വന്നു – വേട്ടയാടി, ഭീഷണിപ്പെടുതി, എൻ്റെ കുടുംബത്തെ അവർ പീഢിപ്പിച്ചു. അവർ എന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ആളുകൾ താക്കീത് ചെയ്തു. എൻ്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല

എൻ്റെ കുടുംബത്തെ അപമാനത്തിൽ നിന്ന് രക്ഷിക്കാൻ ഞാൻ കീഴടങ്ങി. അപ്പോൾ ഞാൻ ഓർത്തിരുന്നത് ഞാൻ തെറ്റൊന്നും ചെയ്തില്ലെന്നും എനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു.

പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി – ആഗസ്റ്റ് 2017 തൊട്ട് ഏപ്രിൽ 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവർഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ…അപ്പൊഴാണ് ഞങ്ങൾക്ക് മനസിലായത് നീതിന്യായവ്യവസ്ഥയും സമ്മർദ്ദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു)

ഉറങ്ങുന്നത് 150ലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയിൽ ലക്ഷക്കണക്കിനു കൊതുകും പകൽ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കാൻ ശ്രമിച്ചുകൊണ്ട്, അർദ്ധനഗ്നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്ലറ്റിലിരുന്ന്..ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എൻ്റെ കുടുംബത്തെ കാത്തിരിക്കുന്നു.

എനിക്ക് മാത്രമല്ല. എൻ്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണിൽ നിന്ന് മറ്റൊന്നിലേക്ക് അവർക്ക് ഓടേണ്ടിവരുന്നു. – പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക്, ഗോരഖ്പൂരിൽ നിന്ന് അലഹബാദിലേക്ക് – നീതി ലഭിക്കാൻ…പക്ഷേ എല്ലാം പാഴായി..

എൻ്റെ കുഞ്ഞിൻ്റെ ആദ്യ പിറന്നാൾ എനിക്ക് ആഘോഷിക്കാൻ കഴിഞ്ഞില്ല. അവൾക്കിപ്പൊ ഒരു വയസും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയിൽക്കൂടി സ്വന്തം കുഞ്ഞ് വളരുന്നത് കാണാൻ കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയിൽ മാതാപിതാക്കളെ വളർച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ മാതാപിതാക്കളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എൻ്റെ കുഞ്ഞ് നടക്കാൻ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നെനിക്കറിയില്ല.

വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു. – ഞാൻ യഥാർഥത്തിൽ കുറ്റവാളിയാണോ? അല്ല, അല്ല…അല്ല

2017 ഓഗസ്റ്റ് 10 നു ഞാൻ ലീവിലായിരുന്നു (എൻ്റെ HoD അനുവദിച്ചിരുന്നത്). എന്നിട്ടും ഞാൻ എൻ്റെ കർത്തവ്യത്തിനായി ഓടിയെത്തി – അതാണോ തെറ്റ്?

അവരെന്നെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെൻ്റും BRDയുടെ വൈസ് ചാൻസലറും 100 ബെഡുള്ള അക്യൂട്ട് എൻകെഫലൈറ്റിസ് സിൻഡ്രോം വാർഡിൻ്റെ ഇൻ ചാർജുമാക്കി. ഞാൻ അവിടത്തെ ഏറ്റവും ജൂണിയറായ ഡോക്ടറും 08-08-2016നു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ NRHM ൻ്റെ നോഡൽ ഓഫീസറും പീഡിയാട്രിക്സ് ലക്ചററുമാണ്. എൻ്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികിൽസിക്കലും മാത്രമാണ്. ലിക്വിഡ് ഓക്സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെൻഡർ നൽകുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നൽകുന്നതിലോ ഞാൻ പങ്കെടുക്കേണ്ടിയിരുന്നില്ല

പുഷ്പ സെയിൽസ് ഓക്സിജൻ സപ്ലൈ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാവും. മെഡിക്കൽ പശ്ചാത്തലമില്ലാത്തയാൾക്കുപോലും ഡോക്ടർമാർ ചികിൽസിക്കാനുള്ളവരാണ്, ഓക്സിജൻ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും.

കുറ്റവാളികൾ പുഷ്പ സെയിൽസിൻ്റെ 68 ലക്ഷം രൂപ കുടിശിഖ ആവശ്യപ്പെട്ടയച്ച 14 റിമൈൻഡറുകൾക്ക് മേൽ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ DM ഉം മെഡിക്കൽ എജ്യുക്കേഷൻ ഡിറക്ടറും ഹെൽത്ത് എജ്യുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്.

ഉയർന്ന നിലയിലെ ഒരു സമ്പൂർണ ഭരണപരാജയമായിരുന്നു അത്. അവർക്ക് പ്രശ്നത്തിൻ്റെ ആഴം മനസിലായില്ല. അവർ ഞങ്ങളെ ബലിയാടുകളാക്കി. ഗോരഖ്പൂരിൻ്റെ ജയിലിനുള്ളിൽ സത്യത്തെ തളച്ചിടാൻ

പുഷ്പ സെയിൽസിൻ്റെ ഡയറക്ടർ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയപ്പോൾ ഞങ്ങളും നീതി ലഭിക്കുമെന്നും എൻ്റെ വീട്ടുകാരോടൊത്ത് ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു

പക്ഷേ ഇല്ല – ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്.

സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയിൽ ഒഴിവാക്കലുമാണെന്നാണ്. എൻ്റെ കേസ് നീതിനിഷേധത്തിൻ്റെ ഉത്തമോദ്ദാഹരണമാണ്.

ഞാൻ സ്വതന്ത്രനായി എൻ്റെ കുടുംബത്തിൻ്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാവുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. സത്യം തീർച്ചയായും വിജയിക്കും. നീതി നടപ്പാവും.

ഒരു നിസഹായനായ, ഹൃദയം തകർന്ന പിതാവ്, ഭർത്താവ്, സഹോദരൻ, മകൻ, സുഹൃത്ത്

ഡോ.കഫീൽ ഖാൻ
18-04-2018

 

എറണാകുളത്ത് സീരിയൽ നടിയെ കാമുകൻ കുത്തിക്കൊന്നത് പരപുരുഷ ബന്ധം ആരോപിച്ച്. പ്രണയം തലയ്ക്ക് പിടിച്ച് വിവാഹിതയായ നടിയുമായി ഒരുമിച്ച് ജീവിച്ചുവരികെയാണ് കൊലപാതകവും ആത്മഹത്യയും ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയിലാണ് കോട്ടയം കൊടുങ്ങൂർ വാഴൂർ തൈത്തോട്ടം വീട്ടിൽ ശശിയുടെ മകൾ മീര (24) പാലക്കാട് കോൽപ്പാടം തെങ്കര ചെറിക്കലം വീട്ടിൽ കബീറിന്റെ മകൻ നൗഫൽ (28) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോണേക്കര മീഞ്ചിറ റോഡിലെ ആന്റണി പാറത്തറ ലെയിനിൽ വൈഷ്ണവത്തിൽ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും. മീരയുടെ വയറ്റിൽ കത്തി കുത്തികയറ്റി കൊന്നശേഷം നൗഫൽ തൂങ്ങി മരിക്കുകയായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ചാണ് കൊലപാതകം നൗഫൽ നടത്തിയത്. അതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നു ഇയാൾ.

മീര വിവാഹിതയാണ്. ഒരു കുട്ടിയും ഉണ്ട്. എട്ട് വർഷം മുൻപ് ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. കോട്ടയത്തെ വീട്ടിൽ നിന്നും സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞാണ് ഇവർ കൊച്ചിയിലേക്ക് താമസം മാറ്റിയത്. എന്നാൽ ഇവരെ ആരും സീരിയിലിൽ കണ്ടിട്ടുമില്ല. സീരിയൽ അഭിനേതാവെന്ന നിലയിലാണ് വീടും വാടകയ്ക്ക് എടുത്തത്. ഇതിനിടെയാണ് നൗഫലുമായി അടുത്തത്. വിവാഹം കഴിക്കും മുമ്പേ ഒരുമിച്ച് താമസവും തുടങ്ങി. സമീപ വാസികൾക്ക് ഇവരെക്കുറിച്ച് ഒരു വിവരവുമില്ല.

മകൾ മീര കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നോട് നൗഫലുമൊത്തുള്ള ജീവിതം മടുത്തിരുന്നു എന്ന് പറഞ്ഞിരുന്നതായി അമ്മ രാധമണിയുടെ വെളിപ്പെടുത്തൽ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഡേകെയറിൽ നിർത്തിയിരുന്ന മീരയുടെ ആദ്യ വിവാഹ ബന്ധത്തിലെ മൂന്ന് വയസ്സുകാരനായ മകനെ കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് മീര ഇക്കാര്യം വെളിപ്പെടുത്തിയത് എന്ന് അവർ പറഞ്ഞു. മിക്ക ദിവസവും വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞ് വഴക്കിടുമെന്നും തല്ലുകയും ചെയ്യുമെന്നും പറഞ്ഞിരുന്നു. ഉടൻ തന്നെ അയാളുമൊത്തുള്ള ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്നും മീര പറഞ്ഞതായി അമ്മ രാധ പറയുന്നു.

നൗഫൽ രാത്രി വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു യുവാവ് ഉണ്ടായിരുന്നുവെന്നും ഇതിൽ പ്രകോപിതനായി മീരയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ആത്മഹത്യ ചെയ്യുമുൻപ് നൗഫൽ നാട്ടുകൽ താമസിക്കുന്ന സഹോദരിയെ ഫോണിൽ വിളിച്ച് മീരയ്ക്കൊപ്പം ഒരു അന്യ പുരുഷനെ കണ്ടെന്നും അവൾ വഞ്ചകിയാണെന്നും പറഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും തുണിയില്ലാതെ യുവാവ് ഇറങ്ങി ഓടിയെന്ന് നൗഫൽ പറഞ്ഞതായി സഹോദരി പറഞ്ഞു.

കത്തി ഉപയോഗിച്ച് വയറിന് വലതു ഭാഗത്തായി കുത്തിയ ശേഷം മുകളിലേക്ക് വലിച്ചു കീറിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പൂർണ്ണ നഗ്നമായ നിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ കട്ടിലിന് കീഴിലും യുവാവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സമീപത്ത് നിന്നും യുവതിയെ കൊല്ലാൻ ുപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിക്കുകയാണെന്ന് രാത്രിയോടെ നൗഫൽ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നാട്ടുകൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും അവിടെ നിന്നും എളമക്കര സ്റ്റേഷനിലേക്ക് വിവരം കൈമാറുകയുകയുമായിരുന്നു. ഇതിനിടയിൽ സഹോദരി വിളിച്ചറിയിച്ചതിനെ തുടർന്ന നൗഫലിന്റെ ഒരു സുഹൃത്ത് സ്ഥലത്തെത്തി വീടു തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനെ തുടർന്ന് സമീപവാസികളുമായി ചേർന്ന് നടത്തിയ പരിശോധനയിൽ പൂട്ടിയിട്ട മുറിക്കുള്ളിൽ രക്തം തളം കെട്ടി നിൽക്കുന്നത് കണ്ടു. ഉടൻ തന്നെ ഇവർ പൊലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേയ്ക്ക് ഇരുവരും മരിച്ചിരുന്നു.

ലക്‌നൗ: കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ക്രിസ്ത്യന്‍ മിഷനറിമാരാണെന്ന് ബിജെപി എംപി. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഭരത് സിങ്ങാണ് വിവാദ പ്രസ്താവന നടത്തിയത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഭരത് സിങ് പറഞ്ഞു.

മിഷനറിമാരുടെ നിര്‍ദേശം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മ മിഷനറിമാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ശനിയാഴ്ച ബലിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോളാണ് ഭരത് സിങ് പറഞ്ഞത്.

ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനാധിപത്യം ദുര്‍ബലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പി ടി ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ബലിയാ മണ്ഡലത്തെയാണ് സിങ് പ്രതിനിധീകരിക്കുന്നത്.

സിനിമാമേഖലയില്‍ മറക്കാനാവാത്ത പല അനുഭങ്ങളുമുണ്ടായിട്ടുണ്ടെന്ന് നടി ഷീല. തന്നെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും മാത്രമായി സിനിമ നിര്‍മിച്ച, സംവിധാനം ചെയ്ത, അതില്‍ നായകനായി അഭിനയിച്ച വിരുതനെകുറിച്ചാണ് ഇത്തവണ ഒരു ചാനൽ ഷോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയില്‍നിന്ന് ഒരാള്‍ ഒരിക്കല്‍ ഒരു സിനിമയെടുക്കണമെന്ന് പറഞ്ഞു വന്നു. അഡ്‌വാന്‍സായി പകുതി തുകയും തന്നു. അയാള്‍ തന്നെയാണു നായകന്‍, സംവിധാനവും നിര്‍മാണവും അയാള്‍ തന്നെ. ഒരു പാട്ടും റെക്കോര്‍ഡ് ചെയ്തു. എവിഎം സ്റ്റുഡിയോയിലാണു ഷൂട്ടിംഗ് നടന്നതെന്ന് ഷീല പറയുന്നു. ‘ആദ്യം ഒരു ആദ്യ രാത്രി സീനാണു ഷൂട്ടു ചെയ്യുന്നത്.

കട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വച്ചിട്ടുണ്ട്. അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു. കാലത്ത് പത്തുമണിമുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെ. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോലും സമയമില്ല. വീണ്ടും വന്ന് കട്ടിലില്‍ കിടക്കും കെട്ടിപ്പിടിക്കും.. ഇതല്ലാതെ വേറൊന്നും ഇല്ല’.

അടുത്ത ദിവസം ഷൂട്ടിംഗിനു ചെന്നപ്പോള്‍ അയാളെ കാണാനില്ല. ഒരു പാട്ടും ഡയറക്ട്‌ചെയ്ത് എന്നേം കെട്ടിപ്പിടിച്ച് അയാള്‍ അമേരിക്കയ്ക്ക് രാവിലത്തെ വിമാനത്തില്‍ തിരിച്ചുപോയി. അയാളെ ജീവിതത്തില്‍ ഒരിക്കലും പിന്നെ കണ്ടിട്ടില്ല. ഷീലയെ ഒന്നു കെട്ടിപ്പിടിക്കാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്ന് പിന്നീട് സെറ്റിലുള്ളവര്‍ പറഞ്ഞറിഞ്ഞുവെന്ന് താരം പറയുന്നു.

ഭാര്യയുടെ തിരോധാനത്തിന്‍റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി വിദേശവനിത ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദ്ദന്‍. ഐറിഷ് പത്രമായ സന്‍ഡേ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളാ പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അവളെ തട്ടിക്കൊണ്ടു പോയത് തന്നെയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കേരളത്തില്‍ അവയവ വില്‍പ്പനക്കാരുടെ കേന്ദ്രമുണ്ടെന്നും ലിയയുടെ തിരോധാനത്തിനു പിന്നില്‍ ഇവരാകാമെന്നുമാണ് ആന്‍ഡ്രൂ നടത്തിയ പ്രതികരണം. ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പാണ് ആന്‍ഡ്രൂവിന്‍റെ പ്രതികരണം.

ലീഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ തന്നെ മാനസികരോഗിയാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയാണ് ചെയ്തത് . ലീഗയെ കാണാതായ സ്ഥലത്തിനു അടുത്താണ് പൊലീസ് സ്റ്റേഷനെങ്കിലും കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസ് നടത്തിയില്ലെന്നും ആന്‍ഡ്രൂസ് വിദേശ റേഡിയോയില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.

കേരളത്തിലെ ഒരു ഹോട്ടലില്‍ ലിഗ താമസിക്കുന്നാണ്ടാകാം എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ അവിടുത്തെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ മര്‍ദ്ദിക്കാന്‍ ഒരുങ്ങുക പോലും ചെയ്തു. പിന്നീട് പൊലീസ് എത്തി തന്നെ രോഗിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്‍റെ അനുവാദമില്ലാതെയാണ് ആറു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിഗയുടെ കാര്യം പൊലീസിനെ ഭയന്നോ ടൂറിസത്തെ ബാധിക്കുമെന്നോ ഭയന്ന് മാധ്യമങ്ങള്‍ പോലും വേണ്ടവിദത്തില്‍ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ലിഗയുടെ മൃതദേഹം കണ്ടെത്തിയ വിവരം ആന്‍ഡ്രുവും ലിഗയുടെ സഹോദരി ഇലീസും അറിഞ്ഞത് ലീഗയെ അന്വേഷിച്ചുള്ള തെരച്ചിലിനിടയിലാണ്. കാസര്‍ഗോഡു ഭാഗത്തായി ഇദ്ദേഹം ഭാര്യക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. അജ്ഞാതമായ ഒരു മൃതദേഹം തിരുവല്ലം പനത്തുറ ആറിന് സമീപത്തെ കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ കണ്ടെത്തിയതോടെ പൊലീസിന്റെ സംശയം ബലപ്പെടുകയും പിന്നീട് ഇത് കാണാതായ വിദേശ വനിതയുടേതാണെന്ന് സഥിരീകരിക്കുകയുമായിരുന്നു.

തലയറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലീഗ ധരിച്ചിരുന്നതിന് സമാനമായ രീതിയിലുള്ള വസ്ത്രമായിരുന്നു മൃതദേഹത്തില്‍ കണ്ടെത്തിയത്. ഇതോടെ ലീഗയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇവര്‍ തിരുവന്തപുരത്തെത്തി മൃതദേഹം കണ്ടതോടെ ലീഗയുടേത് തന്നെയെന്ന് സ്ഥീരീകരണം നടത്തുകയായിരുന്നു. എന്നാല്‍ മൃതദേഹം ലീഗയുടേത് തന്നെയെന്ന് ഉറപ്പുവരുത്താന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

കോവളം കണ്ടല്‍ക്കാടിനുള്ളില്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ സാഹചര്യമനുസരിച്ച് ഇതൊരു കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും സംശയത്തിന് ആഴംകൂട്ടുന്നുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്നും സിഗരറ്റ് പായ്ക്കറ്റുകളും ലൈറ്ററും കുപ്പിവെള്ളവും പോലീസ് കണ്ടെത്തിയിരുന്നു. ഇവ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.

അമൃതാനന്തമയി മഠത്തിലെ ദീര്‍ഘകാല അന്തേവാസിയായിരുന്ന ലീഗ പിന്നീട് മഠത്തോടുള്ള വിയോജിപ്പുകൊണ്ടാണ് അവിടെനിന്നും പുറത്തേക്ക് പോയത്. വിഷാദരോഗത്തിന്‍റെ ചികിത്സയ്ക്കായാണ് ലിഗ കേരളത്തിലെത്തിയത്.

 

അമൃത്‌സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം പറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. പറന്നുകൊണ്ടിരിക്കെ ഉണ്ടായ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. തലമുകളില്‍ ചെന്ന് ഇടിക്കുകയും വിമാനത്തിന്റെ വിന്‍ഡോപാനല്‍ തകര്‍ന്നുവീണുമാണ് പരിക്കേറ്റത്. സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ ഇരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

വിമാനം ആകാശച്ചുഴിയില്‍ (എയര്‍ ഗട്ടര്‍) വീഴുമ്പോഴാണ് സാധാരണ ഇങ്ങനെ സംഭവിക്കുന്നത്. സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏതാണ്ട് 15 മിനിട്ടോളം വിമാനത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെടുകയായിരുന്നു.

32,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെ വിമാനത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെടുകയായിരുന്നു. വിമാനത്തിനുള്ളിലെ വിന്‍ഡോ പാനലിന്റെ ഒരു ഭാഗം ഇളകിവീണു. യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓക്സിജന്‍ മാസ്‌ക് ധരിക്കേണ്ടി വന്നു. വിമാനം ഡല്‍ഹിയില്‍ ഇറക്കിയ ഉടന്‍ യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 2014-ല്‍ സിംഗപ്പൂരില്‍ വന്ന വിമാനം മുംബയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 22 പേര്‍ക്ക് പരിക്കേറ്റിരുന്നു.

അച്ഛന്‍ സുകുമാരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ഇന്ദ്രജിത്ത്. ഒരു ചാനലിലാണ് താരം സുകുമാരനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. മലയാളികള്‍ വില്ലനായും നായകനായും സഹനടനായും വെള്ളിത്തിരയില്‍ കണ്ട് ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്ത നടന്റെ വ്യത്യസ്തമായ മുഖം പരിചയപ്പെടുത്തുകയായിരുന്നു താരം.

ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അച്ഛന്റെ മരണം. എന്നെ സംബന്ധിച്ച് എന്ത് സംശയം തീര്‍ക്കാനും അച്ഛന്‍ ഉണ്ടായിരുന്നു. എന്തും തുറന്ന് പറയാവുന്ന ആളായിരുന്നു അദ്ദേഹം. നല്ല വിവരമുള്ള ഒരാള്‍. ഒരുപാട് വായിക്കുമായിരുന്നു. വീട്ടിലെ മൂന്ന് മുറികള്‍ നിറയെ പുസ്തകങ്ങളായിരന്നു. എന്ത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കാനുള്ള അറിവും കുഞ്ഞുങ്ങളായിരുന്ന ഞങ്ങള്‍ക്ക് അത് മനസിലാക്കി തരാനുള്ള കഴിവും ഉണ്ടായിരുന്നു. തിരക്കിനിടയിലും ഞങ്ങള്‍ക്കൊപ്പം കളിക്കാനും കൂടും. തികച്ചും ലളിതമായ ജീവിതം നയിച്ചിരുന്ന വ്യക്തി. ഹവായി ചെരുപ്പ് മാത്രമേ അച്ഛന്‍ ഇടാറുള്ളൂ. ഞങ്ങള്‍ ചോദിക്കാറുണ്ട് അച്ഛനോട് ‘ഈ ചെരുപ്പൊന്ന് മാറ്റിക്കൂടേ’ എന്ന്. അപ്പോള്‍ പറയും, ഹാ ഇതു മതിയെടാ… നാളെ നീ വാങ്ങിച്ചിട്ടോ… അച്ഛന്‍ ആ സമയത്ത് അങ്ങനെ ജീവിച്ചതുകൊണ്ടാകാം അച്ഛന്റെ മരണശേഷവും എനിക്കും അമ്മയ്ക്കും പൃഥ്വിയ്ക്കും അല്ലലില്ലാതെ ജീവിക്കാനായതെന്നും ഇന്ദ്രജിത് പറയുന്നു.

പ്രാധാന്യമേറെയുള്ള ക്രിമിനല്‍ ഡേറ്റ കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടനെ വിശ്വസിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍. അംഗരാജ്യങ്ങള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ അപ്രതീക്ഷിതമായി ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ക്രൈം ഫൈറ്റിംഗ് ഡേറ്റാബേസിനോടുള്ള ബ്രിട്ടന്റെ അയഞ്ഞ സമീപനം യൂറോപ്യന്‍ ചട്ടങ്ങളോടുള്ള അവഹേളനമാണെന്ന് റിപ്പോര്‍ട്ടില്‍ മൈക്കിള്‍ ബാര്‍ണിയര്‍ പറഞ്ഞു.

ഡേറ്റാബേസ് വിഷയത്തില്‍ പിഴവുകളുണ്ടായിട്ടുണ്ടെന്നും അവ പരിഹരിക്കുന്നതിനായി 15 മില്യന്‍ പൗണ്ട് നല്‍കാമെന്നും ബ്രിട്ടന്‍ യൂണിയന് ഉറപ്പ് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് ചുമതലക്കാര്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ‘അയഞ്ഞ സമീപനം’ തെളിയിക്കാനായി ആര്‍ട്ടിക്കിള്‍ 50 വര്‍ക്കിംഗ് ഗ്രൂപ്പിലാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിലും മറ്റ് അംഗരാജ്യങ്ങളുടെ അപേക്ഷകളില്‍ പ്രതികരിക്കുന്നതിലും ബ്രിട്ടന്‍ കടുത്ത വീഴ്ച വരുത്തുന്നുവെന്നാണ് ആരോപണം.

ഷെങ്കന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 3യുടെ ഭാഗമായി നല്‍കിയ വിവരങ്ങളും പാകപ്പിഴകളുണ്ടായിട്ടുണ്ട്. നിലവാരമില്ലാത്ത ഐടി സിസ്റ്റമാണ് വളരെ പ്രാധാന്യമുള്ള ഈ വിവരങ്ങള്‍ നല്‍കുന്നതിനായി ബ്രിട്ടന്‍ ഉപയോഗിച്ചത് തുടങ്ങിയവയാണ് ആരോപണങ്ങള്‍. യുകെയ്ക്ക് ഇത്തരം വിവരങ്ങള്‍ നല്‍കിയാല്‍ അവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും ബ്രസല്‍സ് മറ്റ് യൂണിയന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നു.

RECENT POSTS
Copyright © . All rights reserved